97 വയസ്സുള്ള ഒരാളുടേതെന്ന് ഒരിക്കലും വിശ്വസിക്കാനാവാത്തവണ്ണം മനോഹരവും മുഴക്കമുള്ളതുമായിരുന്നു ലോഖികാന്തോ മഹാത്തോ എന്ന ഗായകന്റെ ശബ്ദം. കാഴ്ചയിൽ രബീന്ദ്രനാഥ ടാഗോറിനെ അനുസ്മരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രൂപവും സുഭഗമായിരുന്നു.
2022 മാർച്ചിൽ ഞങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ, തന്റെ ആത്മസുഹൃത്ത് തേലു മഹാത്തോവിന്റെ കൂടെ, പശ്ചിമ ബംഗാളിലെ പീഡ ഗ്രാമത്തിലെ ഒറ്റമുറി മൺവീട്ടിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു അദ്ദേഹം.
തേലുവിന് അപ്പോൾ 103 വയസ്സുണ്ടായിരുന്നു. 2023-ൽ അദ്ദേഹം അന്തരിച്ചു. വായിക്കുക. തേലു മഹാതോ നിർമ്മിച്ച കിണർ
ആ മേഖലയിലെ അവസാനത്തെ സ്വാതന്ത്ര്യപ്പോരാളികളിൽ ഒരാളായിരുന്നു തേലു അപ്പൂപ്പൻ. എൺപത് വർഷം മുമ്പ്, അദ്ദേഹം പുരുളിയ (പുരൂരുലിയ) ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. 1942-ലായിരുന്നു അത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ പ്രാദേശിക പ്രവർത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു അത്.
17 വയസ്സിന് മുകളിലുള്ളവർ മാത്രമേ ഖെരാവോയിൽ പങ്കെടുക്കാവൂ എന്ന് നേതാക്കന്മാർ നിശ്ചയിച്ചിരുന്നതിനാൽ, 17 വയസ്സിന് അല്പം ഇളപ്പം മാത്രമുണ്ടായിരുന്ന ചെറിയ ലോഖിക്ക് അന്ന് ആ പൊലീസ് സ്റ്റേഷൻ സംഭവങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
സ്വാതന്ത്ര്യപ്പോരാളികളെക്കുറിച്ചുള്ള വാർപ്പുമാതൃകകളിൽ - പ്രത്യേകിച്ചും രാജ്യവും ഉപരിവർഗ്ഗവും നിർമ്മിച്ചിരുന്ന മാതൃകകളിൽ - ഉൾപ്പെടുന്നവരല്ല തേലുവും ലോഖിയും. എന്നാൽ, എണ്ണം തികയ്ക്കാൻമാത്രമുള്ളവരിലും പെടുന്നവരായിരുന്നില്ല അവർ. തങ്ങളുടെ വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുള്ളവരായിരുന്നു അവരിരുവരും. കൃഷിയെക്കുറിച്ചും പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചും നല്ല ജ്ഞാനമുള്ളയാളായിരുന്നു തേലു. ലോഖിക്കാകട്ടെ, സംഗീതത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും.
ചെറുത്തുനിൽപ്പിന്റെ സാംസ്കാരികവിഭാഗത്തിലാണ് ലോഖി പങ്കെടുത്തത്. ധംസയും (ഒരു വലിയ പെരുമ്പറ) മഡോലും (കൈയ്യിലൊതുങ്ങുന്ന ഒരു ഡ്രം) പോലുള്ള ഗോത്രവാദ്യങ്ങൾ ഉപയോഗിച്ച് അവതരണങ്ങൾ നടത്തിയിരുന്ന ഒരു ട്രൂപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. സന്താളുകൾ, കുറുമികൾ, ബിർഹോറുകൾ, മറ്റ് ആദിവാസി സമൂഹങ്ങൾ എന്നിവർ പൊതുവായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളായിരുന്നു അവ. നിരുപദ്രവമെന്ന് തോന്നിപ്പിക്കുന്ന നാടൻ പാട്ടുകളും ചിലപ്പോൾ അവർ പാടുക പതിവായിരുന്നു. എന്നാൽ, ആ പഴയ കാലത്തിന്റെ പശ്ചാത്തലത്തിൽവെച്ച് ആ പാട്ടുകളെ പരിശോധിച്ചാൽ, വ്യത്യസ്തമായ പല അർത്ഥതലങ്ങളും അതിൽ കാണാനും കഴിഞ്ഞേക്കും.
“ഞങ്ങൾ ഇടയ്ക്കിടയ്ക്ക്, ‘വന്ദേ മാതരം’ എന്ന് ഒച്ചയിൽ വിളിക്കാറുണ്ടായിരുന്നു”, ലോഖി പറഞ്ഞു. വാദ്യങ്ങൾ മുഴക്കി, ബ്രിട്ടന്റെ ഭരണത്തിനെതിരേ കലാപത്തിന്റെ സന്ദേശം പ്രചരിപ്പിച്ചിരുന്ന പാട്ടുകാരെയും സന്ദേശവാഹകരെയും കുറിച്ച് പരാമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവർക്ക് ആ മുദ്രാവാക്യത്തോടോ പാട്ടുകളോടോ വലിയ അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. “പക്ഷേ ബ്രിട്ടീഷുകാരെ അത് വിറളി പിടിപ്പിച്ചു”, പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം ഓർത്തെടുക്കുന്നു.
ഇരുവർക്കും സ്വാതന്ത്ര്യസമര പെൻഷൻ നിഷേധിക്കപ്പെട്ടു. ആ ശ്രമം അവർ ഉപേക്ഷിച്ചിട്ടും കാലമേറെയായി. 1,000 രൂപ പ്രതിമാസ വാർദ്ധക്യ പെൻഷനിലാണ് തേലുവിന്റെ ജീവിതം. ലോഖുവിനാകട്ടെ, ഒരേയൊരു മാസം, വാർദ്ധക്യ പെൻഷൻ കിട്ടി. പിന്നെ അത് നിന്നു. അതിനുള്ള കാരണവും അജ്ഞാതമാണ്.
ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി, യുവാക്കളായിരുന്ന തേലുവിനെയും ലോഖിയേയും പോലെ, ജീവിതത്തിന്റെ വിവിധ പശ്ചാത്തലത്തിൽനിന്നുള്ളവർ മുന്നോട്ടുവന്നു. വ്യക്തിപരമായി ഗാന്ധിയന്മാരും, ആദർശധീരതകൊണ്ട് ഇടതുപക്ഷവുമായിരുന്നവർ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരേ ആദ്യമായി കലാപത്തിനിറങ്ങിയ കുറുമി സമുദായക്കാരാണ് തേലുവും ലോഖിയും.
കുറുമി സമുദായക്കാരുടെ വിളവുത്സവമായ തുസുവുമായി ബന്ധപ്പെട്ട ഒരു തുസു ഗാനം ലോഖി ഞങ്ങൾക്കായി പാടിത്തന്നു. മതപരമെന്നതിനേക്കാൾ, മതേതരസ്വഭാവമുള്ള ഒന്നാണ് തുസു ആഘോഷം. ആദ്യകാലങ്ങളിൽ, അവിവാഹിതകളായ പെൺകുട്ടികളായിരുന്നു ഈ പാട്ടുകൾ പാടിയിരുന്നത്. എന്നാൽ കാലക്രമത്തിൽ വലിയൊരു സംഘം ഇതിന്റെ പിന്നിൽ വളർന്നുവന്നു. ലോഖി പാടുന്ന പാട്ടുകളിൽ, തുസു എന്നത് ഒരു യുവതിയുടെ ആത്മാവാണ്. ഉത്സവത്തിന്റെ അവസാനം കുറിക്കുന്ന പാട്ടാണ് രണ്ടാമത്തേത്.
টুসু নাকি দক্ষিণ যাবে
খিদা লাগলে খাবে কি?
আনো টুসুর গায়ের গামছা
ঘিয়ের মিঠাই বেঁধে দি।
তোদের ঘরে টুসু ছিল
তেই করি আনাগোনা,
এইবার টুসু চলে গেল
করবি গো দুয়ার মানা।
തെക്കോട്ട് പോകുന്നു തുസുവെന്ന് കേട്ടു ഞാൻ
വയർ വിശന്നാൽ പിന്നെ എന്ത് തിന്നും അവൾ?
ഒരു തുസു ഗംച്ച കൊണ്ടുവന്നാലിപ്പോൾ ഞാൻ
നെയ്യുപുരട്ടിയ മധുരങ്ങളവൾക്ക് നൽകാം
തുസു ഇവിടെ താമസിക്കുമ്പോൾ
ഞാൻ പതിവായി നിന്റെ വീട്ടിൽ വരാറുണ്ടായിരുന്നു
ഇപ്പോൾ തുസു യാത്രയായി
എനിക്കിനെ നിന്റെ വീട്ടിൽ സ്ഥാനമില്ല
*ഗംച്ച: ഒരു നേർമ്മയുള്ള പരുക്കൻ പരുത്തിത്തുണി. തൂവാലയായോ സ്കാർഫായോ ഉപയോഗിക്കുന്ന ഒന്ന്. വിവിധ ഉപയോഗങ്ങളുള്ള ഒരു അലങ്കാരത്തുണി എന്നും അർത്ഥമുണ്ട്.
കവർ ചിത്രം: സ്മിത ഖട്ടോർ
പരിഭാഷ: രാജീവ് ചേലനാട്ട്