മൊഹമ്മദ്‌ അസ്‌ലം മൂശയിലേക്ക് ഉരുകിയ പിച്ചള ഒഴിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് ചെറുതരികള്‍ ഉയര്‍ന്നുപൊങ്ങുന്നു. ഈ മൂശ പിച്ചളയെ ഉറപ്പുള്ള ചന്ദന്‍ പ്യാലി (പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കുന്ന ഒരു ചെറുപാത്രം) ആക്കിമാറ്റുന്നു.

പിച്ചളപ്പണിയില്‍ വൈദഗ്ദ്ധ്യം നേടിയ ലോഹപ്പണിക്കാരനായ അസ്‌ലമിന്‍റെ കൈകൾ ശ്രദ്ധയോടെയും ഇടറാതെയും നീങ്ങുകയാണ്. പിച്ചള ഒഴിക്കുമ്പോള്‍, അകത്തെ മണൽ (അതാണ്‌ നിര്‍മ്മിക്കുന്ന വസ്തുവിന് അതിന്‍റെ രൂപം നല്‍കുന്നത്) കവിഞ്ഞുപോകില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്’ അദ്ദേഹം മൂശയുടെമേലുള്ള മര്‍ദ്ദം പരിശോധിക്കുന്നുണ്ട്.

“കൈകള്‍ ഇടറാതെ പിടിക്കണം, അല്ലെങ്കിൽ സാഞ്ച യ്ക്കുള്ളിലെ വസ്തുവിന് കുഴപ്പമുണ്ടാകും. അദത്ത് [വാർത്തെടുക്കുന്ന വസ്തു] നശിച്ചുപോകും,” 55-കാരനായ അസ്‌ലം പറഞ്ഞു. എങ്കിലും, പിച്ചളത്തരികളെപ്പോലെ അന്തരീക്ഷത്തില്‍ മണൽ തൂവിപ്പോകുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നില്ല. “നിങ്ങൾ അത് കാണുന്നുണ്ടോ? അത് പിച്ചളയാണ്, അത് പാഴായിപ്പോകുന്നു. അതിന്‍റെ വില നമ്മൾ സഹിക്കണം”, അദ്ദേഹം പറഞ്ഞു. അവർ ഉരുക്കി വാർത്തെടുക്കുന്ന ഓരോ 100 കിലോഗ്രാം പിച്ചളയുടേയും ഏതാണ്ട് 3 കിലോ വീതം അന്തരീക്ഷത്തിൽ നഷ്ടപ്പെടുന്നു. അതായത് ഏതാണ്ട് 50 രൂപ അന്തരീക്ഷത്തിൽ ഇല്ലാതാകുന്നു.

പിച്ചളപ്പണിക്ക് പേരുകേട്ട മൊറാദാബാദിലെ പീർസാദ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നിരവധി ഭട്ടി കളിൽ (ചൂളകൾ) ജോലിയെടുക്കുന്ന ശില്പികളിലൊരാളാണ് അസ്‌ലം. കരകൗശലപ്പണിക്കാർ പിച്ചള സില്ലി (ലോഹക്കട്ട) ഉരുക്കി വ്യത്യസ്ത ആകൃതികളിൽ രൂപപ്പെടുത്തിയെടുക്കുന്ന കരകൗശലവേല പ്രാദേശികമായി ധലായി കാ കാം അല്ലെങ്കിൽ വാർപ്പ് എന്നറിയപ്പെടുന്നു.

അസ്‌ലമും സഹായിയായ റയീസ് ജാനും ദിവസവും 12 മണിക്കൂർ വീതം ചിലവഴിക്കുന്ന ജോലിസ്ഥലത്ത് ജോലിസാധനങ്ങള്‍ - കൽക്കരി, മണൽ, മരപ്പലകകൾ, ഇരുമ്പ് ദണ്ഡുകൾ, കൊടിലുകള്‍, വിവിധ വലുപ്പത്തിലുള്ള ചവണകൾ - അവർക്ക് ചുറ്റുമായി ചിതറിക്കിടക്കുന്നു. അഞ്ച് ചതുരശ്രയടിയുള്ള, സാധനങ്ങള്‍ നിറഞ്ഞുകിടക്കുന്ന, ആ സ്ഥലത്തിന് 1,500 രൂപയാണ് അസ്‌ലം പ്രതിമാസം വാടക നല്‍കുന്നത്.

PHOTO • Mohd Shehwaaz Khan
PHOTO • Mohd Shehwaaz Khan

ഇടത്: മൊറാദാബാദിലെ പീർസാദ പ്രദേശത്തെ ഒരു ചൂളയില്‍ മുഹമ്മദ് അസ്‌ലമും (വലത്) റയീസ് ജാനും (ഇടത്) ചന്ദൻ പ്യാലി (പ്രാർത്ഥനയ്ക്കുപയോഗിക്കുന്ന ചെറിയ പാത്രങ്ങൾ) വാര്‍ത്തെടുക്കുന്നു. വലത്: സാഞ്ച (മൂശ) നിര്‍മ്മിച്ച്, വാര്‍ത്തെടുക്കേണ്ട വസ്തുവിനകത്ത് അത് സ്ഥാപിക്കുന്ന അസ്‌ലം

PHOTO • Mohd Shehwaaz Khan
PHOTO • Mohd Shehwaaz Khan

ഇടത്: ഉരുകിയ പിച്ചളയ്ക്കുവേണ്ട പൊള്ളയായ അറ സൃഷ്ടിക്കാൻ അസ്‌ലം മൂശയിൽ മണൽ നിറയ്ക്കുന്നു. വലത്: മൂശയ്ക്കുള്ളിലെ മണൽ കവിഞ്ഞുപോകുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് പിന്നീടദ്ദേഹം പിച്ചള ഒഴിക്കുന്നു. 'കൈകൾ ഉറപ്പിച്ചു നിര്‍ത്തണം, അല്ലെങ്കിൽ സാഞ്ചയ്ക്കുള്ളിലെ വസ്തുവിന് പ്രശ്നമാകും,' അദ്ദേഹം പറയുന്നു

പീതള്‍ നഗരി (പിച്ചള നഗരം) എന്നറിയപ്പെടുന്ന, ഉത്തര്‍പ്രദേശിലെ ഈ നഗരത്തിലെ കരകൗശലപ്പണിക്കാര്‍ പ്രധാനമായും മുസ്‌ലിം സമുദായത്തില്‍നിന്നുള്ളവരാണ്, ഏകദേശം 90 ശതമാനം ആളുകള്‍. അവരില്‍ ഭൂരിപക്ഷവും പീര്‍സാദാ പ്രദേശത്ത് താമസിക്കുന്നവരാണെന്ന് അസ്‌ലം കണക്കു കൂട്ടുന്നു. മൊറാദാബാദിലെ മുസ്‌ലിം ജനസംഖ്യ നഗരത്തിലെ ആകെ ജനസംഖ്യയുടെ ഏകദേശം 47.12 ആണ് (സെൻസസ് 2011).

കഴിഞ്ഞ 5 വര്‍ഷങ്ങളായി അസ്‌ലമും ജാനും ഒരുമിച്ച് ജോലി ചെയ്യുന്നു. അതിരാവിലെ 5:30-ന് ഭട്ടി യിലെത്തി അവര്‍ ജോലി ചെയ്യാനാരംഭിക്കും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിൽ പോകും. ഭട്ടി ക്കടുത്തുതന്നെയാണ് ഇരുവരും താമസിക്കുന്നത്. വൈകുന്നേരം ചായ കുടിക്കാനുള്ള സമയമാകുമ്പോള്‍ എതെങ്കിലുമൊരു കുടുംബാംഗം അത് പണിശാലയിലേക്ക് എത്തിക്കും.

“ഞങ്ങള്‍ കഠിനമായി പണിയെടുക്കുന്നു, പക്ഷെ ഒരിക്കലും ഭക്ഷണം വേണ്ടെന്ന് വെക്കില്ല. എന്തൊക്കെയായാലും അതുകൊണ്ടാണ് ഞങ്ങള്‍ക്ക് പണിയെടുക്കാൻ പറ്റുന്നത്”, അസ്‌ലം പറയുന്നു.

അസ്‌ലമിന്‍റെ സഹായിയായ ജാനിന് 400 രൂപയാണ് കൂലി. രണ്ടുപേരും ചേര്‍ന്ന് പിച്ചള ഉരുക്കുകയും അത് തണുപ്പിക്കുകയും ചുറ്റും കിടക്കുന്ന മണല്‍ വീണ്ടും പുനരുപയോഗത്തിനായി ശേഖരിക്കുകയും ചെയ്യുന്നു.

ജാന്‍ പ്രധാനമായും ചൂളയാണ് കൈകാര്യം ചെയ്യുന്നത്. എഴുന്നേറ്റ് നിന്നുവേണം അതില്‍ കല്‍ക്കരി നിറയ്ക്കാന്‍. “ഒരാള്‍ക്ക് ഈ ജോലി ചെയ്യാന്‍ കഴിയില്ല, കുറഞ്ഞത് രണ്ടുപേരെങ്കിലും വേണം. അതിനാല്‍, അസ്‌ലം ഭായി അവധിയെടുത്താൽ എനിക്കും പണി ഇല്ലാതാകും”, 60-കാരനായ ജാന്‍ പറഞ്ഞു. “നാളെ റയീസ് ഭായ് ശശുരാലി ന്‍റെ [ഭാര്യ വീട്ടുകാര്‍] അടുത്തേക്ക് പോവുകയാണ്, എനിക്ക് 500 രൂപ പോകും”, ചിരിച്ചുകൊണ്ട് അസ്‌ലം ശരിവച്ചു.

“കല്‍ക്കരിയാണ് ധാലയ്യ യുടെ [പിച്ചള മൂശാരി] നട്ടെല്ലൊടിക്കുന്നത്”, അസ്‌ലം ഞങ്ങളോട് പറഞ്ഞു. “പകുതി വിലയ്ക്ക് കല്‍ക്കരി ലഭിച്ചാല്‍ അത് ഞങ്ങള്‍ക്ക് ഒരുപാട് ആശ്വാസമാകും.” പിച്ചള ഉരുക്കി വാര്‍ത്തെടുക്കാനുള്ള ഠേക്ക (ഉടമ്പടി) അസ്‌ലം ദിവസാടിസ്ഥാനത്തിലാണ് എടുക്കുന്നത്.

PHOTO • Mohd Shehwaaz Khan
PHOTO • Mohd Shehwaaz Khan

ഇടത്: അസ്‌ലമിന്‍റെ സഹായിയായ റയീസ് ജാൻ ചൂളയാണ് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. അഞ്ച് വര്‍ഷമായി അവർ ഒരുമിച്ച് ജോലി ചെയ്യുന്നു. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചൂളയ്ക്ക് ഒരു കിലോ പിച്ചള ഉരുക്കാൻ 300 ഗ്രാം കല്‍ക്കരി വേണം. അസ്‌ലമിനെപ്പോലുള്ള മൂശാരിമാർ കരുതുന്നത് കല്‍ക്കരിയുടെ വില (കിലോഗ്രാമിന് 55 രൂപ) വളരെ കൂടുതലാണെന്നാണ്

പ്രാദേശിക കച്ചവടകേന്ദ്രങ്ങളില്‍നിന്നും അവര്‍ കിലോഗ്രാമിന് 500 രൂപയ്ക്ക് പിച്ചള ലോഹക്കട്ടകള്‍ വാങ്ങുകയും വാര്‍പ്പ് പ്രക്രിയയ്ക്കു ശേഷം തിരികെ വിൽക്കുകയും ചെയ്യും. നിലവാരമുള്ള ഒരു പിച്ചള പാളിക്ക് ഏഴ് മുതല്‍ എട്ട് കിലോഗ്രാംവരെ ഭാരം കാണും.

“കിട്ടുന്ന പണി ആശ്രയിച്ച് കുറഞ്ഞത് 42 കിലോഗ്രാം പിച്ചള ഒരുദിവസം ഞങ്ങള്‍ ഉരുക്കി വാര്‍ത്തെടുക്കും. കല്‍ക്കരിക്ക് വേണ്ടിവരുന്ന ചിലവും മറ്റു ചിലവുകളും കഴിഞ്ഞ്, വാര്‍ത്തെടുക്കുന്ന ഓരോ കിലോഗ്രാമിനും ഞങ്ങള്‍ക്ക് 40 രൂപ ലഭിക്കും”, അസ്‌ലം വിശദീകരിച്ചു.

ഒരു കിലോഗ്രാം കല്‍ക്കരിക്ക് 55 രൂപയാണ്. ഒരു കിലോഗ്രാം പിച്ചള ഉരുക്കി വാര്‍ക്കാൻ 300 ഗ്രാം കല്‍ക്കരി ആവശ്യമാണ്‌. “എല്ലാ ചിലവുകളും കിഴിച്ചശേഷം ഒരു കിലോഗ്രാം ലോഹം ഉരുക്കി വാര്‍ക്കുമ്പോൾ ഏതാണ്ട് 6-7 രൂപയാണ് ഞങ്ങളുടെ തൊഴിലിന് ലഭിക്കുക”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം വയസ്സില്‍ ജോലി ചെയ്യാൻ തുടങ്ങിയ റയീസ് ജാൻ ഒരു വര്‍ഷമെടുത്തു തൊഴില്‍ പഠിക്കാന്‍. “ഇത് എളുപ്പമുള്ള ജോലിയായി തോന്നാം, പക്ഷെ അങ്ങനല്ല”, അദ്ദേഹം പറഞ്ഞു. “ഉരുക്കിക്കഴിഞ്ഞാല്‍ പിച്ചള എങ്ങനെയാണ് പെരുമാറുക എന്നുള്ളതാണ് മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം.”

പിച്ചള ഉരുക്കി വാര്‍ക്കുമ്പോൾ കൈകളിടറാതെ, ശരീരം അനങ്ങാതെ നില്‍ക്കണമെന്ന് ജാൻ വിശദീകരിക്കുന്നു. “പാത്രം നിറയ്ക്കുന്നതിലാണ് അതിന്‍റെ തന്ത്രം ഇരിക്കുന്നത്. ഉരുക്കിയ പിച്ചള നിറച്ചുകഴിഞ്ഞാല്‍ എത്രതവണ മൂശയിൽ അടിക്കണമെന്ന് ഒരു നൌസിഖിയ ക്ക് [തുടക്കക്കാരന്] അറിയില്ല. അത് യഥാവിധി നടന്നില്ലെങ്കില്‍ അദത്ത് [വാര്‍ത്തെടുക്കുന്ന വസ്തു] തകരും. അതുപോലെതന്നെ ഇളക്കം തട്ടുന്ന വിധത്തിൽ പാത്രം എടുത്താലും അത് തകരും”, ജാന്‍ പറയുന്നു. “വിദഗ്ദ്ധനായ ഒരാളുടെ കൈകള്‍ അത്തരം സാഹചര്യങ്ങളില്‍ സ്വാഭാവികമായി നീങ്ങും.”

പിച്ചള മൂശാരിമാരുടെ നീണ്ട പരമ്പരയില്‍പ്പെട്ട ആളാണ് ജാന്‍. “ഇതെന്‍റെ പരമ്പരാഗത ജോലിയാണ്”, അദ്ദേഹം പറഞ്ഞു, “ഏതാണ്ട് 200 വര്‍ഷങ്ങളായി ഞങ്ങളിത് ചെയ്യുന്നു.” പക്ഷെ ജാന്‍ പലപ്പോഴും അതിന്‍റെ വാണിജ്യത്തിലേക്ക് തിരിയുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നത്. “എന്‍റെ അച്ഛൻ സ്വന്തമായി വാര്‍പ്പ് ബിസിനസ്സ് നടത്തിയിരുന്നു, പക്ഷെ ഞാനൊരു ദിവസക്കൂലി തൊഴിലാളി മാത്രമാണ്”, അദ്ദേഹം വിലപിച്ചു.

PHOTO • Mohd Shehwaaz Khan
PHOTO • Mohd Shehwaaz Khan

ഇടത്: വാര്‍ത്തെടുക്കാനുപയോഗിക്കുന്ന ഉപകരണങ്ങളിൽ ചിലതാണ് സാഞ്ച, മണല്‍ നിരപ്പാക്കാനുപയോഗിക്കുന്ന രണ്ട് മരപ്പലകകള്‍ (ഫാന്തി, പട്ല), പാത്രത്തില്‍ മണൽ നിറയ്ക്കുന്നതിനുള്ള സരിയ അഥവാ ഇരുമ്പുവടി, അധികം വരുന്ന പിച്ചള മുറിക്കാനോ അവ പിടിക്കാനോ ഉപയോഗിക്കുന്ന സന്ദാസികൾ അല്ലെങ്കിൽ ഇരുമ്പുവടികള്‍, കൊടിലുകൾ, മൂശയിലെ സാധനത്തെ ആകൃതിപ്പെടുത്താന്‍ ഉപയോഗിക്കുന്ന മുസ്‌ലി അല്ലെങ്കിൽ ഇരുമ്പുലക്ക എന്നിവയൊക്കെ. വലത്: ചന്ദന്‍ പ്യാലികളിൽ അധികം വരുന്ന പിച്ചള മൂശാരിമാര്‍ വീണ്ടും ഉപയോഗിക്കും

നാല്‍പത് വര്‍ഷങ്ങള്‍ക്കുമുന്‍പാണ് അസ്‌ലം പിച്ചള വാര്‍ക്കുന്ന ജോലി ചെയ്യാന്‍ തുടങ്ങിയത്. തുടക്കത്തില്‍ കുടുംബത്തിന്‍റെ ഉപജീവനം കഴിഞ്ഞിരുന്നത് അദ്ദേഹത്തിന്‍റെ അച്ഛന്‍റെ പഴം-പച്ചക്കറിക്കടയില്‍നിന്നുള്ള വരുമാനംകൊണ്ടായിരുന്നു. കുടുംബത്തെ സഹായിക്കാനാണ് അദ്ദേഹം ഈ ജോലിക്ക് ഇറങ്ങിയത്. “ഇവിടെ എല്ലാദിവസവും ഒരുപോലാണ്, ഒന്നും മാറുന്നില്ല”, ആ പിച്ചള മൂശാരി പറഞ്ഞു. “ഇന്ന് ഞങ്ങള്‍ക്ക് കിട്ടുന്ന 500 രൂപ 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ക്ക് കിട്ടിയിരുന്ന 250 രൂപയാണ്”, വിലക്കയറ്റം ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസ്‌ലമിന് രണ്ട് പുത്രിമാരും ഒരു പുത്രനും ഉണ്ട്. പുത്രിമാര്‍ വിവാഹിതരാണ്. “മകനെ വിവാഹം കഴിപ്പിച്ച് മറ്റൊരു അംഗത്തെ കൊണ്ടുവരാനുള്ള സ്ഥലം എന്‍റെ വീടിനില്ല”, അദ്ദേഹം പറഞ്ഞു.

*****

പീര്‍സാദയിൽ ജോലിചെയ്യുന്ന കൈത്തൊഴിലുകാര്‍ക്ക് വെള്ളിയാഴ്ച ഒഴിവുദിവസമാണ്. എല്ലാ ഭട്ടി കളും ജുംമാബാറിന് അടയ്ക്കും, സാധാരണനിലയില്‍ ചുറ്റികയുടെയും കൊടിലിന്‍റെയും ഉപയോഗങ്ങള്‍കൊണ്ട് മുഖരിതമായ പ്രദേശം നിശ്ശബ്ദതയിലാഴും.

തനിക്ക് ലഭിക്കുന്ന ഒഴിവുദിവസം മൊഹമ്മദ്‌ നയീം വീടിന് മുകളില്‍ കയറി പേരക്കുട്ടികളോടൊപ്പം പട്ടം പറത്തും. “ഇതെന്നെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും”, അദ്ദേഹം വിശദീകരിച്ചു.

അസ്‌ലമിന്‍റെയും ജാനിന്‍റെയും ഭട്ടി യില്‍നിന്നും അഞ്ചു മിനിറ്റുകൊണ്ട് നടന്നെത്താവുന്ന ഒരു ഇടുങ്ങിയ പാതയിലെ തന്‍റെ പണിശാലയില്‍ ആഴ്ചയിലെ ബാക്കിസമയം അദ്ദേഹം ചിലവഴിക്കും. ഈ പണി അദ്ദേഹം കഴിഞ്ഞ 36 വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നു. “എന്തുകൊണ്ടാണ് ഈ പിച്ചള ഉത്പന്നങ്ങൾ ആളുകള്‍ ഇഷ്ടപ്പെടുന്നതെന്ന് എനിക്കൊരിക്കലും മനസ്സിലാകുന്നില്ല. ഞാന്‍ എനിക്കുവേണ്ടി ഒരെണ്ണം ഇതുവരെ ഉണ്ടാക്കിയിട്ടില്ല”, അദ്ദേഹം പറഞ്ഞു. അസ്‌ലമിന്‍റെയും ജാനിന്‍റെയും കാര്യത്തില്‍നിന്നും വ്യത്യസ്തമായി 20 കിലോമീറ്റർ യാത്ര ചെയ്തുവേണം അദ്ദേഹത്തിന് ജോലിക്കെത്താൻ. വെളുക്കുന്നതിന് മുന്‍പ് അദ്ദേഹം പുറപ്പെടും. യാത്രയ്ക്കായി ഒരുദിവസം ഏകദേശം 80 രൂപ ചിലവാകും.

PHOTO • Aishwarya Diwakar
PHOTO • Aishwarya Diwakar

മൊഹമ്മദ്‌ നയീം താൻ പണിയെടുക്കുന്ന ഭട്ടിയിൽ തീ കൂട്ടുകയും (ഇടത്) ചൂളയില്‍നിന്നും വെറും കൈകൊണ്ട് മൂശ എടുക്കുകയും ചെയ്യുന്നു (വലത്)

മിക്കപ്പോഴും ചൂള കൈകാര്യം ചെയ്യുന്നത് 55-കാരനായ ഇദ്ദേഹമാണ്. ബാക്കിയുള്ള മൂന്നുപേർ വാര്‍ക്കുകയും കലര്‍ത്തുകയും ചെയ്യുന്നവരാണ്.

അവര്‍ പൂജയ്ക്കുള്ള സാധനങ്ങൾ മെനഞ്ഞുകൊണ്ടിരിക്കുകയാണ് - ദിയാകള്‍ (വിളക്കുകള്‍), ‘ഓം’ രൂപത്തിലുള്ള ചിഹ്നങ്ങള്‍, വിളക്കുകളുടെ അടിവാരം എന്നിവയൊക്കെയാണവ. അവയില്‍ മിക്കതും അമ്പലങ്ങളില്‍ ഉപയോഗിക്കുന്നതാണെന്ന് നയീം പറഞ്ഞു.

“രാജ്യത്തെ എല്ലാ ക്ഷേത്രങ്ങള്‍ക്കും വേണ്ടിയുള്ള പിച്ചള സാധനങ്ങള്‍ ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയാം”, വിരലുകളില്‍ സ്ഥലങ്ങൾ എണ്ണിക്കൊണ്ട് അദ്ദേഹം പറഞ്ഞു, “കേരളം, ബനാറസ്, ഗുജറാത്ത്, തുടങ്ങി പലസ്ഥലത്തും.”

താപനില ഏതാണ്ട് 42 ഡിഗ്രി സെല്‍ഷ്യസിലെത്തി. പക്ഷെ ആ ചൂടിലും നയീം എല്ലാവര്‍ക്കുമായി ചായ ഉണ്ടാക്കുകതന്നെയായിരുന്നു. “വളരെ മികച്ച ചായ ഞാനുണ്ടാക്കാം”, കണ്ണുകളില്‍ തിളക്കത്തോടുകൂടി അദ്ദേഹം പറഞ്ഞു. “എപ്പോഴെങ്കിലും ഭട്ടി വാലി ചായ കുടിച്ചിട്ടുണ്ടോ?”, അദ്ദേഹം പാരി റിപ്പോര്‍ട്ടര്‍മാരോട് ചോദിച്ചു. ഭട്ടിയിലെ ചൂടിൽ പാലും ചായയും നന്നായി തിളയ്ക്കുന്നതാണ് ഈ ചായയെ പ്രത്യേകതയുള്ളതാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തന്‍റെ സഹോദരന്‍റെയും ബന്ധുവിന്‍റെയും കാലടികളെ പിന്തുടര്‍ന്നാണ് താനും ഈ ജോലി തുടങ്ങിയതെന്ന് നയീം പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ പരമ്പരാഗത തൊഴിൽ വസ്ത്രങ്ങള്‍ വില്‍ക്കുന്നതായിരുന്നു. “അവര്‍ ഈ ജോലി വിട്ടു, പക്ഷെ ഞാന്‍ തുടര്‍ന്നു”, അദ്ദേഹം പറഞ്ഞു.

ഒരു ദിവസം 450–500 രൂപ ലഭിക്കുന്നത് തികയില്ല, അതിനാല്‍ ഈ ജോലി വിടാം എന്നും നയിം ചിന്തിക്കുന്നുണ്ട്. “പണമുണ്ടായിരുന്നെങ്കില്‍ വസ്ത്രങ്ങൾ വില്‍ക്കാൻ ഞാൻ പോകുമായിരുന്നു. ആ ജോലി ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ദിവസം മുഴുവന്‍ വിശാലമായ ഒരു കസേരയിൽ ഇരിക്കുക, വസ്ത്രങ്ങള്‍ വില്‍ക്കുക, ഇതുമാത്രമാണ് ചെയ്യേണ്ടത്”, അദ്ദേഹം പറഞ്ഞു.

PHOTO • Aishwarya Diwakar
PHOTO • Aishwarya Diwakar

ഇടത്: നയീമും തന്‍റെ സഹജോലിക്കാരും വിളക്കുകളും ‘ഓം’ ചിഹ്നങ്ങളും വാര്‍ത്തെടുക്കുന്നു. പിന്നീടവ ഇന്ത്യയിലെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ക്ക് നല്‍കും. വലത്: ഒരു ‘ഓം’ ചിഹ്നം അച്ചില്‍നിന്നും പുറത്തെടുക്കുന്നു

PHOTO • Aishwarya Diwakar
PHOTO • Aishwarya Diwakar

ഇടത്: താന്‍ വാര്‍ത്തെടുത്ത ‘ഓം’ ചിഹ്നവുമായി നയീം. വലത്: നയീം പുതുതായി വാര്‍ത്തെടുത്ത, മിനുക്കുപണി നടത്താത്ത, ചന്ദന്‍ പ്യാലിസ്

*****

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വളരെ പ്രധാനപ്പെട്ട ‘ ഒരു ജില്ല ഒരു ഉത്പന്നം ’ എന്ന പദ്ധതിയുടെ ഭാഗമാണ് പ്രശസ്തമായ ഈ പിച്ചള വ്യവസായം. മൊറാദാബാദിലെ ലോഹ കരകൗശലപ്പണിക്ക് 2014-ലെ ജ്യോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് (ജി.ഐ.) ടാഗ് ലഭിക്കുകയും ചെയ്തു. പക്ഷെ മൂശാരിമാരുടെ അവസ്ഥ മെച്ചപ്പെട്ടിട്ടില്ല.

പിച്ചള സാധനങ്ങളുടെ ഉത്പാദനത്തിലെ ഏറ്റവും ശ്രമകരമായ ജോലിയായിട്ടാണ് വാര്‍പ്പിനെ ഗണിക്കുന്നത്. വലിയ പാത്രങ്ങള്‍ ഉയര്‍ത്തുക, മണല്‍ നിരപ്പാക്കുക, ചൂളയിലേക്ക്‌ കല്‍ക്കരി ഇടുക എന്നിവയ്ക്കായി കൈകള്‍ എപ്പോഴും ചലിപ്പിച്ചുകൊണ്ടും, അപ്പോഴെല്ലാം തീനാളങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടും, പണിക്കാര്‍ മണിക്കൂറുകളോളം തറയില്‍ കുത്തിയിരിക്കണം.

കുറഞ്ഞ വരുമാനവും കഠിനമായ ജോലിയും ചെറുപ്പക്കാരുടെ തലമുറയെ വാര്‍പ്പ് കരകൗശലപ്പണിയിൽനിന്നും അകറ്റുന്നു.

മീന കാ കാം അല്ലെങ്കില്‍ ലോഹപ്രതലങ്ങള്‍ക്ക്‌ നിറം നല്‍കുന്ന ജോലിയില്‍ ചെറുപ്പക്കാർ കാര്യമായി ഏര്‍പ്പെട്ടിരിക്കുന്നു. വസ്ത്രങ്ങളില്‍ ചളി പുരളാത്ത, കൂടുതല്‍ മാന്യതയുള്ള ജോലിയാണ് അതെന്ന് അവര്‍ പറയുന്നു. പാക്കിംഗ്, തയ്യല്‍, ഉത്പന്നങ്ങള്‍ പെട്ടിയിലാക്കൽ എന്നിവയൊക്കെയാണ് ഇവർ ആശ്രയിക്കുന്ന മറ്റ് തൊഴിലുകൾ.

PHOTO • Mohd Shehwaaz Khan
PHOTO • Mohd Shehwaaz Khan

ഇടത്: മുറാദാബാദിലെ നിരവധി ചെറുപ്പക്കാര്‍ ഈ പണിയേറ്റെടുക്കാന്‍ മടിക്കുമ്പോഴും മൊഹമ്മദ്‌ സുഭാന് മറ്റൊരു മാര്‍ഗ്ഗവുമില്ല. സമ്പാദിച്ചതെല്ലാം അദ്ദേഹത്തിന് കോവിഡ്-19 ലോക്ക്ഡൗണ്‍ സമയത്ത് നഷ്ടപ്പെട്ടു, ഇപ്പോള്‍ പണത്തിന് ബുദ്ധിമുട്ടാണ്. വിവാഹങ്ങള്‍ നടക്കുന്ന സമയത്ത് ഇലക്‌ട്രീഷ്യനായും അദ്ദേഹം പണിയെടുക്കുന്നു. വലത്: സുഭാന്‍ വാര്‍ത്തെടുത്ത ദിയാകൾ (വിളക്കുകള്‍) ചൂളയ്ക്ക് പുറത്തെടുത്തപ്പോള്‍

PHOTO • Mohd Shehwaaz Khan
PHOTO • Mohd Shehwaaz Khan

ഇടത്: ‘എട്ടു മക്കളിലെ രണ്ടാമത്തെ മുതിർന്നയാളായ എനിക്ക് കുടുംബം നോക്കണം’, സുഭാന്‍ പറയുന്നു. വലത്: ഭട്ടിയിൽ ജോലി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ പാദം പൊള്ളിയെങ്കിലും ഒരു ദിവസത്തിനകം അദ്ദേഹം വീണ്ടും ജോലിക്കിറങ്ങി

മൊഹമ്മദ്‌ സുഭാൻ എന്ന 24-കാരനായ പിച്ചള മൂശാരി തന്‍റെ കുടുംബം പോറ്റാനായി രണ്ട് ജോലിയാണ് ചെയ്യുന്നത്. പകല്‍ പിച്ചളജോലി ചെയ്ത് 300 രൂപ ഉണ്ടാക്കും. കല്യാണങ്ങള്‍ നടക്കുന്ന സമയങ്ങളില്‍ ഇലക്ട്രീഷ്യനായി ജോലിനോക്കും. ജോലി ചെയ്യുന്ന ഓരോ വീട്ടില്‍നിന്നും 200 രൂപവീതം ലഭിക്കും. “പണത്തിന് ഞെരുക്കമുള്ള സമയത്ത് ഈ ജോലി [വാര്‍പ്പ് ജോലി] വിടുക എന്നത് ബുദ്ധിയല്ല”, അദ്ദേഹം പറഞ്ഞു.

ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകനായ അദ്ദേഹം 12 വയസ്സുള്ളപ്പോഴാണ് ഈ ജോലി തുടങ്ങിയത്. “എട്ടു മക്കളിലെ രണ്ടാമത്തെ മുതിര്‍ന്നയാളായ എനിക്ക് കുടുംബം നോക്കണം”, സുഭാന്‍ പറയുന്നു. “കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് എന്‍റെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടു, ഇപ്പോഴിത് വിടാന്‍ വളരെ ബുദ്ധിമുട്ടാണ്.”

താന്‍ ഒറ്റയ്ക്കല്ലെന്ന് സുഭാന് അറിയാം. “രണ്ട് ജോലികള്‍ ചെയ്യുന്ന എന്നെപ്പോലുള്ള നിരവധി ചെറുപ്പക്കാര്‍ ഇവിടുണ്ട്. “പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യണം], അദ്ദേഹം പറഞ്ഞു.

മൃണാളിനി മുഖര്‍ജി ഫൗണ്ടേഷ (എം.എം.എഫ്.) ഫെല്ലോഷി പ്പിന്റെ പിന്തുണയോടെ ചെയ്ത റിപ്പോർട്ട്

പരിഭാഷ: റെന്നിമോന്‍ കെ. സി.

Mohd Shehwaaz Khan

ஷெவாஸ் கான் தில்லியை சேர்ந்தவர். லாட்லி மீடியா விருதை 2023-ல் பெற்றவர். 2023ம் ஆண்டின் PARI-MMF மானியப் பணியாளராக இருந்தவர்.

Other stories by Mohd Shehwaaz Khan
Shivangi Pandey

ஷிவாங்கி பாண்டே புது டெல்லியை சேர்ந்த பத்திரிகையாளரும் மொழிபெயர்ப்பாளரும் ஆவார். மொழியின் இழப்பு எப்படி பொது நினைவை பாதிக்கிறது என்பதில் ஆர்வம் கொண்டவர். 2023ம் ஆண்டின் PARI-MMF மானியப் பணியாளர் ஆவார். Armory Square Ventures Prize For South Asian Literature In Translation 2024 விருது பட்டியல் இடம்பெற்றவர் அவர்.

Other stories by Shivangi Pandey
Photographer : Aishwarya Diwakar

ஐஸ்வர்யா திவாகர், உத்தரப்பிரதேச ராம்பூரை சேர்ந்த எழுத்தாளரும் மொழிபெயர்ப்பாளரும் ஆவார். ரொகில்காண்டின் பண்பாட்டு வரலாறு மற்றும் வாய்மொழி இலக்கியம் ஆகியவற்றில் அவர் பணிபுரிந்திருக்கிறார். தற்போது ஐஐடி மெட்ராஸில் உருது மொழிக்கான செயற்கை நுண்ணறிவு பணியில் இருக்கிறார்.

Other stories by Aishwarya Diwakar
Editor : Sarbajaya Bhattacharya

சர்பாஜயா பட்டாச்சார்யா பாரியின் மூத்த உதவி ஆசிரியர் ஆவார். அனுபவம் வாய்ந்த வங்க மொழிபெயர்ப்பாளர். கொல்கத்தாவை சேர்ந்த அவர், அந்த நகரத்தின் வரலாற்றிலும் பயண இலக்கியத்திலும் ஆர்வம் கொண்டவர்.

Other stories by Sarbajaya Bhattacharya
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.