“എനിക്ക് പഠിക്കാൻ അധികം ക്ഷമയില്ല”, പാർത്ഥ പ്രൊതിം ബറുവ പറയുന്നു. നവംബറിലെ ഒരു മനോഹരമായ സായാഹ്നത്തിൽ, മജൂലിയിലെ ഒരു ചെറിയ പട്ടണമായ ഗരമൊറിലെ വഴിയിലൂടെ നടക്കുകയായിരുന്നു ഞങ്ങൾ. “പഠനംകൊണ്ട് ഒരു ജോലി ഒരിക്കലും എനിക്ക് കിട്ടില്ലെന്ന് അറിയാം”, അവൻ പറയുന്നു. ജില്ലയിലെ ഗരമൊർ സാരു സത്രയിലെ ചെറുപ്പക്കാരായ ഗായൻ-ബായനുകളിൽ ഒരാളായിരുന്നു 16 വയസ്സുള്ള ആ യുവാവ്.
സത്രിയ സംസ്കാരത്തിന്റെ മുഖ്യഘടകമായ ഗായൻ-ബായൻ ഒരു മതപരമായ നാടൻ കലാരൂപമാണ്. അസമിലെ സത്രങ്ങളിലാണ് (വൈഷ്ണവ സന്ന്യാസിമഠങ്ങൾ) ഇത് പ്രാഥമികമായി അനുഷ്ഠിക്കപ്പെടുന്നത്. പാട്ട് പാടുന്നവരാണ് ഗായൻ എന്ന് അറിയപ്പെടുന്നത്.. അവർതന്നെയാണ് താളങ്ങളും (സിംബലുകൾ) വായിക്കുന്നത്. ഖോൾ ഡ്രമ്മുകളും ഓടക്കുഴലും പോലുള്ള ഉപകരണസംഗീതം വായിക്കുന്നവർ ബായൻ എന്ന് അറിയപ്പെടുന്നു. മജൂലിയിൽ, ഗായൻ, ബായൻ എന്നതൊക്കെ ഒരു തൊഴിലിന്റെ പേരല്ല. മറിച്ച്, ആളുകൾ അഭിമാനിക്കുകയും തങ്ങളുടെ സ്വത്വത്തിന്റെ ഭാഗമായി കരുതുകയും ചെയ്യുന്ന പാരമ്പര്യമാണ്.
“സ്കൂൾ പഠനം കഴിഞ്ഞ്, ജോലി സമ്പാദിക്കാനായില്ലെങ്കിൽ, അത് എന്റെ വിധിയല്ലെങ്കിൽ, പിന്നെ ഞാനെന്ത് ചെയ്യണം?”, കാര്യമാത്രപ്രസക്തമായി പാർത്ഥ ചോദിക്കുന്നു. 12-ആം ക്ലാസ്സിനുശേഷം സംഗീതം തൊഴിലായി തിരഞ്ഞെടുക്കാൻ അവൻ ആഗ്രഹിക്കുന്നുണ്ട്. അവന്റെ സഹോദരി, ഉത്തർ പ്രദേശിലെ ഒരു ഗ്രാമത്തിൽ സംഗീത അദ്ധ്യാപികയായി ജോലി ചെയ്യുന്നുമുണ്ട്.
“എന്റെ രക്ഷിതാക്കളും ഈ ആശയത്തിനെ പിന്തുണച്ചിരുന്നു (ഗുവഹാട്ടിയിൽ ഒരു സംഗീത സ്കൂളിൽ ചേരുന്നതിനെ). “ആ പിന്തുണയാണ് പ്രധാനം. അതില്ലെങ്കിൽ എങ്ങിനെ എനിക്ക് സംഗീതം തുടർന്നുപോകാൻ കഴിയും?”. അരിയും വിറകും വിൽക്കുന്ന ഒരു ചെറിയ കച്ചവടം നടത്തുന്ന അച്ഛൻ അവന്റെ ആഗ്രഹത്തിനെ അനുകൂലിക്കുന്നുണ്ടെങ്കിലും അമ്മയ്ക്ക് അതിൽ അത്ര സന്തോഷമില്ല. പഠിക്കാൻ വേണ്ടി വീട്ടിൽനിന്ന് ദൂരസ്ഥലത്തേക്ക് അവൻ പോകുന്നത് അവർക്ക് താത്പര്യമില്ല.
അവതരണത്തിനുള്ള സമയമായപ്പോൾ പാർത്ഥ എന്ന കലാകാരൻ തൂവെള്ള കുർത്തയും ധോത്തിയും, പാഗ് എന്ന് വിളിക്കുന്ന തലപ്പാവും ധരിച്ച്, ശരീരത്തിന് കുറുകെ സെലെംഗ് എന്ന തുണിയും ചുറ്റി. കലാകാരന്മാർ മോട്ടാമോണി മുത്തുകളുടെ ഒരു മാല ധരിക്കുകയും നെറ്റിയിൽ ചന്ദനംകൊണ്ട് കുറി വരയ്ക്കുകയും ചെയ്യുന്നു.
അവതരണത്തിന് തൊട്ടുമുമ്പായി ഞാൻ അഭിമുഖം നടത്തുന്ന ചെറുപ്പക്കാരായ കലാകാരന്മാരിൽ ഒരാൾ മാത്രമാണ് പാർത്ഥ. അണിയറയിൽ അവർ ആത്മവിശ്വാസത്തോടെ, പരസ്പരം, വേഷം ധരിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിന് കുറുകെയുള്ള തുണി, പിന്നുകളുപയോഗിച്ചാണ് കെട്ടിവെക്കുന്നത്.
പത്തുവയസ്സ് കൂടുതലുള്ള മൊനൊഷ് ദട്ട സംഘത്തിലെ ഒരു ബയാനാണ്. ഈയടുത്ത്, ഗുവഹാട്ട്യിലെ ഒരു ടെലിവിഷൻ നെറ്റ്‌വർക്കിൽ ജൂനിയർ എഡിറ്ററായും അയാൾ ജോലിക്ക് ചേർന്നിട്ടുണ്ട്.
ഒമ്പതാമത്ത വയസ്സിൽ അയാൾ അമ്മാവനോടും മറ്റ് മുതിർന്നവരോടുമൊപ്പം പരിശീലനം തുടങ്ങി. “ഞങ്ങൾ ഒരു സത്രിയ അന്തരീക്ഷത്തിൽ വളർന്നവരായതുകൊണ്ട്, ചെറുപ്പം മുതലേ കണ്ട് പഠിക്കാൻ ഞങ്ങൾ പരിശീലിച്ചിരുന്നു. അങ്ങിനെ, മെട്രിക്കുലേഷൻ പരീക്ഷ പാസ്സാവുന്നതിന് മുമ്പുതന്നെ, ഖോൽ ഡ്രം വാദനത്തിൽ അയാൾ സംഗീത് വിശാരദ് പരീക്ഷ പാസ്സായി
ഗായൻ-ബായൻ അവരുടെ കുടുംബരക്തത്തിലുള്ളതാണ്. അമ്മാവൻ ഇന്ദ്രനീൽ ദത്ത ഗരമൊർ സാരു സത്രയിലെ സാംസ്കാരികജീവിതത്തിലെ ഒരു പ്രമുഖ വ്യക്തിയാണ്. “അദ്ദേഹത്തിന് ഇപ്പോൾ 85 വയസ്സായി. ഇപ്പോഴും ആരെങ്കിലും ഖോൽ വായിക്കാൻ തുടങ്ങിയാൽ, അദ്ദേഹത്തിന് നൃത്തം ചെയ്യാതിരിക്കാനാവില്ല”.
താൾ, മാൻ, രാഗ, മുദ്ര എന്നിവയെ അടിസ്ഥാനത്തിൽ, ഗായൻ-ബായൻ അവതരണം ഓരോ സത്രങ്ങളിലും വെവ്വെറെ രീതിയിലായിരിക്കും. അതിൽ, ധുര എന്ന ശൈലി, ഗരമൊർ സാരു സത്രയ്ക്കും ഗരമൊർ ബോർ സത്രയ്ക്കും മാത്രമായ ഒന്നാണ്. വർഷത്തിലൊരിക്കൽ, ബോർഖോബാ ദിവസത്തിലാണ് അത് അവതരിപ്പിക്കുക. ജൂൺ-ജൂലായ് മാസങ്ങളിൽ വരുന്ന അസമീസ് മാസമായ അഹറിൽ നടക്കുന്ന ഒരു സാമുദായിക ഉത്സവമാണ് ബോർഖോബാ. മറ്റ് രണ്ട് ശൈലികൾ, ബാർപേട സത്രയുടെ ബാർപേടിയയും, മജൂലിയിലെ കൊമലബരിയ സത്രയിലെ കമൽബാരിയയുമാണ്. മജൂലിയിലെ മിക്ക സത്രങ്ങളും പിന്തുടരുന്നത് കൊമലാബരിയ ശൈലിയാണ്. അവതാരകരെല്ലാം ജീവിതത്തിന്റെ വിവിധതലങ്ങളിൽനിന്നുള്ളവരായിരിക്കും.
ഒരു ഭവോന (പരമ്പരാഗത നാടോടി നാടകം) തുടങ്ങുന്നതിനുമുമ്പ്, ഗായൻ-ബായനും, അതിനുശേഷം സൂത്രധാരി നൃത്യവുമുണ്ടായിരിക്കും. ‘ഇവയില്ലാതെ ഒരു ഭാവോന പൂർത്തിയാവില്ല”, മൊനൊഷ് എന്നോട് പറഞ്ഞു. “ഭാവോനയുടെ പശ്ചാത്തലവും കഥയുടെ സംക്ഷിപ്തരൂപവുമാണ് സൂത്രധാർ പറയുന്നത്. ഇന്നത്തെ കാലത്ത്, സൂത്രധാരി ഞങ്ങളുടെ മാതൃഭാഷയായ അസമീസിലും അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ബ്രജാവലിയാണ് അതിന്റെ യഥാർത്ഥ ഭാഷ.
മറ്റുള്ളവർക്ക് ഇത് പഠിക്കണമെങ്കിൽ ഏറെ സമയമെടുക്കും. എന്നാൽ, ഞങ്ങൾ കുട്ടിക്കാലം മുതലേ ഈ അന്തരീക്ഷത്തിൽത്തന്നെ വളർന്നവരായതുകൊണ്ട്, പെട്ടെന്ന് നോക്കി പഠിക്കാൻ സാധിക്കും
*****
സത്രയിൽ, കുട്ടികൾ മൂന്നുവയസ്സുമുതൽ ഈ കലാരൂപവുമായി ഇടപഴകാൻ തുടങ്ങും. മജൂലിയിലെ മുഖ്യ ഉത്സവങ്ങളിലൊന്നായ രാസ് ആണ് അത്തരമൊരു വേദി. പരിശീലനത്തിന് പോവുന്ന അച്ഛനമ്മമാരെ കുട്ടികളും അനുഗമിക്കും. വായിക്കുക: രാസ് മഹോത്സവവും മജൂലിയിലെ സത്രകളും.
ബയാനും, സംഘത്തിലെ അംഗവുമായ 19 വയസ്സുള്ള് സുഭാഷിഷ് ബോറ തന്റെ കലാസപര്യ ആരംഭിച്ചത്, 4-ആം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. മൊനൊഷിന്റെ ബന്ധുവായ സുഭാഷിഷും തന്റെ അമ്മാവൻ ഖിരോദ് ദത്തയെ നിരീക്ഷിച്ചാണ് ഈ കല സ്വായത്തമാക്കിയത്. ഖിരോദ് ദത്ത ഒരു ബോർ ബയാനാണ്. വിദഗ്ദ്ധരായ ബയാനുകൾക്ക് സത്ര നൽകുന്ന ഒരു പുരസ്കാരമാണ് ബോർ ബയാൻ.
രാസ് ഉത്സവത്തിൽ പങ്കെടുക്കുകയും കുട്ടിയായിരിക്കുമ്പോഴേ ശ്രീകൃഷ്ണന്റെ വേഷം കെട്ടുകയും ചെയ്ത സുഭാഷിഷ്, മറ്റ് 10 ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും കൂടെയാണ് സംഗീത സ്കൂളിൽനിന്ന് ഖോൽ പരിശീലിച്ചത് പലപ്പോഴും പൂട്ടുകയും തുറക്കുകയും ചെയ്തിട്ടുള്ള ഒരു സ്ഥാപനമാണ് 1979-ൽ സ്ഥാപിതമായ ശ്രീ പിതാംബരദേവ് സാൻസ്കൃതിക് മഹാവിദ്യാലയ എന്ന സംഗീത സ്കൂൾ. അദ്ധ്യാപകരില്ലാത്തതിനാൽ, 2015-ൽ വീണ്ടും ഇത് അടച്ചുപൂട്ടിയിരുന്നു.
19 വയസ്സുള്ള പ്രിയബ്രാത് ഹാസാരികയുടേയും മറ്റ് 27 വിദ്യാർത്ഥികളുടേയും കൂടെ സുഭാഷിഷ്, 2021-ൽ മൊനൊഷിന്റേയും ഖിരോദ് ദത്തയുടേയും ഗായൻ-ബായൻ ക്ലാസ്സിൽ പഠനത്തിന് ചേർന്നു. മഹാവിദ്യാലയ അടച്ചുപൂട്ടുന്നതുവരെ മൂന്നുവർഷം പ്രിയബ്രാത് അവിടെ ഖോൽ അഭ്യസിച്ചിരുന്നു.
“ഒരുവർഷം കൂടി പഠിക്കാൻ സാധിച്ചിരുന്നെങ്കിൽ, വിശാരദ് എന്ന അവസാനഘട്ടത്തിൽ എത്താൻ എനിക്ക് സാധിക്കുമായിരുന്നു. സ്കൂൾ അതുവരെ നിലനിൽക്കും എന്ന് ഞാൻ കരുതി”
ഗായനും ബായനും പഠിക്കാനാവശ്യമായ പരമ്പരാഗത പാഠ്യപദ്ധതി എന്താണെന്ന് അയാൾ വിശദീകരിക്കാൻ തുടങ്ങി. കുട്ടികൾ ആദ്യം, സ്വന്തം കൈപ്പത്തി ഉപയോഗിച്ച് വിവിധ താളങ്ങൾ അഭ്യസിക്കാൻ പഠിക്കുന്നു. ആ ഘട്ടത്തിൽത്തന്നെ, അവർ നൃത്യത്തിന്റെയും ഖോൽ വാദനത്തിന്റേയും പാഠങ്ങളും പഠിച്ചുതുടങ്ങുന്നു. മടി അഖോരയും കുട്ടികൾ അഭ്യസിക്കാൻ പരിശീലിക്കും.
“മടി അഖോര എന്നത്, ഒരു ശാരീരികാഭ്യാസമാണ്. ഒരു വ്യായാമമുറ”, മൊനൊഷ് വിവരിക്കുന്നു. “അത് ചെയ്തുകഴിഞ്ഞാൽ, ശരീരത്തിലെ 206 എല്ലുകൾക്കും നല്ല ആരോഗ്യവും സുഖവും കിട്ടും”. പക്ഷികളുടേയും മൃഗങ്ങളുടേയും ആംഗ്യവിക്ഷേപങ്ങൾക്കനുസരിച്ചുള്ള വിവിധ അഖോരകളുണ്ട്. മൊറായ്പനിഖോവ, കചായിപനിഖോവ, തെൽതുപി എന്നിങ്ങനെ.
അടുത്ത ഘട്ടത്തിൽ, കുട്ടികളെ, അവർ അഭ്യസിക്കാൻ ആഗ്രഹിക്കുന്ന വിഷയമനുസരിച്ച് വെവ്വേറെയാക്കും. ചിലർ നൃത്യവും, ചിലർ ഖോലും മറ്റ് ചിലർ ബൊർഗീതും പഠിക്കും. ഗായനുകളാകാൻ ഉദ്ദേശിക്കുന്നവർ ഈ ഘട്ടത്തിൽ താളങ്ങൾ വായിക്കാൻ പഠിക്കുന്നു.
“മറ്റുള്ള ആളുകൾ വളരെക്കാലമെടുത്താണ് ഈ കല പഠിച്ചെടുക്കുന്നത്. ഞങ്ങൾ ഈ അന്തരീക്ഷത്തിൽത്തന്നെ വളർന്നവരായതുകൊണ്ട് ഈ കലാരൂപത്തെ കുട്ടിക്കാലം മുതലേ നിരീക്ഷിച്ച് പഠിച്ചിരുന്നു. അല്ലാത്തവർക്ക് ശരിയായി അവതരിപ്പിക്കാൻ വർഷങ്ങൾ വേണ്ടിവരും. മൊനൊഷ് പറയുന്നു
ഗായൻ-ബായന്റെ പ്രചാരം ഈയടുത്ത കാലത്തായി വളരെയധികം വർദ്ധിച്ചിട്ടുണ്ട്. മുമ്പ്, സത്രങ്ങളിൽ മാത്രം പരിശീലിച്ചിരുന്ന ഈ കലാരൂപം ഇപ്പോൾ അസമിലെ ഗ്രാമങ്ങളിലും അവതരിപ്പിക്കുന്നു. എന്നാൽ, ഗായനുകളും ബായനുകളും ആവാൻ പഠിക്കുന്ന ആളുകളുടെ എണ്ണം ചുരുങ്ങുകയാണ്. ചെറുപ്പക്കാരൊക്കെ, കൂടുതൽ നല്ല ഉപജീവനം അന്വേഷിച്ച് മജൂലിയിൽനിന്ന് മറ്റിടങ്ങളിലേക്ക് കുടിയേറുന്നു.
“ഇതെല്ലാം നഷ്ടമാവുമെന്ന ഒരു ഭയമുണ്ട്”, പ്രിയബ്രാത് എന്നോട് പറഞ്ഞു.
ശങ്കരദേവയുടെ മിക്ക സംഗീതരചനകളും അദ്ദേഹത്തിന്റെ കാലത്തുതന്നെ നശിച്ചു. തലമുറയായി കൈമാറിക്കിട്ടിയത്, ഒരു ചെറിയ ഭാഗം മാത്രമാണ്. തന്റെ പൈതൃകത്തെക്കുറിച്ച് മൊനൊഷിന് വലിയ അഭിമാനമുണ്ട്.
“തലമുറകൾ എത്ര നശിച്ചാലും, ശങ്കരദേവന്റെ സൃഷ്ടികൾ അനശ്വരമായി നിൽക്കും. അങ്ങിനെയാണ് അദ്ദേഹം ഞങ്ങളിൽ ജീവിക്കുന്നത്. മജൂലിയിൽ ജനിക്കാൻ കഴിഞ്ഞത് ഒരു വലിയ കാര്യമായി ഞാൻ കരുതുന്നു. ഈ പാരമ്പര്യം മജൂലിയിൽ സജീവമായി നിലനിൽക്കുന്നു. ഇനിയും നിലനിൽക്കുകയും ചെയ്യും. അതെനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും”.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ ഫെല്ലോഷിപ്പിന്റെ സഹായത്തോടെ നടത്തിയ റിപ്പോർട്ടിംഗ്
പരിഭാഷ: രാജീവ് ചേലനാട്ട്