മോൺപ വിവാഹങ്ങൾക്ക് പാടിക്കഴിഞ്ഞ് മടങ്ങുമ്പോൾ, പ്രതിഫലമായി കർചുംഗിന് പാചക ചെയ്ത ഒരു ആട്ടിൻകാൽ ലഭിക്കുന്നു. വിവാഹത്തിനെ ആർഭാടമാക്കുന്നത്, അദ്ദേഹത്തിന്റെ പാട്ടാണെന്ന് ആളുകൾ കരുതുന്നു. പെണ്ണിന്റെ വീട്ടുകാരാണ് അദ്ദേഹത്തെ ക്ഷണിക്കുന്നത്.
മോൺപ സമുദായത്തിലെ രണ്ട് അംഗങ്ങൾ വിവാഹത്തിന് സമ്മതിച്ചുകഴിഞ്ഞാൽ, രണ്ട് ദിവസത്തെ ആചാരം അവർ അനുഷ്ഠിക്കാൻ തുടങ്ങും. ചെക്കൻ പെണ്ണിന്റെ വീട്ടിൽ പോവുന്നതോടെയാണ് അത് ആരംഭിക്കുക. അവിടെ കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് ഒപ്പിടുകയും, നാടൻ വാറ്റായ ആര സേവിക്കുകയും ആടിപ്പാടുകയും ചെയ്യുന്നു. ഇവിടെയാണ്, യാതൊരു സംഗീതോപകരണത്തിന്റേയും അകമ്പടിയില്ലാതെ കാർചുംഗ് ഗാനമാലപിക്കുക. ' പിറ്റേന്ന്, വരൻ വധുവുമായി വീട്ടിലേക്ക് മടങ്ങുന്നു.
കാർചുംഗിന്റെ യഥാർത്ഥ പേര് റിൻചിൻ താഷി എന്നാണെങ്കിലും ‘കാർചുംഗ്’ എന്ന വിളിപ്പേര് വേഗം പതിഞ്ഞു. അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെംഗ് ജില്ലയിലെ ചാംഗ്പ റോഡിൽ ഒരു ചെറിയ പലചരക്കുകട നടത്തുകയാണ് അദ്ദേഹം. ജോലി ചെയ്യുമ്പോൾ പശ്ചാത്തലമായി അദ്ദേഹം കേട്ടുകൊണ്ടിരിക്കുന്ന റേഡിയോയിൽനിന്നുള്ള പ്രചാരമുള്ള ഹിറ്റ് പാട്ടുകൾ, അദ്ദേഹത്തിന്റെ സംഗീതാഭിരുചിയുടെ തെളിവാണ്. "ആരയെ"ക്കുറിച്ചും പാടാൻ കാർചുംഗിന് സാധിക്കും. “കൃഷി ചെയ്യുമ്പോഴും കൂട്ടുകാരൊത്ത് സൊറ പറഞ്ഞിരിക്കുമ്പോഴും ഞാനത് പാടാറുണ്ട്,” അദ്ദേഹം പറയുന്നു.
53 വയസ്സുള്ള അദ്ദേഹം ഭാര്യ പേം ജോംബയോടൊപ്പമാണ് കഴിയുന്നത്. വീട്ടിൽ അവരാണ് ‘ബോസ്’ എന്ന് അദ്ദേഹം പറയുന്നു. വളക്കൂറുള്ള താഴ്വരയിൽ അവർക്ക് സ്വന്തമായുള്ള ഒരേക്കർ ഭൂമി കൃഷി ചെയ്യുന്നത് അവരാണ്. “ഞങ്ങൾ അരി, ചോളം, വഴുതനങ്ങ, കയ്പ്പക്ക, കടുക് ഇല, സവാള, കോളിഫ്ലവർ എന്നിവയൊക്കെ കൃഷി ചെയ്യുന്നു,” അദ്ദേഹം പറയുന്നു. കൃഷി ചെയ്യുന്നതിലധികവും സ്വന്തമാവശ്യത്തിന് കുടുംബം ഉപയോഗിക്കാറുണ്ടെങ്കിലും ബാക്കി വരുന്നത്, ദിരാംഗ് ബ്ലോക്കിലെ റാമ ക്യാമ്പിലെ ആഴ്ചച്ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു.
ദമ്പതിമാർക്ക് അഞ്ച് മക്കളാണുള്ളത്. രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. പെൺകുട്ടികളായ റിൻചിൻ വാംഗ്മുവും സാംഗ് ഡ്രേമയും വിവാഹിതരാണ്. ഇടയ്ക്ക് വീട്ടിൽ വരും. മൂത്ത മകൻ പേം ഡോംഡൂപ് മുംബയിലെ ഒരു ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുന്നു. ഈരണ്ട് വർഷം കൂടുമ്പോഴാണ് വീട്ടിൽ വരുന്നത്. ലെയ്ക് ഖാണ്ടു സംഗീതകാരനും, താഴ്വരയിലെ സസ്റ്റെയിനബിൾ ടൂറിസം ഇനിഷ്യേറ്റീവിന്റെ ഭാഗവുമാണ്. ഏറ്റവും ഇളയ മകൻ നിം താഷി ദിരാംഗ് പട്ടണത്തിൽ ജോലി ചെയ്യുന്നു.
തിബത്തിൽനിന്ന് വന്നവരെന്നാണ് മോൺപ സമുദായം സ്വയം വിശ്വസിക്കുന്നത്. മിക്കവരും ബുദ്ധിസ്റ്റുകളും, മരപ്പണി, നെയ്ത്ത്, പെയിന്റിംഗ് എന്നിവയിൽ വിദഗ്ദ്ധരുമാണ്. 2013-ലെ ഈ റിപ്പോർട്ട് പ്രകാരം അവരുടെ എണ്ണം 43,709 ആണ്.
സംഗീതകാരൻ മാത്രമല്ല കാർചുംഗ്. ഒഴിവുസമയത്ത് അദ്ദേഹം തോൽവാദ്യങ്ങളും നിർമ്മിക്കുന്നു. “ ചില്ലിംഗ് എന്ന പേരിൽ പ്രദേശത്ത് അറിയപ്പെടുന്ന ഡ്രമ്മിന് കമ്പോളത്തിൽ 10,000 രൂപയുണ്ട്. ഒഴിവുസമയത്ത് എനിക്ക് ആവശ്യമുള്ളപ്പോൾ ഞാനത് ഉണ്ടാക്കുന്നു,” അദ്ദേഹം പാരിയോട് പറയുന്നു.
ഒരു പാട്ട് പാടാൻ ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ, കൃഷി ചെയ്യുന്ന പച്ചക്കറികൾക്കിടയിലുള്ള തന്റെ കടയുടെ പിന്നിലിരുന്ന് അദ്ദേഹം പാടാൻ തുടങ്ങി. വാങ്മയത്തിലുള്ള ഈ പാട്ടുകൾ തലമുറകളിലൂടെ പകർന്നുവന്നതാണത്രെ. അവയിൽ തിബത്തൻ വേരുകളുള്ള ചില വാക്കുകളുണ്ടായിരുന്നത്, ഞങ്ങൾക്ക് അദ്ദേഹം ബുദ്ധിമുട്ടി വിശദീകരിച്ചുതരാൻ ശ്രമിച്ചു.
വിവാഹഗാനം (ഏകദേശ പരിഭാഷ):
കാണാൻ ചേലുള്ള നല്ലോരമ്മേടെ മോൾടെ
കണ്ണുകൾ സ്വർണ്ണംപോലെ തീളങ്ങുന്നേ
ചേലുള്ള വസ്ത്രം ധരിച്ച പെണ്ണ്
എല്ലാരും ഇഷ്ടപ്പെടുന്ന പെണ്ണ്
പെണ്ണിന്റെ ദേഹത്തെ ദാദർ*
അവളെ സുന്ദരിയാക്കുന്നുണ്ടേ
ഇരുമ്പിന്റെ ദൈവങ്ങളുണ്ടാക്കിയ
ദാദറിലെ ലോഹം
അവളുടെ ദേഹത്തെ ആഭരണം
ദാദറിലെ മുളകൾ
ലാഹ്സയിൽ(തിബത്ത്)നിന്നുള്ളവയാണേ
യേഷി ഖണ്ഡ്രോമ മാലാഖ നൽകിയ പാലാണ്
ദാദറിൽ പതിച്ച രത്നക്കല്ല്
തുഞ്ചത്തുള്ളൊരു തൂവാല
തുംഗ് തുംഗ്കർമോവി**ൽനിന്നാണേ
ദാദർ - ജീവശക്തി, ദീർഘായുസ്സ്, ഭാഗ്യം, സമ്പത്ത് എന്നിവയ്ക്കായി, അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന അമ്പാണ് ദാദർ. അതിൽ ഘടിപ്പിച്ചിട്ടുള്ള നിറപ്പകിട്ടാർന്ന റിബ്ബണുകൾ, പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്നു. അനുഷ്ഠാനങ്ങളിലും, ബുദ്ധക്ഷേത്രങ്ങളിലും ക്ലോക്കിന്റെ ദിശയിലാണ് ദാദർ കറക്കുക
തുംഗ് തുംഗ്കർമോ - ഉയരങ്ങളിൽ പറക്കുന്നതിന്ന് പുകൾപെറ്റ ഹിമാലയൻ പക്ഷിയായ കറുത്ത നിറമുള്ള കഴുത്തുള്ള കൊറ്റിയുടെ ചിറകാണ് തുംഗ് തുംഗ്കർമോ
പരിഭാഷ: രാജീവ് ചേലനാട്ട്