ജാക്കിർ ഹുസൈനും മഹേഷ് കുമാർ ചൗധരിയും ബാല്യകാല സുഹൃത്തുക്കളാണ്. നാല്പതുകളിലെത്തിയ ഇരുവരും ഇപ്പോഴും ആ സൗഹൃദം കാത്തുസൂക്ഷിക്കുന്നുമുണ്ട്. അജ്‌നാ ഗ്രാമത്തിൽ താമസിക്കുന്ന ജാക്കിർ പാകുറിൽ കെട്ടിടനിർമ്മാണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. മഹേഷും പട്ടണത്തിൽ ഒരു ചെറിയ ഭക്ഷണശാല നടത്തുന്നു.
"തീർത്തും സമാധാനപൂർണമായ അന്തരീക്ഷം നിലനിൽക്കുന്ന ഒരു പ്രദേശമാണ് പാകുർ (ജില്ല); ഇവിടെയുള്ളവർ വലിയ സ്നേഹത്തിലാണ് കഴിയുന്നത്," മഹേഷ് പറയുന്നു. "ഹിമന്താ ബിശ്വാസ് ശർമ്മയെപ്പോലെ (അസം മുഖ്യമന്ത്രി) പുറത്തുനിന്ന് വരുന്നവരാണ് അവരുടെ പ്രസംഗങ്ങളിലൂടെ ആളുകളെ ചൊടിപ്പിക്കുന്നത്,"കൂട്ടുകാരന്റെ തൊട്ടടുത്തിരിക്കുന്ന ജാക്കിർ കൂട്ടിച്ചേർക്കുന്നു.
2024 നവംബർ 20-നു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ജാർഖണ്ഡ് സംസ്ഥാനത്തിന്റെ കിഴക്കേ മൂലയിൽ സ്ഥിതിചെയ്യുന്ന പാകുർ, സന്താൾ-പർഗാന പ്രദേശത്തിന്റെ ഭാഗമാണ്. ആകെ 81 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019-ൽ നടന്ന അവസാന തിരഞ്ഞെടുപ്പിൽ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെ.എം.എം) നേതൃത്വത്തിലുള്ള മുന്നണി ബി.ജെ.പിയെ തറപറ്റിച്ചിരുന്നു.
അധികാരം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, വോട്ടർമാരെ ആകർഷിക്കാൻ അസം മുഖ്യമന്ത്രി ഉൾപ്പെടെ അനവധി നേതാക്കളെ ബി.ജെ.പി കളത്തിലിറക്കിയിട്ടുണ്ട്. മുസ്‌ലിം സമുദായക്കാരെ ‘ബംഗ്ളദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാർ’ എന്ന് മുദ്രകുത്തി അവർക്കെതിരേ ജനവികാരം ഇളക്കുന്ന തന്ത്രമാണ് ബി.ജെ.പി നേതാക്കൾ നടപ്പിലാക്കുന്നത്.
"എന്റെ അയല്പക്കത്ത് താമസിക്കുന്നത് ഹിന്ദുക്കളാണ്; അവർ എന്റെ വീട്ടിലേയ്ക്ക് വരാറുണ്ട്, ഞാൻ അവരുടെ വീട്ടിലേക്കും പോകാറുണ്ട്," ജാക്കിർ തുടരുന്നു. "തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മാത്രമാണ് ഹിന്ദു-മുസ്‌ലിം വിഷയം ഉയർന്നുവരുന്നത്. അല്ലാതെ ബി.ജെ.പി എങ്ങനെ ജയിക്കാനാണ്?"
2024 സെപ്തംബറിൽ ജാംഷെദ്പൂരിൽ നടന്ന ഒരു റാലിയിൽവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നുഴഞ്ഞുകയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഉയർത്തുകയുണ്ടായി . "സന്താൾ-പർഗാന പ്രദേശത്ത് ആദിവാസികളുടെ ജനസംഖ്യ അതിവേഗം കുറയുകയാണ്. അവരുടെ ഭൂമി പിടിച്ചെടുക്കപ്പെടുന്നു. പഞ്ചായത്തിലെ പദവികളെല്ലാംതന്നെ നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയിരിക്കുകയാണ്," അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും അവരുടെ പൊതുപ്രസംഗങ്ങളിൽ സമാന അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. "ബംഗ്ളാദേശിൽനിന്നുള്ളവർ ജാർഖണ്ഡിലേയ്ക്ക് നിയമവിരുദ്ധമായി കുടിയേറുന്നത് തടയാനും ഗോത്രസമൂഹങ്ങളുടെ അവകാശം സംരക്ഷിക്കാനും ശക്തവും സുദൃഢവുമായ നടപടി ഞങ്ങൾ സ്വീകരിക്കും" എന്നാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നത്.
നുഴഞ്ഞുകയറ്റം എന്ന വിഷയത്തെ രാഷ്ട്രീയലാഭത്തിനായി ദുരുപയോഗം ചെയ്യുകയാണ് ബി.ജെ.പിയെന്ന് സാമൂഹിക പ്രവർത്തകനായ അശോക് വർമ്മ വിമർശിക്കുന്നു. "തീർത്തും തെറ്റായ ഒരു ആഖ്യാനമാണ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. സന്താൾ-പർഗാന പ്രദേശത്ത് ബംഗ്ലാദേശുകാരുടെ കുടിയേറ്റം എന്ന പ്രശ്നമേയില്ല," അദ്ദേഹം പറയുന്നു. ഛോട്ടാ നാഗ്പൂർ, സന്താൾ-പർഗാന ടെനൻസി ആക്ടുകൾ പ്രകാരം ആദിവാസികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വില്പന നിരോധിച്ചിട്ടുണ്ടെന്നും ഇനി ഭൂമിവില്പന നടക്കുമ്പോൾപോലും അതിൽ പ്രദേശവാസികളല്ലാതെ ബംഗ്ലാദേശികൾ ആരുംതന്നെ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം മൂലം ജാർഖണ്ഡിലെ സന്താൾ-പർഗാന പ്രദേശത്തെ 'ജനസംഖ്യയുടെ ഘടനയിൽ' മാറ്റം ഉണ്ടാകുന്നുവെന്ന് കാണിച്ച് നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST-ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ) ഈയിടെ തയ്യാറാക്കിയ റിപ്പോർട്ടാണ് ബി.ജെ.പി നേതാക്കളുടെ പ്രധാന ആയുധം. NCST കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച ഈ റിപ്പോർട്ട് അവർ ജാർഖണ്ഡ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. പ്രസ്തുത റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
NCST-യെക്കുറിച്ച് അന്വേഷിച്ച സ്വതന്ത്ര വസ്തുതാന്വേഷണ കമ്മിറ്റിയിൽ അംഗമായിരുന്ന അശോക് വർമ്മ പറയുന്നത് റിപ്പോർട്ടിലെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നാണ്. ദാരിദ്ര്യം, പോഷണദൌർല്ലഭ്യം, കുറഞ്ഞ ജനനനിരക്ക്, ഉയർന്ന മരണനിരക്ക് തുടങ്ങിയ കാരണങ്ങളാലാണ് ആദിവാസികൾ ഈ പ്രദേശം വിട്ടുപോകുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ധ്രുവീകരണം എന്ന വിഷയത്തിൽത്തന്നെ മാധ്യമങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാഹചര്യം പിന്നെയും വഷളാക്കുന്നു. "ടി.വി ഓഫാക്കിയാൽത്തന്നെ ഇവിടെ സമാധാനം തിരികെയെത്തും. പത്രങ്ങൾ കൂടുതലും വിദ്യാഭ്യാസമുള്ളവരാണ് വായിക്കുന്നത്; പക്ഷെ ടി.വി എല്ലാവരും കാണും," ജാക്കിർ കൂട്ടിച്ചേർക്കുന്നു.
"ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാകേണ്ടത് വിലക്കയറ്റമാണ്" എന്നാണ് ജാക്കിറിന്റെ അഭിപ്രായം. "ഗോതമ്പ് മാവ്, അരി, പരിപ്പ്, എണ്ണ എന്നിങ്ങനെ എല്ലാത്തിനും വില വല്ലാതെ കൂടിയിട്ടുണ്ട്."
"സന്താൾ-പർഗാന മേഖലയിൽ ആദിവാസികളും മുസ്ലീങ്ങളും സമാനമായ സംസ്കാരവും ഭക്ഷണരീതികളുമാണ് പിന്തുടരുന്നത്; ഇരുസമുദായങ്ങളും പരസ്പരം മറ്റേയാളുടെ ആഘോഷങ്ങളും കൊണ്ടാടാറുണ്ട്. നിങ്ങൾ ഈ പ്രദേശത്തെ ആദിവാസി ഹാട്ടുകളിൽ (അങ്ങാടികളിൽ) പോയാൽ, അവിടെ രണ്ടു സമുദായത്തിലുള്ളവരെയും കാണാം," ജാർഖണ്ഡ് ജനാധികാർ മഞ്ചിലെ അംഗംകൂടിയായ അശോക് കൂട്ടിച്ചേർക്കുന്നു
*****
2024 ജൂൺ 17-നു, മുസ്ലീങ്ങളുടെ വിശേഷദിവസമായ ബക്രീദിന്റെ അന്ന്, ആഘോഷാവസരങ്ങളിൽ മൃഗങ്ങളെ ബലി നൽകുന്നത് സംബന്ധിച്ച് ഗോപിനാഥ്പൂരിൽ സാമുദായിക അസ്വാരസ്യങ്ങൾ ശക്തമായിരുന്നു. അജ്‌നാ ഗ്രാമംപോലെ പാകുർ ജില്ലയുടെതന്നെ ഭാഗമായ ഈ ഗ്രാമത്തിലും ഹിന്ദു, മുസ്‌ലിം സമുദായങ്ങളിൽനിന്നുള്ളവർ താമസമുണ്ട്. ഗ്രാമത്തിലൂടെ പോകുന്ന വീതി കുറഞ്ഞ ഒരു ജലസേചന കനാലിനപ്പുറം അയൽ സംസ്ഥാനമായ പശ്ചിമ ബംഗാളാണ്. കൃഷിയിലോ കാർഷിക തൊഴിലിലോ ഏർപ്പെട്ടിരിക്കുന്ന ചെറുകിട തൊഴിലാളികളാണ് ഈ ഗ്രാമത്തിലെ താമസക്കാരിലേറെയും.
ഗന്ധായ്പൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലേക്ക് പോലീസെത്തി. അതോടെ സ്ഥിതിഗതികൾ ശാന്തമായെങ്കിലും അടുത്ത ദിവസം പിന്നെയും സംഘർഷം പൊട്ടിപ്പുറപ്പെട്ടു. "ജനക്കൂട്ടം കല്ലെറിയുകയായിരുന്നു," സംഘർഷ സ്ഥലത്ത് 100-200 പോലീസുകാർ വന്നിറങ്ങുന്നത് കണ്ട പ്രദേശവാസി സുധീർ പറയുന്നു. "എല്ലായിടത്തും പുക നിറഞ്ഞു. അവർ മോട്ടോർസൈക്കിളുകൾക്കും എന്തിന് ഒരു പോലീസ് വാനിനുവരെ തീയിട്ടു," അദ്ദേഹം ഓർത്തെടുക്കുന്നു.
നോമിതാ മണ്ഡൽ മകളുമൊത്ത് വീട്ടിലിരിക്കുമ്പോഴാണ് പുറത്ത് വലിയ ഒരു സ്ഫോടനശബ്ദം കേട്ടത്. "പെട്ടെന്ന് ഞങ്ങളുടെ വീട്ടിൽ തുരുതുരാ കല്ലുകൾ പതിക്കാൻ തുടങ്ങി. ഞങ്ങൾ അകത്തേയ്ക്ക് ഓടി," ഇപ്പോഴും ഭയം തുടിക്കുന്ന ശബ്ദത്തിൽ അവർ പറഞ്ഞു.
പക്ഷെ അപ്പോഴേയ്ക്കും ഒരുകൂട്ടമാളുകൾ പൂട്ട് തകർത്ത് അവരുടെ വീട്ടിനകത്തേയ്ക്ക് അതിക്രമിച്ച് കടന്നിരുന്നു. അവർ ആ അമ്മയെയും മകളെയും മർദ്ദിക്കാൻ തുടങ്ങി. "അവർ എന്നെ ഇവിടെയും...പിന്നെ ഇവിടെയും അടിച്ചു," തന്റെ ചുമലും ഇടുപ്പും ചൂണ്ടിക്കാട്ടി ആ 16 വയസ്സുകാരി പറയുന്നു. "എനിക്ക് ഇപ്പോഴും അവിടെ വേദനിക്കുന്നുണ്ട്." എന്നിട്ടും കലിയടങ്ങാതെ ജനക്കൂട്ടം അവരുടെ വീടിന് പുറത്ത് വേറെ പണിതിട്ടുള്ള അടുക്കളയും കത്തിച്ചെന്ന് വീടിന് പറ്റിയ നാശനഷ്ടങ്ങൾ പാരിക്ക് കാണിച്ചുതരുന്നതിനിടെ നോമിത പറഞ്ഞു.
എന്നാൽ മുഫസിലിലെ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ-ഇൻ-ചാർജ്ജായ സഞ്ജയ് കുമാർ ഝാ ഈ സംഭവത്തെ നിസ്സാരവത്ക്കരിക്കുകയാണുണ്ടായത്. " വലിയ നാശനഷ്ടമൊന്നും സംഭവിച്ചിട്ടില്ല. അക്രമികൾ ഒരു കുടിൽ കത്തിക്കുകയും ചെറിയ തോതിൽ കേടുപാടുകൾ വരുത്തുകയും ചെയ്തു. ആരും മരണപ്പെട്ടിട്ടില്ല." അദ്ദേഹം പറഞ്ഞു.
32 വയസ്സുകാരിയായ നോമിത കുടുംബത്തോടൊപ്പം ജാർഖണ്ഡിലെ പാകുർ ജില്ലയിലുള്ള ഗോപിനാഥ്പൂരിലാണ് താമസിക്കുന്നത്. ഈ പ്രദേശത്ത് തലമുറകളായി താമസിച്ചുവരുന്ന അനേകം കുടുംബങ്ങളിലൊന്നാണ് അവരുടേത്. "ഇത് ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ ഭൂമിയാണ്," ഉറച്ച ശബ്ദത്തിൽ അവർ പറയുന്നു.
പാകുർ ജില്ലയിലെ ഗന്ധായ്പൂർ പഞ്ചായത്തിന്റെ ഭാഗമായ ഗോപിനാഥ്പൂർ ഒരു ഹിന്ദു ഭൂരിപക്ഷപ്രദേശമാണെന്ന് ജില്ലാ കൗൺസിൽ അംഗം പിങ്കി മണ്ഡൽ പറയുന്നു. നോമിതയുടെ ഭർത്താവ് ദീപ്ചന്ദിന്റെ കുടുംബം തലമുറകളായി ഇവിടെയാണ് താമസം. "ഇവിടെ നേരത്തെ ഹിന്ദു-മുസ്ലിം സംഘർഷം ഉണ്ടായിരുന്നില്ല, പക്ഷെ ബക്രീദിന്റെ അന്നത്തെ സംഭവങ്ങൾക്ക് ശേഷം, ഇവിടെ സാഹചര്യം വഷളായിട്ടുണ്ട്," ആക്രമണം നടന്ന ദിവസം മറ്റ് രണ്ടുമക്കളുമൊത്ത് ദൂരെയായിരുന്ന 34 വയസ്സുകാരൻ ദീപ്ചന്ദ് പറയുന്നു.
"ആരോ പോലീസിനെ വിളിച്ചു, ഇല്ലെങ്കിൽ ഞങ്ങൾക്ക് എന്ത് സംഭവിക്കുമായിരുന്നെന്ന് ആർക്കറിയാം," നോമിത പറയുന്നു. ആക്രമണം നടന്നതിന്റെ പിറ്റേ ആഴ്ച അവർ തന്റെ ഭർത്താവിന്റെ രക്ഷിതാക്കളിൽനിന്ന് 50,000 രൂപ കടം വാങ്ങി തന്റെ വീടിന്റെ വാതിലിലും ജനലുകളിലും ഗ്രിൽ ഘടിപ്പിച്ചു. "അതില്ലാതെ സുരക്ഷിതത്വം തോന്നാത്ത സ്ഥിതിയാണ്," ദിവസക്കൂലി തൊഴിലാളിയായി ജോലി ചെയ്യുന്ന ദീപ്ചന്ദ് പറയുന്നു. "ഞാൻ അന്ന് ജോലിയ്ക്ക് പോകാതിരുന്നാൽ മതിയായിരുന്നു," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഹേമ മണ്ഡൽ തന്റെ വീടിന്റെ വരാന്തയിൽ ടെൻഡു ഇലകൾ ഉപയോഗിച്ച് ബീഡി തെറുക്കുകയാണ്. "നേരത്തെ ഇവിടെ ഹിന്ദു-മുസ്ലിം സംഘർഷം ഉണ്ടായിരുന്നില്ല, പക്ഷെ ഇപ്പോൾ ഇവിടെ നിരന്തരം ഭയം തുടിച്ചുനിൽക്കുന്ന അന്തരീക്ഷമാണ്." കനാലിലെ ജലനിരപ്പ് താഴുമ്പോൾ, "വീണ്ടും സംഘർഷം തുടങ്ങും' എന്ന് അവർ കൂട്ടിച്ചേർക്കുന്നു. "ബംഗാളിലെ ആളുകൾ അതിർത്തിക്കപ്പുറത്തുനിന്ന് ഭീഷണി മുഴക്കും." വൈകീട്ട് ആറ് മണിക്കുശേഷം ഈ റോഡിലൊന്നാകെ നിശബ്ദത പരക്കും," അവർ കൂട്ടിച്ചേർക്കുന്നു.
ഈ പ്രദേശത്തെ സംഘർഷത്തിന്റെ പ്രധാന കാരണമായി തീർന്നിരിക്കുന്ന കനാൽ ഹേമയുടെ വീട്ടിലേയ്ക്ക് നീളുന്ന റോഡിന് സമാന്തരമായാണ് പോകുന്നത്. ഉച്ചനേരത്തുപോലും ഈ പ്രദേശം വിജനമായിരിക്കും. ഇവിടെ തെരുവിളക്കുകൾ ഇല്ലാത്തതിനാൽ വൈകീട്ട് പ്രദേശമാകെ ഇരുട്ടിലാഴും.
"അക്രമം നടത്തിയവർ എല്ലാവരും മറുവശത്ത്, പശ്ചിമ ബംഗാളിൽനിന്നുള്ളവരായിരുന്നു. ഇവിടത്തെ മുസ്ലീങ്ങൾ ഹിന്ദുക്കൾക്കൊപ്പം നിന്നു," 27 വയസ്സുകാരനായ റിഹാൻ ഷെയ്ഖ് കനാലിനെ പരാമർശിച്ചുകൊണ്ട് പറഞ്ഞു. പാട്ടക്കർഷകനായ റിഹാൻ, നെല്ല്, ഗോതമ്പ്, ചോളം, കടുക് തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്നു. റിഹാന്റെ വരുമാനത്തെ ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ ഏഴംഗ കുടുംബം കഴിഞ്ഞുപോകുന്നത്.
"ഞങ്ങൾ തലമുറകളായി ഇവിടെ ജീവിക്കുന്നവരാണ്. ഞങ്ങൾ ബംഗ്ളാദേശുകാരാണെന്നാണോ പറയുന്നത്?" ബി.ജെ.പിയുടെ വാദമുഖങ്ങൾ തള്ളി അദ്ദേഹം ഈ ലേഖകനോട് ചോദിച്ചു.
പരിഭാഷ: പ്രതിഭ ആര്‍. കെ .