ബഡ്ജറ്റൊക്കെ പുരുഷന്മാരുടെ കാര്യങ്ങളാണെന്നാണ് അഞ്ജനാ ദേവിയുടെ പക്ഷം.
“അവർക്ക് മാത്രമേ അതിനെക്കുറിച്ചൊക്കെ അറിയൂ. എന്റെ ഭർത്താവ് വീട്ടിലില്ല”, അവർ പറയുന്നു. എന്നാൽ വീട്ടിലെ വരവുചിലവുകളെല്ലാം കൈകാര്യം ചെയ്യുന്നത് അവരാണ്. ചാമർ എന്ന പട്ടികജാതി സമുദായത്തിലെ അംഗമാണ് അവർ.
“ബഡ്ജറ്റോ!” പുതിയ പ്രഖ്യാപനങ്ങളെക്കുറിച്ച് താൻ വല്ലതും കേട്ടിരുന്നോ എന്ന് അവർ ഒന്ന് സംശയിച്ചു. “ഇല്ല, ഞാൻ കേട്ടില്ല,” അവർ പറയുന്നു. “ഇതൊക്കെ പൈസയുള്ളവരുടെ കാര്യങ്ങളല്ലേ,” ബിഹാറിലെ വൈശാലി ജില്ലയിലെ സോന്ധോ രത്തി ഗ്രാമത്തിലെ ആ സ്ത്രീ കൂട്ടിച്ചേർക്കുന്നു.
വീട്ടിൽ ഒരു റേഡിയോ റിപ്പയർ കട നടത്തുന്ന 80 വയസ്സുള്ള ഭർത്താവ് ശംഭു റാം ഞങ്ങൾ ചെല്ലുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല. ഭജനകൾ പാടാൻ പോകാറുള്ള അയാൾ മറ്റെവിടെയോ ആയിരുന്നു. ഇപ്പോൾ അധികം ഉപഭോക്താക്കൾ വരാറില്ല. “ആഴ്ചയിൽ 300-400 രൂപ കഷ്ടിച്ച് കിട്ടും,” ആ സ്ത്രീ പറയുന്നു. അതായത്, വർഷത്തിൽ ഏറിവന്നാൽ, 16,500 രൂപ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, വ്യക്തികൾക്കുള്ള ആദായനികുതിയിളവായ 12 ലക്ഷം രൂപയുടെ കേവലം 1.37 ശതമാനം. നികുതിയുടെ പരിധി കൂട്ടി എന്ന് പറഞ്ഞപ്പോൾ അവർ ചിരിച്ചു. “ചില ആഴ്ചകളിൽ 100 രൂപ പോലും ഞങ്ങൾക്ക് കിട്ടാറില്ല. ഇത് മൊബൈൽ ഫോണുകളുടെ കാലമല്ലേ? ആരും ഇപ്പോൾ റേഡിയോ കേൾക്കാറില്ല.”
![](/media/images/02a-PXL_20250204_115909618-UKR-No_one_list.max-1400x1120.jpg)
![](/media/images/02b-PXL_20250204_113319245-UKR-No_one_list.max-1400x1120.jpg)
ബിഹാറിലെ വൈശാലി ജില്ലയിലെ സോന്ധൊ രത്തി ഗ്രാമത്തിലാണ് അഞ്ജനാ ദേവി താമസിക്കുന്നത്. ചാമർ സമുദായക്കാരുടെ 150-ഓളം വീടുകളാണ് ആ ഗ്രാമത്തിലുള്ളത്. അവരിൽ 90 ശതമാനവും ഭൂരഹിതരാണ്. വലത്ത്: 80 വയസ്സുള്ള ശംഭു റാമിന്റെ റേഡിയോ റിപ്പയർ കട
![](/media/images/03-PXL_20250202_070903965-UKR-No_one_liste.max-1400x1120.jpg)
വീട്ടിലെ വരവുചിലവുകളെല്ലാം കൈകാര്യം ചെയ്യുന്ന അഞ്ജനാ ദേവിക്ക് കേന്ദ്ര ബഡ്ജറ്റിനെക്കുറിച്ച് ഒന്നുമറിയില്ല
75 വയസ്സായ ഈ അഞ്ജനയെപ്പോലുള്ള 1.4 ബില്യൺ ഇന്ത്യക്കാരുടെ ‘അഭിലാഷങ്ങളെ’യാണ് ബഡ്ജറ്റ് സഫലീകരിക്കുക എന്നാണ് മോദി പറഞ്ഞത്. എന്നാൽ, ന്യൂ ഡൽഹിയിലെ അധികാരകേന്ദ്രങ്ങളിൽനിന്ന് 1,100 കിലോമീറ്റർ അകലെ താമസിക്കുന്ന അഞ്ജനയൊന്നും ആ വിശ്വാസം പങ്കുവെക്കുന്നില്ല.
ശാന്തമായ ഒരു തണുപ്പുകാലത്തെ ഉച്ചസമയമായിരുന്നു. ആളുകൾ അവരവരുടെ പ്രാരാബ്ധങ്ങളുമായി നീങ്ങിക്കൊണ്ടിരിക്കുന്നു, ഒരുപക്ഷേ, കേന്ദ്രബഡ്ജറ്റിനെക്കുറിച്ച് ഒന്നുമറിയാതെ. അല്ലെങ്കിൽ, തങ്ങളുടെ ജീവിതത്തിൽ അതിന് ഒരുവിധ പ്രസക്തിയുമില്ലെന്ന ബോധ്യത്തോടെ.
ബഡ്ജറ്റിൽനിന്ന് അഞ്ജന ഒന്നും പ്രതീക്ഷിക്കുന്നില്ല. “സർക്കാർ ഞങ്ങൾക്ക് എന്താണ് തരാൻ പോകുന്നത്. ഞങ്ങളുടെ കൈയിൽ പണമുണ്ടെങ്കിൽ ഞങ്ങൾക്ക് തിന്നാനുണ്ടാവും. അല്ലെങ്കിൽ പട്ടിണി കിടക്കണം.”
ഗ്രാമത്തിലെ 150 ചാമർ കുടുംബങ്ങളിലെ 90 ശതമാനവും ഭൂരഹിതരാണ്. പ്രധാനമായും, ഓരോരോ കാലത്ത് ജോലിക്കായി അന്യനാടുകളിലേക്ക് പോകുന്നവരാണവർ. അവർ ഒരുകാലത്തും ഒരു നികുതിവിഭാഗത്തിലും ഉൾപ്പെടാറില്ല.
എല്ലാ മാസവും സൌജന്യമായി അഞ്ച് കിലോഗ്രാം ധാന്യം അഞ്ജനാ ദേവിക്ക് കിട്ടുന്നുണ്ട്. എന്നാൽ, സ്ഥിരമായ ഒരു വരുമാനമാണ് അവർ ആഗ്രഹിക്കുന്നത്. “എന്റെ ഭർത്താവിന് പ്രായമായി. ജോലിയൊന്നും ചെയ്യാനാവില്ല. ജീവിക്കുന്നതിന്, സർക്കാരിൽനിന്ന് എന്തെങ്കിലും സ്ഥിരവരുമാനമാണ് ഞങ്ങൾക്കാവശ്യം.”
പരിഭാഷ: രാജീവ് ചേലനാട്ട്