“ബിജുവിന്റെ സമയത്ത് (പുതുവത്സരം) ഞങ്ങളെല്ലം നേരത്തേ എഴുന്നേറ്റ് പൂക്കൾ പറിക്കാൻ പുറത്ത് പോവും. പിന്നെ, പൂക്കളെല്ലാം പുഴയിൽ ഒഴുക്കിവിട്ട്, മുങ്ങിക്കുളിക്കും. അതിനുശേഷം ഗ്രാമത്തിലെ ഓരോ വീടും സന്ദർശിച്ച് അവരെ അഭിവാദ്യം ചെയ്യും,” ജയ പറയുന്നു. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, ആ ദിവസത്തിന്റെ ഓർമ്മ അവരെ വിട്ടുപോയിട്ടില്ല.
“ഓരോ പിടി നെല്ല് (ഭാഗ്യത്തിന്റെ ലക്ഷണമായി) ഞങ്ങൾ അവർക്ക് കൊടുക്കും. അതിനുപകരമായി ഓരോ വീട്ടുകാരും ലംഗി (നെല്ലിൽനിന്നുണ്ടാക്കുന്ന ബീർ) തരും. ഓരോ വീട്ടിൽനിന്നും ഏതാനും കവിളുകൾ മാത്രം. പക്ഷേ, കുറേയധികം വീടുകളിൽനിന്ന് കുടിക്കുന്നതിനാൽ, കഴിയുമ്പോഴേക്കും മത്ത് പിടിച്ചിട്ടുണ്ടാകും,” അവർ പറയുന്നു. മാത്രമല്ല, ‘ആ ദിവസം, ഗ്രാമത്തിലെ ചെറുപ്പക്കാർ പ്രായമായവരെ, പുഴയിലെ വെള്ളംകൊണ്ട് കുളിപ്പിക്കുകയും ചെയ്യും, ബഹുമാനാർത്ഥം,” വാർഷികാഘോഷങ്ങളുടെ ഓർമ്മകൾ പ്രതിഫലിച്ച് അവരുടെ മുഖം തിളങ്ങി.
ഇപ്പോൾ, വീട്ടിൽനിന്ന് നൂറുകണക്കിന് കിലോമീറ്ററുകൾ ദൂരെ, അന്താരാഷ്ട്ര അതിർത്തിക്കപ്പുറത്ത്, ബാക്കിയായത് ലംഗി മാത്രമാണ്. ചക്മ സമുദായത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി നിരവധി അഭയാർത്ഥികളെ ബന്ധിപ്പിക്കുന്ന ഒരേയൊരു കണ്ണി. “ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണത്.” ബംഗ്ലാദേശിലെ രംഗമതിയിൽ വളർന്ന ജയ പറയുന്നു. ഈ പ്രദേശത്ത് മറ്റ് ഗോത്രങ്ങളും അവരുടെ പ്രാർത്ഥനകളിലും അനുഷ്ഠാനങ്ങളിലും ലംഗി ഉപയോഗിക്കുന്നു.
“വീട്ടുകാർ ചെയ്യുന്നത് നോക്കിയിട്ടാണ് ഞാൻ ലംഗി ഉണ്ടാക്കാൻ പഠിച്ചത്. വിവാഹത്തിനുശേഷം, ഞാനും ഭർത്താവ് സുരനും ചേർന്ന് ഇതുണ്ടാക്കാൻ തുടങ്ങി,” അവർ പറയുന്നു. ലംഗി, മോദ്, ജൊഗോറ എന്നീ മറ്റ് മൂന്നിനം ബീറുകളുണ്ടാക്കാനും ഈ ദമ്പതിമാർക്കറിയാം.
ചൈത്രത്തിലെ
(ബംഗാളി കലണ്ടറിൽ, വർഷത്തിലെ അവസാനത്തെ മാസം) ആദ്യത്തെ ദിവസം തുടങ്ങും,
നെല്ലിൽനിന്നുതന്നെയുള്ള
ജൊഗോര
ഉണ്ടാക്കാനുള്ള ഒരുക്കങ്ങൾ. ഞങ്ങൾ
ബിരോയിഞ്ചാൽ
(പശപ്പുള്ള നല്ലയിനം അരി) ആണ് ഉപയോഗിക്കുക. അത് ആഴ്ചകളോളം മുളയിൽ പുളിപ്പിച്ച്
പിന്നെ വാറ്റിയെടുക്കും.” വാറ്റാൻ ചുരുങ്ങിയത് ഒരു മാസമെങ്കിലുമെടുക്കും,
മാത്രമല്ല, ആ ഇനം അരിക്ക് വിലയും കൂടുതലാണ്. അതിനാൽ, “ഇപ്പോൾ
ജൊഗോറ
അധികം
ഉണ്ടാക്കാറില്ല,” എന്ന് ജയ പറയുന്നു.
മുമ്പൊക്കെ ഈ അരി ഞങ്ങൾ
ജുമി
ൽ (മലയിലെ കൃഷിയിൽ) വളർത്തിയിരുന്നു. ഇപ്പോൾ
ഇത് അധികം കൃഷി ചെയ്യുന്നില്ല.”
ത്രിപുരയിലെ ഉനകോടി ജില്ലയിലാണ് ഈ ദമ്പതികളുടെ വീട്. രാജ്യത്തിലെ ചെറിയ സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള ഇവിടെ, മൂന്നിൽ രണ്ട് ഭാഗവും കാടാണ്. കൃഷിയാണ് പ്രധാന തൊഴിൽ. അധികവരുമാനത്തിനായി മിക്കവരും മരമൊഴിച്ചുള്ള വനോത്പന്നങ്ങളെ (എൻ.ടി.എഫ്.പി) ആശ്രയിക്കുന്നു.
“തീരെ ചെറിയ പ്രായത്തിലാണ് എനിക്ക് വീടുപേക്ഷിക്കേണ്ടിവന്നത്. സമുദായം ഒന്നടങ്കം വേരറ്റു,” ജയ പറയുന്നു. പണ്ടത്തെ കിഴക്കൻ പാക്കിസ്താനിലെ (ഇപ്പോൾ ബംഗ്ലാദേശ്) ചിറ്റഗോംഗിലെ കർണഫൂലി നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കുന്നതിനായി അവരുടെ വീടുകളെടുത്തു. “ഞങ്ങൾക്ക് ഭക്ഷണവും പൈസയുമില്ലായിരുന്നു. ഞങ്ങൾ അരുണാചൽ പ്രദേശിലെ ഒരു ക്യാമ്പിൽ അഭയം പ്രാപിച്ചു. ഏതാനും വർഷങ്ങൾക്കുശേഷം ത്രിപുരയിലേക്കും,” ജയ കൂട്ടിച്ചേർത്തു. പിന്നീട്, ത്രിപുരക്കാരനായ സുരനെ അവർ വിവാഹം ചെയ്തു.
*****
ലംഗി എന്നത് പ്രചാരമുള്ളതും, നൂറുകണക്കിന് ഗോത്രസ്ത്രീകൾ ചേർന്ന് നിർമ്മിക്കുകയും വിൽക്കുകയും, കമ്പോളത്തിൽ വിപണനസാധ്യതയുള്ളതുമായ ഒരു മദ്യമാണ്. അവരുടെ സാമൂഹികവും മതപരവുമായ ചടങ്ങുകളുടെ അഭേദ്യമായ ഭാഗവുമാണ് അത്. എന്നാൽ, ‘നിയമവിരുദ്ധം’ എന്ന മുദ്ര മൂലം, ഇതിന്റെ ഉത്പാദകർക്കും വ്യാപാരികൾക്കും – എല്ലാം സ്ത്രീകളാണ് – ക്രമസമാധാനപാലകരിൽനിന്ന് കടുത്ത അപമാനവും ഉപദ്രവവും നേരിടേണ്ടിവരുന്നു.
ഒരു ബാച്ചുണ്ടാക്കാൻ രണ്ടുമൂന്ന് ദിവസം വേണ്ടിവരുമെന്ന് ജയ പറയുന്നു. “എളുപ്പമുള്ള ജോലിയല്ല. വീട്ടിലെ പണികൾക്കുള്ള സമയംപോലും കിട്ടാറില്ല,” കടയിലിരുന്ന് അവർ പറയുന്നു. വെയിൽ കൊള്ളാതിരിക്കാൻ താത്കാലികമായി ഒരു മറയുണ്ടാക്കിയിരുന്നു. ഇടയ്ക്ക് ഹുക്കയിൽനിന്ന് അവർ ഒരു കവിൾ പുകയുമെടുക്കുന്നുണ്ടായിരുന്നു.
ലംഗി യുണ്ടാക്കാനുള്ള ചേരുവകൾ വൈവിധ്യമുള്ളതാണ്. അതിനാൽ, ഓരോ സമുദായത്തിനുമനുസരിച്ച് വ്യത്യസ്തമായിരിക്കും ഒടുവിൽ കിട്ടുന്ന ഉത്പന്നം എന്ന്, എത്നിക്ക് ഫുഡ് ജേണലിന്റെ 2016-ലെ ഒരു പതിപ്പിൽ വായിക്കാം. “എല്ലാ സമുദായങ്ങൾക്കും ലംഗിക്കായി അവരവരുടേതായ ചേരുവകളുണ്ട്. ഉദാഹരണത്തിന്, ഞങ്ങളുണ്ടാക്കുന്നതിലെ മദ്യത്തിന്റെ അംഗം, റിയാംഗ് സമുദായമുണ്ടാക്കുന്നതിലും കൂടുതലാണ്,” സുരൻ പറയുന്നു. ത്രിപുരയിലെ രണ്ടാമത്തെ ഏറ്റവും വലിയ സമുദായമാണ് റിയാംഗുകൾ.
അധികം പൊടിക്കാത്ത നെല്ലിൽനിന്നാണ് വാറ്റിന്റെ പ്രക്രിയ ആരംഭിക്കുന്നത്. “ഓരോ ബാച്ചിനും, 8-10 കിലോഗ്രാം സിധൊ ചാൽ (പശപ്പുള്ള ഒരുതരം നെല്ലിനം) ദേഗ്ച്ചി യിൽ (വലിയ ലോഹപ്പാത്രംതിളപ്പിക്കണം. കൂടുതൽ വേവാനും പാടില്ല,” ജയ പറയുന്നു.
അഞ്ച് കിലോയുടെ ഒരു ചാക്ക് അരിയിൽനിന്ന് രണ്ട് ലിറ്റർ ലംഗി യോ അതിൽക്കൂടുതൽ മോദോ അവർക്ക് ഉണ്ടാക്കാനാവും. 350 മില്ലിലിറ്ററിന്റെ കുപ്പിയിലോ 90 മില്ലിലിറ്ററിന്റെ ഗ്ലാസിലോ ആണ് വിൽക്കുക. ഗ്ലാസ്സിന് 10 രൂപയ്ക്കാണ് ലംഗി വിൽക്കുന്നത്. മോദാ കട്ടെ, ഒരു ഗ്ലാസ്സിന് 20 രൂപയ്ക്കും.
“എല്ലാറ്റിനും വില കൂടി. ഒരു ക്വിന്റൽ (100 കിലോഗ്രാം) അരിയുടെ വില 1,600 രൂപയായിരുന്നു, 10 കൊല്ലം മുമ്പ്. ഇപ്പോളത്, 3,300 രൂപയായി,” സുരൻ പറയുന്നു. അരിയുടെ മാത്രമല്ല, എല്ലാ ചേരുവകളുടേയും വില കഴിഞ്ഞ കുറേ കൊല്ലത്തിനുള്ളിൽ വർദ്ധിച്ചു.
ഞങ്ങൾ സംസാരിക്കാൻ ഇരുന്നു. തങ്ങളുടെ വിലപ്പെട്ട മദ്യമുണ്ടാക്കാനുള്ള പ്രക്രിയ ജയ വിശദമായി പറയാൻ തുടങ്ങുന്നു. പാചകം ചെയ്ത അരി (ഉണക്കാനായി പായയിൽ) പരത്തിയിടുന്നു. തണുത്തുകഴിഞ്ഞാൽ, മൂലി ചേർത്ത്, രണ്ടോ മൂന്നോ ദിവസം പുളിക്കാനായി വെക്കുന്നു. കാലാവസ്ഥയെ ആശ്രയിച്ചിരിക്കും ഇത്. “ചൂട് കാലത്ത്, ഒറ്റരാത്രി മതി പുളിക്കാൻ. തണുപ്പുകാലത്ത്, കുറച്ച് ദിവസമെടുക്കും,” അവർ പറയുന്നു.
പുളിച്ചുകഴിഞ്ഞാൽ, “ഞങ്ങൾ വെള്ളം ചേർത്ത് അവസാനമായി ഒന്നുകൂടി വേവിക്കും. പിന്നെ വെള്ളം ഊറ്റിക്കളഞ്ഞ്, തണുപ്പിക്കും. അതാണ് നിങ്ങളുടെ ലംഗി ”. അതേസമയം, മോദിനെ വാറ്റിയെടുക്കണം. മൂന്ന് പാത്രങ്ങൾ ഒന്നിനുമീതെ ഒന്നായി വെച്ച്, ആവിയാക്കുന്ന ശൃംഖലാപ്രക്രിയയാണത്. പുളിക്കാനായി, കൃത്രിമമായ യീസ്റ്റോ ഒന്നും ചേർക്കാറില്ല.
ഈ രണ്ടിനം മദ്യങ്ങളുണ്ടാക്കാനും, പതർദാഗർ ( പർമോട്രെം പാർലാട്ടം ) പോലുള്ള ധാരാളം പച്ചിലകൾ ഉപയോഗിക്കാറുണ്ട്. ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്ന, പുഷ്പിക്കുന്ന ചെടിയാണത്. കൂടാതെ, ആഗ്ചി ഇലകൾ, ജിൻജിൻ എന്ന സസ്യത്തിന്റെ പൂക്കൾ, ഗോതമ്പുപൊടി, വെളുത്തുള്ളി, കുരുമുളക് എന്നിവയും ചേർക്കാറുണ്ട്. “ഇതെല്ലാം ചേർത്തിട്ടാണ് ചെറിയ മൂലികൾ ഉണ്ടാക്കുന്നത്. സാധാരണയായി അവ മുൻകൂട്ടി ഉണ്ടാക്കി സൂക്ഷിച്ചുവെക്കുകയാണ് പതിവ്,” ജയ പറയുന്നു.
മറ്റ് മദ്യങ്ങളുടെ കത്തുന്ന രുചി ഇതിനുണ്ടാവില്ല. പ്രത്യേകമായ ഒരു എരിവാണ്. വേനൽക്കാലത്ത് ശരീരത്തിന് ഒരു സാന്ത്വനം നൽകും ഇത്. നല്ല സുഗന്ധവുമുണ്ടാവും,” പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ഒരു ഉപഭോക്താവ് പറയുന്നു. നിയമത്തെ പേടിച്ചിട്ടാകാം, പാരി സന്ദർശിച്ച ഒരാളും പേര് വെളിപ്പെടുത്താനോ, ചിത്രമെടുക്കാനോ സമ്മതിച്ചില്ല.
*****
ലംഗി വാറ്റാൻ നാൾക്കുനാൾ ബുദ്ധിമുട്ട് വർദ്ധിക്കുകയാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ത്രിപുര എക്സൈസ് ആക്ട് 1987 അനുസരിച്ച്, പുളിപ്പിച്ച നെല്ലിൽനിന്നുള്ള മദ്യം നിരോധിച്ചിട്ടുണ്ട്.
“ഇവിടെ എങ്ങിനെയാണ് ജീവിക്കുക. വ്യവസായമോ അവസരങ്ങളോ ഒന്നുമില്ല. ഞങ്ങൾ എന്ത് ചെയ്യണമെന്നാണ് പറയുന്നത്. ചുറ്റും നോക്കൂ, എത്രപേരാണ് ഇതുകൊണ്ട് ഉപജീവനം നടത്തുന്നത്.”
വളരെക്കൂടുതൽ അളവിൽ മദ്യം വാറ്റാൻ അസാധ്യമാണ്. 8-10 കിലോ അരി മാത്രമേ ഓരോ തവണയും വാറ്റാൻ സാധിക്കൂ എന്ന് ജയ പറയുന്നു. അവരുടെ കൈയ്യിൽ അഞ്ച് പാത്രങ്ങളേയുള്ളു. മാത്രമല്ല, വെള്ളം സുലഭമായി കിട്ടാനില്ല. വേനൽക്കാലത്ത് അത് കൂടുതൽ വഷളാവും. മാത്രമല്ല, “ഞങ്ങൾ വിറക് മാത്രമാണ് ഉപയോഗിക്കുന്നത്. ഓരോ മാസവും 5,000 രൂപ അതിനുമാത്രം ചിലവാവും,” അവർ പറയുന്നു. ഗ്യാസ് സിലിണ്ടറിന് അമിതമായ വിലയായതുകൊണ്ട് അത് താങ്ങാൻ പറ്റില്ല.
“10 വർഷം മുമ്പാണ് ഞങ്ങൾ ലംഗി കട തുടങ്ങിയത്. ഇതില്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം സാധ്യമാവില്ലായിരുന്നു. ഞങ്ങൾക്ക് ഒരു ഹോട്ടലുണ്ടായിരുന്നു. പക്ഷേ പലരും ഭക്ഷണം കഴിച്ചാൽ പൈസ കൃത്യമായി തരില്ല. അതുകൊണ്ട് അത് പൂട്ടേണ്ടിവന്നു,” ജയ പറയുന്നു.
ചുറ്റുമുള്ളവർ എല്ലാവരും ബുദ്ധമതക്കാരാണെന്ന് ലത (യഥാർത്ഥ പേരല്ല) എന്ന മറ്റൊരു വാറ്റുകാരി പറയുന്നു. “പൂജാ ഉത്സവത്തിനും പുതുവർഷത്തിനുമാണ് ഞങ്ങൾ അധികവും ലംഗി ഉപയോഗിക്കുന്നത്. ചില അനുഷ്ഠാനങ്ങൾ ചെയ്യാൻ, ദൈവങ്ങൾക്ക് മദ്യം നൽകണം.” കഴിഞ്ഞ ചില വർഷങ്ങളായി ലത മദ്യം വാറ്റാറില്ല. ലാഭമില്ല എന്നാണ് അവർ പറയുന്ന കാരണം.
വരുമാനത്തിലെ കുറവ്, ജയയേയും സുരനേയും ഒരുപോലെ ബാധിക്കുന്നുണ്ട്. പ്രായമാവുന്തോറും ആരോഗ്യസംബന്ധമായ ചിലവുകളും കൂടുമെന്ന് അവർ ആശങ്കപ്പെടുന്നു. “എന്റെ കാഴ്ചശക്തി മോശമാണ്. ഇടയ്ക്കിടയ്ക്ക് സന്ധികളിൽ വേദനയും അനുഭവപ്പെടുന്നു. കാലിനും ചിലപ്പോൾ നീരുണ്ടാവാറുണ്ട്.”
ഇത്തരം പ്രശ്നങ്ങളുടെ പരിഹാരത്തിന് അവർ അസമിലെ ആശുപത്രികളിലേക്കാണ് പോവാറുള്ളത്. ത്രിപുരയിൽ, സർക്കാരിന്റെ ചികിത്സാസംവിധാനങ്ങളിൽ കാലതാമസം ഉണ്ടാവാറുള്ളതിനാലാണിത്. അവരെപ്പോലെയുള്ള പാവപ്പെട്ട കുടുംബങ്ങൾക്ക്, പ്രധാൻ മന്ത്രി ആരോഗ്യ യോജന (പി.എം.ജെ.എ.വൈ) പ്രകാരം 5 ലക്ഷം രൂപയുടെ പരിരക്ഷ കിട്ടുന്നുണ്ടെങ്കിലും, സംസ്ഥാന സർക്കാരിന്റെ ആരോഗ്യപരിചരണത്തിൽ വിശ്വാസമില്ലാത്തതിനാലാണ് അവർ അസമിലേക്ക് പോവുന്നത്. “യാത്ര ചെയ്യാൻതന്നെ, ഒരു ഭാഗത്തേക്ക് 5,000 രൂപ വേണം,” ജയ ചൂണ്ടിക്കാട്ടുന്നു. വൈദ്യപരിശോധനകളും കീശ കാലിയാക്കുന്നുണ്ട്.
ഞങ്ങൾക്ക് പോകാനുള്ള സമയമായി. ജയ അടുക്കള വൃത്തിയാക്കാൻ തുടങ്ങി. സുരൻ പിറ്റേന്നത്തേക്കുള്ള ലംഗി തയ്യാറാക്കാനുള്ള വിറക് അടുക്കെവെക്കാൻ തുടങ്ങി
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ നടത്തിയ റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്