“എന്തെങ്കിലും ആഘോഷങ്ങളുണ്ടാകുമ്പോൾ ഞാൻ പാട്ടുകൾ രചിക്കാൻ തുടങ്ങും”.
ഒറ്റയാൾ പാട്ടുസംഘമാണ് കോഹിനൂർ. പാട്ട് ചിട്ടപ്പെടുത്തും, ധോൽ വായിച്ചുകൊണ്ട് പാടും. “എന്റെ കൂട്ടുകാർ ഒരുമിച്ച് കൂടി കോറസ് ചേരും”, ദൈനംദിന ജീവിതവും, കൃഷിയും, അദ്ധ്വാനവുമൊക്കെ കടന്നുവരുന്നുണ്ട് അവരുടെ പാട്ടുകളിൽ.
കോഹിനൂർ അപ്പ (അനിയത്തി) എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന അവർ പരിചയസമ്പന്നയായ തൊഴിലാളിപ്രവർത്തകയാണ്. ബെൽഡംഗ-1 ബ്ലോക്കിലെ ജാനകി നഗർ പ്രാഥമിക് വിദ്യാലയ പ്രൈമറി സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് അവരാണ്.
കുട്ടിക്കാലം മുതൽ ഞാൻ ബുദ്ധിമുട്ടുകൾ കണ്ടാണ് വലർന്നത്. പക്ഷേ കടുത്ത പട്ടിണിയും ദാരിദ്ര്യവും എന്നെ തകർത്തില്ല”, ധാരാളം പാട്ടുകൾ സൃഷ്ടിച്ചിട്ടുള്ള ആ 55-കാരി സ്ത്രീ പറയുന്നു. വായിക്കാം: ബീഡി തെറുപ്പുകാർ: തൊഴിലിന്റേയും ജീവിതത്തിന്റേയും പാട്ടുകൾ
ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ, ഭൂരിഭാഗം സ്ത്രീകളും കുടുംബം പോറ്റാനായി ബീഡി ചുരുട്ടുന്ന ജോലിയിൽ ഏർപ്പെട്ടവരാണ്. ദീർഘസമയം നിലത്തിരുന്ന്, പുകയിലയും മറ്റും കൈകാര്യം ചെയ്യേണ്ടിവരുന്നത് അവരുടെ ആരോഗ്യത്തെ അപരിഹാര്യമായ വിധത്തിലും ഗുരുതരമായും ബാധിക്കുന്നുണ്ട്. ഈ സ്ത്രീകൾക്ക് മെച്ചപ്പെട്ട തൊഴിൽസാഹചര്യവും അവകാശങ്ങളും ലഭിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളിയാണ്, സ്വയം ഒരു ബീഡിതെറുപ്പ് തൊഴിലാളിയായ കോഹിനൂർ അപ്പ. വായിക്കാം: ബീഡിത്തൊഴിലാളികളുടെ ആരോഗ്യം നശിക്കുമ്പോൾ .
“എനിക്ക് കൃഷിഭൂമിയില്ല. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിൽനിന്ന് കിട്ടുന്ന വരുമാനത്തെക്കുറിച്ച് പറയാതിരിക്കുകയാണ് നല്ലത്. ഏറ്റവും കുറഞ്ഞ കൂലി കിട്ടുന്ന ദിവസത്തൊഴിലാളിയേക്കാൾ മോശമാണ് അത്. എന്റെ ഭർത്താവ്, ജമാലുദ്ദീൻ ഷെയ്ക്ക് ആക്രി ശേഖരിക്കുന്ന തൊഴിലാളിയാണ്. വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങളുടെ മൂന്ന് കുട്ടികളെ ഞങ്ങൾ വളർത്തിയത്”, ജാനകി നഗറിലെ വീട്ടിലിരുന്ന് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഞങ്ങളിരിക്കുന്ന ടെറസ്സിലേക്ക്, ചവിട്ടുപടികൾ കയറി ഒരു കൊച്ചുകുഞ്ഞ് നിരങ്ങിവന്നതോടെ, അവരുടെ മുഖം പെട്ടെന്ന് പ്രസന്നമായി. കോഹിനൂർ അപ്പയുടെ ഒരുവയസ്സുള്ള പേരക്കുട്ടിയായിരുന്നു അത്. കുഞ്ഞ്, അവരുടെ മടിയിലേക്ക് ചാടിക്കയറി ഇരുന്നപ്പോൾ ആ മുത്തശ്ശിയുടെ മുഖത്ത് ഒരു മനോഹരമായ പുഞ്ചിരി വിടർന്നു.
“ജീവിതത്തിൽ സംഘർഷങ്ങളുണ്ടാവും.
ഭയപ്പെടരുത്. നമ്മുടെ സ്വപ്നങ്ങൾക്കുവേണ്ടി പോരാടണം”, പണിയെടുത്ത് ശുഷികിച്ച തന്റെ
കൈകൾക്കുള്ളിൽ ആ കുഞ്ഞിന്റെ കൈ ചേർത്തുപിടിച്ച് അവർ പറഞ്ഞു. “എന്റെ കൊച്ചുകുഞ്ഞിനുപോലും
അതറിയാം, അല്ലേ മുത്തേ?”.
“എന്തൊക്കെയാണ് നിങ്ങളുടെ സ്വപ്നങ്ങൾ അപ്പ”, ഞങ്ങൾ ചോദിച്ചു.
‘എന്റെ സ്വപ്നത്തെക്കുറിച്ചുള്ള പാട്ട് കേൾക്കൂ”, അവർ പറഞ്ഞു.
ছোট ছোট কপির চারা
জল বেগরে যায় গো মারা
ছোট ছোট কপির চারা
জল বেগরে যায় গো মারা
চারিদিকে দিব বেড়া
ঢুইকবে না রে তোমার ছাগল ভেড়া
চারিদিকে দিব বেড়া
ঢুইকবে না তো তোমার ছাগল ভেড়া
হাতি শুঁড়ে কল বসাব
ডিপকলে জল তুলে লিব
হাতি শুঁড়ে কল বসাব
ডিপকলে জল তুলে লিব
ছেলের বাবা ছেলে ধরো
দমকলে জল আইনতে যাব
ছেলের বাবা ছেলে ধরো
দমকলে জল আইনতে যাব
এক ঘড়া জল বাসন ধুব
দু ঘড়া জল রান্না কইরব
এক ঘড়া জল বাসন ধুব
দু ঘড়া জল রান্না কইরব
চাঁদের কোলে তারা জ্বলে
মায়ের কোলে মাণিক জ্বলে
চাঁদের কোলে তারা জ্বলে
মায়ের কোলে মাণিক জ্বলে
ഇളംതൈകൾ
മണ്ണിൽ വീണുകിടക്കുന്നു
കാബേജുകളും കോളിഫ്ലവറുകളും
ചിതറിക്കിടക്കുന്നു
നിങ്ങളുടെ ആടുകളെ
അകറ്റിനിർത്താൻ
ഞാനെന്റെ കൃഷിഭൂമി
വേലികെട്ടി തിരിക്കാം
വേലികെട്ടിത്തിരിച്ച്
നിന്റെ ആടുകളെ ഞാൻ
ആട്ടിയോടിക്കാം
തുമ്പിക്കൈപോലെയൊരു
കൈപ്പമ്പുവാങ്ങി
ഭൂമിക്കടിയിൽനിന്നും
വെള്ളമെടുക്കാം
തുമ്പിക്കൈപോലെയൊരു
കൈപ്പമ്പുവാങ്ങി
ഭൂമിക്കടിയിൽനിന്നും
വെള്ളമെടുക്കാം
എന്റെ മകന്റെ അച്ഛാ,
നമ്മുടെ കുഞ്ഞിനെ
നോക്കണേ
ഞാൻ പോയി വെള്ളമെടുത്തുവരാം
എന്റെ മകന്റെ അച്ഛാ,
നമ്മുടെ കുഞ്ഞിനെ
നോക്കണേ
ഞാൻ പോയി വെള്ളമെടുത്തുവരാം
പാത്രമുരയ്ക്കാൻ
ചകിരി വേണം
പാചകം ചെയ്യാൻ രണ്ട്
പാത്രം വേണം
പാത്രമുരയ്ക്കാൻ
ചകിരി വേണം
പാചകം ചെയ്യാൻ രണ്ട്
പാത്രം വേണം
ചന്ദ്രന്റെ തൊട്ടിലിലൊരു
നക്ഷത്രമെരിയുന്നു
അമ്മയുടെ മടിയിലൊരു
കുഞ്ഞ് ചിരിക്കുന്നു
ചന്ദ്രന്റെ തൊട്ടിലിലൊരു
നക്ഷത്രമെരിയുന്നു
അമ്മയുടെ മടിയിലൊരു
കുഞ്ഞ് ചിരിക്കുന്നു
*
ഡിപ്‌കോൾ
- കൈപ്പമ്പ്
**ഡോംകോൾ
- കൈപ്പമ്പ്
പാട്ടുകൾക്ക് കടപ്പാട്:
ബംഗാളി പാട്ട്: കോഹിനൂർ ബീഗം
പരിഭാഷ: രാജീവ് ചേലനാട്ട്