വണ്ടിക്കകത്തേക്ക് കയറിക്കൂടാനും കൈയ്യിൽക്കിട്ടുന്ന എന്തിലും – വാതിൽപ്പിടിയിലോ കൈകളിലോ - പിടിച്ചുതൂങ്ങാനുമുള്ള ആളൂകളുടെ ബഹളത്തിനും തിരക്കിനുമിടയിൽ, അന്ധേരിയിലെ ആ ട്രെയിനിനകത്തെ നിശ്ചലത തികച്ചും വേറിട്ട് നിന്നു. ഒഴിഞ്ഞ സീറ്റിനായി ആളുകൾ തിരക്കുകയും തർക്കിക്കുകയും ഇരിക്കുന്നവരെപ്പോലും തള്ളിമാറ്റുകയും ചെയ്യുന്നുണ്ടായിരുന്നു വണ്ടിക്കകത്ത്.
ആ തിരക്കിനിടയിൽ നിൽക്കുകയാണ് 31 വയസ്സുള്ള കിഷൻ ജോഗിയും, രാജസ്ഥാനി ബ്ലൌസും പാവാടയുമിട്ട അയാളുടെ മകൾ 10 വയസ്സുള്ള ഭാർതിയും. 7 മണിയുടെ ആ പടിഞ്ഞാറൻ സബർബൻ ലൈൻ, അന്ന് ആ അച്ഛനും മകളും ചാടിക്കയറിയ അഞ്ചാമത്തെ വണ്ടിയാണ്.
തീവണ്ടിക്ക് വേഗത കൂടുകയും ആളുകൾ സ്വസ്ഥാനങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്തതോടെ, കിഷന്റെ സാരംഗിയുടെ ശബ്ദം അന്തരീക്ഷത്തിൽ നിറയാൻ തുടങ്ങി.
“ തേരീ ആംഖേ ഭൂൽ ഭുലായിയാ...ബാതേ ഹായി ഭൂൽ ഭുലായിയാ...”
വീതി കുറഞ്ഞ ഒരു ദണ്ഡിൽ ഘടിപ്പിച്ച മൂന്ന് തന്ത്രികളിലൂടെ തന്റെ വലത്തേ കൈയ്യിലുള്ള വില്ല് വേഗത്തിൽ അയാൾ ചലിച്ചപ്പോൾ ഊഷ്മളവും ശ്രുതിമധുരവുമായ ഒരു ഈണം പുറപ്പെട്ടു. ദണ്ഡിന്റെ ഒരറ്റത്തുള്ള ചെറിയ ചിരട്ടപോലുള്ള ഒരു ഭാഗം (ശബ്ദം വരുന്നത് അതിൽനിന്നാണ്) ഇടത്തേ കക്ഷത്തിന്റെയും നെഞ്ചിന്റേയും ഇടയിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. 2022-ലെ ബോളിവുഡ്ഡുലെ ജനപ്രിയ ഗാനം ഭൂൽ ഭുലായിയ അയാൾ വായിച്ചപ്പോൾ മനസ്സിനെ കൂടുതൽ മഥിക്കുന്നതായി തോന്നി.
കോച്ചിൽ യാത്ര ചെയ്യുന്ന ചിലർ, അവരുടെ ദൈനംദിന പ്രശ്നങ്ങളിൽനിന്ന് മുഖം തിരിച്ച് ആ മനോഹരമായ ഈണത്തിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി. ചിലർ മൊബൈൽ ഫോണുകളെടുത്ത് റിക്കാർഡ് ചെയ്യാനും ആരംഭിച്ചു. ചിലർ ചെറുതായി മന്ദഹസിക്കുന്നുണ്ടായിരുന്നു. മറ്റ് ചിലരാകട്ടെ, ഇതൊന്നും ശ്രദ്ധിക്കാതെ അവനവന്റെ ഫോണുകളുടെ സ്വനഗ്രാഹി ചെവിയിൽ ഘടിപ്പിച്ച് ഇരിക്കുന്ന മറ്റുചിലരുണ്ടായിരുന്നു. കംപാർട്ടുമെന്റിൽ ചുറ്റി നടന്ന്, യാത്രക്കാരിൽനിന്ന് പണം യാചിക്കുകയായിരുന്നു കിഷന്റെ മകൾ ഭാർതി എന്ന ആ കൊച്ചുപെൺകിടാവ്.
‘എന്റെ ബാപ്പ സാരംഗി എന്റെ കൈകളിലേൽപ്പിച്ചു. സ്കൂളിൽ പോവുന്നതിനെക്കുറിച്ചുപോലും ഞാൻ ആലോചിച്ചില്ല. ഇതും വായിച്ചുകൊണ്ടിരുന്നു’
“എന്നെ സ്ഥിരമായി കാണുന്നതുകൊണ്ട് അവർ എനിക്ക് സാരംഗി വായിക്കാൻ അല്പം ഇടം തരും”, അല്പം സങ്കടത്തോടെ കിഷൻ പറഞ്ഞു. 10-15 വർഷം മുമ്പ് സ്ഥിതി വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. “അന്ന് കൂടുതൽ വിലയുണ്ടായിരുന്നു. എന്നാൽ ഇന്ന് ആളുകൾ ഫോണുകൾ തുറന്ന്, ഇയർഫോണുകൾ ചെവിയിൽ ഘടിപ്പിച്ച് സ്വന്തം നിലയിൽ ആസ്വദിക്കുകയാണ്. ആർക്കും സംഗീതത്തിൽ താത്പര്യമില്ല”, മറ്റൊരു ഈണം വായിക്കുന്നതിനുമുൻപ് അദ്ദേഹം ഒന്ന് നിർത്തി.
“നാടോടിഗാനമോ, ഭജനുകളോ, രാജസ്ഥാനി, ഗുജറാത്തി, ഹിന്ദി പാട്ടുകളോ എന്തുവേണമെങ്കിലും പാടാൻ എനിക്കറിയാം. എന്നോട് ഏത് പാട്ട് വേണമെങ്കിലും ചോദിച്ചോളൂ.. നാലോ അഞ്ചോ ദിവസം കേട്ടാൽ സാരംഗിയിൽ വായിക്കുന്നതിനുമുന്നേ അതെന്റെ തലയിൽ കയറിക്കൂടിയിട്ടുണ്ടാവും. ശ്രുതി കൃത്യമായി കിട്ടാൻ ഞാൻ നന്നായി പരിശീലിക്കാറുണ്ട്”, അടുത്ത പാട്ടിന്റെ ശ്രുതിയൊപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഭാർതി അടുത്തുവരുമ്പോൾ കൊടുക്കാനായി ചിലർ പോക്കറ്റുകളിൽ തപ്പിനോക്കുന്നു. അടുത്ത സ്റ്റോപ്പെത്തുന്നതിനുമുൻപ് ആരെയും വിട്ടുപോയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ അവൾ തീവണ്ടിച്ചക്രത്തേക്കാൾ വേഗത്തിലാണ് ചലിക്കുന്നത്.
കിഷന്റെ സമ്പാദ്യം ഓരോ ദിവസവും ഓരോ തരത്തിലായിരിക്കും. ചിലപ്പോൾ 400. ചിലപ്പോൾ 1,000 രൂപവരെ കിട്ടാറുണ്ട്. ആറുമണിക്കൂറിലധികം നേരം ഓരോരോ ട്രെയിനുകളിൽ കയറിയിറങ്ങിയാലേ ഈ പണം കിട്ടൂ. വൈകീട്ട് 5 മണിക്ക് വീടിനടുത്തുള്ള നല്ലസൊപാരയിൽനിന്നുള്ള പടിഞ്ഞാറൻ ലൈനിലുള്ള വണ്ടിയിൽനിന്ന് തുടങ്ങും യാത്ര. കൃത്യമായ റൂട്ടൊന്നുമില്ല കിഷനും ഭാർതിക്കും. ചർച്ച്‌ഗേറ്റിനും വിരാടിനുമിടയിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യും. ആൾത്തിരക്കും വായിക്കാനുള്ള അല്പം ഇടവും കിട്ടുന്ന തീവണ്ടികളിൽ.
“പകൽസമയങ്ങളിൽ ആളുകൾ ജോലിസ്ഥലത്തേക്ക് ഓടുകയായിരിക്കും. എല്ലാ തീവണ്ടിയിലും തിരക്കായിരിക്കും. അപ്പോൾ ആരാണ് എന്നെ ശ്രദ്ധിക്കുക”, വൈകീട്ടത്തെ വണ്ടികൾ തിരഞ്ഞെടുക്കാനുള്ള കാരണം പറയുകയായിരുന്നു കിഷൻ. “വൈകീട്ട് വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ അവർ അല്പം ആശ്വാസത്തിലായിരിക്കും. ചിലർ എന്നെ തള്ളിമാറ്റും. ഞാനത് കാര്യമാക്കാറില്ല. എനിക്ക് മറ്റെന്താണ് മാർഗ്ഗം?”. പാരമ്പര്യമായി കിട്ടിയ ഈ തൊഴിൽ മാത്രമേ അദ്ദേഹത്തിന് അറിയുകയുള്ളു.
രാജസ്ഥാനിലെ ലുണിയാപുര ഗ്രാമത്തിൽനിന്ന് മുംബൈയിലേക്ക് ആദ്യം കുടിയേറിയ അച്ഛൻ മിതാജി ജോഗിയും മുംബൈയിലെ ലോക്കൽ ട്രെയിനുകളിലും തെരുവുകളിലും സാരംഗി വായിച്ചുനടന്നിരുന്നു. “എന്റെ അച്ഛനമ്മമാർ ചെറിയ അനിയൻ വിജയിനേയും കൂട്ടി മുംബൈയിലേക്ക് വരുമ്പോൾ എനിക്ക് വെറും രണ്ടുവയസ്സായിരുന്നു”, കിഷൻ ഓർത്തെടുത്തു. അച്ഛനെ അനുഗമിക്കാൻ തുടങ്ങിയപ്പോൾ ഭാർതിയുടെ പ്രായംപോലും ഉണ്ടായിരുന്നിട്ടുണ്ടാവില്ല കിഷന്.
ജോഗി സമുദായത്തിലെ മിതാജി (രാജസ്ഥാനിൽ മറ്റ് പിന്നാക്കവിഭാഗമാണ്) സ്വയം ഒരു കലാകാരനായിട്ടാണ് കണ്ടിരുന്നത്. ഗ്രാമത്തിലെ അദ്ദേഹത്തിന്റെ കുടുംബം രാവണഹട്ട എന്ന വാദ്യം (നാടോടിപ്പാട്ടുകളിൽ അകമ്പടിയായി ഉപയോഗിക്കുന്ന ഒരു പുരാതന തന്ത്രിവാദ്യം) വായിച്ചാണ് ഉപജീവനം നടത്തിയിരുന്നത്: വായിക്കാം: ഉദയ്പുരിൽ രാവണനെ സംരക്ഷിക്കുന്നു
“എന്തെങ്കിലും ആഘോഷങ്ങളോ മതപരമായ ചടങ്ങുകളോ ഉണ്ടെങ്കിൽ എന്റെ അച്ഛനേയും മറ്റ് കളിക്കാരേയും വിളിക്കാറുണ്ടായിരുന്നു. അപൂർവ്വമാണ് അതെങ്കിലും. മാത്രമല്ല, കിട്ടുന്ന പൈസ എല്ലാവരും വീതിച്ചെടുക്കുകയായിരുന്നു”, കിഷൻ പറഞ്ഞു.
ശുഷ്കമായ വരുമാനം മൂലം കുറഞ്ഞ വേതനത്തിന് കർഷകത്തൊഴിലാളികളായി ജോലി ചെയ്യാൻ നിർബന്ധിതരായി മിതാജിയും ഭാര്യ ജമ്നാ ദേവിയും. “ഗ്രാമത്തിലെ ദാരിദ്ര്യമാണ് ഞങ്ങളെ മുംബൈയിലെത്തിച്ചത്. അവിടെ വേറൊരു തൊഴിലും (കച്ചവടമോ കൂലിപ്പണിയോ) ലഭ്യമായിരുന്നില്ല”, അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയിൽ മിതാജിക്ക് ജോലി കണ്ടെത്താനായില്ല. അതിനാൽ ആദ്യം രാവണഹട്ടയും പിന്നീട് സാരംഗിയുമായി ചുറ്റിത്തിരിയാൻ തുടങ്ങി. “രാവണഹട്ടയിൽ കൂടുതൽ തന്ത്രികളുണ്ട്. അധികം ശബ്ദമില്ല അതിന്”, ഒരു പരിചയസമ്പന്നനായ കലാകാരനെപ്പോലെ കിഷൻ വിശദീകരിച്ചു. “തന്ത്രികൾ കുറവാണെങ്കിലും സാരംഗിയുടെ ശബ്ദം വളരെ മൂർച്ചയുള്ളതാണ്. ആളുകൾക്ക് കൂടുതൽ ഇഷ്ടം സാരംഗിയോടായതുകൊണ്ടാണ് അച്ഛൻ അതിലേക്ക് തിരിഞ്ഞത്. സംഗീതത്തിൽ കൂടുതൽ വൈവിധ്യം നൽകാൻ അതിന് സാധിക്കുന്നു”.
കിഷന്റെ അമ്മ ജമ്‌നാ ദേവിയും ഭർത്താവിനോടും രണ്ട് ആണ്മക്കളോടുമൊപ്പം ഓരോരോ സ്ഥലങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. “ഇവിടെ വന്നപ്പോൾ തെരുവിലായിരുന്നു ഞങ്ങളുടെ താമസം”, അദ്ദേഹം ഓർക്കുന്നു. “എവിടെ സ്ഥലം കിട്ടുന്നുവോ അവിടെക്കിടന്നുറങ്ങും. കിഷന് എട്ടുവയസ്സായപ്പോഴേക്കും രണ്ട് സഹോദരന്മാർകൂടി ജനിച്ചു. സൂരജും ഗോപിയും. “എനിക്ക് ആ കാലം ഓർക്കാനേ ഇഷ്ടമല്ല”, വ്യക്തമായ അസ്വസ്ഥതയോടെ കിഷൻ പറയുന്നു.
ഓർക്കാൻ ഇഷ്ടപ്പെടുന്നത്, അച്ഛന്റെ സംഗീതം മാത്രമാണ്. തന്നത്താൻ ഉണ്ടാക്കിയ സാരംഗിയിൽ പാട്ട് വായിക്കാൻ അച്ഛൻ കിഷനേയും സഹോദരന്മാരേയും പഠിപ്പിച്ചു. “തെരുവും ട്രെയിനുകളുമായിരുന്നു അദ്ദേഹത്തിന്റെ വേദികൾ. ഏത് സ്ഥലത്തും അദ്ദേഹം വായിക്കും. ആരും തടയില്ല. വായിക്കുമ്പോഴെല്ലാം ധാരാളം ആളുകൾ കൂടാറുണ്ടായിരുന്നു”, ആവേശത്തോടെ, കൈകളകത്തി, ആൾക്കൂട്ടത്തിന്റെ വലിപ്പം സൂചിപ്പിച്ചു കിഷൻ.
എന്നാൽ മകനോട്, ആ തെരുവുകൾ അത്രയ്ക്ക് കരുണ കാണിച്ചില്ല. പ്രത്യേകിച്ചും ജുഹു-ചൌപ്പാത്തി ബീച്ചിൽവെച്ച് ഒരു പൊലീസുകാരനുമായുണ്ടായ മോശം അനുഭവത്തിനുശേഷം. വിനോദസഞ്ചാരികൾക്കുവേണ്ടി സാരംഗി വായിച്ചതിന് കിഷന് 1,000 രൂപ ആ പൊലീസുകാരൻ പിഴ ചുമത്തി. പിഴ അടയ്ക്കാൻ സാധിക്കാതെ വന്നതുകൊണ്ട് ഒന്നുരണ്ട് മണിക്കൂർ തടവിൽ കിടക്കേണ്ടിവരികയും ചെയ്തു. “ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല”, അതിനുശേഷം ട്രെയിനുകളിൽ മാത്രം പാടാൻ തുടങ്ങിയ കിഷൻ പറയുന്നു. പക്ഷേ തനിക്കൊരിക്കലും അച്ഛന്റെ സംഗീതത്തിനോടൊപ്പമെത്താൻ കഴിയില്ലെന്ന് കിഷൻ സൂചിപ്പിച്ചു.
ബാപ്പ കൂടുതൽ ഭംഗിയായും എന്നേക്കാൾ കൂടുതൽ സ്നേഹത്തോടെയുമാണ് വായിച്ചിരുന്നത്”, കിഷൻ പറയുന്നു. സാരംഗി വായിക്കുന്നതിനോടൊപ്പം അച്ഛൻ പാടുകയും ചെയ്തിരുന്നു. കിഷന് പാടാൻ മടിയാണ്. “ഞാനും അനിയനും ജീവിക്കാൻവേണ്ടിയാണ് വായിക്കുന്നത്”, കിഷന് 10 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. ക്ഷയരോഗമായിരുന്നുവെന്ന് തോന്നുന്നു. “ആശുപത്രിയിൽ പോകുന്നത് പോയിട്ട്, ആവശ്യത്തിന് ഭക്ഷണംപോലും കിട്ടിയിരുന്നില്ല ഞങ്ങൾക്ക്”.
ചെറുപ്രായം മുതൽ ഉപജീവനം തേടേണ്ടിവന്നു കിഷന്. “മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാനുള്ള സമയമെവിടെ? ബാപ്പ ഞങ്ങളുടെ കൈയ്യിൽ സാരംഗി തന്നു. സ്കൂളിൽ പോകുന്നതിനെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചിട്ടില്ല. ഇതും വായിച്ചുകൊണ്ട് ജീവിച്ചു”, കിഷൻ പറയുന്നു.
അച്ഛന്റെ മരണശേഷം രണ്ട് അനിയന്മാർ വിജയും ഗോപിയും അമ്മയോടൊപ്പം രാജസ്ഥാനിലേക്ക് തിരിച്ചുപോയി. സൂരജ് നാസിക്കിലേക്കും. “അവർക്ക് മുംബൈയിലെ തിരക്കും ബഹളവും ഇഷ്ടപ്പെട്ടില്ല. സാരംഗി വായിക്കാനും അവർക്ക് ഇഷ്ടമായിരുന്നില്ല”, കിഷൻ പറഞ്ഞു. “സൂരജിന് ഇഷ്ടമാണ്. ഇപ്പോഴും വായിക്കാറുണ്ട്. മറ്റ് രണ്ടുപേരും ജീവിക്കാനായി എന്തൊക്കെയോ ജോലികൾ ചെയ്യുന്നു”.
“ഞാൻ ഇവിടെ എന്തുകൊണ്ടാണ് ജീവിക്കുന്നതെന്ന് എനിക്കറിയില്ല. എന്തായാലും ഇവിടെ ഞാനെന്റെ ചെറിയ ലോകം ഉണ്ടാക്കി. മുംബൈയിലെ വടക്കൻ ഭാഗത്തുള്ള വെസ്റ്റ് നല്ലസപോരയിൽ മെഴുകാത്ത നിലമുള്ള ഒരു ചെറിയ വാടക ഷെഡ്ഡിലാണ് ജീവിതം. തകരത്തിന്റെ മേൽക്കൂരയും അസ്ബസ്റ്റോസ് ചുമരുകളുമുള്ള 10 x 10 അടി വലിപ്പവുമുള്ള ഒരു ഷെഡ്ഡ്.
ആദ്യപ്രണയമായ രേഖയെ 15 വർഷം മുമ്പ് ജീവിതസഖിയാക്കി. മക്കൾ ഭാർതിയും മൂന്ന് വയസ്സുള്ള യുവരാജും. രേഖ ഞങ്ങളെ വീടിനകത്തേക്ക് ക്ഷണിച്ചു. നാലുപേർ താമസിക്കുന്ന ആ വീട്ടിൽ ഒരു അടുക്കളയും, ഒരു ചെറിയ ടെലിവിഷൻ സെറ്റും അവരുടെ വസ്ത്രങ്ങളുമാണുള്ളത്. ചുമരിനടുത്തുള്ള ഒരു കോൺക്രീറ്റ് തൂണിൽ, കിഷന്റെ ‘അമൂല്യ’മായ സാരംഗി സൂക്ഷിച്ചിരിക്കുന്നു.
രേഖയോട് അവർക്കിഷ്ടപ്പെട്ട പാട്ട് ചോദിച്ചപ്പോൾ കിഷൻ പെട്ടെന്ന് പറഞ്ഞു. ‘ഹർ ധുൻ ഉസ്കേ നാം” (അവൾക്കുവേണ്ടിയല്ലാത്ത ഒരു ഗാനവുമില്ല”)
“അദ്ദേഹം വായിക്കുന്ന എന്തും എനിക്കിഷ്ടമാണ്. പക്ഷേ അതിനെ മാത്രം ആശ്രയിക്കാൻ പറ്റില്ലല്ലോ”, രേഖ പറയുന്നു. “അദ്ദേഹത്തിന് ഒരു സ്ഥിരം ജോലി ആവശ്യമാണ്. പണ്ട് ഞങ്ങൾ രണ്ടുപേരേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഈ രണ്ട് കുട്ടികളും കൂടെയുണ്ട്”.
നെല്ലിമോറെയിൽ അവർ താമസിക്കുന്ന സ്ഥലത്തുനിന്ന് അല്പം ദൂരെയുള്ള ജില്ലാ പരിഷദ് സർക്കാർ സ്കൂളിൽ അഞ്ചാം ക്ലാസ്സിലാണ് ഭാർതി പഠിക്കുന്നത്. സ്കൂൾ കഴിഞ്ഞാൽ അച്ഛന്റെ കൂടെ പോവും. “അച്ഛൻ വായിക്കുന്ന എല്ലാ പാട്ടും എനിക്കിഷ്ടമാണ്. എന്നാൽ എല്ലാ ദിവസവും കൂടെ പോകാൻ എനിക്കിഷ്ടമല്ല. എനിക്ക് എന്റെ കൂട്ടുകാരുടെ കൂടെ കളിക്കാനും ഡാൻസ് ചെയ്യാനുമാണ് കൂടുതൽ ഇഷ്ടം”.
“ആദ്യമായി ഞാനവളെ കൂടെ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ അവൾക്ക് അഞ്ച് വയസ്സായിരുന്നു. എന്ത് ചെയ്യാൻ? എനിക്കും അവളെ കൂടെ കൊണ്ടുപോകാൻ ഇഷ്ടമൊന്നുമല്ല. എന്നാൽ പൈസ പിരിക്കാൻ ആരെങ്കിലും വേണ്ടേ? അല്ലാതെ എങ്ങിനെയാണ് സമ്പാദിക്കുക?”
നഗരത്തിൽ മറ്റ് ജോലികൾക്ക് കിഷൻ ശ്രമിക്കുന്നുണ്ടെങ്കിലും, വിദ്യാഭ്യാസമൊന്നുമില്ലാത്തതിനാൽ ഫലം കാണുന്നില്ല. ട്രെയിനിൽവെച്ച് ആളുകൾ ഫോൺ നമ്പർ ചോദിക്കുമ്പോൾ, ഏതെങ്കിലും വലിയ പരിപാടിക്ക് വിളിക്കാനാണെന്ന് കിഷൻ കരുതും. ചില പരസ്യങ്ങൾക്ക് പശ്ചാത്തലമായി അയാൾ സാരംഗി വായിച്ചിട്ടുണ്ട്. മുംബൈയിലുള്ള സ്റ്റുഡിയോകളിലും, ഫിലിം സിറ്റിയിലും, പരേലിലും വർസോവയിലും അയാൾ തൊഴിലന്വേഷിച്ച് പോയിട്ടുണ്ട്. പക്ഷേ ഒറ്റത്തവണത്തേക്കുള്ള അവസരങ്ങൾ മാത്രമായിരുന്നു അതിൽ പലതും. 2,000- 4,000 രൂപവരെ മാത്രമാണ് പ്രതിഫലമായി കിട്ടിയത്.
അങ്ങിനെ എന്തെങ്കിലുമൊന്ന് കിട്ടിയിട്ട് ഇപ്പോൾ നാലുവർഷമാകുന്നു.
ഒരു പതിറ്റാണ്ടുമുമ്പ്, ദിവസം 300 രൂപയും 400 രൂപയുമൊക്കെ മതിയായിരുന്നു ജീവിക്കാൻ. ഇപ്പോൾ അതുകൊണ്ട് പ്രയോജനമില്ല. വീടിന് പ്രതിമാസം 4,000 രൂപയാണ് വാടക. പിന്നെ റേഷൻ, വെള്ളം, കറന്റ്. എല്ലാംകൂടി മാസത്തിൽ 10,000 രൂപ വേണ്ടിവരും. എല്ലാ ആറുമാസം കൂടുമ്പോഴും മകളുടെ സ്കൂളിൽ 400 രൂപ അടയ്ക്കണം.
പകൽസമയത്ത് അവർ ചിണ്ടിവാല കളായി ജോലിചെയ്യുന്നു. വീടുകളിൽനിന്ന് പഴയ തുണികൾ ശേഖരിച്ച്, മറ്റുള്ളവർക്ക് വിൽക്കുന്ന ജോലി. പക്ഷേ അതൊരു സ്ഥിരമായ, ഉറപ്പുള്ള വരുമാനമല്ല. ചിലപ്പോൾ ദിവസത്തിൽ 11 രൂപമുതൽ 500 രൂപവരെ കിട്ടിയേക്കും.
“ഉറക്കത്തിൽപ്പോലും എനിക്ക് വായിക്കാൻ കഴിയും. ഇതുമാത്രമാണ് എനിക്കറിയാവുന്ന തൊഴിൽ. എന്നാൽ സാരംഗിയിൽനിന്ന് വരുമാനമൊന്നുമില്ല”, കിഷൻ പറയുന്നു
“ഇത് എന്റെ അച്ഛന്റെ സമ്മാനമാണ്. ഞാനൊരു കലാകാരനാണെന്ന് എനിക്കും തോന്നാറുണ്ട്. എന്നാൽ അതുകൊണ്ട് വയർ നിറയുകയില്ലല്ലോ, ഉവ്വോ?”
പരിഭാഷ: രാജീവ് ചേലനാട്ട്