“ചെറിയൊരു ദേഷ്യം കാണിക്കാൻ, കണ്ണുകൾ അല്പം ഉയർത്തണം..വലിയ ദേഷ്യമാണെങ്കിൽ, കണ്ണുകൾ വലുതായിരിക്കും, പുരികമൊക്കെ ഉയർന്ന്. സന്തോഷം കാണിക്കണമെങ്കിൽ, കവിളുകൾ ഒരു പുഞ്ചിരിയിലേക്ക് വിടരും.”
വിശദാംശങ്ങളിലുള്ള ഈ ശ്രദ്ധയാണ് ദിലീപ് പട്നായിക്കിനെ, ജാർഘണ്ടിലെ സരായ്കേല ഛാവു നൃത്തരൂപങ്ങളിലുപയോഗിക്കുന്ന മുഖാവരണങ്ങളുണ്ടാക്കുന്ന വിദഗ്ദ്ധനായ കരകൌശലക്കാരനാക്കുന്നത്. “സ്വഭാവം പ്രതിഫലിപ്പിക്കുന്നതായിരിക്കണം മുഖാവരണങ്ങൾ. സരായ്കേല മുഖാവരണങ്ങൾ സവിശേഷമായവയാണ്, കാരണം, അവർ നവരസങ്ങളേയും വെളിവാക്കുന്നു. മറ്റ് ചാവ് ശൈലികളിൽ അതില്ല,” അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ പണിശാലയിൽ ചുറ്റിനും വിവിധ ഘട്ടങ്ങളിലെത്തിയ മുഖാവരണങ്ങൾ കിടക്കുന്നുണ്ടായിരുന്നു. ഓരോന്നിനും വ്യത്യസ്തമായ ഭാവങ്ങൾ: വിടർന്ന കണ്ണുകൾ, കനം കുറഞ്ഞ പുരികങ്ങൾ, നല്ല നിറമുള്ള മുഖചർമ്മങ്ങൾ, വ്യത്യസ്തമായ ഭാവങ്ങൾ ഉള്ളടങ്ങിയവ.
നൃത്തവും ആയോധനമുറകളും ഇടകലർന്ന കലാരൂപമാണ് ഇത്. രാമായണം, മഹാഭാരതം, പ്രദേശത്തിന്റെ നാടോടിക്കഥകൾ എന്നിവയിൽനിന്നുള്ള കഥകൾ അഭിനയിക്കുമ്പോൾ, നർത്തകർ ഈ മുഖാവരണങ്ങൾ ധരിക്കുന്നു. ദിലീപ് ഈ മുഖാവരണങ്ങളെല്ലാം നന്നായി നിർമ്മിക്കുമെങ്കിലും ഏറ്റവും ഇഷ്ടം, കൃഷ്ണന്റെ മുഖാവരണം ഉണ്ടാക്കാനാണ്. “വിടർന്ന കണ്ണുകളും ഉയർത്തിയ പുരികങ്ങളുംകൊണ്ട് ദേഷ്യം പ്രതിഫലിപ്പിക്കാൻ പറ്റുമെങ്കിലും, കുസൃതി കാണിക്കുന്നത് അത്ര എളുപ്പമല്ല.”
സ്വയം ഒരു അവതരണക്കാരൻകൂടി ആയത് ദിലീപിന് സഹായകമായി. കുട്ടിക്കാലത്ത്, ഛാവു നൃത്തസംഘത്തിന്റെ ഭാഗമായിരുന്നു അയാൾ. നാട്ടിലെ ശിവക്ഷേത്രത്തിൽ ഛാവു ഉത്സവങ്ങളിലെ പരിപാടികൾ നിരീക്ഷിച്ച് സ്വയം പഠിച്ചെടുത്തതാണ് അധികവും. കൃഷ്ണന്റെ നൃത്തമാണ് അയാൾക്ക് ഏറ്റവും ഇഷ്ടം. ഇന്ന് സരായ്കേല ഛാവു സംഘത്തിൽ അയാൾ ധോലക്കും (ഡ്രം) വായിക്കുന്നുണ്ട്.
ജാർഘണ്ടിലെ സരായ്കേല ജില്ലയിൽ, കഷ്ടിച്ച് ആയിരത്തിലധികം ആളുകൾ ജീവിക്കുന്ന ടെന്റോപാസി എന്ന ഗ്രാമത്തിലാണ് ദിലീപ്, തന്റെ ഭാര്യയും നാല് പെണ്മക്കളും ഒരു മകനുമൊത്ത് താമസിക്കുന്നത്. പാടത്തിന് നടുവിലുള്ള ഇരുമുറി വീടും മുറ്റവും പണിശാലയായും പ്രവർത്തിച്ചുവരുന്നു. മുൻവാതിലിനടുത്ത് കുറച്ച് കളിമണ്ണ് കൂട്ടിവെച്ചിരിക്കുന്നു. നല്ല കാലാവസ്ഥയാണെങ്കിൽ, വീടിന്റെ എതിർവശത്തുള്ള വേപ്പുമരത്തിന്റെ ചുവട്ടിലിരുന്നാണ് ദിലീപ് ജോലിയെടുക്കുക.
“എന്റെ കുട്ടിക്കാലത്ത്, അച്ഛൻ (കേശവ് ആചാര്യ) മുഖാവരണമുണ്ടാക്കുന്നത് ഞാൻ ശ്രദ്ധിച്ച് നോക്കിനിൽക്കും. കളിമണ്ണിൽനിന്ന് എന്ത് രൂപവുമുണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു,” കുടുംബത്തിലെ മൂന്നാം തലമുറയിലെ കലാകാരനായ ദിലീപ് പറയുന്നു. സരായ്കേലയിലെ പണ്ടത്തെ രാജകുടുംബം ഈ കലയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും എല്ലാ ഗ്രാമത്തിലും, മുഖാവരണത്തിൽ പരിശീലനം നൽകിയിരുന്ന കേന്ദ്രങ്ങളുണ്ടായിരുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ അച്ഛൻ അദ്ധ്യാപകനായിരുന്നുവെന്നും.
“ഞാൻ കഴിഞ്ഞ 40 വർഷമായി ഇതുണ്ടാക്കുന്നു,” 65 വയസ്സുള്ള ദിലീപ് പറയുന്നു. വർഷങ്ങൾ പഴക്കമുള്ള ഈ പാരമ്പര്യം നിലനിർത്തുന്ന അവസാനത്തെ കരകൌശലക്കാരിൽ ഒരാളാണ് അദ്ദേഹം. “ആളുകൾ ദൂരത്തുനിന്നുപോലും വരുന്നു, ഇത് പഠിക്കാൻ. അമേരിക്ക, ജർമ്മനി, ഫ്രാൻസ്..” വിദൂരമായ സ്ഥലപ്പേരുകൾ അദ്ദേഹം ഓർത്തെടുക്കുന്നു.
ഒഡിഷയുടെ അതിർത്തിയിലുള്ള സരായ്കേല, സംഗീത-നൃത്തപ്രേമികളുടെ ഒരു കേന്ദ്രമാണ്. “എല്ലാ ഛാവു നൃത്തത്തിന്റേയും മാതാവാണ് സരായ്കേല. ഇവിടെനിന്നാണ് അത് മയൂർഭഞ്ജ് (ഒഡിഷ) മൻഭൂം (പുരുളിയ) എന്നിവിടങ്ങളിലേക്ക് പോയത്,” സരായ്കേല ഛാവു സെന്ററിന്റെ മുൻ ഡയറക്ടറും 62-കാരനുമായ ഗുരു തപൻ പട്നായിക് പറയുന്നു. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി നൃത്തം അവതരിപ്പിച്ചത് സരായ്കേല റോയൽ ഛാവു ട്രൂപ്പാണെന്ന് അദ്ദേഹം വിശദീകരിച്ചു. 1938-ൽ യൂറോപ്പിലെമ്പാടും ഈ കലാരൂപം അവതരിപ്പിച്ചതിനുശേഷമാണ് ഈ ശൈലി അതിന്റെ ലോകസഞ്ചാരം ആരംഭിച്ചത്.
ഛാവുവിന് ആഗോള അംഗീകാരം കിട്ടിയിട്ടും, ഇത്തരം മുഖാവരണങ്ങളുണ്ടാക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. “നാട്ടിലെ ആളുകൾക്ക് ഇത് പഠിക്കാൻ ആഗ്രഹമില്ല,” ദിലീപ് പറയുന്നു. ഈ കല ക്ഷയിക്കുന്നതിലെ സങ്കടമായിരുന്നു അദ്ദേഹത്തിന്റെ ശബ്ദത്തിലുണ്ടായിരുന്നത്.
*****
മുറ്റത്തിരുന്നുകൊണ്ട്, ദിലീപ് തന്റെ ഉപകരണങ്ങൾ ശ്രദ്ധയോടെ ഒതുക്കിവെച്ച് ഒരു മരത്തിന്റെ ചട്ടക്കൂടിൽ മിനുസമുള്ള കളിമണ്ണ് പരത്തി. “മുഖാവരണത്തെ മൂന്ന് ഭാഗങ്ങളാക്കാനും അളന്നെടുക്കാനും - കണ്ണിനും മൂക്കിനും വായയ്ക്കുമുള്ളത് – ഞങ്ങൾ വിരലുകളാണ് ഉപയോഗിക്കുക,” അദ്ദേഹം വിശദീകരിച്ചു.
‘എല്ലാ ഛാവു നൃത്തത്തിന്റേയും മാതാവാണ് സരായ്കേല. [...] ഇത് എന്റെ പാരമ്പര്യമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ ഈ പാരമ്പര്യം തുടരും’
കൈകൾ വെള്ളത്തിൽ മുക്കി, അദ്ദേഹം മുഖാവരണങ്ങളെ നവരസങ്ങളായി രൂപപ്പെടുത്താൻ തുടങ്ങി – ശൃംഗാരം (പ്രണയം, സൌന്ദര്യം), ഹാസ്യം (ചിരി), കരുണം (ദു:ഖം), രൌദ്രം (ദേഷ്യം, വീരം (നായകത്വം/ധീരത) ഭയാനകം (ഭയം/ ഭീതി, ബീഭത്സം (വെറുപ്പ്), അത്ഭുതം (അതിശയം), ശാന്തം (സമാധാനം).
ഛാവുവിന്റെ വിവിധ ശൈലികളിൽ, സരായ്കേലയിലും പുരുളിയ ഛാവുവിലും മാത്രമേ മുഖാവരണങ്ങൾ ഉപയോഗിക്കുന്നുള്ളു. “സരായ്കേല ഛാവുവിന്റെ ആത്മാവ് അതിന്റെ മുഖാവരണങ്ങളിലാണ്. അതില്ലെങ്കിൽപ്പിന്നെ ഛാവുവില്ല,” ദിലീപ് പറയുന്നു. അദ്ദേഹത്തിന്റെ കൈകൾ അതിവേഗത്തിൽ കളിമണ്ണിനെ ആകൃതിയിലാക്കുന്നുണ്ടായിരുന്നു.
കളിമണ്ണിന്റെ മുഖാവരണത്തിന് ആകൃതി നൽകിയാൽ, പിന്നെ, ദിലീപ് അതിന്റെ മുകളിൽ രാഖ് (ചാണകപ്പൊടി) വിതറും. അങ്ങിനെ ചെയ്താൽ, വാർപ്പിൽനിന്ന് (മോൾഡിൽനിന്ന്) മുഖാവരണം എളുപ്പത്തിൽ വേർതിരിക്കാൻ പറ്റും. മാവുകൊണ്ടുണ്ടാക്കിയ പശകൊണ്ട് കടലാസ്സിന്റെ ആറ് അടരുകൾ ഒട്ടിക്കുകയായി പിന്നീട്. അതിനുശേഷം, മുഖാവരണങ്ങൾ രണ്ടോ മൂന്നോ ദിവസം വെയിലത്തുണക്കി, ഒരു ബ്ലേഡുപയോഗിച്ച് ശ്രദ്ധയോടെ വെട്ടിയെടുക്കും. എന്നിട്ട് ചായമടിക്കും. “സരായ്കേല മുഖാവരണങ്ങൾ കാണാൻ നല്ല ഭംഗിയാണ്,” അഭിമാനത്തോടെ ദിലീപ് പറയുന്നു. പ്രദേശത്തെ 50 ഗ്രാമങ്ങളിലേക്ക് ദിലീപ് മുഖാവരണങ്ങൾ വിതരണം ചെയ്യുന്നുണ്ട്.
മുഖാവരണങ്ങൾ പെയിന്റ് ചെയ്യാൻ പണ്ട്, പൂക്കൾ, ഇലകൾ, പുഴവക്കത്തെ കല്ലുകൾ എന്നിവയിൽനിന്നുള്ള സ്വാഭാവിക നിറങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കൃത്രിമ നിറങ്ങളാണ് ഉപയോഗിക്കുന്നത്.
*****
“മുഖാവരണം ധരിക്കുന്നതോടെ കലാകാരൻ ആ കഥാപാത്രമായി മാറുന്നു,” കഴിഞ്ഞ 50 കൊല്ലമായി ഛാവു അവതരിപ്പിക്കുന്ന തപൻ പറയുന്നു. “നിങ്ങൾ രാധയായി അഭിനയിക്കുമ്പോൾ, രാധയുടെ പ്രായവും ഛായയും പരിഗണിക്കണം. പുരാണങ്ങൾപ്രകാരം, അവർ വളരെ സുന്ദരിയാണ്. അതിനാൽ, അവരുടെ മുഖാവരണമുണ്ടാക്കുമ്പോൾ, ചുണ്ടുകൾ, കവിളുകൾ എന്നിവയ്ക്ക് ഞങ്ങൾ വളരെ പ്രാധാന്യം കൊടുക്കും.”
“മുഖാവരണം ധരിച്ചുകഴിഞ്ഞാൽ, ശരീരത്തിന്റേയും കഴുത്തുകളുടേയും ചലനംകൊണ്ട് നിങ്ങൾ വികാരങ്ങൾ സംവേദനം ചെയ്യണം,” അദ്ദേഹം തുടർന്ന്. നർത്തകന്റെ ശരീരം രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു, ‘ അംഗ ’ (കഴുത്തിനു താഴെ), ‘ ഉപാംഗ് ’ (തല) എന്നിങ്ങനെ. ‘ഉപാംഗി‘ൽ കണ്ണുകൾ, മൂക്ക്, വായ, ചെവി എന്നിവ ഉൾപ്പെടുന്നു. അവയെയെല്ലാം മുഖാവരണം മറയ്ക്കും. ശരീരത്തിന്റെ മുകളിലും താഴെയുമുള്ള ഭാഗങ്ങൾകൊണ്ട് കലാകാരൻ വികാരങ്ങൾ ആവിഷ്കരിക്കുന്നു.
അതുകൊണ്ട്, ഒരു നർത്തകന് കരച്ചിൽ അഭിനയിക്കണമെങ്കിൽ, മുഖാവരണം മൂലം മുഖത്തെ വികാരം പ്രകടിപ്പിക്കാൻ പറ്റില്ല. താൻ ഉദ്ദേശിക്കുന്നത് ഞങ്ങളെ കാണിച്ചുതരാനായി തപൻ തന്റെ കഴുത്തിനെ ഇടത്തേക്ക് തിരിച്ച്, ഇരുമുഷ്ടികളും മുഖത്തോടടുപ്പിച്ച്, തലയും ശരീരത്തിന്റെ മുകൾഭാഗവും ഇടത്തേക്ക് ചെരിച്ചുവെച്ചു. വേദനയും ദു:ഖവുംമൂലം ഒരാൾ ദൂരേക്ക് നോക്കുന്നതുപോലെ തോന്നിച്ചു ആ ശരീരചലനം.
സദസ്സിന്റെ മുമ്പിൽ നൃത്തം ചെയ്യാൻ ആദ്യകാലത്തെ കലാകാരന്മാർക്ക് ലജ്ജ തോന്നിയതിനാലാണ് മുഖാവരണങ്ങൾ ഉപയോഗിച്ചുതുടങ്ങിയതെന്ന് പഴങ്കഥകൾ പറയുന്നു. അങ്ങിനെയാണ് മുഖാവരണങ്ങൾ പരികണ്ട യിൽ (ആയോധനകലയിൽ) വന്നത്” എന്ന് തപൻ വിശദീകരിക്കുന്നു. ആദ്യത്തെ മുഖാവരണങ്ങൾ മുളകൊണ്ടുള്ളതായിരുന്നു. കണ്ണിന്റെ ഭാഗത്ത് സുഷിരങ്ങളോടെ. പാരമ്പര്യം ഉരുത്തിരിഞ്ഞുവന്നത് അങ്ങിനെയാണ്. തങ്ങൾ കുട്ടികളായിരുന്നപ്പോൾ, മത്തങ്ങവെച്ച് മുഖാവരണങ്ങളുണ്ടാക്കിയിരുന്നുവെന്ന് ദിലീപ് പറയുന്നു.
ചവാന്നി , അഥവാ സൈനിക ക്യാമ്പുകളുമായി ഛാവുവിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ളതാണ് മറ്റൊരു കഥ. ആയോധനകലയിലേതുപോലുള്ള ചലനങ്ങൾ അങ്ങിനെ വന്നതാണത്രേ. എന്നാൽ തപൻ അതിനോട് വിയോജിച്ചു. “ഛാവു ഉത്ഭവിച്ചത്, ഛായ (നിഴൽ) എന്നതിൽനിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കഥയിലെ കഥാപാത്രങ്ങളുടെ നിഴലുകളാണ് അഭിനയിക്കുന്നവർ എന്ന്.
പുരുഷന്മാരാണ് പരമ്പരാഗതമായി ഈ നൃത്തം അവതരിപ്പിക്കുന്നത്. എന്നാൽ ഈയടുത്ത കാലത്തായി ചില സ്ത്രീകളും ട്രൂപ്പുകളിൽ പ്രവർത്തിക്കുന്നു. സരായ്കേലയുടെ ഹൃദയഭാഗത്ത് അവതരണങ്ങളിൽ ഇപ്പോഴും പുരുഷന്മാരുടെ മേധാവിത്വമാണുള്ളത്.
മുഖാവരണ നിർമ്മാണത്തിലും ഇത് സത്യമാണ്. “ഛാവുവിൽ സ്ത്രീകൾക്ക് പങ്കില്ല. അതാണ് പാരമ്പര്യം. മുഖാവരണമുണ്ടാക്കുന്ന ജോലി മുഴുവൻ ഞങ്ങളാണ് ചെയ്യുന്നത്. എന്റെ മകൻ ഇവിടെയുള്ളപ്പോൾ അവനും സഹായിക്കാറുണ്ട്,” ദിലീപ് പറയുന്നു.
ദീപക്ക് മുഖാവരണമുണ്ടാക്കാൻ പഠിച്ചത് അച്ഛനിൽനിന്നാണ്. എന്നാൽ 25 വയസ്സുള്ള ആ യുവാവ് ധൻബാദിലേക്ക് പോയി, അവിടെ ഒരു ഐ.ടി. കമ്പനിയിൽ ജോലി ചെയ്യുന്നു. മുഖാവരണത്തിൽനിന്ന് കിട്ടുന്നതിനേക്കാൾ വരുമാനം അയാൾക്ക് അവിടെനിന്ന് ലഭിക്കുന്നുണ്ട്.
എന്നാൽ വിഗ്രഹനിർമ്മാണത്തിൽ, കുടുംബം ഒന്നടങ്കം പണിയെടുക്കുന്നു. വിഗ്രഹങ്ങളുണ്ടാക്കുന്ന എല്ലാ ജോലിയും ചെയ്യാറുണ്ടെന്ന് ദിലീപിന്റെ ഭാര്യ സംയുക്ത പറയുന്നു. “ഞങ്ങൾ വാർപ്പുകളുണ്ടാക്കുന്നു, കളിമണ്ണ് തയ്യാറക്കുന്നു. ചായമടിക്കുന്നതുപോലും ഞങ്ങളാണ്. എന്നാൽ മുഖാവരണങ്ങളുടെ കാര്യത്തിൽ ഞങ്ങൾ സ്ത്രീകൾ ഉൾപ്പെടാറില്ല”.
2023-ൽ ദിലീപ് 500-700 മുഖാവരണങ്ങളുണ്ടാക്കി. ഒരു ലക്ഷത്തിനടുത്ത് സമ്പാദിക്കുകയും ചെയ്തു. 3,000 മുതൽ 4,000 രൂപവരെ ചായം, ബ്രഷ്, തുണികൾ എന്നിവയ്ക്കായി ചിലവാക്കി. ഇതൊരു ‘പാർട്ട് ടൈം‘ ജോലിയാണെന്നാണ് ദിലീപ് പറയുന്നത്. പ്രധാന തൊഴിൽ വിഗ്രഹങ്ങളുണ്ടാക്കലാണ്. അതിൽനിന്ന് വർഷത്തിൽ മൂന്ന്-നാല് ലക്ഷം രൂപ അദ്ദേഹം സമ്പാദിക്കുന്നു.
വിവിധ ഛാവു നൃത്തകേന്ദ്രങ്ങളിൽനിന്ന് കമ്മീഷൻ വ്യവസ്ഥയിലാണ് അദ്ദേഹം മുഖാവരണമുണ്ടാക്കുന്നത്. ചൈത്ര പാറവ് , അഥവാ വസന്തോത്സവത്തിന്റെ ഭാഗമായി – സരായ്കേല ഛാവു കലണ്ടറിലെ പ്രധാന സംഭവമാണ് – എല്ലാ കൊല്ലവും ഏപ്രിൽ മാസത്തിൽ നടക്കുന്ന ചൈത്രമേളയിലും അദ്ദേഹം മുഖാവരണങ്ങൾ വിൽക്കാറുണ്ട്. വലിയ മുഖാവരണങ്ങൾക്ക് 250-300 രൂപയാണ് വില. ചെറിയവയ്ക്ക് ഓരോന്നിനും നൂറ് രൂപയ്ക്കടുത്ത് വിലവരും.
പണമല്ല തന്നെ ഇതിൽ പിടിച്ചുനിർത്തുന്നതെന്ന് ദിലീപ് വ്യക്തമാക്കി. “ഇതെന്റെ പാരമ്പര്യമാണ്. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാനിത് തുടരും.“
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പ് പിന്തുണയോടെ നടത്തിയ റിപ്പോർട്ടിംഗ്
പരിഭാഷ: രാജീവ് ചേലനാട്ട്