ജോഷ്വ ബോധിനേത്ര കവിതകൾ ആലപിക്കുന്നത് കേൾക്കാം


സരസ്വതി ബൌരി സ്വയം നഷ്ടപ്പെട്ട് നിന്നു.

തന്റെ സബൂജ് സാഥി ബൈസിക്കിൾ മോഷ്ടിക്കപ്പെട്ടതിൽ‌പ്പിന്നെ, സ്കൂളിൽ പോകുന്നത് വലിയ വെല്ലുവിളിയായി അവൾക്ക്. സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസ്സിലെ കുട്ടികൾക്കുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായി ആ സൈക്കിൾ കിട്ടിയ ദിവസം അവൾക്ക് ഓർമ്മയുണ്ട്. തിളച്ച വെയിലിന്റെ കീഴിലെ അതിന്റെ ആ കണ്ണഞ്ചിപ്പിക്കുന്ന തിളക്കം!

ഇന്ന് അവൾ ഗ്രാമപ്രധാന്റെ മുമ്പിൽ, പ്രതീക്ഷയും പുതിയ സൈക്കിളിനുള്ള അപേക്ഷയുമായാണ് വന്നത്. “നിനക്ക് നിന്റെ സൈക്കിൾ കിട്ടിയെന്ന് വരും മകളേ, എന്നാൽ നിന്റെ സ്കൂൾ ഇനി അധികകാലം അവിടെയുണ്ടാവില്ല,” ഒരു നിസ്സംഗതയോടെ ശരീരം കുലുക്കി സർപാഞ്ച് പറയുന്നു. തന്റെ കാൽക്കീഴിലെ മണ്ണൊലിച്ചുപോകുന്നതുപോലെ തോന്നി സരസ്വതിക്ക്. എന്താണ് സർപാഞ്ച് ഉദ്ദേശിച്ചത്? ഇപ്പോൾ അവൾ 5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് സ്കൂളിലേക്ക് പോകുന്നത്. അതിനി 10-ഓ, 20-ഓ, അതിലധികമോ ദൂരത്തായാൽ, അവളുടെ ജീവിതം അതോടെ തീരും. കഴിയുന്നതും വേഗം അവളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ കാത്തുനിൽക്കുന്ന അച്ഛനെ പിന്തിരിപ്പിക്കാൻ, കന്യാശ്രീ എന്ന പദ്ധതിയിനത്തിൽ വർഷത്തിൽ കിട്ടുന്ന ആയിരം രൂപയ്ക്കൊന്നും സാധിക്കില്ല.

സൈക്കിൾ

പെൺകുഞ്ഞേ, പെൺകുഞ്ഞേ സ്കൂളിൽ പോ
ഇരുമ്പിന്റെ കലപ്പപോലെ ധീരയായി
സർക്കാരി സൈക്കിൾ ചവിട്ടി, മഹല്ലും കടന്ന് പോ.
ജന്മിമാർക്ക് ഭൂമി വേണമത്രെ.
നിന്റെ സ്കൂൾ പൂട്ടിയാൽ നിന്റെ കഥ എന്താകും?
പെൺകുഞ്ഞേ, പെൺകുഞ്ഞേ, നീ സങ്കടപ്പെടുന്നതെന്തിന്?

*****

ബുൾഡോസർ ബാക്കിവെച്ച അതിന്റെ ചക്രപ്പാടുകളിൽ കളിക്കുകയായിരുന്നു ഫുൽകി ടുഡുവിന്റെ മകൻ.

ആർഭാടമെന്നത് അവർക്ക് താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. കോവിഡിനുശേഷം. എണ്ണപ്പലഹാരങ്ങൾ വിറ്റിരുന്ന അവരുടെ ചെറിയ കട ബുൾഡോസറുപയോഗിച്ച് സർക്കാർ നിരപ്പാക്കി. വ്യാവസായിക ശക്തിയുടെ തെളിവായി പക്കവഡയേയും ഫാസ്റ്റ് ഫുഡിനേയും ചൂണ്ടിക്കാട്ടുന്ന അതേ സർക്കാർതന്നെ. ഒരു ചായക്കട തുടങ്ങാൻ ആലോചിച്ചപ്പോൾ അവരുടെ എല്ലാ സമ്പാദ്യവും തട്ടിയെടുത്ത അതേ സർക്കാർ. ഒടുവിലിപ്പോൾ, വഴി കൈയ്യേറ്റത്തിന്റെ പേരിൽ ആ കടയും പൊളിച്ചുകളഞ്ഞു.

കടങ്ങൾ തീർക്കാൻ അവരുടെ ഭർത്താവ് മുംബൈയിൽ പോയി ദിവസക്കൂലിക്ക് നിർമ്മാണ സൈറ്റിൽ ജോലി ചെയ്യുകയാണ്. “ഈ പാർട്ടി പറയും, ‘ഞങ്ങൾ നിങ്ങൾക്ക് മാസം‌തോറും 1,200 രൂപ തരാമെന്ന്’.” ആ പാർട്ടി പറയുന്നു, ‘ഞങ്ങൾ നിങ്ങൾക്ക് ദൈവത്തെത്തന്നെ കൊണ്ടുതരാമെന്ന്.’ നശിച്ച ലോ കേ ഭൊണ്ഡാറും , കോപ്പിലെ മന്ദിറും-മസ്ജിദും, എന്തായാൽ എനിക്കെന്താ?..ഫുൽകി ദീദി പുലമ്പുന്നു. എന്നിട്ട് തന്റെ ദേഷ്യം പുറത്തേക്കെടുത്തു. “തെണ്ടികൾ, എന്റെ കൈയ്യിൽനിന്ന് വാങ്ങിയ 50,000 രൂപ കൈക്കൂലിയെങ്കിലും ആദ്യം തിരിച്ചുതാ!”

ബുൾഡോസർ

കടം ഞങ്ങളുടെ ജന്മാവകാശം,
പ്രതീക്ഷ ഞങ്ങളുടെ നരകം
നിസ്സാരതകളുടെ മാവിൽ മുക്കി ഞങ്ങൾ വിൽക്കുന്നു
ലൊ കേ ഭൊണ്ഡാർ
താഴെയും മുകളിലും
വിയർപ്പണിഞ്ഞ മുതുകത്ത് ഞങ്ങൾ രാഷ്ട്രത്തെ ചുമക്കുന്നു
പതിനഞ്ച് ലക്ഷം തരാമെന്ന് ആരോ പറഞ്ഞിരുന്നില്ലേ?

*****

മറ്റുള്ളവരിൽനിന്ന് വ്യത്യസ്തമായി അയാൾക്ക് എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ 100-ൽ 100 കിട്ടിയതാണ്. ആഘോഷിക്കേണ്ട അവസരമായിരുന്നു. എന്നാൽ കഴിയുന്നില്ല. ദുരിതത്തിനും കഷ്ടപ്പാടുകൾക്കുമിടയിൽ കുടുങ്ങിക്കിടക്കുകയാണ് ലാലു ബാഗ്ഡി. കേന്ദ്രസർക്കാരിന്റെ സ്വച്ഛ് ഭാരത് യോജനയിലാണോ, അതോ സംസ്ഥാന സർക്കാരിന്റെ മിഷ്യൻ നിർമൽ ബംഗളയിലാണോ അയാൾക്ക് ആ മാർക്ക് കിട്ടിയിരിക്കുന്നതെന്ന് സർക്കാരിലെ ഏമാന്മാർക്ക് തീർച്ചയില്ലത്രെ. ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ് അയാൾക്ക് കിട്ടാനുള്ള പണം

“ഒന്നിനും കൊള്ളാത്തവന്മാർ,” ഇടതിനേയും വലതിനേയും ശപിക്കുകയാണ് ലാലു ബാഗ്ഡി. അടിച്ചുവാരൽ അടിച്ചുവാരൽതന്നെയാണ്. മാലിന്യം മാലിന്യവും, ആല്ലേ? ഒരു പദ്ധതിയുടെ പേരിലെന്തിരിക്കുന്നു? കേന്ദവും, സംസ്ഥാനവും, എന്താണ് വ്യത്യാസം. എന്നാൽ വ്യത്യാസമുണ്ട്. പൊങ്ങച്ചം മാത്രം കൈമുതലായുള്ള ഒരു രാജ്യത്തിന് ചവറുകൾപോലും പാർശ്വവർത്തികളാവും.

ചവറ്റുപാത്രങ്ങൾ

ഹേ നിർമൽ, നീ എന്ത് ചെയ്യുന്നു?
“ശമ്പളം കിട്ടാത്ത തൂപ്പുകാർ ക്യൂ നിൽക്കുകയാണ്”
ഇവിടെ ഈ പുഴയിൽ ശവങ്ങളില്ല..
തൊഴിലവകാശങ്ങളോ? അവ അപ്രത്യക്ഷമാകുന്നു..
ഏയ്, സ്വച്ഛ് ഭായി, എന്തു പറയുന്നു”
“എന്റെ വിയർപ്പ് കാവി.
എന്റെ ചോര മുഴുവൻ പച്ച.”

*****

ഫറൂക് മൊണ്ടലിന് വിശ്രമിക്കാൻ നേരമില്ല! വരൾച്ചയ്ക്കുശേഷം മഴ വന്നപ്പോൾ വിളവെടുക്കാൻ തുടങ്ങിയതാണ് അയാൾ. അപ്പോഴേക്കും മിന്നൽ പ്രളയം വന്ന് കൃഷിഭൂമിയെ തട്ടിയെടുത്തു “ഓ, അള്ളാ, ഓ, ഗന്ധേശ്വരീ ദേവീ, എന്തിനാണീ ക്രൂരത?” അയാൾ ചോദിച്ചുകൊണ്ടിരുന്നു.

ജംഗൾമഹളുകൾ - വെള്ളത്തിന് എപ്പോഴും ക്ഷാമമായിരുന്നുവെങ്കിലും, വാഗ്ദാ‍നങ്ങൾക്കും, നയങ്ങൾക്കും പദ്ധതികൾക്കും ഒരു കുറവുമുണ്ടായിരുന്നില്ല. സജാൽ ധാര, അമൃത് ജൽ. പേരുകൾക്കുതന്നെ വർഗ്ഗീയമായ അവകാശവാദങ്ങളുണ്ടായി. ജൊൽ എന്നാണോ, പാനി എന്നാണോ വേണ്ടത്? പൈപ്പുകളിട്ടു, പതിവുള്ള സംഭാവനകൾ ഒഴുകിയെത്തി, എന്നാൽ ഒരു തുള്ളി ശുദ്ധമായ കുടിവെള്ളം വന്നില്ല. മനം‌മടുത്ത്, ഫാറൂക്കും അയാളുടെ ഭാര്യയും കിണർ കുഴിക്കാൻ തുടങ്ങി. ചുവന്ന മണ്ണിന് താഴെ കൂടുതൽ ചുവപ്പുള്ള അടിത്തട്ട് കണ്ടു. എന്നിട്ടും വെള്ളത്തിന്റെ ഒരു ലക്ഷണവും കണ്ടില്ല. “ഓ, അള്ളാ, ഓ, ഗന്ധേശ്വരീ ദേവീ, എങ്ങിനെ നിങ്ങളുടെ ഹൃദയം കല്ലായി?”

വരൾച്ച

അമൃത് ? അതോ അമ്രിതോ ? എങ്ങിനെയാണ് ഉച്ചരിക്കുക?
മാതൃഭാഷയ്ക്ക് നമ്മൾ വെള്ളം കൊടുക്കാറുണ്ടോ?
അതോ വിട ചൊല്ലുകയാണോ ചെയ്യുക?
സഫ്രോൺ, സഫ്രൺ , എവിടെയാണ് അത് വേദനിപ്പിക്കുന്നത്/
ഇല്ലാത്ത ഭൂമിക്ക് വോട്ട് ചെയ്യുകയാണോ നമ്മൾ?
അതോ അതിനെ വേറിട്ടെടുക്കുകയോ?

*****

ആശുപത്രി ഗേറ്റിന്റെയടുത്ത് ഞെട്ടിത്തരിച്ചുനിന്നു സൊനാലി മഹാതോയും രാമു എന്ന കുട്ടിയും. ആദ്യം അച്ഛൻ. ഇപ്പോൾ ഇതാ അമ്മയും. ഒരു വർഷത്തിനുള്ളിൽ രണ്ട് ഗുരുതര രോഗങ്ങൾ.

കൈയ്യിലുള്ള സർക്കാർ ഇൻഷുറൻസ് കാർഡുമായി അവർ കയറിയിറങ്ങാത്ത ഡോക്ടർമാരും ഓഫീസുകളുമില്ല.  അഭ്യർത്ഥിച്ചു, യാചിച്ചു, പ്രതിഷേധിച്ചു. സാസ്ഥ്യ സാഥി എന്ന 5 ലക്ഷം രൂപയുടെ സഹായധനം തീരെ അപര്യാപ്തമായിരുന്നു. ഭൂമിയില്ലാത്ത, അടുത്തുതന്നെ വീടും ഇല്ലാതാകാൻ പോകുന്ന അവർ ആയുഷ്മാൻ ഭാരതിനുവേണ്ടി അപേക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ അത് സാധ്യമാ‍ണോ, അതുകൊണ്ടെന്തെങ്കിലും സഹായം ലഭിക്കുമോ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു. ചിലർ പറഞ്ഞു, സംസ്ഥാനം അതിൽനിന്ന് പിൻ‌വാങ്ങി എന്ന്. മറ്റ് ചിലർ പറഞ്ഞു, അത് അവയവ വെച്ചുപിടിക്കൽ ശസ്ത്രക്രിയകൾക്ക് ലഭ്യമാവില്ലെന്ന്. വേറെ ചിലർ പറഞ്ഞത്, ആ പണം തികയില്ലെന്നായിരുന്നു. വിവരങ്ങൾ ലഭ്യമാകുന്നതിനുപകരംഒന്നിനും നിശ്ചയമില്ലാത്ത അവസ്ഥ.

“പക്ഷേ ചേച്ചീ, സ്കൂളിൽ നമ്മൾ പഠിച്ചത്, സർക്കാർ നമ്മുടെ കൂടെയാണെന്നല്ലേ?” പ്രായത്തിനേക്കാൾ എത്രയോ കവിഞ്ഞ പക്വതയോടെ രാമു എന്ന കുട്ടി അവന്റെ ചേച്ചിയോട് ചോദിക്കുന്നു. അകലേയ്ക്ക് കണ്ണും നട്ട്, നിശ്ശബ്ദതയോടെയിരിക്കാനേ അവൾക്ക് കഴിഞ്ഞുള്ളു.

വാഗ്ദാനങ്ങൾ

ആശാ ദീദീ, ആശാ ദീദീ, ഒന്ന് സഹായിക്കൂ!
അച്ഛന് പുതിയൊരു ഹൃദയം വേണം, അമ്മയ്ക്ക് വൃക്കകളും
അതാണ് ശരിക്കുള്ള സാസ്ഥ്യം, സാഥിയെന്ന കൂട്ടുകാരാ,
ഒടുവിൽ ഞങ്ങളുടെ ശരീരവും ഭൂമിയും ഞങ്ങൾ വിറ്റു
ആയുഷ്, നീയൊന്ന് ഉണരുമോ?
ഞങ്ങളുടെ ദുരിതം ലഘൂകരിക്കുമോ?
അതോ, നീ കുരയ്ക്കുക മാത്രമേ ചെയ്യൂ?
ഒരിക്കലും കടിക്കാതെ.

*****

പദസഞ്ചയം:

ചോപ് – മസാലകൾ ചേർത്ത ഒരു വിഭവം

ഘുഗ്‌നി – പട്ടാണിയും വെള്ളക്കടലയും കൊണ്ട് ഉണ്ടാക്കുന്ന ഒരു സ്വാദിഷ്ഠ വിഭവം

ഗുംതി ഒരു കട, സ്റ്റാൾ

ഗന്ധേശ്വരി – ഒരു പുഴ, ഒരു ദേവത

ദഫ്‌തർ - ഓഫീസ്

തത് സത്- അതാണ് സത്യം

മാനേ – അർത്ഥം

ജിസ്മ്-ഒ-സമീൻ - ശരീരവും ഭൂമിയും

സ്മിത ഖതോറിനോട് കവി ഹൃദയപൂർവ്വം നന്ദി പറയുന്നു. ഈ ഉദ്യമത്തിൽ അവരുടെ സംഭാവനകൾ സുപ്രധാനമായിരുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Joshua Bodhinetra

జాషువా బోధినేత్ర కొల్‌కతాలోని జాదవ్‌పూర్ విశ్వవిద్యాలయం నుండి తులనాత్మక సాహిత్యంలో ఎంఫిల్ చేశారు. అతను PARIకి అనువాదకుడు, కవి, కళా రచయిత, కళా విమర్శకుడు, సామాజిక కార్యకర్త కూడా.

Other stories by Joshua Bodhinetra
Illustration : Aunshuparna Mustafi

అంశుపర్ణా ముస్తాఫీ కొల్‌కతాలోని జాదవ్‌పూర్ విశ్వవిద్యాలయంలో తులనాత్మక సాహిత్యాన్ని అభ్యసించారు. కథలు చెప్పే విధానాలు, యాత్రాకథన రచనలు, దేశవిభజన గురించిన కథనాలు, విమెన్ స్టడీస్ ఆమెకు ఆసక్తి ఉన్న రంగాలు.

Other stories by Aunshuparna Mustafi
Editor : Pratishtha Pandya

PARI సృజనాత్మక రచన విభాగానికి నాయకత్వం వహిస్తోన్న ప్రతిష్ఠా పాండ్య PARIలో సీనియర్ సంపాదకురాలు. ఆమె PARIభాషా బృందంలో కూడా సభ్యురాలు, గుజరాతీ కథనాలను అనువదిస్తారు, సంపాదకత్వం వహిస్తారు. ప్రతిష్ఠ గుజరాతీ, ఆంగ్ల భాషలలో కవిత్వాన్ని ప్రచురించిన కవయిత్రి.

Other stories by Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat