“ഞാൻ 108-ൽ (ആംബുലൻസ് സേവനം) നിരവധിതവണ വിളിച്ചു. ഒന്നുകിൽ ലൈൻ ബിസിയാണ്. അല്ലെങ്കിൽ റേഞ്ചില്ല.” അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് കലശലായ മൂത്രാശയ അണുബാധയായിരുന്നു. മരുന്നുകളൊന്നും ഫലിക്കുന്നുണ്ടായിരുന്നില്ല. രാത്രിയായപ്പോഴേക്കും വേദന കൂടി. എങ്ങിനെയെങ്കിലും വൈദ്യസഹായം എത്തിക്കാൻ ഗണേഷ് പഹാഡിയ ശ്രമിച്ചു.

“ഒടുവിൽ സഹായമഭ്യർത്ഥിച്ച് ഞാൻ പ്രദേശത്തെ മന്ത്രിയുടെ സഹായിയെ വിളിച്ചു. മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ അയാൾ ഞങ്ങൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിരുന്നു,” ഗണേഷ് ഓർമ്മിക്കുന്നു. താൻ സ്ഥലത്തില്ലെന്നായിരുന്നു മന്ത്രിയുടെ സഹായിയുടെ മറുപടി. “അയാൾ ഞങ്ങളെ ഒഴിവാക്കുകയായിരുന്നു.”

“ഒരു ആംബുലൻസ് കിട്ടിയിരുന്നെങ്കിൽ എനിക്കവളെ ബൊകാറോ, റാഞ്ചി തുടങ്ങിയ പട്ടണങ്ങളിലെ നല്ല സർക്കാർ ആശുപത്രികളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞേനേ.” അതിനുപകരം, സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഭാര്യയെ കൊണ്ടുപോകാൻ അയാൾ നിർബന്ധിതനായി. ഒരു ബന്ധുവിൽനിന്ന് 60,000 രൂപ കടം വാങ്ങേണ്ടിയുംവന്നു.

“തിരഞ്ഞെടുപ്പ് സമയത്ത് അവർ പലതും പറയും. അത് നടത്തും, ഇത് നടപ്പാക്കും..ഞങ്ങളെ ഒന്ന് ജയിക്കാൻ സഹായിക്കൂ എന്നൊക്കെ.. എന്നാൽ പിന്നീട് നിങ്ങളയാളെ കാണാൻ പോയാൽ, നിങ്ങൾക്കുവേണ്ടി ചിലവാക്കാൻ അയാൾക്ക് സമയമുണ്ടാവില്ല,” 42 വയസ്സുള്ള ആ ഗ്രാമത്തലവൻ പറയുന്നു. താനുൾപ്പെടുന്ന പഹാരിയ (പഹാഡിയ എന്നും വിളിക്കുന്നു) സമുദായത്തിന്റെ അടിസ്ഥാന ആവശ്യങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.

പാകുർ ജില്ലയിലെ ഹിരൺപുർ ബ്ലോക്കിലെ ചെറിയൊരു കോളനിയാണ് ധംഘാര. ഏകദേശം 50 പഹാരിയ കുടുംബങ്ങൾ അവിടെയുണ്ട്. ഗ്രാമത്തിലെത്താൻ ദുർഘടമായ ഒരു റോഡിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിക്കണം. എന്നാലേ, രാജ്മഹൽ റേഞ്ചിലുള്ള കുന്നിന്റെ അരികിലുള്ള ആ ഒറ്റപ്പെട്ട കോളനിയിലെത്താൻ കഴിയൂ.

“ഞങ്ങളുടെ സർക്കാർ സ്കൂളൊക്കെ മോശം സ്ഥിതിയിലാണ്. ഞങ്ങൾ പുതിയൊരു സ്കൂളിനുവേണ്ടി ചോദിച്ചു. എവിടെയാണത്? ഗണേഷ് ചോദിക്കുന്നു. സമുദായത്തിലെ മിക്ക കുട്ടികളും സ്കൂളിൽ പേര് ചേർത്തിട്ടില്ല. അതിനാൽ, സർക്കാരിന്റെ ഉച്ചഭക്ഷണപദ്ധതി അവർക്ക് ലഭ്യമല്ല.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്ത്: ധംഘാരയിലെ ഗ്രാമത്തലവനാണ് ഗണേഷ് പഹാഡിയ. വോട്ടഭ്യർത്ഥിച്ച് രാഷ്ട്രീയക്കാർ വരുമ്പോൾ അവർ പലതും വാഗ്ദാനം ചെയ്യുമെങ്കിലും അതെല്ലാം നിർവ്വഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു എന്ന് അദ്ദേഹം പറയുന്നു. വലത്ത്: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ, ഗ്രാമത്തിലെ ജനങ്ങൾക്ക് ഒരു റോഡ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നും ലഭിച്ചില്ല

തങ്ങളുടെ ഗ്രാമത്തിനും സമീപത്തെ ഗ്രാമത്തിനുമിടയ്ക്ക് ഒരു റോഡ് വേണമെന്ന് സമുദായം ആവശ്യപ്പെട്ടിരുന്നതാണ്. “നിങ്ങൾ പോയി റോഡിന്റെ സ്ഥിതി നോക്കൂ,” നിറയെ ചെറിയ കല്ലുകളുള്ള മൺപാത ചൂണ്ടിക്കാണിച്ച് ഗണേഷ് പറയുന്നു. ഗ്രാമത്തിൽ ആകെ ഒരു ഹാൻഡ്പമ്പാണുള്ളതെന്നും സ്ത്രീകൾക്ക് അവരുടെ ഊഴം കാത്തിരിക്കേണ്ടിവരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. “ഞങ്ങളുടെ ആവശ്യങ്ങൾ നിവർത്തിച്ചുതരാമെന്ന് വാക്ക് തന്നതാണ്. വോട്ട് കഴിഞ്ഞപ്പോൾ എല്ലാവരും മറന്നു,” ഗണേഷ് പറയുന്നു.

42 വയസ്സുള്ള അയാൾ, ഹിരൺപുർ ബ്ലോക്കിലെ ധംഘാര ഗ്രാമത്തിലെ പ്രധാനാ ണ് ഇക്കഴിഞ്ഞ 2024 പൊതുതിരഞ്ഞെടുപ്പിൽ ജാർഘണ്ടിലെ സന്താൾ പർഗാന മേഖലയിലെ ഈ പാകുർ ജില്ലയിൽ നേതാക്കൾ വന്ന് പ്രചാരണം നടത്തിയിരുന്നുവെങ്കിലും സമുദായത്തിന് ഒന്നും ലഭിച്ചില്ല.

81 സീറ്റുകളുള്ള ജാർഘണ്ട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കാൻ പോകുന്നു. ആദ്യഘട്ടം നവംബർ 13-നും, പാകുർ അടക്കമുള്ള സ്ഥലങ്ങളിൽ നവംബർ 21-നും. നിലവിൽ സംസ്ഥാനം ഭരിക്കുന്ന ജാർഘണ്ട് മുക്തി മോർച്ച നയിക്കുന്ന ഇന്ത്യാ സഖ്യവും ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന എൻ.ഡി.എ.യും തമ്മിലാണ് മത്സരം.

ലിട്ടിപാഡ മണ്ഡലത്തിന്റെ ഭാഗമാണ് ഈ ഗ്രാമം. 2019-ൽ ജാർഘണ്ട് മുക്തി മോർച്ചയുടെ ദിനേശ് വില്യം മരാണ്ടി 66,675 വോട്ടുകളോടെ വിജയിച്ചു. തൊട്ടുപിന്നാലെ 52,772 വോട്ടുകളുമായി ബി.ജെ.പി.യുടെ ഡാനിയൽ കിസ്കുവും. ഇത്തവണ ജെ.എം.എം ഹേമലാൽ മുർമുവിനെയും ബി.ജെ.പി. ബാബുധാൻ മുർമുവിനെയുമാണ് മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ കാലങ്ങളിൽ നൽകിയ വാഗ്ദാ‍നങ്ങൾ ഏറെയാണ്. “ഗ്രാമത്തിൽ നടക്കുന്ന വിവാഹത്തിന് പാചകം ചെയ്യാനുള്ള പാത്രങ്ങൾ തരാമെന്ന് 2022-ലെ വില്ലേജ് കൌൺസിൽ മീറ്റിംഗിൽ സ്ഥാനാർത്ഥികൾ വാഗ്ദാനം ചെയ്തു,” പ്രദേശവാസിയായ മീന പഹാഡിൻ എന്ന സ്ത്രീ പറയുന്നു. ഒരിക്കൽ മാത്രമേ ആ സഹായമുണ്ടായിട്ടുള്ളു എന്നും അവർ കൂട്ടിച്ചേർത്തു.

“അവർ വന്ന് ആയിരം രൂപ തന്ന് അപ്രത്യക്ഷരായി. ഹേമന്ത് (ഒരു ജെ.എം.എം. പ്രവർത്തകൻ) വന്ന് ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും 1,000 രൂപ വീതം തന്ന് പോയി, തിരഞ്ഞെടുപ്പിൽ ജയിച്ചു, ഇപ്പോൾ വലിയ കസേരയിലിരുന്ന് സുഖിക്കുന്നു”

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്ത്: വിൽക്കാനുള്ള വിറകും ചിരോട്ടയും ശേഖരിക്കാൻ മീന പഹാഡിൻ ദിവസവും 10-12 കിലോമീറ്ററാണ് നടക്കുന്നത്. വലത്ത്: സൌരോർജ്ജമുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരേയൊരു ഹാൻഡ്പമ്പിൽനിന്ന് സ്ത്രീകൾ വെള്ളം ശേഖരിക്കുന്നു

32 ഗോത്രങ്ങൾക്ക് സ്വന്തമാണ് ജാർഘണ്ട്. മിക്കവരും പർട്ടിക്കുലർലി വൾനെറബിൽ ട്രൈബൽ ഗ്രൂപ്പുകളാണ്. അസുർ, ബിർഹോർ, ബിർജിയ, കോർവ, മാൽ പഹാഡിയ, പാർഹയ, സോര്യ പഹാഡിയ, സാവർ എന്നിവർ. 2013-ലെ ഈ റിപ്പോർട്ടനുസരിച്ച് , ജാർഘണ്ടിലെ മൊത്തം പി.വി.ടി.ജി ജനസംഖ്യ നാലുലക്ഷത്തിന് മീതെയാണ്.

എണ്ണത്തിലുള്ള കുറവും ഗ്രാമങ്ങളുടെ ഒറ്റപ്പെട്ട സ്വഭാവവും കൂടാതെ, കുറഞ്ഞ സാക്ഷരത, സാമ്പത്തികമായ വെല്ലുവിളികൾ, കൃഷിക്കും മുമ്പുള്ള ഉപജീവനങ്ങളിലുള്ള ആശ്രിതത്വം എന്നിവയും അവർക്ക് നേരിടേണ്ടിവരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടിനിടയിൽ വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല. വായിക്കുക: ദ് ഹിൽ‌സ് ഓഫ് ഹാർഡ്ഷിപ്പ് , പി. സായ്നാഥിന്റെ എല്ലാവരും ഒരു നല്ല വരൾച്ചയെ ആഗ്രഹിക്കുന്നു എന്ന പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗം.

“ഗ്രാമത്തിൽ മിക്കവരും കൂലിവേലയാണ് ചെയ്യുന്നത്. സർക്കാർ ജോലിയിൽ ആരുമില്ല. നെൽ‌പ്പാടങ്ങളും ഞങ്ങൾക്കില്ല. എവിടെയും കുന്നുകൾ മാത്രം,” ഗണേഷ് പാരിയോട് പറയുന്നു. സ്ത്രീകൾ കാട്ടിൽ പോയി വിറകും ചിരോട്ടയും (നിലവേമ്പ് – ഒരു ഔഷധസസ്യം) ശേഖരിച്ച് ചന്തയിൽ വിൽക്കുന്നു.

ജാർഘണ്ടിലെ സന്താൾ പർഗാന മേഖലയിലെ ആദിമനിവാസികളിൽപ്പെട്ടവരാണ് പഹാഡിയകൾ. മൂന്ന് വിഭാഗക്കാരാണ് അവർ. സോര്യ പഹാഡിയ, മാൽ പഹാഡിയ, പിന്നെ കുമാർഭാഗ് പഹാഡിയ. നൂറ്റാണ്ടുകളായി ഈ മൂന്ന് വിഭാഗങ്ങളും രാജ്മഹൽ കുന്നുകളിൽ ജീവിച്ചിരുന്നു.

ക്രിസ്തുവിന് മുമ്പ് 302-ൽ ചന്ദ്രഗുപ്ത മൌര്യന്റെ കാലത്ത്, ഇന്ത്യയിലേക്ക് വന്ന ഗ്രീക്ക് നയതന്ത്രജ്ഞനും ചരിത്രകാരനുമായ മെഗസ്തനീസ് സൂചിപ്പിക്കുന്ന മല്ലി ഗോത്രക്കാരാണ് ഇവരെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നതായി ഈ ആനുകാലികം പറയുന്നു. പൈതൃകഭൂമിയായ സമതലത്തിൽനിന്ന് കുന്നുകളിലേക്ക്, ബലപ്രയോഗത്താൽ അവരെ ആട്ടിയകറ്റിയ സന്താളുകൾക്കും, ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾക്കുമെതിരെ നടത്തിയ സംഘർഷങ്ങളും സംഘട്ടനങ്ങളുംകൊണ്ട് അടയാളപ്പെടുത്തിയ ചരിത്രമാണ് അവരുടേത്. കൊള്ളക്കാരായും കന്നുകാലി മോഷ്ടാക്കളായും അവരെ മുദ്രകുത്തിയിരുന്നു.

“ഒരു സമുദായമെന്ന നിലയ്ക്ക് പഹാഡിയകൾ ഒതുങ്ങിപ്പോയി. സന്താളുകളും ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിൽ ഭീമമായ നഷ്ടമുണ്ടായ അവർ അതിൽനിന്ന് കരകയറിയിട്ടില്ല,” ജാർഘണ്ടിലെ ഡംകയിലെ സിഡു-കാനൊ സർവകലാശാലയിലെ പ്രൊഫസ്സർ ഡോ. കുമാർ രാകേഷ് ഈ റിപ്പോർട്ടിൽ എഴുതുന്നു.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

ഇടത്ത്: പാചകം ചെയ്യാനായി മീനയുടെ വീടിന്റെ പുറത്ത് ഒരു കെട്ട് വിറക്. ചിലത് വിൽക്കുകയും ചെയ്തു. വലത്ത്: കാട്ടിൽനിന്ന് ശേഖരിച്ച്, ഉണക്കി, സമീപത്തുള്ള ചന്തകളിൽ, കിലോഗ്രാമിന് 20 രൂപവെച്ച് വിൽക്കുന്ന ചിരോട്ട

*****

തണുപ്പുകാലത്തെ പകലിൽ, കുട്ടികൾ കളിക്കുന്നതിന്റേയും ആടുകൾ അമറുന്നതിന്റേയും ഇടയ്ക്ക് കോഴികൾ കൂവുന്നതിന്റേയും ശബ്ദങ്ങൾ ഇവിടെ ധംഘാര ഗ്രാമത്തിൽ കേൾക്കാം.

മീന പഹാഡിൻ, അവരുടെ വീടിന്റെ പുറത്ത്, മറ്റ് സ്ത്രീകളുമായി, മാൾട്ടൊ എന്ന പ്രാദേശിക ഭാഷയിൽ സംസാരിക്കുകയാണ്. “ഞങ്ങൾ ജുഗ്ബാസി കളാണ്. ആ വാക്കിന്റെ അർത്ഥമറിയുമോ?” അവർ ഈ റിപ്പോർട്ടറോട് ചോദിച്ചു. “ഈ മലകളും കാടുകളുമാണ് ഞങ്ങളുടെ വീടുകൾ എന്നാണ് അതിന്റെ അർത്ഥം,” അവർതന്നെ വിശദീകരിക്കുകയും ചെയ്യുന്നു.

എല്ലാ ദിവസവും, മറ്റ് സ്ത്രീകളോടൊപ്പം അവർ രാവിലെ 8, 9 മണിയാവുമ്പോൾ കാട്ടിലേക്ക് പോവും. “കാട്ടിൽ ചിരോട്ടയുണ്ട്. പകൽ മുഴുവൻ ഞങ്ങളത് ശേഖരിച്ച്, പിന്നെ ഉണക്കി, വിൽക്കാൻ കൊണ്ടുപോകും,” തന്റെ മൺ‌വീടിന്റെ മുകളിൽ ഉണക്കാനിട്ട ശാഖകൾ ചൂണ്ടി അവർ പറയുന്നു.

“ചിലപ്പോൾ ദിവസത്തിൽ രണ്ട് കിലോഗ്രാം കിട്ടും, ചിലപ്പോൾ മൂന്നും, ചിലപ്പോൾ, ഭാഗ്യമുണ്ടെങ്കിൽ അഞ്ച് കിലോഗ്രാംവരെയും,” അവർ പറയുന്നു. ഒരു കിലോഗ്രാമിന് 20 രൂപവെച്ചാണ് അവർ വിൽക്കുന്നത്. ചിരോട്ടയ്ക്ക് ഔഷധഗുണമുണ്ട്. കഷായം വെച്ച് കുടിക്കാനും പറ്റും. കുട്ടികൾക്കും മുതിർന്നവർക്കും. വയറിന് നല്ലതാണ്” മീന പറയുന്നു.

ചിരോട്ടയ്ക്ക് പുറമേ, ദിവസവും 10-12 കിലോമീറ്റർ നടന്ന്, കാട്ടിൽനിന്ന് വിറകും ശേഖരിക്കാറുണ്ട്. “ഭാരമുള്ള കെട്ടുകളാണ്. ഓരോ കെട്ടിനും 100 രൂപവെച്ച് വില കിട്ടും.” ഉണങ്ങിയ വിറകുകളുടെ കെട്ടിന് 15-20 കിലോഗ്രാം ഭാരമുണ്ടാവും. നനവുള്ളതാണെങ്കിൽ 25-30 കിലോഗ്രാംവരെയും.

സർക്കാരുകൾ വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും ഒരിക്കലും അവ പാലിക്കാറില്ല എന്ന ഗണേഷിന്റെ അഭിപ്രായത്തോട് മീനയും യോജിക്കുന്നു. “പണ്ടൊന്നും ആരും ഞങ്ങളുടെയടുത്തേക്ക് വരാറില്ല. എന്നാൽ കഴിഞ്ഞ രണ്ടുമൂന്ന് കൊല്ലമായി ആളുകൾ വരാറുണ്ട്,” അവർ കൂട്ടിച്ചേർത്തു. “മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമൊക്കെ മാറിമാറി വരുന്നു, പക്ഷേ ഞങ്ങളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. വൈദ്യുതിയും റേഷനും മാത്രമാണ് ഞങ്ങൾക്ക് കിട്ടിയത്.”

“ജാർഘണ്ടിലെ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശ്നം കുടിയൊഴിപ്പിക്കലും ഭൂമിനഷ്ടവുമാണ്. ഈ സമുദായത്തിന്റെ സാമൂ‍ഹിക-സാംസ്കാരിക തനിമ തിരിച്ചറിയുന്നതിൽ മുഖ്യധാരാ വികസന പദ്ധതികൾ പരാജയപ്പെടുകയും, ‘എല്ലാവർക്കും പാകമാവുന്ന പാദരക്ഷ‘കളെന്ന സമീപനമാണ് പിന്തുടരുന്നതെന്നും, സംസ്ഥാനത്തിലെ ആദിവാസി ഉപജീവനത്തെക്കുറിച്ചുള്ള 2021-ലെ ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

PHOTO • Ashwini Kumar Shukla
PHOTO • Ashwini Kumar Shukla

പഹാഡിയ ആദിവാസികളുടെ എണ്ണത്തിൽക്കുറവ് അവരുടെ ഒറ്റപ്പെടലിനെ വർദ്ധിപ്പിക്കുന്നു. ദൈനംദിന സാമ്പത്തിക വെല്ലുവിളിയും അവർ നേരിടുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകളായി വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വലത്ത്: ധംഘാര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ. കഴിഞ്ഞ കുറേ വർഷങ്ങളായി, രാഷ്ട്രീയക്കാർ പുതിയ സ്കൂൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും വാക്ക് പാലിച്ചിട്ടില്ലെന്ന് ഗ്രാമീണർ പറയുന്നു

“തൊഴിലൊന്നുമില്ല. ഒരു തൊഴിലുമില്ല. അതുകൊണ്ട് ഞങ്ങൾക്ക് പുറത്ത് പോകേണ്ടിവരും,” തൊഴിലന്വേഷിച്ച് പുറത്തുപോയ 250-300 ആളുകൾക്കുവേണ്ടി മീന പറയുന്നു. “പുറത്ത് പോകുന്നത് ബുദ്ധിമുട്ടാണ്. എത്താൻ മൂന്നുനാല് ദിവസം വേണം. ഇവിടെ ഞങ്ങൾക്ക് തൊഴിൽ കിട്ടിയാൽ, എന്തെങ്കിലും ആവശ്യം വന്നാൽ വേഗം എത്താൻ കഴിയും.”

ഡാകിയ യോജന ’ വഴി, പഹാഡിയ സമുദായത്തിലെ ഓരോ കുടുംബത്തിനും 35 കിലോഗ്രാം റേഷന് അർഹതയുണ്ട് എന്നാൽ, 12 അംഗങ്ങളുള്ള തന്റെ കുടുംബത്തിന് അത് തികയുന്നില്ലെന്ന് മീന പറയുന്നു. “ചെറിയ കുടുംബത്തിന് അത് മതി. എന്നാൽ ഞങ്ങൾക്കത് 10 ദിവസത്തേക്കുപോലും തികയില്ല,” അവർ പറയുന്നു.

പാവപ്പെട്ടവരുടെ ദുരിതങ്ങളെക്കുറിച്ച് ആർക്കും ഒരു ശ്രദ്ധയുമില്ലെന്ന്, തന്റെ ഗ്രാമത്തിന്റെ അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അവർ സൂചിപ്പിച്ചു. “ഇവിടെ ഞങ്ങൾക്കൊരു അങ്കണവാടിപോലും ഇല്ല,” മീന പറയുന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമ മനുസരിച്ച്, ആറുമാസത്തിനും ആറ് വയസ്സിനുമിടയിലുള്ള കുട്ടികൾക്കും, ഗർഭിണികളായ അമ്മമാർക്കും അങ്കണവാടിയിൽനിന്ന് സൌജന്യമായി അനുബന്ധ പോഷകം ലഭിക്കാൻ അർഹതയുണ്ട്.

“മറ്റ് ഗ്രാമങ്ങളിലെ, ഈ വലിപ്പമുള്ള കുട്ടികൾക്ക് (തന്റെ അരയ്ക്കൊപ്പമെന്ന് ആംഗ്യം കാണിക്കുന്നു) പോഷകാഹാരങ്ങൾ - സത്തു , കടല, അരി, പയർ - എന്നിവ കിട്ടാറുണ്ട്..പക്ഷേ ഇവിടെ ഞങ്ങൾക്ക് ഒന്നും കിട്ടാറില്ല. പോളിയോ തുള്ളി മാത്രം കിട്ടും. രണ്ട് ഗ്രാമങ്ങളാണ് ഒരു അങ്കണവാടി പങ്കിടുന്നത്. പക്ഷേ അവർ ഞങ്ങൾക്കൊന്നും തരാറില്ല,” മീന പറയുന്നു.

അതേസമയം ഗണേഷിന്റെ ഭാര്യയുടെ ചികിത്സാച്ചിലവുകൾ - 60,000 രൂപ വായ്പയും അതിന്റെ പലിശയും – ഇനിയും കൊടുത്തുതീർക്കാനുണ്ട്. “എനിക്കറിയില്ല, എങ്ങിനെ കൊടുത്തുതീർക്കുമെന്ന്. ഞാൻ ചിലരിൽനിന്ന് കടം വാങ്ങിയിട്ടുണ്ട്. അവർക്കും എങ്ങിനെയെങ്കിലും കൊടുത്തുതീർക്കണം,” ഈ റിപ്പോർട്ടറോട് പറയുന്നു.

എന്തായാലും ഈ തിരഞ്ഞെടുപ്പിൽ മീന ഒരു കാര്യം തീർച്ചപ്പെടുത്തിയിട്ടുണ്ട്. “ഞങ്ങൾ ആരെയും വിശ്വസിക്കില്ല. എന്നും വോട്ട് ചെയ്യുന്നവർക്ക് ഇത്തവണ ഞങ്ങൾ വോട്ട് ചെയ്യില്ല. ഞങ്ങൾക്ക് എന്തെങ്കിലും ഉപകാരമുള്ളവർക്ക് മാത്രമേ ഞങ്ങൾ വോട്ട് ചെയ്യൂ.”

പരിഭാഷ: രാജീവ് ചേലനാട്ട്

Ashwini Kumar Shukla

అశ్విని కుమార్ శుక్లా ఝార్కండ్ రాష్ట్రం, పలామూలోని మహుగావాన్ గ్రామానికి చెందినవారు. ఆయన దిల్లీలోని ఇండియన్ ఇన్స్టిట్యూట్ ఆఫ్ మాస్ కమ్యూనికేషన్ నుంచి పట్టభద్రులయ్యారు (2018-2019). ఆయన 2023 PARI-MMF ఫెలో.

Other stories by Ashwini Kumar Shukla
Editor : Priti David

ప్రీతి డేవిడ్ పీపుల్స్ ఆర్కైవ్ ఆఫ్ రూరల్ ఇండియాలో జర్నలిస్ట్, PARI ఎడ్యుకేషన్ సంపాదకురాలు. ఆమె గ్రామీణ సమస్యలను తరగతి గదిలోకీ, పాఠ్యాంశాల్లోకీ తీసుకురావడానికి అధ్యాపకులతోనూ; మన కాలపు సమస్యలను డాక్యుమెంట్ చేయడానికి యువతతోనూ కలిసి పనిచేస్తున్నారు.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat