സത്യപ്രിയയുടെ കഥ പറയുന്നതിനുമുൻപ് എന്റെ പെരിയമ്മയെക്കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് 12 വയസ്സുള്ളപ്പോൾ, 6-ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് പെരിയപ്പയുടേയും പെരിയമ്മയുടേയും (അച്ഛന്റെ സഹോദരനും ഭാര്യയും) വീട്ടിൽ ഞാൻ താമസിച്ചിരുന്നത്. അവരെന്നെ നന്നായി നോക്കിവളർത്തി. എന്റെ കുടുംബം അവധിക്ക് അവരുടെ വീട്ടിലേക്ക് പോവുകയും ചെയ്യാറുണ്ടായിരുന്നു.

പെരിയമ്മ എന്റെ ജീവിതത്തിലെ സുപ്രധാനമായ കഥാപാത്രമാണ്. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും ഉദാരതയോടെ അവർ നിർവ്വഹിച്ചുതരികയും ദിവസം മുഴുവൻ സമയം തെറ്റാതെ ഞങ്ങളെ ഭക്ഷണമൂട്ടുകയും ചെയ്തിരുന്നു. സ്കൂളിൽ ഞാൻ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങിയപ്പോൾ അവരാണ് എന്റെ സംശയങ്ങളൊക്കെ തീർത്തുതന്നിരുന്നത്. പല വാക്കുകളുടേയും അർത്ഥങ്ങൾ എനിക്ക് അറിയില്ലായിരുന്നു. അടുക്കളയിലെ ജോലികൾക്കിടയ്ക്ക് എന്റെ സംശയങ്ങൾ തീർക്കാനും വാക്കുകളുടെ അർത്ഥങ്ങൾ പറഞ്ഞുതരാനും അവർ സമയം കണ്ടെത്തിയിരുന്നു. പതുക്കെപ്പതുക്കെ ഞാൻ അവരെ ഇഷ്ടപ്പെട്ടുതുടങ്ങി.

സ്തനാർബുദം വന്ന് അവർ മരിച്ചു. തനിക്കുവേണ്ടി ജീവിക്കാതെയാണ് അവർ മരിച്ചതെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. അവരെക്കുറിച്ച് പറയാൻ തുടങ്ങിയാൽ ധാരാളം കാര്യങ്ങൾ പറയാനുണ്ട്. തത്ക്കാലം ഞാനിത് ഇവിടെ അവസാനിപ്പിക്കട്ടെ.

*****

പേരമ്മ മരിച്ചതിനുശേഷം ഞാൻ സത്യപ്രിയയോട് ചോദിച്ചു, അവരുടെ ഒരു ചിത്രം ഫോട്ടോയിൽ നോക്കി വരച്ചുതരാമോ എന്ന് കലാകാരന്മാരോട് എനിക്ക് അസൂയയില്ല. പക്ഷേ സത്യയുടെ കല എന്നെ അസൂയാലുവാക്കി. ഇത്ര ക്ഷമയോടെയും സൂക്ഷ്മമായും വരയ്ക്കാൻ സത്യയ്ക്ക് മാത്രമേ കഴിയൂ. അതിയാഥാർത്ഥ്യ ശൈലിയായിരുന്നു (ഹൈപ്പർ റിയലിസം) അവരുടേത്. വലിയ റെസല്യൂഷനിൽ എടുക്കുന്ന ചിത്രങ്ങൾപോലെ.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഞാൻ സത്യയെ പരിചയപ്പെടുന്നത്. ഫോട്ടോ അവർക്ക് അയച്ചപ്പോൾ ചിത്രം അത്ര വ്യക്തമായില്ലെന്ന് തോന്നി. അതിൽനിന്ന് വരയ്ക്കാനാവുമോ എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നില്ല. അസാധ്യമാണെന്ന് ഞാൻ കരുതി.

പിന്നീടൊരിക്കൽ, മധുരയിലെ ശുചീകരണത്തൊഴിലാളികളുടെ കുട്ടികൾക്കുവേണ്ടി ഞാനൊരു ഫോട്ടോഗ്രാഫി ശില്പശാല സംഘടിപ്പിച്ചു. എന്റെ ആദ്യത്തെ വർൿഷോപ്പായിരുന്നു അത്. അവിടെവെച്ചാണ് സത്യയെ ആദ്യമായി നേരിട്ട് കാണുന്നത്. എന്റെ പേരമ്മയുടെ ചിത്രം അവർ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അസമാന്യമായ ഒരു ശ്രമമായിരുന്നു അത്. ആ ചിത്രത്തിനോട് എനിക്കൊരു ആത്മബന്ധം തോന്നി.

എന്റെ ആദ്യത്തെ ശില്പശാലയിൽ‌വെച്ചുതന്നെ പേരമ്മയുടെ ഒരു ചിത്രം കിട്ടിയത് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. സത്യപ്രിയയുടെ കലയെക്കുറിച്ച് എഴുതണമെന്ന് തോന്നിയത് അപ്പോഴാണ്. ഞാൻ കണ്ട ചിത്രങ്ങൾ എന്നെ അതിശയിപ്പിച്ചു. ഇൻസ്റ്റാഗ്രാമിൽ അവരെ ഫോളോ ചെയ്യാൻ തുടങ്ങി. അവരുടെ വീട്ടിൽ ചെന്നപ്പോൾ എന്റെ അത്ഭുതം ഇരട്ടിച്ചു. നിലത്തും, ചുമരുകളിലും എല്ലായിടത്തും ചിത്രങ്ങളായിരുന്നു.

PHOTO • M. Palani Kumar

തന്റെ സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന സത്യപ്രിയ. അതിയാഥാർത്ഥ്യമാണ് അവരുടെ ശൈലി. വളരെയധികം റെസല്യൂഷനുള്ള ഛായാചിത്രം‌പോലെ തോന്നിച്ചു അവരുടെ ചിത്രങ്ങൾ

PHOTO • M. Palani Kumar

സത്യപ്രിയയുടെ വീട് മുഴുവൻ അവരുടെ ചിത്രങ്ങൾ നിറഞ്ഞുകിടക്കുന്നു. ഓരോ ചിത്രത്തിന്റേയും അടിക്കൂട്ട് തയ്യാറാക്കാൻ അഞ്ച് മണിക്കൂർവരെ അവർ ചിലവഴിക്കുന്നു

സത്യപ്രിയ അവരുടെ കഥ പറയാൻ തുടങ്ങുമ്പോൾ  അവരുടെ പെയിന്റിഗുകൾ സംസാരിക്കുന്നതുപോലെ തോന്നും നിങ്ങൾക്ക്.

“ഞാൻ സത്യപ്രിയ. മധുരയിൽനിന്നുള്ള ഒരു 27 വയസ്സുകാരി. ഹൈപ്പർ റിയലിസമാണ് എന്റെ കലാശൈലി. എങ്ങിനെ വരയ്ക്കണമെന്ന് എനിക്ക് സത്യത്തിൽ അറിയില്ല. കൊളേജിലായിരുന്നപ്പോൾ ഒരു പ്രണയനഷ്ടത്തിലൂടെയൊക്കെ കടന്നുപോയിട്ടുണ്ട്. അതിൽനിന്ന് പുറത്ത് കടക്കാനാണ് ഞാൻ വരച്ചുതുടങ്ങിയത്. ആദ്യത്തെ പ്രണയം എനിക്ക് നൽകിയ വിഷാദത്തെ മറികടക്കാൻ ഞാൻ കലയെ ഉപയോഗപ്പെടുത്തി. സിഗരറ്റ് വലിക്കുന്നതുപോലെയോ മദ്യപിക്കുന്നതുപോലെയോ ഒക്കെയാണ് എനിക്ക് എന്റെ കല – വിഷാദത്തിൽനിന്ന് മോചനം കിട്ടാനുള്ള ഒരു മാർഗ്ഗം.

കല എനിക്ക് ആശ്വാസം തന്നു. ഇനി മുതൽ ഞാൻ വരയ്ക്കുക മാത്രമേ ചെയ്യൂ എന്ന് ഞാൻ കുടുംബത്തോട് പറഞ്ഞു. അത് പറയാനുള്ള ധൈര്യം എങ്ങിനെ കിട്ടി എന്ന് എനിക്കറിയില്ല. ഐ.എ.എസുകാരിയോ ഐ.പി.എസുകാരിയോ ആവണമെന്നായിരുന്നു ആദ്യം എന്റെ ആഗ്രഹം. അതിനുവേണ്ടി ഞാൻ യു.പി.എസ്.സി (യൂണിയൻ പബ്ലിക് സർവീസസ് കമ്മീഷൻ) പരീക്ഷയ്ക്ക് ശ്രമിച്ചു. പിന്നീട് ഞാൻ അതിലേക്ക് പോയതേയില്ല.

കുട്ടിക്കാലംതൊട്ടേ എന്റെ രൂപത്തെച്ചൊല്ലി ഞാൻ അപഹസിക്കപ്പെട്ടിരുന്നു. സ്കൂളിലും കൊളേജിലും എൻ.സി.സി. (നാഷണൽ കേഡറ്റ് കോർപ്സ്) ക്യാമ്പിലും മറ്റുള്ളവർ എന്നോട് വിവേചനത്തോടെ പെരുമാറിയിരുന്നു. സ്കൂളിലെ പ്രിൻസിപ്പളും ടീച്ചർമാരും എപ്പോഴും എന്നെ ലക്ഷ്യംവെച്ച് ശകാരിക്കും.

12-ൽ പഠിക്കുമ്പോൾ ഒരിക്കൽ സ്കൂളിലെ ഓടകൾ അടഞ്ഞു. പെൺകുട്ടികൾ അവരുടെ സാനിറ്ററി നാപ്കിനുകൾ ശാസ്ത്രീയമായി ഉപേക്ഷിക്കാത്തതുകൊണ്ടായിരുന്നു അത്. 5, 6, 7 ക്ലാസ്സിലെ എല്ലാവരേയും വിളിച്ച്, അല്ലെങ്കിൽ, പുതുതായി ആർത്തവം ആരംഭിച്ച പെൺകുട്ടികളെ വിളിച്ച്, എങ്ങിനെയാണ് നാപ്കിനുകൾ ഉപേക്ഷിക്കേണ്ടത് എന്ന് പ്രിൻസിപ്പലിന് പറഞ്ഞുകൊടുക്കാമായിരുന്നു.

അതിനുപകരം അവർ ചെയ്തത്, എന്നെ പ്രത്യേകമായി വിളിപ്പിക്കുകയായിരുന്നു. രാവിലത്തെ പ്രാർത്ഥനയ്ക്ക് ശേഷം 12-ലെ കുട്ടികൾ യോഗ പരിശീലിക്കാൻ അവിടെത്തന്നെ നിന്നപ്പോൾ എന്നെ ചൂണ്ടി അവർ പറഞ്ഞു, ‘ഇവളെപ്പോലുള്ള പെൺകുട്ടികളാണ് ഇത് ചെയ്യുന്നത്.’ എനിക്കൊന്നും മനസ്സിലായില്ല. ഓട അടഞ്ഞതിന് ഞാനെന്ത് പിഴച്ചു?

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ ഛായാചിത്രം. വലത്ത്: പാരിയിൽ പ്രസിദ്ധീകരിച്ച റീത്ത അക്കയുടെ ഛായാചിത്രം

സ്കൂളിൽ പലതവണ ഇതുപോലെ എന്നെ ലക്ഷ്യംവെക്കുകയുണ്ടായി. 9-ആം ക്ലാസ്സിലെ പെൺകുട്ടികൾപോലും പ്രണയബന്ധത്തിൽപ്പെടുമ്പോൾ, അതും എന്റെ കുറ്റമായി വ്യാഖ്യാനിക്കപ്പെട്ടു. എന്റെ രക്ഷിതാക്കളെ വിളിച്ചുവരുത്തി, ഞാനാണ് ഈ കുട്ടികളെ വഴിതെറ്റിക്കുന്നതെന്ന് അവർ ആരോപിച്ചു. ‘നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നതിനും, മോശപ്പെട്ട വാക്കുകൾ പറഞ്ഞതിനും’ എനിക്കുവേണ്ടി എന്റെ രക്ഷിതാക്കളെക്കൊണ്ട് മാപ്പപേക്ഷ എഴുതിപ്പിച്ചു. ഞാൻ നുണ പറയുകയല്ലെന്ന് ഭഗവദ് ഗീത കൊണ്ടുവന്ന് സത്യം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു.

കരയാതെ, ഒരു ദിവസം‌പോലും സ്കൂളിൽനിന്ന് വീട്ടിലേക്ക് വന്നതായി എനിക്കോർമ്മയില്ല. വീട്ടിലാണെങ്കിലോ, ‘എനിക്കറിയാം, നീ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവും’ അല്ലെങ്കിൽ ‘അത് നിന്റെ കുറ്റമാണ്’ എന്നായിരുന്നു വീട്ടുകാരുടെ ശകാരം. വീട്ടിൽ എന്തെങ്കിലും പറയുന്നത് ഞാൻ അതോടെ നിർത്തി.

ഒരു അരക്ഷിതബോധം എന്നിൽ വളർന്നു.

കൊളേജിൽ പലപ്പോഴും എന്റെ പല്ലിനെച്ചൊല്ലി കളിയാക്കുമായിരുന്നു. ആലോചിച്ചാൽ, സിനിമകളിലും ആളുകൾ ഇതിനെച്ചൊല്ലിയൊക്കെയാണ് കളിയാക്കുന്നത് പൊതുവേ. എന്തുകൊണ്ട്? മറ്റുള്ള എല്ലാ മനുഷ്യരെയും‌പോലെത്തന്നെയാണ് ഞാനും. കളിയാക്കലിനെ ആളുകൾ നിർദ്ദോഷമായിട്ടാണ് എടുക്കുന്നത്. തങ്ങളുടെ പരിഹാസം, അത് അനുഭവിക്കേണ്ടിവരുന്നവരെ, അവരുടെ വികാരങ്ങളെ എങ്ങിനെയാണ് ബാധിക്കുന്നത് വേദനിപ്പിക്കുന്നത്, എത്രമാത്രം അരക്ഷിതത്വമാണ് അവരിൽ അതുണ്ടാക്കുന്നത് എന്നൊന്നും ആരും ഓർക്കുന്നില്ല.

ജീവിതത്തിലെ അത്തരം അനുഭവങ്ങൾ ഇപ്പൊഴും ചില നിമിഷങ്ങളിൽ ഞാൻ അനുഭവിക്കാറുണ്ട്. ഇപ്പോഴും, ആരെങ്കിലും എന്റെ ഫോട്ടോ നോക്കുമ്പോൾ എനിക്ക് പരിഭ്രമം തോന്നും. കഴിഞ്ഞ 25-26 വർഷമായി എനിക്കിത് അനുഭവപ്പെടുന്നുണ്ട്. ഒരാളുടെ ശരീരത്തെ പരിഹസിക്കുന്നത് സാധാരണ കാര്യമായി മാറിക്കഴിഞ്ഞു.

*****

എന്തുകൊണ്ടാണ് ഞാൻ എന്നെ വരയ്ക്കാത്തത്? എന്നെ ഞാൻ വരച്ചില്ലെങ്കിൽ പിന്നെ ആരാണ് വരയ്ക്കുക?

എന്റേതുപോലുള്ള ഒരു മുഖം വരയ്ക്കുന്നത് എങ്ങിനെയിരിക്കും എന്ന് ഞാൻ ആലോചിക്കാറുണ്ട്.

PHOTO • M. Palani Kumar

സത്യപ്രിയ വരച്ച അവരുടെതന്നെ ച്ഛായാചിത്രവും ചിത്രം വരയ്ക്കാൻ അവർ ഉപയോഗിക്കുന്ന സാമഗ്രികളും

PHOTO • M. Palani Kumar

തന്റെ ഛായാചിത്രത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ആവേശത്തോടെ പങ്കുവെക്കുന്ന സത്യപ്രിയ

