ഏതൊരു സ്ത്രീക്കും ലഭിക്കേണ്ടുന്ന നീതിക്ക്, എങ്ങിനെയാണ് ഈവിധത്തിൽ അവസാനിക്കാനാവുക ?
– ബിൽക്കീസ് ബാനു

2002 മാർച്ചിലെ ഗോധ്ര വർഗ്ഗീയകലാപത്തിൽ, ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ 19 വയസ്സുള്ള ബിൽക്കീസ് യാക്കൂബ് റസൂൽ ക്രൂരമായ കൂട്ടബലാത്സംഗത്തിന് വിധേയയായി. അവളുടെ മൂന്ന് വയസ്സുള്ള മകൾ സലേഹയടക്കം കുടുംബത്തിലെ പതിനാലുപേരെ ആ ആൾക്കൂട്ടം കൊന്നു. ആ സമയത്ത്, ബിൽക്കീസ് അഞ്ച് മാസം ഗർഭിണിയുമായിരുന്നു.

ലിംഖേഡാ താലൂക്കിലെ രന്ധികപുര ഗ്രാമത്തിൽ‌വെച്ച്, ആ ദിവസം അവളുടെ കുടുംബത്തെ ആക്രമിച്ചവർ അവളുടെ അതേ ഗ്രാമത്തിലുള്ളവരായിരുന്നു. അവൾക്ക് പരിചയമുള്ളവർ.

2003 ഡിസംബറിൽ സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം, സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻ‌‌വെസ്റ്റിഗേഷൻ (സി.ബി.ഐ) കേസന്വേഷണം ഏറ്റെടുത്തു.  ഒരുമാസത്തിനുശേഷം പ്രതികളെ അറസ്റ്റ് ചെയ്തു. 2004 ഓഗസ്റ്റിൽ സുപ്രീം കോടതി ഈ കേസിന്റെ വിചാരണ മുംബൈയിലേക്ക് മാറ്റുകയും, നാലുവർഷത്തിനുശേഷം 2008 ജനുവരിയിൽ, സി.ബി.ഐ പ്രത്യേക കോടതി 20 പേരിൽ 13 പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. അവരിൽ പതിനൊന്നുപേരെ ജീവപര്യന്തം തടവിന് വിധിച്ചു.

ഏഴുപേരെ വിട്ടയച്ച വിധി, 2017 മേയിൽ ബോംബെ ഹൈക്കോടതി റദ്ദാക്കുകയും 11 പേരുടെ ആജീവനാന്ത തടവ് ശരിവെക്കുകയും ചെയ്തു.

ഗുജറാത്ത് സർക്കാർ രൂപവത്ക്കരിച്ച ജയിൽ ഉപദേശകസമിതിയുടെ ശുപാർശപ്രകാരം, അഞ്ചുവർഷം കഴിഞ്ഞ് 2022 ഓഗസ്റ്റ് 15-ന്, 11 പ്രതികളേയും ജയിലിൽനിന്ന് മോചിപ്പിച്ചു.

അവരെ മോചിപ്പിച്ചതിന്റെ നിയമസാധുതയെക്കുറിച്ച് നിരവധി നിയമവിദഗ്ദ്ധർ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. ഇവിടെ കവി, തന്റെ വേദനയ്ക്ക് ശബ്ദം നൽകുന്നതോടൊപ്പം, ബിൽക്കീസിനോട് സംസാരിക്കുകയും ചെയ്യുന്നു.

പ്രതിഷ്ത പാണ്ഡ്യ ഈ കവിത ചൊല്ലുന്നത് കേൾക്കുക

ബിൽക്കീസ്, എന്റെ പേരാവുക

നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്?
എന്റെ കവിതയെ അത് തുളയ്ക്കുന്നു
കൊട്ടിയടയ്ക്കപ്പെട്ട കാതുകളിൽനിന്ന് ചോരയൊലിക്കുന്നു

നിന്റെ പേരിലുള്ളത് എന്താണ് ബിൽക്കീസ്?
അഴിഞ്ഞാടുന്ന നാവുകളെ അത് തളർത്തുന്നു
സംഭാഷണത്തിനിടയ്ക്കുവെച്ച് അത് മരവിക്കുന്നു

നിന്റെ കണ്ണുകളിലെ വിഷാദത്തിന്റെ ഉഗ്രസൂര്യന്മാർ
നിന്റെ വേദനയിൽനിന്ന് ഞാൻ ആവാഹിക്കുന്ന
എല്ലാ പ്രതിബിംബങ്ങളേയും ഇരുട്ടിലാഴ്ത്തുന്നു

തീർത്ഥാടനത്തിന്റെ അനന്തമായ തിളയ്ക്കുന്ന മരുഭൂമി
ഓർമ്മകളുടെ ചുഴി നിറഞ്ഞ കടലുകൾ, എല്ലാം
ആ തളർന്ന നോട്ടത്തിൽ നശിച്ചേപോവുന്നു

ഞാൻ ഉയർത്തിപ്പിടിച്ച എല്ലാ
മൂല്യങ്ങളേയും അത് വറ്റിക്കുന്നു
സംസ്കാരമെന്ന
ഈ നശിച്ച ചിട്ടുകൊട്ടാരത്തെ,
വിറ്റഴിക്കപ്പെട്ട ഈ നുണയെ
അത് തല്ലിയുടയ്ക്കുന്നു.

കാവ്യനീതിയുടെ സൂര്യകാന്തിമുഖത്ത്
മഷിപ്പാത്രങ്ങൾ ഉടയ്ക്കുന്ന എന്താണ്
നിന്റെ പേരിലുള്ളത് ബിൽക്കീസ്?

സലേഹയുടെ പൊട്ടിപ്പിളർന്ന
മൃദുവായ തലയോട്ടിപോലെ,
നിന്റെ രക്തത്തിൽ കുതിർന്ന നിശ്വാസമേറ്റ്
ഈ അപമാനിതയായ ഭൂമി ഒരിക്കൽ
പൊട്ടിത്തെറിക്കും

ഒരു പെറ്റിക്കോട്ടുമിട്ട് നീ കയറിയ കുന്നുകൾ
ഒരുപക്ഷേ കാലങ്ങളോളം
ഒരു പുല്ലുപോലും മുളയ്ക്കാതെ
വിവസ്ത്രയായിക്കിടക്കും
ഈ ഭൂമിയിലൂടെ വീശിയടിക്കുന്ന കാറ്റ്
വന്ധ്യതയുടെ ശാപവചനങ്ങൾ മുഴക്കും

പ്രപഞ്ചത്തിന്റെ ദീർഘമായ
അർദ്ധവൃത്തത്തിനിടയിൽ‌വെച്ച്
എന്റെ ലൈംഗികോപാസനയുടെ തൂലികയെ
തടഞ്ഞുനിർത്തുകയും
അതിന്റെ മുനയൊടിക്കുകയും ചെയ്യുന്ന
എന്താണ് നിന്റെ പേരിലുള്ളത് ബിൽക്കീസ്?

നിന്റെ സ്പർശമേൽക്കുന്നതുവരെ,
നീ ഊർജ്ജം പകരുന്നതുവരെ
നിർജ്ജീവമായ ഒരു ദയാവായ്പായി,
നിഗൂഢമായ നിയമവ്യാപാരമായി
ഒരുപക്ഷേ ഈ കവിതയും
പാഴായിക്കിടന്നേക്കാം

അതിന് നിന്റെ പേര് നൽകൂ ബിൽക്കീസ്
വെറുമൊരു പേരല്ല,
എന്റെ ജരാഗ്രസ്തമായ, ദുഷിച്ച
വിഷയങ്ങൾക്കുള്ള ക്രിയാപദമാകൂ നീ,
ബിൽക്കീസ്.

നങ്കൂരമിടാത്ത നാമപദങ്ങളെ
വിശേഷണപദങ്ങളാക്കൂ ബിൽക്കീസ്
യുദ്ധസജ്ജമായ പ്രവൃത്തികളെ,
പുറത്തുവരാൻ പഠിപ്പിക്കുന്ന
ചോദ്യരൂപത്തിലുള്ള, ചുണയുള്ള
ക്രിയാവിശേഷണങ്ങളാക്കൂ ബിൽക്കീസ്

വൈകല്യങ്ങൾ തീർത്ത്, എന്റെ ഭാഷയെ
സൌ‌മ്യവും സർപ്പഗതിയുമുള്ളതാക്കൂ ബിൽക്കീസ്
ഉൾക്കരുത്തിന്റെ ഒരു രൂപകം
സ്വാതന്ത്ര്യത്തിന്റെ അലങ്കാരം
നീതിയുടെ സ്വരാക്ഷരപ്രാസം
പകയുടെ വിരോധാലങ്കാരം

എന്നിട്ട്, അതിന് നിന്റെ കാഴ്ച നൽകൂ ബിൽക്കീസ്
നിന്നിൽനിന്നൊഴുകുന്ന രാത്രി
അതിന്റെ കണ്ണുകളുടെ അഞ്ജനമാകട്ടെ ബിൽക്കീസ്

നിന്റെ നാമം അതിന്റെ പ്രാസമാവട്ടെ ബിൽക്കീസ്,
നിന്റെ നാമം അതിന്റെ വാദ്യഘോഷമാവട്ടെ ബിൽക്കീസ്
നിന്റെ പേർ
താളുകളുടെ തടവറ തകർക്കട്ടെ.

ഈ കവിത ചിറകുകൾ വിടർത്തി
ഉയരങ്ങളിലേക്ക് കുതിക്കട്ടെ,
മാനവികതയുടെ വെള്ളപ്പിറാവുകൾ
ഈ രക്തഗ്രഹത്തെ
അതിന്റെ ചിറകിനടിയിലൊതുക്കട്ടെ,
നിന്റെ പേരിലുള്ളതെല്ലാം നൽകി
അതിന് വിശ്രാന്തി പകരട്ടെ

പ്രാർത്ഥന,
ഒരിക്കലെങ്കിലും എന്റെ പേർ
നിന്റേതാകട്ടെ, ബിൽക്കീസ്

പരിഭാഷ: രാജീവ് ചേലനാട്ട്

Poem : Hemang Ashwinkumar

హేమాంగ్ అశ్విన్‌కుమార్ గుజరాతీ, ఆంగ్ల భాషలలో రచనలుచేస్తున్న కవి, కాల్పనిక రచయిత, అనువాదకుడు, సంపాదకుడు, విమర్శకుడు. ఈయన చేసిన ఆంగ్ల అనువాదాలలో పొయెటిక్ రిఫ్రాక్షన్స్ (2012), థర్స్టీ ఫిష్, ఇతర కథలు (2013); వల్చర్స్ (రాబందులు) (2022) అనే గుజరాతీ నవల ఉన్నాయి. అరుణ్ కోలాట్కర్ రాసిన కాలా ఘోడా పద్యాలు (2020), సర్పసత్ర (2021), జెజురి (2021)లను ఈయన గుజరాతీలోకి అనువదించారు.

Other stories by Hemang Ashwinkumar
Illustration : Labani Jangi

లావణి జంగి 2020 PARI ఫెలో. పశ్చిమ బెంగాల్‌లోని నాడియా జిల్లాకు చెందిన స్వయం-బోధిత చిత్రకారిణి. ఆమె కొల్‌కతాలోని సెంటర్ ఫర్ స్టడీస్ ఇన్ సోషల్ సైన్సెస్‌లో లేబర్ మైగ్రేషన్‌పై పిఎచ్‌డి చేస్తున్నారు.

Other stories by Labani Jangi
Editor : Pratishtha Pandya

PARI సృజనాత్మక రచన విభాగానికి నాయకత్వం వహిస్తోన్న ప్రతిష్ఠా పాండ్య PARIలో సీనియర్ సంపాదకురాలు. ఆమె PARIభాషా బృందంలో కూడా సభ్యురాలు, గుజరాతీ కథనాలను అనువదిస్తారు, సంపాదకత్వం వహిస్తారు. ప్రతిష్ఠ గుజరాతీ, ఆంగ్ల భాషలలో కవిత్వాన్ని ప్రచురించిన కవయిత్రి.

Other stories by Pratishtha Pandya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat