ചൂടുള്ള സോപ്പുവെള്ളത്തിൽ കുതിർത്തിട്ടിരിക്കുന്ന ഒരു കമ്പിളിപ്പുതപ്പിൽ താളത്തിൽ ചവിട്ടുകയാണ് യുവാവായ താലബ് ഹുസ്സൈൻ. ഒറ്റനോട്ടത്തിൽ അദ്ദേഹം നൃത്തം ചെയ്യുകയാണെന്ന് തോന്നും; മുഖത്ത് നിറഞ്ഞ പുഞ്ചിരി. "കുതിർന്നുകിടക്കുന്ന കമ്പിളിപ്പുതപ്പിൽ ബാലൻസ് തെറ്റാതെ നിൽക്കണം," തെന്നിവീഴാതിരിക്കാൻ മുന്നിലുള്ള മരത്തിൽ പിടിച്ചുനിന്നുകൊണ്ട് അദ്ദേഹം പറയുന്നു. ഇതേസമയം വേറൊരാൾ, പുതപ്പ് മുക്കിവച്ചിരിക്കുന്ന വലിയ ഘമേലയിലേയ്ക്ക് (പാത്രം) വീണ്ടും ചൂടുള്ള സോപ്പുവെള്ളം ഒഴിക്കുന്നു.
ജമ്മുവിലെ സാംബ ജില്ലയിലുള്ള ഒരു ചെറിയ ബക്കർവാൾ ഗ്രാമം. ഇരുട്ടുറഞ്ഞുകിടക്കുന്ന ആ ശൈത്യകാലരാത്രിയിൽ, താത്കാലികാവശ്യത്തിന് നിർമ്മിച്ചിട്ടുള്ള ഒരു വിറകടുപ്പിൽനിന്നും ചുറ്റുപാടും നേരിയ പ്രകാശം പരക്കുന്നു. പുതിയതായി നിർമ്മിച്ച കമ്പിളിപ്പുതപ്പുകളിൽനിന്ന് അഴുക്കും ഒലിച്ചിറങ്ങിയ നിറങ്ങളും ഇളകിക്കിടക്കുന്ന നൂലുകളും നീക്കംചെയ്യാനായി അടുപ്പത്ത് വെള്ളം തിളപ്പിക്കുകയാണ്.
കമ്പിളികൊണ്ടുള്ള കരകൗശലവിദ്യകളിൽ നിപുണരായ മേഘ്, മീങ്ഘ് എന്നീ പട്ടികവർഗ്ഗ സമുദായങ്ങളാണ് കമ്പിളിപ്പുതപ്പുകൾ ഉണ്ടാക്കുന്നത്. കമ്പിളികൾ ഉണ്ടാക്കിക്കഴിഞ്ഞാൽ അവ കഴുകിയെടുക്കുന്നത് ബക്കർവാൾ സമുദായത്തിലെ പുരുഷന്മാരാണ്. പുതപ്പുകൾ നിർമ്മിക്കാൻ വേണ്ട നൂലുകളും ഇഴകളും ബക്കർവാൾ സ്ത്രീകൾ ഒരുക്കുകയും സമുദായാംഗങ്ങൾ അവയ്ക്ക് തങ്ങളുടെ വീടുകളിൽ വച്ച് നിറം കൊടുക്കുകയുമാണ് ചെയ്യുന്നത്.
ജമ്മു ജില്ലയിലെ പർഗാൽത്ത ഗ്രാമത്തിന് സമീപത്താണ് ഖലീൽ ഖാൻ താമസിക്കുന്നത്. കമ്പൾ (പുതപ്പ്) ഉണ്ടാക്കുന്ന ഈ രീതി ഏറെ ശ്രമകരവും സമയമെടുക്കുന്നതുമാണെന്ന് ബക്കർവാൾ സമുദായക്കാരനായ ഈ യുവാവ് പറയുന്നുണ്ടെങ്കിലും, ഇങ്ങനെ ഉണ്ടാക്കുന്ന പുതപ്പുകൾ ഏറെക്കാലം നിലനിൽക്കുമെന്നതുകൊണ്ടുതന്നെ ലാഭകരമാണ്. പർഗാൽത്തയിൽനിന്ന് മാറി, നദിയുടെ മുകൾഭാഗത്തെ കരയിലുള്ള ചെറിയ ഗ്രാമമായ ഖന്ന ചർഗൽ ആണ് മുഹമ്മദ് കാലുവിന്റെ സ്വദേശം. തന്റെ ചെറിയ മകൻ ഉറങ്ങിക്കിടക്കുന്ന പഴയ കമ്പിളിപ്പുതപ്പ് ചൂണ്ടിക്കാണിച്ച് അദ്ദേഹം പറയുന്നു,"നിങ്ങൾ അത് കണ്ടോ? ആ കമ്പിളി ഒരു മനുഷ്യായുസ്സിനൊപ്പമോ അതിൽക്കൂടുതലോ കാലം നിലനിൽക്കും. എന്നാൽ അങ്ങാടിയിൽനിന്ന് വാങ്ങുന്ന, അക്രിലിക് കമ്പിളികൊണ്ടുള്ള പുതപ്പുകൾ ഏതാനും വർഷമേ ഉപയോഗിക്കാനാകൂ." പ്രകൃതിദത്തമായ കമ്പിളികൊണ്ടുണ്ടാക്കുന്ന പുതപ്പുകളിൽനിന്ന് വ്യത്യസ്തമായി, പച്ചിം (അക്രിലിക് കമ്പിളിയ്ക്കുള്ള പ്രാദേശിക പദം) കൊണ്ടുണ്ടാക്കുന്ന പുതപ്പുകൾ നനഞ്ഞാൽ ഉണങ്ങിക്കിട്ടാൻ ദിവസങ്ങളെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "തണുപ്പുകാലത്ത് അക്രിലിക് പുതപ്പുകൾ ഉപയോഗിച്ചാൽ ഞങ്ങളുടെ കാൽപ്പാദങ്ങൾ നീറുകയും ശരീരമാകെ വേദനിക്കുകയും ചെയ്യും," ഇടയന്മാരായ ഖലീലും കാലുവും പറയുന്നു.
*****
അവരുടെ മൃഗങ്ങളിൽനിന്ന് ലഭിക്കുന്ന കമ്പിളി ഉപയോഗിച്ച് പുതപ്പുകൾക്ക് പുറമേ നംദകളും ഉണ്ടാക്കുന്നുണ്ട്; ഫെൽട്ടിങ് എന്ന പ്രക്രിയയിലൂടെ നിർമ്മിക്കുന്ന, വർണ്ണാഭമായ, പൂക്കളുടെ ഡിസൈനുകൾ എംബ്രോയിഡറി ചെയ്തിട്ടുള്ള പരുപരുത്ത കമ്പിളി പരവതാനിയാണ് നംദ. താരു എന്ന് പേരുള്ള ചെറിയ കമ്പിളികളും അവർ ഉണ്ടാക്കാറുണ്ട്; മെത്തയായും ഉപയോഗിക്കാവുന്ന ഇവ സമ്മാനമായും നൽകാറുണ്ട്. സ്ത്രീകൾതന്നെയാണ് ഇവയിലും എംബ്രോയിഡറി ചെയ്യുന്നത്. ഓരോ കുടുംബത്തിനും ഗോത്രത്തിനും തനതായ ഡിസൈനുകൾ ഉണ്ടാകും.
"ഒരു മെത്ത കണ്ടാൽ ഏത് കുടുംബമാണ് അതുണ്ടാക്കിയതെന്ന് എനിക്ക് പറയാനാകും," തലാബ് ഹുസൈന്റെ ഗ്രാമത്തിൽനിന്നുള്ള സറീനാ ബേഗം പറയുന്നു. ഒരു കമ്പിളിപ്പുതപ്പുണ്ടാക്കാൻ ഏകദേശം 15 ദിവസം വേണ്ടിവരുമെന്നാണ് അവർ പറയുന്നത്.
"അവിടെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന കമ്പിളിപുതപ്പുകൾ കണ്ടില്ലേ, അവ കുടുംബത്തിലെ ഒരു കല്യാണത്തിന് വേണ്ടിയുള്ളതാണ്. സവിശേഷമായി ഉണ്ടാക്കിയതാണ് അവ. കുടുംബത്തിന്റെ സാമ്പത്തികസ്ഥിതിയനുസരിച്ച്, വരന്റെ വീട്ടുക്കാർ 12-30 കമ്പിളികളോ ചിലപ്പോൾ 50 കമ്പിളികൾ വരെയോ നൽകും," സമുദായാംഗങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശിയായ സറീനാ പറയുന്നു. ഇന്നിപ്പോൾ ആളുകൾ സമ്മാനമായി നൽകുന്ന കമ്പിളികളുടെ എണ്ണം കുറച്ചെങ്കിലും, എല്ലാ ചടങ്ങിലും പരമ്പരാഗത വിവാഹസമ്മാനമെന്ന നിലയ്ക്ക് കമ്പിളി നല്കണമെന്നുള്ളത് നിർബന്ധമാണെന്ന് അവർ കൂട്ടിച്ചേർക്കുന്നു.
കമ്പിളിപ്പുതപ്പുകൾ ഏറെ വിലമതിക്കപ്പെടുന്ന വിവാഹസമ്മാനമാണെങ്കിലും അവയുടെ സ്ഥാനത്ത് ഗൃഹോപകരണങ്ങളും വൈദ്യുതോപകരണങ്ങളും സമ്മാനമായി നൽകുന്ന പ്രവണത പതിയെ വളർന്നുവരുന്നുണ്ട്.
മുനബ്ബറും അദ്ദേഹത്തിന്റെ ഭാര്യ മാറൂഫും താഴെ ചെരിവിലെ ബസോലി തെഹ്സിലിലുള്ള ഗ്രാമത്തിന്റെ അതിരിലാണ് താമസിക്കുന്നത്. പിഞ്ഞിത്തുടങ്ങിയ ഒരു ടെന്റിന് കീഴിൽ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് മുനബ്ബർ പറയുന്നു,"നിങ്ങൾ ഈ ഭംഗിയുള്ള എംബ്രോയിഡറി ഒന്ന് നോക്കൂ; ഇപ്പോൾ ഞങ്ങൾക്ക് യാതൊരു വരുമാനവുമില്ല."
ടെന്റിൽ ഞങ്ങൾക്ക് ചുറ്റും കരകൗശല ഉത്പന്നങ്ങൾ ചിതറിക്കിടക്കുന്നു; മുനബ്ബർ-മാറൂഫ് ദമ്പതിമാർ തങ്ങളുടെ 40-50 ആടുകളും ചെമ്മരിയാടുകളുമൊത്ത് കാശ്മീരിലേക്ക് കുടിയേറുമ്പോൾ ഇവയും കൊണ്ടുപോകും. ഇക്കൂട്ടത്തിൽ താരു (മെത്ത), കുതിരപ്പുറത്ത് ഉപയോഗിക്കുന്ന തലിയാരോ പോലെയുള്ള ഉപകരണങ്ങൾ, കുതിരയുടെ കഴുത്തിൽ അണിയുന്ന, ഒരുപാട് മണികളുള്ള ഗൽത്താണി, ചീക്കി എന്നറിയപ്പെടുന്ന കടിഞ്ഞാണുകൾ എന്നിവയുണ്ട്. "കാലികളെ പരിപാലിയ്ക്കുന്നതും എംബ്രോയിഡറി ചെയ്യുന്നതുമെല്ലാം കഠിനമായ ജോലികളാണ്. എന്നാൽ ഞങ്ങൾക്ക് സ്വന്തമായി ഒരു സ്വത്വമില്ല. ആർക്കും ഞങ്ങളുടെ ജോലിയെക്കുറിച്ച് അറിയില്ല," മുനബ്ബർ കൂട്ടിച്ചേർക്കുന്നു.
*****
"ഈ കാലത്തും മില്ലുകൾ നടത്തുന്ന ആളുകളെ കണ്ടെത്തുക ബുദ്ധിമുട്ടാണ്," മാസ് ഖാൻ പറയുന്നു. കമ്പിളി സംസ്കരിക്കുന്ന പ്രവൃത്തി ഇന്നും ചെയ്തുപോരുന്ന ഒരു കുടുംബത്തിലെ അംഗമാണ് അറുപതുകളിലെത്തിയ ഖാൻ. ചർക്കയുടെ (നെയ്ത്തുചക്രം) കാലം കഴിഞ്ഞുവെന്ന് പറഞ്ഞ് പല സമുദായാംഗങ്ങളും നെയ്ത്ത് അവസാനിപ്പിച്ചിരിക്കുകയാണ്.
ഇതുകാരണം ഇടയന്മാരും കമ്പിളി വിൽക്കാൻ പാടുപെടുകയാണ്. "പണ്ട് ഒരു കിലോയ്ക്ക് കുറഞ്ഞത് 120-220 രൂപ കിട്ടിയിരുന്നിടത്ത് ഇന്ന് ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല. ഒരു ദശാബ്ദത്തിനു മുൻപുവരെ, ആടിന്റെ രോമത്തിനുപോലും അങ്ങാടിയിൽ വിലയുണ്ടായിരുന്നു; എന്നാൽ ഇപ്പോൾ ചെമ്മരിയാടിന്റെ കമ്പിളി വാങ്ങാൻപോലും ആരുമില്ലാത്ത സ്ഥിതിയാണ്," കട്ടുവ ജില്ലയിലെ ബസോലി തെഹ്‌സിലിൽനിന്നുള്ള ബക്കർവാൾ സമുദായക്കാരനായ മുഹമ്മദ് താലിബ് പറയുന്നു. ഉപയോഗിക്കാത്ത കമ്പിളി അവരുടെ സ്റ്റോർ റൂമുകളിൽ കെട്ടികിടക്കുകയോ കമ്പിളി മുറിച്ചെടുക്കുന്നയിടത്തുതന്നെ ഉപേക്ഷിക്കപ്പെടുകയോ ആണ്. കമ്പിളി ഉപയോഗിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കരകൗശല വിദഗ്ധരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.
"ബക്കർവാലുകൾ ഇപ്പോൾ ഒരു ഉത്പന്നവും നിർമ്മിക്കുന്നില്ല. അത് ചോട്ടാ കാം (ചെറിയ, വിലയില്ലാത്ത ജോലി) ആയി മാറിയിരിക്കുന്നു. കൃത്രിമ കമ്പിളി ഉപയോഗിക്കുന്നതാണ് ഇപ്പോൾ ലാഭകരം," ഗുജ്ജർ-ബക്കർവാൾ സമുദായത്തോടൊപ്പം ഏറെ വർഷങ്ങൾ പ്രവർത്തിച്ചിട്ടുള്ള സാമൂഹികപ്രവർത്തകനും ഗവേഷകനുമായ ജാവേദ് റാഹി പറയുന്നു.
ജമ്മുവിലും പരിസര പ്രദേശങ്ങളിലും മേച്ചിൽ പ്രദേശങ്ങൾ ദുർല്ലഭമായതിനാൽ കമ്പിളിയ്ക്ക് വേണ്ടി കന്നുകാലികളെ വളർത്തുക ഇപ്പോൾ എളുപ്പമല്ല. കാലികൾ മേയുന്ന പ്രദേശങ്ങളിലെ ഭൂവുടമകൾക്ക് ഇടയന്മാർ പണം നൽകുകയും വേണം.
ഈയടുത്തായി സാംബ ജില്ലയിലെ ഗ്രാമങ്ങൾക്ക് സമീപമുള്ള അനേകം പ്രദേശങ്ങളെ ലാന്റാന കാമറ എന്ന അധിനിവേശ സസ്യം കീഴടക്കിയിരിക്കുകയാണ്. "ഈ പ്രദേശങ്ങളിൽ കാലികളെ മേയ്ക്കാനാകില്ല. എല്ലായിടത്തും കളകളാണ്," ബസോലി തെഹ്‌സിലിലെ ഒരു ചെറിയ ഗ്രാമത്തിലെ താമസക്കാരനായ മുനബ്ബർ അലി പറയുന്നു.
കാലികളിലെ പല പരമ്പരാഗത ഇനങ്ങൾക്കും പകരം സർക്കാർ പുതിയ ഇനങ്ങളെ അവതരിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള സങ്കരയിനം ചെമ്മരിയാടുകൾക്ക് സമതലങ്ങളിലെ ചൂട് ഏറെക്കാലം താങ്ങാനാവില്ല എന്ന് മാത്രമല്ല അവയ്ക്ക് മലമ്പാതകളിലൂടെ നടക്കാനുമാകില്ലെന്ന് ബക്കർവാലുകൾ പറയുന്നു. "ഞങ്ങൾ കാശ്മീരിലേക്ക് സഞ്ചരിക്കുമ്പോൾ, ചെറിയ ഒരു തിട്ട കണ്ടാൽപോലും ചെമ്മരിയാടുകൾ നടത്തം നിർത്തും; അതുപോലും അവയ്ക്ക് ചാടിക്കടക്കാനാകില്ല. പഴയ ഇനം കന്നുകാലികൾ ഈ വഴികളിലൂടെ എളുപ്പത്തിൽ നടക്കുമായിരുന്നു,"ആട്ടിടയനായ താഹിർ റാസ ഞങ്ങളോട് പറഞ്ഞു.
പട്ടാളത്തിന് വേണ്ടിയും വനവത്ക്കരണവും വനസംരക്ഷണവും നടത്താൻ വനം വകുപ്പിനുംവേണ്ടിയും സർക്കാരിന്റെ അനുമതിയോടെ സംരക്ഷണ ഭൂപ്രദേശങ്ങൾ വേലി കെട്ടിത്തിരിച്ചതിനാൽ മേച്ചിൽ പ്രദേശങ്ങളുടെ ലഭ്യത പിന്നെയും കുറയുകയാണുണ്ടായത്. വായിക്കുക: പുറമ്പോക്കിലുള്ളവർ: പുറമ്പോക്കിലുള്ളവർ: ബക്കർവാലകളുടെ ഇടയജീവിതം
വേലി കെട്ടുന്നതിന്റെ സർക്കാർ ഭാഷ്യം കടമെടുത്ത് നിലവിലെ സാഹചര്യം ബക്കർവാലുകൾ ഇങ്ങനെ വിവരിക്കുന്നു: "എല്ലായിടവും (ഞങ്ങൾക്കും ഞങ്ങളുടെ മൃഗങ്ങൾക്കും) നിഷിദ്ധമാണ്."
സെന്റർ ഫോർ പാസ്റ്റൊറലിസത്തിന്റെ സ്വതന്ത്ര യാത്രാ ഗ്രാന്റുപയോഗിച്ച് നാടോടി-ഇടയ സമുദായങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുന്ന വ്യക്തിയാണ് റിതായൻ മുഖർജി. ഈ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ സെന്റർ യാതൊരുവിധ പത്രാധിപ നിയന്ത്രണങ്ങളും ചെലുത്തിയിട്ടില്ല.
പരിഭാഷ: പ്രതിഭ ആര്‍. കെ .