മുംബൈയിലേക്കുള്ള ആവിവണ്ടി, അതിനകത്തെ ജീവിതം, നഗരത്തിൽ കാത്തിരിക്കുന്ന ജീവിതം എന്നിവയെക്കുറിച്ച് പുണയിലെ കൊൽവാഡെ ജില്ലയിലെ രണ്ട് സ്ത്രീകൾ പാടുന്നു

പിച്ചളക്കഴുത്തുള്ള തീവണ്ടിക്കഴുത്ത് (പുകക്കുഴൽ)
ബൈക്കുളയിലെ ബോറിബന്ദറിൽനിന്ന് തീവണ്ടി വരുന്നു

ഓവി യിൽ, 72 വയസ്സുള്ള രാധ സക്പാൽ തീവണ്ടിയെ വിശേഷിപ്പിക്കുന്നത് ‘പിച്ചളക്കഴുത്തുള്ളത്’ എന്നാണ്. ആവിവണ്ടിയുടെ യന്ത്രത്തിൽനിന്ന് പുക തുപ്പുന്ന ചിമ്മനിയെയാണ് അവർ ഉദ്ദേശിച്ചത്. ശക്തിയും സൌന്ദര്യവുമുള്ളതെന്ന് സങ്കല്പിക്കുന്ന തീവണ്ടിയുടെ ചിമ്മനിയിൽനിന്ന് താളത്തിൽ പുക വമിക്കുന്നു..കുമുകുമാ..എന്ന്

മഹാരാഷ്ട്രയിലെ പുനെ ജില്ലയിലെ കൊൽവാഡെ ഗ്രാമത്തിലെ രാധ സക്പലും രാധ ഉംഭെയും പാടിയതാണ് ഈ 13 ഈരടികൾ. ഗ്രൈൻഡ് മില്ലിൽ ജോലിചെയ്യുന്ന ഈ സ്ത്രീകൾ, ആവിയിൽ ചലിക്കുന്ന തീവണ്ടിയേയും, അതിലെ യാത്രക്കാരേയും മുംബൈ നഗരത്തിലേക്കുള്ള അവരുടെ യാത്രയേയും കുറിച്ച് പാടുന്നു. തൊഴിലും വരുമാനവുമന്വേഷിച്ച് നഗരത്തിലേക്ക് കുടിയേറുന്ന മനുഷ്യരുടെ ജീവിതമെന്താണെന്ന് വിവരിക്കുകയാണ് ഈ ഓവി.

ഔ ഈരടിയിൽ നമ്മൾ വായിക്കുന്നത്, തീവണ്ടിയിൽ കയറുന്നതിനുമുൻപ്, ഒരു സ്ത്രീ ഭർത്താവിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ടുള്ള കത്തിന് അപേക്ഷിക്കുന്നതാണ്. ദമ്പതികളിലൊരാൾ ജോലിക്കായി മുംബൈയിലേക്ക് പോയപ്പോൾ, അവർക്കനുഭവിക്കേണ്ടിവന്ന വേർപിരിയലിന്റെ ആത്യന്തികഫലമായിരിക്കുമോ അത്? അതോ, മഹാനഗരത്തിൽ, മണിക്കൂറുകൾ നീണ്ട കഠിനാദ്ധ്വാനം ചെയ്യേണ്ടിവന്നതിന്റെ ഫലമായുണ്ടായ ജീവിതസമ്മർദ്ദമായിരിക്കുമോ കാരണം? അതോ, തന്നോട് വഞ്ചന കാണിച്ച ഒരു ഭർത്താവിനെ ഒഴിവാക്കുകയായിരുന്നുവോ ആ സ്ത്രീ?

തീവണ്ടി കുതിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു ഓവിയിൽ ഒരു സ്ത്രീ അവരുടെ സഹയാത്രക്കാരോട് ചോദിക്കുന്നു, “നോക്കൂ, ഏത് ബോഗിയിലാണ് എന്റെ സഹോദരൻ?”, “ഹേ സ്ത്രീ, നോക്കൂ, ഏത് ബോഗിയിലാണ് എന്റെ മകൻ?”. തന്റെ സഹോദരനോടൊപ്പം, അല്ലെങ്കിൽ മകനോടൊപ്പം, അതുമല്ലെങ്കിൽ ഇരുവരോടുമൊപ്പം യാത്ര ചെയ്യുകയാണ് താൻ എന്നാണ് ഓവി സൂചിപ്പിക്കുന്നത്. തന്റെ സഹയാത്രികരിൽനിന്ന് ഒരു സ്ത്രീ വേർപെട്ടിരിക്കുമ്പോൾത്തന്നെ ധാരാളം സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു തീവണ്ടിയെക്കുറിച്ചുള്ളതാണ് ആഖ്യാനം.

PHOTO • Swadesha Sharma

'ഇതാ ഒരു തീവണ്ടി, കുമുകുമാ എന്ന് പുക പുറന്തള്ളി...!'

അടുത്ത രണ്ട് ഈരടികളിലെ ബിംബങ്ങൾ മനസ്സിൽ തങ്ങുന്നവയാണ്. തീവണ്ടിയുടെ പുകക്കുഴലിൽനിന്ന് ‘കറുപ്പും നീലയും’ നിറങ്ങളിൽ പുക പുറപ്പെടുമ്പോൾ, തീവണ്ടിയുടെ ചൂളം ‘ഒച്ചയിടുകയും അലറുക’യുമാണ് ചെയ്യുന്നത്. സ്ത്രീയുടെ പരിഭ്രമത്തെയാണ് ഈ ശബ്ദവും നിറങ്ങളും വരികളിൽ പ്രതിഫലിപ്പിക്കുന്നത്. പരിചിതത്വങ്ങളിൽനിന്നുള്ള വിടുതലും, ഏറ്റവുമടുത്ത സഹയാത്രികരിൽനിന്നുള്ള പെട്ടെന്നുള്ള വേർപിരിയലുമാണ് സ്ത്രീയുടെ പരിഭ്രമത്തെ കൂടുതൽ മൂർച്ഛിപ്പിക്കുന്നത്.

മറാത്തിയിൽ എല്ലാ വസ്തുക്കൾക്കും ലിംഗപരമായ അടയാളമുണ്ട്. തീവണ്ടി ഒരു സ്ത്രീയായിട്ടാണ് കണക്കാക്കപ്പെടുന്നത്. യാത്രയ്ക്കിടയിലെ അവ്യവസ്ഥയേയും, തന്റെ സഹയാത്രികർക്കുവേണ്ടിയുള്ള ഒരു സ്ത്രീയുടെ ആശങ്കാകുലമായ അന്വേഷണത്തെയും സമാന്തരമായി രേഖപ്പെടുത്തുകയാണ് ഈ ഓവി.

ബോറിബന്ദറിനെ (ഇപ്പോൾ ഛത്രപതി ശിവജി ടെർമിനസ്) ഈ സ്ത്രീ വിളിക്കുന്നത് തീവണ്ടിയുടെ അച്ഛന്റെ വീടും അമ്മവീടും എന്നാണ്. അവസാന സ്റ്റോപ്പിൽ ആളുകൾ ഇറങ്ങിപ്പോയി കം‌പാർട്ടുമെന്റുകൾ ശൂന്യമാവുന്നതുവരെ കുറച്ചുനേരം വണ്ടി അവിടെ നിൽക്കുന്നു.

വീണ്ടും മറ്റൊരു കൂട്ടം യാത്രക്കാർ വരികയായി. അവരെയെല്ലാം സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തിക്കണം വണ്ടിക്ക്. രാവിലെമുതൽ രാത്രി വൈകുംവരെ എല്ലാ ദിനചര്യകളും ചെയ്തുതീർക്കുന്ന സ്ത്രീയെപ്പോലെ തീവണ്ടിക്കും തന്റെ ദിനചര്യകൾ തെറ്റിക്കാനാവില്ല.

PHOTO • Samyukta Shastri

രാധാ സക്പാൽ, ഇളം വയലറ്റ് നിറമുള്ള സാരിയിൽ. ഫ്ലോറൽ പ്രിന്റ് സാരിയിട്ട പ്രായമായ സ്ത്രീ അവരുടെ ഭർത്തൃമാതാവാണ്. പിന്നിലുള്ള ചുമരിലുള്ള ചിത്രത്തിൽ കാണുന്നത്, രാധാബായിയുടെ മരിച്ചുപോയ ഭർത്താവും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയും

ഒരു തീവണ്ടിയുണ്ടാക്കാൻ ധാരാളം ഇരുമ്പ് ഉരുക്കേണ്ടിവരുമെന്ന് മറ്റൊരു ഈരടിയിൽ പാട്ടുകാരി പറയുന്നു. ‘പെണ്മക്കളില്ലാത്ത ഒരു സ്ത്രീക്ക്’ ഇത് ഒരത്ഭുതമായി തോന്നുമെന്ന് അവർ പറയുന്നു. കാരണം, ഒരു പെൺകുട്ടിയെ വളർത്തിവലുതാക്കാൻ, പുരുഷമേധാവിത്വവുമായി തുടർച്ചയായി വിലപേശിക്കൊണ്ടിരിക്കണം ഒരു സ്ത്രീക്ക്. ഒരു പെൺകുട്ടിയെ വളർത്തി, നല്ല രീതിയിൽ വിവാഹം ചെയ്ത് കൊടുത്തയച്ച് സ്വസ്ഥമായ ജീവിതം ഉറപ്പുവരുത്താൻ, മാതാപിതാക്കളുടെ ഭാഗത്തുനിന്ന് കഠിനശ്രമംതന്നെ വേണം. ഒരു പെൺകുട്ടിയെ വളർത്തിയവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ.

മുംബൈയിലേക്ക് കുടിയേറുന്ന ഒരു സ്ത്രീയുടെ ജീവിതത്തെ വിവരിച്ചുകൊണ്ടാന് ഓവി യുടെ ആഖ്യാനം മുന്നോട്ട് പോവുന്നത്. അവസാനത്തെ അഞ്ച് ഈരടികൾ അവരുടെ ആവേശവും ആശങ്കയും പങ്കുവെക്കുന്നു. “മുംബൈയിലേക്ക് പോകാൻ സ്ത്രീ തയ്യാറായിക്കഴിഞ്ഞു”, ഓവി വിവരിക്കുന്നു. ഖാണ്ഡ്‌ല ഘട്ടിലെ പർവ്വതപ്രദേശങ്ങളിലൂടെ വണ്ടി കടന്നുപോവുമ്പോൾ, ആ സ്ത്രീ അവരുടെ അച്ഛനമ്മമാരെ ഓർക്കുന്നു. അച്ഛനമ്മമാരിൽനിന്നകലെ, ജീവിതത്തിന്റെ മുമ്പിൽ നീണ്ടുനിവർന്നുകിടക്കുന്ന ദുർഘടമായ പാതയെയാണ് ആ ഇടങ്ങൾ ഓർമ്മിപ്പിക്കുന്നത്.

മുംബൈയിൽ, മത്സ്യം അവർ കഴിക്കുന്നില്ല. കഴിക്കാനായി ഗ്രാമത്തിൽ കിട്ടിയിരുന്ന ചിള എന്ന ഒരുതരം സസ്യത്തെ അവർ വല്ലാതെ ഓർത്തുപോയി. ഗ്രാമത്തിൽ പോകുമ്പോഴൊക്കെ അതന്വേഷിച്ച് നടക്കാറുണ്ടായിരുന്നത് അവർ മനസ്സിലോർത്തു.

ഒരു സ്ത്രീയുടെ ജീവിതം മുംബൈയിൽ എപ്രകാരമാണ് മാറുന്നതെന്ന് ഓവി കാണിച്ചുതരുന്നു. ഒരു ചെറിയ ഭക്ഷണശാല നടത്തുന്ന അവർ ദിവസം മുഴുവൻ ഭക്ഷണം പാകം ചെയ്തും ഉപഭോക്താക്കൾക്ക് വിളമ്പിയും സമയം ചിലവഴിക്കുന്നു. കഴിക്കാൻ വരുന്നവരിൽ ഭൂരിഭാഗവും കുടിയേറ്റത്തൊഴിലാളികളാണ്. ആദ്യമൊക്കെ അവർ മുംബൈയിലെ ജീവിതരീതികളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നു. തലമുടിയിൽ എണ്ണതേക്കുകയും ചീകിവെക്കുകയും ചെയ്യുന്നു. ഗ്രാമത്തിൽ ചെയ്തിരുന്നതുപോലെ, നിലത്തിരിക്കാറില്ല അവർ ഇവിടെ. അല്പം കഴിഞ്ഞപ്പോഴേക്കും ജോലിത്തിരക്കുകാരണം അവർക്ക് തലയിൽ എണ്ണതേക്കാനോ, എന്തിന് സ്വസ്ഥമായി ഭക്ഷണം കഴിക്കാനോപോലും കഴിയാതായി. ഭക്ഷണശാലയിലെ തിരക്കിനിടയിൽ ഭർത്താവിനെ അവർ അവഗണിക്കാൻ തുടങ്ങുന്നു. ‘ഭർത്താവിനേക്കാളും അവർ ശ്രദ്ധിച്ചിരുന്നത് ഹോട്ടലിൽ കഴിക്കാൻ വരുന്നവരെ’യായിരുന്നുവെന്ന് ഗ്രൈൻഡ്മില്ലിലെ സ്ത്രീ പാടുന്നു. ദാമ്പത്യത്തിലെ താളപ്പിഴകളും ഒടുവിൽ വിവാഹമോചനത്തിനായുള്ള അപേക്ഷയുമാണ് അവസാനത്തെ ഈരടികളിലുള്ളത്. ഓവിയുടെ തുടക്കത്തിൽ നമ്മൾ കണ്ടതുപോലെ.

ഇന്ത്യയിലെ തീവണ്ടികളുടെ ഒരു ലഘുചരിത്രം

തീവണ്ടിയിലെ പാട്ടുകളും, അതോടൊപ്പം കുതിക്കുന്ന ജീവിതത്തിന്റെ യാത്രയും കേൾക്കാം.

കേൾക്കാം...

बाई आगीनगाडीचा, हिचा पितळंचा गळा
पितळंचा गळा, बोरीबंदर बाई, भाईखळा

बाई आगीनगाडीला हिची पितळीची पट्टी
पितळंची बाई पट्टी, नार मागती बाई सोडचिठ्ठी

बाई आगीनगाडीचा धूर, निघतो बाई भकभका
धूर निघतो भकभका, कंच्या डब्यात बाई माझा सखा

अशी आगीनगाडी हिचं बोरीबंदर बाई माहेयरु
बाई आता नं माझं बाळ, तिकीट काढून तयायरु

बाई आगीनगाडीचं, बोरीबंदर बाई सासयरु
बाई आता ना माझं बाळ,  तिकीट काढून हुशायरु

आगीनगाडी बाईला बहु लोखंड बाई आटयिलं
बाई जिला नाही लेक, तिला नवल बाई वाटयिलं

बाई आगीनगाडी कशी करती बाई आउबाउ
आता माझं बाळ, कंच्या डब्यात बाई माझा भाऊ

बाई आगीनगाडीचा धूर निघतो बाई काळा निळा
आत्ता ना बाई माझं बाळ, कंच्या डब्यात माझं बाळ

बाई ममईला जाया नार मोठी नटयली
खंडाळ्याच्या बाई घाटामधी बाबाबये आठवली

नार ममईला गेली नार, खाईना बाई म्हावयिरं
बाई चिलाच्या भाजीयिला, नार हिंडती बाई वावयिरं

नार ममईला गेली नार करिती बाई तेल-फणी
बाई नवऱ्यापरास खानावळी ना बाई तिचा धनी

नार ममईला गेली नार बसंना बाई भोईला
बाई खोबऱ्याचं तेल, तिच्या मिळंना बाई डोईला

नार ममईला गेली नार खाईना बाई चपायती
असं नवऱ्यापरास खाणावळ्याला बाई जपयती

പിച്ചളക്കഴുത്തുള്ള തീവണ്ടിക്കഴുത്ത്
ബൈക്കുളയിലെ ബോറിബന്ദറിൽനിന്ന് വരുന്ന തീവണ്ടി.

തീവണ്ടിയുടെ വശങ്ങളിൽ പിച്ചളയുടെ ഒരു പിടി
ഭർത്താവിനോട് വിവാഹമോചനം ചോദിക്കുന്ന സ്ത്രീ

കുമുകുമാ എന്ന് പുകയും വിട്ട് ഇതാ തീവണ്ടിവരുന്നു,
സഹയാത്രക്കാരാ, ഏത് ബോഗിയിലാണെന്റെ സഹോദരൻ?

തീവണ്ടിയുടെ അച്ഛൻ‌വീടാണ് ബോറിബന്ദർ
ടിക്കറ്റ് വാങ്ങി മകൻ പോകാനൊരുങ്ങുന്നു.

തീവണ്ടിയുടെ അമ്മവീടാണ് ബോറിബന്ദർ
കൈയ്യിൽ ടിക്കറ്റുമായി മകൻ പോകാനിറങ്ങുന്നു.

ഈ വണ്ടി പണിയാൻ എത്ര ഇരുമ്പുകൾ ഉരുക്കേണ്ടിവന്നു.
പെണ്മക്കളില്ലാത്തവൾക്ക് അത് മനസ്സിലാവില്ല.

സ്ത്രീയേ, തീവണ്ടി ഒച്ചയിട്ടും അലറിവിളിച്ചും പായുന്നു.
ഏത് ബോഗിയിലാണെന്റെ സഹോദരൻ?

നോക്കൂ, തീവണ്ടിയുടെ നീലയും കറുപ്പും കലർന്ന പുക
സ്ത്രീയേ, ഏത് ബോഗിയിലാണെന്റെ മകനുള്ളത്?

മുംബൈയിലേക്ക് പോകാൻ അവൾ അണിഞ്ഞൊരുങ്ങി
ഖാണ്ട്‌ല ചുരമെത്തിയപ്പോൾ അപ്പനേയും അമ്മയേയും ഓർമ്മവന്നു

അവൾ മുംബൈയിലേക്ക് പോവുന്നു,
മീൻ തിന്നാൻ അവൾക്കാവുന്നില്ല
ചിള സസ്യം അന്വേഷിച്ചവൾ പാടത്തലയുന്നു

അവൾ മുംബൈയിലേക്ക് പോകുന്നു,
തലയിൽ എണ്ണപുരട്ടി ചീകിവെക്കുന്നു
ഭർത്താവിനെ നോക്കാൻ അവൾക്ക് സമയം കിട്ടുന്നില്ല

അവൾ മുംബൈയിലേക്ക് പോകുന്നു,
പണ്ടത്തെപ്പോലെ നിലത്തിരിക്കാൻ അവൾക്കാവില്ല
തലയിൽ വെളിച്ചെണ്ണ പുരട്ടാൻ അവൾക്ക് സമയമില്ല

അവൾ മുംബൈയിലേക്ക് പോകുന്നു,
റൊട്ടി കഴിക്കാൻ അവൾക്ക് സമയമില്ല

സദാസമയവും സ്വന്തം ഭക്ഷണശാലയിൽ തിരക്കിലാണവർ
ഭർത്താവിനെ അവൾ അവഗണിക്കുന്നു

PHOTO • Samyukta Shastri

കലാകാരികൾ/ഗായികമാർ : രാധാബായി സക്പാൽ, രാധാ ഉംഭെ

ഗ്രാമം : കോൽ‌വഡെ

ഊര് : ഖഡൿ‌വാഡി

താലൂക്ക് : മുൽ‌ഷി

ജില്ല : പുണെ

ജാതി : മറാത്ത

തീയ്യതി : ഈ പാട്ടുകളും ചില വിവരങ്ങളും റിക്കാർഡ് ചെയ്തത് 1996 ജനുവരി 6-നാണ്. ഗായികയുടെ ചിത്രമെടുത്തത് 2017, ഏപ്രിൽ 30-ന്. ആ സമയത്ത് രാധാ ഉഭെയെ കണ്ടെത്താൻ ഞങ്ങൾക്കായില്ല.

പോസ്റ്റർ: ഊർജ

ഹേമ രൈർകറും ഗയ് പൊയ്‌ട്ടവീനും ചേർന്ന് സ്ഥാപിച്ച ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ടിനെക്കുറിച്ച് ഇവിടെ വായിക്കാം

പരിഭാഷ: രാജീവ് ചേലനാട്ട്

நமீதா வாய்கர் எழுத்தாளர், மொழிபெயர்ப்பாளர். PARI-யின் நிர்வாக ஆசிரியர். அவர் வேதியியல் தரவு மையமொன்றில் பங்குதாரர். இதற்கு முன்னால் உயிரிவேதியியல் வல்லுனராக, மென்பொருள் திட்டப்பணி மேலாளராக பணியாற்றினார்.

Other stories by Namita Waikar
PARI GSP Team

பாரியின் திருகை பாடல் குழு: ஆஷா ஓகலே (மொழிபெயர்ப்பு); பெர்னார்ட் பெல் (கணினிமயமாக்கள், தரவு வடிவமைப்பு வளர்ச்சி மற்றும் பராமரிப்பு) ஜித்தேந்திர மெயிட் (மொழியாக்கம் மற்றும் மொழிபெயர்ப்பு உதவி), நமீதா வைகர் (தட்டத்தலைவர், தொகுப்பாசிரியர்); ரஜனி கலேத்கர் (தகவல் உள்ளீடு)

Other stories by PARI GSP Team
Illustrations : Swadesha Sharma

ஸ்வதேஷ ஷர்மா ஒரு ஆய்வாளரும் பாரியின் உள்ளடக்க ஆசிரியரும் ஆவார். பாரி நூலகத்துக்கான தரவுகளை மேற்பார்வையிட தன்னார்வலர்களுடன் இணைந்து பணியாற்றுகிறார்.

Other stories by Swadesha Sharma
Editor : Dipanjali Singh

திபாஞ்சலி சிங் பாரியின் உதவி ஆசிரியராக இருக்கிறார். பாரி நூலகத்தின் ஆவணங்களை ஆய்வு செய்யும் பணியும் செய்கிறார்.

Other stories by Dipanjali Singh
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat