വീടിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ 70 വയസ്സുള്ള ബൽദേവ് കൌർ തപ്പിത്തടഞ്ഞ് നടന്നു. തങ്ങളുടെ കൃഷിയിടത്തിൽ അവരുടെ കുടുംബം ഒരിക്കൽ നിർമ്മിച്ച വീടായിരുന്നു അത്. ഇപ്പോഴും ബാക്കിവന്ന മുറികളുടെ ചുമരുകളിൽ നെടുനീളൻ വിള്ളലുകളുണ്ടായിരുന്നു.

“പുരപ്പുറത്ത് മഴയും ആലിപ്പഴവും വർഷിച്ചപ്പോൾ രാത്രി മുഴുവൻ ഞങ്ങൾ ഉറങ്ങാതെ ചിലവഴിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു”, പരുത്തി സൽ‌വാർ കമ്മീസ് ധരിച്ച്, ഒരു ദുപ്പട്ടകൊണ്ട് തല മറച്ച, തലമുടി നരച്ച ബൽദേവ് പറഞ്ഞു. “രാവിലെ, ഉത്തരത്തിൽനിന്ന് വെള്ളം ഒലിച്ചിറങ്ങാൻ തുടങ്ങിയപ്പോൾ ഞങ്ങളെല്ലാവരും പുറത്തേക്കോടി”.

സൂര്യൻ പുറത്തേക്ക് വന്നതോടെ, വീട് ഇടിയാൻ ആരംഭിച്ചു എന്ന് ബൽദേവിന്റെ ഇളയ പുത്രവധു, 26 വയസ്സുള്ള അമൻ‌ദീപ് കൌർ പറഞ്ഞു. “വീട് ഇടിഞ്ഞ് ചുറ്റും കിടന്നു. ബൽദേവിന്റെ മൂത്ത മകൻ 35 വയസ്സുള്ള ബൽജിന്ദർ സിംഗ് പറഞ്ഞു.

ഇതിനുമുമ്പൊരിക്കലും ഇത്തരമൊരു തകർച്ച ബൽദേവ് കൌറും മൂന്ന് കുട്ടികളടക്കം ഏഴുപേരുള്ള അവരുടെ കുടുംബവും കണ്ടിരുന്നില്ല. 2023 മാർച്ചിലെ അസമയത്തുള്ള മഴയും അതോടൊപ്പമുണ്ടായ ആലിപ്പഴവർഷവും വിളകളേയും വീടുകളേയും തകർത്ത് തരിപ്പണമക്കി. ശ്രീ മുക്ത്സർ സാഹിബ് ജില്ലയിലെ ഗിദ്ദർബഹ ബ്ലോക്കിലെ ബലയ്യാന ഗ്രാമത്തിലായിരുന്നു അവരുടെ വീടും കൃഷിയിടവും. തെക്ക്-പടിഞ്ഞാറൻ പഞ്ചാബിന്റെ ഈ മേഖലയുടെ തെക്കേ അതിർത്തിയിൽ രാജസ്ഥാനും കിഴക്ക് ഹരിയാനയുമാണ്.

മൂന്ന് ദിവസം ആ മഴയും ആലിപ്പഴവർഷവും തുടർന്നതോടെ ബൽജിന്ദർ പരിഭ്രമിക്കാൻ തുടങ്ങി. കുടുംബത്തിന് സ്വന്തമായുള്ള 5 ഏക്കറിന് പുറമേ, മറ്റൊരു 10 ഏക്കർ കൃഷിഭൂമികൂടി വാടകക്കെടുക്കാൻ, ഒരു അർതിയയിൽനിന്ന് (കാർഷികവിള ദല്ലാൾ) 6.5 ലക്ഷം രൂപ അവർ കടം വാങ്ങിയിരുന്നു. ഗോതമ്പ് ലഭിച്ചില്ലെങ്കിൽ, കുടുംബത്തിന് നിലനിൽക്കാനോ കടം തിരിച്ചടക്കാനോ മറ്റ് വഴിയില്ലായിരുന്നു.

“പാകമാ‍വാൻ തുടങ്ങിയ വിളയെ ആദ്യം നശിപ്പിച്ചത് ആലിപ്പഴവർഷമാണ്. പിന്നെ മഴയുംകൂടി പെയ്തതോടെ, പാടം മുഴുവൻ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങി. വെള്ളത്തിന് ഒലിച്ചുപോകാൻ വഴിയുണ്ടായിരുന്നില്ല. വിളകൾ അതിൽക്കിടന്ന് ചീഞ്ഞു”, ബൽജിന്ദർ പറഞ്ഞു. “ആ 15 ഏക്കറിൽ ഇപ്പൊഴും കൃഷി നശിച്ചുകിടക്കുകയാണ്”, ഏപ്രിൽ മധ്യത്തിൽ കണ്ടപ്പോൾ ബൽജിന്ദർ പറഞ്ഞു.

Left: Baldev Kaur standing amidst the remains of her home in Bhalaiana, Sri Muktsar Sahib district of Punjab. The house was built by her family on their farmland.
PHOTO • Sanskriti Talwar
Right: Baldev Kaur’s younger daughter-in-law Amandeep Kaur next to the shattered walls of the destroyed house
PHOTO • Sanskriti Talwar

ഇടത്ത്: ശ്രീ മുക്ത്സർ സാഹിബ് ജില്ലയിലെ ഭലയ്യാനയിലെ തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിൽക്കുന്ന ബൽദേവ് കൌർ. അവരുടെ കുടുംബം കൃഷിയിടത്തിൽ നിർമ്മിച്ചതായിരുന്നു ആ വീട്. വലത്ത്: തകർന്നടിഞ്ഞ വീടിന്റെ വിണ്ടുകീറിയ ചുമരുകൾക്ക് സമീപം നിൽക്കുന്ന, ബൽദേവ് കൌറിന്റെ ഇളയ പുത്രവധു അമൻ‌ദീപ് കൌർ

Left: Baldev Kaur’s eldest son Baljinder Singh had taken a loan to rent 10 acres of land.
PHOTO • Sanskriti Talwar
Right: Damaged wheat crop on the 15 acres of farmland cultivated by Baldev Kaur’s family.
PHOTO • Sanskriti Talwar

ഇടത്ത്: ബൽദേവ് കൌറിന്റെ മൂത്ത മകൻ ബൽജിന്ദർ സിംഗ്, 10 ഏക്കർ ഭൂമി വാടകക്കെടുക്കാൻ ഒരു വായ്പയെടുത്തിരുന്നു. വലത്ത്: ബൽദേവ് കൌറിന്റെ കുടുംബം കൃഷി ചെയ്യുന്ന 15 ഏക്കർ പാടത്തെ നശിച്ചുപോയ ഗോതമ്പ് കൃഷി

ഒക്ടോബറിനും ഡിസംബറിനുമിടയിൽ വിതയ്ക്കുന്ന റാബി വിളവാണ് ഈ ഭാഗങ്ങളിൽ ഗോതമ്പ്. വിത്തുകളിൽ അന്നജവും പ്രോട്ടീനും അടിഞ്ഞുകൂടാൻ തുടങ്ങുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങൾ നിർണ്ണായകമാണ്.

ചണ്ഡീഗഢിലെ ഇന്ത്യാ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ കണക്കുപ്രകാരം സാധാരണയായി 22.2 മില്ലീമീറ്റർ മഴ കിട്ടേണ്ട മാർച്ച് മാസത്തിൽ ഇക്കൊല്ലം മാർച്ച് 24-നും 30-നുമിടയിൽ പഞ്ചാബിന് കിട്ടിയത് 33.8 മില്ലീമീറ്റർ മഴയായിരുന്നു. മാർച്ച് 24-ന് മാത്രം 30 എം.എം. മഴ കിട്ടിയതായി ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി അടയാളപ്പെടുത്തിയിട്ടുണ്ട് .

അസമയത്തുള്ള മഴയും ആലിപ്പഴവർഷവും വിളകൾക്ക് നാശമാവുമെന്ന് ബൽജിന്ദറിന് അറിയാമായിരുന്നു. എന്നാൽ, രണ്ട് വർഷം മുമ്പ് കുടുംബം നിർമ്മിച്ച വീട് തകർന്നത്, അധികദുരന്തമായി മാറി.

“പുറത്ത് പോയി വരുമ്പോഴൊക്കെ, വീട്ടിലേക്ക് നോക്കുമ്പോൾത്തന്നെ എന്റെ ഹൃദയത്തിൽ ഒരു ആശങ്കയാണ്”, ബൽദേവ് പറഞ്ഞു.

കൃഷിയിൽനിന്നുള്ള നഷ്ടം 6 ലക്ഷത്തിന് മീതെയാണെന്ന് കുടുംബം കണക്കാക്കുന്നു. ഒരേക്കറിൽനിന്ന് 60 മന്ന് (ഒരു മന്ന് എന്നാൽ 37 കിലോഗ്രാം) കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അവർക്ക് ഒരേക്കറിൽനിന്ന് കിട്ടുന്നത് വെറും 20 മന്ന് മാത്രമാണ്. വീറ്റ് പുതുക്കിപ്പണിയുക എന്നത് ഒരു അധികച്ചിലവുകൂടിയാണ്. വേനൽ എത്താറായതിനാൽ അത് അടിയന്തിരവുമാണ്.

“എല്ലാം പ്രകൃതി കാരണം”, ബൽജിന്ദർ പറഞ്ഞു.

Left: Baldev Kaur picking her way through the rubble of her ancestral home.
PHOTO • Sanskriti Talwar
Right: The family shifted all their belongings to the room that did not get destroyed by the untimely rains in March 2023
PHOTO • Sanskriti Talwar

ഇടത്ത്: തന്റെ പൂർവ്വികഗൃഹത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ നടക്കുന്ന ബൽദേവ് കൌർ. വലത്ത്: 2023 മാർച്ചിലെ മഴയിൽ തകരാതെ രക്ഷപ്പെട്ട ഒരു മുറിയിലേക്ക് കുടുംബം തങ്ങളുടെ സാധനങ്ങളെല്ലാം മാറ്റി

Left: Farmland in Bhaliana village, destroyed by the changing climate.
PHOTO • Sanskriti Talwar
Right: Gurbakt Singh is an activist of the Bhartiya Kisan Union (Ekta-Ugrahan). At his home in Bhaliana
PHOTO • Sanskriti Talwar

ഇടത്ത്: കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചുപോയ, ഭൈലാ‍നാ ഗ്രാമത്തിലെ കൃഷിയിടം. വലത്ത്: ഭാരതീയ കിസാൻ യൂണിയന്റെ (ഏക്താ-ഉഗ്രഹാൻ) പ്രവർത്തകനാണ് ഗുർഭക്ത് സിംഗ്. ഭൈലാനയിലെ വീട്ടിൽ

പ്രവചിക്കാനാവാത്ത കാലാവസ്ഥാ രീതികൾ കർഷകരെ എല്ലായ്പ്പോഴും ഭീതിപ്പെടുത്തുന്നുവെന്ന്, ഭാരതീയ കിസാൻ യൂണിയന്റെ (ഏക്താ-ഉഗ്രഹാൻ) പ്രവർത്തകനും ഭൈലാനാ ഗ്രാമക്കാരനുമായ 64 വയസ്സുള്ള ഗുർഭക്ത് സിംഗ് പറയുന്നു. “സർക്കാരിന്റെ തെറ്റായ നയങ്ങൾമൂലമാണ് ഇത് സംഭവിക്കുന്നത്. “മറ്റ് വിളകൾക്ക് സർക്കാർ ഒരു നിരക്ക് നിശ്ചയിക്കുകയാണെങ്കിൽ ഞങ്ങൾ അതും കൃഷി ചെയ്യും. വെള്ളത്തിനെ മാത്രം ആശ്രയിക്കുന്ന നെൽക്കൃഷിക്ക് പകരമായി”, അദ്ദേഹം പറഞ്ഞു.

കർഷക യൂണിയനുകളുടെ സംയുക്തസംഘടനയായ സംയുക്ത കിസാൻ മോർച്ചയുടെ മുഖ്യമായ ആവശ്യങ്ങളിലൊന്ന്, എല്ലാ വിളകൾക്കും ചുരുങ്ങിയ താങ്ങുവില (എം.എസ്.പി-മിനിമം സപ്പോർട്ട് പ്രൈസ്) ഉറപ്പ് വരുത്തണമെന്നതാണ്. അത്തരമൊരു നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 2023 മാർച്ചിൽ ദില്ലിയിൽ പഞ്ചാബിലെ കർഷക യൂണിയനുകൾ പ്രകടനം നടത്തുകയുണ്ടായി.

തങ്ങളുടെ വിളകളോടൊപ്പം, ഗോതമ്പ് കറ്റകളിൽനിന്ന് ഉണ്ടാക്കുന്ന തുരി എന്ന കന്നുകാലിത്തീറ്റയും നഷ്ടമായെന്ന്, ഗുർഭക്തിന്റെ ഇളയ മകൻ ലഖ്‌വിന്ദർ സിംഗ് പറഞ്ഞു. ഗുർഭക്ത് സിംഗിന്റെ കുടുംബത്തിന് 6 ലക്ഷം മുതൽ 7 ലക്ഷം രൂപവരെ നഷ്ടമുണ്ടായി. അവരും, അർതിയയുടെ കൈയ്യിൽനിന്ന്, 100 രൂപയ്ക്ക് 1.5 രൂപവെച്ച് 7 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അതിനുമുൻപ്, കൃഷിയിടം പണയംവെച്ച് മറ്റൊരു12 ലക്ഷം രൂപ, 9 ശതമാനം പലിശയ്ക്ക് അവർ ബാങ്കിൽനിന്ന് കടമെടുത്തിരുന്നു.

റാബി വിളവിൽനിന്ന് കടങ്ങളെല്ലാം തീർക്കാമെന്നായിരുന്നു അവർ പ്രതീക്ഷിച്ചതെങ്കിലും ഇപ്പോൾ അത് അസാധ്യമായിരിക്കുന്നു. “ഇലന്തപ്പഴത്തിന്റെ (ഇന്ത്യൻ ജുജുബ്) വലിപ്പമുള്ള ആലിപ്പഴമാണ് വർഷിച്ചത്”, ഗുർഭക്ത് പറഞ്ഞു.

*****

ബുത്തർ ബഖുവ ഗ്രാമത്തിലെ 28 വയസ്സുള്ള ബൂട്ടാ സിംഗിനെ പാരി സന്ദർശിക്കുന്ന സമയത്ത്, കാലം തെറ്റിയ കനത്ത മഴ ഉണ്ടാക്കിയ ആധിമൂലം ഉറക്കം നഷ്ടപ്പെടുന്ന രോഗവുമായി വലയുകയായിരുന്നു അദ്ദേഹം.

ശ്രീ മുക്തസാർ സാഹിബ് ജില്ലയിലെ ഗിദ്ദർബഹ ബ്ലോക്കിലെ കർഷകനായ അദ്ദേഹത്തിന് കുടുംബസ്വത്തായി ഏഴേക്കർ കൃഷിയിടവും, ഗോതമ്പ് കൃഷിചെയ്യാനായി വാടകയ്ക്കെടുത്ത മറ്റൊരു 38 ഏക്കർ പാടവുമുണ്ടായിരുന്നു. ആ 45 ഏക്കറും ഇപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുകയാ‍ണ്. ഗ്രാമത്തിലെ താഴ്ന്ന പ്രദേശത്തുള്ള 200 ഏക്കർ സ്ഥലത്തോടൊപ്പം. ബൂട്ടാ സിംഗും ഒരു അർതിയയിൽനിന്ന് 18 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. 100 രൂപയ്ക്ക് 1.5 രൂപ പലിശയ്ക്ക്.

Left: Adding to his seven acres of family-owned farmland, Boota Singh, had taken another 38 acres on lease to cultivate wheat. All 45 acres were inundated, along with at least 200 acres of low-lying farmland in the village.
PHOTO • Sanskriti Talwar
Right: Dried wheat fields being harvested using a harvester machine in Buttar Bakhua village. The rent for the mechanical harvester is Rs. 1,300 per acre for erect crop and Rs. 2,000 per acre if the crop is bent over
PHOTO • Sanskriti Talwar

ഇടത്ത്: തന്റെ കുടുംബസ്വത്തായ ഏഴേക്കർ കൃഷിയിടത്തോടൊപ്പം, ഗോതമ്പ് കൃഷി ചെയ്യാൻ മറ്റൊരു 38 ഏക്കർ സ്ഥലവും ബൂട്ടാ സിംഗ് പാട്ടത്തിനെടുത്തിരുന്നു. ഗ്രാമത്തിലെ താഴ്ന്നുകിടക്കുന്ന പ്രദേശത്തെ ഏകദേശം 200 ഏക്കർ കൃഷിഭൂമിയോടൊപ്പം, ബൂട്ടാ സിംഗിന്റെ ആ 45 ഏക്കറിലും വെള്ളം കയറി. വലത്ത്: ബുത്തർ ബഖുവ ഗ്രാമത്തിലെ ഉണങ്ങിയ ഗോതമ്പ് പാടത്തിൽനിന്ന് കൊയ്ത്ത് യന്ത്രമുപയോഗിച്ച് വിളവെടുക്കുന്നു. മുളച്ചുനിൽക്കുന്ന വിളവെടുക്കാൻ ഏക്കറിന് 1,300 രൂപയും, വളഞ്ഞുപോയ വിളവെടുക്കാൻ 2,000 രൂപയുമാണ് യന്ത്രത്തിന്റെ വാടക

അച്ഛനമ്മമാരും, ഭാര്യയും രണ്ട് കുട്ടികളുമടക്കം, അവരുടെ കുടുംബം കൃഷിയിൽനിന്നുള്ള വരുമാനത്തെയാണ് ആശ്രയിക്കുന്നത്.

“വെയിൽ വരുന്തോറും പാടം ഉണങ്ങുമെന്നും വിളവെടുക്കാനാവുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു”, അദ്ദേഹം പറഞ്ഞു. ചളികെട്ടിയ പാടത്ത് കൊയ്ത്ത് യന്ത്രം പ്രവർത്തിപ്പിക്കാനാവില്ല. എന്നാൽ, പാടം ഉണങ്ങിയപ്പോഴേക്കും വിളവ് ഒട്ടുമുക്കാലും നശിച്ചുപോയിരുന്നു.

വീണുകിടക്കുന്ന വിളവെടുക്കാൻ ചിലവ് കൂടും. മുളച്ചുനിൽക്കുന്ന വിളവെടുക്കുന്നതിനുള്ള ചിലവ് ഏക്കറിന് 1,300 രൂപയും, വളഞ്ഞുപോയ വിളവെടുക്കാൻ 2,000 രൂപയുമാണ് യന്ത്രത്തിന്റെ വാടക

ഈ ആധികളെല്ലാം അയാളുടെ ഉറക്കം കെടുത്തുകയാണ്. ഏപ്രിൽ 17-ന് ഗിദ്ദർബഹയിലെ ഒരു ഡോക്ടറിന്റെയടുത്ത് അയാൾ പോയി. രക്തസമ്മർദ്ദം കൂടിയിട്ടുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർ മരുന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

മേഖലയിലെ കർഷകർക്കിടയിൽ, ‘സമ്മർദ്ദം’, ‘വിഷാദരോഗം’ തുടങ്ങിയ വാക്കുകൾ പതിവായിരിക്കുന്നു.

“ആളുകൾക്ക് പെട്ടെന്ന് വിഷാദരോഗവും നിരാശയും ഉണ്ടാവുന്നു” എന്ന് ബുത്തർ ബഖുവ ഗ്രാമത്തിലെ 40 വയസ്സുള്ള ഗുർപാൽ സിംഗ്പറഞ്ഞു. തന്റെ ആറേക്കർ പാടത്തുനിന്ന് വെള്ളം തേവിക്കളയുകയായിരുന്നു അദ്ദേഹം. ആറുമാസത്തെ കൃഷിയുടെ കാലം കഴിഞ്ഞിട്ടും ഒന്നും സമ്പാദിക്കാനാവാതെ വന്നാൽ, മാനസികാരോഗ്യം നശിക്കുന്നത് സ്വാഭാവികമാണ്, ഗുർപാൽ പറഞ്ഞു.

Left: Gurpal Singh, 40, of Buttar Bakhua village pumping out water from his farmland.
PHOTO • Sanskriti Talwar
Right: The water pump used on the Gurpal’s farmland
PHOTO • Sanskriti Talwar

ഇടത്ത്: ബുത്തർ ബഖുവ ഗ്രാമത്തിൽ 40 വയസ്സുള്ള ഗുർപാൽ സിംഗ് തന്റെ കൃഷിയിടത്തിൽനിന്ന് വെള്ളം തേവിക്കളയുന്നു. വലത്ത്: ഗുർപാലിന്റെ കൃഷിയിടത്തിൽ ഉപയോഗിക്കുന്ന വാട്ടർ പമ്പ്

ധാരാളം കർഷകർ ആശങ്ക അനുഭവിക്കുന്നതായി പറയുന്നുണ്ടെന്ന് 27 വയസ്സുള്ള കിരൺ‌ജിത്ത് കൌർ പറഞ്ഞു. പഞ്ചാബിലെ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ സഹായിക്കുന്ന കിസാൻ മസ്ദൂർ ഖുദ്ഖുഷി പീഡിത് പരിവാർ കമ്മിറ്റി എന്ന സംഘടനയുടെ പ്രവർത്തകയാണ് അവർ. “5 ഏക്കറിലധികം കൃഷിയില്ലാത്ത ചെറുകിട കർഷകരെ സംബന്ധിച്ചിടത്തോളം, വിളകൾ നശിച്ചാൽ പരിപൂർണ്ണമായ നഷ്ടമാണ്. എടുത്ത വായ്പകളുടെ പലിശയടക്കേണ്ടതുള്ളതുകൊണ്ട്, ഈ കർഷകരുടേയും അവരുടെ കുടുംബത്തിന്റേയും മാനസികാവസ്ഥയെ അത് ഗുരുതരമായി ബാധിക്കുന്നു. ഇതുമൂലമാണ് കർഷകരുടെയിടയിൽ ആത്മഹത്യ കാണുന്നത്”. കർഷകർക്കും അവരുടെ കുടുംബത്തിനും മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് കിരൺ‌ജിത്ത് പറഞ്ഞു. അറ്റ കൈ ചെയ്യുന്നതിൽനിന്നും ലഹരിമരുന്നുപയോഗിക്കുന്നതിൽനിന്നും അവരെ പിന്തിരിപ്പിക്കാൻ ആ ഒരു മാർഗ്ഗമേയുള്ളു.

കഴിഞ്ഞ വിളവിന്റെ കാലത്തും കാലാവസ്ഥയുടെ ഈ പ്രശ്നങ്ങൾ ചില കർഷകർ നേരിട്ടിരുന്നു. 2022 സെപ്റ്റംബറിൽ, കാലം തെറ്റിയുള്ള മഴ മൊലം, വളരെ ബുദ്ധിമുട്ടിയാണ് കർഷകർ നെല്ല് വിളവെടുത്തതെന്ന് ബൂട്ട പറഞ്ഞു. കഴിഞ്ഞ റാബി സീസണിൽ ചൂട് കൂടുതലായതിനാൽ, ഗോതമ്പൊക്കെ ചുരുങ്ങിപ്പോയിരുന്നു.

“വിളവെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ കുറവാണ്. ഇനി വരുന്ന ദിവസങ്ങളിൽ ഒരുപക്ഷേ വിളവെടുത്താൽത്തന്നെ, അപ്പോഴേക്കും അതൊക്കെ കറുത്തുപോയിട്ടുണ്ടാവും. ആരും വാങ്ങില്ല”, ഇത്തവണത്തെ സീസണെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയിലെയും മാർച്ചിലെയും സാധാരണമോ അല്പം താഴ്ന്നതോ ആയ താപനില ഗോതമ്പിന് നല്ലതാണെന്ന് പഞ്ചാബ് കാർഷിക സർവ്വകലാശാലയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് (അഗ്രോമെറ്റീരിയോളജി) ഡോ. പ്രഭിജ്യോത് കൌർ സിദ്ധു പറഞ്ഞു.

2022-ലെ റാബി സീസണിൽ, ആ മാസങ്ങളിലെ ഉയർന്ന താപനില കാരണം ഗോതമ്പുത്പാദനം കുറവായിരുന്നെങ്കിൽ, 2023 മാർച്ചിലെയും ഏപ്രിലിലെയും മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലുള്ള കാറ്റ് വീണ്ടും ഉത്പാദനത്തെ താഴ്ത്തി. “വലിയ കാറ്റോടെ മഴ പെയ്താൽ, ഗോതമ്പുചെടികൾ വീഴും. ലോഡ്ജിംഗ് എന്നാന് അതിന് പറയുക. താപനില കൂടുമ്പോൾ ചെടികൾ വീണ്ടും നിവരുമെങ്കിലും, ഏപ്രിലിൽ അത് സംഭവിച്ചില്ല”, ഡോ. സിദ്ധു പറഞ്ഞു. “അതുകാരണമാണ് ധാന്യം വളരാത്തതും ഏപ്രിലിൽ വിളവെടുക്കാൻ കഴിയാതിരുന്നത്. ഇത് വീണ്ടും ഗോതമ്പിന്റെ ഉത്പാദനത്തെ കുറച്ചു. കറ്റില്ലാതെ മഴ മാത്രം പെയ്ത പഞ്ചാബിന്റെ ചില ജില്ലകളിൽ.ഉത്പാദനം മെച്ചമായിരുന്നു”.

മാർച്ചിലെ അസമയത്തുള്ള മഴയെ തീവ്രമായ കാലാവസ്ഥാ സംഭവമായി വീക്ഷിക്കണമെന്നാണ് ഡോ. സിദ്ധു പറഞ്ഞത്.

Damage caused in the farmlands of Buttar Bakhua. The wheat crops were flattened due to heavy winds and rainfall, and the water remained stagnant in the field for months
PHOTO • Sanskriti Talwar
Damage caused in the farmlands of Buttar Bakhua. The wheat crops were flattened due to heavy winds and rainfall, and the water remained stagnant in the field for months
PHOTO • Sanskriti Talwar

ബുത്തർ ബഖുവയിലെ കൃഷിയിടങ്ങളിലുണ്ടായ നാശം. കനത്ത മഴയും ശക്തിയായ കാറ്റും മൂലം ഗോതമ്പ് കൃഷി നിലം‌പരിശാവുകയും മാസങ്ങളോളം വെള്ളം പാടങ്ങളിൽ കെട്ടിക്കിടക്കുകയും ചെയ്തു

മേയ് മാസത്തോടെ ഒരേക്കറിൽനിന്ന് 20 മന്ന്  (അഥവാ 7.4 ക്വിന്റൽ) ഗോതമ്പ് വിളവെടുക്കാൻ ബൂട്ടയ്ക്ക് സാധിച്ചു. 20-25 ക്വിന്റലായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും. ഗുർഭക്ത് സിംഗിന്റെ വിളവ് 20 മന്നിനും 40-നും ഇടയിലായിരുന്നു. ബൽജിന്ദർ സിംഗിനാകട്ടെ, ഓരോ ഏക്കറിൽനിന്നും 25 മന്ന് മുതൽ 28 മന്നുവരെ ലഭിച്ചു.

ധാന്യത്തിന്റെ ഗുൺനിലവാരമനുസരിച്ച്, ക്വിന്റലിന് 1,400-നും 2,000-ത്തിനുമിടയിൽ രൂപവെച്ച് ബൂട്ടക്ക് ലഭിച്ചു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യുടെ കണക്കനുസരിച്ച്, 2023-ൽ ഗോതമ്പിന്റെ എം.എസ്.പി. ക്വിന്റലിന് 2,125 രൂപയായിരുന്നു. ഗുർഭക്തും ബൽ‌ജിന്ദറും അവരവരുടെ ഗോതമ്പ് എം.എസ്.പി. നിരക്കിൽ വിറ്റു.

മഴമൂലമുണ്ടായ വിളക്കെടുതിക്കുശേഷം ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം (മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സ്, ഫുഡ് ആൻഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷൻ) നടപ്പാക്കിയ ‘മൂല്യം വെട്ടിക്കുറക്ക‘ലിനെ തുടർന്നായിരുന്നു അത്. സങ്കോചിച്ചതും പൊട്ടിയതുമായ ധാന്യത്തിന് ക്വിന്റലിന് 5.30-നും 31.87 രൂപയ്ക്കും ഇടയിൽ അത് വ്യത്യാസപ്പെട്ട് നിന്നു അതിനുപുറമേ, ക്വിന്റലിന് 5.30 രൂപയുടെ മൂല്യക്കുറവും, നിറം മങ്ങിയ ധാന്യങ്ങളിൽ ചുമത്തി.

ചുരുങ്ങിയത് വിളവിന്റെ 75 ശതമാനമെങ്കിലും നശിച്ചുപോയ കർഷകർക്ക്, ഏക്കറൊന്നിന് 15,000 രൂപയുടെ ആശ്വാസം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചു. 33%-ത്തിനും 75%-ത്തിനുമിടയിൽ നഷ്ടം വന്നവർക്ക് ഏക്കറൊന്നിന് 6,800 രൂപയും.

ബൂട്ടയ്ക്ക് സർക്കാരിൽനിന്ന് 2 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടി. “ഇഴഞ്ഞുനീങ്ങുന്ന ഒരു പ്രക്രിയയാണത്. മുഴുവൻ നഷ്ടപരിഹാരം ഇനിയും കിട്ടിയിട്ടില്ല”, അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാൻ 7 ലക്ഷം രൂപ തനിക്ക് കിട്ടേണ്ടതുണ്ടെന്നാണ് ബൂട്ടാ സിംഗ് കണക്കാക്കുന്നത്

ഗുർഭക്തിനും ബൽജിന്ദറിനും ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ല

Left: Baldev Singh owns 15 acres of land.
PHOTO • Sanskriti Talwar
Right: After the long spell of excess water, his fields with wheat turned black and brown with fungus and rotted. Ploughing it would release a stench that would make people fall sick, he said.
PHOTO • Sanskriti Talwar

ഇടത്ത്:ബൽ‌ദേവ് സിംഗിന് 15 ഏക്കർ ഭൂമിയുണ്ട്. വലത്ത്: വെള്ളം ഏറെക്കാലം കെട്ടിക്കിടന്ന്, അദ്ദേഹത്തിന്റെ പാ‍ടത്തെ ഗോതമ്പൊക്കെ കറുപ്പും തവിട്ടും നിറമാവുകയും പൂപ്പൽ വന്ന് ചീയുകയും ചെയ്തു. ഉഴുവുമ്പോൾ, ആളുകൾക്ക് മനം‌പുരട്ടുന്ന ഒരുതരം മണമുണ്ടാവുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു

ബുത്തൂർ ബഖുവ ഗ്രാമത്തിലെ 64 വയസ്സുള്ള, 15 ഏക്കർ ഭൂമി സ്വന്തമായുള്ള ബൽദേവ് സിംഗും, ഒരു അർതിയയിൽനിന്ന് 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നു, തന്റെ 9 ഏക്കർ ഭൂമിക്കുവേണ്ടി. ഒരുമാസത്തോളം വെള്ളം തേവിക്കളയാൻ, ദിവസവും  15 ലിറ്റർ ഡീസൽ ചിലവാക്കേണ്ടിവന്നു അദ്ദേഹത്തിന്.

ഏറെ ദിവസങ്ങൾ വെള്ളത്തിൽ മുങ്ങിക്കിടന്നതുമൂലം ബൽ‌ദേവ് സിംഗിന്റെ ഗോതമ്പുപാടങ്ങൾ കറുപ്പും തവിട്ടും നിറമായി പൂപ്പൽ വന്ന് ചീഞ്ഞു. ഉഴുവുമ്പോൾ മനം‌മടുപ്പിക്കുന്ന ഒരു ദുർഗന്ധവും അതിൽനിന്ന് വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“വീട്ടിലെ അന്തരീക്ഷം ഒരു മരണവീടിന്റേതാണ്”, 10 പേരടങ്ങുന്ന തന്റെ കുടുംബത്തെക്കുറിച്ച് ബൽദേവ് പറഞ്ഞു. പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്ന ബൈശാഖി വിളവെടുപ്പുത്സവം ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയി.

തന്നെത്തന്നെ വേരോടെ കടപുഴക്കിയതുപോലെയാണ് വിളനഷ്ടത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ബൽദേവിന് അനുഭവപ്പെടുന്നത്. “കൃഷിഭൂമി അങ്ങിനെ കൈവിടാൻ എനിക്കാവില്ല. വിദ്യാഭ്യാസത്തിനുശേഷം കുട്ടികൾക്ക് തൊഴിലൊന്നും കിട്ടിയിട്ടില്ലല്ലോ” അദ്ദേഹം പറഞ്ഞു. സ്വയം ജീവനെടുക്കാനോ, രാജ്യം വിട്ടുപോവാനോ ഇത്തരം സാഹചര്യങ്ങൾ കർഷകരെ നിർബന്ധിതരാക്കുന്നുവെന്ന് അദേഹം പറഞ്ഞു.

സഹായത്തിനായി ഇപ്പോൾ ബൽദേവ് സിംഗ് തന്റെ കുടുംബത്തിലുള്ള മറ്റ് കർഷകരുടെ സഹായം തേടുകയാണ്. തന്റെ കന്നുകാലികൾക്കുള്ള തീറ്റയും കുടുംബത്തിനുള്ള ധാന്യവും അവരിൽനിന്ന് അദ്ദേഹം വാങ്ങിക്കഴിഞ്ഞു.

“പേരുകൊണ്ട് മാത്രമാണ് ഞങ്ങളിപ്പോൾ ജന്മിമാർ”, ബൽദേവ് സിംഗ് പറഞ്ഞു.

പരിഭാഷ: രാജീവ് ചേലനാട്ട്

Sanskriti Talwar

சன்ஸ்கிருதி தல்வார் புது டில்லியை சேர்ந்த சுயாதீனப் பத்திரிகையாளரும் PARI MMF-ன் 2023ம் ஆண்டு மானியப் பணியாளரும் ஆவார்.

Other stories by Sanskriti Talwar
Editor : Kavitha Iyer

கவிதா ஐயர் 20 ஆண்டுகளாக பத்திரிகையாளராக இருந்து வருகிறார். ‘லேண்ட்ஸ்கேப்ஸ் ஆஃப் லாஸ்: தி ஸ்டோரி ஆஃப் ஆன் இந்திய வறட்சி’ (ஹார்பர்காலின்ஸ், 2021) என்ற புத்தகத்தை எழுதியவர்.

Other stories by Kavitha Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat