നവംബർ മാസത്തോടടുപ്പിച്ച് മൂന്ന് ദിവസം, മജുലി ദ്വീപിലെ ഗരാമൂർ അങ്ങാടി വൈദ്യുതാലങ്കാരങ്ങളുടെയും മൺചിരാതുകളുടെയും ദീപപ്രഭയിൽ വെട്ടിത്തിളങ്ങും. ശൈത്യകാലത്തിന്റെ ആദ്യനാളുകളില്‍ അന്തി ചായവേ, ഖോൽ വാദ്യത്തിന്റെ മേളവും കൈമണികളുടെ താളവും അനേകം ഉച്ചഭാഷിണികളിലൂടെ പരിസരമാകെ ഉയർന്ന് വ്യാപിക്കും.
രാസ് മഹോത്സവം തുടങ്ങിക്കഴിഞ്ഞു.
അസമീസ് മാസങ്ങളായ കതി-അഘുനിലെ പൂർണ്ണിമ അഥവാ പൂർണ്ണ ചന്ദ്രദിനത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കാൻ എല്ലാ വർഷവും തീർത്ഥാടകരും വിനോദസഞ്ചാരികളും ഈ ദ്വീപിലെത്തുന്നു. പ്രധാന ഉത്സവ ദിനത്തിനുശേഷം രണ്ടുദിവസം കൂടി ആഘോഷപരിപാടികൾ തുടരും.
"ഈ ആഘോഷം നടത്തിയില്ലെങ്കിൽ ഞങ്ങൾക്ക് എന്തോ നഷ്ടപ്പെട്ടുപോയതുപോലെ തോന്നും. ഇത് (രാസ് മഹോത്സവം) ഞങ്ങളുടെ സംസ്കാരമാണ്," ബോരുൺ ചിതാദർ ചുക് ഗ്രാമത്തിൽ ഉത്സവപരിപാടികൾ സംഘടിപ്പിക്കുന്ന കമ്മിറ്റിയുടെ സെക്രട്ടറിയായ രാജാ പായെങ് പറയുന്നു. "ആളുകൾ വർഷം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു അവസരമാണിത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
നൂറുക്കണക്കിന് പ്രദേശവാസികൾ അവരുടെ ഏറ്റവും നല്ല വസ്ത്രങ്ങളണിഞ്ഞ് അസമിലെ അനേകം വൈഷ്‌ണവ ആശ്രമങ്ങളിലൊന്നായ ഗരാമൂർ സാരു സത്രയ്ക്ക് സമീപം ഒത്തുചേർന്നിരിക്കുകയാണ്.
നൃത്ത, സംഗീത, നാടകപ്രകടനങ്ങളിലൂടെ ഭഗവാൻ കൃഷ്ണന്റെ ജീവിതം ആഘോഷിക്കുന്ന ഉത്സവമാണ് രാസ് മഹോത്സവം (കൃഷ്ണന്റെ നൃത്തം കൊണ്ടാടുന്ന ഉത്സവം). ആഘോഷം തുടങ്ങി ഒരു ദിവസത്തിൽത്തന്നെ നൂറിലധികം കഥാപാത്രങ്ങൾ രംഗത്ത് പ്രത്യക്ഷപ്പെട്ടേക്കാം.
കൃഷ്ണന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളാണ് - വൃന്ദാവനത്തിലെ ബാല്യകാലം തൊട്ട് അദ്ദേഹം ഗോപികളോടൊത്ത് (കാലി മേയ്ക്കുന്ന സ്ത്രീകൾ) ആടിയെന്ന് പറയപ്പെടുന്ന രാസലീല വരെ - ഈ പ്രകടനങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത്. ഈ അവസരത്തിൽ വേദിയിലെത്തുന്ന ചില നാടകങ്ങൾ ശങ്കരദേവ എഴുതിയ 'കേളി ഗോപാൽ', അദ്ദേഹത്തിന്റെ ശിഷ്യനായ മാധവദേവ എഴുതിയതെന്ന് കരുതപ്പെടുന്ന 'രാസ് ജൂർമുര' എന്നീ അങ്കിയ നാട്ടുകളുടെ (ഏകാംഗനാടകങ്ങൾ) വകഭേദങ്ങളാണ്.
ഗരാമൂർ മഹോത്സവത്തിൽ കൃഷ്ണന്റെ കഥാപാത്രം അവതരിപ്പിച്ചിട്ടുള്ള മുക്ത ദത്ത പറയുന്നത്, കഥാപാത്രമായി തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ, അദ്ദേഹം ചില നിഷ്ഠകൾ പിന്തുടരേണ്ടതുണ്ട് എന്നാണ്: "കഥാപാത്രം ലഭിച്ചു കഴിഞ്ഞാൽ, ഞങ്ങളിൽ കൃഷ്ണൻ, നാരായണൻ, അല്ലെങ്കിൽ വിഷ്ണു എന്നീ കഥാപാത്രങ്ങൾ ചെയ്യുന്നവർ സസ്യാഹാരം അഥവാ സാത്ത്വിക ഭക്ഷണം മാത്രമേ കഴിക്കുകയുള്ളൂ. രാസിന്റെ ആദ്യദിവസം ഞങ്ങൾ ബ്രോത് (വ്രതം) എടുക്കും. ആദ്യദിനത്തിലെ പ്രകടനം അവസാനിച്ചശേഷമേ ഞങ്ങൾ വ്രതം മുറിക്കുകയുള്ളൂ."
അസമിലൂടെ ഏകദേശം 640 കിലോമീറ്റർ ദൂരം ഒഴുകുന്ന ബ്രഹ്മപുത്ര നദിയിലുള്ള ഭീമൻ ദ്വീപാണ് മജുലി. ദ്വീപിലുള്ള സത്രകൾ (ആശ്രമങ്ങൾ) വൈഷ്‌ണവ മതത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും കേന്ദ്രങ്ങളാണ്. സാമൂഹികപരിഷ്കർത്താവും സന്യാസിയുമായ ശ്രീമന്ത ശങ്കരദേവ പതിനഞ്ചാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഈ സത്രകൾ അസമിലെ നിയോ-വൈഷ്‌ണവ ഭക്തിപ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.
മജൂലിയിൽ ഒരുകാലത്ത് സ്ഥാപിക്കപ്പെട്ട അറുപത്തിയഞ്ചോളം സത്രകളിൽ 22-എണ്ണം മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവ, ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ നദീശൃംഖലകളിൽ ഒന്നായ ബ്രഹ്മപുത്രയിൽ തുടർച്ചയായുണ്ടായ വെള്ളപ്പൊക്കങ്ങളിൽ ഒലിച്ചുപോവുകയാണുണ്ടായത്. വേനൽ-വർഷകാല മാസങ്ങളിൽ ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകി, നദീതടത്തിലേയ്ക്ക് ഒഴുകിയെത്തി പോഷകനദികളിൽ വെള്ളം നിറയും. ഇതും മജൂലിയിലും സമീപപ്രദേശത്തും പെയ്യുന്ന മഴയും ചേർന്നുണ്ടാകുന്ന വെള്ളപ്പൊക്കമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നത്.
രാസ് മഹോത്സവവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് സത്രകൾ വേദിയാകുന്നതിനുപുറമേ, ദ്വീപിലെ വിവിധ സമുദായങ്ങൾ കമ്മ്യൂണിറ്റി ഹാളുകളിലും തുറന്ന പാടങ്ങളിൽ കെട്ടിയുയർത്തുന്ന താത്കാലിക വേദികളിലും സ്കൂൾ ഗ്രൗണ്ടുകളിലുമായി ആഘോഷങ്ങളും അവതരണങ്ങളും സംഘടിപ്പിക്കും.
ഗരാമൂർ സാരു സഭയിൽ നടക്കുന്ന പ്രകടനങ്ങളിൽനിന്ന് വ്യത്യസ്തമായി, ഉത്തർ കമലാബാരി സത്രയിൽ നടക്കുന്ന അവതരണങ്ങളിൽ പൊതുവെ സ്ത്രീകളെ ഉൾപ്പെടുത്താറില്ല. ഇവിടെ, ഭഗത്സ് എന്നറിയപ്പെടുന്ന, മതപരവും സാംസ്കാരികപരവുമായ വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സത്രയിലെ ബ്രഹ്മചാരികളായ സന്യാസികൾ, എല്ലാവർക്കും സൗജന്യമായി പ്രവേശനമുള്ള നാടകങ്ങൾ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
82 വയസ്സുകാരനായ ഇന്ദ്രാനിൽ ദത്ത ഗരാമൂർ സാരു സത്രയിലെ രാസ് മഹോത്സവത്തിന് തുടക്കമിട്ടവരിൽ ഒരാളാണ്. 1950-ൽ, സത്രാധികാരിയായിരുന്ന (സത്രയുടെ തലവൻ) പീതാംബർ ദേവ് ഗോസ്വാമി, പുരുഷനടന്മാരെ മാത്രം അഭിനയിപ്പിക്കുന്ന കീഴ്വഴക്കം മാറ്റി സ്ത്രീ അഭിനേതാക്കളെക്കൂടി സ്വാഗതം ചെയ്തത് ദത്ത ഓർത്തെടുക്കുന്നു.
പരമ്പരാഗതമായി ഉത്സവം നടത്തിയിരുന്ന നാംഘറിന് (പ്രാർത്ഥനാസ്ഥലം) പുറത്ത് പീതാംബർ ദേവ് മറ്റൊരു വേദി പണിയിക്കുകയായിരുന്നു. നാംഘർ പ്രാർത്ഥന നടക്കുന്ന ഇടമായതിനാൽ, ഞങ്ങൾ വേദി പുറത്തേയ്ക്ക് മാറ്റി," അദ്ദേഹം ഓർത്തെടുക്കുന്നു.
ആ പാരമ്പര്യം ഇന്നും തുടർന്നുപോരുന്നു. മഹോത്സവം സംഘടിപ്പിക്കപ്പെടുന്ന അറുപതിലധികം വേദികളിലൊന്നാണ് ഗരാമൂർ. ആയിരത്തോളം ആളുകൾക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾക്ക് ടിക്കടുവെച്ചാണ് പ്രവേശനം.
ശങ്കരദേവയും വൈഷ്‌ണവ പരമ്പരയിലെ മറ്റുള്ളവരും എഴുതിയ നാടകങ്ങൾ പരിചയസമ്പന്നരായ കലാകാരൻമാർ കാലാനുസൃതമായി മാറ്റിയെടുത്താണ് ഇവിടെ അവതരിപ്പിക്കുന്നത്. "ഞാൻ ഒരു നാടകം എഴുതുമ്പോൾ അതിൽ ലോക് സംസ്കൃതിയിലെ (നാടോടി സംസ്കാരം) അംശങ്ങൾ സന്നിവേശിപ്പിക്കാറുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ ജാതിയും (സമുദായം) സംസ്കൃതിയും (സംസ്കാരം) സജീവമാക്കി നിലനിർത്തേണ്ടതുണ്ട്," ഇന്ദ്രാനിൽ ദത്ത പറയുന്നു.
"പ്രധാന റിഹേഴ്‌സൽ ദീവാലിക്ക് അടുത്തദിവസം മാത്രമേ ആരംഭിക്കുകയുള്ളൂ," മുക്ത ദത്ത പറയുന്നു. അതുകൊണ്ടുതന്നെ, അഭിനേതാക്കൾക്ക് രണ്ടാഴ്ചയിൽ കുറഞ്ഞ സമയമേ തയ്യാറെടുപ്പിന് ലഭിക്കൂ. "നേരത്തെ അഭിനയിച്ചിട്ടുള്ളവർ പല സ്ഥലങ്ങളിലാണ് താമസിക്കുന്നത്. അവരെ തിരികെ കൊണ്ടുവരിക ബുദ്ധിമുട്ടാണ്," അഭിനയത്തിന് പുറമേ, ഗരാമൂർ സംസ്കൃത് തോലിൽ (സ്കൂൾ) ഇംഗ്ലീഷ് പഠിപ്പിക്കുകയും ചെയ്യുന്ന ദത്ത പറയുന്നു.
പലപ്പോഴും മഹോത്സവത്തിന്റെ സമയത്ത് സ്കൂൾ, സർവ്വകലാശാലാ പരീക്ഷകൾ നടക്കുന്നുണ്ടാകും. "ഒരുദിവസത്തിന് വേണ്ടിയാണെങ്കിലും വിദ്യാർഥികൾ വരും. അവർ അവരുടെ വേഷം അഭിനയിച്ച് അടുത്ത ദിവസം പരീക്ഷയ്ക്ക് പോകും, " മുക്ത കൂട്ടിച്ചേർക്കുന്നു.
മഹോത്സവം സംഘടിപ്പിക്കാനുള്ള ചിലവുകൾ ഓരോവർഷവും കൂടുകയാണ്. ഗരാമൂറിൽ 2022-ലെ ഉത്സവത്തിന് ചിലവ് വന്നത് 4 ലക്ഷം രൂപയാണ്. "സാങ്കേതിക പ്രവർത്തകർക്ക് ഞങ്ങൾ പൈസ കൊടുക്കും. അഭിനേതാക്കൾ എല്ലാവരും സ്വയം സന്നദ്ധരായി മുന്നോട്ടുവന്നവരാണ്. 100-150 പേർ പണം ഒന്നും വാങ്ങാതെയാണ് പ്രവർത്തിക്കുന്നത്."
ബോരുൺ ചിതാദർ ചുകിലെ രാസ് മഹോത്സവം നടക്കുന്നത് ഒരു സ്കൂളിലാണ്. അസമിലെ പട്ടികവിഭാഗമായ മിസിങ് (മിഷിങ്) സമുദായമാണ് ഇവിടത്തെ ആഘോഷം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങളായി, യുവതലമുറയ്ക്കിടയിൽ ഈ ആഘോഷത്തോടുള്ള താത്പര്യക്കുറവും ഈ പ്രദേശത്തുനിന്നുള്ള വ്യാപകമായ കുടിയേറ്റവും മൂലം അഭിനേതാക്കളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ ഈ സമൂഹം ഇപ്പോഴും പിൻവാങ്ങിയിട്ടില്ല. "ഉത്സവം നടത്തിയില്ലെങ്കിൽ, ഗ്രാമത്തിൽ എന്തെങ്കിലും അശുഭം നടന്നേക്കും," രാജാ പേയാങ് പറയുന്നു. "ഇത് ഗ്രാമത്തിൽ പരക്കെയുള്ള വിശ്വാസമാണ്."
മൃണാളിനി മുഖർജി ഫൌണ്ടേഷൻ നൽകിയ ഫെല്ലോഷിപ്പിന്റെ ( എം. എം. എഫ്) പിന്തുണയോടെ തയ്യാറാക്കിയ റിപ്പോർട്ട്
പരിഭാഷ: പ്രതിഭ ആർ. കെ.