ഒരിക്കൽ ഒരിടത്ത് മൂന്ന് അയൽക്കാരുണ്ടായിരുന്നു. കാതറീൻ കൌർ, ബോധി മുർമു, മൊഹമ്മദ് തുൾസീറാം എന്നായിരുന്നു അവരുടെ പേര്. കാതി ഒരു കർഷകയും ബോധി ഒരു ചണമില്ലിലെ തൊഴിലാളിയുമായിരുന്നു. മൊഹമ്മദാകട്ടെ, ഒരു പശുപാലകനും. നഗരത്തിലെ വലിയ പഠിപ്പുള്ള ആളുകൾക്കിടയിൽ ചർച്ചാവിഷയമായിരിക്കുന്ന ഇന്ത്യൻ ഭരണഘടന എന്ന ഭാരമുള്ള ഗ്രന്ഥം എന്താണെന്ന് ഒരു നിശ്ചയവുമില്ലായിരുന്നു ആ മൂന്നുപേർക്കും. ആ സാധനംകൊണ്ട് ഒരു ഗുണവുമില്ലെന്ന് കാതി കരുതി. ഒരുപക്ഷേ അതെന്തോ ദിവ്യമായ സാധനം വല്ലതുമായിരിക്കുമെന്നായിരുന്നു ബോധിയുടെ തോന്നൽ. “അതുകൊണ്ട്, ഞങ്ങളുടെ മക്കളുടെ വിശപ്പടങ്ങുമോ?” എന്നായിരുന്നു മൊഹമ്മദിന്റെ ചോദ്യം.
താടിയുള്ളൊരു രാജാവിനെ തിരഞ്ഞെടുത്തു എന്ന വാർത്തയിലും അവർക്കൊരു പുതുമയും തോന്നിയില്ല. “ആർക്കാണ് ഇതിനുമാത്രമൊക്കെ സമയം” എന്നായിരുന്നു അവരുടെ ചോദ്യം. അപ്പോഴാണ് മഴ പെയ്ത് കടം കയറിയത്. വീട്ടിലെ കീടനാശിനിയുടെ കുപ്പി തന്റെ പേര് മന്ത്രിക്കുന്നത് കാതി കേട്ടു. ചണമില്ലിന്റെ ഊഴമായിരുന്നു അടുത്തത്. അത് പൂട്ടിപ്പോയി. പ്രതിഷേധിച്ച തൊഴിലാളികൾക്കുനേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രകടനം നയിച്ച ബോധി മുർമുവിനെതിരേ തീവ്രവാദക്കുറ്റം ആരോപിച്ച് കേസ് ഫയൽ ചെയ്തു. ഒടുവിൽ മൊഹമ്മദ് തുൾസീറാമിന്റെ ഊഴമെത്തി. ഒരു മംഗളകരമായ സന്ധ്യയ്ക്ക് അയാളുടെ കന്നുകാലികൾ തിരികെ വീട്ടിലണഞ്ഞു. പിന്നാലെ, കൈയ്യിൽ വാളുകളേന്തി “ഗോമാതാ കീ ജയ്, ഗോമാതാ കീ ജയ്’ വിളിച്ച് ഇരുകാലികളും വന്നു.
ഭ്രാന്തമായ ആ ആരവത്തിനിടയ്ക്ക്, എവിടെയോ ഒരു പുസ്തകത്താളുകൾ മറിയുന്ന ശബ്ദം അവർ കേട്ടു, ഒരു നീല സൂര്യനുദിച്ചു, ഒരു മന്ദ്രസ്വരം കേൾക്കാറായി:
“നമ്മൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു...”
ഒരു ഭരണഘടനാ വിലാപം
1.
പരമാധികാര
മുള്ള നമ്മുടെ ദേശംപോലെ
തുരുമ്പിച്ച ചുവപ്പുമേഘത്തിലെ നമ്മുടെ ദാഹം.
2.
എന്തിന് സോഷ്യലിസ്റ്റ്
സാഹോദര്യം
?
സൂര്യനുതാഴെ തൊഴിലാളികളുടെ നിലവിളികൾ.
3.
അമ്പലം, മസ്ജിദ്, പള്ളി
പിന്നെ ഒരു ശവകുടീരവും
മതേതര
ഗർഭപാത്രത്തിൽ
തുളച്ചുകയറിയ ഒരു ത്രിശൂലം.
4.
ജനാധിപത്യം
!
വെറുമൊരു വോട്ടിന്,
‘മരണം കടമാണ്”
നമ്മുടെ ഗുരുക്കന്മാർ എഴുതിവെച്ചു.
5.
റിപ്പബ്ലിക്ക്
വന്നതോടെ,
രാജാവ് അധികാരത്തിലേറി
ബുദ്ധൻ നിലംപതിച്ചു,
ബയണറ്റുകൾ ഗാനമാലപിച്ചു.
6.
കണ്ണുമൂടിക്കെട്ടിയ
തുണിക്കഷണത്തിനകത്ത്
നീതിക്ക്
കണ്ണുണ്ടായിരുന്നില്ല
ഇനിയൊരിക്കലുമുണ്ടാവുകയുമില്ല.
7.
പാടത്തുനിന്ന് ഇപ്പോൾ
പറിച്ചെടുത്ത
പുത്തൻ
സ്വാതന്ത്ര്യങ്ങൾ
മാളുകളിലെ കീടനാശിനിക്കുപ്പികളിൽ
നിരത്തിവെച്ചിരിക്കുന്നു.
8.
വിശുദ്ധപശുക്കളും കറുകറുത്ത ഇറച്ചിയും
നമ്മുടെ
സമത്വവാദം
വേവിക്കുന്ന
അപ്പമാണത്.
9.
സാഹോദര്യം
കേൾക്കുന്നു
ധാന്യപ്പാടത്തെ ശൂദ്രന്റെ ദീർഘനിശ്വാസങ്ങൾ
ഒരു ബ്രാഹ്മണൻ കുരയ്ക്കുന്നു.
ഈ കവിത എഴുതുന്നതിലേക്ക് നയിച്ച ഉന്മേഷദായകമായ സംഭാഷണങ്ങൾക്ക് സ്മിത ഖാടോറിനോട് നന്ദി പറയുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്