തുണിയിൽ ഒരു കുഞ്ഞു വട്ടക്കണ്ണാടി തുന്നിച്ചേർക്കുന്നതിനായി കണ്ണടക്കുള്ളിലൂടെ സസൂക്ഷ്മം നോക്കുകയാണ് തമ്മിഗമൽ കസിമിയ. “ഈ സംഗ്ലി തയ്യൽ വളരെ ബുദ്ധിമുട്ടുള്ളതാണ്, കാരണം കണ്ണാടി ഇളകാതെ നോക്കണം”, തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിൽ സിട്ടിലിംഗി താഴ്‌വരയിലെ രണ്ട്‌ ലമ്പാടി കുടിലുകളിലൊന്നിലിരുന്നുകൊണ്ട് അവർ എന്നോടു പറയുന്നു.

60-ലധികം പ്രായമുള്ള ‘ഗമ്മി’ എന്ന തമ്മിഗമൽ 12 വർഷമായി മറ്റൊരു ഗുരുതരപ്രതിസന്ധിയെയും തരണം ചെയ്തിട്ടുണ്ട്. തങ്ങളുടെ പരമ്പരാഗത തൊഴിലായ ഘട്ടർ-ലമ്പാടി തയ്യൽ ശൈലി സംരക്ഷിക്കുന്നതിനായി, സുഹൃത്ത് ആർ. നീലയുമായി ചേർന്ന് അവർ സമുദായത്തിലെ യുവതികളെ ആ തൊഴിൽ പഠിപ്പിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന സ്ഥിരമായ അധികവരുമാനമാകട്ടെ തൊഴിൽതേടി അന്യനാടുകളിലേക്കുള്ള ഈ സ്ത്രീകളുടെ പലായനത്തിനും പരിഹാരമായിരിക്കുന്നു.

ലമ്പാടി സ്ത്രീകൾ സാധാരണയായി സിട്ടിലിംഗിക്ക് 200 കി.മീ തെക്കുള്ള തിരുപ്പൂരിലെ തുണിമില്ലുകളിലേക്കോ നിർമ്മാണശാലകളിലേക്കോ ആണ് പലായനം ചെയ്തിരുന്നത്. ഈ വിഭാഗത്തിലെ പുരുഷന്മാരാകട്ടെ, പ്രധാനമായും കേരളത്തിലെ നിർമാണശാലകളിലോ മരംവെട്ടലിലോ ആണ് ഉപജീവനം കണ്ടെത്തുന്നത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും ശരാശരി  മാസവരുമാനം 7,000 രൂപമുതൽ 15,000 രൂപവരെയാണ്.

തമിഴ്‌നാട്ടിൽ ലമ്പാടികൾ (സംസ്ഥാനപട്ടികയിൽ പിന്നാക്കവിഭാഗം) ധർമപുരി, തിരുവണ്ണാമലൈ ജില്ലകളിലെ ഗ്രാമങ്ങളിലാണ് പ്രധാനമായും ജീവിക്കുന്നത്. സിട്ടിലിംഗിയിൽ 924 ലമ്പാടികൾ (മറ്റ് സംസ്ഥാനങ്ങളിൽ ബഞ്ചാരകൾ എന്നും ഇവർ അറിയപ്പെടുന്നു) ഉണ്ടെന്നാണ് ഗ്രാമ പഞ്ചായത്തുദ്യോഗസ്ഥൻ പറയുന്നത്. ഭൂരിഭാഗം ലമ്പാടികൾക്കും ഒന്നോ രണ്ടോ ഏക്കർ ഭൂമിയുണ്ട്, അവിടെ ഇവർ മഴക്കനുസരിച്ച് കൃഷിയിറക്കുന്നു. കഴിഞ്ഞ 30 വർഷമായി ജലസേചനം കൂടുതൽ ആവശ്യമായ കരിമ്പ്, നെല്ല് തുടങ്ങി നാണ്യവിലകളിലേക്കുള്ള മാറ്റവും മഴയുടെ ലഭ്യതക്കുറവും ഇവർക്കിടയിൽ പണത്തിന്റെ ആവശ്യകത വർധിപ്പിക്കുകയും തത്ഫലമായി 15 ദിവസംമുതൽ ഒരുവർഷംവരെ നീണ്ടുനിൽക്കുന്ന കുടിയേറ്റങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു..

“പലായനം ഇവിടെ ഒരു ജീവിതയാഥാർത്ഥ്യമാണ്. പക്ഷെ, ഇപ്പോൾ ഘട്ടറിൽനിന്ന് വരുമാനം നേടുന്ന സ്ത്രീകളുടെ വീടുകളിലെങ്കിലും അത് ഇല്ലാതായിട്ടുണ്ട്”. 35-കാരിയായ തൈക്കുളം ചൂണ്ടിക്കാണിക്കുന്നു.

Woman stitching a piece of cloth while sitting on a cot
PHOTO • Priti David
Woman sewing a piece of cloth
PHOTO • Porgai Artisans Association

തമ്മിഗമൽ കസിമിയയും (ഇടത്) ആർ. നീലയും(വലത്) പരമ്പരാഗത തൊഴിൽ അന്യംനിന്നുപോവാതിരിക്കാൻ യുവതികളെ പഠിപ്പിച്ചു

സിട്ടിലിംഗിയിലെ രണ്ട് ടണ്ടകളിലായി 70 വയസ്സ് കഴിഞ്ഞ രണ്ടോ മൂന്നോ സ്ത്രീകളൊഴിച്ച് മറ്റെല്ലാ ലമ്പാടി സ്ത്രീകളും (പുരുഷന്മാരും) വിശേഷാവസരങ്ങളിൽ മാത്രമേ അവരുടെ പരമ്പരാഗതവസ്ത്രം ധരിക്കാറുള്ളു. 30-40 വർഷമെടുത്ത് ഉണ്ടായ മാറ്റമാണിതെന്ന് തൈക്കുളം വിശദീകരിക്കുന്നു: “മറ്റുള്ളവർക്കിടയിൽ ഞങ്ങൾക്കുമാത്രമായി മാറിനിൽക്കാൻ താത്പര്യമില്ലായിരുന്നു. അത് അരോചകമായി തോന്നി. അതുകൊണ്ട് മറ്റ് ഗ്രാമക്കാർ വേഷധാരണം മാറ്റിയപ്പോൾ ഞങ്ങളും പതുക്കെ മാറി”.

പരമ്പരാഗതവസ്ത്രം ഉപേക്ഷിക്കപ്പെട്ടതോടെ കൈത്തറിയുടെ സാംസ്കാരികമായ ആവശ്യവും ഇല്ലാതായി. ഗമ്മിയുടെ ശിഷ്യയും ലമ്പാടി കൈവേലക്കാരിയുമായ 30-കാരി എ. രമണി പറയുന്നു, “എന്റെ മുത്തശ്ശി കുറച്ച് ഘട്ടർ ചെയ്യുമായിരുന്നു, പക്ഷേ എന്റെ അമ്മ സ്വന്തം വിവാഹവസ്ത്രത്തിനുപോലും സൂചിയും നൂലും കയ്യിലെടുത്തതായി കണ്ടിട്ടില്ല”.

ലമ്പാടി സ്ത്രീകളുടെ പരമ്പരാഗതവസ്ത്രം നിറയെ ചിത്രപ്പണിയുള്ളവയാണ്. പേട്ടിയ എന്നത് ഒറ്റനിറത്തിലുള്ള പട്ടുപാവാടയും ചോളിയും (ബ്ലൗസ്) ദുപ്പട്ടയും ചേർന്നതാണ്. പൊതുവെ പാവാടയുടെ അരക്കെട്ട് ഭാഗവും ബ്ലൗസും പലനിറത്തിലുള്ള കോട്ടൺ നൂലുകളുപയോഗിച്ച് ജ്യാമിതീയ രൂപങ്ങളിൽ വിവിധങ്ങളായ നേർമയുള്ള തയ്യലുകളിൽ ഒരുപോലെ ചിത്രപ്പണി ചെയ്തിട്ടുണ്ടാകും പുരുഷന്മാർ ചിത്രപ്പണിയില്ലാത്ത വെള്ളനിറത്തിലുള്ള കോട്ടൺ ഷർട്ടും മുണ്ടുമാണ് വേഷം.

പരമ്പരാഗതവസ്ത്രനെയ്ത്ത് രമണിയുടെ അമ്മയുടെ തലമുറയായപ്പോഴേക്കും ക്ഷയിച്ചെങ്കിലും, പരമ്പരാഗതവസ്ത്രങ്ങൾ വിവാഹംപോലുള്ള വിശേഷവേളകളിൽ ആവശ്യമായിരുന്നു. അവയെല്ലാം ഇപ്പോൾ കീറുകയോ കേടുവരുകയോ ചെയ്തിട്ടുണ്ട്. “സ്ത്രീകൾ വസ്ത്രങ്ങളുമായി ഞങ്ങളുടെയടുക്കൽ വരുമ്പോൾ ഞങ്ങൾ ആ ചിത്രപ്പണികൾ മാറ്റി അവിടെ പുതിയ തുണി തുന്നിച്ചേർത്തുകൊടുക്കും”, ഗമ്മി പറയുന്നു. ഇത് ആ കൈത്തൊഴിലുമായി സമുദായത്തിനുണ്ടായിരുന്ന ബന്ധത്തെ നിലനിർത്താനായുള്ള ഒരു നേർത്ത നൂലായി വർത്തിച്ചു. അത് പതുക്കെ ഒരു പുനർജ്ജീവനമായി മാറി.

Woman showing her work
PHOTO • Priti David
Woman stitching a design
PHOTO • Priti David

ലമ്പാടി കൈത്തൊഴിലുകാരി 3-0കാരി എ. രമണി ഗമ്മിയുടെ ആദ്യകാല ശിഷ്യരിൽ ഒരാളാണ്. 'എന്റെ ആദ്യവരുമാനം ഒരു തട്ടത്തിൽനിന്നായിരുന്നു, എട്ടിലും എട്ട് വരികൾവീതം', അവർ അഭിമാനത്തോടെ ഓർക്കുന്നു

സിട്ടിലിംഗിയിൽ 60 ലമ്പാടി സ്ത്രീ കൈത്തൊഴിലുകാർ ഇപ്പോൾ കൈത്തറി ചെയ്യുന്നു, എല്ലാവരും അവർതന്നെ ഏറ്റെടുത്തു നടത്തുന്ന പൊർഗൈ ആർട്ടിസൻസ് അസോസിയേഷന്റെ പ്രവർത്തകരാണ്. “ഞങ്ങളുടെ ഭാഷയിൽ ‘പൊർഗൈ’ എന്നാൽ അന്തസ്സും അഭിമാനവും എന്നർത്ഥം. അഭിമാനം ഈ അഭ്യസ്തവിദ്യയിൽ, അന്തസ്സ് ഈ വരുമാനത്തിലും” ,അടുത്തിടെ അസോസിയേഷന്റെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട തൈക്കുളം പറയുന്നു. “ഞങ്ങൾക്ക് സ്വന്തം ശബ്ദം തിരിച്ചുകിട്ടിയപോലെയാണ്. ഇപ്പോൾ ഞങ്ങൾക്ക് ഐക്യബോധമുണ്ട്. ക്രിയാത്മകതക്ക് ഒരിടവും”.

പൊർഗൈയുടെ ആദ്യ തയ്യൽ ആരംഭിച്ചത് നാട്ടിലെ ഡോക്ടർ ലളിത റെജിയുടെ പരിശ്രമത്തിലാണ്. 30 വർഷങ്ങൾക്കുമുമ്പ്‌ കേരളത്തിൽനിന്നും ബിരുദം നേടി ഭർത്താവ് ഡോക്ടർ റെജിയോടൊപ്പം ട്രൈബൽ ഹെൽത്ത് ഇനീഷ്യേറ്റിവ് ആരംഭിക്കുന്നതിനായി സിട്ടിലിംഗിയിലേക്ക് വന്നതാണ് അവർ. അവരുടെ രോഗികളിലുണ്ടായിരുന്ന ലമ്പാടി സ്ത്രീകളിൽ 2 വ്യത്യസ്ത കാര്യങ്ങളാണ് അവർ കണ്ടത് : പ്രായമായ സ്ത്രീകൾ മാത്രമേ കനത്തിൽ ചിത്രപ്പണി ചെയ്ത പരമ്പരാഗതവസ്ത്രം ധരിക്കുന്നുണ്ടായിരുന്നുള്ളൂ, പല രോഗികളും കാർഷികവരുമാനം തികയാത്തതിനാൽ അന്യദേശങ്ങളിലേക്ക് ചെറിയകാലയളവിൽ തൊഴിലിനുപോയിരുന്നു. വായുസഞ്ചാരമില്ലാത്ത തൊഴിൽശാലകളും ആഹാരക്രമത്തിലെ ന്യൂനതകഉം മൂലം, സാംക്രമികരോഗങ്ങളുമായാണ് അവരെല്ലാം തിരിച്ചുവരുന്നത്. “യുവതികളെ വരുമാനമാർഗ്ഗത്തിനായി കൈത്തറിയിലേക്ക് കൊണ്ടുവന്നാൽ കുടിയേറ്റം കുറയുമെന്ന് ഞാൻ ചിന്തിച്ചു”, സ്ത്രീരോഗവിദഗ്ധയും ജനറൽ ഫിസിഷ്യനുമായ ലളിത പറയുന്നു.

ലമ്പാടി സമുദായത്തിൽ കൈത്തൊഴിലറിയാവുന്ന രണ്ടുസ്ത്രീകൾ ഗമ്മിയും നീലയും മാത്രമായിരുന്നു. കേട്ടപാടെ ഈ ആശയത്തെ തള്ളിക്കളഞ്ഞത് ഗമ്മി ഓർക്കുന്നുണ്ട്: “ആർ വാങ്ങിക്കും?” അവർ ആശങ്ക പങ്കുവെച്ചു. “നമ്മുടെ ആളുകൾതന്നെ ഇത് ധരിക്കുന്നില്ല!” പക്ഷേ, ലളിതക്ക് വിശ്വാസമുണ്ടായിരുന്നു. അവർ ടി.എച്ച്..ഐ..യിൽനിന്ന് 1 ലക്ഷം രൂപ കടമെടുത്തു. (പിന്നീട് ഈ പണം ടി.എച്ച്.ഐ. പൊർഗൈക്ക് ദാനം ചെയ്തു).

വിവരം എല്ലായിടത്തുമെത്തി, 2006-ൽ 10 യുവതികൾ സംരംഭത്തിൽ പങ്കാളികളായി. ഗമ്മിയും നീലയും ഈ തൊഴിലിന്റെ മുഖമുദ്രയായ നീണ്ടവരികളും ഇറുകിയ തുന്നലുകളും പഠിപ്പിച്ചുതുടങ്ങി. രമണി ഓർത്തെടുക്കുന്നു: “അധ്യാപകരെ ദൈനംദിന തൊഴിലിൽ ബുദ്ധിമുട്ടിക്കരുതെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ട് അവരുടെ ഒഴിവുസമയത്ത് മാത്രമേ ഞങ്ങൾ ചെന്നിരുന്നുള്ളൂ. തയ്യൽ നന്നായി പഠിക്കാൻ ഞാൻ ഒരുമാസത്തോളമെടുത്തു”.

A finished embroidered piece of cloth
PHOTO • Priti David
Finished tassles (latkan)
PHOTO • Priti David

സിട്ടിലിംഗിയിലെ സ്ത്രീകൾ ചെയ്ത വ്യത്യസ്ത ലമ്പാടി കൈത്തറി ഉത്പന്നങ്ങൾ ഇപ്പോൾ വിപണനകേന്ദ്രങ്ങളിലും പ്രദർശനശാലകളിലും വിൽക്കപ്പെടുന്നു

ലമ്പാടികൈത്തറിയിൽ ജാലി (ജാലകം), പൊട്ടബന്ധൻവേല (മധ്യത്തിലൂടെ ഒരു വരവെട്ടുക), ഏക് സൂയഗാദ് (ഒറ്റത്തയ്യൽ). എന്നിങ്ങനെ വിവിധതരം തയ്യലുകളുണ്ട്. അലങ്കാരങ്ങളിലും അഗ്രഭാഗത്തെ തുന്നലുകളിലും വസ്ത്രത്തിന്റെ വക്ക് തെറുത്തടിക്കുന്നതിലും എല്ലാം ഈ വിവിധതരങ്ങൾ ഉപയോഗിക്കുന്നു. ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ശിശ തയ്യലിനും ലമ്പാടി കൈത്തറിക്കുമിടയിൽ സമാനതകളും വ്യത്യസ്തതകളും ഒരേസമയം കാണാം. ലമ്പാടികളുടെ ഉത്ഭവവും ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നാണെന്ന് പറയപ്പെടുന്നുണ്ട്.

ആറുമാസത്തിനുള്ളിൽ രമണിയും മറ്റു വിദ്യാർത്ഥികളും പോർഗൈ ഏറ്റെടുത്ത ജോലികൾ ചെയ്യാൻ ആരംഭിച്ചുവെങ്കിലും വ്യാപാരവും വിപണനവും ഇഴഞ്ഞുപോയതിനാൽ മൂന്ന് വർഷം കഴിഞ്ഞ് 2009-ൽ മാത്രമാണ് തൊഴിലാളികൾക്ക് കൊടുക്കാനുണ്ടായിരുന്ന വേതന കുടിശ്ശിക അവർക്ക് വീട്ടാനും, തുടർന്നുള്ള വേതനവിതരണം സമയബന്ധിതമാക്കാനും കഴിഞ്ഞത്.

“എന്റെ ആദ്യസമ്പാദ്യം ഒരു പാനിൽനിന്നുമായിരുന്നു, എട്ടിൽ എട്ടുവരികൾവീതം,” രമണി അഭിമാനത്തോടെ ഓർക്കുന്നു. അവരുടെയും ഭർത്താവിന്റെയും ഉടമസ്‌ഥതയിലുള്ള ഒരേക്കർ ഭൂമിയിൽ വിൽപ്പനയ്ക്കായി കരിമ്പും മഞ്ഞളും കൃഷിചെയ്യുന്നു, സ്വന്തം ആവശ്യത്തിനായി ചോളവും പയറും പച്ചക്കറിയും കൃഷിചെയ്യുന്നുണ്ട്. ഘട്ടർ അവരുടെ ട്രാക്ടർ ലോൺ അടയ്ക്കാൻ (മാസം‌തോറും 8,000 രൂപവെച്ച്, 2.5 ലക്ഷം രൂപ)  സഹായിച്ചു. ദുരിതവർഷങ്ങളിൽ അതൊരു സ്ഥിരവരുമാനവുമാണ്. “എന്റെ മകൻ ധനുഷ്കോടിക്ക് 2 മാസം പ്രായമുള്ളപ്പോഴാണ് (ഇപ്പോൾ അവന് 13) ഞാൻ തുടങ്ങിയത്. അതിനുശേഷം വരുമാനത്തിനായി എനിക്ക് താഴ്‌വര വിട്ടുപോകേണ്ടി വന്നിട്ടില്ല,” സന്തോഷത്തോടെ അവർ കൂട്ടിച്ചേർക്കുന്നു. “ഞാൻ എപ്പോഴും ഘട്ടർ എന്റെകൂടെ കൊണ്ടുനടക്കും. പാടത്ത് വെള്ളമടിക്കുമ്പോൾപ്പോലും എനിക്കെന്റെ തുന്നൽ ചെയ്യാൻ സമയം കിട്ടും”.

കഴിഞ്ഞ സാമ്പത്തികവർഷം (2017-2018), പോർഗയ്ക്ക് 45 ലക്ഷം വരുമാനമുണ്ടായി, അതിൽ വലിയൊരുഭാഗവും തൊഴിലാളികൾക്ക് വേതനമായി നൽകി. കൈത്തറിയിൽ ചിലവഴിക്കാൻ കഴിയുന്ന സമയമനുസരിച്ച് ഓരോ സ്ത്രീക്കും 3,000 രൂപ മുതൽ 7,000 രൂപവരെ മാസവരുമാനം ലഭിക്കുന്നു.“ ഞാൻ ദിവസവും 8 മണിക്കൂർ ചെയ്യാൻ നോക്കും,” രമണി പറയുന്നു. “പകൽ കഴിഞ്ഞില്ലെങ്കിൽ രാത്രിയിരുന്ന് ചെയ്യും.”

Showcasing a design
PHOTO • Priti David
Little girl showing a design
PHOTO • Priti David
Woman showing one of her works
PHOTO • Priti David

രഞ്ജിതം ജി.യെപ്പോലെ (വലത്) സിട്ടിലിംഗിയിലെ 60 സ്ത്രീകൾ ഇപ്പോൾ കൈത്തറിയിൽ അഭ്യസ്തവിദ്യരാണ്. രമണിയുടെ മകൾ ഗോപിക (നടുവിൽ) ഇപ്പോൾത്തന്നെ ഈ വിദ്യ പഠിക്കാനും തുടങ്ങി

പോർഗെയ്‌യുടെ ലാഭത്തി ൽമിച്ചംവരുന്ന തുക തുണി, നൂൽ, കണ്ണാടി തുടങ്ങിയ അസംസ്കൃതവസ്തുക്കൾ വാങ്ങിക്കാൻ ഉപയോഗിക്കുന്നു. അസോസിയേഷൻ ആറുവർഷംമുമ്പ് ഒരു തയ്യൽകേന്ദ്രംകൂടി സ്ഥാപിച്ചു, ഇവിടെ 7 യന്ത്രങ്ങളുണ്ട്. ഓഫീസ് കെട്ടിടത്തിൽത്തന്നെ സ്ഥിതിചെയ്യുന്ന ഇവിടുത്തെ നിർമാണശാലയിൽ ഇപ്പോൾ നിർമാണംകൂടിയതനുസരിച്ച് സോഫാകവറുകൾ, സഞ്ചികൾ തുടങ്ങി സാരി, കുർത്ത, ഷർട്ടുകൾ, ആഭരണങ്ങൾ എന്നിങ്ങനെയുള്ള സങ്കീർണ ഉത്പന്നങ്ങൾവരെ ഉത്പാദിപ്പിച്ച് വിവിധ നഗരങ്ങളിലെ വിപണനകേന്ദ്രങ്ങളിലും പ്രദർശനശാലകളിലും വിറ്റഴിക്കപ്പെടുന്നു.

പോർഗൈ ആരംഭിച്ചതിനുശേഷം പ്രവർത്തകരാരും പിന്നീട് അന്യനാടുകളിലേക്ക് പലായനം നടത്തിയിട്ടില്ല എന്നാണ് തൈക്കുളം പറയുന്നത്. “ഞങ്ങൾക്ക് കൂടുതൽ പണി കിട്ടിയാൽ ഇനിയും സ്ത്രീകൾ ഞങ്ങളോടൊപ്പം ചേരും, അപ്പോൾ വീണ്ടും കുടിയേറ്റ, കുറയും”, അവർ കൂട്ടിച്ചേർക്കുന്നു. “സ്ത്രീകൾ പുറമെ പണിക്ക് പോകുമ്പോൾ കുടുംബങ്ങൾ ശിഥിലമാവുകയും കുട്ടികൾ രക്ഷിതാക്കളിൽനിന്ന് അകലുകയും ചെയ്യുന്നു. കുറേനേരം പണി എടുക്കേണ്ടതിനാലും പ്രയാസമേറിയ ജീവിതസാഹചര്യങ്ങളാലും പല വ്യാധിരോഗങ്ങളുമായാണ് അവർ തിരിച്ചുവരിക.”

വിവിധ കരകൗശലപ്രദർശനശാലകൾ സന്ദർശിക്കുകവഴി പോർഗയ്ക്ക് പതുക്കെ ഓർഡറുകളുടെ എണ്ണം വർധിപ്പിക്കാനും കഴിഞ്ഞു, 10 പ്രവർത്തകരിൽനിന്ന് തുടങ്ങിയ സംരംഭം ഇന്ന് 6 പേരിൽ എത്തിനിൽക്കുന്നു. ഓഫീസിൽവെച്ച് നടത്തുന്ന വാർഷികപരിശീലന പരിപാടികളിൽ, വരുമാനമാഗ്രഹിക്കുന്ന ഏത് ലമ്പാടിസ്ത്രീക്കും പങ്കെടുക്കാം. 10 ദിവസത്തെ പരിശീലനക്കളരിയിൽ പ്രോത്സാഹനമായി പങ്കെടുക്കുന്ന സ്ത്രീകൾക്കെല്ലാം 200 രൂപ ദിവസവേതനം നൽകുന്നു. ഗമ്മിയെപ്പോലുള്ള പരിചയസമ്പന്നരായ അധ്യാപകർക്ക് 500 രൂപ അധികം കിട്ടുന്നു, കൂടാതെ കൈത്തറിവൈദഗ്ദ്ധ്യത്തിന്റെ അന്തസ്സും.

രമണിയുടെ 9 വയസ്സ് പ്രായമുള്ള മകൾ ഗോപികയെപ്പോലെ പല ലമ്പാടി ബാലികമാരും ഇപ്പോൾത്തന്നെ കൈത്തറി പഠിച്ചുതുടങ്ങിയിരിക്കുന്നു. അവൾ സ്കൂളിലെ കരകൗശലനിർമാണപരിപാടിയിൽ തീർത്ത ആദ്യപരിശ്രമം അഭിമാനത്തോടെ ഞങ്ങൾക്ക് കാണിച്ചുതന്നു.

അപ്പോൾ ഗമ്മി എന്താണ് ഈ പുനരുജ്‌ജീവനത്തെപ്പറ്റി ചിന്തിക്കുന്നത്? “ഒരാൾ മരണത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നാലോ... നിങ്ങൾ പറയൂ”, അവർ പ്രതികരിക്കുന്നു. “ഞങ്ങളാണ് ഇതിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.”

പരിഭാഷയിൽ സഹായിച്ച കെ. ഗായത്രിപ്രിയ, അനഘ ഉണ്ണി, അഭയ് എന്നിവരോട് ലേഖിക നന്ദി രേഖപ്പെടുത്തുന്നു.

പരിഭാഷ: അഭിരാമി ലക്ഷ്മി

Priti David

ప్రీతి డేవిడ్ పీపుల్స్ ఆర్కైవ్ ఆఫ్ రూరల్ ఇండియాలో జర్నలిస్ట్, PARI ఎడ్యుకేషన్ సంపాదకురాలు. ఆమె గ్రామీణ సమస్యలను తరగతి గదిలోకీ, పాఠ్యాంశాల్లోకీ తీసుకురావడానికి అధ్యాపకులతోనూ; మన కాలపు సమస్యలను డాక్యుమెంట్ చేయడానికి యువతతోనూ కలిసి పనిచేస్తున్నారు.

Other stories by Priti David
Editor : Sharmila Joshi

షర్మిలా జోషి పీపుల్స్ ఆర్కైవ్ ఆఫ్ రూరల్ ఇండియా మాజీ ఎగ్జిక్యూటివ్ ఎడిటర్, రచయిత, అప్పుడప్పుడూ ఉపాధ్యాయురాలు కూడా.

Other stories by Sharmila Joshi
Translator : Abhirami Lakshmi

Abhirami Lakshmi is a graduate in Journalism (Hons) from Delhi University. She is trained in Carnatic Music and interested in media researches on Art and Culture.

Other stories by Abhirami Lakshmi