ക്ലാസ്സിലെ ഒരേയൊരു വിദ്യാർത്ഥിയാണെന്ന യാഥാര്‍ത്ഥ്യവുമായി ഔചിത് മ്ഹാത്രെ പൊരുത്തപ്പെട്ടിരുന്നു. പക്ഷെ, അവസാനം സ്ക്കൂളിലവശേഷിച്ച ഒരേയൊരു വിദ്യാർത്ഥിയാകുന്നത് അവന് പുതിയൊരനുഭവമായിരുന്നു.
മഹാമാരിയെ തുടർന്ന് അടച്ചിട്ടതിനു ശേഷം കഴിഞ്ഞവർഷം ഒക്ടോബർ 4-ന് രാവിലെ ഏകദേശം 11 മണിയോടുകൂടി ഔചിത് ക്ലാസ്സ്മുറിയിലേക്ക് കയറിയപ്പോൾ അതാണ് സംഭവിച്ചത്. സ്ക്കൂളിലെ മൂന്ന് മുറികളും ശൂന്യമായിരുന്നു. മഹാത്മാ ഗാന്ധിയുടെ ഫ്രയിം ചെയ്തുവച്ച ചിത്രം സ്ഥാപിച്ചിരുന്ന ഒരു കസേരയ്ക്കരികിൽ ഒരദ്ധ്യാപകൻ മാത്രം അവനുവേണ്ടി കാത്തിരുന്നു.
2015-ൽ ഏതാണ്ട് 6 വയസ്സുള്ളപ്പോൾ 1-ാം ക്ലാസ്സിൽ ചേർന്നതു മുതൽ അവന് സഹപാഠികൾ ആരുമുണ്ടായിരുന്നില്ല. “ ഫക്ത് മീച്ച് ഹോതോ [ഞാൻ മാത്രമേ അവിടുണ്ടായിരുന്നുള്ളൂ]”, അവൻ പറഞ്ഞു. സ്ക്കൂളിൽ അവസാനം ചേർന്നതും അവൻ തന്നെയായിരുന്നു. ഏകദേശം 25 വിദ്യാർത്ഥികൾ അന്നുമുണ്ടായിരുന്നു. ഘാരാപുരി ഗ്രാമത്തിലെ മൂന്ന് സ്ഥലങ്ങളിൽ (മൊരാബന്ദർ, രാജ്ബന്ദർ, ശേത്ബന്ദർ) നിന്നാണ് അവർ വന്നിരുന്നത്. ഏതാണ്ട് 1,100 ആളുകൾ ഇവിടെ വസിക്കുന്നു. മഹാരാഷ്ട്രയിലെ റായ്‌ഗഢ് ജില്ലയിലെ എലിഫന്‍റ ഗുഹകൾക്ക് പേര് കേട്ട പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഘാരാപുരി ദ്വീപ്. ദക്ഷിണ മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇൻഡ്യയിൽ നിന്നും ഒരുമണിക്കൂർ ബോട്ട് യാത്ര മതി അവിടെയെത്താൻ.
1 മുതൽ 7 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്ന ഔചിത്തിന്‍റെ സിലാ പരിഷദ് (സെഡ്.പി.) സ്ക്കൂളിൽ ഒരു ദശകത്തിനു മുൻപ് 55-60 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വർഷങ്ങൾ കടന്നുപോയതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. 2019 ആയപ്പോൾ 13 വിദ്യാർത്ഥികൾ മാത്രമാണ് അവശേഷിച്ചത്. 2020 മാർച്ച് ആയപ്പോൾ ഇത് ഏഴായി കുറഞ്ഞു. 2020-21 അദ്ധ്യയന വർഷത്തിൽ 3 പേർ 7-ാം ക്ലാസ്സ് പൂർത്തിയാക്കുകയും 2 പേർ സ്ക്കൂൾ വിടുകയും ചെയ്തതോടെ രണ്ടുപേർ മാത്രം അവശേഷിച്ചു. 6-ാം ക്ലാസ്സിൽ ഔചിതും 7-ാം ക്ലാസ്സിൽ ഗൗരി മ്ഹാത്രെയും. “വേണ്ടരീതിയിൽ ഇവിടെ പഠനം നടക്കുന്നുണ്ടായിരുന്നില്ല, അതുകൊണ്ടാണ് എല്ലാവരും പോകാൻ തുടങ്ങിയത്”, അവൾ പറഞ്ഞു.
