കൊറോണ വൈറസിനെക്കുറിച്ചുള്ള തന്‍റെ ഒന്നാമത്തെ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മളെക്കൊണ്ട് കലങ്ങളും പാത്രങ്ങളും കൂട്ടിയിടിപ്പിച്ച് ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിച്ചു കളഞ്ഞു.

തന്‍റെ രണ്ടാമത്തെ പ്രസംഗംകൊണ്ട് അദ്ദേഹം നമ്മളെ എല്ലാവരേയും ഭയപ്പെടുത്തി കളഞ്ഞു.

പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക്, ഭക്ഷണവും മറ്റവശ്യ വസ്തുക്കളും എങ്ങനെയാണ് പ്രാപ്യമാവുക എന്നതിനെക്കുറിച്ച് ഒരു വാക്കുപോലുമില്ലാതിരുന്ന ആ പ്രസംഗം പിന്നീടുണ്ടാകാന്‍ പോകുന്ന പരിഭ്രാന്തിക്ക് തീകൊളുത്തി. കടകളിലും വിപണികളിലുമൊക്കെ മദ്ധ്യവര്‍ഗ്ഗം തിരക്കിട്ടുകൂടി. പാവപ്പെട്ടവരെ സംബന്ധിച്ച് ഇത് എളുപ്പമുള്ള കാര്യമല്ല. നഗരംവിട്ട് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് എളുപ്പമുള്ള കാര്യമല്ല. ചെറുകിടക്കാരായ വഴിയോരക്കച്ചവടക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും എളുപ്പമുള്ള കാര്യമല്ല. റബി വിളവെടുപ്പ് പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്, അഥവാ പൂര്‍ത്തിയാക്കിയെങ്കില്‍ത്തന്നെ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് എളുപ്പമുള്ള കാര്യമല്ല. പാര്‍ശ്വവത്കരിക്കപ്പെട്ട കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് എളുപ്പമുള്ള കാര്യമല്ല.

ധനകാര്യ മന്ത്രിയുടെ പാക്കേജിന് - ഇന്നലെ മാര്‍ച്ച് 26-ന് പ്രഖ്യാപിച്ചത് - ഈയൊരു അനുഗ്രഹം ഉണ്ട്: പൊതുവിതരണ സംവിധാനത്തിന്‍ (പി.ഡി.എസ്.) കീഴില്‍ നേരത്തെയുള്ള 5 കിലോഗ്രാമിന് പുറമെ ആളൊന്നിന് 5 കിലോഗ്രാം വീതം അരി അല്ലെങ്കില്‍ ഗോതമ്പ് മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നു. നേരത്തെ, അല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള 5 കിലോഗ്രാം സൗജന്യമാണോ അതോ അതിന് പണം നല്‍കണോ എന്ന കാര്യത്തില്‍ അവിടെപ്പോലും ഒട്ടും വ്യക്തതയില്ല. പണം നല്‍കണമെങ്കില്‍ അത് പ്രയോജനകരമായിരിക്കില്ല. മുന്‍പേയുള്ള പദ്ധതികള്‍ക്ക് നീക്കിവച്ചിട്ടുള്ള തുകകളാണ് ‘പാക്കേജി’ന്‍റെ മിക്ക ഘടകങ്ങളും. എം.ജി.എന്‍.ആര്‍.ഇ.ജി.എ.യ്ക്കുള്ള വേതനം 20 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞത് എന്തായാലും നടപ്പാക്കാന്‍ കിടക്കുകയാണ്. കൂടാതെ അധികം ദിവസങ്ങളെപ്പറ്റി എവിടെയാണ് പ്രസ്താവിച്ചിട്ടുള്ളത്‌? പെട്ടെന്നുതന്നെ അവരെല്ലാം ഈ ജോലിയിലേക്കു വന്നാല്‍ എന്തുതരം ജോലി ചെയ്ത് എങ്ങനെയാണ് അവര്‍ക്ക് സാമൂഹ്യ അകലത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പറ്റുക? ആവശ്യത്തിനു വേണ്ട തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതു വരെയുള്ള ആഴ്ചകള്‍ ആളുകള്‍ എന്തുചെയ്യും? അതിനെ ആശ്രയിച്ച് ആയിരിക്കില്ലേ അവരുടെ ആരോഗ്യവും? പ്രതിസന്ധി നീണ്ടുനില്‍ക്കുന്ന കാലത്തോളം, പണിയുണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മള്‍ എല്ലാ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രതിദിനം എം.ജി.എന്‍.ആര്‍.ഇ.ജി.എ. വേതനം നല്‍കണം.

പി.എം. കിസാന്‍ പദ്ധതി പ്രകാരമുള്ള 2,000 രൂപയുടെ ആനുകൂല്യം നേരത്തേയുള്ളതാണ്. അത് കൊടുത്തുതീര്‍ക്കാന്‍ കിടക്കുകയുമാണ്. ഇവിടെയെന്താണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്? മൂന്ന് മാസത്തിന്‍റെ അവസാനം നല്‍കുന്നതിനു പകരം അത് ആദ്യ മാസത്തിലേക്ക് ആക്കിയിരിക്കുന്നു. മഹാമാരിയോടും ലോക്ക്ഡൗണിനോടും പ്രതികരിച്ചുകൊണ്ട് പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ് കൃത്യമായി എന്തിനൊക്കെയാണെന്ന് ധനകാര്യ മന്ത്രി ഒരിടത്തും പറയുന്നില്ല. എന്തൊക്കെയാണ് ഇതിന്‍റെ പുതിയ ഘടകങ്ങള്‍? പുതിയ കണക്കുകള്‍ അവതരിപ്പിക്കാനായി ഒരുമിച്ചുചേര്‍ക്കുന്ന ഈ തുകയുടെ എതുഭാഗമാണ് പഴയ അല്ലെങ്കില്‍ പുതിയ പദ്ധതികളുടേത്? അടിയന്തിര നടപടിക്രമങ്ങളുടെ സ്വഭാവം ഇത് കഷ്ടിച്ചേ ആര്‍ജ്ജിക്കുന്നുള്ളൂ. കൂടാതെ, പെന്‍ഷന്‍കാര്‍ക്കും  വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അടുത്ത മൂന്ന് മാസത്തേക്ക് രണ്ട് ഗഡുക്കളായി 1,000 രൂപയാണോ ലഭിക്കുന്നത് ? ജന്‍ധന്‍ യോജന അക്കൗണ്ടുകളുള്ള 20 കോടി സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ വീതമാണോ ലഭിക്കുന്നത് ? ഇത് പേരിന് നല്‍കുന്നതിനേക്കാള്‍ മോശമാണ്, നാണക്കേടാണ്.

നിലവിലുള്ള വായ്പാതുകതന്നെ കിട്ടാക്കനി ആയിരിക്കുന്ന സാഹചര്യത്തില്‍ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള (എസ്.എച്.ജി.കള്‍) വായ്പാപരിധി എങ്ങനെയാണ് ഉയര്‍ത്തുക? അകലങ്ങളില്‍ കുടുങ്ങിക്കിടന്നുകൊണ്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്ന എണ്ണമറ്റ കുടിയേറ്റ തൊഴിലാളികളെ ഈ ‘പാക്കേജു’കള്‍ എങ്ങനെയാണ് സഹായിക്കുക? കുടിയേറ്റക്കാരെ സഹായിക്കുമെന്നുള്ളത് അവകാശവാദം മാത്രമായി അവശേഷിക്കുന്നു. ഗൗരവമുള്ള കുറച്ച് അടിയന്തിര നടപടികള്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്‍റെ പരാജയം അപകടകരമാണെങ്കില്‍, പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നവരുടെ മനോഭാവം ഭയാനകമാണ്. അടിത്തട്ടില്‍ ഉണ്ടായിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയും ഇല്ലെന്നു തോന്നുന്നു.

PHOTO • Labani Jangi

ഈ ലേഖനത്തോടൊപ്പമുള്ള രണ്ടുചിത്രങ്ങളും രാജ്യമെമ്പാടും കുടിയേറ്റ തൊഴിലാളികള്‍ നടത്തുന്ന നീണ്ടയാത്രയെ ഒരു ചിത്രകാരിയുടെ കണ്ണിലൂടെ കാണുന്നു. ചിത്രകാരിയായ ലബനി ജംഗി സ്വയം ചിത്രരചന അഭ്യസിച്ച വ്യക്തിയാണ്. ഇപ്പോള്‍ കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഡോക്ടറല്‍ ഗവേഷണം നടത്തുന്നു.

ദുര്‍ബ്ബലര്‍ക്ക് ഗൗരവമേറിയ സാമൂഹ്യ പിന്തുണ നല്‍കാത്തതും ആസൂത്രണങ്ങള്‍ ഇല്ലാത്തതുമായ, ഇപ്പോള്‍ നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുപോലെയുള്ള, ലോക്ക്ഡൗണുകള്‍ വിപരീത കുടിയേറ്റങ്ങളിലേക്ക് നയിക്കും. നേരത്തെ അങ്ങനെ നയിച്ചിട്ടുമുണ്ട്. അവയുടെ വ്യാപ്തിയോ തീവ്രതയോ നിര്‍ണ്ണയിക്കുക അസാദ്ധ്യമാണ്. ജോലി ചെയ്തുകൊണ്ടിരിക്കുന്ന നഗരങ്ങളും പട്ടണങ്ങളും ലോക്ക്ഡൗണില്‍ ആകുമ്പോള്‍ വലിയൊരു ജനത ഗ്രാമങ്ങളിലേക്ക് തിരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇപ്പോള്‍ ലഭ്യമായിരിക്കുന്ന ഒരേയൊരു ഗതാഗത ഉപാധിയെയാണ് പലരും ആശ്രയിക്കുന്നത് – സ്വന്തം കാലുകള്‍. ചിലര്‍ ഗ്രാമങ്ങളിലേക്ക് സൈക്കിള്‍ ചവിട്ടുന്നു. ട്രെയിനുകളും ബസുകളും വാനുകളുമൊക്കെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നതുകൊണ്ട് നിരവധിപേര്‍ പാതിവഴിയില്‍ കുടുങ്ങിപ്പോയിരിക്കുന്നു. ഇത് തീവ്രമാവുകയാണെങ്കില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഭയാനകമാണ്.

വലിയൊരു ജനത വീടുകളിലേക്ക് നടക്കുന്നതിനെപ്പറ്റി സങ്കല്‍പ്പിക്കുക: ഗുജറാത്തിലെ നഗരങ്ങളില്‍ നിന്ന് രാജസ്ഥാനിലെ ഗ്രാമങ്ങളിലേക്ക്; ഹൈദരാബാദില്‍ നിന്ന് തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമുള്ള വിദൂര ഗ്രാമങ്ങളിലേക്ക്; ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ സ്ഥലങ്ങളിലേക്ക്, ചിലപ്പോള്‍ ബീഹാറിലെ സ്ഥലങ്ങളിലേക്കു പോലും. മുംബൈയില്‍ നിന്ന് എങ്ങോട്ടൊക്കെയാണ് പോകുന്നതെന്ന് ആര്‍ക്കുമറിയില്ല. അവര്‍ക്ക് സഹായമൊന്നും ലഭിക്കുന്നില്ലെങ്കില്‍ വളരെവേഗം തീര്‍ന്നുകൊണ്ടിരിക്കുന്ന അവരുടെ ഭക്ഷണവും വെള്ളവും വലിയൊരു വിപത്തിന് കാരണമായേക്കാം. പഴയ അസുഖങ്ങളായ അതിസാരം, കോളറ എന്നിവ പോലെയുക്കെയുള്ളവയൊക്കെ അവര്‍ക്ക് പിടിപെടാം.

കൂടാതെ, വര്‍ദ്ധിച്ചുവരുന്ന ഈ സാമ്പത്തിക ക്ലേശം മൂലം സംജാതമായിരിക്കുന്ന ഈ സാഹചര്യം തൊഴിലാളികളും ചെറുപ്പക്കാരുമായ വലിയൊരു വിഭാഗത്തിന്‍റെ മരണത്തില്‍ കലാശിച്ചേക്കാം. പീപ്പിള്‍സ് ഹെല്‍ത്ത് മൂവ്മെന്‍റിന്‍റെ ആഗോള കോഓര്‍ഡിനേറ്ററായ പ്രൊഫ. സുന്ദരരാമന്‍ പാരിയോട് പറഞ്ഞതുപോലെ “ഈ സാമ്പത്തിക ക്ലേശത്തിന്‍റെ സമയത്ത് കൊറോണ വൈറസ് മൂലമുള്ള മരണത്തിന് പകരം മറ്റസുഖങ്ങള്‍ കാരണം നമ്മള്‍ മരണപ്പെടാം.”

അറുപതുകളില്‍ അല്ലെങ്കില്‍ അതിനു മുകളില്‍ പ്രായം വരുന്ന ജനസംഖ്യയില്‍ 8 ശതമാനം പേര്‍ കൊറോണ വൈറസില്‍നിന്നും വലിയ അപകടം നേരിടുന്നു. അവശ്യ ആരോഗ്യ സേവനങ്ങളുടെ പ്രാപ്യത കുറഞ്ഞുവരികയും അവ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മറ്റസുഖങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത് ജോലിചെയ്യുന്ന പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും വലിയ തിരിച്ചടിയാണ്.”

നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സസ് സെന്‍ററിന്‍റെ ഒരു മുന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടറായ ഡോ. സുന്ദരരാമന്‍ ഊന്നി പറയുന്നത് “വിപരീത കുടിയേറ്റ പ്രശ്നങ്ങളേയും ഉപജീവനമാര്‍ഗ്ഗ നഷ്ടങ്ങളേയും അത്യാവശ്യമായിത്തന്നെ തിരിച്ചറിയണമെന്നും അവയുടെമേല്‍ നടപടികള്‍ എടുക്കണമെന്നുമാണ്. അതില്‍ പരാജയപ്പെട്ടാല്‍, പ്രധാനമായും ദരിദ്ര ഇന്ത്യക്കാരെ ദീര്‍ഘകാലങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അസുഖങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കൊറോണ വൈറസില്‍ നിന്നുണ്ടാകുന്ന മരണത്തേക്കാള്‍ കൂടുതലാകും.” പ്രത്യേകിച്ച്, നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ പട്ടിണിയാല്‍ വലഞ്ഞ് നാമമാത്രമായ വേതനം പോലും ലഭിക്കാതെ, വിപരീത കുടിയേറ്റം വര്‍ദ്ധിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

PHOTO • Rahul M.

ക്ഷീണിതരായ കുടിയേറ്റ തൊഴിലാളികള്‍ ആന്ധ്രാപ്രദേശിലെ അനന്തപൂരിനും കേരളത്തിലെ കൊച്ചിക്കും ഇടയില്‍ ആഴ്ചതോറും പോയിവരുന്നു.

നിരവധി കുടിയേറ്റ തൊഴിലാളികളും പണിസ്ഥലത്തുതന്നെയാണ് താമസിക്കുന്നത്. സ്ഥലം അടച്ചുപൂട്ടി അവരോട് പോകാന്‍ പറഞ്ഞാല്‍ അവര്‍ എവിടെപ്പോകും? അവരില്‍ എല്ലാവര്‍ക്കും വന്‍ദൂരം നടക്കാന്‍ പറ്റില്ല. അവര്‍ക്ക് റേഷന്‍ കാര്‍ഡുകളും ഇല്ല. അവര്‍ക്ക് എങ്ങനെ നിങ്ങള്‍ ഭക്ഷണം എത്തിക്കും?

സാമ്പത്തിക ക്ലേശം നേരത്തെതന്നെ വേഗത കൈവരിച്ചിരുന്നു.

കുടിയേറ്റത്തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, ചേരിനിവാസികള്‍, മറ്റ് പാവങ്ങള്‍ എന്നിവരെയൊക്കെ മോശമായി ചിത്രീകരിച്ച് അവരാണ് പ്രശ്നക്കാര്‍ എന്ന് ഹൗസിംഗ് സൊസൈറ്റികള്‍ വരുത്തിത്തീര്‍ക്കുന്നതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എന്താണ് സത്യം?: കോവിഡ്-19 വാഹകര്‍, മുമ്പത്തെ സാര്‍സ് വാഹകരെപ്പോലെ, പറന്നു നടക്കുന്ന വിഭാഗമാണ്‌: നമ്മളെപ്പോലെ. അത് അംഗീകരിക്കുന്നതിനേക്കാള്‍ നഗരങ്ങളെ അണുവിമുക്തമാക്കി താത്പര്യമില്ലാത്ത ഈ വിഭാഗങ്ങളില്‍ നിന്നും അവയെ ശുദ്ധീകരിക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത് എന്ന് തോന്നുന്നു. ഈ അഭിപ്രായം ശ്രദ്ധിക്കുക: പറക്കുന്ന നമ്മുടെ വാഹകര്‍ തിരികെവരുന്ന ഏതെങ്കിലും കുടിയേറ്റ തൊഴിലാളിക്ക് അണുബാധ കൈമാറുന്നു – അങ്ങനെയെങ്കില്‍ അവര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ തിരിച്ചെത്തുമ്പോള്‍ എന്തായിരിക്കും അതിന്‍റെ പരിണതഫലം?

സ്വന്തം സംസ്ഥാനങ്ങളിലോ അയല്‍ സംസ്ഥാനങ്ങളിലോ പണിയെടുക്കുന്ന കുറച്ചു കുടിയേറ്റ തൊഴിലാളികള്‍ എല്ലായ്പ്പോഴും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു നടക്കുന്നവരായിരുന്നു. ഭക്ഷണം കഴിക്കുന്നതിനും രാത്രി ഉറങ്ങുന്നതിനുമായി യാത്ര ചെയ്യുന്ന പാതകളിലെ ചായക്കടകളിലോ ധാബകളിലോ ജോലി ചെയ്യുകയായിരുന്നു അവര്‍ നേരത്തെ ചെയ്തിരുന്നത്. ഇപ്പോള്‍ അവയില്‍ മിക്കതും അടച്ചിരിക്കുന്നതിനാല്‍ എന്താണ് സംഭവിക്കുക?

വീട്ടില്‍ തങ്ങുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്‌താല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് മെച്ചപ്പെട്ട അവസ്ഥയുള്ള കുറച്ചുപേര്‍ക്കും മദ്ധ്യവര്‍ഗ്ഗങ്ങള്‍ക്കും എങ്ങനെയോ ബോധ്യപ്പെട്ടിരിക്കുന്നു. അതായത്, ഏറ്റവും കുറഞ്ഞത്, നമ്മള്‍ വൈറസിനാല്‍ പിടിക്കപ്പെടും. സാമ്പത്തിക ക്ലേശം തിരിച്ച് ബാധിക്കുന്നത് എങ്ങനെയെന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. പലര്‍ക്കും ‘സാമൂഹ്യ അകല’ത്തിന്‍റെ അര്‍ത്ഥം വ്യത്യസ്തമാണ്. ഇതിന്‍റെ ഏറ്റവും ശക്തമായ രൂപം രണ്ട് സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കണ്ടുപിടിച്ചു – ജാതി. ലോക്ക്ഡൗണിനോടുള്ള നമ്മുടെ രീതിയിലുള്ള പ്രതികരണത്തില്‍ വര്‍ഗ്ഗവും ജാതിയും ഉള്‍ച്ചേര്‍ന്ന് കിടക്കുന്നതായി കാണപ്പെടുന്നു.

ക്ഷയരോഗം മൂലം ഓരോവര്‍ഷവും രണ്ടര ലക്ഷത്തിനടുത്ത് ഇന്ത്യക്കാര്‍ മരിക്കുന്നത് ഒരുദേശമെന്ന നിലയില്‍ നമ്മളെ ബാധിക്കുന്നതായി തോന്നുന്നില്ല. അല്ലെങ്കില്‍ അതിസാരം എല്ലാവര്‍ഷവും 100,000 കുട്ടികളുടെവരെ ജീവനെടുക്കുന്നത് ബാധിക്കുന്നതായി തോന്നുന്നില്ല. അവര്‍ നമ്മള്‍ അല്ല. ഈ സുന്ദര മനുഷ്യര്‍ക്ക് ചില മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ പറ്റാതെ വരുമ്പോഴാണ് പരിഭ്രാന്തി സൃഷ്ടിക്കപ്പെടുന്നത്. സാര്‍സിന്‍റെ കാര്യം ഇങ്ങനെയായിരുന്നു. 1991-ല്‍ സൂറത്തിലുണ്ടായ പ്ലേഗിന്‍റെ കാര്യം ഇങ്ങനെയായിരുന്നു. രണ്ടും ഭയാനകമായ രോഗങ്ങള്‍ തന്നെയായിരുന്നു. പക്ഷെ അവയ്ക്ക് പറ്റാവുന്നതിനേക്കാള്‍ കുറച്ച് ആളുകളെയേ അവ ഇന്ത്യയില്‍ കൊന്നിട്ടുള്ളൂ. പക്ഷെ അവയ്ക്ക് വലിയ ശ്രദ്ധ ലഭിച്ചു. സൂറത്തിനെക്കുറിച്ച് അക്കാലത്ത് ഞാന്‍ എഴുതിയതുപോലെ: “പ്ലേഗിന്‍റെ അണുക്കള്‍ വര്‍ഗ്ഗ വ്യത്യാസങ്ങള്‍ പാലിക്കാത്തതില്‍ കുപ്രസിദ്ധരാണ്.... ഇപ്പോഴും അവ മോശമാണ്, അവയ്ക്ക് വിമാനത്തില്‍ കയറി ക്ലബ്ബ് ക്ലാസ്സില്‍ ന്യൂയോര്‍ക്കിന് പോകാന്‍ കഴിയും.”

PHOTO • Jyoti

മുംബൈയിലെ ചെമ്പൂരിലെ മാഹുല്‍ ഗ്രാമത്തില്‍ നിന്നുള്ള ശുചീകരണ തൊഴിലാളികള്‍ പരിമിതമായ സുരക്ഷയോടെ വിഷമയമാകാന്‍ സാദ്ധ്യതയുള്ള മാലിന്യങ്ങള്‍ക്കു നടുവില്‍.

ഇപ്പോള്‍ തന്നെ നമ്മള്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. വെറും ഒരു വൈറസിനെതിരെയല്ല നമ്മള്‍ പൊരുതുന്നത് – മഹാമാരികളും ‘പാക്കേജ്’ ആണ്. ഇവിടെ സാമ്പത്തിക ക്ലേശം സ്വയം അടിച്ചേല്‍പ്പിക്കപ്പെടുന്നതോ അല്ലെങ്കില്‍ സ്വയം വഷളാക്കപ്പെടുന്നതോ ആണ് – ദുരന്തങ്ങളില്‍ നിന്നും മഹാവിപത്തിലേക്ക് നമ്മെ നയിക്കുന്നതാണിത്.

ഒരു വൈറസിനെതിരെ മാത്രമാണ് നമ്മള്‍ പൊരുതുന്നത് എന്നും അതിനെ പരാജയപ്പെടുത്തിയാല്‍ എല്ലാം ശരിയാകും എന്ന ആശയം അപകടകരമാണ്. തീര്‍ച്ചയായും, നമ്മള്‍ കോവിഡ്-19-നെതിരെ എന്തു സംഭവിച്ചാലും പൊരുതണം – ഇതായിരിക്കും 1918-നു ശേഷമുള്ള, അല്ലെങ്കില്‍ ‘സ്പാനിഷ് ഫ്ലു’ എന്ന് തെറ്റായി പേര് നല്‍കപ്പെട്ട അസുഖത്തിനു ശേഷമുള്ള, ഏറ്റവും മോശമായ മഹാവ്യാധി. (1918-21 കാലയളവില്‍ ഇന്ത്യക്ക് 16-21 ദശലക്ഷം ജീവനുകളാണ് നഷ്ടപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ 1921-ലെ സെന്‍സസ് ആണ് ഗ്രാമീണ ജനസംഖ്യയിലെ ആകെക്കുറവിനെ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സെന്‍സസ്).

വലിയ മേഖലയെ ഒഴിവാക്കിക്കൊണ്ട് കോവിഡ് -1 9-ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക - എല്ലാ ടാപ്പുകളും തുറന്ന് വെള്ളമൊഴുക്കിക്കൊണ്ട് ഉണങ്ങിയ തറ തുടയ്ക്കുന്നതു പോലെയാണിത്. പൊതു ആരോഗ്യ സംവിധാനങ്ങളെയും അവകാശങ്ങളെയും അര്‍ഹതകളെയും ശക്തിപ്പെടുത്തുന്ന ആശയങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ഒരു സമീപനമാണ് നമുക്കാവശ്യം.

1978-ല്‍ ആരോഗ്യ മേഖലയിലെ ചില മനീഷികള്‍ അല്‍മാ ആറ്റ പ്രഖ്യാപനം നടത്തുന്നതിനു കാരണമായി – പാശ്ചാത്യ ഭരണകൂടം പിന്താങ്ങുന്ന കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ കാല്‍ക്കീഴില്‍ ലോകാരോഗ്യ സംഘടനയെ എത്തിക്കുന്നതിന് മുമ്പുള്ള കാലങ്ങളിലായിരുന്നു ഇത്. ‘2000 ആണ്ടോടെ എല്ലാവര്‍ക്കും ആരോഗ്യം’ എന്ന വാചകം ഈ പ്രഖ്യാപനത്തിലാണ് ഉണ്ടായത്. “ലോകത്തിന്‍റെ വിഭവങ്ങള്‍ പൂര്‍ണ്ണമായും മികച്ച രീതിയിലും ഉപയോഗിക്കുന്നതിലൂടെ...” ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും ചിലത് നേടിയെടുക്കാന്‍ കഴിയുമെന്ന് ഇത് വിശ്വസിച്ചു.

ആരോഗ്യത്തെ സംബന്ധിച്ച സാമൂഹികവും സാമ്പത്തികവുമായ നിര്‍ണ്ണായക ഘടകങ്ങളെ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങള്‍ 80-കള്‍ മുതല്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു. അതേസമയം വളരെ പെട്ടെന്നു തന്നെ മറ്റൊരാശയം കൂടി വളരുന്നുണ്ടായിരുന്നു: നവ ഉദാരീകരണം.

’80-കളും ’90-കളും മുതല്‍ ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ ആശയങ്ങള്‍ മനുഷ്യാവകാശങ്ങള്‍ എന്ന നിലയില്‍ ലോകവ്യാപകമായി തകര്‍ന്നു തുടങ്ങി.

സാംക്രമിക രോഗങ്ങളുടെ ആഗോളവത്കരണം 1990-കളുടെ മദ്ധ്യത്തോടെ തുടങ്ങി. പക്ഷെ ഈ മരണകാരിയായ വെല്ലുവിളിയെ നേരിടുന്നതിനായി സാര്‍വത്രിക ആരോഗ്യ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതിനു പകരം നിരവധി രാഷ്ട്രങ്ങളും അവരുടെ ആരോഗ്യ മേഖലകള്‍ വീണ്ടും സ്വകാര്യവത്കരിച്ചു. ഇന്ത്യയില്‍ ഇത് എല്ലാക്കാലത്തും സ്വകാര്യ മേധാവിത്തത്തിന്‍റെ കീഴിലായിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ ആരോഗ്യ ചിലവുകളിലൊന്നാണ് നമുക്കുള്ളത് – കഷ്ടി 1.2 ശതമാനം (ജി.ഡി.പി.യുടെ ഓഹരി). നേരത്തെതന്നെ വലിയ ശക്തമല്ലാത്ത പൊതു ആരോഗ്യ സംവിധാനം, ബോധപൂര്‍വ്വം രൂപപ്പെടുത്തിയ നയങ്ങളുടെ അടിസ്ഥാനത്തിലുള്ള നടപടികള്‍ മൂലം 1990-കള്‍ മുതല്‍ കൂടുതല്‍ ദുര്‍ബ്ബലമാകാന്‍ തുടങ്ങി.

നിലവില്‍ ഇന്ത്യയിലെല്ലായിടത്തുമുള്ള ആരോഗ്യ ചിലവുകളായിരിക്കാം മിക്കവാറും ഗ്രാമീണ കുടുംബ കടബാധ്യതകളുടെ ഏറ്റവും വളര്‍ച്ചയുള്ള ഘടകം. ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത വിവര ശേഖരങ്ങള്‍ വിശകലം ചെയ്തുകൊണ്ട് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ 2018-ല്‍ നടത്തിയ നിഗമനപ്രകാരം സ്വന്തം ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പണം ചിലവാക്കിയതിനെത്തുടര്‍ന്ന് 2011-12 ഒറ്റ വര്‍ഷത്തില്‍ മാത്രം 55 ദശലക്ഷം ജനങ്ങളാണ് ദാരിദ്യത്തിലേക്ക് തള്ളിവിടപ്പെട്ടത്. ഇതില്‍ 38 ദശലക്ഷം ആളുകള്‍ മരുന്നുകള്‍ക്കു മാത്രം പണം ചിലവാക്കിയതിനെത്തുടര്‍ന്നാണ് ദാരിദ്ര്യ രേഖയ്ക്ക് താഴേക്ക് എത്തിയതെന്ന് പറയപ്പെടുന്നു.

ഇന്ത്യയില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടായ ആയിരക്കണക്കിന് കുടുംബങ്ങളുടെയിടയില്‍ പൊതുവെ കാണപ്പെടുന്ന ശ്രദ്ധേയമായ ഒരു സവിശേഷത ഇതാണ്: അന്യായമായ ആരോഗ്യ ചിലവുകള്‍ നേരിടാന്‍ പലപ്പോഴും വായ്പാദാദാക്കളില്‍ നിന്നും എടുക്കുന്ന വായ്പ.

PHOTO • M. Palani Kumar

ചെന്നൈയിലെ കരാര്‍ ശുചീകരണ തൊഴിലാളികള്‍, തങ്ങളെപ്പോലുള്ളവര്‍ മറ്റെവിടെയും ആയിരിക്കുന്നതുപോലെ, ചെറിയ സുരക്ഷയോടെ അല്ലെങ്കില്‍ ഒട്ടും സുരക്ഷയില്ലാതെ

കോവിഡ്-19-നെപ്പോലുള്ള പ്രതിസന്ധികള്‍ നേരിടാന്‍ ഏറ്റവും കുറവ് സജ്ജമായിരിക്കുന്ന ഏറ്റവും വലിയ ജനത നമ്മുടേതാണ്. ഇവിടെയാണ് ദുരന്തം: വരും വര്‍ഷങ്ങളില്‍ മറ്റു പേരുകളില്‍ കോവിഡുകള്‍ ഉണ്ടാവും. ’90-കളുടെ അവസാനം മുതല്‍ നമ്മള്‍ സാര്‍സും (SARS) മെര്‍സും (MERS) (രണ്ടും കൊറോണ വൈറസുകള്‍ മൂലമുള്ളതാണ്) മറ്റ് ആഗോള വ്യാപകമായ അസുഖങ്ങളും കണ്ടതാണ്. ഇന്ത്യയില്‍, സൂറത്തില്‍, 1994-ല്‍ പ്ലേഗ് ബാധ ഉണ്ടായതാണ്. എന്തായിരുന്നു നമ്മള്‍ സൃഷ്ടിച്ച് നമ്മള്‍തന്നെ പ്രവേശിച്ചതു പോലുള്ള ലോകത്ത് സംഭവിക്കാനുണ്ടായിരുന്നത് എന്നതിന്‍റെ അടയാളങ്ങളായിരുന്നു എല്ലാം.

ഗ്ലോബല്‍ വൈറോം പദ്ധതിയുടെ നേതൃനിരയിലുണ്ടായിരുന്ന പ്രൊഫ. ഡെന്നിസ് കരോള്‍ അടുത്തിടെ പറഞ്ഞതുപോലെ: “ നേരത്തെ കടന്നു ചെന്നിട്ടില്ലാത്ത പരിസ്ഥിതി മേഖലകളിലേക്ക് നമ്മള്‍ കടന്നു കയറിയിരിക്കുന്നു... ” മുന്‍കാലങ്ങളില്‍ ജനസംഖ്യ കുറവായിരുന്ന പ്രദേശങ്ങളില്‍ എണ്ണ, ധാതു ഖനനങ്ങള്‍ നടത്തുന്നതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വില കൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ദുര്‍ബ്ബലമായ ആവാസവ്യവസ്ഥയെ നമ്മള്‍ ആക്രമിക്കുമ്പോള്‍ വെറും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മാത്രമല്ല ഉണ്ടാകുന്നത്. മറിച്ച്, വന്യജീവി-മനുഷ്യ സമ്പര്‍ക്കമുണ്ടാകുമ്പോള്‍, നമ്മള്‍ കുറച്ചുമാത്രം കേട്ടിരിക്കുന്ന അല്ലെങ്കില്‍ ഒട്ടും കേട്ടിട്ടില്ലാത്ത വൈറസുകളുമായി ബന്ധപ്പെട്ട അണുബാധ വ്യാപനത്തിന്‍റെ സാദ്ധ്യത വര്‍ദ്ധിക്കുന്നതുമൂലം ആരോഗ്യ നശീകരണങ്ങളും ഉണ്ടാകുന്നു.

അതുകൊണ്ട് ഇവയില്‍ ഒരുപാടെണ്ണം നമ്മള്‍ കാണാനിരിക്കുന്നു.

കോവിഡ്-19-നെന്ന പോലെ കാര്യങ്ങള്‍ നീങ്ങാന്‍ രണ്ട് വഴികള്‍ ഉണ്ട്.

വൈറസിന് പരിവര്‍ത്തനം സംഭവിച്ച് (നമ്മുടെ നല്ലതിന്) ആഴ്ചകള്‍ക്കുള്ളില്‍ നശിക്കുന്നു.

അല്ലെങ്കില്‍: നിലവിലെ അവസ്ഥ മോശമാക്കിക്കൊണ്ട് അത് അതിന്‍റെതന്നെ നല്ലതിനുവേണ്ടി പരിവര്‍ത്തനപ്പെന്നു. അത് സംഭവിക്കുന്നു, ആകെ പ്രശ്നമാകുന്നു.

നമുക്കെന്ത്‌ ചെയ്യാന്‍ പറ്റും? ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങളാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്നത് – ഇത് ഇന്ത്യയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കുമിടയിലെ സുമനസ്സുകള്‍ നേരത്തെതന്നെ മുന്നോട്ടു വച്ചിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ക്കു പുറമേയുള്ളതോ, അല്ലെങ്കില്‍ അവയോടൊപ്പമോ അവയുമായി യോജിക്കുന്ന വിധത്തിലുള്ളതോ ആണ്. (കടബാധ്യതയുടെയും സ്വകാര്യവത്കരണത്തിന്‍റെയും ധനകാര്യ വിപണിയുടെ പരാജയത്തിന്‍റെയും ബൃഹത് ആഗോള സാഹചര്യത്തില്‍ നടപടികളെ പരിഗണിക്കുന്ന ആശയങ്ങളുമുണ്ട്). കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില നടപടികള്‍ സ്വീകാര്യവും പ്രചോദനം ഉണ്ടാക്കുന്നതുമാണ്‌.

Ø ചെയ്യേണ്ട ആദ്യത്തെ കാര്യം: 60 ദശലക്ഷം ടണ്ണിന് അടുത്തുവരുന്ന ‘മിച്ചമിരിക്കുന്ന’ നമ്മുടെ ഭക്ഷ്യധാന്യ ശേഖരം അടിയന്തിരമായി വിതരണം ചെയ്യുന്നതിന് തയ്യാറെടുക്കുക. ഈ പ്രതിസന്ധിയുടെ നാശം അനുഭവിക്കുന്ന ദശലക്ഷക്കണക്കിനു വരുന്ന കുടിയേറ്റ തൊഴിലാളികളുടെയും മറ്റ് ദരിദ്രരുടെയും അടുത്തേക്ക് ഉടന്‍തന്നെ എത്തിചേരുക. നിലവില്‍ അടച്ചിട്ടിരിക്കുന്ന സാമൂഹ്യ ഇടങ്ങളൊക്കെ (സ്ക്കൂളുകള്‍, കോളേജുകള്‍, കമ്മ്യൂണിറ്റി ഹാളുകളും കെട്ടിടങ്ങളും) കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാര്‍ക്കും വീടുകളില്ലാത്തവര്‍ക്കുമായി തുറന്നു കൊടുക്കുന്നതായി പ്രഖ്യാപിക്കുക.

Ø രണ്ടാമത്തേത് – ആദ്യത്തേതിന് തുല്യമായി പ്രധാനപ്പെട്ടത് - എല്ലാ കര്‍ഷകരേയും ഖരീഫ് കാലത്ത് ഭക്ഷ്യവിളകള്‍ വളര്‍ത്താന്‍ വിടുക. നിലവിലുള്ള പ്രവണത തുടരുകയാണെങ്കില്‍ ഭയാനകമായ ഒരു ഭക്ഷ്യസാഹചര്യം ഉണ്ടാവും. ഈ കാലത്ത് വിളവെടുക്കുന്ന നാണ്യവിളകള്‍ വില്‍ക്കാന്‍ അവര്‍ക്ക് കഴിയില്ല. കൂടുതല്‍ നാണ്യവിളകള്‍ക്കായുള്ള പരിശ്രമം അപകടകരമാവുകയേയുള്ളൂ. കൊറോണ വൈറസിനുള്ള വാക്സിന്‍ കണ്ടുപിടിക്കാന്‍ അല്ലെങ്കില്‍ രോഗം ഭേദപ്പെടുത്താന്‍ ഇനിയും മാസങ്ങള്‍ എടുക്കുന്നതായാണ് കാണുന്നത്. ഇതിനിടയ്ക്ക് ഭക്ഷ്യശേഖരം ക്രമേണ കുറയും.

Ø സര്‍ക്കാരുകള്‍ കര്‍ഷകരെ സഹായിക്കുകയും ഉയര്‍ത്തുകയും അവരുടെ ഉത്പന്നങ്ങള്‍ വാങ്ങുകയും വേണം. സാമൂഹ്യ അകലവും ലോക്ക്ഡൗണും കാരണം നിരവധിപേര്‍ക്കും റബി വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പൂര്‍ത്തിയാക്കിയവര്‍ക്ക് അത് അവിടെനിന്നും മാറ്റാനോ എവിടെയെങ്കിലും വില്‍ക്കാനോ സാധിച്ചിട്ടില്ല. ഖരീഫ് കാലത്തെ ഭക്ഷ്യവിളകള്‍ക്കുപോലും കൃഷിയിറക്കുന്നതിനുള്ള സാധനങ്ങളും കൃഷിക്ക് സഹായകരമായ സേവനങ്ങളും വിപണന സഹായങ്ങളും പ്രദാനം ചെയ്യുന്ന ഒരു പരിസ്ഥിതി സംവിധാനം ആവശ്യമാണ്‌.

Ø രാജ്യത്തുടനീളമുള്ള സ്വകാര്യ മെഡിക്കല്‍ സൗകര്യങ്ങള്‍ ദേശസാത്കരിക്കാന്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ തയ്യാറാവണം. ആശുപത്രികള്‍ക്കകത്തുതന്നെ ‘കൊറോണ മൂല’ - അങ്ങനെ പറയുകയാണെങ്കില്‍ - ഉണ്ടാക്കാന്‍ ആശുപത്രികളോട് ഉപദേശിക്കുന്നത് കൊറോണയെ ഇല്ലാതാക്കില്ല. ഒരു ലാഭകേന്ദ്രിത വ്യവസ്ഥക്ക് ഈ പ്രതിസന്ധിയെ നേരിടാന്‍ കഴിയില്ലെന്ന് അംഗീരിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ച സ്പെയിന്‍ അവിടുത്തെ എല്ലാ ആശുപത്രികളും ആരോഗ്യസുരക്ഷ സംവിധാനങ്ങളും ദേശസാത്കരിച്ചു.

Ø ശുചീകരണ തൊഴിലാളികളെ ഉടന്‍തന്നെ അവരെ ജോലിയെടുപ്പിക്കുന്ന സര്‍ക്കരുകളുടെയോ അല്ലെങ്കില്‍ മുനിസിപ്പാലിറ്റികളുടെയോ മുഴുവന്‍സമയ ജോലിക്കാരാക്കി മാറ്റണം. അവരുടെ നിലവിലുള്ള മാസശമ്പളത്തോട് 5,000 രൂപ കൂട്ടിക്കൊണ്ടും നേരത്തെ അവര്‍ക്ക് നിഷേധിക്കപ്പെട്ട മുഴുവന്‍ വൈദ്യ ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടും വേണം ഇങ്ങനെ ചെയ്യാന്‍. അവര്‍ക്ക് ഒരിക്കലും നല്‍കിയിട്ടില്ലാത്ത സുരക്ഷ ഉപകരണങ്ങളും നല്‍കണം. നേരത്തെതന്നെ മോശപ്പെട്ട അവസ്ഥയിലുള്ള ദശലക്ഷക്കണക്കിനു ശുചീകരണ തൊഴിലാളികളെ നാശത്തിലേക്ക് തള്ളിവിട്ടുകൊണ്ടും പൊതുസേവനങ്ങളില്‍നിന്നും അവരെ ഒഴിവാക്കിക്കൊണ്ടും സ്വകാര്യ സംവിധാനങ്ങളെ അവരുടെ ജോലി ഏല്‍പ്പിച്ചുകൊണ്ടും നമ്മള്‍ മൂന്ന് ദശകങ്ങള്‍കൂടി ചിലവഴിച്ചു. സ്വകാര്യ സംവിധാനങ്ങള്‍ അതേ തൊഴിലാളികളെ കുറഞ്ഞ വേതനത്തിലും ആനുകൂല്യങ്ങള്‍ നല്‍കാതെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു.

Ø പാവപ്പെട്ടവര്‍ക്ക് മൂന്ന് മാസത്തേക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിക്കുകയും നല്‍കുകയും ചെയ്യുക.

Ø ഉടന്‍തന്നെ ആശ (ASHA), അംഗന്‍വാടി, ഉച്ചഭക്ഷണ തൊഴിലാളികളെ - നേരത്തെതന്നെ പോരാട്ടത്തിന്‍റെ മുന്‍നിരയിലുള്ളവര്‍ - സര്‍ക്കാര്‍ ജീവനക്കാരായി മാറ്റുക. ഇന്ത്യയിലെ കുട്ടികളുടെ ആരോഗ്യവും ജീവനും അവരുടെ കരങ്ങളിലാണ്. മതിയായ വേതനവും സുരക്ഷാ ഉപകരണങ്ങളും നല്‍കി അവരേയും മുഴുവന്‍സമയ ജോലിക്കാര്‍ ആക്കണം.

Ø പ്രതിസന്ധി കഴിയുന്നതുവരെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രതിദിനം എം.ജി.എന്‍.ആര്‍.ഇ.ജി.എ. വേതനം നല്‍കുക. നഗര ദിവസ വേതനക്കാര്‍ക്ക് ഒരു മാസം 6,000 രൂപ ഇതേ കാലയളവില്‍ നല്‍കുക.

ഈ നടപടികളൊക്കെ നമ്മള്‍ ഇപ്പോള്‍തന്നെ നടപ്പാക്കേണ്ടതാണ്. സര്‍ക്കാരിന്‍റെ ‘പാക്കേജ്’ ധാരണയില്ലായ്മയുടേയും നിര്‍ദ്ദയത്വത്തിന്‍റേയും അസാധാരണ മിശ്രണമാണ്. വെറും ഒരു വൈറസിനെതിരെയല്ല നമ്മള്‍ പൊരുതുന്നത് – മഹാമാരികളും ‘പാക്കേജ്’ ആണ്. ഇവിടെ സാമ്പത്തിക ക്ലേശം സ്വയം അടിച്ചേല്‍പ്പിക്കപ്പെടുന്നതോ അല്ലെങ്കില്‍ സ്വയം വഷളാക്കപ്പെടുന്നതോ ആണ് – ദുരന്തങ്ങളില്‍ നിന്നും മഹാവിപത്തിലേക്ക് നമ്മെ നയിക്കുന്നതാണിത്.

വൈറസ് ഇപ്പോഴുള്ളതുപോലെ അടുത്ത രണ്ട് ആഴ്ചകള്‍കൂടി തുടരുകയാണെങ്കില്‍ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരേയൊരു കാര്യം ഖരീഫ് കാലത്തേക്കുള്ള ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ കര്‍ഷകരോട് ആവശ്യപ്പെടുക എന്നതാണ്.

അതേസമയം, ചരിത്രത്തിന്‍റെ ഒരവസ്ഥയെ വളരെ വ്യക്തമായി വെളിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നായി കോവിഡ്-19-നെ കാണുന്നതിനുവേണ്ടി നമ്മളെത്തന്നെ മാറ്റിനിര്‍ത്താന്‍ സാധിക്കുമോ?  ഒരു നാല്‍ക്കവല പോലെ, അവിടെനിന്നും എങ്ങോട്ടു പോകണമെന്ന് നമുക്ക് തീരുമാനിക്കാം. അസമത്വത്തെക്കുറിച്ചും ആരോഗ്യനീതിയെക്കുറിച്ചും ഒരു വാദപ്രതിവാദം പുതുക്കി അവതരിപ്പിക്കാനും തുടരാനുമുള്ള ഒരു നിമിഷം.

ലേഖനത്തിന്‍റെ പതിപ്പ് ആദ്യം പ്രസിദ്ധീകരിച്ചത് 2020 മാര്‍ച്ച് 26-ന് ‘ദി വയര്‍’ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലാണ്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

పి సాయినాథ్ పీపుల్స్ ఆర్కైవ్స్ ఆఫ్ రూరల్ ఇండియా వ్యవస్థాపక సంపాదకులు. ఆయన ఎన్నో దశాబ్దాలుగా గ్రామీణ విలేకరిగా పని చేస్తున్నారు; 'Everybody Loves a Good Drought', 'The Last Heroes: Foot Soldiers of Indian Freedom' అనే పుస్తకాలను రాశారు.

Other stories by P. Sainath
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.