ഒരു മരക്കൊമ്പുകൊണ്ട് നിലത്തടിച്ചുകൊണ്ടാണ് തെങ്ങുകളുടെ താഴെ താൻ വന്നിട്ടുണ്ടെന്ന് തങ്കമ്മ എ.കെ. പ്രഖ്യാപിക്കുക. “കാട് പിടിച്ച ഈ പറമ്പുകളിൽ ഞാൻ കയറുന്നത് വളരെ ശ്രദ്ധിച്ചാണ്. വടികൊണ്ട് നിലത്തടിച്ച് ശബ്ദമുണ്ടാക്കും. അപ്പോൾ പാമ്പോ മറ്റോ ഉണ്ടെങ്കിൽ പൊയ്ക്കൊള്ളും”, തെങ്ങുകളുടെ കീഴിലുള്ള ഇഴജന്തുക്കളുടെ ദേഹത്ത് ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ച് മരക്കൊമ്പുകളും പൊന്തക്കാടുകളും വകഞ്ഞുമാറ്റി നടക്കുമ്പോൾ തങ്കമ്മ പറഞ്ഞു.
എറണാകുളത്തെ ഒരു ഹൌസിംഗ് കോളണിയിലെ ഒരു ഒഴിഞ്ഞ പറമ്പാണ് ഈ ചെറിയ കാട്ടുപ്രദേശം. “വഴിയിൽ നല്ല തേങ്ങ (നാളികേരം) കിട്ടിയാൽ കോളടിച്ചതുപോലെയാണ്”, 62 വയസ്സുള്ള തങ്കമ്മ പറയുന്നു. അവ പെറുക്കിക്കൂട്ടി, വിറ്റാണ് അവർ അന്നത്തിനുള്ള വഴി കണ്ടെത്തുന്നത്. മലയാളികളുടെ പാചകത്തിൽ നാളികേരത്തിന് വലിയ സ്ഥാനമുണ്ട്. വർഷം മുഴുവൻ ലഭിക്കുന്ന, ധാരാളം ആവശ്യക്കാരുള്ള ഫലമാണ് അത്.
“പണ്ട് ഞാൻ പണി കഴിഞ്ഞതിനുശേഷം, അയൽവക്കത്തുനിന്ന് (പുതിയ റോഡ് കവല) തേങ്ങ ശേഖരിച്ചിരുന്നു. പക്ഷേ ഇപ്പോൾ അസുഖം വന്ന് ജോലിക്ക് പോകാനാവുന്നില്ല”, വളർന്ന് വലുതായ പുല്ലുകൾക്കിടയിലൂടെ സാവധാനം അവർ നടന്നു. ഒരു കൈ നെറ്റിയിൽവെച്ച് സൂര്യന്റെ ഉച്ചവെയിൽ മറച്ച്, ഇടയ്ക്കിടയ്ക്ക് ശ്വാസമെടുക്കാനോ തേങ്ങ തിരയാനോ അവർ ഒന്ന് നിൽക്കും.
അഞ്ചുവർഷം മുമ്പ്, തങ്കമ്മയ്ക്ക് ശ്വാസംമുട്ടലും, ക്ഷീണവും തൈറോയ്‌ഡ് സംബന്ധമായ അസുഖങ്ങളും ആരംഭിച്ചു. അതോടെ, മുഴുവൻ സമയവും ചെയ്തിരുന്ന വീട്ടുജോലിക്കാരിയുടെ പണി അവർ നിർത്തി. ആ പണിയിൽനിന്ന് മാസാമാസം കിട്ടിയിരുന്ന 6,000 രൂപയും അതോടെ നിലച്ചു. വീട്ടിലിരിക്കുക എന്നത് അവർക്ക് സാധിക്കുമായിരുന്നില്ല. എന്തെങ്കിലും വരുമാനമുണ്ടാവേണ്ടത് ആവശ്യമായിരുന്നു. അതിനാൽ, പിന്നീടവർ, വീടുകളിൽ പൊടിതട്ടലും, മുറ്റമടിക്കലും ചെയ്തുതുടങ്ങി. കോവിഡ്-19 വന്നതോടെ അതും അവസാനിച്ചു.
അതിനുശേഷം തങ്കമ്മ തന്റെ ചിലവുകൾ നടത്തിയിരുന്നത്, ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽനിന്ന് വീണുകിട്ടുന്ന തേങ്ങകൾ വിറ്റിട്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ വകയായി 1,600 രൂപ പെൻഷനും അവർക്ക് ലഭിക്കുന്നുണ്ട്.
“ഈ പറമ്പുകളിലേക്ക് കടക്കുന്നതിൽനിന്ന് ആരുമെന്നെ തടഞ്ഞിട്ടില്ല. ഞാൻ ആർക്കും ഒരു ഉപദ്രവവും ചെയ്യില്ലെന്ന് എല്ലാവർക്കും അറിയാം”. നല്ല തെങ്ങുകളും തേങ്ങയുമന്വേഷിച്ച് ആളില്ലാത്ത പുരയിടങ്ങളിൽ സ്ഥിരമായി കയറിയിറങ്ങുന്നതിനെ സൂചിപ്പിച്ച് അവർ പറഞ്ഞു.
സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അവർ കൊമ്പുകളൊടിച്ച്, തെങ്ങിന്റെ ചുവട്ടിലുള്ള കാടുകളും പൊന്തകളും വകഞ്ഞുമാറ്റി, വീണുകിടക്കുന്ന തേങ്ങകൾക്കായി പരതുന്നുണ്ടായിരുന്നു. ഒരു തേങ്ങ കിട്ടിയപ്പോൾ, അത് മതിലിന്റെ പുറത്തുവെച്ച്, അടുത്തതിനായുള്ള അന്വേഷണം തുടങ്ങി.
ഒരു മണിക്കൂറെടുത്ത് തേങ്ങകൾ പെറുക്കിക്കൂട്ടി അവർ ജോലി അവസാനിപ്പിച്ചു. അതിനുശേഷം, മതിൽ കടന്ന് അടുത്ത വീട്ടിലേക്ക് ചെന്നു. ആ വീടിന്റെ ഉടമസ്ഥൻ അവർക്ക് ഒരു ഗ്ലാസ് വെള്ളം കൊടുത്തു. പണ്ട്, ആ വീട്ടിലായിരുന്നു അവർ പണിയെടുത്തിരുന്നത്.
ക്ഷീണമകറ്റിയതിനുശേഷം തങ്കമ്മ, ഉടുപ്പിലെ ഇലകളും വള്ളികളുമൊക്കെ തട്ടിക്കുടഞ്ഞ്, തേങ്ങകൾ തരംതിരിച്ച് അടുത്തുള്ള ഹോട്ടലിലും അയൽവക്കത്തെ വീടുകളിലും വിൽക്കാനായി വെവ്വേറെ സഞ്ചികളിലാക്കിവെച്ചു. സാധാരണ വലിപ്പമുള്ള ഒരു തേങ്ങയ്ക്ക് അവർക്ക് 20 രൂപ കിട്ടും. വലുതിന് 30 രൂപയും.
തരംതിരിച്ചതിനു ശേഷം, തങ്കമ്മ ഒന്ന് കാലും മുഖവും കഴുകി ജോലിസമയത്തെ വേഷം - പഴയൊരു നൈറ്റി - മാറ്റി, സാരി ധരിച്ച് പുതിയ റോഡ് കവലയിലേക്കുള്ള ബസ്സ് പിടിക്കാൻ ഓടി. അവിടെയുള്ള ഒരു ഹോട്ടലിലാണ് അവർ ഈ തേങ്ങകൾ വിൽക്കുന്നത്.
“വരുമ്പോഴൊക്കെ തേങ്ങ കിട്ടണമെന്നില്ല. ഭാഗ്യമനുസരിച്ചിരിക്കും. ചിലപ്പോൾ കുറേ കിട്ടും. ചിലപ്പോൾ ഒന്നും തടയില്ല”, അവർ പറയുന്നു.
തെങ്ങിന്റെ മുകളിലേക്ക് നോക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങിയെന്ന് സങ്കടപ്പെടുന്നു തങ്കമ്മ. സംസാരത്തിനിടയ്ക്ക് ശ്വാസമെടുക്കാൻ അവർക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. “എന്റെ തല കറങ്ങും”, തന്റെ ക്ഷയിക്കുന്ന ആരോഗ്യത്തിന്റെ കാരണമായി അവർ കാണുന്നത്, വീടിനടുത്തുള്ള ഫാക്ടറികളിൽനിന്ന് വമിക്കുന്ന മാലിന്യത്തെയാണ്.
