മൊഡ മോഡോന്ദ് ഊടലെ
മുഡ്ഡു സിക്കിയ താങ്ക് ഊടലെ
[തിരക്ക് കൂട്ടിയാല്‍ ഒരു ഫലവും ലഭിക്കില്ല
ചിന്തിച്ച് പതുക്കെ മുന്നേറുക, നിങ്ങള്‍ക്ക് സ്വര്‍ണ്ണം നേടാം]
ഒരുകാലത്ത് നീലഗിരി മലനിരകളിലെ വനങ്ങളിൽ താമസിച്ചിരുന്ന ആലു കുറുമ്പ ആദിവാസികൾ പറയുന്നത്, ഈ പഴഞ്ചൊല്ല് 'ശരിയായ' ഇണയെ കണ്ടെത്തുന്നതിനുള്ള ശരിയായ പ്രക്രിയയെ ഏറ്റവും നന്നായി വിവരിക്കുന്നു എന്നാണ്. എന്നാൽ അവരിലൊരാളായ, രവി വിശ്വനാഥനെ സംബന്ധിച്ചോളം അദ്ദേഹത്തിന്റെ അക്കാദമിക് യാത്രയുടെ കാര്യത്തിലും ഇത് വളരെ ശരിയാണ്, അത് സാവധാനത്തിൽ ആരംഭിച്ചെങ്കിലും ഇപ്പോൾ കോയമ്പത്തൂരിലെ ഭാരതിയാർ സർവ്വകലാശാലയിൽനിന്ന് ഡോക്ടറേറ്റിൽ കലാശിക്കാൻ പോകുന്നു. തന്റെ സമുദായത്തിൽനിന്നുള്ള ആദ്യ ബിരുദധാരി എന്നത് മാത്രമല്ല, ആലു കുറുമ്പ ഭാഷയുടെ ഘടനയേയും വ്യാകരണത്തേയും കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെന്റേഷനാണ് അദ്ദേഹത്തിന്റെ പിഎച്ച്ഡി തീസിസ്. ആകസ്മികമെന്ന് പറയാം, 33 വയസ്സുള്ള വിശ്വ (ആ പേരിലാണ് അദ്ദേഹം അഭിസംബോധന ചെയ്യാൻ ഇഷ്ടപ്പെടുന്നത്) ഇതുവരെ വിവാഹം കഴിച്ചിട്ടില്ല, 'ശരിയായ' ഇണയെ കണ്ടെത്താനും അദ്ദേഹം സമയമെടുത്തു.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ കോട്ടഗിരി പട്ടണത്തിനടുത്തുള്ള ആലു കുറുമ്പ അധിവസിതഗ്രാമമായ ബനഗുഡിയിലാണ് വിശ്വ വളര്‍ന്നത്. രാവിലെ 7 മണിക്ക് മാതാപിതാക്കൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ, ഗ്രാമത്തിലെ കുട്ടികൾ അവരുടെ ഔപചാരിക വിദ്യാഭ്യാസം നേടുന്നതിനായി ഇവിടെനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള അരവേണുവിലുള്ള സർക്കാർ ഹൈസ്കൂളിലേക്ക് പോകും.
ഇവിടെവെച്ചാണ് നമ്മുടെ തിരക്കഥയ്ക്ക് അല്പം മാറ്റം വരുന്നത്. മിക്ക ദിവസങ്ങളിലും, മാതാപിതാക്കൾ ജോലിക്ക് പോയിക്കഴിഞ്ഞാൽ പല കുട്ടികളും അടുത്തുള്ള കാട്ടിലേക്ക് ഓടും, പകൽ മുഴുവന്‍ അവിടെ ചെലവഴിക്കും, മറ്റുചിലർ അവരുടെ ചെറിയ ഇഷ്ടികവീടുകൾക്ക് മുന്നിലുള്ള സിമന്റ് മുറ്റത്ത് കളികൾ കളിച്ച് സമയം കളയും. “ഞങ്ങളുടെ സമുദായം, സ്കൂൾ വിദ്യാഭ്യാസത്തിന് ഒരിക്കലും മുൻഗണന നൽകിയിരുന്നില്ല. സ്കൂളിൽ പോകുന്ന പ്രായത്തിൽ ഞങ്ങളിൽ 20 പേരുണ്ടായിരുന്നു, പക്ഷേ ഞങ്ങൾ സ്കൂൾ ഗേറ്റിലെത്തുമ്പോഴേക്കും വിരലിലെണ്ണാവുന്നവർ മാത്രമേ അവശേഷിച്ചിരുന്നുള്ളു”, വിശ്വ പറയുന്നു. കുട്ടികൾ അവരുടെ അവരുടെ ഒരേയൊരു മാതൃഭാഷയും, അധ്യാപകർ - വല്ലപ്പോഴും സ്കൂളിലെത്തിയാൽത്തന്നെ - ഔദ്യോഗിക സംസ്ഥാന ഭാഷയായ തമിഴും മാത്രമാണ് സംസാരിച്ചിരുന്നത്. അത് തീരെ പ്രയോജനം ചെയ്തില്ല.
അന്യമായ ഒരു ഭാഷ, സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ഉദാസീനരായ ഗോത്ര മൂപ്പന്മാർ, സമാനചിന്താഗതിക്കാരായ സുഹൃത്തുക്കളുടെ ഒരു സംഘം, പ്രലോഭിപ്പിക്കുന്ന തുറസ്സായ ഇടങ്ങൾ - സ്വാഭാവികമായും വിശ്വ പലപ്പോഴും സ്കൂൾ ഒഴിവാക്കി. അവന്റെ മാതാപിതാക്കൾ സമീപത്തെ എസ്റ്റേറ്റിൽ ദിവസക്കൂലിക്കാരായി ജോലി ചെയ്യുകയായിരുന്നു. അമ്മ തേയില പറിക്കുന്ന ജോലിയും, അച്ഛൻ മഴവെള്ളത്തിനായുള്ള കിടങ്ങുകൾ വൃത്തിയാക്കുകയും ഡെലിവറി ട്രക്കുകളിൽനിന്ന് 50 കിലോഗ്രാം തൂക്കമുള്ള വളച്ചാക്കുകള്‍ ഇറക്കുകയും ചെയ്യുന്ന ജോലികൾ. ചുരുങ്ങിയത്, വർഷത്തിൽ രണ്ടുതവണയെങ്കിലും, കാടുകളിലെ പാറക്കെട്ടുകളിൽനിന്ന് തേൻ ശേഖരിക്കാൻ അച്ഛൻ മറ്റ് ആലു കുറുമ്പൻമാരോടൊപ്പം പോകും. അതോടൊപ്പം, കാടുകളിൽനിന്ന് ഔഷധസസ്യങ്ങൾ ശേഖരിക്കുകയും ചെയ്യന്നു. 1800-കളുടെ തുടക്കത്തിൽ ബ്രിട്ടീഷുകാർ നീലഗിരി ആക്രമിക്കുകയും വലിയ വനപ്രദേശങ്ങൾ തേയിലത്തോട്ടങ്ങളായി മാറ്റുകയും ആദിവാസികളെ വനങ്ങളിൽനിന്ന് ആട്ടിപ്പുറത്താക്കി സമീപത്തെ വാസസ്ഥലങ്ങളിലേക്ക് തള്ളുകയും ചെയ്യുന്നതിനുമുമ്പ് സമൂഹത്തിന്റെ ഉപജീവനമാർഗമായിരുന്നു ഈ തൊഴിലുകളെല്ലാം.
വിശ്വയെ സംബന്ധിച്ചിടത്തോളം, പ്രൈമറി സ്കൂള്‍ പഠനത്തിന് പ്രേരണയുടെ കുറവാണുണ്ടായിരുന്നതെങ്കിൽ, സെക്കൻഡറി സ്കൂൾ അതിന്റേതായ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. അവന്റെ പിതാവിന് പലപ്പോഴും അസുഖം ബാധിച്ച് ജോലിചെയ്യാൻ കഴിയാ സാഹചര്യമായിരുന്നു, ദിവസക്കൂലിക്കാരനായി ജോലിചെയ്തുകൊണ്ട് കുടുംബം പോറ്റാനുള്ള ചുമതല അവന്റെ ചുമലിലായി. അതോടെ, വല്ലപ്പോഴും മാത്രമായി സ്കൂളിൽ പോക്ക്. അവന് 16 വയസ്സുള്ളപ്പോൾ, പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പിതാവിന്റെ ചികിത്സയുടെ ചിലവിനത്തില്‍ 30,000 രൂപ കടം വന്നു. ഇതോടെ, വിശ്വ സ്കൂൾപഠനം നിർത്തി, ഡ്രൈവിംഗ് ലൈസൻസ് നേടി, അമ്മ ജോലി ചെയ്യുന്ന അതേ എസ്റ്റേറ്റിൽ ജോലിക്ക് പോയി, എസ്റ്റേറ്റിലെ പിക്കപ്പ് ട്രക്ക് ഓടിക്കുന്ന ജോലിക്ക് പ്രതിമാസം 900 ശമ്പളം ലഭിക്കാൻ തുടങ്ങി.
മൂന്ന് വർഷം, ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്തും, സ്വന്തമായുള്ള ഒരേക്കർ ഭൂമി പാട്ടത്തിന് കൊടുത്തും അമ്മയും വിശ്വനും കടങ്ങൾ തീർത്തു. അതിനുശേഷമാണ് വിശ്വ സ്കൂൾ വിദ്യാഭ്യാസം പുനരാരംഭിച്ചത്. “എന്റെ മാതാപിതാക്കൾ ഒരിക്കലും സ്‌കൂളിൽ പോയിട്ടില്ല, പക്ഷേ വിദ്യാഭ്യാസം തുടരാനുള്ള എന്റെ താത്പര്യം അവർ മനസ്സിലാക്കി. എനിക്ക് മറ്റ് വഴികളില്ലാത്തതിനാലാണ് ഞാൻ ഉപേക്ഷിച്ചത്, പക്ഷേ ഞാൻ എന്റെ പഠനം തുടരുമെന്ന് എനിക്കറിയാമായിരുന്നു,” - അദ്ദേഹം പറയുന്നു.
അവൻ പഠനം തുടരുകതന്നെ ചെയ്തു. ക്ലാസ്സിലെ മറ്റുള്ളവരെക്കാൾ കുറച്ച് വയസ്സ് കൂടുതലാണെങ്കിലും, 21-ആം വയസ്സിൽ സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് വിശ്വ കൈക്കലാക്കുകതന്നെ ചെയ്തു.
ഇവിടെനിന്ന് അദ്ദേഹത്തിന്റെ അക്കാദമിക് യാത്രയിൽ പിന്നീട് ഇടവേളകളൊന്നും ഉണ്ടായില്ല. കോട്ടഗിരിയിൽനിന്ന് ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 70 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂരിലെ ഗവൺമെന്റ് ആർട്സ് കോളേജിലേക്ക് പോയി. ഇവിടെ അദ്ദേഹം തമിഴ് സാഹിത്യത്തിൽ ബി.എ ചെയ്തു, അതിനെത്തുടർന്ന് രണ്ട് മാസ്റ്റേഴ്സ് ബിരുദവും - ഒന്ന് തമിഴ് സാഹിത്യത്തിലും മറ്റൊന്ന് ഭാഷാശാസ്ത്രത്തിലും. ട്രൈബൽ അസോസിയേഷനുകൾ, സംസ്ഥാന ഗവൺമെന്റ്, സർക്കാരിതര സംഘടനകൾ, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്നിവയിൽനിന്ന് വിതരണം ചെയ്ത സ്കോളർഷിപ്പുകളും ഗ്രാന്റുകളും അദ്ദേഹം തന്റെ വിദ്യാഭ്യാസ ധനസഹായത്തിനായി ഉപയോഗിച്ചു.
തമിഴ് സാഹിത്യം പഠിക്കുമ്പോൾ, നീലഗിരിയിലെ മറ്റ് ആദിവാസി സമൂഹങ്ങളായ തോട, കോട്ട, ഇരുള എന്നിവയെക്കുറിച്ചുള്ള സാമൂഹിക-ഭാഷാ ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം കണ്ടെത്തി. ആലു കുറുമ്പയെ സംബന്ധിച്ചിടത്തോളം, ഭാഷയല്ല, സംസ്കാരവും വസ്ത്രധാരണവും മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അങ്ങനെ അദ്ദേഹം ആലു കുറുമ്പ ഭാഷയിലെ പഴഞ്ചൊല്ലുകളും കടങ്കഥകളും രേഖപ്പെടുത്തിക്കൊണ്ട് ആരംഭിച്ചു, തുടർന്ന് വ്യാകരണത്തിലേക്ക് നീങ്ങി.
ഒരു ഭാഷാശാസ്ത്ര പണ്ഡിതനെന്ന നിലയിൽ, ഭാഷകൾ എങ്ങനെ മരിക്കുന്നു എന്നതിനെക്കുറിച്ച് വേദനാജനകമായ ബോധമുള്ള അദ്ദേഹം, രേഖപ്പെടുത്തപ്പെട്ടതും ക്രോഡീകരിച്ചതുമായ വ്യാകരണമില്ലാതെ, സ്വന്തം ഭാഷയും നിലനിൽക്കില്ലെന്ന് ഭയപ്പെടുന്നു. "ഈ ഭാഷ സംസാരിക്കുന്നവര്‍ മരണപ്പെടുന്നതിന് മുമ്പ്, സംഭാഷണത്തിന്റെ ഭാഗങ്ങൾ, വ്യാകരണ നിയമങ്ങൾ, വാക്യഘടന എന്നിവയെ തരംതിരിക്കാൻ ഞാൻ ആഗ്രഹിച്ചു," അദ്ദേഹം പറയുന്നു.
2011-ലെ സെൻസസ് പ്രകാരം കുറുമ്പ ജനസംഖ്യ 6,823 ആണ്, ഇതില്‍, ആലു കുറുമ്പകൾ 1,700 എണ്ണം മാത്രമാണെന്നാണ് അവര്‍ പറയുന്നത്. (മറ്റുള്ളവ: കടു കുറുമ്പ, ജെനു കുറുമ്പ, ബേട്ട കുറുമ്പ, മുള്ളു കുറുമ്പ). ഒരു ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 10,000-ത്തിൽ താഴെയാണെങ്കിൽ, ആ ഭാഷ 'വംശനാശ ഭീഷണി‘യിലാണെന്നാണ് മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് പറയുന്നത്. അതനുസരിച്ച് എല്ലാ കുറുംബ വിഭാഗങ്ങളിലേയും ഭാഷകൾക്ക് ആ ഭീഷണിയുണ്ട്..
എഴുതാൻ തമിഴിനെ ‘കടം വാങ്ങിയപ്പോൾ’, ലിപിയുടെ അഭാവം ക്രോഡീകരണം ബുദ്ധിമുട്ടാക്കും എന്ന് വിശ്വ കണ്ടെത്തി. പല ശബ്ദങ്ങളും വിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല. "മണ്ണിൽനിന്ന് ഒരു ചെടിയെ വലിച്ചെടുക്കുന്നതിന്റെ ചലനത്തെ വിവരിക്കാൻ എന്റെ ഭാഷയിൽ ഞങ്ങൾ 'ഖ്ട്' എന്നാണ് പറയുന്നത്. എന്നാൽ ആ ശബ്ദം തമിഴ് ലിപിയിലില്ല,” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
2018 ഏപ്രിലിൽ വിശ്വക്ക് പിഎച്ച്ഡി ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. എന്നിട്ടുവേണം ഒരു സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിക്ക് അപേക്ഷിക്കാൻ ആ ജോലിയിൽ പ്രവേശിക്കുന്ന ആദ്യത്തെ ആലു കുറുമ്പയായിരിക്കും അദ്ദേഹം. “ഇവിടെയെത്താൻ എനിക്ക് ധാരാളം സമയം വേണ്ടിവന്നു”, നിസ്സംഗനായി അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഈ യുവാവിന്റെ ജീവിതത്തിലെ അടുത്ത നാഴികക്കല്ല് അക്കാദമികവുമായി ബന്ധമുള്ളതല്ല –വിവാഹമാണ് അത്. "എന്റെ സമുദായത്തിൽ 20 വയസ്സ് തികയുന്നതിനുമുമ്പ് യുവതീയുവാക്കള്‍ വിവാഹിതരാകും, പക്ഷേ ആദ്യം പിഎച്ച്ഡി നേടണമെന്ന് ആഗ്രഹിച്ചതിനാൽ ഞാൻ അതിനെ എതിർത്തു." അപ്പോൾ അത് നടക്കാൻ പോവുകയാണോ? “അതെ,” അവൻ അല്പം ലജ്ജയോടെ പറയുന്നു, “മറ്റൊരു കോളനിയിൽവെച്ചാണ് ഞാനവരെ കണ്ടുമുട്ടിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ അതുണ്ടാവും”.
തന്റെ സമയവും അറിവും ഉദാരമായി പങ്കുവെച്ചതിന് കോത്തഗിരി കീസ്റ്റോൺ ഫൗണ്ടേഷനിലെ ആലു കുറുമ്പ എൻ.സെൽവിക്ക് നന്ദി.
പരിഭാഷ: സിദ്ധിഖ് കാപ്പൻ