കുട്ടിയായിരുന്നപ്പോൾ, ചൊറിയുന്ന കൊടിത്തൂവയുടെ തണ്ടുകൊണ്ട്, അഥവാ തേവോ കൊണ്ട് തന്റെ അമ്മയും മുത്തശ്ശിയും നെയ്യുന്നത് കെകോവെ കണ്ടിട്ടുണ്ട്. അമ്മ ചെയ്ത് പകുതി പണി കഴിഞ്ഞ ഒരു കഷണമെടുത്ത് അവൾ സ്വന്തമായി പരീക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ രഹസ്യമായിട്ടാണ് അത് ചെയ്തിരുന്നത്, കാരണം, ആ കഷണം തൊടരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ടാവും. അങ്ങിനെയാണ് രഹസ്യമായും സാവധാനത്തിലും കെകോവെ നാഗാ ഷോളുകൾ നെയ്യുന്ന തൊഴിൽ പഠിച്ചെടുത്തത്. ആരും പഠിപ്പിക്കാതെ എന്ന് അവൾ കൂട്ടിച്ചേർത്തു.
ഇന്ന് അവർ ആ തൊഴിലിൽ ഒരു വിദഗ്ദ്ധയാണ്. തന്റെ സ്വന്തം കൃഷിജോലിക്കും വീട്ടുപണിക്കുമിടയിൽ അവർ അതിന് സമയം കണ്ടെത്തുന്നു. “അരി തിളയ്ക്കുന്നത് കാത്തിരിക്കുമ്പൊഴോ, കുട്ടികളെ ആരെങ്കിലും പുറത്തേക്ക് നടത്താൻ കൊണ്ടുപോവുമ്പോഴോ ഞങ്ങൾ കുറച്ച് നെയ്യാൻ ശ്രമിക്കും,” ചൂണ്ടുവിരലിന്റെ അറ്റം കാണിച്ച്, നെയ്യുന്നതിന്റെ നീളം അവർ സൂചിപ്പിക്കുന്നു.
വെഹുസുലുവും ഏയ്‌ഹിലു ചെസോ എന്നീ അയൽക്കാരോടൊപ്പം, റുകിസോ കോളണിയിലെ തകരം മേഞ്ഞ വീട്ടിലിരിക്കുകയായിരുന്നു കെകോവെ. കെകോവെയുടെ കണക്കനുസരിച്ച്, നാഗാലാൻഡിലെ ഫേ ജില്ലയിലെ ഈ ഫുട്സെരോ ഗ്രാമത്തിലെ 266 വീടുകളിൽ 11 ശതമാനവും നെയ്ത്ത് തൊഴിൽ ചെയ്യുന്നുണ്ടാവും. അതിൽത്തന്നെ, ചകെസാംഗ് സമുദായത്തിലെ (പട്ടികഗോത്രക്കാരാണ് അവർ) കുസാമി ഉപസമുദായത്തിലെ സ്ത്രീകളാണ് ഇവരിലധികവും. “ഞങ്ങളുടെ ഭർത്താക്കന്മാർ സഹായിക്കാറുണ്ട്. അവർ പാചകവും ചെയ്യും. പക്ഷേ സ്ത്രീകളുടെയത്ര ഈ തൊഴിലിൽ അവർക്ക് വൈദഗ്ദ്ധ്യമില്ല. ഞങ്ങൾക്ക് പാചകവും, കൃഷിയും, നെയ്ത്തും, മറ്റ് ജോലികളും എല്ലാം ചെയ്യേണ്ടിവരുന്നു,” കെകോവെ പറയുന്നു.
കെകോവെപ്പോലെ, കുട്ടിക്കാലത്തുതന്നെ നെയ്യാൻ ആരംഭിച്ചവരാണ് വെഹുസുലുവും എയ്ഹിലു ചെസോയും. ആദ്യമാദ്യം, നൂലുകൊൺയ്യ് സ്പൂളിംഗ്, വൈൻഡിംഗ്, വെഫ്ടിംഗ് തുടങ്ങിയ ചെറിയ ജോലികൾ ചെയ്തുകൊണ്ടാണ് പ്രക്രിയ ആരംഭിക്കുക.
ഇപ്പോൾ 35 വയസ്സായ എയ്ഹിലു ചെസോ നെയ്യാൻ ആരംഭിച്ചത് 20 വയസ്സിലാണ്. “വ്യത്യസ്തമായ വസ്ത്രങ്ങൾ ഞാൻ നെയ്യാറുണ്ട്. ഷോളും പുതയ്ക്കുന്ന വസ്ത്രവും എല്ലാം. 30 തുണികൾവരെ ഞാൻ നെയ്യാറുണ്ടായിരുന്നു. എന്നാൽ ഇന്ന് കുട്ടികളെ നോക്കേണ്ടതുള്ളതിനാൽ, ഒരു ഷോളുണ്ടാക്കാൻതന്നെ ഒരാഴ്ചയോ രണ്ടാഴ്ചയോ ഒക്കെ എടുക്കും,” അവർ പറയുന്നു.
“രാവിലെയും വൈകീട്ടും ഞാൻ കുട്ടികളെ നോക്കുന്നു. പകൽസമയത്ത് നെയ്ത്തും,” അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ, നാലാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുന്നതിനാൽ ഇപ്പോൾ അവർ ജോലി ചെയ്യുന്നില്ല.
സ്ത്രീകൾ, അവനവനും കുടുംബത്തിനുമുള്ള പരമ്പരാഗത വസ്ത്രങ്ങളാണ് - മെഖില (പരമ്പരാഗത നാഗ സാരോംഗ്), ഷോളുകൾ - നെയ്യുന്നത്. നാലാം തലമുറയിലെ നെയ്ത്തുകാരിയായ വെഹുസുലു, അംഗാമി ഗോത്രത്തിനുള്ള വസ്ത്രങ്ങളാണ് നെയ്യുന്നത്. “ആവശ്യക്കാർ കൂടുതൽ ഉണ്ടാവുന്ന, വർഷംതോറുമുള്ള ഹോൺബിൽ ആഘോഷത്തിനാണ് ഞാനത് കൂടുതലും നെയ്യുന്നത്.”
നാഗാലാൻഡ് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഹോൺബിൽ ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ 10 ദിവസംവരെ നീളുന്ന ഒരു മേളയാണ്. പരമ്പരാഗത സംസ്കാരവും ജീവിതരീതികളും പ്രദർശിപ്പിക്കുന്ന ആ ആഘോഷം കാണാൻ, ഇന്ത്യയ്ക്കകത്തുനിന്നും പുറത്തുനിന്നും ധാരാളം വിനോദസഞ്ചാരികൾ വരാറുണ്ട്.
*****
ഓരോ നാഗാ ഗോത്രങ്ങൾക്കും അവരുടെ തനതായ ഷോളുകളുണ്ട്. ചകെസാംഗ് ഷോളുകൾക്ക് 2017-ൽ ഭൌമസൂചികാപദവി (ജ്യോഗ്രാഫിക്കൽ ഇൻഡിക്കേഷൻസ്) ലഭിച്ചു.
“സ്വത്വം, സാമൂഹത്തിലെ സ്ഥാനം, ലിംഗപദവി തുടങ്ങിയ സവിശേഷതകളുടെ അടയാളമാണ് ഷോളുകൾ,” എന്ന് ഡോ. സൊക്കുഷെയ് റാഖോ പറയുന്നു. ഫേ ഗവണ്മെന്റ് കൊളേജിൽ ചരിത്രാദ്ധ്യാപകനാണ് അദ്ദേഹം. “ഷോളുകളില്ലാതെ, ഒരു ഉത്സവവും ആഘോഷവും പൂർണ്ണമാവില്ല.”
“പരമ്പരാഗത ഷോളുകൾ ഞങ്ങളുടെ സംസ്കാരവും മൂല്യവും കാട്ടിത്തരുന്നു,” ചിസാമി വീവ്സിന്റെ പ്രൊജക്ട് കോഓർഡിനേറ്ററായ നെയ്റ്റ്ഷോപ്പിയു (അട്ഷോൽ) തൊപി പറയുന്നു. നാഗാലാൻഡിന്റെ സവിശേഷ തുണികൾ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധമായ ഒരു ഉപജീവന പ്രോഗ്രാമാണ് ചിസാമി വീവ്സ്.
“ഓരോ ഷോളും മേഖേലയും വ്യത്യസ്ത വിഭാഗത്തിൽപ്പെടുന്നു. ഉദാഹരണത്തിന്, അവിവാഹിതർക്കും, വിവാഹിതരായവർക്കും, ചെറുപ്പക്കാരികൾക്കും പുരുഷന്മാർക്കും വെവ്വേറെ ഷോളുകളുണ്ട്. ചിലത്, ശവസംസ്കാരചടങ്ങുകൾക്ക് മാത്രമായവയും. അട്ഷോളിന്റെ അഭിപ്രായത്തിൽ, ചകെസാംഗ് ഷോളുകളിൽ പൊതുവായി ചിത്രണം ചെയ്യാറുള്ള രൂപങ്ങൾ, കുന്തം, പരിച, മിതുൻ, ആന, ചന്ദ്രൻ, സൂര്യൻ, പൂക്കൾ, ചിത്രശലഭങ്ങൾ എന്നിവയാണ്.
എന്നാൽ പാരി സംസാരിച്ച മിക്ക സ്ത്രീകൾക്കും, ഈ ഷോളുകളിൽ നെയ്തുവെച്ചിട്ടുള്ള രൂപങ്ങളുടെ സവിശേഷതകളോ അത് ഏത് വിഭാഗത്തിൽ പെടുന്ന ഷോളാണെന്നോ ഒരു നിശ്ചയവുമില്ലായിരുന്നു. അതിനർത്ഥം, ഈ കരകൌശലവിദ്യ തലമുറകളിലൂടെ പകർന്നുവന്നിട്ടും, ആ കഥകളൊന്നും പിന്നീടുള്ള തലമുറയിലേക്ക് എത്തിയില്ല എന്നതാണ്. ചകേസാംഗ് ഷോളുകൾക്ക് ജി.ഐ. പദവി കിട്ടിയത് കെകോവെയും അയൽക്കാരും അറിഞ്ഞിട്ടില്ല. എന്നാൽ പണത്തിന് അത്യാവശ്യം വരുമ്പോൾ ഈ കല സഹായിക്കുമെന്ന് അവർക്കറിയാം. ഊടിലേക്ക് ഒരു നൂല് നെയ്ത്, അതൊരു മരത്തടികൊണ്ട് മുറുക്കുമ്പോൾ വെഹുസുലു പാരിയോട് പറയുന്നു, “വിളവ് കിട്ടുന്നതുവരെ കൃഷിയിൽനിന്ന് ഞങ്ങൾക്ക് ലാഭമൊന്നുമില്ല. എന്നാൽ നെയ്ത്തിന്റെ കാര്യത്തിലാകട്ടെ, എന്തെങ്കിലും ആവശ്യം വന്നാൽ, ഏത് സമയത്തും അത് വിൽക്കാൻ സാധിക്കും.”
*****
ഫെയുടെ ഉപ ഡിവിഷനായ ഫുട്സെരൊവിലെ കമ്പോളത്തിൽനിന്നാണ് സാധാരണയായി നെയ്ത്തുകാർ അസംസ്കൃതവസ്തുക്കൾ വാങ്ങുന്നത്. രണ്ടുതരം നൂലുകൾ നെയ്ത്തിന് ഉപയോഗിക്കുന്നുണ്ട്. പരുത്തിയും കമ്പിളിനൂലുമാണ് ഇപ്പോൾ സാധാരണം. മൊത്തമായി ഉത്പാദിപ്പിക്കുന്ന നൂലുകൾ കമ്പോളത്തിൽ എളുപ്പത്തിൽ ലഭ്യമായിത്തുടങ്ങിയതോടെ, ചെടികളുടെ നരുകളിൽനിന്നുള്ള പരമ്പരാഗത നൂലുകൾ ഇപ്പോൾ അപ്രത്യക്ഷമായിത്തുടങ്ങി.
“വില്പന കൂടുതലുള്ള നവംബർ-ഡിസംബർ മാസങ്ങളിലാണ് ഞങ്ങൾ മൊത്തമായി വാങ്ങുക. അംഗീകൃത കടകളിൽനിന്ന്. പണി കഴിഞ്ഞ ഞങ്ങളുടെ തുണിയുത്പന്നങ്ങൾ അവർ കടകളിൽ വില്പനയ്ക്ക് വെക്കുകയും ആവശ്യക്കാർക്ക് കൊടുക്കുകയും ചെയ്യും,”വെഹുസുലു പറയുന്നു. ഒരു കിലോഗ്രാം നാടൻ കമ്പിളിനൂലിനും രണ്ടിഴ നൂലിനും 550 രൂപയാണ് വില. തായ്‌ലൻഡ് നൂലിന് കിലോയ്ക്ക് 640 രൂപയും.
മുളയും മരവുംകൊണ്ട് നിർമ്മിച്ച പരമ്പരാഗത നാഗ ലോയിൻ തറിയിലാണ് നെയ്ത്തുകാർ നെയ്യുന്നത്.
പൊതിയാൻ ഉപയോഗിക്കുന്ന യന്ത്രത്തിന്റെ വള്ളി അഥവാ ചെഷെർഹോ യും റാഡ്സു വും കെകോവെ കാണിച്ചുതന്നു. വള്ളി ഒരു മരത്തിന്റെ ദണ്ഡിൽ ഘടിപ്പിക്കുന്നു. അത് മുറുക്കമുണ്ടാക്കി നെയ്തുതീർന്ന ഭാഗത്തെ പൊതിയുന്നു. എന്നാൽ, റാഡ്സു ഇല്ലെങ്കിലും റാഡ്സുകുലോ എന്ന് വിളിക്കുന്ന പൊതിയുന്ന ദണ്ഡ് ചുമരിൽ തിരശ്ചീനമായി ഘടിപ്പിച്ച് നൂലിന് മുറുക്കം കൂട്ടാം.
അഞ്ചുമുതൽ എട്ട് സാമഗ്രികൾവരെ നെയ്ത്തുകാർ നെയ്ത്ത് പ്രക്രിയയിൽ ഉപയോഗിക്കുന്നുണ്ട്. ഷോളിന്റെ ഗുണവും മൃദുലതയും ബലവും ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന മരത്തിന്റെ ദണ്ഡ് അഥവാ, ലോജി യാണ് നിർണ്ണായകമായ ഒരു സാമഗ്രി. മെഫെട്ഷുക എന്ന് പേരുള്ള, നൂലുകൾ കോർത്ത ഒരു സാധാരണ വടി. സൂക്ഷ്മമായ രൂപങ്ങൾ നെയ്യാനുപയോഗിക്കുന്ന കനം കുറഞ്ഞ മുളകൊണ്ടുള്ള ചീളുകൾ ( ലോനൂത് സുക ). നെയ്യുമ്പോൾ മുകളിലും താഴെയുമുള്ള ഭാഗങ്ങൾ ഊടുപയോഗിച്ച് വേർതിരിക്കാനുപയോഗിക്കുന്ന ഒരു മുളവടി, അഥവാ ലോപു . പിന്നെ, കെഴെത് സുക , നാചേത് സുക തുടങ്ങിയ മുളദണ്ഡുകൾ. നെയ്ത നൂലുകൾ വെവ്വേറെയാക്കാനും ഒതുക്കിവെക്കാനും ഉപയോഗിക്കുന്ന വടികളാണ്.
*****
ഇവിടത്തെ പ്രധാന വിള നെല്ലാണ്. മേയ്-ജൂണിലാണ് അത് കൃഷി ചെയ്യുന്നത്. സ്വന്തമാവശ്യത്തിന്. തങ്ങളുടെ ചെറിയ തുണ്ട് ഭൂമിയിൽ വെഹുസുലു സുഗന്ധമുള്ള ഒരു ഔഷധസസ്യവും വളർത്തുന്നുണ്ട്. സലാഡുകളിലും മറ്റും ഉപയോഗിക്കുന്ന ഖുവീ ( അല്ലിയം ചൈനീസ് ). ഇത് അവർ നാട്ടിലെ ചന്തയിൽ വിൽക്കുന്നു.
“വിതയ്ക്കലിനും വിളവെടുപ്പിനുമിടയിൽ, കള പറിക്കുക, നനയ്ക്കുക, വന്യമൃഗങ്ങളിൽനിന്ന് സംരക്ഷിക്കുക തുടങ്ങിയ പണികളും ചെയ്യണം,” നെയ്യുന്നതിനുള്ള സമയമാണ് ഇതുമൂലം കുറയുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
നെയ്ത്തിൽ ശ്രദ്ധ പതിപ്പിക്കുന്നതിനാൽ കൃഷിയിൽ വീട്ടുകാരെ ആവശ്യത്തിന് സഹായിക്കുന്നില്ലെന്ന പരാതിയും കെകോവെ കേൾക്കുന്നുണ്ട്. എന്നാൽ അതൊന്നും അവരുടെ മനസ്സിനെ സ്പർശിക്കുന്നില്ല. “ഇടയ്ക്കിടയ്ക്ക് പാടത്ത് പോയില്ലെങ്കിലും, നെയ്ത്ത് ഞങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനം ഉണ്ടാക്കിത്തരുന്നുണ്ട്. എന്റെ വിവാഹത്തിനുമുൻപ്, എന്റെ സഹോദരന്മാരുടെ ട്യൂഷൻ ഫീസിനും ഉത്സവസമയത്തെ ചിലവിനും മറ്റാവശ്യങ്ങൾക്കുമൊക്കെ എന്നെക്കൊണ്ടാവുന്ന വിധം ഞാൻ സഹായിച്ചിട്ടുണ്ട്.” അവർ പറയുന്നു. നെയ്ത്തിൽനിന്ന് സമ്പാദിച്ച പണംകൊണ്ടാണ് കൃഷിയില്ലാത്ത കാലങ്ങളിൽ കുടുംബത്തിനാവശ്യമായ റേഷൻ വാങ്ങുന്നതും മറ്റും എന്ന്, കെകോവെ കൂട്ടിച്ചേർക്കുന്നു.
എന്നാൽ, കൂലി തികയുന്നില്ലെന്ന് സ്ത്രീകൾ പറയുന്നു.
“ദിവസക്കൂലിക്ക് പോയാൽ ഞങ്ങൾക്ക് 500-600 രൂപ കിട്ടും. നെയ്ത്തിൽനിന്ന് ആഴ്ചയിൽ 1,000-മോ 1,500-ഓ മാത്രമാണ് കിട്ടുന്നത്,” വെഹുസുലു പറയുന്നു. “ദിവസക്കൂലി ചെയ്യുന്ന പുരുഷന് ദിവസത്തിൽ 600 മുതൽ 1,000 രൂപവരെ കിട്ടുമ്പോൾ, സ്ത്രീകൾക്ക് 100-150 രൂപ മാത്രം കിട്ടുന്നതുകൊണ്ടാണ്” ദിവസക്കൂലി ഇത്ര കുറവാവുന്നതെന്ന് കെകോവെ വിശദീകരിച്ചു.
“പൈസ കിട്ടുകയാണെങ്കിൽ എല്ലാം സുഖമാണ്,” നർമ്മത്തോടെ എയ്ഹിലു ചെസോ പറയുന്നു. എന്നിട്ട്, അല്പം ഗൌരവത്തോടെ മറ്റൊരാശങ്ക അറിയിക്കുന്നു, “സർക്കാരിൽനിന്ന് യാതൊരു സഹായവും കിട്ടുന്നില്ല.”
ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഒരേ നിലയിൽ കൂടുതൽ നേരമിരുന്നാൽ, പുറംവേദനയും മറ്റും ഉണ്ടാകുന്നുണ്ടെന്ന് വെഹുസുലു പറയുന്നു. ജോലിയിലെ ഏറ്റവും വലിയ വെല്ലുവിളി അതാണെന്നും.
യന്ത്ര ഉത്പന്നങ്ങളിൽനിന്നുള്ള വെല്ലുവിളിയും നേരിടുന്നുണ്ട് ഇവർ. “ആളുകൾ, ഒരു പരാതിയും പറയാതെ, കൂടുതൽ പൈസ കൊടുത്ത് തുണികൾ വാങ്ങുന്നു. എന്നാൽ പ്രാദേശികമായി നെയ്യുന്ന ആളുകളുടെ ഉത്പന്നങ്ങളിൽ ഒരു നൂൽ അല്പം അയഞ്ഞതായി കണ്ടാൽപ്പോലും വിലപേശാൻ തുടങ്ങും,” കെകുവെ-ഉ ചൂണ്ടിക്കാട്ടുന്നു.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ ഫെല്ലോഷിപ്പിന്റെ സഹായത്തോടെ ചെയ്ത റിപ്പോർട്ട്
പരിഭാഷ: രാജീവ് ചേലനാട്ട്