വീട്ടിലെ ജനലിലൂടെ നോക്കിയാൽ കാണുന്ന ദൂരമത്രയും വെള്ളമാണ്. ഈ വർഷത്തെ പ്രളയജലം ഒഴിഞ്ഞുപോയിട്ടില്ല. സുബൻസരി പുഴയുടെ ഒരു കിലോമീറ്റർ അകലെയാണ് രൂപാലി പെഗു താമസിക്കുന്നത്. അസമിന്റെ വലിയൊരു ഭൂഭാഗത്തെ പ്രളയത്തിൽ മുക്കുന്ന ബ്രഹ്മപുത്രയുടെ ഒരു സുപ്രധാന കൈവഴിയാണ് ആ നദി.
വിരോധാഭാസമെന്ന് തോന്നാം, ചുറ്റും വെള്ളമാണെങ്കിലും, കുടിവെള്ളം കണ്ടെത്തൽ ഒരു വലിയ വെല്ലുവിളിയാണെന്ന് അവർ പറയുന്നു. അസമിലെ ലൊഖിംപുർ ജില്ലയിലെ ബോർദുബി മലുവൽ ഗ്രാമത്തിലെ കുടിവെള്ളം മലിനമാണ്. “ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലേയും മിക്ക ഹാൻഡ്‌പമ്പുകളും വെള്ളത്തിൽ മുങ്ങിപ്പോയിരിക്കുന്നു,” രൂപാലി പറയുന്നു.
റോഡിന്റെ സമീപത്തുള്ള ഹാൻഡ്‌പമ്പിൽനിന്ന് വെള്ളം കൊണ്ടുവരാൻ അവർ ആശ്രയിക്കുന്നത് ഒരു കളിയോടത്തെയാണ്. മൂന്ന് വലിയ സ്റ്റീൽ പാത്രങ്ങളുമായി, രൂപാലി റോഡിലേക്ക് തന്റെ വഞ്ചി തുഴയുന്നു. റോഡും വെള്ളത്തിലാണ്. പ്രളയത്തിൽ മുങ്ങിയ ഗ്രാമത്തിലൂടെ, വളരെ ശ്രദ്ധിച്ചാണ് അവർ ഒരു മുളംതണ്ടുകൊണ്ട് തുഴഞ്ഞുപോകുന്നത്. “മോണി, വാ!” യാത്രയിൽ എപ്പോഴും കൂടെ വരാറുള്ള തന്റെ അയൽക്കാരിയെ വിളിക്കുകയാണ് അവർ. പാത്രങ്ങൾ നിറയ്ക്കാൻ ഈ കൂട്ടുകാർ പരസ്പരം സഹായിക്കുന്നു.
![](/media/images/02a-BC98-AKS-Surviving_a_flood_of_problems.max-1400x1120.jpg)
![](/media/images/02b-2D9B-AKS-Surviving_a_flood_of_problems.max-1400x1120.jpg)
ഇടത്ത്: അസമിലെ ലൊഖിംപുർ ജില്ലയിലെ താമസക്കാരിയാണ് രൂപാലി. എല്ലാ വർഷവും പ്രളയം നിരവധി പ്രശ്നങ്ങളുണ്ടാക്കുന്ന ജില്ലയാണത്. വലത്ത്: ഗ്രാമത്തിലെ മറ്റുള്ളവരെപ്പോലെ, അവരും താമസിക്കുന്നത്, ഒരു ചാംഗ് ഘറിലാണ് – പ്രളയത്തെ ചെറുക്കാനായി, നിലത്തുനിന്ന് അല്പം ഉയരത്തിൽ, മുളകൊണ്ട് കെട്ടിയ വീടാണ് ചാംഗ് ഘർ
![](/media/images/3a-96D3-AKS-Surviving_a_flood_of_problems_.max-1400x1120.jpg)
![](/media/images/03b-5BED-AKS-Surviving_a_flood_of_problems.max-1400x1120.jpg)
ഇടത്ത്: രൂപാലിയുടെ ഗ്രാമം, ബ്രഹ്മപുത്രയുടെ കൈവഴിയായ സുബൻസരി പുഴയുടെ വളരെയടുത്താണ്. ഗ്രാമം വെള്ളത്തിൽ മുങ്ങുമ്പോൾ യാത്ര ചെയ്യാൻ അവർ ഒരു ചെറിയ വഞ്ചി ഉപയോഗിക്കുന്നു. വലത്ത്: നല്ല വെള്ളം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു ഹാൻഡ്‌പമ്പിന്റെയടുത്തേക്ക് തുഴയുന്ന രൂപാലി
ഹാൻഡ്‌പമ്പിൽ അല്പനേരം അദ്ധ്വാനിച്ചപ്പോൾ, തെളിഞ്ഞ വെള്ളം പുറത്തുവരാൻ തുടങ്ങി. “മൂന്ന് ദിവസമായി മഴ പെയ്തിട്ടില്ല. അതുകൊണ്ട് കുറച്ച് വെള്ളം കിട്ടി,” ഒരു ചെറിയ ആശ്വാസച്ചിരി ചിരിച്ച് രൂപാലി പറയുന്നു. വെള്ളം കൊണ്ടുവരേണ്ട ചുമതല സ്ത്രീകൾക്കാണ്. പുഴവെള്ളം ഉയരുമ്പോൾ, അവരുടെ ജോലിഭാരമാണ് വർദ്ധിക്കുന്നത്.
ഹാൻഡ്പമ്പിൽനിന്ന് വെള്ളം കിട്ടാതാവുമ്പോൾ, “ഈ വെള്ളമെടുത്ത് തിളപ്പിച്ചാണ് ഞങ്ങൾ കുടിക്കുക,” വീടിന്റെ ചുറ്റും കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിലേക്ക് ചൂണ്ടിക്കൊണ്ട് 36 വയസ്സുള്ള രൂപാലി പറയുന്നു.
മറ്റുള്ളവരുടെ വീടുകൾപോലെ, രൂപാലിയുടെ മുളവീടും, പ്രളയത്തെ ചെറുക്കാവുന്ന വിധം രൂപകല്പന ചെയ്യപ്പെട്ടതാണ്. ചാംഗ് ഘർ എന്നാണ് അവയെ പ്രാദേശികമായി വിളിക്കുന്നത്. നിലത്തുനിന്ന് ഉയരത്തിൽ നാട്ടിയ മുളങ്കമ്പുകളിലാണ് അവ നിർമ്മിച്ചിരിക്കുന്നത്. രൂപാലിയുടെ താറാവുകൾ, വീടിന്റെ പൂമുഖത്ത് വാസമുറപ്പിച്ചിരിക്കുകയാണ്. അവയുടെ ശബ്ദം നിശ്ശബ്ദതയെ ഭഞ്ജിക്കുന്നുണ്ടായിരുന്നു.
രൂപാലി തന്റെ പ്രഭാതകൃത്യങ്ങൾ നിർവഹിക്കുന്നതും ഇതേ കളിവഞ്ചിയെ ആശ്രയിച്ചാണ്. വീട്ടിൽ ഒരു കക്കൂസുണ്ടായിരുന്നെങ്കിലും പ്രളയത്തിൽ അതും മുങ്ങിപ്പോയി. “ദൂരേയ്ക്ക്, പുഴവരെ ഞങ്ങൾക്ക് പോകേണ്ടിവരാറുണ്ട്,” രൂപാലി പറയുന്നു. രാത്രിയാണ് അവർ അതിനായി പോവുന്നത്.
![](/media/images/04a-42D5-AKS-Surviving_a_flood_of_problems.max-1400x1120.jpg)
![](/media/images/04b-Rupali_Pegu_2-AKS-Surviving_a_flood_of.max-1400x1120.jpg)
ഇടത്തും വലത്തും:, വിരോധാഭാസമെന്ന് തോന്നാം, ചുറ്റും വെള്ളമാണെങ്കിലും കുടിക്കാനുള്ള വെള്ളം കണ്ടെത്തൽ ഒരു വലിയ വെല്ലുവിളിയാണ്
ദൈനംദിന ജീവിതത്തെ മാത്രമല്ല, ഈ പ്രദേശത്ത് പ്രധാനമായും ജീവിക്കുന്ന മിസിംഗ് സമുദായക്കാരുടെ ഉപജീവനമാർഗത്തെയും പ്രളയം പ്രതികൂലമായി ബാധിക്കുന്നു. “ഞങ്ങൾക്ക് 12 ബിഗ സ്ഥലമുണ്ടായിരുന്നു. നെല്ല് കൃഷി ചെയ്തിരുന്ന സ്ഥലം. എന്നാൽ ഈ വർഷം, ഞങ്ങളുടെ വിളവുകളെല്ലാം പ്രളയത്തിൽ മുങ്ങിപ്പോയി. എല്ലാം നഷ്ടപ്പെട്ടു,” രൂപാലി പറയുന്നു. അവരുടെ കൃഷിഭൂമിയുടെ ഒരു ഭാഗത്തെ പുഴയെടുത്തു. “പ്രളയം അവസാനിച്ചാൽ മാത്രമേ, ഈ വർഷം നമുക്ക് എത്ര സ്ഥലം നഷ്ടമായി എന്ന് മനസ്സിലാക്കാൻ പറ്റൂ,” അവർ പറയുന്നു.
മിസിംഗ് സമുദായത്തിന്റെ (സംസ്ഥാനത്ത് അവർ പട്ടിക ഗോത്രമാണ്) പരമ്പരാഗത തൊഴിലാണ് കൃഷി. കൃഷി ചെയ്യാനാവാതെ, ധാരാളമാളുകൾ ഉപജീവനമാർഗ്ഗം തേടി പുറംനാടുകളിലേക്ക് കുടിയേറാൻ നിർബന്ധിതരാകാറുണ്ട്. 2020-ലെ ഒരു പഠന മനുസരിച്ച്, ലഖിംപുരിലെ പുറത്തേക്കുള്ള കുടിയേറ്റം 29 ശതമാനമാണ്. ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടിയിലധികം. വീടും രണ്ടും കുട്ടികളുടെ ചുമതലയും രൂപാലിയുടെ ചുമലിലാക്കി ഭർത്താവ് മനുസ്, ഹൈദരബാദിൽ ഒരു കാവൽ ജോലി ചെയ്യാൻ പോയിരിക്കുന്നു. ഒരു മകനും മകളുമാണ് അവർക്കുള്ളത്. മനുസ് പ്രതിമാസം 15,000 രൂപ സമ്പാദിക്കുന്നുണ്ട്. വീട്ടിലേക്ക് 8,000-10,000 രൂപ അയയ്ക്കും.
വർഷത്തിൽ ആറുമാസം വീടുകൾ പ്രളയജലത്തിൽ മുങ്ങുമ്പോൾ, ജോലി കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് രൂപാലി പറയുന്നു. “കഴിഞ്ഞ വർഷം സർക്കാരിൽനിന്ന് കുറച്ച് സഹായം കിട്ടി. പോളിത്തീൻ ഷീറ്റുകളും, റേഷനും. ഇക്കൊല്ലം ഒന്നും കിട്ടിയിട്ടില്ല. പൈസയുണ്ടായിരുന്നെങ്കിൽ ഞങ്ങൾ ഇവിടെനിന്ന് പോയേനേ,” നിരാശ കലർന്ന ശബ്ദത്തിൽ അവർ പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്