“തലമുറകളായി ഞങ്ങൾ രണ്ട് ജോലികളാണ് ചെയ്യുന്നത് – ബോട്ട് ഓടിക്കലും മീൻ പിടിക്കലും. നിലവിലുള്ള തൊഴിലില്ലായ്മ കാണുമ്പോൾ, എന്റെ കുട്ടികൾക്കും ഇതുതന്നെയായിരിക്കും ഗതി എന്ന് തോന്നുന്നു,” വിക്രമാദിത്യ നിഷാദ് പറയുന്നു. കഴിഞ്ഞ 20 കൊല്ലമായി അയാൾ തീർത്ഥാടകരേയും വിനോദസഞ്ചാരികളേയും ഒരു ഘട്ടിൽനിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോവുന്ന ജോലി ചെയ്യുകയാണ്.
ഗംഗാനദി ആയിരം കിലോമീറ്ററുകൾ താണ്ടുന്ന ഉത്തർ പ്രദേശ് സംസ്ഥാനത്തിൽ, കഴിഞ്ഞ അഞ്ചുവർഷമായി തൊഴിലില്ലായ്മ 50 ശതാമനത്തിൽത്തന്നെ നിൽക്കുകയാണെന്ന് 2024-ലെ എംപ്ലോയ്മെന്റ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
‘വോക്കൽ ഫോർ ലോക്കൽ’ (പ്രദേശത്തിനായി ശബ്ദമുയർത്തുക), ‘വിരാസാത് ഹി വികാസ് (പൈതൃകമാണ് വികസനം) തുടങ്ങിയ പ്രചാരണങ്ങളാണല്ലോ മോദിജി നടത്തുന്നത്. ഈ പൈതൃകം ആർക്കുവേണ്ടിയാണെന്ന് ഒന്ന് പറഞ്ഞുതരൂ. അത് ഞങ്ങൾ കാശിയിലുള്ളവർക്ക് (വാരാണസി) വേണ്ടിയാണോ അതോ പുറത്തുള്ളവർക്കുവേണ്ടിയോ?” അയാൾ ചോദിക്കുന്നു. വാരാണസിയിൽനിന്ന് മോദി ഇത് മൂന്നാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ പ്രചാരണത്തെകുറിച്ചോർക്കുമ്പോൾ ഇപ്പോഴു നിഷാദിന്റെ വായിൽ ചവർപ്പ്. ‘വികാസം ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല,” അയാൾ കൂട്ടിച്ചേർത്തു.
‘ഈ പൈതൃകം ആർക്കുവേണ്ടിയാണ്? ഒന്ന് പറഞ്ഞുതരൂ. ഞങ്ങൾ കാശിയിലുള്ളവർക്ക് (വാരാണസി) വേണ്ടിയോ അതോ പുറത്തുള്ളവർക്കുവേണ്ടിയോ?’ വിക്രമാദിത്യ നിഷാദ് എന്ന ബോട്ടുകാരൻ ചോദിക്കുന്നു
2023 ജനുവരിയിൽ മോദി ആരംഭിച്ച നദിയിലൂടെയുള്ള ക്രൂയിസ് സഞ്ചാരങ്ങൾ, തന്നെപ്പോലെയുള്ള ബോട്ടുകാരുടെ ജോലി തട്ടിയെടുത്തു എന്ന് നിഷാദ് പറയുന്നു. “വികസനത്തിന്റെ പേരിൽ (മോദി) നാട്ടുകാരുടെ പൈതൃകവും വികസനവുമെടുത്ത് പുറത്തുള്ളവർക്ക് കൊടുക്കുകയാണ്,” വമ്പൻ അടിസ്ഥാനവികസന പ്രോജക്ടുകൾക്കുവേണ്ടി നാട്ടുകാരല്ലാത്തവർ വരുന്നതിനെക്കുറിച്ചാണ് അയാൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിലെ ഒരു തൊഴിലാളിക്ക് കിട്ടുന്ന ശരാശരി വരുമാനം, പ്രതിമാസം 10,000 രൂപയ്ക്ക് അല്പം മുകളിൽ മാത്രമാന്. രാജ്യത്തെ സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് വരുമാനമാണ് ഇത്.
ഹിന്ദുക്കളുടെ പുണ്യനദിയായി കരുതപ്പെടുന്ന പുഴയിലെ മാലിന്യമാണ് 40 വയസ്സുള്ള ഈ ബോട്ടുകാരനെ അലോരസപ്പെടുത്തുന്ന മറ്റൊരു ഘടകം. “ഗംഗാജലം ശുദ്ധമായി എന്നാണ് അവർ പറയുന്നത്. മുമ്പൊക്കെ, പുഴയിൽ ഒരു നാണയം വീണാൽ, ജലത്തിന്റെ തെളിമകൊണ്ട് അത് വീണ്ടെടുക്കാൻ കഴിയുമായിരുന്നു. ഇന്ന്, ആരെങ്കിൽ വെള്ളത്തിൽ മുങ്ങിച്ചത്താൽപ്പോലും കണ്ടുകിട്ടാൻ ദിവസങ്ങളെടുക്കുന്നു,” അയാൾ ചൂണ്ടിക്കാട്ടി.
മാലിന്യം നിർമ്മാർജ്ജനം ചെയ്യുക, പരിരക്ഷണം വർദ്ധിപ്പിക്കുക, ഗംഗയുടെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 2014 ജൂണിൽ, 20,000 കോടി രൂപ നീക്കിയിരിപ്പിൽ, കേന്ദ്രസർക്കാർ നമാമി ഗംഗേ പദ്ധതി ആരംഭിച്ചത്. എന്നാൽ, ഋഷികേശിൽ, നദിയുടെ ഉദ്ഭവസ്ഥാനത്തും, വാരാണസിയിലൂടെ ഒഴുകുന്ന നൂറുകണക്കിന് കിലോമീറ്റർ ഭാഗത്തും, ജലത്തിന്റെ ഗുണനിലവാരം (വാട്ടർ ക്വാളിറ്റി ഇൻഡെക്സ് – ഡബ്ല്യു.ക്യു.ഐ) വളരെ മോശമാണെന്ന് 2017-ലെ ഒരു പ്രബന്ധം ചൂണ്ടിക്കാട്ടുന്നു. ഡബ്ല്യു.ക്യു.ഐ പ്രസിദ്ധീകരിച്ച കണക്കുകളെ ശാസ്ത്ര സാങ്കേതിക വിഭാഗം വിശേഷിപ്പിക്കുന്നത് ‘ഭീതിജനകം’ എന്നാണ്.
“ആ ക്രൂയിസ് എങ്ങിനെയാണ് വാരാണസിയുടെ പൈതൃകമാവുക? ഞങ്ങളുടെ ബോട്ടുകളാണ് പൈതൃകത്തിന്റെ, വാരാണാസിയുടെ സ്വത്വത്തിന്റെ മുഖം”, ടൂറിസ്റ്റുകൾക്കുവേണ്ടി തന്റെ ബോട്ടിൽ കാത്തിരിക്കുമ്പോൾ അയാൾ പറയുന്നു. “ധാരാളം പുരാതന ക്ഷേത്രങ്ങളെ തച്ചുടച്ചിട്ടാണ് അദ്ദേഹം വിശ്വനാഥ് മന്ദിർ ഇടനാഴിയുണ്ടാക്കിയത്. പണ്ട് വാരാണസി സന്ദർശിക്കുമ്പോൾ തീർത്ഥാടകർ പറഞ്ഞിരുന്നത്, അവർ ‘ഭഗവാൻ വിശ്വനാഥ്’നെ സന്ദർശിക്കാൻ പോവുകയാണെന്നാണ്. ഇപ്പോൾ ‘കോറിഡോറി’ലേക്ക് പോവുന്നു എന്നാണ് അവർ പറയുന്നത്,” നിരാശനായ നിഷാദ് പറയുന്നു. തങ്ങളെപ്പോലെയുള്ള നാട്ടുകാരുടെമേൽ അടിച്ചേൽപ്പിച്ച സാംസ്കാരികമായ മാറ്റങ്ങളിൽ പ്രത്യക്ഷമായും അസംതൃപതനായിരുന്നു അയാൾ.
പരിഭാഷ: രാജീവ് ചേലനാട്ട്