തണുപ്പുകാലത്തെ വിളകൾ കൊയ്യാറാവുമ്പോൾ, കൃഷ്ണ അംബുൽകർ ജോലി തുടങ്ങും. രാവിലെ 7 മണിമുതൽ. വീടുവീടാന്തരം കയറി, ഭൂമി, ജല നികുതികൾ പിരിച്ചെടുക്കുകയാണ് അയാളുടെ ജോലി.
“ഇവിടെ, കർഷകർ വളരെ ദരിദ്രരാണ്. പിരിച്ചെടുക്കേണ്ടതിന്റെ 65 ശതമാനം പൂർത്തിയാക്കാൻപോലും ബുദ്ധിമുട്ടാണ്”, സംകോലിയിലെ ഒരേയൊരു പഞ്ചായത്ത് ജീവനക്കാരനായ അയാൾ പറയുന്നു.
നാഗ്പുരിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള സംകോലിയിലെ താമസക്കാർ മിക്കവരും മാന, ഗോവാരി (പട്ടികഗോത്രക്കാർ) വിഭാഗക്കാരായ, ചെറുകിട, താത്ക്കാലിക കർഷകരാണ്. വരണ്ട നിലങ്ങളിൽ കൃഷി ചെയ്യുന്നവർ. പരുത്തിയും സോയാബീനും തുവരപ്പരിപ്പും, കിണറോ കുഴൽക്കിണറോ ഉണ്ടെങ്കിൽ ഗോതമ്പുമൊക്കെയാണ് അവർ കൃഷി ചെയ്യുന്നത്. ഗ്രാമത്തിലെ ഒരേയൊരു ഒ.ബി.സി.ക്കാരനാണ് 40 വയസ്സുള്ള, ന് ഹാവി (ക്ഷുരകൻ) സമുദായക്കാരനായ കൃഷ്ണ.
ഈ വർഷത്തെ ബഡ്ജറ്റിന്റെ പ്രധാന ഊന്നൽ കൃഷിയിലായിരിക്കുമെന്ന ന്യൂ ദില്ലിയുടെ അവകാശവാദങ്ങൾക്കും, മദ്ധ്യവർഗ്ഗത്തിനുള്ള ആദായനികുതിയിളവുകളെച്ചൊല്ലിയുള്ള സന്തോഷപ്രകടനങ്ങൾക്കുമപ്പുറം, പഞ്ചായത്തിന്റെ നികുതിപിരിവിനെക്കുറിച്ചാണ് അംബുൽകറുടെ ആശങ്ക മുഴുവൻ. വിളകളുടെ വിലയിടിവിനെക്കുറിച്ച് ഗ്രാമത്തിലെ കർഷകർക്കും ആശങ്ക വിട്ടൊഴിയുന്നില്ല.
കൃഷ്ണയുടെ ആശങ്കയുടെ അടിസ്ഥാനം വളരെ ലളിതമാണ്. പിരിച്ചെടുക്കുന്നതിൽ വീഴ്ച വന്നാൽ, അയാളുടെ 11,500 രൂപ ശമ്പളം അയാൾക്ക് കിട്ടില്ല. പഞ്ചായത്തിന്റെ നികുതിവരവായ 5.5 ലക്ഷത്തിൽനിന്നാണ് അയാൾക്ക് ആ തുക കിട്ടുന്നത്.
![](/media/images/02a-IMG20250203102238-JH-Our_budgets_are_t.max-1400x1120.jpg)
![](/media/images/02b-IMG20250203131606-JH-Our_budgets_are_t.max-1400x1120.jpg)
ഇടത്ത്: സംകോലി ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ജീവനക്കാരനാണ് കൃഷ്ണ അംബുൽകർ. തന്റെ ശമ്പളം വരുന്നത്, പഞ്ചായത്തിന്റെ നികുതിപിരിവിൽനിന്നായതിനാൽ, അത് പിരിച്ചെടുക്കുന്നതിനെക്കുറിച്ച് എപ്പോഴും ആശങ്കയിലാണ് അയാൾ. വലത്ത്: പണപ്പെരുപ്പവും വർദ്ധിച്ചുവരുന്ന ഉത്പാദനച്ചിലവും മൂലം, കർഷകർ നട്ടംതിരിയുകയാണെന്ന്, സംകോലിയിലെ സർപാഞ്ചായ ശാരദ റാവുത്ത് പറയുന്നു
“ഞങ്ങളുടെ ഉത്പാദനച്ചിലവ് ഇരട്ടിയോ, മൂന്നിരട്ടിയോ ആയി വർദ്ധിച്ചിരിക്കുന്നു. പണപ്പെരുപ്പം ഞങ്ങളുടെ പോക്കറ്റിനെ ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്,” ഗ്രാമത്തിലെ സർപാഞ്ചും, ഗോവാരി സമുദായക്കാരനുമായ ശാരദ റാവുത്ത് പറയുന്നു. സ്വന്തമായ രണ്ടേക്കർ ക്കൃഷി ചെയ്യുന്നതിനുപുറമേ, കർഷകത്തൊഴിലാളിയായും ജോലി ചെയ്യുന്നുണ്ട് അയാൾ.
വിളകളുടെ വിലയിൽ മാറ്റമില്ലാതായിരിക്കുന്നു. പലതിനും വില കുറയുകയും ചെയ്തിട്ടുണ്ട്. ക്വിന്റലിന് 3,800 രൂപ മിനിമം താങ്ങുവിലയുണ്ടായിരുന്ന സോയാബീൻസ് ഇപ്പോൾ വിൽക്കുന്നത്, 25 ശതമാനം വിലകുറച്ചിട്ടാണ്. വർഷങ്ങളായി പരുത്തിയുടെ വില, ക്വിന്റലിന് 7,000 എന്ന നിരക്കിൽത്തന്നെ നിൽക്കുന്നു. തുവരയ്ക്കാകട്ടെ, ക്വിന്റലിന് 7,000 മുതൽ 7,500 രൂപവരെയാണ് വില. സ്വതവേ കുറവായിരുന്ന മിനിമം താങ്ങുവിലയുടെ ഏകദേശം അതേ നിരക്ക്.
എല്ലാ വരവുകളും കണക്കാക്കിയാൽപ്പോലും, ഒരൊറ്റ കുടുംബത്തിന്റേയും വാർഷികവരുമാനം 1 ലക്ഷം രൂപയിലധികമുണ്ടാവില്ലെന്ന് സർപാഞ്ച് പറയുന്നു. ഏറ്റവും കുറഞ്ഞ നികുതിവരുമാനമുള്ള വിഭാഗത്തിന് സമ്പാദിക്കാവുന്നതെന്ന് കേന്ദ്ര ബഡ്ജറ്റ് അവകാശപ്പെടുന്ന സംഖ്യയാണത്.
“സർക്കാരിന്റെ ബഡ്ജറ്റിനെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ല. എന്നാൽ ഞങ്ങളുടെ ബഡ്ജറ്റ് തകരുകയാണ്,” ശാരദ തുറന്നടിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്