വിരോധാഭാസമെന്ന് തോന്നാം. തന്റെ ഭക്ഷണത്തിൽ തങ്കമ്മ തേങ്ങ ചേർക്കാറില്ല. “എന്റെ കറികളിൽ ഞാൻ തേങ്ങ ഉപയോഗിക്കാറില്ല. വല്ലപ്പോഴും പുട്ടും (അരിപ്പൊടിയും തേങ്ങ ചിരകിയതും ഇടകലർത്തി ഒരു വലിയ കുഴലിലിട്ട്, വേവിച്ചെടുക്കുന്നത്) ഉണ്ടാക്കുമ്പോഴും അയലക്കറി (ഒരുതരം മത്സ്യം) ഉണ്ടാക്കുമ്പോഴും മാത്രമേ തേങ്ങ ചേർക്കൂ”, അവർ പറയുന്നു. അതിന്റെ ചകിരി, അടുപ്പ് കത്തിക്കാനും, കൊപ്ര മില്ലിൽ കൊടുത്ത് വെളിച്ചെണ്ണ ഉണ്ടാക്കാനും അവർ ഉപയോഗിക്കാറുണ്ട്. മുളച്ച മച്ചിങ്ങ (വിത്ത്) മകൻ കണ്ണന് കൊടുക്കും. ബോൺസായ് കൃഷി ചെയ്യാൻ.
ആരോഗ്യമുണ്ടായിരുന്ന കാലത്ത്, തേങ്ങയുടെ വിളവെടുപ്പ് കാലം കണക്കാക്കിയായിരുന്നു തങ്കമ്മ പുരയിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നത്. അതായത് 40 ദിവസത്തിൽ ഒരിക്കൽ. അതിനാൽത്തന്നെ കൂടുതൽ വിളഞ്ഞ് പാകമായ തേങ്ങകൾ കിട്ടാറുമുണ്ടായിരുന്നു അന്ന്. എന്നാൽ ഇന്ന്, ഏലൂരിലെ വീട്ടിൽനിന്ന് പുതിയ റോഡിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതുകൊണ്ട് യാത്ര വല്ലപ്പോഴും മാത്രമേയുള്ളു. “പുതിയ റോഡിൽ താമസിക്കുമ്പോൾ എല്ലാം എളുപ്പമായിരുന്നു. എന്നാലിപ്പോൾ, 20 മിനിറ്റ് ബസ്സ് യാത്രയും 15 മിനിറ്റ് നടത്തവും വലിയ ബുദ്ധിമുട്ടാണ് എനിക്ക്”, ബസ്സ് കാത്തുനിൽക്കുമ്പോൾ അവർ പറഞ്ഞു.
അഞ്ച് സഹോദരങ്ങളുടെ കൂടെ പുതിയ റോഡ് കവലയിലുള്ള പ്രദേശത്താണ് തങ്കമ്മ ജനിച്ചുവളർന്നത്. അവരുടെ കുടുംബവീട് നിന്നിരുന്ന സ്ഥലം പിന്നീട് സഹോദരന്മാർക്കും സഹോദരിമാർക്കുമിടയിൽ ഭാഗംവെച്ചു. തങ്കമ്മയ്ക്ക് കിട്ടിയ ഓഹരി, മരിച്ചുപോയ ഭർത്താവ് വിറ്റു. താമസിക്കാൻ ഒരിടമില്ലാതെയായ അവർ ചിലപ്പോൾ സഹോദരിയൊടൊപ്പം പുതിയ റോഡിലും മറ്റ് ചിലപ്പോൾ ഒരു പാലത്തിന്റെ ചുവട്ടിലും താമസിച്ചു. ഇപ്പോൾ, ഏലൂരിലെ പട്ടികജാതി കോളണിയിലെ മൂന്ന് സെന്റിൽ (1306.8 ചതുരശ്രയടി) നിർമ്മിച്ച വീട്ടിലാണ് അവർ താമസിക്കുന്നത്. ഭവനരഹിതരായ ആളുകൾക്ക് പഞ്ചായത്ത് പട്ടയമായി നൽകിയ സ്ഥലമാണ് അത്.
തങ്കമ്മയ്ക്കും പുതിയ റോഡ് പ്രദേശങ്ങളിൽ തെങ്ങുകയറ്റക്കാരനായിരുന്ന ഭർത്താവ് വേലായുധനും രണ്ട് മക്കളാണുള്ളത്, 34 വയസ്സായ കണ്ണനും, 36 വയസ്സായ കാർത്തികയും. കണ്ണൻ തൃശ്ശൂരിൽ താമസിച്ച്, ഭാര്യയുടെ കുടുംബത്തിനെ കൃഷിയിൽ സഹായിക്കുന്നു. കാർത്തിക തൊട്ടടുത്തുതന്നെ മൂന്ന് വയസ്സുള്ള മകൾ വൈഷ്ണവിയുമായി താമസിക്കുന്നു. തങ്കമ്മ വൈഷ്ണവിയെ പുന്നാരിച്ച് വിളിക്കുന്നത് ‘തക്കാളി’ എന്നാണ്. “പേരക്കുട്ടികളുടെ കൂടെ കഴിയുന്നത് രസമാണ്. എന്നാൽ നല്ല അദ്ധ്വാനവും ക്ഷീണിപ്പിക്കുന്നതുമായ പണിയാണ്”, തങ്കമ്മ പറയുന്നു.
*****
“എനിക്ക് കാഴ്ചയ്ക്ക് നല്ല ബുദ്ധിമുട്ടുണ്ട്. അതിനാൽ, തേങ്ങയന്വേഷിച്ച് ഞാനിപ്പോൾ പോകാറില്ല”, ഒരു കെട്ട് തുണിയും കുറച്ച് കടലാസ്സുകളും തത്തയ്ക്കുള്ള തീറ്റപ്പാത്രവും കട്ടിലിൽ ഒരുക്കുമ്പോൾ അവർ പറയുന്നു. തങ്കമ്മ, തന്റെ വളർത്തുതത്തയുമായി ഒറ്റയ്ക്ക് കഴിയുകയാണ് വീട്ടിൽ. ആരെങ്കിലും പുറത്തുനിന്ന് വന്നാൽ വിളിച്ചുപറയാനും അതിനെ (തത്തയെ) പരിശീലിപ്പിച്ചിട്ടുണ്ട്.
പണ്ടത്തെ ദിവസങ്ങൾ ഓർത്തെടുത്ത് അവർ പറഞ്ഞു. “ഒരിക്കൽ ഒരു പാമ്പ് വളരെയടുത്തുകൂടെ പോയി. ഞാൻ അനങ്ങാതെ നിന്നു. അത് എന്റെ തേഞ്ഞുപോയ ചെരുപ്പിന്റെ മീതേക്കൂടി ഇഴഞ്ഞുപോയി. ഇപ്പോൾ എനിക്ക് പാമ്പിനെയൊന്നും കാണാൻ സാധിക്കില്ല. തേങ്ങയും”. അവരുടെ കാഴ്ചശക്തി വല്ലാതെ കുറഞ്ഞിരിക്കുന്നു. രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന അവർക്കിപ്പോൾ മരുന്നുകളോ ആവശ്യത്തിനുള്ള ഭക്ഷണമോ വാങ്ങാനുള്ള ശേഷിയില്ല.
“ഞാൻ ജോലി ചെയ്തിരുന്ന വീട്ടുകാരൊക്കെ ഇപ്പോഴും പൈസയായിട്ടും സാധനങ്ങളായിട്ടും സഹായിക്കാറുണ്ട്. പക്ഷേ അവരെ ചെന്ന് കാണാൻ ഇപ്പോൾ വയ്യാതായി”, പരിചയത്തിലുള്ള ഒരു വീട്ടുകാരെ സന്ദർശിക്കാൻ പോവുന്ന വഴിക്ക് അവർ പറഞ്ഞു. പോകുന്ന വഴിക്ക് ക്ഷീണവും തളർച്ചയും തോന്നിയപ്പോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയാക്കാൻ കൈയ്യിൽ കരുതിയിരുന്ന ഒരു മിഠായി അവർ കഴിച്ചു.
പരിഭാഷ: രാജീവ് ചേലനാട്ട്