ബഡ്ജറ്റിനെക്കുറിച്ചുള്ള എന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, “ഞങ്ങൾക്കിതിനെക്കുറിച്ച് ഒന്നുമറിയില്ല” എന്ന് എടുത്തടിച്ചതുപോലെ ബാബാസാഹേബ് പറയുന്നു.
“ഞങ്ങൾക്ക് എന്താണ് വേണ്ടതെന്ന് എന്നെങ്കിലും സർക്കാർ ചോദിച്ചിട്ടുണ്ടോ?” അദ്ദേഹത്തിന്റെ ഭാര്യ മന്ദ ചോദിക്കുന്നു. “അത് ചോദിക്കാതെ, ഞങ്ങൾക്കുവേണ്ടി അവരെങ്ങനെയാണ് തീരുമാനിക്കുക? 30 ദിവസവും ജോലി, അതാണ് ഞങ്ങൾക്ക് വേണ്ടത്.”
പുനെ ജില്ലയിലെ ശിരൂർ താലൂക്കിലെ കുരുളി ഗ്രാമത്തിന്റെ പുറമ്പോക്കിലുള്ള അവരുടെ ഒറ്റമുറി വീട്ടിൽ പതിവില്ലാതെ തിരക്കായിരുന്നു ആ പ്രഭാതത്തിൽ. “2004-ൽ ജൽനയിൽനിന്നാണ് ഞങ്ങൾ ഇങ്ങോട്ട് കുടിയേറിയത്. ഞങ്ങൾക്ക് സ്വന്തമായി ഗ്രാമമുണ്ടായിരുന്നില്ല. എപ്പോഴും അലഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഞങ്ങളുടെ ആളുകൾ ഗ്രാമത്തിന് പുറത്താണ് താമസിക്കുന്നത്,” ബാബാസാഹേൻ പറയുന്നു.
എന്നാൽ, ബ്രിട്ടീഷ് രാജ് മുദ്രകുത്തിയ ‘കുറ്റവാളി’പട്ടികയിൽനിന്ന് പുറത്ത് വന്നിട്ട് 70 കൊല്ലം കഴിഞ്ഞിട്ടും, ഭിൽ പാർധികൾ സാമൂഹികമായ അപമാനവും ദാരിദ്ര്യവും അനുഭവിക്കുകയാണെന്ന് മാത്രം അദ്ദേഹം പറഞ്ഞില്ല. പോരാത്തതിന്, മഹാരാഷ്ട്രയിൽ പട്ടികഗോത്രമായി പട്ടികപ്പെടുത്തിയിട്ടുപോലും അതിനൊരു മാറ്റവുമുണ്ടായിട്ടില്ല. ചൂഷണം ചെയ്യപ്പെടുന്നതുകൊണ്ടാണ് പലപ്പോഴും അവർക്ക് കുടിയേറ്റം നടത്തേണ്ടിവരുന്നത്.
കുടിയേറ്റത്തെക്കുറിച്ച്, തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞതും അവർ തീർച്ചയായും കേട്ടിട്ടുണ്ടാവില്ല. കേട്ടിരുന്നെങ്കിലും അത് അവരിൽ ഒരു വ്യത്യാസവും ഉണ്ടാക്കുമായിരുനില്ല. “കുടിയേറ്റമെന്നത്, സ്വന്തമായ ഒരു തീരുമാനം എന്നതിൽക്കവിഞ്ഞ്, ഒരനിവാര്യതയാകാതിരിക്കാൻ പാകത്തിൽ, ഗ്രാമീണ മേഖലയിൽ ആവശ്യാനുസരണം ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് ലക്ഷ്യം” എന്നാണ് 2025-2026-ലെ ബഡ്ജറ്റ് പ്രസംഗത്തിൽ അവർ പറഞ്ഞത്.
നയരൂപീകരണ കേന്ദ്രങ്ങളിൽനിന്ന് 1,400 കിലോമീറ്റർ അകലെ താമസിക്കുന്ന ബാബാസാഹേബിനും കുടുംബത്തിനും മറ്റ് ജീവിതമാർഗ്ഗങ്ങളൊന്നുമില്ല. ജോലി കണ്ടെത്തുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി അനുഭവപ്പെടുന്ന ഇന്ത്യയിലെ 144 ദശലക്ഷം ഭൂരഹിതരിൽ ഉൾപ്പെടുന്നവരാണവർ.
“മാസത്തിൽ 15 ദിവസം മാത്രമാണ് ഞങ്ങൾക്ക് ജോലി കിട്ടുന്നത്. ബാക്കി ദിവസങ്ങളിൽ തൊഴിലില്ല,” ബാബാസാഹേബിന്റെ മകൻ ആകാശ് പറയുന്നു. എന്നാലിന്ന് ഒരപൂർവ്വ ദിവസമാണ്. അച്ഛനും അമ്മയ്ക്കും, മകനും, ഭാര്യയ്ക്കും സമീപത്തുള്ള ഗ്രാമത്തിലെ ഉള്ളിപ്പാടത്ത് ജോലി കിട്ടിയിട്ടുണ്ട്.
ഈ കോളണിയിലെ 50 ആദിവാസി കുടുംബങ്ങൾക്ക് കുടിവെള്ളമോ, വൈദ്യുതിയോ, കക്കൂസോ ഇല്ല. “കക്കൂസ് പോകാൻ ഞങ്ങൾ പറമ്പിലേക്ക് പോകും. ഒരു സൌകര്യമോ സുരക്ഷയോ ഇല്ല. സമീപത്തുള്ള ഗ്രാമത്തിലെ പച്ചക്കറിക്കർഷകർ മാത്രമാണ് ഞങ്ങളുടെ ഒരേയൊരു വരുമാനമാർഗ്ഗം,” എല്ലാവർക്കുമുള്ള ഭക്ഷണം പാക്ക് ചെയ്യുന്ന സ്വാതി പറയുന്നു.
“ഉള്ളി വിളവെടുക്കുന്നതിന് ദിവസം ഞങ്ങൾക്ക് 300 രൂപ കിട്ടും. പൈസ കിട്ടുന്ന ഓരോ ദിവസവും വിലപ്പെട്ടതാണ്,” ബാബാ സാഹേബ് പറയുന്നു. കുടുംബത്തിന്റെ മൊത്തം വരുമാനം, വർഷത്തിൽ 1.5 ലക്ഷം രൂപപോലും തികയില്ല. ജോലി കണ്ടെത്താൻ കഴിയുന്നതിനനുസരിച്ചിരിക്കും അത്. അതുകൊണ്ടുതന്നെ, 12 ലക്ഷം രൂപയുടെ ആദായനികുതിയിളവ് അവരെ സംബന്ധിച്ചിടത്തോളം അർത്ഥരഹിതമാണ്. “ചില ദിവസങ്ങളിൽ ഞങ്ങൾ ആറ് കിലോമീറ്ററുകൾ നടക്കും. ചിലപ്പോൾ അതിലും കൂടുതലും. എവിടെ ജോലി കിട്ടിയാലും ഞങ്ങൾ പോകും,” ആകാശ് പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്