“ചരിത്രം, അത് ഒരു രാജ്യത്തിന്റേയോ, ഭാഷയുടേയോ മതത്തിന്റേയോ ആയിക്കൊള്ളട്ടെ, രാജാക്കന്മാരാലും നേതാക്കന്മാരാലും തലവൻമാരാലും നിറഞ്ഞിരിക്കുന്നു. സാധാരണക്കാരായ ആളുകൾക്ക് അതിനകത്ത് അധികം ഇടമില്ല. അവരിൽനിന്ന് ബാഹ്യമായി ചരിത്രത്തിന് നിലനിൽപ്പില്ലെങ്കിലും. രാഷ്ട്രത്തെ സൃഷ്ടിക്കുന്നതും, ഭാഷ നിർമ്മിക്കുന്നതും, മതങ്ങൾക്ക് പ്രചാരം നൽകുന്നതുമൊക്കെ ആ സാധാരണ മനുഷ്യരാണ്. എന്നാൽ കാലം കടന്നുപോകുമ്പോൾ ശക്തരായ ഉപരിവർഗ്ഗം അത് കയ്യടക്കുന്നു”, കുനോ ദേശീയോദ്യാനത്തിന്റെ വക്കത്ത് താമസിക്കുന്ന മിരാജുദ്ദീൻ പറയുന്നു. വനത്തിനകത്തും പുറത്തുമുള്ള ഈ സമുദായങ്ങൾക്ക് അവകാശങ്ങൾ നഷ്ടമാകുന്നതിന്റെ നേർസാക്ഷിയാണ്, അവരുമായി വളരെയടുത്ത് ഇടപഴകുന്ന അദ്ദേഹം. ആ സാധാരണക്കാരായ ആളുകളേയും അവരുടെ വേദനയേയുമാണ് അദ്ദേഹം തന്റെ കവിതകളിൽ ആവിഷ്കരിക്കുന്നത്.
കേൾക്കൂ , ഞാനിവിടെ ജീവനോടെയിരിപ്പുണ്ട്
മസ്ജിദുകളും ക്ഷേത്രങ്ങളും
നിർമ്മിക്കുന്നവരേ
രാഷ്ട്രത്തിന്റെയും ഭാഷയുടേയും
തലവന്മാരേ
കേൾക്കൂ, ഞാനിപ്പൊഴും
ജീവിച്ചിരിക്കുന്നു
നീതിയുടേയും രക്ഷാധികാരത്തിന്റേയും
അർത്ഥം മറന്നുപോയവരേ,
കിരീടങ്ങൾ ധരിച്ചവരേ,
സമതുലനം മറന്നുപോയവരേ,
കടലാസ്സുപണത്തിൽ നിങ്ങൾ
അക്കങ്ങളെഴുതുന്നു,
എന്നാൽ മനുഷ്യരുടെ
വില നിങ്ങൾ മറന്നുപോയിരിക്കുന്നു.
ശ്രദ്ധിച്ചോളൂ, ഞാൻ
ജീവനോടെയിരിപ്പുണ്ട്.
ദുർബ്ബലനും അസുഖബാധിതനുമാണ് ഞാൻ
വിശപ്പ് ഈ
ചട്ടക്കൂടിനെ വല്ലാതെ ബാധിച്ചുകഴിഞ്ഞു,
കണ്ണുകളിലെ വറ്റിവരണ്ട
ഞരമ്പുകളിൽ
ഒരുതുള്ളി വെള്ളം
ബാക്കിയില്ല.
എന്നിട്ടും ഞാൻ
ശ്വസിക്കുന്നുണ്ട്
നിൽക്കൂ, ഞാൻ
മരിച്ചിട്ടില്ല.
കേൾക്കൂ, ഞാനിപ്പൊഴും ഇവിടെ ജീവനോടെയുണ്ട്.
നിയമങ്ങളുണ്ടാക്കുന്നവരേ,
ശരിയും തെറ്റും
തീരുമാനിക്കുന്നവരേ,
പേനയുന്തുന്ന ബുദ്ധിജീവികളേ
“എനിക്കറിയാം, എനിക്കറിയാം” എന്ന
ഈ ആക്രോശം
നിർത്തൂ,
ദുരാഗ്രഹികളായ ആൾമാറാട്ടക്കാരേ
ഈ വിലാപം
നിർത്തൂ,
കാരണം, എന്നിലിപ്പോഴും ജീവൻ ബാക്കിയുണ്ട്.
ആരാണ് സമ്പത്തിന്റെ
നിയമങ്ങളുണ്ടാക്കിയത്?
നിങ്ങളെ നാഥനും,
രാജാവുമാക്കിയ
രാഷ്ട്രീയത്തിന്റെ നിയമങ്ങൾ
എഴുതിയത് ആരാണ്?
ആ തോന്നിവാസത്തിന്റെ അദ്ധ്യായങ്ങൾ
രചിച്ചതാരാണ്?
ഇനി എഴുതൂ,
കാരണം, ഞാൻ
ഇപ്പൊഴും ജീവനോടെയിരിക്കുന്നു
കേട്ടോളൂ, ഞാൻ ഇപ്പൊഴും ജീവിച്ചിരിക്കുന്നു.
നിങ്ങൾ മതനേതാക്കന്മാരായിരിക്കാം
എന്നാൽ, പ്രവാചകനും,
കഅബയും എന്റേതാണ്
ക്ഷേത്രവും, അതിലെ
ദൈവവും എന്റേതാണ്
ഗുരുദ്വാരകളും പള്ളികളും
എന്റേതാണ്
പുറത്ത് കടക്കൂ,
ഞാനിപ്പൊഴും ജീവിച്ചിരിക്കുന്നു.
ഞാനിപ്പൊഴും ജീവിച്ചിരിക്കുന്നു.
പോയി രാജാക്കന്മാരോട് പറയൂ,
ജന്മിമാരോടും, മന്ത്രിമാരോടും
സംസ്കാരങ്ങളെ തമ്മിലടിപ്പിക്കുന്ന എല്ലാവരോടും
ലജ്ജാവിഹീനരായ രാഷ്ട്രീയക്കാരോടും
ഞാൻ ഇവിടെയുണ്ടെന്ന്, ഇപ്പൊഴും ജീവനോടെ.
കേട്ടോളൂ, ഞാൻ ഇപ്പൊഴും ജീവിച്ചിരിക്കുന്നു.
(original) سن لو کہ ابھی میں زندہ ہوں
اے دیر و حرم کے مختارو
اے ملک و زباں کے سردارو
سن لو کہ ابھی میں زندہ ہوں
اے تاج بسر میزان بکف
تم عدل و حمایت بھول گئے
کاغذ کی رسیدوں میں لکھ کر
انسان کی قیمت بھول گئے
لکھو کہ ابھی میں زندہ ہوں
سن لو کہ ابھی میں زندہ ہوں
مانا کہ طبیعت بھاری ہے
اور بھوک بدن پر طاری ہے
پانی بھی نہیں شریانوں میں
پر سانس ابھی تک جاری ہے
سنبھلو کہ ابھی میں زندہ ہوں
سن لو کہ ابھی میں زندہ ہوں
اے شاہ سخن فرزانہ قلم
یہ شورش دانم بند کرو
روتے بھی ہو تم پیسوں کے لیے
رہنے دو یہ ماتم بند کرو
بخشو کہ ابھی میں زندہ ہوں
سن لو کہ ابھی میں زندہ ہوں
آئین معیشت کس نے لکھے
آداب سیاست کس نے لکھے
ہے جن میں تمہاری آغائی
وہ باب شریعت کس نے لکھے
لکھو کہ ابھی میں زندہ ہوں
سن لو کہ ابھی میں زندہ ہوں
اے پند گران دین و دھرم
پیغمبر و کعبہ میرے ہیں
مندر بھی مرے بھگوان مرے
گرودوارے کلیسا میرے ہیں
نکلو کہ ابھی میں زندہ ہوں
سن لو کہ ابھی میں زندہ ہوں
کہہ دو جا کر سلطانوں سے
زرداروں سے ایوانوں سے
پیکار تمدّن کے حامی
بے ننگ سیاست دانوں سے
کہہ دو کہ ابھی میں زندہ ہوں
سن لو کہ ابھی میں زندہ ہوں
പരിഭാഷ: രാജീവ് ചേലനാട്ട്