ഞാനീ ജോലി തുടങ്ങിയത്, ഭംഗിയുള്ള മുഖങ്ങൾ വരച്ചുകൊണ്ടാണ്. പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി നമ്മൾ ആളുകളെ വിധിക്കുന്നത് അവരുടെ സൌന്ദര്യം മാത്രം കണ്ടിട്ടല്ല, ജാതി, മതം, കഴിവുകൾ, തൊഴിൽ, ലിംഗം, ലൈംഗികത എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് യാഥാസ്ഥിതികമല്ലാത്ത സൌന്ദര്യം ആവിഷ്കരിക്കാനാണ് ഞാനെന്റെ ചിത്രങ്ങൾ ഉപയോഗിച്ചത്. ട്രാൻസ്‌വുമണിന്റെ (ഭിന്നലിംഗസ്ത്രീ) പ്രതിനിധാനങ്ങൾ നോക്കിയാൽ മനസ്സിലാവും, കാഴ്ചയിൽ സ്ത്രീകളെപ്പോലുള്ളവർ മാത്രമേ അവയിൽ ചിത്രീകരിക്കപ്പെടുന്നുള്ളു. അങ്ങിനെയല്ലാത്ത ഒരു ഭിന്നലിംഗസ്ത്രീയെ ആര് വരയ്ക്കും. എല്ലാറ്റിനും ഒരു മാനദണ്ഡമുണ്ട്. എനിക്ക് അത്തരം മാനദണ്ഡങ്ങളിൽ താത്പര്യമില്ല. ആളുകളെ എന്റെ കലയിൽ ഉൾപ്പെടുത്തുന്നത് എന്തിനാണെന്ന് ഞാൻ ആലോചിക്കാറുണ്ട്. കലയിൽ ഞാൻ കാണിക്കുന്ന ആളുകൾ സന്തോഷമുള്ളവരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ഭിന്നശേഷിയുള്ള ആളുകളെ ആരും കലയിൽ പ്രദർശിപ്പിക്കാറില്ല. ഭിന്നശേഷിയുള്ളവർ ധാരാളം കലാരൂപങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, അവരെക്കുറിച്ചുള്ള കലകൾ ഉണ്ടായിട്ടില്ല. ശുചീകരണത്തൊഴിലാളികളുടെ മരണത്തെക്കുറിച്ച് ആരും ഒന്നും ചെയ്തിട്ടില്ല.

കല എന്നത് സൌ‍ന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ടതുകൊണ്ടും, എല്ലാവരും അതിനെ സൌന്ദര്യവുമായി മാത്രം ബന്ധപ്പെടുത്തി കാണുകയും ചെയ്യുന്നതുകൊണ്ടാണോ അത്? ഞാൻ കലയെ കാണുന്നത് സാധാരണക്കാരായ മനുഷ്യരുടെ രാഷ്ട്രീയമെന്ന നിലയ്ക്കും, അവരുടെ യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ടുവരാനുള്ള ഒരു മാധ്യമം എന്ന നിലയ്ക്കുമാണ്. ഹൈപ്പർ റിയലിസം ഇതിന് വളരെയധികം സഹായിക്കുന്ന ഒരു ശൈലിയാണ്. ആളുകൾ എന്നോട് പറയാറുണ്ട്, ‘ഓ, നിങ്ങൾ ഫോട്ടോഗ്രാഫി മാത്രമേ വരയ്ക്കാറുള്ളു’ എന്ന്. അതെ. ഞാൻ ഫോട്ടോഗ്രാഫുകൾ മാത്രമാണ് വരയ്ക്കുന്നത്. ഫോട്ടോഗ്രാഫിയിൽനിന്നാണ് ഹൈപ്പർ റിയലിസം വന്നത്. ക്യാമറ കണ്ടുപിടിച്ചതിനുശേഷമാണ് ആ കലാശൈലി വന്നത്. ഫോട്ടോകൾ എടുത്തുതുടങ്ങിയതിനുശേഷം.

ഞാൻ മറ്റുള്ളവരോട് പറയാൻ ആഗ്രഹിക്കുന്നു, ‘ഈ ആളുകളെ നോക്കൂ, അവരെ അറിയാൻ ശ്രമിക്കൂ’

PHOTO • M. Palani Kumar
PHOTO • M. Palani Kumar

കൃത്യമായ വിശദാംശങ്ങൾ കിട്ടാൻ 20 മുതൽ 45 ദിവസംവരെ ചിലവഴിക്കാറുണ്ട് ഈ കലാകാരി

PHOTO • M. Palani Kumar
PHOTO • M. Palani Kumar

കുളസൈ ഉത്സവം രേഖപ്പെടുത്തുന്ന ചിത്രങ്ങൾ

ഭിന്നശേഷിക്കാരെ പൊതുവെ എങ്ങിനെയാണ് നമ്മൾ ചിത്രീകരിക്കാറുള്ളത്? ഒരു ‘പ്രത്യേക വ്യക്തി’യായി നമ്മളവരെ ചുരുക്കുന്നു. അവർ എന്തോ ‘സവിശേഷ വ്യക്തികളാണെന്ന’ മട്ടിൽ എന്തിനാണവരെ നോക്കുന്നത്. നമ്മളെപ്പോലെത്തന്നെ സാധാരണ വ്യക്തികളാണ് അവരും. ഉദാഹരണത്തിന് മറ്റൊരാൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയുമ്പോൾ, അവർക്കുകൂടി ചെയ്യാൻ കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങളുണ്ടാക്കുകയാണ് വേണ്ടത്. അത്തരത്തിൽ അവരെക്കൂടി ഉൾക്കൊള്ളുന്ന സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനുപകരം, അവരെ ‘പ്രത്യേക ആവശ്യങ്ങൾ’ ഉള്ളവരായി കള്ളിതിരിച്ച് മാറ്റിനിർത്തുകയല്ല വേണ്ടത്.

അവർക്കും ആഗ്രഹങ്ങളും ആവശ്യങ്ങളുമുണ്ട്. ശാരീരികക്ഷമതയുള്ളവർക്ക് ഒരു നിമിഷത്തേക്കുപോലും പുറത്തിറങ്ങാൻ പറ്റാതെ വന്നാൽ അസ്വസ്ഥത തോന്നില്ലേ? ഭിന്നശേഷിയില്ലാത്തവർക്കും അങ്ങിനെ തോന്നില്ലേ? അവർക്കും വിനോദം ആവശ്യമല്ലേ? വിദ്യാഭ്യാസവും, പ്രേമവും ലൈംഗികാവശ്യങ്ങളും അവരും ആഗ്രഹിക്കുന്നുണ്ടാവില്ലേ? നമ്മളവരെ ശ്രദ്ധിക്കുന്നില്ല. അവരെ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കാറില്ല. ഒരു കലാരൂപവും ഭിന്നശേഷിക്കാരെ പ്രതിനിധീകരിക്കുന്നില്ല. ഒരു മുഖ്യധാരാ മാധ്യമവും അവരെക്കുറിച്ച് എഴുതാറുമില്ല. അവർക്ക് അസ്തിത്വമുണ്ടെന്നും അവർക്കും ആവശ്യങ്ങളുണ്ടെന്നും എങ്ങിനെയാണ് നമ്മൾ സമൂഹത്തെ ഓർമ്മിപ്പിക്കുക?

ഇപ്പോൾ നിങ്ങൾ (പളനി കുമാർ) ആറുവർഷത്തിലധികമായി ശുചീകരണത്തൊഴിലാളികളുടെ കൂടെ പ്രവർത്തിക്കുന്നു. എന്തിന്? നമ്മളൊരു വിഷയവുമായി നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരുന്നാലേ ആളുകൾ അതിനെക്കുറിച്ച് അറിയൂ. നിലനിൽക്കുന്ന ഏത് വിഷയമായാലും, അവയെ രേഖപ്പെടുത്തേണ്ട ആവശ്യം നമുക്കുണ്ട്. വ്രണങ്ങൾ, നാടൻ കല, ഭിന്നശേഷിക്കാരായ വ്യക്തികൾ. നമ്മുടെ തൊഴിലുകളെല്ലാം സമൂഹത്തിനെ പിന്തുണയ്ക്കുന്നതാവണം. ഞാൻ കലയെ അത്തരമൊരു പിന്തുണയ്ക്കുള്ള സംവിധാനമായിട്ടാണ് കാണുന്നത്. ആളുകൾക്ക് എന്ത് സംഭവിക്കുന്നു എന്നത് മറ്റുള്ളവരുമായി പങ്കിടാനുള്ള ഒരു മാധ്യമം. ഭിന്നശേഷിയുള്ള ഒരു കുട്ടിയെ എന്തുകൊണ്ട് ചിത്രീകരിച്ചുകൂടാ? ആ കുട്ടി പുഞ്ചിരിക്കുന്നത് എന്തുകൊണ്ട് വരച്ചുകൂടാ? അത്തരത്തിലുള്ള കുട്ടികൾ എപ്പോഴും ദു:ഖിതരും ദൈന്യതയുള്ളവരുമായിക്കൊള്ളണമെന്ന് നിർബന്ധമുണ്ടോ?

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: ഒരു നാടോടി ഗോത്രസമുദായത്തിലെ കുട്ടി. വലത്ത്: ശാരീരിക വെല്ലുവിളി നേരിടുന്ന ഒരാൾ

അനിത അമ്മയുടെ കൂടെ ജോലി ചെയ്യുന്ന സമയത്ത്, അവരെക്കുറിച്ചുള്ള എന്റെ കലാപദ്ധതിയിൽ അവർക്ക് തുടരാൻ കഴിഞ്ഞില്ല. കാരണം, സാമ്പത്തികവും വൈകാരികവുമായ ഒരു പിന്തുണയും അവർക്ക് ലഭിച്ചില്ല. ധാരാളം ബുദ്ധിമുട്ടുകൾ അവർ സഹിച്ചു. വിഷയത്തെക്കുറിച്ചൊരു അവബോധം നമ്മൾ സൃഷ്ടിക്കണം. എന്നാലേ ഫണ്ട് ശേഖരിക്കാൻ കഴിയൂ. നമുക്കത് ചെയ്യാൻ കഴിഞ്ഞാൽ, സാമ്പത്തിക സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ നമുക്കാവും. വൈകാരികമായ പിന്തുണയും പ്രധാനമാണ്. അവർക്കുവേണ്ടി എന്റെ കലയെ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

വെളുപ്പും കറുപ്പും മാധ്യമം ഞാൻ തിരഞ്ഞെടുത്തത്, ആളുകളെ ഞാൻ ആഗ്രഹിക്കുന്നതുപോലെ രേഖപ്പെടുത്താനും പ്രേക്ഷകർക്ക് അത് കാണാനും കഴിയും എന്നതുകൊണ്ടാണ്. ശ്രദ്ധ വ്യതിചലിക്കില്ല. അവരെന്താണോ (മോഡലുകൾ, വിഷയങ്ങൾ) ആ യഥാർത്ഥ സത്ത പുറത്ത് കൊണ്ടുവരാൻ നമുക്ക് സാധിക്കും. അവരുടെ യഥാർത്ഥമായ വൈകാരികഭാവവും.

എന്റെ തൊഴിലിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അനിത അമ്മയെക്കുറിച്ചുള്ളതായിരുന്നു. ഞാൻ അനിത അമ്മയുടെ ച്ഛായാചിത്രത്തിൽ ആത്മാർത്ഥമായി ജോലി ചെയ്തു. അതിനോട് വല്ലത്തൊരു അടുപ്പവും എനിക്കുണ്ട്. അത് ചെയ്യുമ്പോൾ എന്റെ നെഞ്ച് വിങ്ങിപ്പോയി. വല്ലാത്തൊരു സ്വാധീനമായിരുന്നു അത് എന്നിലുണ്ടാക്കിയത്.

കക്കൂസ് ടാങ്കിലെ മരണങ്ങൾ ഇന്നും സംഭവിക്കുന്നുണ്ട്. എത്രയോ ജീവിതങ്ങളേയും കുടുംബങ്ങളേയും അത് ഇപ്പൊഴും ബാധിക്കുന്നു. അതിനെക്കുറിച്ച് ഒരു അവബോധവുമില്ല. ചില പ്രത്യേക ജാതിക്കാരാണ് തോട്ടിപ്പണി ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്. അവരുടെ ഇഷ്ടത്തിന് വിപരീതമായി. ഒടുവിൽ അവർ ഈ ജോലിയിൽ ചെന്നുപെട്ട് ആത്മാഭിമാനം നഷ്ടപ്പെട്ടവരയി മാറുന്നു. ഇതൊക്കെയായിട്ടും, സമൂഹം അവരെ താഴ്ന്നവരായാണ് വീക്ഷിക്കുന്നത്. അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ  ഒന്നും ചെയ്യുന്നില്ല. അവരുടെ ജീവിതത്തിന് ഒരു വിലയുമില്ല.

ഒരു സമകാലിക കലാകാരി എന്ന നിലയ്ക്ക് എന്റെ കല എനിക്ക് ചുറ്റുമുള്ള സമൂഹത്തേയും അതിന്റെ വിഷയങ്ങളേയും പ്രതിഫലിപ്പിക്കുന്നു.”

PHOTO • M. Palani Kumar

‘വെളുപ്പും കറുപ്പും മാധ്യമം ഞാൻ തിരഞ്ഞെടുത്തത്, ആളുകളെ ഞാൻ ആഗ്രഹിക്കുന്നതുപോലെ രേഖപ്പെടുത്താനും പ്രേക്ഷകർക്ക് അത് കാണാനും കഴിയും എന്നതുകൊണ്ടാണ്. ശ്രദ്ധ വ്യതിചലിക്കില്ല. അവരെന്താണോ (മോഡലുകൾ, വിഷയങ്ങൾ) ആ യഥാർത്ഥ സത്ത പുറത്ത് കൊണ്ടുവരാൻ നമുക്ക് സാധിക്കും. അവരുടെ യഥാർത്ഥമായ വൈകാരികഭാവവും,’ സത്യപ്രിയ പറയുന്നു

PHOTO • M. Palani Kumar

‘ഒരു സമകാലിക കലാകാരി എന്ന നിലയ്ക്ക് എന്റെ കല എനിക്ക് ചുറ്റുമുള്ള സമൂഹത്തേയും അതിന്റെ വിഷയങ്ങളേയും പ്രതിഫലിപ്പിക്കുന്നു,’ അവർ പാരിയോട് പറയുന്നു

PHOTO • M. Palani Kumar

സ്തനാർബുദമുള്ള സ്ത്രീകളേയും ഭിന്നശേഷിക്കാരേയും രേഖപ്പെടുത്തുന്ന സത്യപ്രിയയുടെ ഛായാചിത്രം

പരിഭാഷ: രാജീവ് ചേലനാട്ട്

M. Palani Kumar

ఎమ్. పళని కుమార్ పీపుల్స్ ఆర్కైవ్ ఆఫ్ రూరల్ ఇండియాలో స్టాఫ్ ఫోటోగ్రాఫర్. శ్రామికవర్గ మహిళల జీవితాలనూ, అట్టడుగు వర్గాల ప్రజల జీవితాలనూ డాక్యుమెంట్ చేయడంలో ఆయనకు ఆసక్తి ఉంది. యాంప్లిఫై గ్రాంట్‌ను 2021లోనూ, సమ్యక్ దృష్టి, ఫోటో సౌత్ ఏసియా గ్రాంట్‌ను 2020లోనూ పళని అందుకున్నారు. ఆయన 2022లో మొదటి దయానితా సింగ్-PARI డాక్యుమెంటరీ ఫోటోగ్రఫీ అవార్డును అందుకున్నారు. తమిళనాడులో అమలులో ఉన్న మాన్యువల్ స్కావెంజింగ్ పద్ధతిని బహిర్గతం చేసిన 'కక్కూస్' (మరుగుదొడ్డి) అనే తమిళ భాషా డాక్యుమెంటరీ చిత్రానికి పళని సినిమాటోగ్రాఫర్‌గా కూడా పనిచేశారు.

Other stories by M. Palani Kumar
Sathyapriya

Sathyapriya is a Madurai-based artist creating works in the hyperrealism genre.

Other stories by Sathyapriya
Editor : Priti David

ప్రీతి డేవిడ్ పీపుల్స్ ఆర్కైవ్ ఆఫ్ రూరల్ ఇండియాలో జర్నలిస్ట్, PARI ఎడ్యుకేషన్ సంపాదకురాలు. ఆమె గ్రామీణ సమస్యలను తరగతి గదిలోకీ, పాఠ్యాంశాల్లోకీ తీసుకురావడానికి అధ్యాపకులతోనూ; మన కాలపు సమస్యలను డాక్యుమెంట్ చేయడానికి యువతతోనూ కలిసి పనిచేస్తున్నారు.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat