അബ്ദുൽ കുമാർ മാഗ്രെയ് അവസാനമായി പട്ടു നെയ്തിട്ട് ഇപ്പോൾ 30 വർഷമാകുന്നു. താപനില മൈനസ് 20 ഡിഗ്രിയ്ക്ക് താഴെ പോകുന്ന കശ്മീരിലെ അതിശൈത്യത്തെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ കമ്പിളിവസ്ത്രം നിർമ്മിക്കുന്ന, അവശേഷിക്കുന്ന ഏതാനും ചില നെയ്ത്തുകാരിൽ ഒരാളാണ് അദ്ദേഹം.
"നേരത്തെ ഞാൻ ഒറ്റ ദിവസത്തിൽ 11 മീറ്റർ നെയ്യുമായിരുന്നു," കാഴ്ച ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട ആ 82 വയസ്സുകാരൻ പറയുന്നു. ഏറെ സൂക്ഷിച്ച് മുറിയ്ക്ക് കുറുകെ നടന്നെത്തുന്ന അദ്ദേഹം ദിശയറിയാൻ ചുവരിൽ കൈവെച്ച് നോക്കുന്നു. "തുടർച്ചയായുള്ള നെയ്ത്ത് കാരണം 50 വയസ്സായപ്പോഴേക്കും എന്റെ കാഴ്ചശക്തി ക്ഷയിച്ചു."
ബന്ദിപ്പോർ ജില്ലയിലെ ദാവർ ഗ്രാമത്തിൽ ഹബാ ഖാത്തൂൻ കൊടുമുടിയുടെ സമീപത്തായാണ് അബ്ദുൽ താമസിക്കുന്നത്. 2011-ലെ കണക്കെടുപ്പനുസരിച്ച് 4,253 ആണ് ദാവറിലെ ജനസംഖ്യ. ഗ്രാമത്തിൽ ഇപ്പോൾ പട്ടു നെയ്ത്തുകാർ ആരും ഇല്ലെങ്കിലും "ഏകദേശം ഒരു ദശാബ്ദം മുൻപുവരെ, ശൈത്യകാല മാസങ്ങളിൽ ഗ്രാമത്തിലെ എല്ലാ വീടുകളിലും വേനലിലും വസന്തകാലത്തും വില്പന നടത്താനുള്ള തുണിത്തരങ്ങൾ നെയ്തിരുന്നു" എന്ന് അദ്ദേഹം ഞങ്ങളോട് പറയുന്നു.
ശ്രീനഗറിലും ചിലപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽപ്പോലും വില്പനയ്ക്കായി അബ്ദുലും കുടുംബവും നെയ്തിരുന്ന വസ്ത്രങ്ങളിൽ ഫരൻ (പരമ്പരാഗത ശൈലിയിലുള്ള മേൽവസ്ത്രം), ദുപ്പാട്ടി (കമ്പിളി), സോക്സുകൾ, കയ്യുറകൾ എന്നിവ ഉൾപ്പെട്ടിരുന്നു.
അബ്ദുൽ തന്റെ കലയെ ആത്മാർഥമായി സ്നേഹിക്കുമ്പോഴും ഇന്ന് അത് സജീവമായി നിലനിർത്തുക അത്ര എളുപ്പമല്ല. നെയ്ത്തിന് വേണ്ട അസംസ്കൃതവസ്തുവായ കമ്പിളി സുലഭമായി ലഭിക്കാത്തതാണ് കാരണം. അബ്ദുലിനെപ്പോലെയുള്ള നെയ്ത്തുകാർ വീട്ടിൽത്തന്നെ ചെമ്മരിയാടുകളെ വളർത്തുകയും അവയിൽനിന്ന് ലഭിക്കുന്ന കമ്പിളി ഉപയോഗിച്ച് പട്ടു നെയ്യുകയുമായിരുന്നു പതിവ്. ഏകദേശം 20 വർഷം മുൻപ് അബ്ദുലിന്റെ കുടുംബത്തിന് സ്വന്തമായി 40-45 ചെമ്മരിയാടുകൾ ഉണ്ടായിരുന്നതിനാൽ കമ്പിളി അനായാസം വിലക്കുറവിൽ ലഭിക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങൾക്ക് നെയ്ത്തിൽനിന്ന് നല്ല ലാഭം കിട്ടിയിരുന്നു," അദ്ദേഹം ഓർത്തെടുക്കുന്നു. നിലവിൽ ഈ കുടുംബത്തിന് ആകെ ആറ് ചെമ്മരിയാടുകളാണുള്ളത്.
ബന്ദിപ്പോർ ജില്ലയിലെ തുലൈൽ താഴ്വരയിലുള്ള ഡംഗീ ധൽ ഗ്രാമത്തിൽ താമസിക്കുന്ന ഹബീബുള്ള ഷെയ്ഖും കുടുംബവും ഒരു ദശാബ്ദം മുൻപ് പട്ടു വ്യവസായം ഉപേക്ഷിച്ചതാണ്. "നേരത്തെ ഇവിടെ ചെമ്മരിയാടുകളെ വളർത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഓരോ വീട്ടിലും കുറഞ്ഞത് 15-20 ചെമ്മരിയാടുകളെങ്കിലുമുണ്ടാകും. ഉടമസ്ഥർക്കൊപ്പം വീടിന്റെ താഴത്തെ നിലയിൽത്തന്നെയാണ് അവയും കഴിഞ്ഞിരുന്നത്," അദ്ദേഹം പറയുന്നു.
എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നുവെന്ന് 70 വയസ്സുകാരനായ ഗുലാം ഖാദിർ ലോൺ പറയുന്നു. ബന്ദിപ്പോർ ജില്ലയിലെ അചൂരാ ചോർവൻ (ഷാഹ് പോര എന്നും അറിയപ്പെടുന്നു) ഗ്രാമത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഏതാനും ചില നെയ്ത്തുകാരിൽ ഒരാളാണ് അദ്ദേഹം. "കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഗുരേസിലെ കാലാവസ്ഥയ്ക്ക് കാര്യമായ മാറ്റം വന്നിട്ടുണ്ട്. ശൈത്യം കൂടുതൽ കഠിനമായിരിക്കുന്നു. ചെമ്മരിയാടിന്റെ പ്രധാന ഭക്ഷണമായ പുല്ലിന്റെ വളർച്ചയെ ഇത് ബാധിച്ചിട്ടുണ്ട്. വലിയ എണ്ണത്തിൽ ചെമ്മരിയാടുകളെ വളർത്തുന്നത് ആളുകൾ നിർത്തിയിരിക്കുകയാണ്."
*****
അബ്ദുൽ കുമാർ തന്റെ 25-ആം വയസ്സിലാണ് പട്ട് നെയ്ത് തുടങ്ങിയത്. "എന്റെ അച്ഛനെ സഹായിച്ച് തുടങ്ങി കുറച്ച് കാലത്തിനുള്ളിൽ ഞാനും നെയ്ത്ത് പഠിച്ചെടുക്കുകയായിരുന്നു," അദ്ദേഹം പറയുന്നു. ഈ കരവിരുത് അബ്ദുലിന്റെ കുടുംബത്തിൽ തലമുറകളായി കൈമാറി വരുന്നതായിട്ടും അദ്ദേഹത്തിന്റെ മൂന്ന് മക്കളും അത് ഏറ്റെടുത്തിട്ടില്ല. "പട്ട് നെയ്യാൻ മുൻപ് ആവശ്യമായിരുന്ന അതേ അധ്വാനംതന്നെ ഇപ്പോഴും വേണമെങ്കിലും ലാഭം തീരെ ഇല്ലാത്ത സ്ഥിതിയാണ്," അദ്ദേഹം വിശദീകരിക്കുന്നു.
അബ്ദുൽ നെയ്ത്ത് തുടങ്ങിയ കാലത്ത് ഒരു മീറ്റർ പട്ടുതുണിക്ക് 100 രൂപയായിരുന്നു വില. കാലത്തിനനുസരിച്ച് അതിന്റെ വില കൂടിയിട്ടേ ഉള്ളൂ. ഇന്ന് ഒരു മീറ്ററിന് 7,000 രൂപയോടടുത്ത് വിലയുണ്ട്. നെയ്തെടുത്ത പട്ടുതുണിക്ക് ഉയർന്ന വിലയുണ്ടെങ്കിലും ചെമ്മരിയാടുകളെ വളർത്താൻ വേണ്ട വാർഷിക ചിലവ് പട്ടുകളുടെ വില്പനയിൽനിന്നുള്ള വാർഷിക വരുമാനത്തേക്കാൾ തുടർച്ചയായി ഉയർന്നുനിൽക്കുന്നത് മൂലം നെയ്ത്തുകാർക്ക് വളരെ തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നത്.
"പട്ടു നെയ്ത്ത് സൂക്ഷമത ആവശ്യമായ ഒരു കലയാണ്. ഒരു നൂലിന്റെ സ്ഥാനം തെറ്റിയാൽ മുഴുവൻ തുണിയും ഉപയോഗശൂന്യമാകും. പിന്നെ അത് ആദ്യം തൊട്ട് വീണ്ടും നെയ്ത് തുടങ്ങണം," അബ്ദുൽ പറയുന്നു. "എന്നാൽ ഗുരേസ് പോലെയുള്ള ഒരു തണുത്ത പ്രദേശത്ത് പട്ടു പകരുന്ന ചൂട് കണക്കിലെടുത്താൽ ഈ കഠിനാധ്വാനം ഒന്നും വെറുതെയാകുന്നില്ല."
ഏതാണ്ട് ഒരു കൈപ്പത്തിയുടെ വലിപ്പമുള്ള ചക്കു എന്ന, തടിയിൽ തീർത്ത തണ്ട് ഉപയോഗിച്ചാണ് കൈപ്പണിക്കാർ കമ്പിളി നൂലാക്കി മാറ്റുന്നത്. അറ്റങ്ങൾ കൂർത്തുവരുന്ന ഒരു മരയാണിയുടെ ആകൃതിയാണ് ചക്കുവിന്. ചക്കു വെച്ച് നൂറ്റ നൂൽ പ്രാദേശികമായി വാൻ എന്നറിയപ്പെടുന്ന തറിയിൽ നെയ്ത് തുണിയാക്കി മാറ്റുന്നു.
പട്ടുതുണി നിർമ്മിക്കുക ഒരിക്കലും ഒരു വ്യക്തിക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന ജോലിയല്ല. മിക്കപ്പോഴും കുടുംബാംഗങ്ങൾ എല്ലാവരുംതന്നെ ഈ പ്രക്രിയയിൽ പങ്കാളികളാകും. സാധാരണയായി ചെമ്മരിയാടുകളിൽനിന്ന് കമ്പിളി ശേഖരിക്കുന്ന ജോലി പുരുഷന്മാർ ചെയ്യുമ്പോൾ സ്ത്രീകൾ കമ്പിളി നൂലാക്കി മാറ്റുന്ന പ്രവൃത്തി ഏറ്റെടുക്കുന്നു. "വീട്ടിലെ ജോലികൾക്ക് പുറമേ പട്ടുനിർമ്മാണത്തിലെ പ്രയാസമേറിയ ഘട്ടവും സ്ത്രീകളാണ് ചെയ്യുന്നത്," അൻവർ ലോൺ ചൂണ്ടിക്കാട്ടുന്നു. വാൻ അഥവാ തറി ഉപയോഗിച്ച് നെയ്യുന്നത് മിക്കപ്പോഴും കുടുംബത്തിലെ പുരുഷന്മാരാണ്.
ദർദ്-ഷീൻ സമുദായക്കാരിയായ 85 വയസ്സുകാരി സൂനി ബേഗം താഴ്‌വരയിൽ പട്ട് നെയ്യാൻ അറിയുന്ന ചുരുക്കം ചില സ്ത്രീകളിൽ ഒരാളാണ്. "എനിക്ക് ആകെ അറിയുന്ന കൈപ്പണി ഇതാണ്," പ്രാദേശിക ഭാഷയായ ഷിനായിൽ അവർ പറയുന്നു. അവരുടെ മകൻ, കർഷകനായ 36 വയസ്സുകാരൻ ഇഷ്തിയാഖ് ലോണാണ് ഞങ്ങൾക്കുവേണ്ടി സംഭാഷണം തർജ്ജമ ചെയ്യുന്നത്.
"പട്ടുവിന്റെ വ്യാപാരം ഇപ്പോൾ നിലച്ചെങ്കിലും കുറച്ച് മാസങ്ങൾ കൂടുമ്പോൾ ഞാൻ ഖോയി (സ്ത്രീകൾ ഉപയോഗിക്കുന്ന ഒരു പരമ്പരാഗത ശിരോവസ്ത്രം) പോലെയുള്ള ചില ഉത്പന്നങ്ങൾ ഉണ്ടാക്കാറുണ്ട്." സൂനി തന്റെ പേരക്കിടാവിനെ മടിയിലിരുത്തി, ചെമ്മരിയാടിന്റെ കമ്പിളി (ഷിനാ ഭാഷയിൽ പാഷ് എന്ന് വിളിക്കുന്നു) ചക്കു കൊണ്ട് നൂൽക്കുന്ന പ്രക്രിയ ഞങ്ങൾക്ക് കാണിച്ചുതന്നു. "എന്റെ അമ്മയിൽനിന്നാണ് ഞാൻ ഈ കല പഠിച്ചെടുത്തത്. എനിക്ക് ഇതിന്റെ മുഴുവൻ പ്രക്രിയയും ഏറെ ഇഷ്ടമാണ്," അവർ പറയുന്നു. "എന്റെ കൈകൾക്ക് സാധിക്കുന്നിടത്തോളം ഈ ജോലി ചെയ്യുന്നത് തുടരണമെന്നാണ് എന്റെ ആഗ്രഹം."
ജമ്മു ആൻഡ് കശ്മീരിൽ പട്ടികജാതിയായി പരിഗണിക്കുന്ന ദർദ്-ഷീൻ (ദർദ് എന്നും അറിയപ്പെടുന്നു) സമുദായത്തിൽപ്പെട്ടവരാണ് ഗുരേസ് താഴ്വരയിലെ പട്ടുനെയ്ത്തുകാർ. താഴ്വരയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന നിയന്ത്രണരേഖയുടെ ഇരുവശത്തുമായി വിഭജിക്കപ്പെട്ടുപോയ ഇക്കൂട്ടർ, പട്ടുനിർമ്മാണത്തിന്റെ പാരമ്പര്യം പങ്കിടുമ്പോൾത്തന്നെ അതിന് ആവശ്യക്കാർ കുറയുന്നതിലും വേണ്ടത്ര സംസഥാന പിന്തുണ ലഭിക്കാത്തതിലും കുടിയേറ്റം മൂലം ഉണ്ടാകുന്ന പ്രതിസന്ധി രൂക്ഷമാകുന്നതിലും ഖേദിക്കുകയും ചെയ്യുന്നു.
*****
ദാവറിൽനിന്ന് 40 കിലോമീറ്റർ കിഴക്ക് മാറിയുള്ള ബഡുവാബ് ഗ്രാമത്തിലാണ് അൻവർ ലോൺ എന്ന, തൊണ്ണൂറുകളിലെത്തിയ നെയ്ത്തുകാരൻ താമസിക്കുന്നത്. 15 വർഷം മുൻപ് താൻ ഉണ്ടാക്കിയ ഒരു പട്ടുകമ്പിളി നിവർത്തിൽക്കാണിച്ച് അദ്ദേഹം പറയുന്നു," ആദ്യമൊക്കെ രാവിലെ എട്ട് മണിമുതൽ വൈകീട്ട് നാല് മണിവരെ ഞാൻ ജോലി ചെയ്യുമായിരുന്നു. വയസ്സായപ്പോൾ പിന്നെ മൂന്നോ നാലോ മണിക്കൂർ മാത്രമേ നെയ്യാൻ കഴിയൂ എന്ന സ്ഥിതിയായി." ഒരു മീറ്റർ തുണി നെയ്യാൻ അൻവറിന് ഒരു ദിവസം മുഴുവൻ അധ്വാനിക്കേണ്ടിവന്നിരുന്നു.
ഏതാണ്ട് നാല് ദശാബ്ദം മുൻപാണ് അൻവർ പട്ട് വില്പന തുടങ്ങിയത്. "പ്രാദേശികതലത്തിലും ഗുരേസിന് പുറത്തും പട്ടുവിന് ആവശ്യക്കാരുണ്ടായിരുന്നതുകൊണ്ടാണ് എന്റെ വ്യാപാരം അഭിവൃദ്ധിപ്പെട്ടത്. ഗുരേസ് സന്ദർശിച്ച ഒരുപാട് വിദേശികൾക്ക് ഞാൻ പട്ട് വിറ്റിട്ടുണ്ട്."
അചൂരാ ചോർവൻ (അഥവാ ഷാഹ് പോര) ഗ്രാമത്തിൽ നിരവധിപേർ പട്ട് വ്യവസായം ഉപേക്ഷിച്ചെങ്കിലും സഹോദരങ്ങളായ 70 വയസ്സുകാരൻ ഗുലാം ഖാദിർ ലോണും 71 വയസ്സുകാരനായ അബ്ദുൽ ഖാദിർ ലോണും ഏറെ ആവേശത്തോടെ ഇന്നും കച്ചവടം തുടർന്നുപോരുന്നു. ശൈത്യകാലത്തിന്റെ മൂർദ്ധന്യത്തിൽ താഴ്വര കശ്മീരിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടുകയും മിക്ക കുടുംബങ്ങളും കുടിയേറുകയും ചെയ്യുമ്പോഴും, ഈ സഹോദരങ്ങൾ താഴ്‌വരയിൽ തുടർന്ന് നെയ്ത്തിൽ ഏർപ്പെടുകയാണ് പതിവ്.
"ഏത് പ്രായത്തിലാണ് ഞാൻ നെയ്ത്ത് തുടങ്ങിയതെന്ന് കൃത്യമായി ഓർമ്മയില്ലെങ്കിലും അന്ന് ഞാൻ തീരെ ചെറുപ്പമായിരുന്നു," ഗുലാം പറയുന്നു. "ചാർഖാന, ചാഷ്മ് -എ -ബുൾബുൽ എന്നിങ്ങനെയുള്ള നെയ്ത്തുകൾകൊണ്ട് പലതരം ഉത്പന്നങ്ങൾ ഞങ്ങൾ തറികളിൽ ഉണ്ടാക്കുമായിരുന്നു.
ചാർഖാന എന്നത് കളങ്ങൾകൊണ്ട് രൂപപ്പെടുന്ന ഒരു മാതൃകയാണ്. അതേസമയം ഒരു ബുൾബുൽ പക്ഷിയുടെ കണ്ണിനെ അനുസ്മരിപ്പിക്കുന്ന സങ്കീർണമായ നെയ്ത്ത് മാതൃകയാണ് ചാഷ്മ് -എ -ബുൾബുൽ. അതിസൂക്ഷ്മമായി നെയ്‌തെടുക്കുന്ന ഈ പട്ട് നെയ്ത്തുകൾക്ക് യന്ത്രനിർമ്മിത വസ്ത്രങ്ങളേക്കാൾ ദൃഢതയുണ്ട്.
"കാലത്തിനോടൊപ്പം ആളുകളുടെ വസ്ത്രധാരണ രീതിയും മാറിയിട്ടുണ്ട്," ഗുലാം പറയുന്നു."എന്നാൽ പട്ടുവിന് കഴിഞ്ഞ 30 വർഷത്തിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല ." വർഷത്തിൽ ഒരിക്കൽമാത്രം എത്തിയേക്കാവുന്ന പ്രദേശവാസികൾക്ക് പട്ട് വിൽക്കുന്നതിൽനിന്ന് തങ്ങൾക്ക് കാര്യമായ ലാഭം ഒന്നും ലഭിക്കുന്നില്ലെന്ന് ഈ സഹോദരങ്ങൾ പറയുന്നു.
പട്ടു എന്ന് കരവിരുത് പഠിച്ചെടുക്കാൻ വേണ്ട ക്ഷമയോ മനക്കരുത്തോ ഇപ്പോഴത്തെ ചെറുപ്പക്കാർക്കില്ലെന്ന് അബ്ദുൽ ഖാദിർ പറയുന്നു. "അടുത്ത പത്ത് വർഷത്തിൽ പട്ടു അപ്രത്യക്ഷമാകുമെന്നാണ് എനിക്ക് തോന്നുന്നത്," അദ്ദേഹം വിഷമത്തോടെ പറയുന്നു. "ഈ വ്യവസായത്തിന് വേണ്ടത് പുത്തൻ പ്രതീക്ഷകളും നവീനമായ ചുവടുവയ്പുകളുമാണ്. സർക്കാരിന്റെ സമയോചിതമായ ഇടപെടൽകൊണ്ട് മാത്രമേ അത് സാധ്യമാകൂ."
അബ്ദുൽ കുമാറിന്റെ മകൻ, ദവാർ അങ്ങാടിയിൽ പലചരക്ക് കട നടത്തുന്ന റഹ്മാൻ പറയുന്നത് ഇക്കാലത്ത് നെയ്ത്ത് ലാഭകരമായ ഒരു ജോലിയല്ലെന്നാണ്. "അധ്വാനവുമായി ഒത്തുനോക്കുമ്പോൾ ലാഭം തീരെ കുറവാണ്," അദ്ദേഹം പറയുന്നു. "ഇക്കാലത്ത് പണം സമ്പാദിക്കാൻ ആളുകൾക്ക് മുന്നിൽ ഒട്ടേറെ വഴികളുണ്ട്. നേരത്തെ ഒന്നുകിൽ പട്ടു നെയ്യുകയോ അല്ലെങ്കിൽ സ്വന്തമായി ഭൂമി ഉണ്ടാകുകയോ മാത്രമായിരുന്നു സാധ്യതകൾ."
അതിർത്തിയിലുള്ള വിദൂരപ്രദേശമായ ഗുരേസിന് മേൽ അധികാരികളുടെ കാര്യമായ ശ്രദ്ധ പതിയാറില്ല. എന്നാൽ മരിച്ചുകൊണ്ടിരിക്കുന്ന പട്ടു കലാരൂപത്തിന് നവീന ആശയങ്ങൾ പുതുജീവൻ നൽകുമെന്നും ഒരിക്കൽക്കൂടി പ്രദേശവാസികളുടെ പ്രധാന വരുമാനമാർഗ്ഗമായി ഈ വ്യവസായം മാറാൻ അത് സഹായിക്കുമെന്നുമാണ് നെയ്ത്തുകാർ അഭിപ്രായപ്പെടുന്നത്.
പരിഭാഷ: പ്രതിഭ ആര്‍. കെ .