മദ്യത്തിന്റെ കൂട്ടുകളെക്കുറിച്ചും വളർത്തുമൃഗങ്ങളുടെ വിവാഹത്തിനെക്കുറിച്ചുമൊക്കെ എഴുതാനായിരിക്കും 2000-ങ്ങളിൽ നിങ്ങൾക്ക് കിട്ടിയിട്ടുള്ള മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ ചുമതലകളിലധികവും. സാധാരണ മനുഷ്യരുടെ വിഷയങ്ങളെക്കുറിച്ചായിരിക്കില്ല. ആദർശങ്ങൾ മുറുകെപ്പിടിച്ചിരുന്നാൽ നിങ്ങളെ അവർ ഝോലാവാല യായി (പൊക്കണസ്സഞ്ചി തൂക്കി നടക്കുന്നവർ - ഇടതുപക്ഷക്കാരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രതീകം) മുദ്രകുത്താനും ഇടയുണ്ടായിരുന്നു

രാജ്യത്തിന്റെ 69 ശതമാനം ജനങ്ങളെ ഉൾക്കൊള്ളുന്ന – 800-ഓളം ഭാഷകൾ സംസാരിക്കുന്ന 833 ദശലക്ഷം ആളുകൾ താമസിക്കുന്നുണ്ട് ആ ഭാഗങ്ങളിൽ – ഗ്രാമീണ ഇന്ത്യയെ വാർത്താമാധ്യമങ്ങൾ സ്പർശിക്കുകപോലും ചെയ്തിരുന്നില്ലെന്നും, അച്ചടിവാർത്താ പ്രസിദ്ധീകരണങ്ങളുടെ മുൻ‌പേജിൽ അവരെക്കുറിച്ച് വന്നിരുന്ന വാർത്തകളുടെ ശതമാനം കേവലം 0.67 ആയിരുന്നുവെന്നും 2014-ൽ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ ഒരു പഠനം പറയുന്നു. ന്യൂ ദില്ലിയിൽനിന്നുള്ള വാർത്താ റിപ്പോർട്ടുകൾ മാത്രം ദേശീയ മാധ്യമങ്ങളുടെ മുൻ‌പേജിന്റെ 66 ശതമാനവും കൈയ്യടക്കിയിരുന്നുവെന്നും അതേ റിപ്പോർട്ടിൽ സൂചിപ്പിച്ചു

“പത്രപ്രവർത്തനത്തിൽ 35 വർഷം പിന്നിടുമ്പോഴും, കൃഷി, തൊഴിൽ, മറ്റ് സാമൂഹികമേഖലകൾ എന്നിവയെക്കുറിച്ചെഴുതുന്ന മുഴുവൻ സമയ റിപ്പോർട്ടർമാരുള്ള ഒരു പത്രമോ ടിവി ചാനലോ ഞാൻ കണ്ടിട്ടില്ല”, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ യുടെ (പാരി) സ്ഥാപക പത്രാധിപരായ പാലഗുമ്മി സായ്നാഥ് പറയുന്നു. 43 വർഷമായി ഇന്ത്യൻ ഗ്രാമങ്ങളെക്കുറിച്ച് ഇടതടവില്ലാതെ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന പ്രമുഖ് മാധ്യമപ്രവർത്തകനാണ് സായ്നാഥ്. 60-ലേറെ പുരസ്കാരങ്ങളാണ് ഇതുവരെയായി അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.

ദൈനംദിന മനുഷ്യരുടെ ദൈനംദിന ജീവിതത്തെ രേഖപ്പെടുത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ഒരു മൾട്ടിമീഡിയ മാധ്യമ കലവറയാണ് പാരി. കൌണ്ടർ മീഡിയ ട്രസ്റ്റിന്റെ സംരംഭത്തിൻ‌കീഴിൽ, 2014 ഡിസംബറിൽ, പന്ത്രണ്ടിൽത്താഴെ ആളുകളുമായി തുടങ്ങിയതാണ് ഇത്. ഗ്രാമീണ പത്രപ്രവർത്തന സൈറ്റായി തുടങ്ങിയ പാരിയിൽ ഇപ്പോൾ ഔദ്യോഗികറിപ്പോർട്ടുകളുടെയും, ഗ്രാമീണ ഇന്ത്യയെക്കുറിച്ചുള്ള അപൂർവ്വമായ രേഖകളുടേയും, ഗ്രാമീണജീവിതത്തെക്കുറിച്ചുള്ളതും അതിൽനിന്ന് ഉത്ഭവിച്ചതുമായ കലകളുടേയും ഒരു ഓൺലൈൻ ലൈബ്രറിയും, ഒരു വിദ്യാഭ്യാസ സംരംഭവും എല്ലാം ഉൾക്കൊള്ളുന്നു

PHOTO • Sanket Jain
PHOTO • Nithesh Mattu

സംസ്കാരങ്ങളുടെ ഒരു ശേഖരമാണ് പാരി: ബെൽഗാമിൽ, ഷഹനായ് ഉപയോഗിച്ചുള്ള നാരായൺ ദേശായിയുടെ ജുഗാദ് (ഇടത്ത്), തീരദേശ കർണ്ണാടകയിൽ പീലി വേഷ നാടോടിനൃത്തം (വലത്ത്)

PHOTO • Sweta Daga
PHOTO • P. Sainath

അരുണാചൽ പ്രദേശിലെ മുളങ്കൊട്ട നിർമിക്കുന്ന മാകോ ലിംഗി (ഇടത്ത്), ഗ്രാമീണ ഇന്ത്യയിലെ തൊഴിലുകളെക്കുറിച്ചുള്ള പി. സായ്നാഥിന്റെ ‘വിസിബിൾ വർക്ക്, ഇൻ‌വിസിബിൽ വിമൺ: എ ലൈഫ് ടൈം ബെൻഡിംഗ്’ എന്ന പരമ്പര

35 വർഷത്തെ തൊഴിലിനിടയ്ക്ക്, 2,000-ത്തോളം പത്രപ്രവർത്തകർക്ക് പരിശീലനത്തിലൂടെ മൂല്യവത്തായ റിപ്പോർട്ടിംഗിന്റെ ശക്തമായ അടിത്തറ പാകിയ സായ്നാഥിന്റെ ക്ലാസ്സുമുറികളിൽനിന്നാണ് പാരിയുടെ വിത്തുകൾ വീണത്. അസമത്വങ്ങളേയും അനീതികളേയും സാന്ദർഭികമായി മനസ്സിലാക്കാനും തൊഴിലിന്റെ ലോകത്ത് മനസ്സാക്ഷിയുടെ കോണിലൂടെ അവയെ നോക്കിക്കാണാനും എന്നെപ്പോലെയുള്ള നിരവധി പത്രപ്രവർത്തകർക്ക് പ്രചോദനം നൽകിയത് അതാണ്.

“ഇക്കഴിഞ്ഞ വർഷങ്ങളിലൊക്കെ ഒരു കാര്യം മാത്രം മാറ്റമില്ലാതെ നിന്നു – പാരിയിലേക്ക് ഞങ്ങളെ ഓരോരുത്തരേയും വലിച്ചടുപ്പിച്ച ആദർശം – ഗ്രാമീണ ഇന്ത്യക്കാരെക്കുറിച്ചുള്ള ആർജ്ജവമുള്ള കഥകളാണ് ഞങ്ങളെയെല്ലാം പ്രചോദിപ്പിച്ചത്”, പാരിയുടെ മാനേജിംഗ് എഡിറ്ററായ നമിത് വൈകാർ പറയുന്നു. മുഖ്യധാരയിൽനിന്ന് പുറത്തേക്ക് വമിക്കുന്ന പുകയിൽ ശ്വാസം മുട്ടുന്ന പത്രപ്രവർത്തകർക്ക് ‘പ്രാണവായു ബാർ‘ ആണ് പാരി.

വിസ്മൃതരായവരെ രേഖപ്പെടുത്തൽ

കാലത്തിന്റെ ഒരു പ്രത്യേക ബിന്ദുവിലാണ് പാരി കഥകളുടെ സ്ഥാനം – എത്രയായാലും നമ്മളെല്ലാം പത്രപ്രവർത്തകരാണല്ലോ – എന്നാൽ അതേസമയം കാലാതീതവുമാണ് അവ. കാരണം, അതൊരു ശേഖരമാണ് എന്നതുതന്നെ. ഒരു മാതൃകാലോകത്ത് പാരി ഒരാവാശ്യമല്ല. എന്നാൽ സായ്നാഥ് പറയുന്നതുപോലെ, “25-50 വർഷം കഴിഞ്ഞാൽ, നമ്മുടെ കാലഘട്ടത്തിൽ ഗ്രാമീണ ഇന്ത്യയിലെ ആളുകൾ എങ്ങിനെയൊക്കെ ജീവിച്ചു, തൊഴിലെടുത്തു എന്നെല്ലാം അറിയാൻ ഇന്ത്യക്കാർക്ക് ആശ്രയിക്കാവുന്ന ഏക സ്ഥിതിവിവരശേഖരം പാരി മാത്രമായിരിക്കും”.

2023 ജൂലായിലെ ദില്ലി വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ നിറഞ്ഞുകവിഞ്ഞപ്പോൾ, അവർ അവഗണിച്ച ഒരു പ്രധാന വിഷയത്തെക്കുറിച്ച് എഴുതിയത് പാരി മാത്രമാണ്. സ്ഥലമൊഴിഞ്ഞുപോകേണ്ടിവന്ന കർഷകർക്ക് വീടുകളും  ഉപജീവനവും പുനർനിമ്മിക്കാനാവശ്യമായ ചിലവുകളെക്കുറിച്ച്. സാധാരണക്കാരായ മനുഷ്യരും - ഘടനാപരമായി സങ്കീർണ്ണവും, വൈകാരികമായി എളുപ്പത്തിൽ തകരുന്നവരുമായവർ - അവരുടെ ജീവിതവുമായിരുന്നു ആഖ്യാനത്തിന്റെ കേന്ദ്രബിന്ദു. വിദൂരസ്ഥമായ ഒരു നാട്ടിലെ സാങ്കല്പികമായ ജനതയുടെ കഥകളായിരുന്നില്ല അത്. ഏതാനും തലമുറകൾക്ക് മുമ്പുവരെ എല്ലാ നാഗരിക ഇന്ത്യക്കാരും താമസിച്ചിരുന്നത് ഗ്രാ‍മങ്ങളിലായിരുന്നു. തങ്ങളുടെ വായനക്കാരും വിഷയങ്ങളും തമ്മിൽ അനുതാപത്തിന്റെ ഒരു പാലം നിർമ്മിക്കുക എന്നതാണ് പാരിയുടെ ലക്ഷ്യം - ഗ്രാമത്തിൽ താമസിക്കുന്ന തങ്ങളുടെ സഹജീവികൾ ജീവിച്ചുതീർക്കുന്ന ജീവിതത്തെക്കുറിച്ച്, ഇംഗ്ലീഷ് സംസാരിക്കുന്ന നാഗരിക ഇന്ത്യന് ഉൾക്കാഴ്ച നൽകുക, ഹിന്ദി വായിക്കാനറിയുന്ന ഒരു കർഷകന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള കർഷകനെക്കുറിച്ചറിയാൻ അവസരം കൊടുക്കുക; പാഠപുസ്തകങ്ങളിൽ പഠിപ്പിക്കാത്ത ചരിത്രത്തെ ഇളം‌തലമുറയ്ക്ക് പരിചയപ്പെടുത്തുക; വിസ്മൃതമാവുന്ന കൈവേലകളിലേക്കും ഉപജീവനമാർഗ്ഗങ്ങളിലേക്കും ആഴ്ന്നിറങ്ങുന്ന ഗവേഷകർ.

സംഭവങ്ങളെ അവയുടെ പശ്ചാത്തലത്തിൽനിന്ന് അടർത്തിയെടുത്ത് കാണുന്നതിനുപകരം, വലിയ വികസനപ്രക്രിയകളെ പ്രാദേശികതലത്തിൽ കാണാനും അതിനെക്കുറിച്ച് പഠിക്കാനും എന്നെ പ്രാപ്തമാക്കിയത്, പാരിക്ക് വേണ്ടി നടത്തിയ റിപ്പോർട്ടിംഗുകളായിരുന്നു. ഞാൻ ജനിച്ചതും വളർന്നതും ന്യൂ ദില്ലിയിലാണ്. എന്നാൽ എന്റെ വീടിന്റെ വെറും 3 കിലോമീറ്റർ ദൂരത്ത്, 40 വർഷങ്ങൾക്കുമുമ്പ്, യമുനയുടെ കരയിൽ ആമകളും ഗംഗാതട ഡോൾഫിനുകളും വിഹരിച്ചിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത്. പാരിക്കുവേണ്ടി, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ദേശവ്യാപകമായി നടത്തിയ ഒരു ഗവേഷണത്തിനിടയിൽ മാത്രമായിരുന്നു. ഞാൻ ദില്ലി ഗസറ്റീർ (1912)പരിശോധിച്ച്, യമുനയിലെ അവസാനത്തെ കർഷകരേയും മുക്കുവരേയും അഭിമുഖം നടത്തി. ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ബന്ധം കണ്ടെത്തി. ഭാവിയിലേക്കുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിനായിരുന്നു അത്. അതിനുശേഷം, വീണ്ടും, കോവിഡ് മഹാവ്യാധിക്കുപിന്നാലെ, വികസനത്തിന്റെ പേരിൽ കുടിയിറങ്ങേണ്ടിവന്നവരെ ക്കുറിച്ചും 2023-ലെ വെള്ളപ്പൊക്ക ത്തെക്കുറിച്ചും റിപ്പോർട്ട് ചെയ്യാൻ പോയി. മുഖ്യധാരാ റിപ്പോർട്ടിംഗ് ആവശ്യപ്പെടുന്നവിധത്തിലുള്ള ‘ പാരച്യൂട്ട്’ റിപ്പോർട്ടിംഗിനുപകരം (പ്രതിസന്ധിഘട്ടത്തിൽ മാത്രം, സമൂഹവുമായി ഒരു ബന്ധവുമില്ലാത്ത വിധത്തിലുള്ള റിപ്പോർട്ടിംഗ്), വിഷയത്തെക്കുറിച്ചുള്ള വൈദഗ്ദ്ധ്യം വളർത്തിയെടുക്കാൻ ഇതുമൂലം എനിക്ക് സാധിച്ചു. ഒരു പത്രപ്രവർത്തക എന്ന നിലയ്ക്ക് കൂടുതൽ അറിവ് നേടാനും, വിഷയങ്ങളെക്കുറിച്ച് ഒരാത്മവിശ്വാസം വളർത്താനും, വേദികളിലും പാനലുകളിലും അതിനെക്കുറിച്ച് ചർച്ച ചെയ്യാനും തന്മൂലം നിങ്ങൾക്ക് സാധിക്കുന്നു. വിഷയങ്ങളേയും കഥകളേയും കൂടുതൽ ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കാൻ അത് നിങ്ങളെ പ്രാപതയാക്കിയേക്കും.

PHOTO • People's Archive of Rural India
PHOTO • Shalini Singh

യമുനാനദിയെക്കുറിച്ചുള്ള ശാലിനി സിംഗിന്റെ കഥകൾ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ളതാണെങ്കിലും, അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന മനുഷ്യരുടെ ശബ്ദങ്ങളിലാണ് പ്രധാനമായും ഊന്നുന്നത്

പാരിയുടെ കഥകളിൽ വരുന്ന ആളുകളിൽ പലരും, സാമ്പത്തികവും സാമൂഹികവുമായ ദുരിതത്തിന്റെ വിവിധ അടരുകളിലും ഘട്ടങ്ങളിലുമുള്ളവരാണ്. കാഴ്ചയിൽ പതിയുകയും കേൾക്കപ്പെടുകയും ചെയ്യുക എന്നത് മനുഷ്യന്റെ ആവശ്യങ്ങളിലൊന്നാണ്. പാരി റിപ്പോർട്ട് ചെയ്യുന്ന ആളുകൾ അവരവരുടെ കഥകളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. യമുനയിലെ കർഷകരെക്കുറിച്ച് ഞാൻ ഇംഗ്ലീഷിൽ റിപ്പോർട്ട് ചെയ്തപ്പോൾ അതിന്റെ ഹിന്ദി വ്യാഖ്യാനം ഞാൻ അവരുമായി പങ്കുവെക്കുകയും അവർ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. നമ്മൾ പത്രപ്രവർത്തകരായതുകൊണ്ട് ആളുകൾ നമ്മളുമായി കഥകൾ പങ്കിടാൻ ബാധ്യസ്ഥരാകണമെന്നില്ല. നമ്മളുമായി പങ്കിടാൻ തക്കവണ്ണം അവരുടെ വിശ്വാസം നമ്മൾ ആർജ്ജിച്ചെടുക്കുകയാണ് വേണ്ടത്.

പത്രപ്രവർത്തനംപോലെ കലയുടെ ലക്ഷ്യവും, സമൂഹത്തിനെ സമൂഹവുമായിത്തന്നെ നിരന്തരം സംവാദത്തിൽ ഏർപ്പെടുത്തുക എന്നതാണ്. അതിനാൽ സൃഷ്ടിപരമായ രചനകളേയും പാരി ആശ്ലേഷിക്കുന്നു. “കവിതയിലൂടെ മാത്രമേ ചിലപ്പോൾ, ചിലർക്ക് സത്യം പറയാനാവുകയുള്ളു. ഇന്ത്യൻ ഗ്രാമങ്ങളുടെ ഹൃദയഭാഗത്തുനിന്ന് വരുന്ന സാധാരണവും, അർത്ഥവത്തും, അസംസ്കൃതവുമായ കവിതകൾക്ക് പാരി ഇടം കൊടുക്കുന്നുണ്ട്” എന്ന് പാരിയുടെ കവിതാ എഡിറ്ററായ പ്രതിഷ്ത പാണ്ഢ്യ പറയുന്നു. സാമ്പ്രദായിക റിപ്പോർട്ടു കൾക്ക് ചേരാത്ത കഥകൾ പറയാൻ ഞാൻ കവിതകളെഴുതാറുണ്ട്.

ഒരു പൊതുനന്മ

ജനാധിപത്യത്തിന്റെ ഒരു പ്രവർത്തനം എന്ന നിലയ്ക്ക് വസ്തുതകൾ പരിശോധിക്കലും, സംശോധനാ നിലവാരവും, അധികാരത്തെക്കുറിച്ചുള്ള സത്യങ്ങൾ തുറന്നുപറയലും എല്ലാം പത്രപ്രവർത്തനമെന്ന പ്രക്രിയയുടെ ആന്തരികസ്വത്വങ്ങളാണ്. എന്നാൽ, പത്രപ്രവർത്തനത്തിന്റെ പുതിയ രൂപങ്ങൾ രൂപപ്പെടുന്ന ഇന്ന്, വളർന്നുവലുതാവുന്ന സമൂഹമാധ്യമത്തിൽ ഈ മൂല്യങ്ങളെല്ലാം അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ചെറിയ സംഘടനകൾക്കും സ്വതന്ത്ര പത്രപ്രവർത്തകർക്കും ഇന്ന് കഥകൾ യൂട്യൂബ് എന്ന പ്ലാറ്റ്ഫോമിലൂടെ അവതരിപ്പിക്കാൻ കഴിയും. എന്നാൽ, പുറത്തുപോയി റിപ്പോർട്ട് ചെയ്യാനുള്ള സ്രോതസ്സുകളും, പ്രേക്ഷകരെ സമ്പാദിക്കലും, മോശമല്ലാത്ത വരുമാനമുണ്ടാക്കലും എല്ലാം ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്.

“പാരിയും അതിലെ പത്രപ്രവർത്തകരും നാലാം തൂണിനെ സംരക്ഷിക്കുന്നു. മിറാത്ത്-ഉൽ-അഖ്ബാർ (ബ്രിട്ടീഷ് നയങ്ങളെ വിമർശനാത്മകമായി പരിശോധിച്ചിരുന്നതും, 1822-ൽ സമുദായപരിഷ്കർത്താവായ രാജാ റാംമോഹൻ റായ് ആരംഭിച്ചതുമായ മാസിക), കേസരി (സ്വാതന്ത്ര്യപ്പോരാളിയായ ലോകമാന്യ ബാൽ ഗംഗാധർ തിലക് 1881-ൽ ആരംഭിച്ചത്) തുടങ്ങിയ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ കിട്ടിയ പത്രങ്ങളുടെ പൈതൃകമാണ്, പരിമിതമായ വിഭവശേഷി ഉപയോഗിച്ച് ഞങ്ങൾ പിന്തുടരുന്നത്. സ്വന്തമായ നിലനില്പിന് മറ്റ് ജോലികളെ ഞങ്ങൾ ആശ്രയിക്കുകയും ചെയ്യുന്നു”, പാരിയുടെ ടെക് എഡിറ്ററാ‍യ സിദ്ധാത്ഥ് അഡേൽക്കർ പറയുന്നു.

PHOTO • Sanskriti Talwar
PHOTO • M. Palani Kumar

കർഷക കഥകൾ കൃഷിസംബന്ധമായ വിഷയങ്ങളെക്കുറിച്ച് മാത്രമുള്ളതല്ല. ശ്രീ മുക്തസാർ സാഹിബ് ജില്ലയിൽ (ഇടത്ത്) ഭൂരഹിത ദളിത് തൊഴിലാളികളുടെ മക്കൾ ചെറുപ്രായം മുതലേ പാടങ്ങളിൽ പണിയെടുക്കാൻ തുടങ്ങുന്നു. വൈവിധ്യമാർന്ന തൊഴിലുകളെക്കുറിച്ച് പാരി എഴുതുകയും അവയെ ചിത്രത്തിലാക്കുകയും ചെയ്യുന്നു. ചെന്നയിലെ ബക്കിംഗാം കനാലിൽ ഞണ്ടുകളെ തപ്പാനിറങ്ങിയ ഗോവിന്ദമ്മ (വലത്ത്)

PHOTO • Ritayan Mukherjee
PHOTO • Shrirang Swarge

ജീവിക്കാനും ഉപജീവനത്തിനും ഭൂമിയെ ആശ്രയിക്കേണ്ടിവരുന്ന സമുദായങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിനും വിവേചനപരമായ നയങ്ങൾക്കുമെതിരേ പോരാടുകയാണ്. കശ്മീരി ഉണ്ടാക്കുന്ന ലഡാക്കിലെ ചാങ്പാകളും (ഇടത്ത്) വനാവകാശത്തിനായി പ്രതിഷേധിക്കുന്ന മുംബൈയിലെ ആദിവാസികളും

ലാഭേച്ഛയില്ലാത്ത ഒരു പത്രപ്രവർത്തന സംരംഭം എന്ന നിലയ്ക്ക്, പാരി, ജനങ്ങളിൽനിന്നുള്ള സംഭാവനകളേയും, പ്രോജക്ടുമായി ബന്ധപ്പെട്ട ഫൌണ്ടേഷനുകളിൽനിന്നുള്ള ഫണ്ടുകളേയും, സി.എസ്.ആർ ഫണ്ടുകളേയും, ട്രസ്റ്റികളിൽനിന്നുള്ള സംഭാവനകളേയും സാങ്കേതികകാര്യങ്ങൾ നിർവ്വഹിക്കുന്ന സന്നദ്ധപ്രവർത്തകരേയുമാണ് ആശ്രയിക്കുന്നത്. പാരിക്ക് കിട്ടിയ 63 പത്രപ്രവർത്തന അവാർഡുകളിലൂടെ ചുരുങ്ങിയത് 5 ലക്ഷം രൂപയാണ് പാരിക്ക് കൈവന്നത്. മുഖ്യധാരാ മാധ്യമങ്ങൾ പ്രധാനമായും പരസ്യങ്ങളേയും പ്രമുഖ വ്യക്തികളേയും ആശ്രയിക്കുമ്പോൾ, പാരി യാതൊരുവിധ പരസ്യങ്ങളോ, നിബന്ധനകളോടെയുള്ള ഫണ്ടുകളോ സ്വീകരിക്കുന്നില്ല. പൂർണ്ണമായും ജനങ്ങളുടെ ധനസഹായത്താൽ പ്രവർത്തിക്കുന്ന ഒന്നായിരിക്കണം പാരി. വായനക്കാരോട് മാത്രം ഉത്തരം പറയാൻ ബാധ്യതയുള്ള ഒന്ന്.

ഇതിന്റെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസിന്റേതാണ്. യാതൊന്നിനും പൈസ കൊടുക്കേണ്ടതില്ല. ഇതിലെ ഉള്ളടക്കങ്ങൾ, കടപ്പാട് മാത്രം സൂചിപ്പിച്ചുകൊണ്ട്, സൌജന്യമായി ആർക്കും പുന:പ്രസിദ്ധീകരിക്കാം. എല്ലാ ലേഖനങ്ങളും, ഇംഗ്ലീഷടക്കം 15 ഭാഷകളിലേക്ക് പാരിഭാഷാ എന്ന പരിഭാഷാസംഘത്തിന്റെ പരിശ്രമത്തിലൂടെ തർജ്ജമ ചെയ്യപ്പെടുന്നു. “വൈവിധ്യത്തെ ചുമക്കുന്ന പാത്രമാണ് ഭാഷ. സാമൂഹികനീതിയുടെ കണ്ണിലൂടെയാണ് ഞാൻ പരിഭാഷയെ കാണുന്നത്. ഇന്ത്യ ഒരു ബഹുഭാഷാപ്രദേശമായതിനാൽ, അറിവിനെ പരിഭാഷയിലൂടെ വ്യാപിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ചുമതല. ലോകത്തെ ഏറ്റവും സങ്കീർണ്ണവും വൈവിധ്യവുമുള്ള ഭാഷാപ്രദേശത്തിനെ ഒറ്റഭാഷകൊണ്ട് ഭരിക്കുന്നതിനുപകരം, ഭാഷകളെ ജനാധിപത്യവത്കരിക്കുക എന്ന ആദർശത്തിലൂന്നിയാണ് പാരിയുടെ പരിഭാഷാ പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നത്”, പാരിഭാഷയുടെ എഡിറ്ററായ സ്മിതാ ഖാതോർ പറയുന്നു.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉപയോഗിക്കാനും നിർമ്മിക്കാനും പറ്റുന്ന സാമഗ്രികൾ സൃഷ്ടിക്കുന്നതിലും പാരി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവരുടെ എഡ്യുക്കേഷൻ ടീം മഹാനഗരങ്ങളിലെ സ്കൂൾ, കൊളേജ് വിദ്യാർത്ഥികളുമായി ഇടപഴകുകയും, ആഗോളപൌരനെന്നാൽ വിദേശഭാഷയും ലോകസംഭവങ്ങളുമായി പരിചയമുള്ള ഒരാൾ മാത്രമല്ലെന്നും, മറിച്ച്, തന്റെ തൊട്ടപ്പുറത്തുള്ള ജനങ്ങളുടെ – 30, 50, 100 കിലോമീറ്ററുകൾക്കപ്പുറത്തുള്ളവരുടെ – മറ്റൊരു നാട്ടുമൊഴി സംസാരിക്കുന്ന ജനങ്ങളുടെ യാഥാർത്ഥ്യങ്ങളുമായി പുലബന്ധമുള്ള ആളാണെന്നും അവരെ ബോധ്യപ്പെടുത്തുന്നു. “പാരിയിൽ പ്രസിദ്ധീകരിച്ചുവരുന്ന കുട്ടികളുടെ കഥകൾ പാരിയുടെ പരീക്ഷണ ബോധനശാസ്ത്രത്തിന്റെ ഉദാഹരണങ്ങളാണ്. പതിവ് വ്യവസ്ഥകളെ വെല്ലുവിളിക്കാൻ അത് കുട്ടികളെ നിർബന്ധിക്കുന്നു, ചോദ്യങ്ങൾ ചോദിക്കാൻ അവരെ പ്രാപ്തരാക്കുന്നു. എന്തുകൊണ്ടാണ് ആളുകൾക്ക് കുടിയേറേണ്ടിവരുന്നത്? ചായത്തോട്ടങ്ങളിലെ സ്ത്രീത്തൊഴിലാളികൾക്ക് സമീപത്ത് ശൌചാലയങ്ങളില്ലാത്തത് എന്തുകൊണ്ട്? മാസമുറക്കാലത്ത്, ഉത്തരാഖണ്ഡിലെ തന്റെ ബന്ധുക്കളും അയൽക്കാരികളുമായ സ്ത്രീകൾക്ക് ‘അശുദ്ധി’ കല്പിക്കുന്നതെന്തുകൊണ്ട് എന്ന് ഒരു കൊച്ചുപെൺകുട്ടി ചോദിക്കുന്നു. ക്ലാസ്സിലെ തന്റെ ആൺ സഹപാഠികളോട്, അവരും ഈവിധത്തിൽ പെരുമാറാറുണ്ടോ എന്ന് അവൾ ചോദിച്ചു”, പാരിയുടെ എക്സിക്യൂട്ടീവ് എഡിറ്ററായ പ്രീതി ഡേവിഡ് ഒരനുഭവം പങ്കിടുന്നു.

ഇന്ത്യൻ ഗ്രാമങ്ങൾ സവിശേഷവും വൈവിധ്യവുമുള്ള കഥകളുടെ, മനുഷ്യരുടെ, ഭാഷകളുടെ, തൊഴിലുകളുടെ, കലകളുടെ മറ്റ് പലതിന്റേയും കലവറകളാണ്. ഈ കഥകൾക്ക് മാറ്റംവരുകയും അവ അപ്രത്യക്ഷമാവുകയും ചെയ്യുന്നതിനുമുമ്പേ, അവയെ രേഖപ്പെടുത്തുകയും സമ്പാദിക്കുകയും, വിവിധ ഭാഷകളിൽ ലഭ്യമാക്കുകയും ഗ്രാമീണ പത്രപ്രവർത്തനത്തെ ക്ലാസ്സുമുറികളിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതിലൂടെ പാരി ‘ഭാവിയുടെ പാഠപുസ്തക’മാവുകയാണ് ചെയ്യുന്നത്. “രാജ്യത്തിന്റെ സത്തയും, ഹൃദയവും ആത്മാവും സജീവമായി കാത്തുരക്ഷിക്കുന്ന ദൈനംദിന മനുഷ്യരുടെ കഥകൾ പറയുന്നതിനുവേണ്ടി, രാജ്യത്തിന്റെ 95 ചരിത്രപ്രധാന ഇടങ്ങളിലോരോന്നിലും ഒരാളെ സ്ഥാപിക്കുക എന്നതാണ് പാ‍രി ലക്ഷ്യമിടുന്നത്” എന്ന് അഡേൽക്കർ അതിനെ വിശദീകരിക്കുന്നു. പാരിവാറി ലെ ഞങ്ങൾക്ക് ഇത് കേവലം പത്രപ്രവർത്തനമല്ല. മനുഷ്യനായിരിക്കാനും മനുഷ്യനായി ജീവിക്കാനുമുള്ള പരിശീലനമാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത്.

ഈ ലേഖനത്തിന്റെ യഥാർത്ഥ രൂപം കമ്മീഷൻ ചെയ്തത് ഡാർക്ക് ആൻഡ് ലൈറ്റാണ്. 2023 ഡിസംബറിലെ അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

പരിഭാഷ: രാജീവ് ചേലനാട്ട്

Shalini Singh

ஷாலினி சிங், பாரி கட்டுரைகளை பதிப்பிக்கும் CounterMedia Trust-ன் நிறுவன அறங்காவலர் ஆவார். தில்லியை சேர்ந்த பத்திரிகையாளரான அவர் சூழலியல், பாலினம் மற்றும் பண்பாடு ஆகியவற்றை பற்றி எழுதுகிறார். ஹார்வர்டு பல்கலைக்கழகத்தின் 2017-18ம் ஆண்டுக்கான Niemen இதழியல் மானியப்பணியில் இருந்தவர்.

Other stories by Shalini Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat