ആദിയിൽനിന്ന് നമുക്ക് തുടങ്ങാം

2014 മുതൽ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (പാരി) രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ വൈവിദ്ധ്യത്തിന്റെ ഇതിഹാസകഥകൾ തുടങ്ങുന്നത് ഇന്ത്യൻ ഭാഷകളിലൂടെയാണ്. 86 ലിപികളുപയോഗിച്ച് 833 ദശലക്ഷമാളുകൾ സംസാരിക്കുന്ന 700-ലധികം വ്യത്യസ്തമായ ഭാഷകൾ. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യത്തിലാണ് ഈ ഭാഷകളും, ലിപികളില്ലാത്ത മറ്റിതര ഭാഷകളും എല്ലാം കുടികൊള്ളുന്നത്. അവയില്ലാതെ മനുഷ്യരെക്കുറിച്ചുള്ള ഈ രേഖാശേഖരണം, പ്രായോഗികമല്ലെന്നത് പോകട്ടെ, സങ്കല്പിക്കാൻ പോലുമാവില്ല.. ഓരോ പാരി കഥകളുടേയും സഞ്ചാരപഥത്തിൽ, ഇന്ത്യൻ ഭാഷകൾ നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

“പത്രപ്രവർത്തന മണ്ഡലത്തിൽ ഈ രേഖാഭണ്ഡാരം മുൻപന്തിയിലാണ്; സാമൂഹികനീതിയുടെ കാചത്തിലൂടെയാണ് അത് പരിഭാഷയെ നോക്കിക്കാണുനത്”, സ്മിത ഖാടോർ പറയുന്നു. “ഗ്രാമീണ ഇന്ത്യക്കാരിൽ ബഹുഭൂരിപക്ഷവും ഇംഗ്ലീഷ് ഭാഷയിൽനിന്ന് പ്രകാശവർഷങ്ങൾക്കകലെ താമസിക്കുമ്പോൾ, ജ്ഞാനത്തിന്റെ ഉത്പാദനവും വികിരണവും ഇംഗ്ലീഷ്-വിദ്യാഭ്യാസം നേടിയ, ഇംഗ്ലീഷ് സംസാരിക്കുന്ന വർഗ്ഗത്തിന്റെ വിശേഷാവകാശമായി മാറിനിൽക്കുന്നില്ലെന്ന് ഇത് ഉറപ്പ് വരുത്തുന്നു”

വാക്കുകളുടെ സാംസ്കാരികമായ പ്രകരണവും, വാക്യങ്ങളുടെ സാന്ദർഭികമായ ഔചിത്യവും എല്ലാം ഞങ്ങളുടെ ഭാഷാ എഡിറ്റർമാരും പരിഭാഷകരും നിരന്തരം ചർച്ച ചെയ്യാറുണ്ട്. ഈയടുത്തൊരു ദിവസം....

സ്മിത : ഓർമ്മയുണ്ടോ പുരുഷോത്തം താക്കൂറിന്റെ ആ കഥ ? തെലങ്കാനയിലെ ഇഷ്ടികച്ചൂളയിൽ പണിയെടുക്കുന്ന കുരും‌പുരി പഞ്ചായത്തിലെ കുടിയേറ്റത്തൊഴിലാളികൾ തന്നെ കണ്ടപ്പോൾ സന്തോഷത്തോടെ എതിരേറ്റത് അദ്ദേഹം ആ കഥയിലൊരിടത്ത് പരാമർശിക്കുന്നുണ്ട്. “ഏറെക്കാലത്തിനുശേഷമാണ് ഒഡിയ സംസാരിക്കുന്ന ഒരാളെ കാണുന്നത്. താങ്കളെ കാണാനിടയായതിൽ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു” എന്നാണ് അവരിലെ പ്രായമായ ഒരാൾ പറഞ്ഞത്.

മറ്റൊന്ന്, ജ്യോതി ഷിനോലി മഹാരാഷ്ട്രയിൽനിന്ന് എഴുതിയ ഒരു കഥ . അതിലെ രഘു എന്ന ആൺകുട്ടി. കുടിയേറ്റത്തൊഴിലാളികളുടെ മകൻ. തനിക്ക് പരിചയമില്ലാത്ത ഭാഷയിൽ സംസാരിക്കുന്ന അദ്ധ്യാപകരും കൂട്ടുകാരുമുള്ള സ്കൂളുമായി ഒത്തുപോവുക എന്നതായിരുന്നു. അവൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അവന്റെ അമ്മ ഗായത്രി പറയുന്നുണ്ട്, “ചെന്നൈയിലെ സ്കൂളിൽ ചേർന്ന് മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഒരു ദിവസം അവൻ കരഞ്ഞുകൊണ്ട് തിരിച്ചുവന്ന് ഇനി സ്കൂളിൽ പോവുന്നില്ലെന്ന് പറഞ്ഞു. അവിടെ, അവനൊന്നും മനസ്സിലാകുന്നില്ലെന്നും, എല്ലാവരും തന്നോട് ദേഷ്യത്തോടെ സംസാരിക്കുന്നതായി തോന്നിയെന്നുമായിരുന്നു അവന്റെ സങ്കടം”.

ഗ്രാമീണ ഇന്ത്യയിലെ ജനങ്ങൾക്ക് ഭാഷാപരമായ സ്വത്വം വളരെ പ്രധാനമാണ്. വിശേഷിച്ചും, ഉപജീവനത്തിനായി ദൂരസ്ഥലങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുമ്പോൾ.

PHOTO • Labani Jangi

ശങ്കർ : പക്ഷേ സ്മിതാ, പലപ്പോഴും വാക്കുകളും കുടിയേറാറുണ്ട്. കൈകൊണ്ട് പരാഗണം നടത്തുന്നവരെക്കുറിച്ചുള്ള സെന്തളിരിന്റെ കഥ ചെയ്യുമ്പോൾ, പാടത്തെ സ്ത്രീകൾ ഒരു ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കുന്നത് ഞാൻ കേട്ടു. – പൂക്കളെ കൈകൊണ്ട് പരാഗണം ചെയ്യിക്കുന്ന തങ്ങളുടെ തൊഴിലിനെക്കുറിച്ച് പറയുമ്പോൾ അവർ, ‘ക്രോസ്സ്’, ‘ക്രോസ്സിംഗ്’ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഇംഗ്ലീഷിലെ ഒരു വാക്ക്, അവരുടെ സംസാരഭാഷയിലേക്ക് വന്നതാണ്. നാട്ടിൻ‌പുറത്ത് അത്തരം ധാരാളം വാക്കുകൾ നിങ്ങൾക്ക് കേൾക്കാൻ സാധിക്കും.

ഇത് ഒരേസമയം, ഏറെ വെല്ലുവിളി നിറഞ്ഞതും  അത്ഭുതമുളവാക്കുന്നതുമായ കാര്യമാണ്. എന്റെ സംസ്ഥാനമായ കർണ്ണാടകയിൽനിന്നുള്ള കഥകൾ ഇംഗ്ലീഷിൽ വായിക്കുമ്പോഴും, അവിടെയുള്ള തൊഴിലാളികളുടെ ശബ്ദങ്ങൾ കേൾക്കുമ്പോഴും അവർ അവിടത്തുകാരല്ലെന്നതുപോലെ ഒരു തോന്നൽ ചില സമയങ്ങളിൽ എനിക്കുണ്ടാകാറുണ്ട്. ഒരു പുസ്തകത്തിലെ സാങ്കല്പിക കഥാപാത്രങ്ങളായി തോന്നും അവരെ. അവർക്കും അവരുടെ ശബ്ദത്തിനും ജീവനും നിറവുമില്ലാത്തതുപോലെ. അതുകൊണ്ട്, പരിഭാഷപ്പെടുത്താൻ ഇരിക്കുമ്പോൾ, അവർ പറയുന്നതും, പറയുന്ന രീതിയും ഞാൻ ശ്രദ്ധിച്ച് കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ആ കഥ, കേവലം റിപ്പോർട്ട് ചെയ്യപ്പെട്ട ഒന്നല്ലെന്നും അവരുടെ സ്വന്തം കഥയാണെന്നും ഉറപ്പുവരുത്താറുണ്ട്.

പ്രതിഷ്ത: ഈ പ്രക്രിയ എപ്പോഴും എളുപ്പമുള്ളതോ നേരാംവണ്ണമുള്ളതോ ആയ ഒന്നല്ല. സ്വന്തം മാതൃഭാഷയിലെഴുതുന്ന റിപ്പോർട്ടർമാരുടെ കഥകളുമായി ഞാൻ പലപ്പോഴും മല്ലിടാറുണ്ട്. ഗുജറാത്തിയിലോ ഹിന്ദിയിലോ എഴുതിയ കഥകൾ വായിക്കാൻ എളുപ്പമാണ്. എന്നാൽ അവയെ ആത്മാർത്ഥമായി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റുമ്പോൾ, അതിന്റെ രൂപവും, വാക്യഘടനയും, നാട്ടുമൊഴിയുമെല്ലാം കെട്ടിച്ചമച്ചതായി എനിക്കനുഭവപ്പെടും. അത്തരം സാഹചര്യങ്ങളിൽ എന്റെ പക്ഷം എവിടെയായിരിക്കണമെന്ന് ഞാൻ അത്ഭുതപ്പെടാറുണ്ട്. പാർശ്വവത്കൃതരുടെ അനുഭവങ്ങളെ ആവാഹിക്കുന്ന ഒരു കഥയുടെ അന്തസ്സത്തയോടാണോ, അതോ ആ റിപ്പോർട്ട് തയ്യാറാക്കിയ ഭാഷയിലെ എഴുതപ്പെട്ട വാക്കുകളോടും അതിന്റെ ഘടനയോടുമാണോ പരിഭാഷയിൽ ഞാൻ നീതി പുലർത്തേണ്ടത്? ആ ഇന്ത്യൻ ഭാഷയേയാണോ, ഇംഗ്ലീഷിനേയാണോ ഞാൻ സംശോധനം ചെയ്യേണ്ടത്? ഒടുവിൽ, ആശയങ്ങളുടേയും വാദങ്ങളുടേയും ആദാനപ്രദാനങ്ങളിലൂടെ പരിഭാഷ ഒരു ദീർഘമായ പ്രക്രിയയായി മാറുകയാണ് എനിക്ക്.

ഭാഷകൾക്കുള്ളിലൂടെ ബന്ധപ്പെടാനും വിനിമയം ചെയ്യാനും വഴികളുള്ളതുകൊണ്ടാണ് പരിഭാഷ സാധ്യമാകുന്നത്. എന്നാൽ പാരിയിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിനുശേഷം മാത്രമാണ്, ബിംബങ്ങൾക്കിടയിലുള്ള ഇഴയടുപ്പവും, ശബ്ദങ്ങളും, നാട്ടുമൊഴികളും, ഒരു ഭാഷയുടെ ജ്ഞാനത്തിന്റെ സമഗ്രതയും, അതിന്റെ വ്യതിരിക്ത സ്വഭാവവുമൊക്കെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരേ കഥ, രണ്ട് വ്യത്യസ്ത ഭാഷകളിൽ, രണ്ട് വ്യത്യസ്ത ഭാഷ്യങ്ങളിൽ ചെയ്തിട്ടുള്ള സമയങ്ങളുണ്ടായിട്ടുണ്ട്. കഥയിൽ വ്യത്യാസമില്ലാതിരുന്നിട്ടുപോലും, ഒരു ഭാഷ്യത്തെ പരിഭാഷയായി കാണാൻ കഴിയാതിരുന്ന ചില സന്ദർഭങ്ങൾ ഞാൻ നേരിട്ടു.

ജോഷ്വ : പ്രതിഷ്താ-ദീ, അല്ലെങ്കിലും, പരിഭാഷ എന്നത് എപ്പോഴും ഒരു പുനർനിർമ്മാണമോ, ഭിന്നനിർമ്മാണമോ ഒക്കെയല്ലേ? ബംഗ്ലാ ഭാഷയിലെ ഗ്രിൻഡ്മിൽ ഗാനങ്ങൾ (ധാന്യങ്ങൾ പൊടിക്കുമ്പോൾ പാടുന്ന പാട്ടുകൾ) ചെയ്യുമ്പോൾ ഞാൻ യഥാർത്ഥത്തിൽ ചെയ്യുന്നത്, ഭിന്നനിർമ്മാണമാണ്. നാടൻപാട്ടുകൾ എന്റെ സ്വന്തം ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുമ്പോൾ,  അതുവരെ മനസ്സിൽ പഠിച്ചുറച്ച ഛന്ദസ്സും വാമൊഴികളുമൊക്കെ മറക്കാനും പുതിയത് പഠിക്കാനും ഞാൻ നിർബന്ധിതമാകാറുണ്ട്. കവിയാവുക എന്നത് ബുദ്ധിമുട്ടാണെന്നാണ് ഞാനിതുവരെ കരുതിയത്. എന്നാൽ കവിത പരിഭാഷപ്പെടുത്തുന്നത് അതിലും കഠിനമാണ്.

എങ്ങിനെയാണ് ഒരാൾക്ക് മറാത്തി വായ്മൊഴി സാഹിത്യം, അതിന്റെ ഭാവവും ആശയവും ബിംബകല്പനയും നാട്ടുമൊഴിയും, താളവും, പ്രാസവും അലങ്കാരങ്ങളുമൊക്കെ അതേപടി നിലനിർത്തിക്കൊണ്ട് പുനർനിർമ്മിക്കാനാവുക? ഗ്രാമങ്ങളിലെ സാധുക്കളായ പാട്ടെഴുത്തുകാരേയും ഗായകരേയും‌പോലെ, ഞാനും എന്റെ കവിതയെ സ്ത്രീയെപ്പോലെ ചിന്തിക്കാനും, പൊടിക്കൽ യന്ത്രത്തിലൂടെ ഭംഗിയായി അരയുന്ന ധാന്യം‌പോലെ, അവയെ ജാതിവ്യവസ്ഥയുടേയും പിതൃമേധാവത്വത്തിന്റേയും വർഗ്ഗസമരത്തിന്റേയും ഉള്ളിലൂടെ കടത്തിവിടാനും ശ്രമിക്കാറുണ്ട്. തൊസു, ഭാദു, കുലോ-ഝാഡാഗാൻ, ബ്രൊട്ടോകൊഥ പോലുള്ള ഞങ്ങളുടെ ഗ്രാമീണ ബംഗാളിന്റെ തനത് സ്ത്രൈണ- സംഗീത-കാവ്യ വായ്മൊഴി പാരമ്പര്യത്തിന്റെ സത്യാവസ്ഥയെയാണ് ഓരോ തവണയും ഞാൻ അന്വേഷിക്കുന്നത്.

ഒരേസമയം മുഷിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ് ആ പ്രവൃത്തി.

PHOTO • Labani Jangi

മേധ : ഏറ്റവും വലിയ വെല്ലുവിളി എന്താണെന്ന് ഞാൻ പറയാം. നർമ്മത്തെ പരിഭാഷപ്പെടുത്തുന്നതാണ് അതെന്ന് എനിക്ക് തോന്നുന്നു. സായ്നാഥിന്റെ എഴുത്തുകൾ! എലിഫന്റ് മാൻ ആൻഡ് ദ് ബെല്ലി ഓഫ് ദ് ബീസ്റ്റ് വായിച്ചപ്പോൾ എനിക്ക് ചിരിയടക്കാൻ പറ്റിയില്ല. തല പുണ്ണാക്കേണ്ടിയും വന്നു. പാർബതി എന്ന മെരുക്കിയ ഒരാനയുടെ പുറത്തിരുന്ന്, അവളുടെ പാപ്പാൻ പർഭുവിനോട് സംസാരിക്കുന്ന മൂന്ന് മനുഷ്യരുടെ ഒരു മനോഹരചിത്രമാണ് ആ കഥയിലെ  ഓരോ വരിയും, ഓരോ വാക്കും പുന:സൃഷ്ടിക്കുന്നത്. ആ വലിയ മൃഗത്തിന്റെ വലിയ വയറിന് ആവശ്യമായ ഭക്ഷണമെങ്ങിനെയാണ് ദിവസവും ലഭിക്കുന്നതെന്ന് അറിയാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും അത് സഫലമാവുന്നില്ല.

വിശദാംശങ്ങളും, ആനപ്പുറത്തുള്ള യാത്രയുടെ താളവും വേഗതയും ഒക്കെ നിലനിർത്തിക്കൊണ്ടുതന്നെ ഇത് എനിക്ക് മറാത്തിയിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നു.

പാരിയുടെ മിക്ക കഥകളിലെയും‌പോലെ, കഥയുടെ തലക്കെട്ടിൽനിന്നുതന്നെ ബുദ്ധിമുട്ട് അനുഭവിച്ചുതുടങ്ങി. ഒടുവിൽ, പുരാണങ്ങളിലെ ബകാസുരൻ എന്ന കഥാപാത്രത്തെ ഞാൻ ശീർഷകത്തിൽ കയറ്റിവിട്ടു. ഗ്രാമം ഒന്നടങ്കം സഹായിച്ച്, ഓരോ ദിവസവും വയർ നിറയ്ക്കുന്ന അസുരൻ. അങ്ങിനെ മറാത്തിയിൽ ആ ശീർഷകം ഞാൻ ഇങ്ങനെ മൊഴിമാറ്റി: ഹത്തിദാദാ ആനി ബകാസുരാച പോഡ്

മൃഗത്തിന്റെ വയർ, പണ്ടോരയുടെ പെട്ടി, ദൃഷ്ടിയുടെ നാടകം തുടങ്ങിയ പ്രയോഗങ്ങൾ പരിഭാഷപ്പെടുത്തുമ്പോൾ നമ്മൾ പരിഭാഷപ്പെടുത്തുന്ന ഭാഷ വായിക്കുന്നവർക്ക് പരിചയമുള്ള പദങ്ങളും ആശയങ്ങളും കഥാപാത്രങ്ങളും ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു.

പ്രതിഷ്ത : മറ്റൊരു സംസ്കാരത്തിൽനിന്നുള്ള കവിതകൾ പരിഭാഷപ്പെടുത്തുമ്പോൾ ഞാൻ ഈ സ്വാതന്ത്ര്യം എടുക്കാറുണ്ട്. എന്നാൽ പാരിയുടെ ഒരു കഥയിൽ ഒരാൾ അത് ചെയ്യുന്നത് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. ആർക്കുവേണ്ടിയാണോ പരിഭാഷപ്പെടുത്തുന്നത്, ആ വായനക്കാരനാണ് പരിഭാഷയുടെ അർത്ഥം തീരുമാനിക്കുന്നത്.

PHOTO • Labani Jangi

‘നമ്മുടെ പരിസ്ഥിതിയും, ഉപജീവനവും ജനാധിപത്യവുമൊക്കെ, ഭാഷയുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയുടെ വൈവിധ്യം ഇതിനുമുമ്പൊരിക്കലും ഇത്രയധികം മൂല്യമുള്ളതായി അനുഭവപ്പെട്ടിട്ടില്ല’ – പി. സായ്നാഥ്

കമൽ ജിത്ത് : പഞ്ചാബിയിൽ എന്താണ് നടക്കുന്നതെന്ന് ഞാൻ പറയാം. പരിഭാഷപ്പെടുത്തുമ്പോൾ ആ കഥ സ്വന്തമാക്കാനായി ഞാൻ എന്റെ ഭാഷയെ വളച്ചൊടിക്കാറുണ്ട്. അങ്ങിനെ ചെയ്യുന്നതിന് എനിക്ക് വിമർശനങ്ങളും കിട്ടുക പതിവാണ്.

ഉദാഹരണത്തിന് ഇംഗ്ലീഷിൽ, വ്യക്തികളെക്കുറിക്കുന്ന പദത്തിന് അവരുടെ സാമൂഹികപദവി പ്രസക്തമല്ല. ഒരേ സർവ്വനാമമാണ് ഉപയോഗിക്കുക. എന്നാൽ പഞ്ചാബിയിലാകട്ടെ, മറ്റ് ഇന്ത്യൻ ഭാഷകളെപ്പോലെത്തന്നെ, ആളുടെ പദവി, പ്രായം, വർഗ്ഗം, സാമൂഹികപദവി, ലിംഗം ജാതി എന്നിവയ്ക്കനുസരിച്ച് സർവ്വനാമങ്ങൾ മാറിക്കൊണ്ടിരിക്കും. അതിനാൽ, ഇംഗ്ലീഷ് ഭാഷയിലുള്ള ഒരു പാരി കഥ പഞ്ചാബിയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ, എന്റെ ഭാഷയുടെ സാമൂഹിക-ഭാഷാ നിയമങ്ങൾ പാലിച്ചാൽ, അത് എന്റെ പ്രത്യയശാസ്ത്രധാരണകൾക്ക് വിരുദ്ധമായേക്കും.

അതുകൊണ്ട്, എല്ലാ വ്യക്തികളേയും – അത് അദ്ധ്യാപകനോ, രാഷ്ട്രീയക്കാരനോ, ശാസ്ത്രജ്ഞനോ, ശുചീകരണത്തൊഴിലാളിയോ, ആണോ പെണ്ണോ, ഭിന്നലിംഗക്കാരനോ എന്തുതന്നെയായാലും ശരി -  തുല്യബഹുമാനത്തോടെ പരാമർശിക്കേണ്ടതുണ്ട് എന്ന്, പരിഭാഷയുടെ തുടക്കം മുതൽ ഞങ്ങൾ തീരുമാനിച്ചു.

അതുകൊണ്ട് താരൻ തരണിൽ , ജന്മിമാരുടെ വീടുകളിൽനിന്ന് ചാണകം പെറുക്കുന്ന മഞ്ജിത് കൌർ എന്ന ദളിതസ്ത്രീയുടെ കഥ പഞ്ചാബിയിൽ ഞങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ , “ എന്തിനാണ് നിങ്ങളുടെ ഭാഷയിൽ അവർക്ക് ഇത്രയധികം ബഹുമാനം കൊടുക്കുന്ന”തെന്ന് പല വായനക്കാരും എന്നോട് ചോദിക്കുകയുണ്ടായി . ( മഞ്ജിത് കൌർ ഇക് ബി സി ഖ് ഹാ , ഓഹോ ജിമിദാരാ ദേഘരാൻ‌ദാ ഗോഹാ ചുഖ്ദി ഹാൻ ?). പല വായനക്കാരും കരുതിയത് ഞാൻ ഏതെങ്കിലും ആധുനികസാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിഭാഷ ചെയ്തതെന്നാണ് . കാരണം , ഭാഷാനിയമങ്ങളൊന്നും നോക്കാതെ , ഹാ എന്നതിനുപകരം ഞാൻ ഹാൻ എന്നാണ് ഉപയോഗിച്ചിരുന്നത് .

ദേവേഷ് : പൊന്നുസുഹൃത്തേ, പാർശ്വവത്കൃതസമൂഹങ്ങളെക്കുറിച്ച് ബഹുമാനത്തോടെ സൂചിപ്പിക്കാൻ പറ്റിയ ഹിന്ദിയിലും പദങ്ങളില്ല എന്നുതന്നെ പറയാം. അവരെ പരിഹസിക്കാത്ത വാക്കുകൾ കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. എന്നാൽ, ഇത്തരം പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ, പരിഭാഷയുടെ പ്രക്രിയ നമ്മെ സഹായിക്കുന്നു. മറ്റ് ഭാഷകളിൽനിന്ന് കടമെടുത്ത് നമ്മൾ പുതിയ പദങ്ങൾപോലും നിർമ്മിക്കുന്നു.

പ്രകൃതി, ശാസ്ത്രം, ലിംഗം, ലൈംഗികത, അംഗവൈകല്യം എന്നിവയുമായി ബന്ധപ്പെട്ടുള്ള ശരിയായ വാക്കുകൾ കണ്ടെത്താൻ ഞാനും ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. അത്തരം വാക്കുകളുടെ അഭാവമാണ് ഹിന്ദി ശബ്ദാവലിയിൽ കാണാൻ കഴിയുക. ചിലപ്പോൾ ഭാഷയെ മഹത്ത്വവത്ക്കരിച്ചിട്ടാണെങ്കിൽക്കൂടിയും അടിസ്ഥാനപരമായ ചോദ്യങ്ങൾ അപ്രത്യക്ഷമാകാൻ നിർബന്ധിതമാകുന്നു. – ഉദാഹരണത്തിന്, സ്ത്രീകളെ ദേവതകളായും, ശാരീരികക്ഷമതയില്ലാത്തവരെ ‘ദിവ്യാംഗ’രായും വിശേഷിപ്പിക്കുന്നതുപോലുള്ള പ്രക്രിയയകൾ. എന്നാൽ, നിലവിലെ യാഥാർത്ഥ്യങ്ങൾ പരിശോധിച്ചാൽ, പണ്ടത്തേക്കാൾ മോശമാണ് ഇന്ന് ആളുകളുടെ അവസ്ഥ.

സാഹിത്യത്തിന്റെ ഒരു വലിയ ഭണ്ഡാരം‌തന്നെയുണ്ടായിട്ടും, ഹിന്ദിയിലെ സാഹിത്യേതര രൂപങ്ങളിൽ, ജനങ്ങളുടെ ദുരിതാനുഭവങ്ങളെ പകർത്താൻ ആവശ്യമായ വാക്കുകളില്ലെന്നാണ് കവിത അയ്യരുടെ ‘മേം നൽബന്ദി കരാനേ കേ ലിയേ ഘർസേ അകേലീ ഹീ നികൽ ഗയീഥീ” ( ശസ്ത്രക്രിയയ്ക്കായി ഞാൻ തനിയെ ഇറങ്ങിത്തിരിച്ചു ) പോലുള്ള ഒരു കഥ പരിഭാഷപ്പെടുത്തുമ്പോൾ നമുക്ക് മനസ്സിലാവുന്നത്. ജ്ഞാനത്തിന്റെയും ശാസ്ത്രത്തിന്റെയും വൈദ്മേഖലയുടേയും ആരോഗ്യത്തിന്റേയും സമൂഹത്തിന്റേയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു പദകോശം ആവശ്യത്തിനനുസരിച്ച് വികസിച്ചുവന്നിട്ടില്ല.
PHOTO • Labani Jangi

സ്വർണ്ണ കാന്ത: ഭോജ്പുരിയെക്കുറിച്ചും ഇതുതന്നെയാണ് പറയാനുള്ളത്. ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം, അതിലെ എഴുത്തുകാരേക്കാൾ വളരെ കൂടുതലാണെന്നതിനാൽ, പ്രശ്നത്തിന്റെ ഗൌരവവും കൂടുതലാണ്. ഔദ്യോഗിക വിദ്യാഭ്യാസമാധ്യമമല്ലാത്തതിനാൽ, വൈദ്യം, എൻ‌ജിനീയറിംഗ്, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയ നവ തൊഴിൽ മേഖലകളെ സംബന്ധിക്കുന്ന ഭോജ്പുരി പദങ്ങൾ പ്രായേണ കുറവാണ്.

ദേവേഷ്, താങ്കൾ പറഞ്ഞതുപോലെ പുതിയ പദങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകതന്നെ ചെയ്യും. എന്നാൽ, അത് സങ്കീർണ്ണമാണ്. ഉദാഹരണത്തിന്, ‘ട്രാൻസ്‌ജെൻഡർ’ (ഭിന്നലിംഗം) എന്നതിന് പരമ്പരാഗതമായി ഞങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ ‘ ഹിജ ഡ’ , ‘ ക്ക’ , ‘ ലൌ ണ്ട ’ എന്നൊക്കെയാണ്. ഇംഗ്ലീഷിൽ ഉപയോഗിക്കുന്ന വാക്കുകളേക്കാൾ എത്രയോ അധികം അവമതിപ്പുണ്ടാക്കുന്ന വാക്കുകളാണവ. അതുപോലെത്തന്നെ, ഇനിയെത്ര ശ്രമിച്ചാലും, വനിതാദിനം, മാ‍നസികാരോഗ്യം, നിയമങ്ങളുടേയും വ്യവസ്ഥകളുടേയും പേരുകൾ (ആരോഗ്യനിയമം പോലുള്ളവ), കായിക ടൂർണ്ണമെന്റുകളുടെ പേരുകൾ (അന്താരാഷ്ട്ര പുരുഷ ലോകകപ്പ് തുടങ്ങിയ വാക്കുകൾ) എന്നിവയൊക്കെ ഉണ്ടാക്കുക ഞങ്ങൾക്ക് അസാധ്യമാണ്.

ബിഹാറിലെ സമസ്തിപുർ ജില്ലയിൽനിന്നുള്ള 19 വയസ്സുള്ള ശിവാനി എന്ന പെൺകുട്ടിയുടെ കഥ പരിഭാഷപ്പെടുത്തിയത് ഞാനോർക്കുന്നു. ജാതിക്കും ലിംഗവിവേചനത്തിനുമെതിരേ സ്വന്തം കുടുംബവുമായിപോലും പൊരുതേണ്ടിവന്ന മഹാദളിത് വിഭാഗക്കാരിയാണ് ആ കുട്ടി. ഇത്തരം വിവേചനപരമായ ആചാരങ്ങളെക്കുറിച്ച് എനിക്ക് അഗാധമായ അറിവുണ്ടായിരുന്നിട്ടുപോലും, യഥാർത്ഥജീവിതത്തിൽനിന്നുള്ള ഇത്തരം കഥകൾ ഞങ്ങൾക്കൊരിക്കലും വായിക്കാൻ ഇടകിട്ടിയിട്ടില്ല.

ഒരു സമൂഹത്തിന്റെ ബൌദ്ധികവും സാമൂഹികവുമായ വളർച്ചയ്ക്ക് പരിഭാഷകൾ സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

നിർമ്മൽ : പൊതുവായ ഒരു ഭാഷയുടെ അഭാവത്തിൽ ജോലി ചെയ്യുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. ചത്തീസ്ഗഢിന്റെ അഞ്ച് ഭാഗങ്ങളിലായി – വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, മധ്യം – ഇരുപത്തിനാലിലധികം വിവിധ ചത്തീസ്ഗഢ് ഭാഷകൾ നിലനിൽക്കുന്നുണ്ട്. അതിനാൽ, ചത്തീസ്ഗഢിലേക്ക് വിവർത്തനം ചെയ്യുമ്പോൾ, പൊതുവായ ഒരു രൂപമില്ലാത്തതിന്റെ വെല്ലുവിളി നേരിടുന്നു. ഒരു പ്രത്യേക പദം തിരഞ്ഞെടുക്കുമ്പോൾ എനിക്ക് പലപ്പോഴും ആശയക്കുഴപ്പം അനുഭവപ്പെടാറുണ്ട്. അത്തരം അവസരങ്ങളിൽ പത്രപ്രവർത്തകരായ സുഹൃത്തുക്കൾ, സംശോധകർ, എഴുത്തുകാർ, അദ്ധ്യാപകർ, പുസ്തകങ്ങൾ എന്നിവയുടെ സഹായം ഞാൻ തേടുന്നു

സായ്നാഥിന്റെ സമ്മാനം നൽകുന്ന കരാറുകാരെ സൂക്ഷിക്കുക എന്ന കഥ ചെയ്യുമ്പോൾ ചത്തീസ്ഗഢിൽ അധികം ഉപയോഗത്തിലില്ലാത്ത പല ചത്തീസ്ഗഢ് വാക്കുകളും ഞാൻ കണ്ടു. ചത്തീസ്ഗഢിലെ സർഗുജ പ്രദേശം ഉറാംവ് ആദിവാസികൾ ഭൂരിപക്ഷമുള്ള ജാർഘണ്ടിനോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ്. ചത്തീസ്ഗഢി സംസാരഭാഷയിൽ കാടുകളുമായി ബന്ധപ്പെട്ട വാക്കുകൾ ധാരാളമാണ്. അതേ സമുദായത്തിലെ സ്ത്രീകളുമായി ബന്ധപ്പെട്ട കഥയായതുകൊണ്ട്, ഞാൻ ആദിവാസികളുമായി ബന്ധപ്പെടുന്ന, അവരുടെ ദൈനംദിന ജീവിതത്തിലെ വാക്കുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പക്ഷേ, ആ സമുദായത്തിലെ ജനങ്ങൾ കുറുഖ് എന്ന ഭാഷയിലാണ് സംസാരിക്കുന്നത് എന്നുമാത്രം.

സമുദായങ്ങൾക്ക് വെള്ളവും, കാടും ഭൂമിയും ഒന്നും പ്രാപ്യമല്ലാത്തതിനാൽ, അവരുടെ നിത്യജീവിതത്തിൽ ഒരിക്കൽ ഉപയോഗിച്ചിരുന്ന ചില വാക്കുകൾ - ‘ സുകുർ ദും’ , ‘ കൌ വ്വ’ , ‘ ഹാക്ക’ , ‘ ഹാക്കെ’ , ‘ ലാണ്ട’ , ‘ ഭാണ്ട’ , ‘ ഖേ ദ‘ , ‘ അൽകർ ഹ’ തുടങ്ങിയ വാക്കുകൾ ഇന്ന് ഉപയോഗത്തിലില്ല എന്നത് അത്ഭുതമുളവാക്കുന്ന കാര്യമാണ്.

PHOTO • Labani Jangi

‘പ്രധാനപ്പെട്ട ഒരുകാര്യം പരിഭാഷ വെറും ഭാഷാപരമായ ഒരു പ്രവൃത്തിയല്ല, ഇംഗ്ലീഷില്‍നിന്നുള്ള പരിഭാഷയിലേക്ക് മാത്രമായി ചുരുക്കാൻ പറ്റുന്നതുമല്ല. നമ്മുടെ പരിചിതപദങ്ങൾക്കപ്പുറത്തുള്ള സാഹചര്യങ്ങളിലേക്കെത്തുന്ന ഒന്നാണത്’ – പി. സായ്നാഥ്

പങ്കജ് : താൻ പരിഭാഷപ്പെടുത്തുന്നവരുടെ ജീവിതത്തിലേക്ക് ഒരു പരിഭാഷകൻ പ്രവേശിക്കേണ്ടത് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ആരുഷിന്റെ ഒരു കഥ എന്നെ ഒരു ഭിന്നലിംഗവ്യക്തിയും സ്ത്രീയും തമ്മിലുള്ള പ്രണയത്തിന്റെ തീക്ഷ്ണതയിലേക്ക് എത്തിക്കുക മാത്രമല്ല ചെയ്തത്. അവരുടെ സംഘർഷത്തിന്റെ സങ്കീർണ്ണതകളിലേക്കും അതെന്റെ ശ്രദ്ധ ക്ഷണിച്ചു. കൃത്യമായ വാക്കുകളെക്കുറിച്ച് ചിന്തിക്കാൻ ഞാൻ പഠിച്ചു. ഉദാഹരണത്തിന്, ‘റീ അസൈൻ‌മെന്റ് സർജറി’ എന്നത് ബ്രാക്കറ്റിലിട്ട്, ‘ലിംഗമുറപ്പാക്കൽ സർജറി’ എന്നതിന് പ്രാധാന്യം കൊടുക്കാൻ ഞാൻ ശ്രദ്ധിച്ചു.

ഭിന്നലിംഗ വ്യക്തികൾക്ക് അധിക്ഷേപാർഹമായോ അപമാനകരമായോ തോന്നാനിടയില്ലാത്ത വാക്കുകൾ ഞാൻ കണ്ടെത്തി. രൂപന്തോർകാമിപുരു അഥവാ രൂപാന്തോർകാമി നാരി എന്നോ, ലിംഗം നിർണ്ണയിക്കപ്പെട്ടാൽ, രൂപാന്തോരി യിട്ടോ പുരു അഥവാ രൂപാന്തോരി യിട്ടോ നാരി എന്നോ ഒക്കെ. അതൊരു മനോഹരമായ വാക്കാണ്. ഇനി ഒരു സ്വവർഗ്ഗാനുരാഗിയായ സ്ത്രീയ്ക്കും പുരുഷനും ഞങ്ങൾക്കൊരു വാക്കുണ്ട് – ഹോമോകാമി . എന്നാൽ വിഭിന്നലിംഗ (ക്വിയർ) ജനങ്ങളുടെ അഭിമാനത്തെ സൂചിപ്പിക്കുന്ന പൊതുവായ ഒരു വാക്ക് ഇതുവരെ ഞങ്ങളുടെ ഭാഷയിലില്ല. അതിനാൽ ഞങ്ങളത് അന്യഭാഷാപദത്തിൽ എഴുതി തൃപ്തിയടയുന്നു.

രാജസംഗീതൻ : പങ്കജ്, കോവിഡ്-19 മഹാവ്യാധികാലത്തെ ലൈംഗിക തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കഥയെക്കുറിച്ച് ഞാൻ ഓർക്കുന്നു. അത് എന്നെ വല്ലാതെ സ്വാധീനിച്ചു. ഈ പുതിയ രോഗത്തെ നിയന്ത്രിക്കാൻ ലോകം ശ്രമിച്ചുകൊണ്ടിരുന്നപ്പോൾ, വ്യവസ്ഥാപിതമായ ധാർഷ്ട്യത്തോടെയും നിസ്സംഗതയോടെയും ദരിദ്രരോട് പെരുമാറുകയായിരുന്നു നമ്മൾ. സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇരട്ടിക്കുകയും ചെയ്തുകൊണ്ടിരുന്നു. വിശേഷാവകാശങ്ങളുള്ളവർക്കുപോലും ജീവിതം ദുരിതമയമായിക്കൊണ്ടിരിക്കുമ്പോൾ, സമൂഹത്തിന്റെ പുറമ്പോക്കിലുള്ളവരെക്കുറിച്ച് ആലോചിക്കാൻ ആര് മിനക്കെടും? നമ്മുടെ മനസ്സാക്ഷിയിലേക്ക് ഒരിക്കലും കടന്നുവന്നിട്ടില്ലാത്ത ആ ആളുകളുടെ ദുരിതങ്ങളെ അഭിമുഖീകരിക്കാൻ ആകാംക്ഷയുടെ കാമാഠിപുര കഥ നമ്മെ നിർബന്ധിതരാക്കി.

ദേശവ്യാപകമായ അടച്ചുപൂട്ടൽ വന്നതോടെ, ശ്വാസം മുട്ടുന്ന കുടുസ്സുമുറികളിൽ ജീവിതകാലം മുഴുവൻ കഴിയുകയും തൊഴിലെടുക്കുകയും ചെയ്തിരുന്ന ആ തൊഴിലാളികൾക്ക്,   സ്കൂൾ പഠനം ഇല്ലാതായ കുട്ടികളേയും പാർപ്പിക്കേണ്ടിവന്നു. ഈ പുതിയ സാഹചര്യം കുട്ടികളിൽ ഉണ്ടാക്കുന്ന സ്വാധീനമെന്തായിരിക്കും? ഒരു ലൈംഗികത്തൊഴിലാളിയും അമ്മയുമായ പ്രിയയ്ക്ക്, അതിജീവനത്തിന്റേയും സ്വന്തം വികാരത്തിന്റേയുമിടയിൽ വീർപ്പുമുട്ടേണ്ടിവന്നു. തങ്ങളുടെ അസ്തിത്വത്തെ ചൂഴുന്ന ഇരുട്ടിനിടയിൽ, അവരുടെ മകൻ വിക്രമിന് ജീവിതത്തിന്റെ അർത്ഥം കണ്ടെത്താൻ ബുദ്ധിമുട്ടേണ്ടിയുംവന്നു.

കുടുംബം, സ്നേഹം, പ്രതീക്ഷ, സന്തോഷം, പരിപാലനം തുടങ്ങിയ ആശയങ്ങൾ ഈ കഥയിൽ ഭീകരമായ രൂപങ്ങളാർജ്ജിക്കുന്നു. അതേസമയം, സാമൂഹികമായ അർത്ഥം ബാക്കിയാവുകയും ചെയ്യുന്നു. പ്രതീക്ഷാനഷ്ടത്തിലും പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന മനുഷ്യാത്മാക്കളുടെ ആന്തരികചോദന എനിക്ക് മനസ്സിലായത്, ഈ കഥകൾ പരിഭാഷ ചെയ്തപ്പോഴാണ്.

സുധാമയി : ഇതിലധികം യോജിക്കാൻ എനിക്ക് സാധിക്കില്ല. ഈ കഥകൾ പരിഭാഷപ്പെടുത്തുന്നതിന് മുൻപ്, എൽ.ജി.ബി.ടി.ക്യു.ഐ.എ+ സമൂഹത്തെക്കുറിച്ച് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. സത്യം പറഞ്ഞാൽ എനിക്കാ മനുഷ്യരേയും ആ വിഷയത്തെത്തന്നെയും ഭയമായിരുന്നു. വഴിവക്കിലും, ട്രാഫിക്ക് സിഗ്നലുകളിലും അവരെ കാണുമ്പോൾ, അഥവാ, വീട്ടിലേക്കവർ വരുമ്പോൾ, അവരെ നോക്കാൻപോലും ഞാൻ ഭയപ്പെട്ടിരുന്നു. അവരെന്തോ അസ്വാഭാവിക ജീവികളാണെന്ന് ഞാൻ കരുതി.

എന്നാൽ, ഈ സമൂഹത്തെക്കുറിച്ചുള്ള കഥകൾ ചെയ്യാൻ തുടങ്ങിയപ്പോൾ, ഈ വിഷയത്തെക്കുറിച്ച് അറിയാവുന്നവരോടും ആ വിഷയത്തെ സൂചിപ്പിക്കുന്ന പദാവലികളോട് നീതി ചെയ്യുന്നവരേയും ഞാൻ കണ്ടെത്താൻ ശ്രമിച്ചു. വായനയിലൂടെയും, മനസ്സിലാക്കലിലൂടെയും, പിന്നീട് ഈ കഥകൾ എഡിറ്റ് ചെയ്തതിലൂടെയും ഞാൻ ഇക്കാര്യത്തിൽ കൂടുതൽ ധാരണകൾ നേടുകയും ഭിന്നലിംഗരോടുള്ള എന്റെ ഭയത്തെ മറികടക്കുകയും ചെയ്തു. ഇപ്പോൾ അവരെ എവിടെവെച്ച് കണ്ടാലും, ഞാൻ അവരോട് അല്പം കുശലപ്രശ്നം നടത്താറുണ്ട്.

സ്വന്തം മുൻ‌വിധികൾ മറികടക്കാനും, വളരാനുമുള്ള ഒരു വഴിയാണ് പരിഭാഷ എന്ന് ഞാൻ പറയും.

PHOTO • Labani Jangi

പ്രണതി : വിവിധ സംസ്കാരങ്ങളെക്കുറിച്ച് ഞങ്ങൾ പരിഭാഷപ്പെടുത്തിയ കഥകളെക്കുറിച്ച് എനിക്കും ഇതുതന്നെയാണ് തോന്നുന്നത്. വിവിധ സാംസ്കാരിക സ്രോതസ്സുകളിൽനിന്ന് വരുന്ന കഥകളെ സൂക്ഷ്മമായി വായിച്ചും ശ്രദ്ധാപൂർവ്വം പരിഭാഷപ്പെടുത്തിയും വൈവിധ്യമുള്ള സാംസ്കാരികരീതികളെക്കുറിച്ചുള്ള ഒരു ഏകദേശജ്ഞാനം നേടാൻ ഒരു പരിഭാഷകന് സാധിക്കും. കഥ ആദ്യം പ്രസിദ്ധീകരിച്ച ഭാഷയിലെ ഇതിവൃത്തത്തിന്റെ സൂക്ഷ്മഭേദങ്ങൾ മനസ്സിലാക്കാൻ അത് അത്യന്താപേക്ഷിതമാന്.

ഇന്ത്യപോലുള്ള മുൻ ബ്രിട്ടീഷ് കോളനികളിൽ, ആളുകളെ പരസ്പരം ബന്ധപ്പെടുത്തിയിരുന്നത് ഇംഗ്ലീഷായിരുന്നു. ചിലപ്പോൾ നമുക്ക് ആളുകളുടെ യഥാർത്ഥ ഭാഷ അറിയാതെ വരുമ്പോൾ, നമ്മുടെ ജോലിക്കായി ഇംഗ്ലീഷിനെ ആശ്രയിക്കേണ്ടിവരും. എന്നാൽ വിവിധ സംസ്കാരങ്ങളെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും ഭാഷകളെക്കുറിച്ചും അവധാനതയോടെയും ക്ഷമയോടെയും പഠിക്കുന്ന മനസ്സാക്ഷിയുള്ള ഒരു പരിഭാഷകന് മെച്ചപ്പെട്ട ഫലങ്ങൾ നൽകാൻ സാധിക്കും.

രാജീവ് : എത്ര ക്ഷമയോടെ ശ്രമിച്ചാലും, ചിലപ്പോൾ ഒരു കഥ ചെയ്യുമ്പോൾ, പ്രത്യേകിച്ചും തൊഴിലുമായി ബന്ധപ്പെട്ട കഥകൾ- അതിലെ പദങ്ങൾക്ക് തത്തുല്യമായ പദങ്ങൾ എന്റെ ഭാഷയിൽ കിട്ടാൻ ബുദ്ധിമുട്ട് നേരിടാറുണ്ട്. തൊഴിലിന്റെ വിശദമായ പ്രക്രിയകളും, ഉപകരണങ്ങളുടെ പേരും മൊഴിമാറ്റുന്നത് ഒരു വെല്ലുവിളിതന്നെയാണ്. കശ്മീരിലെ നെയ്ത്തുകാരെക്കുറിച്ചുള്ള ഉഫാഖ് ഫാത്തിമയുടെ കഥയിൽ ‘ചർഖാന’, ചാഷ്മ്-ഇ-ബുൾബുൾ’ തുടങ്ങിയ വാക്കുകൾ മൊഴിമാറ്റാൻ പെടാപ്പാട് പെട്ടു. മലയാളത്തിൽ അവയ്ക്ക് കൃത്യമായ പദങ്ങൾ എന്റെ അറിവിൽ ലഭ്യമല്ല. അതുകൊണ്ട്, അല്പം വളഞ്ഞ വഴിയിലൂടെ എനിക്ക് ആ വാക്കുകൾ പരിഭാഷപ്പെടുത്തേണ്ടിവന്നു. ‘പട്ട്’ എന്ന വാക്കെടുക്കാം. കശ്മീരിൽ അതിന്റെ അർത്ഥം, നെയ്ത കമ്പിളിത്തുണി എന്നാണ്. മലയാളത്തിലാകട്ടെ, അതിമൃദുലമായ ഒരു വസ്ത്രത്തെയാണ് പട്ട് എന്ന് വിളിക്കുന്നത്.

കമർ : ഉറുദുവിലും പദസഞ്ചയം വളരെ ശോഷിച്ചതാണ്. പ്രത്യേകിച്ചും പാരിയിൽ വന്ന കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ചും, സ്ത്രീകളിലെ സന്താനോത്പാദന അവകാശങ്ങളെ യും‌പോലുള്ള കഥകൾ ചെയ്യേണ്ടിവരുമ്പോൾ. എന്നാൽ ഹിന്ദിയുടെ കാര്യം വ്യത്യസ്തമാണ്. കേന്ദ്രസർക്കാരിന്റെ സഹായം കിട്ടുന്ന ഭാഷയണത്; സംസ്ഥാന സർക്കാരിന്റെ പിന്തുണയും കിട്ടുന്നുണ്ട്. അതിന് പ്രതിജ്ഞാബദ്ധരായ സ്ഥാപനങ്ങളും നിലവിലുണ്ട്. അതിനാൽ, ഉറുദുവിൽനിന്ന് വ്യത്യസ്തമായി, പുതിയ പദാവലികളൊക്കെ ആ ഭാഷയിൽ വേഗം പ്രത്യക്ഷപെടുന്നു. ഞങ്ങൾക്കാകട്ടെ, പല പദങ്ങൾക്കും ഇംഗ്ലീഷ് വാക്കുകളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു.

ഒരുകാലത്ത് പ്രധാനപ്പെട്ട ഭാഷയായിരുന്നു ഉറുദു. ദില്ലി കോളേജ്, ഹൈദരബാദിലെ ഒസ്മാനിയ സർവ്വകലാശാല എന്നിവ, ഉറുദു പാഠങ്ങൾ മൊഴിമാറ്റുന്നതിൽ പ്രശസ്തമായിരുന്നു എന്ന് ചരിത്രം നമ്മളോട് പറയുന്നു. കൊൽക്കൊത്തയിലെ ഫോർട്ട് വില്ല്യം കൊളേജിന്റെ ഉദ്ദേശ്യം‌തന്നെ, പരിഭാഷകൾ നടത്തുന്നതിനായി, ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഇന്ത്യൻ ഭാഷകളിൽ പരിശീലനം കൊടുക്കുക എന്നതായിരുന്നു. ഇന്ന് ആ കേന്ദ്രങ്ങളെല്ലാം മൃതപ്രായമായി. 1947-നുശേഷവും ഉറുദുവും ഹിന്ദിയും തമ്മിലുണ്ടായ യുദ്ധങ്ങൾ നമ്മൾ കണ്ടതാണ്, ഉറുദുവിന് ലഭിച്ചിരുന്ന പ്രാധാന്യം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു.

PHOTO • Labani Jangi

കമൽജിത്ത് : രാഷ്ട്രത്തിന്റെ വിഭജനം, ഭാഷകളുടെ വിഭജനത്തിന് കാരണമായി എന്ന് കരുതുന്നുണ്ടോ? ജനങ്ങളെ ഭിന്നിപ്പിക്കാനാവുമെങ്കിലും ഭാഷയെ ഭിന്നിപ്പിക്കാനാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

കമർ : ഒരുകാലത്ത്, ഉറുദു ഭാഷ എന്നത്, മുഴുവൻ രാഷ്ട്രത്തിനും അവകാശപ്പെട്ടതായിരുന്നു. ദക്ഷിണഭാരതത്തിൽ‌പ്പോലും അത് നിലനിന്നിരുന്നു. ദക്ഷണി (അഥവാ ഡെക്കാനി) ഉറുദു എന്നായിരുന്നു അതിനെ അവർ വിളിച്ചിരുന്നത്. ആ ഭാഷയിൽ എഴുതിയിരുന്ന കവികളുണ്ടായിരുന്നു. അവരുടെ കൃതികൾ പ്രാമാണിക ഉറുദു സിലബസ്സിന്റെ ഭാഗവുമായിരുന്നു. എന്നാൽ മുസ്ലിം ഭരണത്തിന്റെ അവസാനത്തോടെ അത് അവസാനിച്ചു. ആധുനിക ഇന്ത്യയിൽ, ഉത്തർ പ്രദേശ്, ബിഹാർ, ബംഗാൾ തുടങ്ങിയ ഹിന്ദി മേഖലയിൽ മാത്രമാണ് ഇന്ന് അത് നിലനിൽക്കുന്നത്.

ഇവിടങ്ങളിൽ സ്കൂളുകളിൽ ഉറുദു പഠിപ്പിച്ചിരുന്നു. അതിന് ഹിന്ദുവാകണമെന്നോ മുസ്ലിമാവണമെന്നോ ഒരു നിർബന്ധവുമില്ലായിരുന്നു. മാധ്യമരംഗത്ത്, വളരെ ഉയർന്ന പദവിയിലിരിക്കുന്ന പല ഹിന്ദുക്കളും, ഉറുദു അറിയാമെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് സ്കൂളുകളിൽ പഠിച്ചതായിരുന്നു അവരത്. എന്നാലിന്ന് അവർ ഉറുദു പഠിപ്പിക്കുന്നില്ല. സ്കൂളുകളിൽ പഠിപ്പിക്കാതിരുന്നാൽ എങ്ങിനെയാണ് ഒരു ഭാഷ അതിജീവിക്കുക?

മുമ്പൊക്കെ, ആളുകൾക്ക്, ഉറുദു പഠിച്ചാൽ ജോലി സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോൾ സാധ്യമല്ല. ഉറുദു മാധ്യമത്തിനുവേണ്ടി എഴുതിയിരുന്നവരും, ഉറുദു മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നവരും കുറച്ചുകാലം മുമ്പുവരെ ഉണ്ടായിരുന്നു. എന്നാൽ 2014-നുശേഷം, ഫണ്ടുകൾ കിട്ടാത്തതുമൂലം പത്രങ്ങൾപോലും മരിച്ചു. ആ ഭാഷ സംസാരിക്കുന്ന ആളുകളുണ്ട്. എന്നാൽ, അത് വായിക്കാനും എഴുതാനും അറിയാവുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുന്നു.

ദേവേഷ്: നമ്മുടെ ഭാഷയുടേയും രാഷ്ട്രീയത്തിന്റേയും ദുരന്ത യാഥാർത്ഥ്യമാണ് ഇത് കമർദാ. അപ്പോൾ താങ്കളിവിടെ പരിഭാഷപ്പെടുത്തുന്ന കഥകൾ ആരാണ് വായിക്കുന്നത്? താങ്കൾ ചെയ്യുന്ന ജോലികൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?

കമർ: പാരിയിൽ ചേർന്നയുടൻ നടന്ന വാർഷിക സമ്മേളനത്തിൽ ആദ്യമായി പങ്കെടുത്തപ്പോൾ, എന്റെ ഭാഷയെ സംരക്ഷിക്കുന്നതിൽ താത്പര്യമുള്ളവരെയാണ് ഞാനവിടെ കണ്ടുമുട്ടിയതെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഇന്നും ഞാൻ പാരിയിൽ നിൽക്കുന്നത്. കേവലം ഉറുദുവിനോടുള്ള സ്നേഹംകൊണ്ട് മാത്രമല്ല. വംശനാശം സംഭവിക്കുന്ന ഭാഷകളെ നാശത്തിൽനിന്നും വിസ്മൃതിയിൽനിന്നും സംരക്ഷിക്കാൻ ഈ ആർക്കൈവ് പ്രതിജ്ഞാബദ്ധമാണെന്ന തോന്നലുള്ളതുകൊണ്ടാണ് അത്.

ദേവേഷ് (ഹിന്ദി), ജോഷ്വ ബോധിനേത്ര (ബംഗാളി), കമൽജിത്ത് കൌർ (പഞ്ചാബി), മേധാ കാലെ (മറാത്തി), മൊഹമ്മദ് കമർ തബ്രീസ് (ഉറുദു), നിർമൽ കുമാർ സാഹു (ചത്തീസ്ഗഢി), പങ്കജ് ദാസ് (അസമീസ്), പ്രണതി പരീദ (ഒഡിയ), പ്രതിഷ്ത പാണ്ഡ്യ (ഗുജറാത്തി), രാജസംഗീതം (തമിശ്), രാജീവ് ചേലനാട്ട് (മലയാളം), സ്മിത ഖാടോർ (ബംഗ്ല), സ്വർണ്ണ കാന്ത (ഭോജ്പുരി), ശങ്കർ എൻ. കെഞ്ചാനുരു (കന്നഡ), സുധാമയി സത്തെനപള്ളി (തെലുഗു) എന്നിവരടങ്ങുന്ന പാരി-ഭാഷാ സംഘം എഴുതിയ കഥയാണിത്. സ്മിത ഖാടോർ, മേധാ കാലെ, ജോഷ്വ ബോധിനേത്ര എന്നിവരുടെ പിന്തുണയോടെ ഇത് എഡിറ്റ് ചെയ്തത് പ്രതിഷ്ത പാണ്ഡ്യ. ഫോട്ടോ എഡിറ്റിംഗ് ചെയ്തത് ബിനായ്ഫർ ഭറൂച്ച.

പരിഭാഷ: രാജീവ് ചേലനാട്ട്

PARIBhasha Team

பாரிபாஷா என்பது இந்திய மொழிகளில் கட்டுரைகளை அளிப்பதற்கும் அக்கட்டுரைகளை மொழிபெயர்ப்பதற்குமான எங்களின் தனித்துவமான இந்திய மொழிகள் திட்டம் ஆகும். பாரியின் ஒவ்வொரு கட்டுரையின் பயணத்திலும் மொழிபெயர்ப்பு பிரதானமான பங்கை வகிக்கிறது. ஆசிரியர்கள், மொழிபெயர்ப்பாளர்கள் மற்றும் தன்னார்வலர்கள் கொண்ட எங்களின் குழு, நாட்டின் பலதரப்பட்ட மொழி மற்றும் பண்பாட்டு பரப்புகளை பிரதிநிதித்துவப்படுத்தி அமைக்கப்பட்டிருக்கிறது. கட்டுரைகள், அவற்றின் மாந்தர்களுக்கு மீண்டும் சென்றடைவதையும் அது உறுதிப்படுத்துகிறது.

Other stories by PARIBhasha Team
Illustrations : Labani Jangi

லபானி ஜங்கி 2020ம் ஆண்டில் PARI மானியப் பணியில் இணைந்தவர். மேற்கு வங்கத்தின் நாடியா மாவட்டத்தைச் சேர்ந்தவர். சுயாதீன ஓவியர். தொழிலாளர் இடப்பெயர்வுகள் பற்றிய ஆய்வுப்படிப்பை கொல்கத்தாவின் சமூக அறிவியல்களுக்கான கல்வி மையத்தில் படித்துக் கொண்டிருப்பவர்.

Other stories by Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat