റായ്പുരിലെ ഉൾനാടുകളിലുള്ള ഇഷ്ടികക്കളങ്ങളിൽ ഇപ്പോൾ ഉച്ചഭക്ഷണത്തിന്റെ സമയമാണ്. തൊഴിലാളികൾ ഒന്നുകിൽ വേഗം ഊണുകഴിക്കുകയോ, അതല്ലെങ്കിൽ, തങ്ങളുടെ താത്കാലിക കുടിലുകളിൽ വിശ്രമിക്കുകയോ ചെയ്യുന്നു.
“ഞങ്ങൾ സത്നയിൽനിന്നാണ്,” മൺകുടിലിൽനിന്ന് പുറത്തുവന്ന് ഒരു സ്ത്രീ പറയുന്നു. ഇവിടെയുള്ള മിക്ക തൊഴിലാളികളും മധ്യ പ്രദേശിൽനിന്നുള്ള കുടിയേറ്റക്കാരാണ്. എല്ലാ വർഷവും നവംബർ-ഡിസംബറിലെ വിളവെടുപ്പുകാലം കഴിഞ്ഞാൽ അവർ ഇവിടെ ചത്തീസ്ഗഢിന്റെ തലസ്ഥാനനഗരിയിൽ എത്തും. പിന്നീട്, മേയ്-ജൂൺവരെ, ഒരാറുമാസക്കാലം ഇവിടെയായിരിക്കും താമസം. ഇന്ത്യയിലെ അതിവിശാലമായ ഇഷ്ടികക്കള വ്യവസായം ഏകദേശം 10-23 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നാണ് കണക്ക് (സ്ലേവറി ഇൻ ഇന്ത്യാസ് ബ്രിക്ക് കിൽൻസ് 2017 )
ഈ വർഷം, അവർ വീട്ടിലേക്ക് തിരിച്ചുപോവുമ്പോഴേക്കും, കേന്ദ്രത്തിൽ പുതിയൊരു സർക്കാർ വന്നിട്ടുണ്ടാകും. എന്നാൽ തങ്ങളുടെ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നതിൽ ഈ കുടിയേറ്റത്തൊഴിലാളികൾക്ക് എന്തെങ്കിലും പങ്കുണ്ടാവുമോ എന്ന് തീർച്ചയില്ല.
“വോട്ട് ചെയ്യേണ്ട സമയമാവുമ്പോൾ ഞങ്ങളെ അറിയിക്കും,” പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു സ്ത്രീ പാരിയോട് പറയുന്നു.
വിവരം അറിയിക്കുന്നത് മിക്കവാറും അവരുടെ തൊഴിൽ കരാറുകാരൻ സഞ്ജയ് പ്രജാപതിയായിരിക്കും. കുടിലിന്റെ കുറച്ചപ്പുറം മാറി നിൽക്കുന്ന അയാൾ ഞങ്ങളോട് പറയുന്നു, “സത്നയിലെ വോട്ടിംഗിനെക്കുറിച്ച് ഞങ്ങൾക്ക് വിവരമൊന്നും കിട്ടിയിട്ടില്ല. കിട്ടിയാൽ ഞങ്ങൾ അവരെ അറിയിക്കും.” സഞ്ജയും തൊഴിലാളികളിൽ മിക്കവരും, പ്രജാപതി സമുദായക്കാരാണ് (എം.പി.യിൽ മറ്റ് പിന്നാക്കജാതിക്കാരായി രേഖപ്പെട്ടവർ)
ഏപ്രിലിലെ നിർദ്ദയമായ ചൂടിൽ, താപനില 40 ഡിഗ്രി സെൽഷ്യസിലൊക്കെയെത്തുമ്പോൾ, ഇഷ്ടികക്കളത്തിലെ തൊഴിലാളികൾ ഇഷ്ടികൾ വാർക്കുകയും, ചൂളയിലിടുകയും, ചുമന്ന് കൊണ്ടുപോവുകയുമൊക്കെ ചെയ്യുന്നുണ്ടാവും. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഒരു റിപ്പോർട്ട് ( 2019 ) പ്രകാരം, ഇഷ്ടികക്കളത്തിലെ തൊഴിലാളികൾ പ്രതിദിനം 400 രൂപ സമ്പാദിക്കുന്നു. ദമ്പതികൾ ഒരുമിച്ച് ജോലി ചെയ്താൽ, അത് ഒരു യൂണിറ്റായി കണക്കാക്കി 600-700 രൂപ പ്രതിദിനം കിട്ടുമെന്ന് റിപ്പോർട്ട് പറയുന്നു. ഭാര്യാഭർത്താക്കന്മാർ ഒരുമിച്ച് ജോലി ചെയ്യുന്നത് ഇവിടെ പതിവാണ്.
ഉദാഹരണത്തിന്, രാംജാസ് ഇവിടെ ഭാര്യ പ്രീതിയോടൊപ്പമാണ് താമസം. ഒരു ചെറിയ ഷെഡ്ഡിന് താഴെയിരുന്ന് 20 വയസുള്ള ഈ ചെറുപ്പക്കാരൻ തൻറെ മൊബൈൽ ഫോൺ തിരക്കിട്ട് പരതുന്നു ; തീയതിയെക്കുറിച്ച് അവന് ഉറപ്പില്ല. മേയിൽ എപ്പോഴോ ആണെന്ന് അവൻ പറയുന്നു.
"ഞങ്ങൾ 1500 രൂപ കൊടുത്ത് സത് നയിൽ പോയി വോട്ട് ചെയ്തിരുന്നു. അത് ഞങ്ങളുടെ അവകാശമാണ് .എല്ലാ തൊഴിലാളികളും പോകാറുണ്ടോ എന്ന് ഞങ്ങൾ അവനോട് ചോദിച്ചപ്പോൾ അവനൊന്ന് സംശയിച്ചു. അപ്പോൾ സഞ്ജയ് ഇടപെട്ട് പറഞ്ഞു "എല്ലാവരും പോകാറുണ്ട്".
സത്ന ഏപ്രിൽ 26-ന് വോട്ടിംഗ് ബൂത്തിലേക്ക് പോയി. ഏപ്രിൽ 23-ന് ഈ റിപ്പോർട്ടർ തൊഴിലാളികളോട് സംസാരിക്കുമ്പോൾ ആ നിമിഷംവരെ ആരും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലായിരുന്നു.
കുടിയേറ്റത്തൊഴിലാളികളുടെ ഒരു കുടുംബത്തിൽനിന്നാണ് രാംജാസ് വരുന്നത്. അയാളുടെ അച്ഛനും ചത്തീസ്ഗഢിലെ ഒരു ഇഷ്ടികക്കളത്തിൽ ജോലി ചെയ്തിരുന്നു. 10-ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രാംജാസിന് അച്ഛനെ നഷ്ടപ്പെട്ടത്. മൂന്ന് സഹോദരന്മാരുടേയും ഒരു സഹോദരിയുടേയും താഴെയുള്ള രാംജാസ് സ്കൂൾ കഴിഞ്ഞയുടൻ ജോലി ചെയ്യാൻ തുടങ്ങി. അയാളുടെ ജ്യേഷ്ഠന്മാരും സത്ന ജില്ലയിൽ കൂലിപ്പണി ചെയ്യുന്നു. കഴിഞ്ഞ അഞ്ചുവർഷമായി രാംജാസ് കുടിയേറ്റത്തൊഴിലാളിയായി ജോലി ചെയ്യുന്നു. അത്യാവശ്യങ്ങൾ വരുമ്പോഴോ, ഉത്സവങ്ങൾക്കോ ആണ് അയാൾ നാട്ടിലേക്ക് പോവുക. ഇഷ്ടികക്കളത്തിലെ ജോലി കഴിഞ്ഞാലും എന്തെങ്കിലും പണിയെടുത്ത് അയാൾ ഇവിടെത്തന്നെ കഴിയുന്നു. സെൻസസ് ഡേറ്റ (2011) അനുസരിച്ച്, 24,15,635 ആളുകൾ തൊഴിലിനായി മധ്യ പ്രദേശിൽനിന്ന് കുടിയേറിയിട്ടുണ്ട്.
എന്നാൽ ഈ ജനാധിപത്യാവകാശം ഉപയോഗിക്കാൻ കഴിയാതെ പോകുന്നത്, സംസ്ഥാനത്തെ കുടിയേറ്റത്തൊഴിലാളികൾ മാത്രമല്ല.
ഇവിടെ റായ്പുരിൽ തിരഞ്ഞെടുപ്പ് പ്രചാരണ കോലാഹലങ്ങളൊന്നും കേൾക്കുന്നില്ല. പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യമേയില്ല എങ്ങും. നഗരത്തിന്റെ പുറത്തുള്ള ഈ ഇഷ്ടികക്കളത്തിന്റെ ചുറ്റുവട്ടത്തൊന്നും പോസ്റ്ററുകളോ ബാനറുകളോ കാണാനില്ല. വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള സ്ഥാനാർത്തികളുടെ വരവറിയിക്കുന്ന ഉച്ചഭാഷിണീകളുടെ ശബ്ദവും.
ജോലിയിൽനിന്ന് അല്പം വിശ്രമം തേടി, ഒരു മരച്ചുവട്ടിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ചത്തീസ്ഗഢിലെ ബാലോദബസർ ജില്ലക്കാരി. ഭർത്താവിന്റേയും നാല് കുട്ടികളുടേയും ഒപ്പമാണ് അവർ വന്നിട്ടുള്ളത്. “ഞാൻ മൂന്ന്-നാല് മാസം മുമ്പ് വോട്ട് ചെയ്തു,” 2023 നവംബറിൽ നടന്ന ചത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനെയായിരുന്നു അവർ ഉദ്ദേശിച്ചത്. എന്നാൽ, വോട്ട് ചെയ്യാൻ സമയമായാൽ താൻ പോകുമെന്ന് അവർ പറയുന്നു. അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത്, ഗ്രാമത്തിലെ സർപാഞ്ച് വിവരമറിയിച്ചിരുന്നു. യാത്രയ്ക്കും ഭക്ഷണത്തിനും 1,500 രൂപയും കൊടുത്തിരുന്നു.
“വിവരമറിയിക്കുന്ന ആൾ ഞങ്ങൾക്കുള്ള പൈസയും തരും.” അവർ പറയുന്നു. റായ്പുർ ലോകസഭാ മണ്ഡലത്തിന്റെ കീഴിൽ വരുന്ന ബാലോദബസാർ ജില്ല മേയ് 7-നാണ് പോളിംഗ് ബൂത്തിലേക്ക് പോവുന്നത്.
പരിഭാഷ: രാജീവ് ചേലനാട്ട്