സമിതയുടെ ചാളിൽനിന്ന് വസ്ത്രങ്ങളുടെ കെട്ടുകൾ അടുത്തുള്ള അപ്പാർട്ടുമെന്റുകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന കാഴ്ച ഇപ്പോൾ കാണാനില്ല. രണ്ടുമാസം മുമ്പുവരെ, എല്ലാ ദിവസവും രാവിലെ, അവർ വഡ ടൗണിലെ അശോകവൻ കോംപ്ലക്സിൽ താമസിക്കുന്ന കുടുംബങ്ങളിൽനിന്ന് വസ്ത്രങ്ങൾ ശേഖരിക്കുമായിരുന്നു. കെട്ടുകൾ കൈയിലും തലയിലും ചുമന്ന് രണ്ടു കിലോമീറ്റർ നടന്ന് അതേ പട്ടണത്തിലെ ഭാനുശാലി ചാളിലുള്ള തന്റെ വീട്ടിലേക്ക് അവർ പോകും. അവിടെ അവൾ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഭംഗിയായി മടക്കി അന്ന് വൈകുന്നേരംതന്നെ വീട്ടുകാർക്ക് തിരികെ എത്തിക്കും.
“ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ, എനിക്ക് ഓർഡറുകൾ ലഭിക്കുന്നത് ഏതാണ്ട് നിന്നു,” 32-കാരിയായ സമിത മോർ പറയുന്നു. 'ഓർഡർ' എന്ന് അവർ പറഞ്ഞത് ഇസ്തിരിയിടേണ്ട വസ്ത്രങ്ങളെക്കുറിച്ചായിരുന്നു. മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതുവരെ ദിവസം കുറഞ്ഞത് നാല് ‘ഓർഡറുകൾ’ കിട്ടിയിരുന്ന സ്ഥാനത്ത്, സമിതയ്ക്ക് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രമേ കിട്ടുന്നുള്ളൂ. കൂടാതെ ദിവസം 150-200 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഈ ഏപ്രിൽ മാസത്തിൽ ആഴ്ചയിൽ 100 രൂപയാണ് കിട്ടിയത്. ഓരോ ഷർട്ടിനും ട്രൗസറിനും 5 രൂപയും സാരിക്ക് 30 രൂപയുമാണ് സ്മിത ഈടാക്കുന്നത്. "ആഴ്ചയിൽ 100 രൂപകൊണ്ട് ഞാൻ എങ്ങനെ ജീവിക്കും?" അവർ ചോദിക്കുന്നു.
സ്മിതയുടെ ഭർത്താവ് 48 വയസ്സുള്ള സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്നെങ്കിലും 2005-ൽ വടയ്ക്ക് സമീപം സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്റെ ടെമ്പോയ്ക്ക് നേരെ ആരോ കല്ലെറിഞ്ഞതിനെത്തുടർന്ന് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. “എനിക്ക് വേറെ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ഞാൻ എന്റെ ഭാര്യയെ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ സഹായിക്കുന്നു,” അദ്ദേഹം പറയുന്നു. “എല്ലാ ദിവസവും ഇസ്തിരിയിടാൻ നാലുമണിക്കൂർ നിൽക്കുമ്പോൾ എന്റെ കാലുകൾ വേദനിക്കാൻ തുടങ്ങും”.
സന്തോഷും സമിതയും 15 വർഷമായി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നു. "അദ്ദേഹത്തിന്റെ അപകടത്തിനുശേഷമാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത്. ഭക്ഷണത്തിനും കഴിക്കുകയും രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും പണം ആവശ്യമായിരുന്നു", സമിത പറയുന്നു. “എന്നാൽ ഈ ലോക്ക്ഡൗൺ ഞങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചു.” പലചരക്ക് സാധനങ്ങൾ വാങ്ങാനും പ്രതിമാസ വൈദ്യുതിച്ചാർജ്ജായ 900 രൂപ അടയ്ക്കാനും മറ്റുമായി ആകെയുണ്ടായിരുന്ന തുച്ഛമായ തുക മുഴുവൻ ചിലവായി. പോരാത്തതിന്, ബന്ധുക്കളിൽനിന്ന് 4000 രൂപ കടം വാങ്ങുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വഡ പട്ടണത്തിൽ സമിതയുടെ അതേ തെരുവിലാണ് 45-കാരിയായ അനിത റൗട്ട് താമസിക്കുന്നത്. അവരും വസ്ത്രങ്ങൾ ഇസ്തിരിയിട്ടാണ് ഉപജീവനം നടത്തുന്നത്. “ആറുവർഷം മുമ്പ് എന്റെ ഭർത്താവ് മരിച്ചപ്പോഴും ഞാൻ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. എന്നാൽ ഈ ലോക്ക്ഡൗൺ സമയത്ത് ഞങ്ങളുടെ ബിസിനസ്സ് പൂർണ്ണമായും നിലച്ചുപോയി”, അവർ പറയുന്നു. അനിതയുടെ ഭർത്താവ് അശോക് 40 വയസ്സുള്ളപ്പോൾ പക്ഷാഘാതത്തെത്തുടർന്നാണ് മരിച്ചത്.
18 വയസ്സുള്ള മകൻ ഭൂഷണനൊപ്പമാണ് അവർ താമസിക്കുന്നത്. മകൻ അവരെ ഇസ്തിരിയിടുന്ന ജോലിയിൽ സഹായിക്കുന്നു. “എന്റെ ഭർത്താവും അവരുടെ അച്ഛനും മുത്തച്ഛനുമെല്ലാം ഈ ജോലി ചെയ്യാറുണ്ടായിരുന്നു,” ഒബിസി വിഭാഗമായ ധോബി എന്ന പേരിൽ ലിസ്റ്റുചെയ്തിരിക്കുന്ന പരീത് ജാതിയിൽപ്പെട്ട അനിത പറയുന്നു. (ഇവിടെ പരാമർശിച്ച മറ്റ് കുടുംബങ്ങൾ മറാത്തയിൽനിന്നോ മറ്റ് ഒബിസി വിഭാഗങ്ങളിൽനിന്നോ ഉള്ളവരാണ്) “ദിവസവും 5-6 മണിക്കൂർ നിന്നുകൊണ്ട് വസ്ത്രങ്ങൾ ഇസ്തിരിയിടുമ്പോൾ അമ്മയുടെ കാലുകളിൽ നീരുവരും. അപ്പോൾ ഞാൻ ജോലി ഏറ്റെടുക്കുകയും പട്ടണത്തിൽനിന്ന് കിട്ടിയ ഓർഡറുകൾ ചെയ്തുകൊടുക്കുകയും ചെയ്യുന്നു”, വഡയിലെ ഒരു ജൂനിയർ കോളേജിൽ 12-ആം ക്ലാസിൽ പഠിക്കുന്ന ഭൂഷൺ പറയുന്നു.
“ഇത് (ഏപ്രിൽമുതൽ ജൂൺവരെ) വിവാഹങ്ങൾ നടക്കുന്ന മാസങ്ങളാണ്, അതിനാൽ ഈ സീസണിൽ സാരിയും വസ്ത്രങ്ങളും (സൽവാർ കമീസ്) ഇസ്തിരിയിടാൻ ഞങ്ങൾക്ക് ധാരാളം ഓർഡറുകൾ ലഭിക്കും. എന്നാൽ ഇപ്പോൾ വൈറസ് കാരണം എല്ലാ വിവാഹങ്ങളും മുടങ്ങി," തുറന്ന അഴുക്കുചാലുകളുള്ള ഇടുങ്ങിയ പാതയിലെ ഒറ്റമുറിക്ക് എല്ലാ മാസവും 1,500 രൂപ കൊടുക്കുന്ന അനിത പറയുന്നു. "കഴിഞ്ഞ വർഷം എനിക്ക് ദൈനംദിന ചെലവുകൾക്കായി എന്റെ സഹോദരിയിൽനിന്ന് കുറച്ച് പണം കടം വാങ്ങേണ്ടിവന്നു," അവൾ പറയുന്നു, ആറുവർഷം മുമ്പ് അശോകിന്റെ പക്ഷാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ കഴിയുന്ന സമയത്ത് അവൾ അവളുടെ സഹോദരിയിൽനിന്ന് വായ്പയും എടുത്തു. "ഈ മാസം പണം തിരികെ നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്തതായിരുന്നു, പക്ഷേ ഞങ്ങൾക്ക് 'ഒരു ബിസിനസ്സും ഇല്ലായിരുന്നു. ഇനി ഞാൻ അവൾക്ക് എങ്ങനെ പണം മടക്കി നൽകും?" അവൾ ചോദിക്കുന്നു.
വഡയിലെ ഇതേ സ്ഥലത്ത് താമസിക്കുന്ന 47-കാരനായ അനിൽ ദുർഗുഡെയും ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ ലഭിക്കാറുള്ള ഇസ്തിരിയിടൽ ജോലിയെ പ്രതീക്ഷിച്ച് കഴിയുകയായിരുന്നു. വലതുകാലിലെ വെരിക്കോസ് സിരകൾക്കുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹത്തിന് പണം ആവശ്യമാണ്. “രണ്ടു വർഷമായി എനിക്ക് ഈ അവസ്ഥയുണ്ട്. വടയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യാശുപത്രിയിൽ ഇതിനായുള്ള ഓപ്പറേഷന് 70,000 രൂപ വേണ്ടിവരും".
“എന്നാൽ ഈ ലോക്ക്ഡൗൺ കാരണം എന്റെ ബിസിനസ്സ് അടച്ചുപൂട്ടി,” കാലിൽ നിരന്തരമായ വേദന സഹിക്കുന്ന അനിൽ പറയുന്നു. “വസ്ത്രങ്ങൾ ഇസ്തിരിയിടാൻ ദിവസത്തിൽ ആറുമണിക്കൂറെങ്കിലും നിൽക്കേണ്ടിവരും. എനിക്ക് സ്വന്തമായി സൈക്കിളില്ല, അതിനാൽ ആവശ്യക്കാർ അവരുടെ വസ്ത്രങ്ങൾ എന്റെ വീട്ടിൽ കൊണ്ടുവന്ന് തരും. ഇന്നസമയത്ത് വരാൻ ഞാൻ അവരോട് പറയും. അതിനുള്ളിൽ ജോലി തീർക്കുകയും ചെയ്യും. അവർ നേരിട്ട് വന്ന് വസ്ത്രങ്ങൾ തിരിച്ചുവാങ്ങും. ലോക്ക്ഡൗണിന് മുമ്പ് അനിലിന് ഒരുമാസം ഏകദേശം 4,000 രൂപ സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി അദ്ദേഹത്തിന് 1,000 മുതൽ 1,500 രൂപവരെ മാത്രമേ കിട്ടിയിട്ടുള്ളൂ. തന്റെ സമ്പാദ്യം മുഴുവൻ തീർന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
“എന്റെ ഭാര്യ നമ്രതയ്ക്ക് ഇസ്തിരിയിടുമ്പോൾ ഉണ്ടാകുന്ന ചൂട് സഹിക്കാനാവില്ല. വീട്ടിലെ എല്ലാ ജോലികളും അവർ നോക്കും. കൂടാതെ ഞങ്ങളുടെ ഓർഡറുകളുടെ കണക്കുകളും സൂക്ഷിക്കും. ഞങ്ങൾക്ക് കുട്ടികളില്ല. പക്ഷേ എന്റെ പരേതനായ സഹോദരന്റെ രണ്ട് ആൺമക്കളെ ഞങ്ങളാണ് വളർത്തുന്നത്. എന്റെ ഇളയ സഹോദരൻ കുറച്ച് വർഷങ്ങൾക്കുമുമ്പ് ഒരപകടത്തിൽ മരിച്ചു," അനിൽ പറയുന്നു. കുട്ടികളുടെ അമ്മ തയ്യൽക്കാരിയായി ജോലി ചെയ്യുന്നു. മാസം 5,000 രൂപവരെയൊക്കെ സമ്പാദിച്ചിരുന്ന അവരുടെ ജോലിയെയും ലോക്ക്ഡൗൺ സാരമായി ബാധിച്ചു. “ഈ ലോക്ക്ഡൗണിന് പിന്നിലെ കാരണങ്ങൾ ഞങ്ങൾക്ക് പൂർണ്ണമായി മനസ്സിലാകുന്നില്ല, എല്ലാം എപ്പോൾ സാധാരണ നിലയിലാകുമെന്നും അറിയില്ല,” അനിൽ കൂട്ടിച്ചേർക്കുന്നു. “ഞങ്ങളുടെ ദൈനംദിന വരുമാനം നഷ്ടപ്പെടുകയാണെന്ന് മാത്രം മനസ്സിലാകുന്നുണ്ട്".
സുനിൽ പാട്ടീലിന്റെ വരുമാനത്തെയും ലോക്ക്ഡൗൺ ബാധിച്ചു - മാർച്ച് 25-ന് മുമ്പ് ഇസ്തിരിയിടുന്ന ജോലിയിൽനിന്ന് ദിവസം 200 രൂപയും, പരിപ്പ്, അരി, എണ്ണ, ബിസ്‌ക്കറ്റ്, സോപ്പ് തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന 'മഹാലക്ഷ്മി കിരാന ആൻഡ് ജനറൽ സ്റ്റോർ' എന്ന സ്വന്തം കടയിൽനിന്ന് 650 രൂപയും സമ്പാദിച്ചിരുന്നു അദ്ദേഹം. “ഇപ്പോൾ എന്റെ വരുമാനം പ്രതിദിനം 100-200 രൂപയായി കുറഞ്ഞു”, അദ്ദേഹം പറയുന്നു.
2019 ഒക്ടോബറിൽ സുനിൽ ഭാര്യ അഞ്ജുവിനും അവരുടെ മൂന്ന് കുട്ടികൾക്കുമൊപ്പം വടയിലേക്ക് മാറുന്നതിന് മുമ്പ്, ഒരു പലചരക്ക് കടയിൽ സഹായിയായി ദിവസം 150 രൂപ കൂലിക്ക് ജോലി ചെയ്തിരുന്നു. “വടയിലെ ഈ കടയെക്കുറിച്ച് എന്റെ സഹോദരിയാണ് എന്നോട് പറഞ്ഞത്, ഞാൻ അവളുടെ കൈയ്യിൽനിന്ന് 6 ലക്ഷം രൂപ കടം വാങ്ങി ഈ ജനറൽ സ്റ്റോർ സ്വന്തമാക്കി,” അദ്ദേഹം പറയുന്നു. സ്വന്തം കട വാങ്ങുക എന്നത് കുടുംബത്തിന് വലിയൊരു ചുവടുവയ്പ്പായിരുന്നു, പ്രതീക്ഷകൾ നിറഞ്ഞതായിരുന്നു.
സുനിൽ തന്റെ കടയ്ക്ക് പുറത്ത് ഇസ്തിരിയിടാൻ ഒരു മേശ ഒരുക്കിയിട്ടുണ്ട്, ലോക്ക്ഡൗണിന് മുമ്പ്, സാധാരണയായി ഒരു ദിവസം 4-5 ഓർഡറുകൾ ലഭിക്കുമായിരുന്നു. “ഇസ്തിരിയിടുന്ന ജോലി ചെയ്യാൻ തുടങ്ങിയത് അത് സ്ഥിരമായ ഒരു വരുമാനം നൽകും എന്നതു കൊണ്ടാണ്; കട ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്, പക്ഷേ അതിൽനിന്ന് ചിലപ്പോൾ പണം കിട്ടും, ചിലപ്പോൾ ഒന്നും കിട്ടില്ല", സുനിൽ പറയുന്നു.
48-കാരിയായ അഞ്ജു കൂട്ടിച്ചേർക്കുന്നു, “എനിക്ക് എന്റെ ഭർത്താവിനെ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ സഹായിക്കണമെന്നുണ്ട്. പക്ഷേ രണ്ട് മണിക്കൂറിൽക്കൂടുതൽ നിൽക്കുമ്പോൾ പുറം വേദനിക്കാൻ തുടങ്ങുന്നു. അതുകൊണ്ട് ഞാൻ ഈ കട നടത്താൻ സഹായിക്കും. ഞങ്ങൾക്കിപ്പോൾ മൂന്ന് മണിക്കൂർ മാത്രമേ കട തുറക്കാൻ കഴിയൂ (രാവിലെ 9 മണി മുതൽ ഉച്ചവരെ). ഞാൻ ഇന്ന് പാർലെ-ജി ബിസ്‌ക്കറ്റിന്റെ രണ്ട് പാക്കറ്റ് മാത്രമാണ് വിറ്റത്. സാധനങ്ങൾ വാങ്ങാൻ ആളുകൾ വന്നാലും ഞങ്ങൾ അവർക്ക് എന്ത് വിൽക്കും? കടയിൽ ഒന്നുമില്ലെന്ന് നിങ്ങൾക്ക് കാണാമല്ലോ. കടയിൽ ലോക്ക്ഡൗണിന് മുമ്പുള്ള ചില സാധനങ്ങളുണ്ട്, ഷെൽഫുകളിൽ സ്റ്റോക്ക് തീരെ കുറവാണ്. “സ്റ്റോക്ക് ചെയ്യാൻ പണമില്ല,” സുനിൽ പറയുന്നു.
അവരുടെ 23 വയസ്സുള്ള മകൾ സുവിധ വട ടൗണിലെ കുട്ടികൾക്ക് ട്യൂഷൻ നൽകി മാസത്തിൽ സമ്പാദിച്ചിരുന്ന 1,200 രൂപയും ഇപ്പോൾ ഇല്ലാതായി. ക്ലാസുകൾ നിർത്തിവെക്കേണ്ടി വന്നു. "ലോക്ക്ഡൗൺ കാരണം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന സുവിധയുടെ വിവാഹനിശ്ചയം മാറ്റിവെക്കേണ്ടിവന്നു,” സുനിൽ പറയുന്നു. “ഞാൻ 50,000 രൂപ നൽകിയില്ലെങ്കിൽ സഖർപുട (നിശ്ചയം) റദ്ദാക്കുമെന്ന് വരന്റെ അച്ഛൻ ഭീഷണിപ്പെടുത്തി. ഈ ലോക്ക്ഡൗണിൽ അദ്ദേഹത്തിനും ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
പാട്ടിൽ കുടുംബത്തിന്റെ റേഷൻ കാർഡ് വഡ പട്ടണത്തിൽ ഉപയോഗിക്കാൻ പറ്റാത്തതുകൊണ്ട് അവർ കമ്പോളത്തിൽനിന്ന് ഗോതമ്പും അരിയും വാങ്ങുന്നു. സ്ഥിരമായ ഒരു വരുമാനം ഉണ്ടാവുമ്പോൾ മാത്രം
ഇവരുടെ മക്കളായ അനികേത് (21), സാജൻ (26) എന്നിവർ ജോലി അന്വേഷിക്കുകയാണ്. “എന്റെ മൂത്ത മകൻ ഭിവണ്ടിയിലെ ഒരു ക്യാമറ റിപ്പയർ ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു, എന്നാൽ ആ ബിസിനസ്സ് പൂട്ടിപ്പോയി (ലോക്ക്ഡൗണിന് മുമ്പ്). അനികേത് ഇപ്പോൾ ബിരുദപഠനം പൂർത്തിയാക്കിയതേയുള്ളു.'' സുനിൽ പറയുന്നു “ചിലപ്പോൾ, ഈ ടെൻഷനൊക്കെ കാരണം ആത്മഹത്യ ചെയ്താലോ എന്ന് തോന്നും. പക്ഷേ ഈ വിഷമഘട്ടത്തിൽ ഞങ്ങൾ എല്ലാവരും ഒരുപോലെ ദു:ഖിതരാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കും. അടുത്ത വീട്ടിലെ ബാർബറിന് കുറേ ദിവസങ്ങളായി ഒരു ജോലിയുമില്ല ഞാൻ ചിലപ്പോൾ അദ്ദേഹത്തിന് വിശപ്പടക്കാൻ എന്റെ കടയിൽനിന്ന് കുറച്ച് ബിസ്‌ക്കറ്റും (ബാക്കി വന്ന) ദാലും കൊടുക്കും”.
പാട്ടീൽ കുടുംബത്തിന്റെ റേഷൻ കാർഡ് ഭിവണ്ടിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ വഡ ടൗണിൽ അത് സ്വീകരിക്കില്ല. പൊതുവിതരണ സംവിധാനത്തിൽ അവർക്ക് ഗോതമ്പ് കിലോ 2 രൂപയ്ക്കും, അരി കിലോ 3 രൂപ നിരക്കിലും കിട്ടിയിരുന്നു. എന്നാലിപ്പോൾ ഞാൻ മാർക്കറ്റിൽനിന്ന് ഗോതമ്പ്, കിലോയ്ക്ക് 20 രൂപയും അരി കിലോയ്ക്ക് 30 രൂപയും കൊടുത്തിട്ടാണ് വാങ്ങുന്നത്. സ്ഥിരമായി വരുമാനം കിട്ടിയാലേ ഇങ്ങനെ വാങ്ങാൻ കഴിയൂ. “ഇപ്പോൾ എനിക്ക് ആഴ്ചയിലൊരിക്കൽ കുറച്ച് റേഷൻ വാങ്ങാൻ കഴിയുന്നത് കടയിൽനിന്ന് കുറച്ച് പണം സമ്പാദിച്ചതിന് ശേഷമാണ്. വിൽപ്പനയില്ലാത്ത ദിവസങ്ങളിൽ ഞങ്ങൾ ഒരുനേരത്തെ ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ,” സുനിൽ കണ്ണീരോടെ കൂട്ടിച്ചേർക്കുന്നു.
മറ്റ് കുടുംബങ്ങളും ഇതുപോലെ ലോക്ക്ഡൗൺ നേരിടാനുള്ള പല സംവിധാനങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്. ഏപ്രിൽ ഒന്നുമുതൽ അനിത സമീപത്തെ കെട്ടിടത്തിൽ വീട്ടുജോലി ചെയ്യാൻ തുടങ്ങി. അതിലൂടെ അവൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കും. “ഞാൻ ജോലിക്ക് പുറത്ത് പോയില്ലെങ്കിൽ അന്ന് ഞങ്ങൾക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടാവില്ല,” അവൾ പറയുന്നു. “പഴകിയ തുണിയിൽനിന്ന് ഞാൻ ഒരു മാസ്ക് തുന്നിക്കെട്ടിയിട്ടുണ്ട്. ജോലിക്ക് പോകുമ്പോൾ ഇത് ധരിക്കും."
അനിതയുടെയും സമിതയുടെയും കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ജൻധൻ യോജനയിലൂടെ ഏപ്രിൽ മേയ് മാസങ്ങളിൽ 500 രൂപ വീതം കിട്ടിയിട്ടുണ്ട്. കൂടാതെ മേയ് മാസത്തിൽ അവരുടെ റേഷൻ കാർഡിലെ 5 കിലോ അരിക്ക് പുറമേ ഒരാൾക്ക് 5 കിലോ അധികമായി സൗജന്യമായി ലഭിക്കുകയും ചെയ്തു. കഴിയുമ്പോഴെല്ലാം കുറച്ച് വസ്ത്രങ്ങൾ ഇസ്തിരിയിടുന്നത് സമിത ഇപ്പോഴും തുടരുന്നു. “ഈ ലോക്ക്ഡൗണിൽ ആരും ഷർട്ടും പാന്റും ധരിക്കാറില്ലെങ്കിലും, എനിക്ക് ഓർഡർ ലഭിച്ചാൽ ഞാൻ പുറത്തുപോകും. വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന് എന്റെ മക്കൾ പറയാറുണ്ട്, പക്ഷേ മറ്റ് മാർഗമില്ലെന്ന് അവർക്ക് മനസ്സിലാകുന്നില്ല. എങ്ങനെയെങ്കിലും അവർക്കുവേണ്ടി പണം സമ്പാദിക്കണം,” സമിത പറയുന്നു.
ഓരോ തവണ വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുവരികയും, ഇസ്തിരിയിട്ട് തിരിച്ച് കൊണ്ടുപോയി കൊടുക്കുകയും ചെയ്തതിനുശേഷം സോപ്പുപയോഗിച്ച് അവർ കൈ കഴുകും. യൂട്യൂബ് വീഡിയോ നോക്കി അവൻ പഠിപ്പിച്ചത് അമ്മയേയും അവൻ പഠിപ്പിക്കുകയായിരുന്നു.
പരിഭാഷ: സി. ലബീബ