കുട്ടികൾ ഇങ്ങനെ ചിതറിപ്പോയതിന് നിരവധി കാരണങ്ങളുണ്ട്. സ്ക്കൂൾ ഇരിക്കുന്ന ഇടവും അങ്ങോട്ടുള്ള ദൂരവും കാരണം പിന്തിരിയുന്ന അദ്ധ്യാപകർ, ദ്വീപിലെ ശോചനീയമായ അടിസ്ഥാന സൗകര്യങ്ങൾ, കുറഞ്ഞ വരുമാനവും പരിമിതമായ ജോലി സാദ്ധ്യതകളും മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങൾ, ഇംഗ്ലീഷ് പഠനമാദ്ധ്യമമാക്കിയ സ്ക്കൂളുകളിൽ കുട്ടികൾ പഠിക്കണമെന്ന അവരുടെ ആഗ്രഹം, മറാഠി മാദ്ധ്യമത്തിലുള്ള ഘാരാപുരി സ്ക്കൂളിലെ പഠനശേഷം തുടർപഠനം നടത്തുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവയൊക്കെയാണവ.
മഴുവൻ കുട്ടികൾ ഉണ്ടായിരുന്നപ്പോഴും സെഡ്.പി. സ്ക്കൂളിന് വൈദ്യുതി, വെള്ള കണക്ഷനുകൾ ഉണ്ടായിരുന്നില്ല. ഏതാണ്ട് 2000 മുതൽ രാത്രി 7 മണി മുതൽ 10 മണി വരെ ജനറേറ്ററിന്‍റെ സഹായത്താൽ പ്രവർത്തിക്കുന്ന വൈദ്യുതി സംവിധാനം ഘാരാപുരിയിൽ ഉണ്ടായിരുന്നെന്നും 2018-ൽ മാത്രമാണ് സ്ഥിരമായ വൈദ്യുതി ലഭിച്ചതെന്നും ഗ്രാമീണർ ഓർക്കുന്നു (2019-ഓടെ വെള്ളത്തിന്‍റെ അവസ്ഥയും മെച്ചപ്പെട്ടു).
എന്നിരിക്കിലും സ്ക്കൂൾ വളരെക്കാലമായി നിലനിന്നുപോകാന്‍ ശ്രമിച്ചു. 2014-15-ഓടെ ഒരു കമ്പ്യൂട്ടറും ലാപ്ടോപ്പും സ്ഥാപിച്ചു (വൈദ്യുതി ഉണ്ടായിരുന്ന വയ്കുന്നേരങ്ങളിൽ മാത്രമെ അത് ചാർജ് ചെയ്യാൻ കഴിയുമായിരുന്നുള്ളൂ). ഇപ്പോൾ അവയൊക്കെ ഒരു ക്ലാസ്സ് മുറിയിൽ ഉപയോഗിക്കാതെ കിടക്കുന്നു. “ചിലപ്പോൾ, ഞങ്ങളുടെ ഫോണുകളിൽ നിന്നും ഇന്‍റർനെറ്റ് ബന്ധിപ്പിച്ച്, ചെറു പാട്ടുകളും കണക്കും പഠിപ്പിക്കുന്നതിന് അവ ഉപയോഗിച്ചിരുന്നു”, ഔചിത് മാത്രമായ ക്ലാസ്സിൽ ഇരിക്കുകയായിരുന്ന അദ്ധ്യാപകൻ റാണ്യ കൂവര്‍ പറഞ്ഞു.
നിരവധി കുട്ടികൾ ഉണ്ടായിരുന്നപ്പോൾ പോലും വെറും 3 അദ്ധ്യപകർ 1 മുതൽ 7 വരെയുള്ള ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നതിനാൽ നിറഞ്ഞു കവിഞ്ഞ ഒരു മുറിയിലായിരുന്നു ക്ലാസ്സുകൾ പലപ്പോഴും നടന്നത്. കുറച്ചു പേർ ക്ലാസ്സ് മുറിക്ക് പുറത്തോ അല്ലെങ്കിൽ പുറത്ത് തുറസ്സായ ചെറിയ സ്ഥലത്തോ ആയിരുന്നു ഇരുന്നിരുന്നത്.
വർഷങ്ങളോളം പല അദ്ധ്യാപകരും ദ്വീപിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാൻ തയ്യാറല്ലായിരുന്നു. എല്ലാ ദിവസവും ഘാരാപുരിയിലേക്ക് അവർക്ക് ബോട്ടിൽ യാത്ര ചെയ്യണമായിരുന്നു. ഉരണ്‍ താലൂക്കിലെ മറ്റു ഗ്രാമങ്ങളിലേക്കുള്ള ഈ യാത്രയ്ക്ക് ഏതാണ്ട് 30 മിനിറ്റ് എടുക്കുമായിരുന്നു. അവിടെത്താനുള്ള ഒരേയൊരു മാർഗ്ഗം ഇതു മാത്രമായിരുന്നു. മഴക്കാലത്ത് (ജൂൺ മുതൽ സെപ്റ്റംബർ വരെ) കനത്ത മഴയും വേലിയേറ്റവും കാരണം ക്ലാസ്സുകൾ കൂടുതലായി അസ്ഥിരപ്പെടുമായിരുന്നു. ഘാരാപുരിയിലെ സൗകര്യങ്ങളുടെ അഭാവം അദ്ധ്യാപകരുടെ വിമുഖത വർദ്ധിപ്പിക്കുകയും സ്ഥലംമാറ്റങ്ങൾ സ്ഥിരമാവുകയും ചെയ്തു.
“വളരെ അപൂർവമായേ ഏതെങ്കിലും അദ്ധ്യാപകർ കൂടുതൽ മാസങ്ങൾ അവിടെ നിന്നിട്ടുള്ളൂ”, 14-വയസ്സുകാരിയായ ഗൗരി പറഞ്ഞു. “പലരുടെയും അദ്ധ്യാപനം പല രീതിയിലാണ്, അവരുടെ രീതികളുമായി പൊരുത്തപ്പെടാൻ ഞങ്ങൾ സമയമെടുത്തു.”
52-കാരനായ റാണ്യയെപ്പോലുള്ള കുറച്ചുപേർ പ്രതിമാസം 500 രൂപ വാടക നൽകി ഗ്രാമത്തിൽ തങ്ങാൻ തന്നെ തീരുമാനിച്ചു (ഭാര്യയായ സുരേഖയോടൊപ്പം). “ഇത്രയുംകാലം ഇവിടെ തങ്ങണമെന്നുള്ള പദ്ധതിയൊന്നും ഇല്ലായിരുന്നു. നിയമനം ഒരുവർഷത്തേക്കാണെന്നാണ് പറഞ്ഞത്”, മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ നിന്നുള്ള റാണ്യ പറഞ്ഞു. 2016 പകുതി മുതലാണ് അദ്ദേഹം ഘാരാപുരിയിൽ പഠിപ്പിക്കാൻ തുടങ്ങിയത്. ഏതാണ്ട് 2019-ലെ ദീപാവലിയുടെ സമയത്ത് പക്ഷാഘാതം ഉണ്ടായതോടെ മെഡിക്കൽ ചികിത്സയ്ക്കായി അദ്ദേഹം പോവുകയും ചെയ്തു. 2020 ഓഗസ്റ്റിൽ അദ്ദേഹം തിരിച്ചു വന്നപ്പോൾ ഔചിത്തിനെയും ഗൗരിയെയും മാത്രമാണ് സ്ക്കൂളിൽ കണ്ടത്. പഠിപ്പിക്കാനായി റാണ്യ മാത്രം അവശേഷിച്ചതോടെ അതേമാസം മറ്റൊരദ്ധ്യാപകനെ പാർട്-ടൈം വ്യവസ്ഥയിൽ നിയമിച്ചു (സെഡ്.പി. സ്ക്കൂളിന്‍റെ ഓഫീസ്).
2021 സെപ്റ്റംബർ 3-ന് റായ്‌ഗഢ് ജില്ല സിലാ പരിഷദിന്‍റെ വിദ്യാഭ്യാസ വകുപ്പ്, സ്ക്കൂൾ പൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഘാരാപുരി ഗ്രാമ സർപഞ്ചായ ബലിറാം താക്കൂറിന് ഒരു നോട്ടീസയയ്ക്കുകയും (കാരണം, ഔചിത് എന്ന ഒരേയൊരു വിദ്യാർത്ഥി മാത്രമെ അപ്പോൾ അവശേഷിച്ചിരുന്നുള്ളൂ) ഏതെങ്കിലും വിദ്യാർത്ഥികൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവരെ അടുത്തുള്ള സ്ക്കൂളുകളിലേക്ക് (ഉരണിലുള്ളവ) മാറ്റാൻ ഉപദേശിക്കുകയും ചെയ്തു.
സ്ക്കൂൾ തുടരണമെന്ന് ബലിറാം ശഠിച്ചു. “ഒരു വിദ്യാർത്ഥിയേ ഉള്ളൂവെങ്കിൽ പോലും എനിക്കതടയ്ക്കാൻ കഴിയില്ല. ഞങ്ങളുടെ കാര്യം വ്യത്യസ്തമാണ്... ഞങ്ങളുടെ ഗ്രാമം സ്ഥിതി ചെയ്യുന്നതിന്‍റെ പ്രത്യേകത കൊണ്ടും അടുത്ത് മറ്റ് സ്ക്കൂളുകളൊന്നും ഇല്ലാത്തതിനാലും”, അദ്ദേഹം പറഞ്ഞു. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കാനുള്ള കുട്ടികളുടെ അവകാശത്തെ സംബന്ധിക്കുന്ന നിയമം, 2009 -നെപ്പറ്റി അദ്ദേഹം പരാമർശിച്ചു. 5-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഒരു കിലോമീറ്റർ ദൂരപരിധിയിലും 8-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് 3 കിലോമീറ്റർ ദൂരപരിധിയിലും സർക്കാർവക സ്ക്കൂളുകൾ ലഭ്യമാക്കണമെന്ന് നിയമം പറയുന്നു.
“വിദ്യാഭ്യാസം നേടുകയെന്ന ആവശ്യം ഇവിടെയുള്ള കുടുംബങ്ങൾ മാറിപ്പാർക്കാൻ കാരണമായിട്ടുണ്ട്. അങ്ങനെ അവരുടെ കുട്ടികൾക്ക് മറ്റ് സ്ക്കൂളുകളിൽ [ഉരണിൽ] പോകാൻ കഴിഞ്ഞു. [സ്ക്കൂളിന്‍റെ] നിലവാരം ഉയർത്താൻ ഞങ്ങളുടെ ഗ്രാമത്തിൽ നടന്ന പരിശ്രമങ്ങൾക്ക് പിന്തുണ ലഭിച്ചിരുന്നെങ്കിൽ രക്ഷാകർത്താക്കാൾ ഉറപ്പായും പോകില്ലായിരുന്നു”, ബലിറാം കൂട്ടിച്ചേർത്തു.
ദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനു വേണ്ടി ഉരണ്‍ താലൂക്കിലെ ഗ്രാമങ്ങളിലേക്കോ നവിമുംബൈയിലേക്കോ വളരെക്കാലമായി കുടിയേറിക്കൊണ്ടിരിക്കുന്നു. ചില കുട്ടികൾ അവിടെ ബന്ധുക്കളോടൊപ്പം താമസിക്കുന്നു. അല്ലെങ്കിൽ കുടുംബം മൊത്തത്തിൽ തന്നെ അങ്ങോട്ടു മാറി വാടകയ്ക്ക് താമസിക്കുന്നു. മുംബൈയും അടുത്താണ്. പക്ഷെ അവിടെയുള്ള സാദ്ധ്യതകൾ ഘാരാപുരിയിൽ നിന്നുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ചിലവേറിയതാണ്. മിക്കവരും കാർഷിക കോലി സമുദായത്തിൽ നിന്നുള്ളവരാണ് (അവരെ ഓ.ബി.സിയിൽ പെടുത്തിയിരിക്കുന്നു). തൊപ്പികളും സൺഗ്ലാസ്സുകളും സുവനീറുകളും മറ്റു സാധനങ്ങളുമൊക്കെ വിനോദസഞ്ചാരികൾക്ക് വിൽക്കുന്ന ചെറു കടകൾ ദ്വീപിൽ നടത്തിയോ വിനോദസഞ്ചാരവുമായി ബന്ധപ്പെടുന്ന മറ്റു ജോലികൾ ഗുഹകളിൽ ചെയ്തുകൊണ്ടോ ആണ് അവർ ജീവിക്കുന്നത്.
“മാറുന്നതുമായി ബന്ധപ്പെട്ട ചിലവുകളിൽ സ്ക്കൂൾ ഫീസ് മാത്രമല്ല ഉൾപ്പെടുന്നത്. ജാമ്യനിക്ഷേപം, വാടക, മറ്റാവശ്യങ്ങൾക്കുള്ള ചിലവുകൾ എന്നിവ കൂടിയാണ്. അതിനുപുറമെ രക്ഷിതാക്കൾ ജോലിയും അന്വേഷിക്കണം”, ഔചിത്തിന്‍റെ മാതാവ് 38 വയസ്സുകാരിയായ വിനന്തി മ്ഹാത്രെ പറഞ്ഞു. “മാറാൻ ഞങ്ങൾക്കു പറ്റില്ല, എങ്ങനെ ഞങ്ങൾ സമ്പാദിക്കും? പറ്റുമെങ്കിൽ ഔചിത്തിനെ എനിക്കൊരു സ്ക്കൂളിൽ അയയ്ക്കണം. ഇവിടെയുള്ള ഹൈസ്ക്കൂൾ അടച്ചു. [മാസങ്ങളായി] ഞങ്ങളുടെ വരുമാനം നിലച്ചിരിക്കുകയാണ്.”
വിനന്തിയും അവരുടെ ഭർത്താവ് നീതിനും (42) ജെട്ടിയിൽ നിന്നും എലിഫന്‍റ ഗുഹകളിലേക്കുള്ള 120 പടികളുടെ ഭാഗത്ത് ഒരു താത്കാലിക കട നടത്തുകയാണ്. 2020 മാർച്ചിൽ ലോക്ക്ഡൗൺ തുടങ്ങുന്നതിനു മുൻപ് എല്ലാ മാസവും 6,000-7,000 രൂപ വീതം നേടാൻ അവർക്ക് സാധിച്ചിരുന്നു. സന്ദർശകർ കുറഞ്ഞതോടെ കച്ചവടം കുറഞ്ഞു. ഇപ്പോഴവർക്ക് അതേ തുക നേടാൻ ചില മാസങ്ങളിലേ പറ്റൂ. 2019-ൽ നീതിനെ കരാറുകാർ (ഗുഹകളുടെ കാര്യങ്ങൾ നോക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇൻഡ്യയുമായി ബന്ധമുള്ളവരാണവർ) 12,000 രൂപ പ്രതിമാസ ശമ്പളത്തിൽ സ്മാരകങ്ങൾ വൃത്തിയാക്കാൻ നിയമിച്ചു. അതേ മാസം അവരുടെ മൂത്തമകൻ 18-കാരനായ ആദിത്യ ഗ്രാമത്തിലെ ഹൈസ്ക്കൂളിൽ 10-ാം ക്ലാസ്സ് പൂർത്തിയാക്കി. ഉപരിപഠനത്തിനായി അവനെ ഉരണിലേക്ക് മാറ്റാൻ നീതിന്‍റെ ശമ്പളം സഹായിച്ചു. (വേതന തർക്കത്തെ തുടർന്ന് 2022 മാർച്ചിൽ നീതിന് ശുചീകരണ ജോലി നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.)
ഒരു ലാഭരഹിത സംഘമായ കൊങ്കൺ എജ്യൂക്കേഷൻ സൊസൈറ്റി 1995-ൽ തുടങ്ങിയതാണ് ഘാരാപുരിയിലെ മറാത്തി മാദ്ധ്യമം സ്ക്കൂളായ കെ.ഇ.എസ്. സെക്കൻഡറി വിദ്യാലയം. 8 മുതൽ 10 വരെ ക്ലാസ്സുകളുള്ള അവിടെയാണ് ആദിത്യ പഠിച്ചത്. ഗ്രാമത്തിലെ ഒരു അംഗൻവാടി പ്രവർത്തകയായ സുവർണ കോലി (40) ഹൈസ്ക്കൂൾ തുറന്നപ്പോഴുള്ള അവരുടെ അത്ഭുതാതിരേകം ഓർമ്മിച്ചെടുക്കുന്നു:
“7-ാം ക്ലാസ്സിനു ശേഷം [1992-ൽ] തുടർന്നു പഠിക്കാനായി സ്ക്കൂൾ ഇല്ലായിരുന്നു”, അവർ പറഞ്ഞു. “ഞങ്ങളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ വിവാഹിതരാകുന്നതോ കടയിൽ ജോലിക്കു പോകുന്നതോ ആയിരുന്നു സാദ്ധ്യമായിരുന്ന വഴികൾ.” സുവർണയുടെ അമ്മ ഗ്രാമത്തിലെ ഒരു ഭക്ഷണശാലയിൽ പാചകക്കാരിയായിരുന്നു. കൃഷിപ്പണി ചെയ്തിരുന്ന അച്ഛൻ സർപ്പഞ്ചിനേയും സേവിച്ചിരുന്നു. സുവർണയ്ക്ക് ഒരു നഴ്സ് ആവണമെന്നുണ്ടായിരുന്നു. ആ ലക്ഷ്യം നേടാൻ സാധിച്ചില്ലെങ്കിലും, ഒരു പുഞ്ചിരിയോടെ അവർ പറഞ്ഞു: "കുറഞ്ഞത് എനിക്ക് 10-ാം ക്ലാസ്സ് പൂർത്തിയാക്കാനെങ്കിലും പറ്റി [1998-ൽ]”, അതും ഉയർന്ന റാങ്കിലുള്ള ഗ്രേഡുകളോടെ.
ഏറ്റവും നന്നായി പ്രവർത്തിച്ചിരുന്ന സമയത്ത് ഫീസൊന്നുമില്ലാത്ത കെ.ഇ.എസ്. സെക്കൻഡറി വിദ്യാലയത്തിൽ 4 അദ്ധ്യാപകർ ഏതാണ്ട് 30 വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു. അവരിലൊരാളായിരുന്നു നവ്നീത് കാംബ്ലെ. ഘാരാപുരിയിൽ പഠിപ്പിച്ച ആകെ 12 വര്‍ഷങ്ങളിൽ ആറിലും ഈ ഗ്രാമത്തിൽ തന്നെയാണ് അദ്ദേഹം താമസിച്ചത്. വിവാഹിതനായ ശേഷം ഉരണിൽ നിന്നും അദ്ദേഹം ബോട്ടുയാത്ര ചെയ്ത് വരുമായിരുന്നു. “8-ാം സ്റ്റാൻഡേർഡിൽ ചേർന്ന വിദ്യാർത്ഥികൾ [സ്ഥിരതയില്ലാത്ത സെഡ്.പി. സ്ക്കൂൾ വിദ്യാഭ്യാസത്തിനുശേഷം] നന്നായി പഠനം നടത്താൻ പാടുപെട്ടു, പലരും താൽപര്യവുമില്ലായിരുന്നു”, അദ്ദേഹം പറഞ്ഞു.
ക്രമേണ ഹൈസ്ക്കൂളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണവും കുറയാൻ തുടങ്ങി. സാമ്പത്തികത്തിനായി സ്ക്കൂൾ ബുദ്ധിമുട്ടി. കൂടാതെ, ഓരോ വർഷവും ഓരോ ക്ലാസ്സ് വീതം പൂട്ടാൻ തുടങ്ങി - 2018-ൽ 8-ാം ക്ലാസ്സിൽ തുടങ്ങി, 2019-ൽ 9-ാം ക്ലാസ്സും 2020-ൽ 10-ാം ക്ലാസ്സും പൂട്ടി.
ആനുവൽ സ്റ്റാറ്റസ് ഓഫ് എജ്യൂക്കേഷൻ റിപ്പോർട്ട് (റൂറൽ) (ഒക്ടോബർ 2020) ശുപാർശ ചെയ്തതിന് വിപരീത ദിശയിലുള്ള മാറ്റങ്ങളാണ് ഹൈസ്ക്കൂളും കഷ്ടിച്ച് പ്രവർത്തിച്ചിരുന്ന സെഡ്.പി. സ്ക്കൂളും പൂട്ടിയത് കാണിക്കുന്നത്. ബുദ്ധിമുട്ട് നിറഞ്ഞ പശ്ചാത്തലത്തിൽ നിന്നെത്തി സർക്കാർ സ്ക്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലോക്ക്ഡൗണിനു ശേഷം കൂടുതൽ സഹായം ആവശ്യമാണെന്ന് പ്രസ്തുത റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നു.
അംഗൻവാടി പ്രവർത്തകയായ സുവര്‍ണ കോലിയും സഹപ്രവർത്തകയും ഘാരാപുരിയിലെ 6 വയസ്സുവരെയുള്ള 40 കുട്ടികൾക്കു വേണ്ടി അംഗൻവാടി ക്ലാസ്സുകൾ നടത്തിയപ്പോൾ 6 മുതൽ 14 വയസ്സുവരെയുള്ള 21 കുട്ടികളിൽ ആരുംതന്നെ ദ്വീപിലെ സിലാ പരിഷദ് സ്ക്കൂളിൽ ചേർന്നിട്ടില്ല. (വിദ്യാർത്ഥികളുടെ ഈ എണ്ണം വെവ്വേറെ സർവേകളിലൂടെ കോലിയും റാണ്യയും സുരേഖ കുവറും സമാഹരിച്ചതാണ്). സെഡ്.പി. സ്ക്കൂളിന്‍റെ അപചയം കാണുകയും അത് പൂട്ടാന്‍ പോകുന്നത് മുൻകൂട്ടി കാണുകയും ചെയ്ത ഘാരാപുരിയിലെ രക്ഷിതാക്കൾ വർഷങ്ങളായി അവരുടെ കുട്ടികളെ ഉരണിലെ മറ്റു സ്ക്കൂളുകളിൽ ചേർത്തു കൊണ്ടിരിക്കുന്നു.
സെഡ്.പി. സ്ക്കൂളിൽ ഇപ്പോഴും പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഹൈസ്ക്കൂൾ പൂട്ടിയതിനർത്ഥം 7-ാം ക്ലാസ്സ് കഴിഞ്ഞയുടനെ അവർക്ക് ഘാരാപുരിയിൽ നിന്നും നീങ്ങേണ്ടിവരും എന്നതാണ്. 16-കാരനായ കൽപേഷ് മ്ഹാത്രെ അതാണ് ചെയ്തത്. അവൻ ങാവാ ഗ്രാമത്തിലെ ഒരു സ്ക്കൂളിലേക്ക് മാറി. പിന്നീടത് ഇടയ്ക്ക് ഉപേക്ഷിച്ചു. “ ബസ് നഹി ഹോ രഹാ താ [എനിക്കത് കൈകാര്യം ചെയ്തു കൊണ്ടുപോകാൻ പറ്റിയില്ല]. കൽപേഷ് പിന്നീട് ദ്വീപിൽ ‘കുർസിവാല’യായി പ്രവർത്തിക്കാൻ തുടങ്ങി. കൽപേഷും മറ്റു മൂന്നുപേരും വിനോദസഞ്ചാരികളെ ഗുഹകൾവരെ തടിക്കസേരയിൽ ചുമന്നെത്തിക്കുന്ന ജോലി തുടങ്ങി. നാലുപേരുടെ ഒരു സംഘം ഒരു ദിവസം അത്തരത്തിൽ 3-4 തവണ വിനോദസഞ്ചാരികളെ ചുമക്കും. ഓരോതവണയും മൊത്തത്തിൽ 300-500 രൂപയുണ്ടാക്കും.
എന്നിരിക്കിലും ഘാരാപുരിയിലെ കുറച്ചു വിദ്യാർത്ഥികൾ പിന്നെയും പഠിച്ചു. ഗൗരിയുടെ മൂത്ത സഹോദരിയായ ഭാവിക മ്ഹാത്രെ 2016-ൽ ഗ്രാമത്തിലെ ഹൈസ്ക്കൂളിൽ 10-ാം ക്ലാസ്സ് പൂർത്തിയാക്കുകയും പിന്നീട് പൻവേലിൽ ബി.എ. ബിരുദത്തിന് ചേരുകയും ചെയ്തു. പക്ഷെ 2020-ൽ മാതാപിതാക്കൾ മരിച്ചശേഷം ഭാവിക ഘാരാപുരിയിൽ തിരിച്ചെത്തുകയും ലഘുഭക്ഷണങ്ങളും ആഭരണങ്ങളുമൊക്കെ വിറ്റിരുന്ന അവരുടെ കട നടത്താൻ തുടങ്ങുകയും ചെയ്തു. ഗൗരി ഇപ്പോൾ പൻവേലിൽ ബന്ധുക്കളോടൊപ്പം താമസിച്ച് 8-ാം ക്ലാസ്സിൽ പഠിക്കുന്നു.
“അച്ഛനും അമ്മയും ഞങ്ങളെ കൂടുതൽ പഠിക്കാനായി നിർബന്ധിച്ചു. അമ്മ 8-ാം ക്ലാസ്സ് വരെ പഠിച്ചു. അവർക്ക് കൂടുതൽ പഠിക്കണമെന്നുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞില്ല. അച്ഛന് നേവിയിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ അച്ഛൻ മരിച്ചതിനാൽ കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു”, 20-കാരിയായ ഭാവിക പറഞ്ഞു. “ഹിന്ദിയും കണക്കുമൊക്കെ പഠിപ്പിക്കാൻ അദ്ദേഹം ഞങ്ങളോടൊപ്പം ഇരിക്കുമായിരുന്നു. എല്ലാം പഠിക്കാൻ ഞങ്ങളോട് പറയുകയും ചെയ്തു. അദ്ദേഹം സ്വയം പഠിച്ച ഒരു ചിത്രകാരനായിരുന്നു, ഗ്രാമത്തിലെ വിവാഹങ്ങളിലെ ഡി.ജെയും. അദ്ദേഹമെന്നെ മറ്റു ക്ലാസ്സുകളിൽ ചേർത്തു... തയ്യൽ, ടൈപ്പിംഗ് എന്നിങ്ങനെ. ഞങ്ങൾ മത്സരപരീക്ഷകൾ എഴുതണമെന്നും ഐ.എ.എസിന് അപേക്ഷിക്കുകയോ വക്കീലാവുകയോ ചെയ്യണമെന്നും അദ്ദേഹത്തിനുണ്ടായിരുന്നു..."
പക്ഷെ ഘാരാപുരിയിലെ വിദ്യാഭ്യാസത്തിന്‍റെ പാതയിലുള്ള നിരവധി പ്രതിബന്ധങ്ങൾ കടന്ന് ഭാവികയെപ്പോലുള്ള കുറച്ചുപേർക്ക് മാത്രമെ മുന്നോട്ടു പഠിക്കാൻ സാധിച്ചുള്ളൂ. വിദ്യാഭ്യാസത്തിന്മേലുള്ള ഗാർഹിക സാമൂഹ്യ ഉപഭോഗം (Household Social Consumption on Education) (എൻ.എസ്.എസ്. 75-ാം റൗണ്ട്, 2017-18) കാണിക്കുന്നത് ഗ്രാമീണ ഇന്ത്യയിലെ 15 വയസ്സിനു മുകളിലുള്ള 5.7 ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് ബിരുദതലം വരെയോ അതിനുമുകളിലോ പഠിച്ചിട്ടുള്ളത് എന്നാണ്. പഠനത്തിൽ താൽപര്യമില്ലായ്മ, പഠനവുമായി അല്ലെങ്കിൽ പഠനമാദ്ധ്യമവുമായി പൊരുത്തപ്പെട്ടു പോകാനുള്ള ശേഷിയില്ലായ്മ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ദൂരം, സാമ്പത്തിക പരിമിതികൾ, ഗാർഹിക അല്ലെങ്കിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്നിങ്ങനെ കൊഴിഞ്ഞുപോക്കിനുള്ള കാരണങ്ങളും സർവേ ചൂണ്ടിക്കാണിക്കുന്നു.
ഘാരാപുരിയിലുള്ള അവരിലൊരാളാണ് ഇപ്പോൾ 23 വയസ്സുള്ള സോനൽ മ്ഹാത്രെ. ബന്ധുക്കളോടൊപ്പം താമസിച്ചുകൊണ്ട് അവർ 2016-ൽ ഉരണിൽ 12-ാം ക്ലാസ്സ് പഠനം പൂർത്തിയാക്കി. കുടുംബത്തിന്‍റെ ചെറിയ വരുമാനം (അവരുടെ അമ്മ ചിപ്സ് വിൽക്കുന്ന ഒരു കട നടത്തുകയും അച്ഛൻ 5,000 രൂപ പ്രതിമാസ വരുമാനത്തിൽ ഉരണിൽ ഒരു ബോട്ടിൽ ജോലി ചെയ്യുകയും ചെയ്യുന്നു) ഘാരാപുരിയിലേക്ക് തിരിച്ചുവരാൻ അവരെ നിർബന്ധിച്ചു.
വിനയ് കോലിയും 2019-ൽ 12-ാം ക്ലാസ്സിനു ശേഷം ഉരണിൽ പഠനം അസാനിപ്പിച്ചതാണ്. ഭാഗികമായി മറാഠി മാദ്ധ്യമത്തിലായിരുന്ന കൊമേഴ്സ് വിഭാഗം തിരഞ്ഞെടുത്ത അദ്ദേഹത്തിന്‍റെ അക്കൗണ്ട്സ് കോഴ്സ് ഇംഗ്ലീഷിൽ ആയിരുന്നു. “എന്താണ് എഴുതിയിരിക്കുന്നത് എന്നു മനസ്സിലാക്കാൻ ഒരുപാട് സമയമെടുത്തു”, അദ്ദേഹം പറഞ്ഞു. 2020 ജനുവരിയിൽ 9,000 രൂപ പ്രതിമാസ ശമ്പളത്തിൽ അദ്ദേഹം എലിഫന്‍റ ഗുഹകളിൽ കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് കളക്ടറായി ജോലി ചെയ്യാൻ ആരംഭിച്ചു.
ചില വിദ്യാർത്ഥികൾ 12-ാം ക്ലാസ്സിനു ശേഷം ഒന്നോ രണ്ടോ വർഷത്തേക്കുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ തിരഞ്ഞെടുക്കുന്നു. അതിനായി ഇലക്ട്രീഷ്യൻ, പ്ലംബിംഗ്, വെൽഡിംഗ്, ടർണർ എന്നിവയിലും മറ്റു സമാനമായ തൊഴിലുകളിലും പരിശീലനം നേടുന്നു. “അത്തരം കോഴ്സുകൾ ‘ബ്ലു-കോളർ’ ജോലികളിലേക്ക് [മാത്രം] നയിക്കുന്നു.”
ഘാരാപുരി ദ്വീപിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള വഴിപോലും ഇപ്പോൾ അടഞ്ഞിരിക്കുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെയും അദ്ധ്യാപനത്തിന്‍റെയും മറ്റു കാര്യങ്ങളുടെയും നിലവാരമുയർത്തിക്കൊണ്ട് സംസ്ഥാനത്തെ ഏതാണ്ട് 500 സിലാ പരിഷദ് സ്ക്കൂളുകൾ ‘മാതൃക വിദ്യാലയങ്ങളാ’യി മാറ്റുമെന്ന് 2021 സെപ്റ്റംബറിൽ മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു . അതിനാവശ്യമായ യോഗ്യതകളിൽ ഉള്‍പ്പെടുന്ന ചിലത് “മുഖ്യസ്ഥലത്ത് സ്ക്കൂള്‍ സ്ഥിതിചെയ്യുകയും റോഡ് ബന്ധം ഉണ്ടായിരിക്കുകയും വേണം” എന്നതുമായിരുന്നു.
ഘാരാപുരി യോഗ്യത നേടില്ലെന്ന് വ്യക്തമാണ്. ഔചിത് ഈ വർഷം 7-ാം ക്ലാസ്സ് പൂർത്തിയാക്കുന്നതുകൊണ്ടും സ്ക്കൂളിൽ മറ്റു കുട്ടികളൊന്നും ഇല്ലാത്തതുകൊണ്ടും ദ്വീപിലെ സെഡ്.പി. സ്ക്കൂൾ ഈ ഏപ്രിൽ മുതൽ അടച്ചിടും.
പരിഭാഷ: റെന്നിമോന്‍ കെ. സി.