"രണ്ട് സ്ക്വാഡുകള്‍ ആയിട്ടായിരുന്നു  ഞങ്ങള്‍  തീവണ്ടി  ആക്രമിച്ചത്. ഒരെണ്ണത്തിന്‍റെ നേതൃത്വം  ജി.ഡി. ബാപ്പു  ലാടിന് ആയിരുന്നു. അടുത്തതിന്‍റെ ചുമതല  എനിക്കും. പാളത്തില്‍ പാറകല്ലുകള്‍ കൂമ്പാരം  കൂട്ടി ഞങ്ങള്‍  തീവണ്ടി  തടഞ്ഞു. താങ്കള്‍  നില്‍ക്കുന്ന  അതേ സ്ഥലത്ത്. തീവണ്ടിയുടെ  പിന്നിലും  കല്ലുകള്‍  പെറുക്കിയിട്ടു. അങ്ങനെ  ചെയ്തത് വണ്ടി   മടങ്ങി പോകുന്ന  സാധ്യത  ഒഴിവാക്കാന്‍. കുറച്ച് അരിവാളുകളും വടികളും  ഏറു പടക്കങ്ങളും  അല്ലാതെ  ഞങ്ങളുടെ  കൈവശം  ആയുധങ്ങള്‍  ഒന്നുമുണ്ടായിരുന്നില്ല. തീപന്തങ്ങള്‍  പോലുമില്ലായിരുന്നു. പ്രധാന  ഗാര്‍ഡിന്‍റെ കൈവശം  തോക്കുണ്ടായിരുന്നു.  പക്ഷെ  അയാളെ  ഭയപ്പെടുത്തി  വളരെ  വേഗം  കീഴടക്കി. ശമ്പള  പട്ടിക  കൈക്കലാക്കി ഞങ്ങള്‍  വാതിലടച്ചുഅയാളെ  അകത്തിട്ടു."

സംഭവം  നടന്നിട്ട്  73 വര്‍ഷങ്ങള്‍  കഴിഞ്ഞു. എന്നാല്‍  ഇന്നലെ  സംഭവിച്ച  ഒരു  കാര്യം  എന്നപോലെ  `ക്യാപ്റ്റന്‍ ഭാവു’ ലാഡ് അന്നത്തെ  കാര്യങ്ങള്‍  വിവരിച്ചു.  രാമചന്ദ്ര  ശ്രീപതി  എന്നാ  ഭാവുവിന് 94 വയസ്സായി. (മറാത്തിയില്‍  ഭാവു എന്നാല്‍  സഹോദരന്‍, മൂത്ത സഹോദരന്‍  എന്നൊക്കെയാണ്  അര്‍ഥം). ബ്രിട്ടീഷ്  ഭരണകൂടത്തിലെ  ജീവനക്കാരുടെ  ശമ്പളവുമായി  പോയിക്കൊണ്ടിരുന്ന  പൂനെ-മിറാജ്  തീവണ്ടി  ആക്രമിച്ചത്  അദ്ദേഹം  ഓര്‍ത്തെടുക്കുമ്പോള്‍  മറവി  ഒട്ടും  ബാധിച്ചിരുന്നില്ല.``ഇപ്പോഴത്തെ  ആവേശം  അദ്ദേഹത്തില്‍  അടുത്തൊന്നും  കണ്ടിട്ടില്ല,,’’ സഹായിയായി  കൂടെ ഉള്ള  ബാലാസാഹെബ്  ഗണപതി  ഷിണ്ടേ ചെവിയില്‍  മന്ത്രിച്ചു. എന്നാല്‍  ഓര്‍മ്മകള്‍  `ക്യാപ്ടന്‍  മൂത്ത സഹോദരനില്‍’  തിരയടിക്കുക ആയിരുന്നു. തൂഫാന്‍  സേന  തീവണ്ടി  ആക്രമിച്ച  അതെ സ്ഥലത്ത്  ഞങ്ങള്‍ നിന്നു. 1943 ജൂണ്‍  ഏഴിനായിരുന്നു  ആക്രമണം.

സതാര  ജില്ലയിലെ  ഷേനോളി ഗ്രാമത്തിലായിരുന്നു  ആക്രമണം. ആ ദിവസത്തിന്  ശേഷം  ആദ്യമായാണ്  അദ്ദേഹം  അവിടെ  വന്നെത്തുന്നത്.  കുറെ നിമിഷങ്ങളില്‍  അദ്ദേഹം  ഓര്‍മകളില്‍  സ്വയം  നഷ്ടപ്പെട്ടു. പിന്നെ  തിരികെ  വന്നു. ആക്രമണത്തില്‍  പങ്കെടുത്ത  ഓരോ  സഖാവിനേയും അദ്ദേഹം  ഓര്‍മിചെടുത്തു. പിന്നെ  ഒരു  കാര്യം  വ്യക്തമായി  ഓര്‍മിപ്പിച്ചു: ``ട്രെയിനില്‍  നിന്നും എടുത്ത  പണം ആരുടേയും  പോക്കറ്റില്‍  അല്ല  പോയത്. മറിച്ച് സതാറയില്‍  രൂപപ്പെട്ട താത്കാലിക ബദല്‍  സര്‍ക്കാരിലേക്ക്  ആയിരുന്നു. പാവങ്ങള്‍ക്കും  ആവശ്യക്കാര്‍ക്കും  അത്  നല്‍കി.’’



"തീവണ്ടി  ഞങ്ങള്‍  കൊള്ളയടിക്കുക  ആയിരുന്നു  എന്ന്  പറയുന്നത്  അനീതിയാണ്. ഇന്ത്യന്‍  ജനതയില്‍  നിന്നും ബ്രിട്ടീഷ്  സര്‍ക്കാര്‍  കൊള്ളയടിച്ച  പണം  ഞങ്ങള്‍  തിരിച്ചു  കൊണ്ടുവരിക  ആയിരുന്നു.," അദ്ദേഹം  അഭിമാനത്തോടെ  പറഞ്ഞു.  ഒരു  വര്ഷം  മുന്‍പ്  മരിച്ചു പോയ  ജി  ഡി  ലാഡ് 2010-ല്‍ പറഞ്ഞ  വാക്കുകളുടെ തനിയാവര്‍ത്തനം  ആയിരുന്നു  അത്.

ഇന്ത്യന്‍  സ്വാതന്ത്ര്യ  സമരത്തിലെ  ഉജ്വലമായ  ഒരേടായിരുന്നു അത്. തൂഫാന്‍  സേന  അല്ലെങ്കില്‍  ചുഴലിക്കാറ്റ് സേന എന്നത്    ബദല്‍  സര്‍കാരിന്‍റെ സായുധ വിഭാഗം  ആയിരുന്നു. 1942-ലെ ക്വിറ്റ്‌  ഇന്ത്യാ  സമരത്തില്‍  നിന്നും  ആവേശം  ഉള്‍കൊണ്ട  കുറെ  യുവ  വിപ്ലവകാരികള്‍  ചേര്‍ന്ന്  സതാറയില്‍  ഒരു  ബദല്‍  സര്‍ക്കാര്‍  ഉണ്ടാക്കി. ഇപ്പോഴത്തെ  സാങ്ക്ളി  കൂടെ  ചേരുന്ന  വലിയൊരു  ജില്ല ആയിരുന്നു  അത്.

ആ പ്രദേശത്തെ 600 ഗ്രാമങ്ങളില്‍  ചുരുങ്ങിയത് 150 എങ്കിലും ഉള്‍ചേര്‍ന്ന  ആ  സര്‍ക്കാര്‍  വളരെ ശക്തമായി  ബ്രിട്ടീഷ്  ഭരണത്തെ  ചെറുത്തു നിന്ന്  ജനാഭിലാഷം നടപ്പിലാക്കി.

ഒളിവില്‍  പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍  എന്ന  എന്‍റെ പ്രയോഗം  ക്യാപ്ടന്‍  ഭാവുവിനെ  പ്രകോപിപ്പിച്ചു.  “ഒളിവിലെ സര്‍ക്കാര്‍ എന്നത് കൊണ്ട് താങ്കള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇവിടുത്തെ  സര്‍ക്കാര്‍  ഞങ്ങള്‍  തന്നെ  ആയിരുന്നു. കോളനി വാഴ്ചക്കാര്‍ക്ക്  ഇവിടെ  വരാനേ  പറ്റിയിരുന്നില്ല...പോലീസിനു  പോലും  തൂഫാന്‍  സേനയെ  ഭയമായിരുന്നു,’’ അദ്ദേഹം  പറഞ്ഞു.


02-PS-‘Captain Elder Brother’  and the whirlwind army.jpg

ക്യാപ്ടന്‍  ഭാവു 1942 ലും  എഴുപത്തി  നാല്  വര്‍ഷങ്ങള്‍ക്കു  ശേഷം  ഇപ്പോഴും  (വലത്)


അത് സത്യമായിരുന്നു. ക്രാന്തി സിംഗ്  നാനാ പാട്ടീല്‍  നയിച്ച  ബദല്‍  സര്‍ക്കാര്‍  ആ ഗ്രാമങ്ങളെ പൂര്‍ണമായി  നിയന്ത്രിച്ചു. ഭക്ഷ്യ ധാന്യങ്ങളുടെ  സമാഹരണവും  വിതരണവും  നിയന്ത്രിച്ചു. സമഗ്രമായ  വ്യാപാര  സംവിധാനം  ഉണ്ടാക്കി. നീതിന്യായ സംവിധാനം  നടപ്പാക്കി. കൊള്ളപലിശക്കാര്‍, ഊഹ കച്ചവടക്കാര്‍, ഭൂവുടമകള്‍  തുടങ്ങി  ബ്രിട്ടീഷ് ഭരണക്കാരുടെ  ഏജന്റുമാര്‍ ആയിരുന്നവര്‍ക്ക്  പിഴയിട്ടു. ``ക്രമസമാധാനം  ഞങ്ങള്‍  തന്നെയാണ്  നിയന്ത്രിച്ചത്. ജനങ്ങള്‍  ഞങ്ങള്‍ക്ക്  ഒപ്പമായിരുന്നു,’’  ഭാവു പറഞ്ഞു. ധീരമായ  ചെറുത്തുനില്‍പ്പ്‌ ആയിരുന്നു  സേനയുടെത്. സാമ്രാജ്യത്വത്തിന്‍റെ  ആയുധ പുരകള്‍, തീവണ്ടികള്‍, ഖജനാവുകള്‍, പോസ്റ്റ്‌  ഓഫീസുകള്‍  എല്ലാം  കൊള്ളയടിച്ചു. കഷ്ടപ്പെട്ടിരുന്ന  കര്‍ഷകര്‍ക്കും  തൊഴിലാളികള്‍ക്കും  സാമ്പത്തിക  ആശ്വാസങ്ങള്‍  പ്രധാനം  ചെയ്തു.

ക്യാപ്ടന്‍  പലവട്ടം  ജയിലില്‍  ആയിട്ടുണ്ട്. എന്നാല്‍  അദ്ദേഹത്തിന്‍റെ ആര്‍ജവവും  ഔന്നത്യവും  ജയില്‍  ജീവനക്കാരുടെ  വരെ  ആദരം നേടിക്കൊടുത്തു.  ``ഔന്ധിലെ  ജയിലില്‍  ആയിരുന്നു  മൂന്നാം  വട്ടം. കൊട്ടാരത്തില്‍  രാജാവ്‌  എന്ന  പോലെ  ആയിരുന്നു  അവിടുത്തെ  വാസം,’’ അദ്ദേഹം  ചിരിച്ചു  കൊണ്ട്  ഓര്‍മിച്ചു. 1943 നും  1946 നും  ഇടയില്‍  സതാറയില്‍ ബദല്‍ സര്‍ക്കാരും  അതിന്‍റെ കൊടുംകാറ്റു സേനയും  ശക്തമായി  നിലനിന്നു. ഇന്ത്യയുടെ  സ്വാതന്ത്ര്യം  ഉറപ്പായപ്പോള്‍  അത്  പിരിച്ചുവിടപ്പെട്ടു.

ഞാന്‍  വീണ്ടും  അദ്ധേഹത്തെ  പ്രകോപിപ്പിച്ചു. ``ഞാന്‍  എപ്പോഴാണ്  തൂഫാന്‍  സേനയില്‍  ചേര്‍ന്നത്  എന്ന്  ചോദിച്ചത്  കൊണ്ട്  നിങ്ങള്‍  എന്താണ്  അര്‍ത്ഥമാക്കിയത്? ഞാന്‍  ആണത്  സ്ഥാപിച്ചത്,’’ ചോദ്യവും  ഉത്തരവും  ഒന്നിച്ചായിരുന്നു.

നാനാ പാട്ടീല്‍  സര്‍ക്കാരിനെ  നയിച്ചു. അദ്ധേഹത്തിന്റെ  വലം  കൈ  ആയിരുന്ന  ജി ഡി  ബാപ്പു  ലാഡ് സേനയുടെ  ഫീല്‍ഡ്  മാര്‍ഷല്‍  ആയിരുന്നു. ഓപ്പറെഷണല്‍ വിഭാഗം  തലവന്‍  ക്യാപ്ടന്‍  ഭാവു ആയിരുന്നു.കോളനി  ഭരണത്തിന്  കടുത്ത  വെല്ലുവിളിയും  ഭീഷണിയും  ആയിരുന്നു അവരുടെ  കൂട്ടായ്മ. ബംഗാളിലും  ബീഹാറിലും  ഉത്തര്‍ പ്രദേശിലും  ഒറീസയിലും  എല്ലാം  ഉയര്‍ന്നു വന്ന  സമാനമായ  മുന്നേറ്റങ്ങള്‍  ബ്രിട്ടീഷ്‌  സര്‍ക്കാരിന് കൈകാര്യം  ചെയ്യവുന്നതിലും  വലിയവ  ആയിരുന്നു.


03-DSC00407(Crop)-PS-‘Captain Elder Brother’  and the whirlwind army.jpg

തൂഫാന്‍  സേനയുടെ  ഒരു  പഴയ  ചിത്രം. കുണ്ടല്‍ മേഖലയില്‍  നിന്നും  1942 ലോ 1943 ലോ  എടുത്തത്


ക്യാപ്ടന്‍റെ വീട്ടിലെ  ഡ്രോയിംഗ്  റൂം  നിറയെ  ഓര്‍മകളും  മെമന്റോകളും  ആയിരുന്നു. തന്‍റെ എളിയ അവശ്യ വസ്തുക്കള്‍  സ്വന്തം  മുറിയില്‍ ഒതുക്കി. അദ്ധേഹത്തെക്കാള്‍  പത്തുവര്‍ഷം  ചെറുപ്പമാണ്  ഭാര്യ  കല്പന.  പത്തുവര്‍ഷം ഭര്‍ത്താവിനെക്കുറിച്ചും  അദ്ധേഹത്തിന്റെ  രീതികളെക്കുറിച്ചും  പറയാന്‍  അവര്‍ക്ക്  സന്തോഷമേയുള്ളൂ: ``നാളിത്  വരെ  സ്വന്തം  കുടുംബത്തിന്‍റെ കൃഷി ഭൂമി  എവിടെയെന്ന് അദ്ദേഹത്തിന്  അറിയില്ല. ഞാന്‍  ഒറ്റയ്ക്ക്  വീടും  കുട്ടികളും  കൃഷിയിടവും  നോക്കി  നടത്തി. എല്ലാം  ഞാന്‍  തന്നെയാണ്  നടത്തുന്നത്. അഞ്ചു മക്കളും  പതിമൂന്നു  കൊച്ചു മക്കളും പതിനൊന്ന് പേരക്കുട്ടികളും  ഉണ്ട്. അവരെ എല്ലാം  ഇത്രത്തോളം  നോക്കി  വളര്‍ത്തി. ``അദ്ദേഹം  തസ്ഗാവോണ്‍, ഔണ്ട്, യെര്‍വാദ  ജയിലുകളില്‍  ആയിരുന്നു ചിലപ്പോഴെല്ലാം. പുറത്ത്  വന്നാല്‍  ഗ്രാമങ്ങളില്‍  എവിടെ എങ്കിലും  അപ്രത്യക്ഷന്‍  ആകും. മാസങ്ങള്‍  കഴിഞ്ഞേ  തിരിച്ചു  വരൂ....എല്ലാം  ഞാന്‍  തന്നെ  നടത്തി. ഇപ്പോഴും  നടത്തുന്നു.


04-PS-‘Captain Elder Brother’  and the whirlwind army.jpg

സതാറയുടെയും  സാന്ഗ്ലിയുടെയും  വിവിധ  ഭാഗങ്ങളില്‍  നിന്നുള്ള  സ്വാതന്ത്ര്യ  സമര  സേനാനികളുടെ  പേരുകള്‍  ഉള്‍കൊള്ളുന്ന കുണ്ടലിലെ തൂണ്‍. ഇടത്തേ  നിരയില്‍  ആറാമത്  ക്യാപ്റ്റന്‍റെ പേര്. (വലത്): ക്യാപ്റ്റന്‍റെ ഭാര്യ  കല്പന  അവരുടെ  വീട്ടില്‍


ബദല്‍ സര്‍ക്കാരും  തൂഫാന്‍  സേനയും  മഹാരാഷ്ട്രയില്‍  നിന്നുള്ള  സ്വാതന്ത്ര്യ  സമര  പോരാളികളില്‍  പലരെയും  രൂപപ്പെടുത്തി.  നാനാ പാട്ടീല്‍, നഗ്നാഥ് നൈക്ക് വാടി, ജി  ഡി  ബാപ്പു  ലാഡ്, ക്യാപ്ടന്‍  ഭാവു എന്നിങ്ങനെ. സ്വാതന്ത്ര്യത്തിനു ശേഷം  അവരില്‍  പലര്‍ക്കും  അര്‍ഹിക്കുന്ന  പരിഗണന  ലഭിച്ചില്ല.

സേനയിലും  സര്‍ക്കാരിലും  വ്യത്യസ്ത  രാഷ്ട്രീയ  പ്രത്യയശാസ്ത്രങ്ങള്‍ ഉള്ളവര്‍ ഉണ്ടായിരുന്നു. പലരും  അന്നത്തെ  കമ്മ്യുണിസ്റ്റ്  പാര്‍ട്ടി  ഓഫ്  ഇന്ത്യയുടെ  അംഗങ്ങള്‍  ആയിരുന്നു.  . അവരില്‍  നാനാ പാട്ടീല്‍  അഖിലേന്ത്യാ  കിസാന്‍  സഭ  പ്രസിഡന്റ്  ആയി. 1957 ല്‍ സതാറയില്‍ നിന്നും  സി പി  ഐ  ടിക്കറ്റില്‍  ലോക്സഭാ അംഗമായി.  ഭാവുവും  ബാപ്പു  ലാഡും പോലുള്ളവര്‍  പെസന്റ് ആന്‍ഡ്‌  വര്‍ക്കേഴ്സ്  പാര്‍ട്ടിയില്‍  ചേര്‍ന്നു. മാധവ് റാവു  മനെയെ പോലുള്ളവര്‍  കോണ്‍ഗ്രസ്സില്‍  ചേര്‍ന്നു. പില്‍ക്കാലത്തെ  രാഷ്ട്രീയ സമീപനങ്ങള്‍  എന്ത്  തന്നെ  ആയാലും  ജീവിച്ചിരിക്കുന്ന  അന്നത്തെ  പോരാളികള്‍  എല്ലാം  സോവിയറ്റ്  യൂണിയനും  ഹിറ്റ്ലര്‍ക്ക്  എതിരെ  അത്  നടത്തിയ  പ്രതിരോധവും  തങ്ങളുടെ  ആവേശമായിരുന്നു  എന്ന്  ആവര്‍ത്തിച്ച്‌  പറയുന്നു. ആ  ആവേശമായിരുന്നു  അവര്‍ നടത്തിയ  മുന്നേറ്റത്തിന്‍റെ പ്രേരക ശക്തിയും.

പ്രായത്തിന്റെ അവശതകള്‍  ഉണ്ടെങ്കിലും  ആ  94 വയസ്സുകാരന്‍  ഓര്‍മകളില്‍  ഊളിയിട്ടു:  “സാധാരണ  മനുഷ്യര്‍ക്ക്‌  സ്വാതന്ത്ര്യം  ഉറപ്പാക്കുക  ആയിരുന്നു  ഞങ്ങളുടെ  ലക്‌ഷ്യം. അതൊരു  മനോഹരമായ  സ്വപ്നം  ആയിരുന്നു. സ്വാതന്ത്ര്യം  ഞങ്ങള്‍  ഉറപ്പു  വരുത്തി.’’ അയാളുടെ വാക്കുകളില്‍  അഭിമാനം  തുടിച്ചു.

``എന്നാല്‍  ആ  സ്വാതന്ത്ര്യം  അതിന്‍റെ യഥാര്‍ത്ഥ  അര്‍ത്ഥത്തില്‍  സാക്ഷാത്ക്കരിക്കാന്‍  നമുക്കായി  എന്നെനിക്കു  തോന്നുന്നില്ല. ഇന്ന്  പണം ഉള്ളവര്‍  ആണ്  ഭരിക്കുന്നത്. അതാണ്  നമ്മുടെ  സ്വാതന്ത്ര്യത്തിന്‍റെ സ്ഥിതി.’’

ക്യപ്ടാന്‍  മൂത്ത സഹോദരന്‍  തന്‍റെ കൊടുംകാറ്റു  സേനയുടെ  ഓര്‍മകളില്‍  ഇന്നും മ ജീവിക്കുകയാണ്. വാക്കുകളില്‍  ആ ഊര്‍ജം  ഉണ്ട്. ``തൂഫാന്‍  സേന  ഇവിടെ  തന്നെ ഉണ്ട്. ജനങ്ങള്‍ക്ക്‌  വേണ്ടി. ആവശ്യം  വരുമ്പോള്‍  അത്  ഉയര്‍ത്തെഴുന്നേല്ക്കും.’’


05-DSC00320-HorizontalSepia-PS-Captain Elder Brother and the whirlwind army.jpg


വിവര്‍ത്തനം: കെ  എ  ഷാജി.

పి సాయినాథ్ పీపుల్స్ ఆర్కైవ్స్ ఆఫ్ రూరల్ ఇండియా వ్యవస్థాపక సంపాదకులు. ఆయన ఎన్నో దశాబ్దాలుగా గ్రామీణ విలేకరిగా పని చేస్తున్నారు; 'Everybody Loves a Good Drought', 'The Last Heroes: Foot Soldiers of Indian Freedom' అనే పుస్తకాలను రాశారు.

Other stories by P. Sainath
Translator : K.A. Shaji

K.A. Shaji is a journalist based in Kerala. He writes on human rights, environment, caste, marginalised communities and livelihoods.

Other stories by K.A. Shaji