എന്റെ ദേഹം വേദനിക്കുന്നു
“ദുർഗ, ദുർഗ’ എന്ന് ഞാൻ കരയുന്നു
നിന്റ് കരുണയ്ക്കുവേണ്ടി ഞാൻ
യാചിക്കുന്നു, അമ്മേ

ദുർഗാദേവിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ട് പാടുമ്പോൾ വിജയ് ചിത്രകാർ എന്ന കലാകാരന്റെ ശബ്ദം ഉയരുന്നു. അദ്ദേഹത്തെപ്പോലുള്ള കലാകാരന്മാർ ആദ്യം പാട്ടെഴുതുകയും പിന്നീട് ചിത്രംവരച്ച് നിറം കൊടുക്കുകയും ചെയ്യുന്നു – 14 അടി ഉയരമുള്ള ചിത്രങ്ങൾവരെ. അതിനുശേഷം ആ ചിത്രങ്ങൾ അവർ പാട്ടും കഥകളും പാടിക്കൊണ്ട് കാഴ്ചക്കാരന് സമർപ്പിക്കുന്നു.

ജാർഘണ്ടിലെ പൂർബി സിംഗ്ഭും ജില്ലയിലെ അമാദൊബി ഗ്രാമത്തിലാണ് 41 വയസ്സുള്ള വിജയ് താമസിക്കുന്നത്. സന്താൾ കഥകളിലും ഗ്രാമീണ ജീവിതരീതികളിലും പുരാണങ്ങളിലും അടിസ്ഥാനപ്പെടുത്തിയവയാണ് പൈത്കർ പെയിന്റിംഗുകളെന്ന് അദ്ദേഹം പറയുന്നു. “ഗ്രാമീണ സംസ്കാരമാണ് ഞങ്ങളുടെ മുഖ്യ പ്രമേയം. ഞങ്ങൾക്ക് ചുറ്റും കാണുന്നതിനെ ഞങ്ങൾ കലയിൽ ആവിഷ്കരിക്കുന്നു”, 10 വയസ്സുള്ളപ്പോൾമുതൽ പൈത്കർ പെയിന്റുംഗുകളുണ്ടാക്കുന്ന വിജയ് പറയുന്നു. “കർമ നൃത്തം, ബഹ നൃത്തം, അല്ലെങ്കിൽ രാമായണത്തിന്റെ, മഹാഭാരതത്തിന്റെ ചിത്രം, ഗ്രാമദൃശ്യം..അങ്ങിനെയങ്ങിനെ.” സന്താൾ പെയിന്റിംഗുകളുടെ വിവിധ ഭാഗങ്ങൾ അയാൾ പറഞ്ഞുതന്നു. “സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്നതും, പുരുഷന്മാർ എരുമകളുമായി പാടത്ത് പണിയെടുക്കുന്നതും, ആകാശത്ത് പക്ഷികൾ പറക്കുന്നതും മറ്റും.”

“ഞാൻ ഈ കല എന്റെ മുത്തച്ഛനിൽനിന്ന് പഠിച്ചതാണ്. പ്രശസ്തനായ ഒരു കലാകാരനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാട്ട് കേൾക്കാൻ കൊൽക്കൊത്തയിൽനിന്നുപോലും അക്കാലത്ത് ആളുകൾ വന്നിരുന്നു.” വിജയുടെ കുടുംബത്തിലെ പല തലമുറക്കാർ പൈത്കർ പെയിന്റിംഗുകാരായിരുന്നു. “ചുരുളിന്റെ ആകൃതിയിലായിരുന്നു. അങ്ങിനെയാണ് പൈത്കർ പെയിന്റിംഗ് എന്ന് പേർ വന്നത്”.

Left: Vijay Chitrakar working on a Paitkar painting outside his mud house in Purbi Singhbhum district's Amadobi village
PHOTO • Ashwini Kumar Shukla
Right: Paitkar artists like him write song and then paint based on them
PHOTO • Ashwini Kumar Shukla

ഇടത്ത്: പൂർബി സിംഗ്ഭം ജില്ലയിലെ അമാദോബി ഗ്രാമത്തിലെ തന്റെ മൺ‌വീടിന്റെ മുറ്റത്തിരുന്ന ഒരു പൈത്കർ പെയിന്റിംഗ് ചെയ്യുന്ന വിജയ് ചിത്രകാർ

Paitkar painting depicting the Karam Dance, a folk dance performed to worship Karam devta – god of fate
PHOTO • Ashwini Kumar Shukla

വിധിയുടെ ദേവതയായ കറം ദേവതയെ ആരാധിക്കുന്ന ഒരു നാടോടി നൃത്തം ചിത്രീകരിച്ച പൈത്കർ പെയിന്റിംഗ്

പശ്ചിമ ബംഗാളിലും ജാർഘണ്ടിലുമാണ് പൈത്കർ കല ഉത്ഭവിച്ചത്. കഥപറച്ചിലിനെ സങ്കീർണ്ണമായ ദൃശ്യഭാഷയുമായി സംയോജിപ്പിക്കുന്ന ഈ കലയെ സ്വാധീനിച്ചത്, പാണ്ഡുലിപി എന്ന് പേരുള്ള പുരാതന രാജകീയ ചുരുളുകളായിരുന്നു (മാനുസ്ക്രിപ്റ്റ് റോളുകൾ). “തലമുറകളിലൂടെ പകർന്നുകിട്ടിയ കലയായതുകൊണ്ട് ഇതിന് എത്ര പഴക്കമുണ്ടെന്ന് പറയാനാവില്ല. എഴുതപ്പെട്ട തെളിവുകളുമില്ല”, ഗോത്ര നാടോടിക്കഥകളെക്കുറിച്ച് ആധികാരികമായ അറിവുള്ള, റാഞ്ചി കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ പുരുഷോത്തം ശർമ പറയുന്നു.

നിരവധി പൈത്കർ കലാകാരന്മാരുടെ അമാദോബിയിലെ ഏറ്റവും പ്രായം ചെന്ന കലാകാരനാണ് 71 വയസ്സുള്ള അനിൽ ചിത്രകാർ. “എന്റെ ഓരോ പെയിന്റിംഗുകളിലും ഓരോ പാട്ടുകളുണ്ട്. ഞങ്ങൾ ആ പാട്ടുകൾ പാടുന്നു,” അനിൽ വിശദീകരിച്ചു. ഒരു പ്രമുഖ സന്താളി ഉത്സവത്തിലെ കർമ നൃത്തം പെയിന്റ് ചെയ്ത ചുരുൾ പാരി യെ കാണിച്ച് അദ്ദേഹം പറയുന്നു, “മനസ്സിലേക്ക് ഒരു പാട്ടെത്തിയാൽ ഞങ്ങളത് വരയ്ക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ആ പാട്ട് എഴുതിയെടുക്കുക എന്നതാണ്. പിന്നീട് അത് പെയിന്റ് ചെയ്യലും. ഒടുവിൽ, അത് ജനങ്ങൾക്കായി പാടി അവതരിപ്പിക്കുകയും ചെയ്യും.”

ഒരു പൈത്കർ കലാകാരനാവാനുള്ള സംഗീതജ്ഞാനം സ്വായത്തമാക്കിയ ചുരുക്കം ചിത്രകാരന്മാരിൽ അനിലും, വിജയും ഉൾപ്പെടുന്നു. എല്ലാ വികാരങ്ങൾക്കും – സന്തോഷം, സങ്കടം, ആനന്ദം, ആവേശം ആദിയായവയ്ക്ക് - അനുയോജ്യമായ പാട്ടുകളുണ്ടെന്ന് അനിൽ പറയുന്നു. “ഗ്രാമപ്രദേശത്ത് ഞങ്ങൾ, ദൈവങ്ങളും പുരാണങ്ങളുമായി ബന്ധപ്പെട്ട പാട്ടുകൾ ഉത്സവത്തിന് പാടും. ദുർഗ, കാളി, ദത്ത കർണ, നൌക വിലാഷ്, മാനസ മംഗൾ തുടങ്ങിയ ദേവതകളെക്കുറിച്ചുള്ളവ.

അച്ഛനിൽനിന്ന് സംഗീതം പഠിച്ച അനിലിന്റെ കൈവശം, പെയിന്റിംഗുകളുമായി ബന്ധപ്പെട്ട പാട്ടുകളുടെ ഒരു വലിയ ശേഖരമുണ്ടെന്ന് പറയപ്പെടുന്നു. “സന്താളി, ഹിന്ദു ആഘോഷവേളകളിൽ, ഞങ്ങൾ ഗ്രാമഗ്രാമാന്തരം സഞ്ചരിച്ച് ഞങ്ങളുടെ പെയിന്റിംഗുകൾ കാണിക്കുകയും ഏൿതാരയും ഹാർമ്മോണിയവും വായിച്ച് പാട്ടുകൾ പാടുകയും ചെയ്യും.” അതിനുപകരമായി ജനങ്ങൾ ഈ പെയിന്റിംഗുകൾ വാങ്ങി, എന്തെങ്കിലും പണമോ ധാന്യമോ തരും,” അയാൾ കൂട്ടിച്ചേർക്കുന്നു.

വീഡിയോ കാണുക: സംഗീതത്തിന്റേയും കലയുടേയും സംഗമസ്ഥലം

കഥപറച്ചിലിനെ സങ്കീർണ്ണമായ ദൃശ്യഭാഷയുമായി സംയോജിപ്പിക്കുന്ന ഈ കലയെ സ്വാധീനിച്ചത്, പാണ്ഡുലിപി എന്ന് പേരുള്ള പുരാതന രാജകീയ ചുരുളുകളായിരുന്നു (മാനുസ്ക്രിപ്റ്റ് റോളുകൾ)

12 അടി മുതൽ 14 അടിവരെ നീളമുണ്ടായിരുന്ന പണ്ടത്തെ യഥാർത്ഥ പൈത്കർ പെയിന്റിംഗുകളുടെ വലിപ്പം ഇപ്പോൾ ഒരു എ4 (ഒരടി) വലിപ്പമായി കുറഞ്ഞിരിക്കുന്നു. 200 രൂപ മുതൽ 2,000 രൂപയ്ക്കുവരെയാണ് അവ വിൽക്കുന്നത്. “ഞങ്ങൾക്ക് വലിയ പെയിന്റിംഗുകൾ വിൽക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഞങ്ങൾ ചെറിയ പെയിന്റിംഗുകളുണ്ടാക്കുന്നു. ഏതെങ്കിലും കസ്റ്റമർ ഗ്രാമത്തിലേക്ക് വന്നാൽ, ഞങ്ങൾ 400-500 രൂപയ്ക്കും വിൽക്കും,” അനിൽ പറയുന്നു.

നിരവധി ദേശീയ, അന്തർദ്ദേശീയ മേളകളിലും ശില്പശാലകളിലും പങ്കെടുത്തിട്ടുണ്ട് അനിൽ. അന്തർദ്ദേശീയമായി അറിയപ്പെടുന്ന കലയാണെങ്കിലും, സുസ്ഥിരമായ ഉപജീവനമല്ല ഇതെന്ന് അദ്ദേഹം പറയുന്നു. “മൊബൈൽ ഫോണുകളുടെ വരവോടെ, പരമ്പരാഗതമായ തത്സമയ സംഗീതത്തിന്റെ പ്രചാരം കുറഞ്ഞു. ഒരു പഴയ പാരമ്പര്യമാണ് അപ്രത്യക്ഷമായത്. ഇപ്പോഴുള്ളത്, ഫുൽക്കാ ഫുൽക്കാചൂൽ , ഉഡ്ഡിയുഡ്ഡി ജായേ എന്ന മട്ടിലുള്ള പാട്ടുകളാണ് എന്ന്, പുതിയ ചില അടിപൊളി പാട്ടുകളെ അനുകരിച്ചുകൊണ്ട് അനിൽ പരിഹസിച്ചു.

ഒരുകാലത്ത്, അമാദോബിയിൽ പൈത്കർ പെയിന്റിംഗുകൾ ചെയ്തിരുന്ന 40-ഓളം കുടുംബങ്ങളുണ്ടായിരുന്നുവെന്ന് ഈ പ്രശസ്ത കലാകാരൻ പറയുന്നു. എന്നാൽ ഇന്ന് അത്തരത്തിലുള്ള വളരെ ചുരുക്കം കുടുംബങ്ങളേയുള്ളു. “ഞാൻ എന്റെ വിദ്യാർത്ഥികളെ പെയിന്റിംഗ് പഠിപ്പിച്ചുവെങ്കിലും, അതിൽനിന്ന് വരുമാനം കിട്ടാത്തതിനാൽ അവരെല്ലാം ആ കല ഉപേക്ഷിച്ച് ഇപ്പോൾ കൂലിപ്പണിക്ക് പോവുകയാണ്”. അദ്ദേഹത്തിന്റെ മൂത്ത മകൻ ഒരു കല്ലാശാരിയായി ജാംഷെഡ്പുരിൽ ജോലി ചെയ്യുന്നു. ഇളയവൻ കൂലിപ്പണിയും. അനിലും ഭാര്യയും ഗ്രാമത്തിൽ ഒരു കുടിലിലാണ് താമസം. കുറച്ച് ആടുകളും കോഴികളുമുണ്ട്. വീടിന്റെ പുറത്ത് ഒരു കൂട്ടിൽ ഒരു തത്തയും.

2013-ൽ ജാർഘണ്ട് സർക്കാർ അമാദോബി ഗ്രാമത്തെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയെങ്കിലും വിനോദസഞ്ചാരികളൊന്നും അധികം വരുന്നില്ല. “ഏതെങ്കിലും ടൂറിസ്റ്റുകളോ, സർക്കാർ സാറന്മാരോ വന്നാൽ ഞങ്ങൾ പാട്ടുകൾ പാടും. അവർ എന്തെങ്കിലും പൈസ തരും. കഴിഞ്ഞ വർഷം എന്റെ രണ്ട് പെയിന്റിംഗുകൾ മാത്രമാണ് വിറ്റുപോയത്”, അദ്ദേഹം പറയുന്നു.

Anil Chitrakar, the oldest Paitkar artist in Amadobi village, with his paintings
PHOTO • Ashwini Kumar Shukla
Anil Chitrakar, the oldest Paitkar artist in Amadobi village, with his paintings
PHOTO • Ashwini Kumar Shukla

അമാദോബി ഗ്രാമത്തിലെ ഏറ്റവും പ്രായംചെന്ന പൈത്കർ കലാകാരനായ അനിൽ ചിത്രകാർ തന്റെ പെയിന്റിംഗുകളുമായി

Paitkar paintings illustrating the Bandna Parv festival and related activities of Adivasi communities of Jharkhand
PHOTO • Ashwini Kumar Shukla

ജാർഘണ്ടിലെ ബന്ദ്ന പാർവ് ഉത്സവവും, ആദിവാസികളുടെ തൊഴിലുകളും ചിത്രീകരിച്ച പൈത്കർ പെയിന്റിംഗുകൾ

കർമ പൂജ, ബന്ധൻ പാർവ് തുടങ്ങിയ സന്താൾ ആഘോഷങ്ങൾക്കും, പ്രാദേശിക ഹിന്ദു ആഘോഷങ്ങൾക്കും, സമീപത്തുള്ള ഗ്രാമങ്ങളിൽ കലാകാരന്മാർ പെയിന്റിംഗുകൾ വിൽക്കാറുണ്ട്. “പണ്ടൊക്കെ ഞങ്ങൾ ഗ്രാമങ്ങളിൽ പോയി പെയിന്റിംഗുകൾ വിൽക്കാറുണ്ടായിരുന്നു. ബംഗാൾ, ഒഡിഷ, ചത്തീസ്ഗഡ് തുടങ്ങിയ ദൂരസ്ഥലങ്ങളിൽ‌പ്പോലും പോകാറുണ്ടായിരുന്നു”, അനിൽ പറയുന്നു.

*****

വിജയ് ഞങ്ങൾക്ക് പൈത്കർ കലയുടെ പ്രക്രിയ കാണിച്ചുതന്നു. ആദ്യം ഒരു ചെറിയ കല്ലിന്റെ സ്ലാബിൽ കുറച്ച് വെള്ളമൊഴിച്ച് അത് അല്പം ചുവന്ന കലക്കവെള്ളമാവുന്നതുവരെ, മറ്റൊരു കല്ലുകൊണ്ട് ഉരയ്ക്കുന്നു. പിന്നീട്, ഒരു ചെറിയ പെയിന്റ് ബ്രഷുപയോഗിച്ച് വരയ്ക്കാൻ തുടങ്ങുന്നു.

നദീതീരത്തെ കല്ലുകൾ, പൂക്കളുടേയും ഇലകളുടേയും ചാറുകൾ എന്നിവയിൽനിന്നാണ് നിറങ്ങൾ ഉണ്ടാക്കുന്നത്. കല്ലുകൾ കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. “കുന്നുകളിലും നദീതീരങ്ങളിലും അലയേണ്ടിവരും. ചിലപ്പോൾ, ചുണ്ണാമ്പുകല്ലുകൾ കിട്ടാൻ മൂന്നോ നാലോ ദിവസംവരെ എടുക്കും,” വിജയ് പറയുന്നു.

മഞ്ഞനിറം കിട്ടാൻ മഞ്ഞളും, പച്ചയ്ക്ക് മുളകുകളും ബീൻസുകളും, വയലറ്റിന് കൊങ്ങിണിപ്പൂവും ഉപയോഗിക്കാറുണ്ട് കലാകാരന്മാർ. മണ്ണെണ്ണവിളക്കിന്റെ കരികൊണ്ടാണ് കറുപ്പുനിറം തയ്യാറാക്കുന്നത്. ചുമപ്പ്, വെള്ള, ഇഷ്ടികനിറം എന്നിവ കല്ലുകളിൽനിന്നും ശേഖരിക്കുന്നു.

Left: The colors used in Paitkar paintings are sourced naturally from riverbank stones and extracts of flowers and leaves.
PHOTO • Ashwini Kumar Shukla
Right: Vijay Chitrakar painting outside his home
PHOTO • Ashwini Kumar Shukla

ഇടത്ത്: നദീതീരത്തെ കല്ലുകളിൽനിന്നും, പൂക്കളിൽനിന്നും ഇലകളിൽനിന്നുമാണ് പൈത്കർ പെയിന്റിംഗിനുള്ള നിറങ്ങൾ കണ്ടെത്തുന്നത്. വലത്ത്: വിജയ് ചിത്രകാർ വീടിന്റെ പുറത്തിരുന്ന് പെയിന്റ് ചെയ്യുന്നു

Left: Vijay Chitrakar making tea inside his home.
PHOTO • Ashwini Kumar Shukla
Right: A traditional Santhali mud house in Amadobi village
PHOTO • Ashwini Kumar Shukla

ഇടത്ത്: വീടിന്റെ അകത്തിരുന്ന് ചായ കൂട്ടുന്ന വിജയ് ചിത്രകാർ. വലത്ത്: അമാദോബി ഗ്രാമത്തിലെ ഒരു പരമ്പരാഗത സന്താളി കുടിൽ

തുണിയിലു കടലാസ്സിലും പെയിന്റിംഗുകൾ ചെയ്യാമെങ്കിലും, മിക്ക കലാകാരന്മാരും കടലാസ്സാണ് ഉപയോഗിക്കുന്നത്. അത് അവർ വാങ്ങുന്നത് 70 കിലോമീറ്റർ അകലെയുള്ള ജാംഷെഡ്പുരിൽനിന്നാണ്. “ഒരു ഷീറ്റിന് 70 മുതൽ 120 രൂപവരെ വിലയുണ്ട്. അതിൽനിന്ന് നാല് ചിത്രങ്ങൾ ഉണ്ടാക്കാൻ പറ്റും,” വിജയ് പറയുന്നു.

ഈ സ്വാഭാവിക നിറങ്ങൾ വേപ്പിന്റെയോ (അസദിരച്ത ഇൻഡിക്ക) അക്കേഷ്യയുടേയോ (അക്കേഷ്യ നിലോട്ടിക്ക) കറയുമായി ചേർത്താണ് പെയിന്റിംഗുകൾ സംരക്ഷിക്കുന്നത്. “ഇതുവഴി, കടലാസ്സുകളിൽ പ്രാണികൾ വരില്ല. പെയിന്റിംഗുകൾ കേടുകൂടാതെ ഇരിക്കുകയും ചെയ്യും,” വിജയ് പറയുന്നു. സ്വാഭാവികമായ നിറങ്ങൾ ഉപയോഗിക്കുന്നതുകൊണ്ട് ആളുകൾ വാങ്ങാൻ മുന്നോട്ട് വരുന്നുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.

*****

എട്ടുവർഷം മുമ്പ് അനിലിന് കണ്ണിൽ തിമിരം ബാധിച്ചു. കാഴ്ചയ്ക്ക് ബുദ്ധിമുട്ടായതോടെ അദ്ദേഹം പെയിന്റ് ചെയ്യുന്നത് നിർത്തി. “എനിക്ക് വ്യക്തമായി കാണാൻ സാധിക്കുന്നില്ല. സ്കെച്ച് ചെയ്യാം, പാട്ടുകൾ പാടാം, നിറങ്ങൾ ചാലിക്കാൻ പറ്റുന്നില്ല” തന്റെ ഒരു പെയിന്റിംഗ് കാണിച്ച് അദ്ദേഹം പറഞ്ഞു. ഈ പെയിന്റിംഗിൽ രണ്ട് പേരുകൾ കാണുന്നുണ്ട്. ഒന്ന് രൂപരേഖ വരച്ചതിന്ന്‌ അനിലിന്റേയും, മറ്റൊന്ന്, നിറങ്ങൾ നിറച്ച അദ്ദേഹത്തിന്റെ ഒരു വിദ്യാർത്ഥിയുടേയും.

Skilled Paitkar painter, Anjana Patekar is one of the few women artisits in Amadobi but she has stopped painting now
PHOTO • Ashwini Kumar Shukla
Skilled Paitkar painter, Anjana Patekar is one of the few women artisits in Amadobi but she has stopped painting now
PHOTO • Ashwini Kumar Shukla

അമാദോബിയിലെ ചുരുക്കം ചില വനിതാ പൈത്കർ പെയിന്റർമാരിലൊരാളാണ് അഞ്ജന പട്കർ. എന്നാൽ ഇപ്പോൾ അവർ വരയ്ക്കുന്നില്ല

Paitkar paintings depicting Santhali lifestyle. 'Our main theme is rural culture; the things we see around us, we depict in our art,' says Vijay
PHOTO • Ashwini Kumar Shukla
Paitkar paintings depicting Santhali lifestyle. 'Our main theme is rural culture; the things we see around us, we depict in our art,' says Vijay
PHOTO • Ashwini Kumar Shukla

സന്താളി ജീവിതരീതി ചിത്രീകരിച്ച പൈത്കർ പെയിന്റിംഗുകൾ. ‘ഞങ്ങളുടെ മുഖ്യ പ്രമേയം ഗ്രാമീണ സംസ്കാരമാണ്; ഞങ്ങളുടെ ചുറ്റും കാണുന്നവയെ ഞങ്ങൾ വരയ്ക്കു’

36 വയസ്സുള്ള വിജയ് അഞ്ജന പടേകർ പറയുന്നു. “ഇപ്പോൾ ഞാൻ ആ പണി നിർത്തി. വീട്ടുജോലികളുടെ കൂടെ ഈ പണിയും ഞാൻ ചെയ്യുന്നത് കണ്ട്, എന്റെ ഭർത്താവ് പുരികം ചുളിക്കുന്നു. അദ്ധ്വാനമുള്ള പണിയാണ്. പക്ഷേ, പ്രയോജനമില്ലെങ്കിൽ പിന്നെന്ത് കാര്യം?” അഞ്ജന 50 പെയിന്റിംഗുകൾ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും വിൽക്കാൻ പറ്റിയിട്ടില്ല. അവരുടെ കുട്ടികൾക്കും ഈ കലാരൂപത്തിൽ താത്പര്യമില്ല എന്ന് അവർ പറഞ്ഞു.

അഞ്ജനയെപ്പോലെത്തന്നെ, 24 വയസ്സുള്ള ഗണേഷ് ഗായനും ഒരിക്കൽ പൈത്കർ പെയിന്റിംഗുകൾ ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ഗ്രാമത്തിൽ ഒരു പലചരക്കുകട നടത്തുകയാണ്. ഇടയ്ക്ക് കൂലിപ്പണിക്കും പോകാറുണ്ട്. “കഴിഞ്ഞ വർഷം മൂന്ന് പെയിന്റിഗുകൾ മാത്രമാണ്‌ ഞാൻ വിറ്റത്. ഈ വരുമാനവും ആശ്രയിച്ചിരുന്നാൽ, വീട്ടിലെ കാര്യങ്ങൾ എങ്ങിനെ നടക്കും?”

“പുതിയ തലമുറയ്ക്ക് പാട്ടുകൾ എഴുതാൻ അറിയില്ല. പാടാനും കഥ പറയാനും ആരെങ്കിലും പഠിച്ചാലേ പൈത്കർ പെയിന്റിംഗ് നിലനിൽക്കൂ. ഇല്ലെങ്കിൽ അത് നാമാവശേഷമാകും,” അനിൽ പറയുന്നു.

ഈ കഥയിലെ പൈത്കർ പാട്ടുകൾ പരിഭാഷപ്പെടുത്തിയത് ജോഷ്വ ബോധിനേത്രയാണ്. സീതാറാം ബാസ്കെയ്, റോനിത് ഹെംബ്രോം എന്നിവരുടെ സഹായത്തോടെയാണ് പരിഭാഷപ്പെടുത്തിയത്.

മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്

പരിഭാഷ: രാജീവ് ചേലനാട്ട്

Ashwini Kumar Shukla

అశ్విని కుమార్ శుక్లా ఝార్కండ్ రాష్ట్రం, పలామూలోని మహుగావాన్ గ్రామానికి చెందినవారు. ఆయన దిల్లీలోని ఇండియన్ ఇన్స్టిట్యూట్ ఆఫ్ మాస్ కమ్యూనికేషన్ నుంచి పట్టభద్రులయ్యారు (2018-2019). ఆయన 2023 PARI-MMF ఫెలో.

Other stories by Ashwini Kumar Shukla
Editor : Sreya Urs

శ్రేయా అరసు బెంగళూరులో ఉండే స్వతంత్ర రచయిత, సంపాదకురాలు. ప్రింట్, టెలివిజన్ మీడియాలో ఆమెకు 30 ఏళ్ల అనుభవం ఉంది.

Other stories by Sreya Urs
Editor : PARI Desk

PARI డెస్క్ మా సంపాదకీయ కార్యక్రమానికి నాడీ కేంద్రం. ఈ బృందం దేశవ్యాప్తంగా ఉన్న రిపోర్టర్‌లు, పరిశోధకులు, ఫోటోగ్రాఫర్‌లు, చిత్రనిర్మాతలు, అనువాదకులతో కలిసి పని చేస్తుంది. PARI ద్వారా ప్రచురితమైన పాఠ్యం, వీడియో, ఆడియో, పరిశోధన నివేదికల ప్రచురణకు డెస్క్ మద్దతునిస్తుంది, నిర్వహిస్తుంది కూడా.

Other stories by PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat