“ഇത് 12 ലക്ഷമല്ലേ? ഇതിന്റെ കാര്യമല്ലേ പറയുന്നത്?” തന്റെ ഫോണിലെ ഒരു വാട്ട്സാപ്പ് സന്ദേശം എന്നെക്കാണിച്ച് 30 വയസ്സുള്ള ഷാഹിദ് ഹുസ്സൈൻ ചോദിക്കുന്നു. നികുതിപരിധി ഇളവ് 12 ലക്ഷം രൂപയാക്കിയതിനെകുറിച്ചുള്ള സന്ദേശമായിരുന്നു അത്. ബംഗളൂരുവിലെ മെട്രോ ലൈനിൽ, നാഗാർജുന കൺസ്ട്രക്ഷൻ കമ്പനിക്കുവേണ്ടി ക്രെയിൻ പ്രവർത്തിപ്പിക്കുന്ന തൊഴിലാളിയാണ് ഷാഹിദ്.

“ഞങ്ങളീ 12 ലക്ഷം നികുതിയിളവ് ബഡ്ജറ്റിനെക്കുറിച്ച് ധാരാളം കേട്ടുകഴിഞ്ഞു,” അതേ സ്ഥലത്ത് ജോലിചെയ്യുന്ന ബ്രിജേഷ് പരിഹാസത്തോടെ പറയുന്നു. “ഇവിടെ ഒരാൾക്കും കൊല്ലത്തിൽ 3.5 ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം കിട്ടാറില്ല.” ഉത്തർ പ്രദേശിലെ ദിയോരിയ ജില്ലയിലെ ദുമാരിയ ഗ്രാമത്തിൽനിന്ന് വരുന്ന അവിദഗ്ദ്ധ കുടിയേറ്റത്തൊഴിലാളിയാണ് 20 വയസ്സുള്ള ബ്രിജേഷ്.

“ഈ ജോലി ഉള്ളിടത്തോളം കാലം, മാസത്തിൽ 30,000 രൂപവെച്ച് ഞങ്ങൾക്ക് കിട്ടും,” ബിഹാറിലെ കൈമുർ (ഭബുവ) ജില്ലയിലെ ബിയുറിൽനിന്നുള്ള ഷാഹിദ് പറയുന്നു. ജോലിക്കായി പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട് ഷാഹിദ്. “ഈ ജോലിക്കുശേഷം കമ്പനി ഞങ്ങളെ മറ്റെവിടേക്കെങ്കിലും അയയ്ക്കും, അതല്ലെങ്കിൽ 10-15 രൂപ അധികം തരുന്ന ഏതെങ്കിലും കമ്പനിയിൽ ഞങ്ങൾ ജോലിക്ക് കയറാൻ നോക്കും.”

PHOTO • Pratishtha Pandya
PHOTO • Pratishtha Pandya

ക്രെയിൻ ഓപ്പറേറ്ററായ ഷാഹിദ് ഹുസ്സൈൻ (ഓറഞ്ച് ഷർട്ട്) അർദ്ധവിദഗ്ദ്ധ തൊഴിലാളിയായ ബ്രിജേഷ് യാദവ് (നീലഷർട്ട്) എന്നിവർ ബംഗളൂരുവിൽ എൻ.എച്ച്.44-ലെ മെട്രോ ലൈനിൽ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മറ്റ് കുടിയേറ്റത്തൊഴിലാളികളോടൊപ്പം ജോലി ചെയ്യുന്നു. തങ്ങളിലൊരാൾക്കും വർഷത്തിൽ 3.5 ലക്ഷം രൂപയിൽക്കൂടുതൽ ശമ്പളമില്ലെന്ന് അവർ പറയുന്നു

PHOTO • Pratishtha Pandya
PHOTO • Pratishtha Pandya

ബംഗളൂ‍രുവിലെ ഒരു തെരുവ് വില്പനക്കാരനാണ് ഉത്തർ പ്രദേശിൽനിനുള്ള നഫീസ്. ഉപജീവനത്തിനായി തന്റെ ഗ്രാമത്തിൽനിന്ന് 1,700 കിലോമീറ്റർ താണ്ടി ഇവിടേക്കെത്തേണ്ടിവന്നു നഫീസിന്. ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ, ബഡ്ജറ്റിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാൻ അയാൾക്ക് നേരമില്ല

റോഡിനപ്പുറത്തെ ട്രാഫിക്ക് കവലയിൽ, യു.പി.യിൽനിന്നുള്ള മറ്റൊരു കുടിയേറ്റത്തൊഴിലാളി വിൻ‌ഡോ ഷീൽഡുകളും, കാറിന്റെ അനുബന്ധസാധനങ്ങളും, പൊടി തട്ടാനുള്ള ബ്രഷുകളും മറ്റും വിൽക്കുന്നുണ്ടായിരുന്നു. ദിവസവും ഒമ്പത് മണിക്കൂർ റോഡിൽ തലങ്ങും വിലങ്ങും നടന്ന്, ജംഗ്ഷനിൽ ട്രാഫിക്ക് ലൈറ്റിൽ നിർത്തിയിട്ട കാറുകളുടെ ജനലിയിൽ മുട്ടി സാധനങ്ങൾ വിൽക്കുകയാണ് അയാളുടെ ജോലി. “ഓ, ബഡ്ജറ്റിനെക്കുറിച്ച് ഞാനെന്ത് പറയാൻ. എന്താണ് വാർത്ത?,” എന്റെ ചോദ്യങ്ങൾ കേട്ട് അയാൾ മുഷിയുന്നുണ്ടെന്ന് വ്യക്തമായിരുന്നു.

ഉത്തർ പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ ഭരത്ഗഞ്ജിലുള്ള ഏഴുപേരടങ്ങുന്ന ഒരു കുടുംബത്തിൽ, അയാളും സഹോദരനും മാത്രമാണ് എന്തെങ്കിലും വരുമാനമുള്ളത്. “ജോലി ചെയ്യുന്നതിനനുസരിച്ചിരിക്കും വരുമാനം. ഇന്ന് കിട്ടിയാൽ കിട്ടി. ഇല്ലെങ്കിൽ ഇല്ല. ചില ദിവസങ്ങളിൽ 300 രൂപ കിട്ടും. വാരാന്ത്യങ്ങളിൽ ചിലപ്പോൾ 600 രൂപയും,” അയാൾ പറഞ്ഞു.

“ഗ്രാമത്തിൽ ഞങ്ങൾക്ക് സ്ഥലമൊന്നുമില്ല. മറ്റാരുടെയെങ്കിലും പാടത്ത് കുടിയാനായി ജോലി ചെയ്യണമെങ്കിൽ, 50:50 എന്ന രീതിയിലേ പറ്റൂ.” അതായത്, എല്ലാ ചിലവും പകുതി ഏറ്റെടുക്കണം. വെള്ളം, വിത്ത്, തുടങ്ങിയവയ്ക്കുള്ള ചിലവുകൾ. “ജോലി മുഴുവൻ ചെയ്യുന്നത് നമ്മൾ. എന്നാൽ വിളവിന്റെ പകുതി ഉടമസ്ഥന് കൊടുക്കുകയും വേണം. അത് ശരിയാവില്ല. ബഡ്ജറ്റിനെക്കുറിച്ച് എന്ത് പറയാൻ?” നഫീസ് അക്ഷമനാവുന്നു. ട്രാഫിക്ക് ലൈറ്റ് ചുവപ്പായപ്പോൾ, അയാൾ കാറുകൾക്കുനേരെ നടന്നു. സിഗ്നൽ പച്ചയാവാൻ കാത്തിരിക്കുന്ന കാറുകളിലെ, എ.സി.യുടെ തണുപ്പിലിരിക്കുന്നവരെ തേടി

പരിഭാഷ: രാജീവ് ചേലനാട്ട്

Pratishtha Pandya

பிரதிஷ்தா பாண்டியா பாரியின் மூத்த ஆசிரியர் ஆவார். இலக்கிய எழுத்துப் பிரிவுக்கு அவர் தலைமை தாங்குகிறார். பாரிபாஷா குழுவில் இருக்கும் அவர், குஜராத்தி மொழிபெயர்ப்பாளராக இருக்கிறார். கவிதை புத்தகம் பிரசுரித்திருக்கும் பிரதிஷ்தா குஜராத்தி மற்றும் ஆங்கில மொழிகளில் பணியாற்றுகிறார்.

Other stories by Pratishtha Pandya

பி. சாய்நாத், பாரியின் நிறுவனர் ஆவார். பல்லாண்டுகளாக கிராமப்புற செய்தியாளராக இருக்கும் அவர், ’Everybody Loves a Good Drought' மற்றும் 'The Last Heroes: Foot Soldiers of Indian Freedom' ஆகிய புத்தகங்களை எழுதியிருக்கிறார்.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat