ഥാങ്ങ്കകൾ, അഥവാ ബുദ്ധമതത്തിന്റെ ആരാധനാമൂർത്തികളെ കഥാപാത്രങ്ങളാക്കി പട്ടുകസവിലോ പരുത്തിയിലോ തീർക്കുന്ന പെയിന്റിങ്ങുകൾ, പുനരുദ്ധരിക്കുക അത്ര എളുപ്പമുള്ള ജോലിയല്ല. "പുനരുദ്ധാരണത്തിനിടെ ഒരു ചെറിയ പിഴവ് സംഭവിച്ചാൽപ്പോലും, ഉദാഹരണത്തിന്, ചെവിയുടെ ആകൃതി യഥാർത്ഥ ചിത്രത്തിൽനിന്ന് വ്യത്യസ്തമായി അല്പമൊന്ന് വളഞ്ഞാൽ - ആളുകൾ അതൊരു വലിയ തെറ്റായി കണക്കാക്കിയേക്കും," മാദ്ധോ ഗ്രാമവാസിയായ ദോർജെ അങ്ചോക് പറയുന്നു.
"ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട ഒരു ജോലിയാണ് ഇത്," ലേയിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള മാദ്ധോ ഗ്രാമത്തിലെ താമസക്കാരിയായ ദോർജെ പറയുന്നു. 2011-ലെ കണക്കെടുപ്പ് അനുസരിച്ച്, മാദ്ധോ ഗ്രാമത്തിലെ ജനസംഖ്യയായ 1,165-ൽ ഭൂരിഭാഗവും ബുദ്ധമത വിശ്വാസികളാണ്.
അങ്ചോക്കിന്റെയും അവരുടെ സമുദായാംഗങ്ങളുടെയും ആശങ്കകൾക്ക് അറുതി വരുത്തിക്കൊണ്ട് ഒൻപതുപേരടങ്ങുന്ന ഒരു സംഘം ഥാങ്ങ്കകൾ പുനരുദ്ധരിക്കുന്നതിൽ വൈദഗ്ധ്യം നേടിയിരിക്കുകയാണ്. നൂറ്റാണ്ടുകളോളം പുറകിലേക്ക് സഞ്ചരിച്ച്, ഈ പുരാതന കലാരചനകളിൽ ഒളിഞ്ഞിരിക്കുന്ന പാറ്റേണുകൾ തിരിച്ചറിഞ്ഞ്, മനസ്സിലാക്കി, ഉചിതമായ രീതിയിൽ അതിനെ പുനരുദ്ധരിക്കുകയാണ് ഈ സംഘം ചെയ്യുന്നത്. ഓരോ നൂറ്റാണ്ടിനും തനതായ പ്രത്യേകതകളും ചിത്രകലാശൈലികളും വിഗ്രഹങ്ങളുടെ മാതൃകകളും അവകാശപ്പെടാനുണ്ട്.
മാദ്ധോയിൽനിന്നുള്ള ഈ സ്ത്രീകൾ പുനരുദ്ധരിക്കുന്ന ഥാങ്ങ്കകൾ എല്ലാം 15-18 നൂറ്റാണ്ടുകളിൽ നിന്നുള്ളവയാണെന്ന് അവർക്ക് ഇതിനുവേണ്ട പരിശീലനം നൽകിയ ഫ്രാൻസ് സ്വദേശിനിയായ ആർട്ട് റെസ്റ്റോറർ നെല്ലി റിയാഫ് പറയുന്നു. "തുടക്കത്തിൽ, സ്ത്രീകൾ ഥാങ്ങ്കകൾ പുനരുദ്ധരിക്കുന്നതിൽ ഗ്രാമീണർക്ക് എതിർപ്പായിരുന്നു," സെറിങ് സ്പാൽഡൺ പറയുന്നു. "പക്ഷെ ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ലെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു; ഞങ്ങളുടെ ചരിത്രം സംരക്ഷിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നത്."
"ബുദ്ധന്റെയും ജനസമ്മതരായിരുന്ന മറ്റനേകം ലാമകളുടെയും ബോധിസത്ത്വന്മാരുടെയും ജീവിതത്തെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരാൻ ഉതകുന്ന മികച്ച മാധ്യമങ്ങളാണ് ഥാങ്ങ്കകൾ," ബുദ്ധമത സന്യാസിനിയായ തുക്ച്ചേ ഡോൾമ പറയുന്നു. അടുത്തിടെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ട ലഡാക്കിലെ കാർഗിൽ ജില്ലയിലുള്ള വിദൂര തെഹ്‌സിലായ ജാൻസ്കാറിൽ സ്ഥിതി ചെയ്യുന്ന കർഷ സന്യാസിനീ മഠത്തിലാണ് ഡോൾമ താമസിക്കുന്നത്.
കർഷക കുടുംബങ്ങളിൽനിന്നുള്ള സെറിങും മറ്റു റെസ്റ്റൊറർമാരും ഹിമാലയൻ ആർട്ട് പ്രിസർവേഴ്സ് (എച്ച്.എ.പി) എന്ന സംഘടനയിലെ അംഗങ്ങളും ഥാങ്ങ്കകൾ പുനരുദ്ധരിക്കാൻ പ്രത്യേക വൈദഗ്ധ്യം നേടിയവരുമാണ്. "ഥാങ്ങ്കകൾ വരയ്ക്കപ്പെട്ടിട്ടുള്ള പട്ടുതുണി ഉയർന്ന ഗുണനിലവാരമുള്ളതും അപൂർവവുമായതിനാൽ മറ്റ് ചരിത്രപ്രധാനമായ പെയിന്റിങ്ങുകളുമായി താരതമ്യം ചെയ്യുമ്പോൾ അവ പുനരുദ്ധരിക്കാൻ ബുദ്ധിമുട്ട് കൂടുതലാണ്. ചായങ്ങൾക്കോ തുണിയ്ക്കോ കേട് കൂടാതെ അഴുക്കുമാത്രം ഇളക്കിക്കളയുന്നത് ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവൃത്തിയാണ്," നെല്ലി പറയുന്നു.
"2010-ലാണ് ഞങ്ങൾ മാദ്ധോ ഗോംപയിവെച്ച് (വിഹാരം) പെയിന്റിങ് സംരക്ഷിക്കുന്ന പ്രവൃത്തി പഠിച്ചു തുടങ്ങിയത്. പത്താം ക്ലാസ്സ് പൂർത്തിയാക്കിയതിനു ശേഷം വെറുതെ വീട്ടിൽ ഇരിക്കുന്നതിനേക്കാൾ ഭേദമായിരുന്നു അത്," സെറിങ് പറയുന്നു.
സെറിങിനെ കൂടാതെ തിൻലെസ് ആങ്‌മോ, ഉർഗെയ്ൻ ചൊദോൽ, സ്റ്റാൻസിൻ ലദോൽ, കുൻസങ് ആങ്‌മോ, റിൻചെൻ ഡോൾമ, ഇസെയ് ഡോൾമ, സ്റ്റാൻസിൻ ആങ്‌മോ, ചുൻസിൻ ആങ്‌മോ എന്നീ സ്ത്രീകളാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ദിവസേന 270 രൂപ വേതനമാണ് അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. "ഞങ്ങളുടെ സ്ഥലം ഏറെ വിദൂരമാണെന്നും ഇവിടെ അധികം ജോലി സാധ്യതകൾ ഇല്ലെന്നതും പരിഗണിക്കുമ്പോൾ അതൊരു നല്ല തുകയാണ്," സെറിങ് പറയുന്നു. പിന്നീട് സമയം കടന്നു പോയതിനൊപ്പം "പെയിന്റിങ്ങുകൾ പുനരുദ്ധരിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിഞ്ഞു. ചരിത്രത്തെയും കലയെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാനും ഇത് ഞങ്ങളെ സഹായിച്ചു."
2010-ൽ മാദ്ധോ വിഹാരത്തിന്റെ നേതൃത്വത്തിലാണ് നാശോന്മുഖമായ ഥാങ്ങ്കകളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമായത്. "ഥാങ്ങ്കകളും മതപരമായ പ്രാധാന്യമുള്ള മറ്റു വസ്തുക്കളും അടിയന്തിരമായി പുനരുദ്ധരിക്കേണ്ട സാഹചര്യം ഉയർന്നിരുന്നു. 2010 മുതലാണ് ഞങ്ങൾ ഈ പ്രവൃത്തി പഠിച്ചു തുടങ്ങിയത്," സെറിങ് പറയുന്നു. അവരും മറ്റു സ്ത്രീകളും ഈ അവസരം വിനിയോഗിക്കാനും റെസ്റ്റോറേഷനിൽ പരിശീലനം നേടാൻ തീരുമാനിക്കുകയുമായിരുന്നു.
ഒരു ഥാങ്ങ്ക പുനരുദ്ധരിക്കാൻ എടുക്കുന്ന സമയം അതിന്റെ വലിപ്പത്തെ ആശ്രയിച്ചാണിരിക്കുന്നത്. അത് ദിവസങ്ങൾമുതൽ മാസങ്ങൾവരെ നീണ്ടേയ്ക്കാം. "ശൈത്യകാലത്ത് തണുപ്പുമൂലം ഥാങ്ങ്കയിലെ തുണിയ്ക്ക് കേടുപാട് സംഭവിക്കുമെന്നതുകൊണ്ട് ആ സമയത്ത് മാത്രമാണ് ഥാങ്ങ്ക പുനരുദ്ധരിക്കുന്ന ജോലി ഞങ്ങൾ നിർത്തിവെക്കാറുള്ളത്."
വർക്ക് സാമ്പിളുകൾ സൂക്ഷ്മതയോടെ പട്ടികപ്പെടുത്തിയിട്ടുള്ള ഒരു വലിയ രജിസ്റ്റർ സ്റ്റാൻസിൻ ലദോൽ തുറന്നു. അതിന്റെ ഓരോ പേജിലും രണ്ടു ചിത്രങ്ങൾ അടുത്തടുത്തായി വെച്ചിട്ടുണ്ട്-ഒരെണ്ണം പുനരുദ്ധാരണത്തിന് മുൻപുള്ള ഒരു ഥാങ്ങ്കയുടെ ചിത്രവും മറ്റേത് പുനരുദ്ധാരണത്തിനുശേഷം അതിനുണ്ടായ ഗുണപരമായ മാറ്റത്തിന്റെ ചിത്രവും.
"ഈ ജോലി ചെയ്യാൻ പഠിച്ചതിൽ ഞങ്ങൾ എല്ലാവരും ഏറെ സന്തുഷ്ടരാണ്; വ്യത്യസ്തമായ ഒരു ജോലിസാധ്യതയാണ് അത് ഞങ്ങൾക്ക് തുറന്നുതന്നിരിക്കുന്നത്. ഞങ്ങൾ എല്ലാവരുംതന്നെ വിവാഹിതരും കുട്ടികൾ ഉള്ളവരുമാണ്. കുട്ടികൾ അവരുടെ ജോലി ചെയ്യുമ്പോൾ ഞങ്ങൾ ദിവസത്തിന്റെ നല്ലൊരു പങ്കും റെസ്റ്റോറേഷൻ ജോലികൾ ചെയ്യാനാണ് ചിലവിടുന്നത്," അത്താഴം തയ്യാറാക്കാനായി പച്ചക്കറികൾ അരിയുന്നതിനിടെ തിൻലെസ് പറയുന്നു.
"ഞങ്ങൾ അതിരാവിലെ 5 മണിക്ക് എഴുന്നേറ്റ് വീട്ടിലെയും കൃഷിയിടത്തിലെയും ജോലികൾ എല്ലാം പെട്ടെന്ന് തീർക്കാൻ ശ്രമിക്കും," തിൻലെസ് പറയുന്നു. ഇതുകേട്ട് അവരുടെ സഹപ്രവർത്തകയായ സെറിങും സംഭാഷണത്തിൽ പങ്കുചേർന്നു, "സ്വാശ്രയരായി ഇരിക്കാൻ കൃഷി സഹായിക്കുമെന്നതിനാൽ കൃഷിയിടത്തിലെ ജോലി ഞങ്ങൾക്ക് ഏറെ പ്രധാനമാണ്."
ദിവസത്തിന്റെ നല്ലൊരു പങ്കും ഈ സ്ത്രീകൾ ജോലിത്തിരക്കിലാകും. "പശുക്കളെ കറന്ന്, പാചകം ചെയ്ത്, കുട്ടികളെ സ്കൂളിലേയ്ക്ക് അയക്കുന്നതിന് പുറമേ, പുറത്ത് മേയാൻ പോയിട്ടുള്ള കന്നുകാലികളിലും ഞങ്ങളുടെ കണ്ണെത്തണം. ഇതെല്ലാം കഴിഞ്ഞാണ് ഞങ്ങൾ എച്ച്.എ.പിയിലെത്തി ജോലി തുടങ്ങുന്നത്," തിൻലെസ് പറയുന്നു.
പുതിയ ഥാങ്ങ്കകൾ വരയ്ക്കാനാണ് ഇന്ന് കൂടുതൽ പണം നീക്കിവയ്ക്കപ്പെടുന്നതെന്ന് പുനരുദ്ധാരണജോലി ചെയ്യുന്ന ഈ സംഘം പറയുന്നു. "നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഥാങ്ങ്കകളുടെ പൈതൃകമൂല്യം തിരിച്ചറിയുന്നവർ തീരെ കുറവാണ്. അതുകൊണ്ടുതന്നെ അവ പുനരുദ്ധരിക്കുന്നതിന് പകരം ഉപേക്ഷിക്കുകയാണ് പലരും ചെയ്യുന്നത്," ബുദ്ധമത പണ്ഡിതനും ലേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹിമാലയൻ കൾച്ചറൽ ഹെറിറ്റേജ് ഫൗണ്ടേഷന്റെ സ്ഥാപകനുമായ ഡോക്ടർ സോനം വാങ്‌ചുക് പറയുന്നു.
"കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഞങ്ങൾ ഈ ജോലി പതിവായി ചെയ്തുവരുന്നതുകൊണ്ട് ഇപ്പോൾ ആരും ഞങ്ങളോട് ഒന്നും പറയാറില്ല," തുടക്കത്തിൽ ഗ്രാമീണരുടെ ഭാഗത്തുനിന്നുണ്ടായ എതിർപ്പ് സൂചിപ്പിച്ച് സെറിങ് പറയുന്നു. "ഈ ജോലി ചെയ്യുന്ന പുരുഷന്മാർ തീരെയില്ലെന്നുതന്നെ പറയാം," ലേ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശെശ്രിഗ് ലഡാക്ക് എന്ന ആർട്ട് കൺസർവേഷൻ അറ്റലിയറിന്റെ സ്ഥാപകയായ നൂർ ജഹാൻ പറയുന്നു. "ഇവിടെ ലഡാക്കിൽ, സ്ത്രീകളാണ് ആർട്ട് റെസ്റ്റോറർമാരായി പ്രവർത്തിക്കുന്നത്." ഈയിടെയായി അവർ ഥാങ്ങ്കകൾ പുനരുദ്ധരിക്കുന്നതിന് പുറമേ, ചുവർ ചിത്രങ്ങളും സ്മാരകങ്ങളും പുനരുദ്ധരിക്കുന്ന പ്രവൃത്തികൾ കൂടി ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
"കൂടുതൽ ആളുകൾ ഇവിടെ വന്ന് ഞങ്ങളുടെ ജോലി കാണണമെന്നാണ് ഞങ്ങളുടെ ആഗ്രഹം," സെറിങ് പറയുന്നു. സൂര്യൻ അസ്തമിച്ച് മലനിരകൾക്കിടയിൽ മറയുന്നതോടെ അവരും മറ്റു സ്ത്രീകളും വീടുകളിലേക്ക് മടങ്ങും. പെയിന്റിങ്ങുകളുടെ പുനരുദ്ധാരണത്തിന് ആവശ്യമായ വിലകൂടിയ വസ്തുക്കളുടെ അഭാവം തങ്ങളെ അലട്ടുന്ന ഒരു സമസ്യയാണെന്ന് സ്റ്റാൻസിൻ ലദോൽ പറയുന്നു. "ഈ ജോലിയിൽനിന്ന് വലിയ ലാഭം കിട്ടുമെന്നല്ല, മറിച്ച് ഇത് ചെയ്യുന്നതിലൂടെ ഞങ്ങൾക്ക് സംതൃപ്തി ലഭിക്കുമെന്നതാണ് ഈ ജോലിയുടെ പ്രാധാന്യം" എന്നും അവർ വിശ്വസിക്കുന്നു.
ഈ ജോലി ചെയ്തുതുടങ്ങിയതിലൂടെ ഈ സ്ത്രീകൾ പുരാതനമായ പെയിന്റിങ്ങുകൾ പുനരുദ്ധരിക്കാനുള്ള നൈപുണ്യം നേടിയെന്നതിന് പുറമേ കൂടുതൽ ആത്മവിശ്വാസമുള്ളവരായി മാറുകയും ചെയ്തിരിക്കുന്നു. "ഞങ്ങൾ ആശയവിനിമയം നടത്തുന്ന രീതിയിലും ഇത് പതിയെ മാറ്റം കൊണ്ടുവന്നിട്ടുണ്ട് - നേരത്തെ ഞങ്ങൾ ലഡാക്കി ഭാഷയിൽ മാത്രമാണ് സംസാരിച്ചിരുന്നത്," ഒരു ചെറുപുഞ്ചിരിയോടെ സെറിങ് പറയുന്നു. "എന്നാൽ ഇപ്പോൾ ഞങ്ങൾ ഇംഗ്ളീഷിലും ഹിന്ദിയിലും അനായാസം സംസാരിക്കാൻ പഠിക്കുകയാണ്."
പരിഭാഷ: പ്രതിഭ ആര്‍. കെ .