2023 ഫെബ്രുവരി 28, വൈകീട്ട് 6 മണി. പ്രകൃതിസുന്ദരമായ ഖോൽദൊഡ ഗ്രാമത്തിൽ സൂര്യനസ്തമിക്കുമ്പോൾ, 35 വയസ്സുള്ള രാംചന്ദ്ര ദോഡ്കെ ദീർഘമായ ഒരു രാത്രിക്കുള്ള തയ്യാറെടുപ്പിലാണ്. ശക്തിയുള്ള, വളരെ ദൂരേക്ക് പ്രകാശമെത്തിക്കുന്ന തന്റെ ‘കമാൻഡർ’ ടോർച്ചും കിടക്കയും തയ്യാറാക്കുകയാണ് അദ്ദേഹം.

ചെറിയ വീട്ടിനകത്ത് ഭാര്യ ജയശ്രീ അത്താഴമൊരുക്കുന്നു. പരിപ്പും, പച്ചക്കറികളും ചേർന്ന ഒരു കറി. അടുത്ത വീട്ടിലെ അദ്ദേഹത്തിന്റെ അമ്മാവൻ 70 വയസ്സുള്ള ദാദാജി ദോഡ്കെയും രാത്രിയിലേക്ക് തയ്യാറെടുക്കുകയാണ്. അദ്ദേഹത്തിന്റെ ഭാര്യ ശകുബായ് ചോറും ചപ്പാത്തിയും തയ്യാറാക്കുന്നു. സ്വന്തം കൃഷിസ്ഥലത്ത് ആ ദമ്പതികൾ വിളയിച്ച സുഗന്ധമുള്ള അരികൊണ്ടുള്ള ചോറാണ് അത്.

“ഞങ്ങൾ ഏതാണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഭക്ഷണം തയ്യാറായാ‍ൽ ഞങ്ങൾ പുറപ്പെടും”, 35 വയസ്സുള്ള ആ ചെറുപ്പക്കാരൻ പറഞ്ഞു. ജയശ്രീയും ശകുബായിയും തങ്ങൾക്കുള്ള ഭക്ഷണം പൊതിയുകയാണെന്ന് അയാൾ കൂട്ടിച്ചേർത്തു.

ഇന്ന് എന്റെ ആതിഥേയർ, മനാ സമുദായത്തിലെ (സംസ്ഥാനത്ത് പട്ടികഗോത്രവിഭാഗമാണ്) രണ്ട് തലമുറയുടെ പ്രതിനിധികളായ ദാദാജിയും രാമചന്ദ്രയുമാണ്. ആദ്യത്തെയാൾ ഒരു കീർത്തങ്കറാണ്. അതായത്, ബാബാസാഹേബ് അംബേദ്ക്കറിന്റെ വിനീതനായ അനുയായി. ഒരു കർഷകനും‌കൂടിയാണ് അദ്ദേഹം. രണ്ടാമത്തെയാളാണ് കുടുംബത്തിന്റെ അഞ്ചേക്കർ സ്ഥലം നോക്കിനടത്തുന്നത്. രോഗം‌മൂലം അദ്ദേഹത്തിന്റെ അച്ഛൻ ഭികാജിക്ക് – ദാദാജിയുടെ ജ്യേഷ്ഠനാണ് - കൃഷി നോക്കിനടത്താനാവുന്നില്ല എന്നതാണ് കാരണം. ഒരുകാലത്ത് ഭികാജിയായിരുന്നു ഗ്രാമത്തിലെ ‘ പൊലീസ് പാട്ടിൽ’ . ഗ്രാമത്തിന്റെയും പൊലീസിന്റെയും ഇടയിൽ പ്രവർത്തിക്കുന്ന മദ്ധ്യവർത്തിയുടെ പദവിയാണ് അത്.

നാഗ്പുർ ജില്ലയിലെ ഭിവാപുർ തെഹ്സിലിലുള്ള ഗ്രാമത്തിൽനിന്ന് ഒരു രണ്ട് മൈൽ അകലെയുള്ള രാമചന്ദ്രയുടെ കൃഷിസ്ഥലത്തേക്ക് പോകാനൊരുങ്ങുകയായിരുന്നു ഞങ്ങൾ. വന്യമൃഗങ്ങളിൽനിന്ന് വിളകളെ സംരക്ഷിക്കാനായുള്ള ജഗ്ലി, അഥവാ, രാത്രി കാവൽ എന്ന ജോലിക്ക്. ഏഴംഗങ്ങളുള്ള ഞങ്ങളുടെ സംഘത്തിൽ രാമചന്ദ്രയുടെ ഒമ്പത് വയസ്സുള്ള മൂത്ത മകൻ അശുതോഷുമുണ്ടായിരുന്നു.

Left to right: Dadaji, Jayashree, Ramchandra, his aunt Shashikala and mother Anjanabai outside their home in Kholdoda village
PHOTO • Jaideep Hardikar

ഇടത്തുനിന്ന് വലത്തേക്ക്: ദാദാജി, രാമചന്ദ്ര, അദ്ദേഹത്തിന്റെ അമ്മായീ ശശികല, അമ്മ, അഞ്ജനാബായി എന്നിവർ ഖോൽദൊഡ ഗ്രാമത്തിലെ വീട്ടുമുറ്റത്ത്

നഗരത്തിലുള്ളവർക്ക് ഇതൊരു സാഹസികയാത്രയായി തോന്നാമെങ്കിലും, എന്റെ ആതിഥേയർക്ക് ഇത്, വർഷം മുഴുവനുമുള്ള അവരുടെ ദിനചര്യയാണ്. മുളക്, ഗോതമ്പ്, ഉഴുന്ന്, തുവരപ്പരിപ്പ് തുടങ്ങിയ അവർ കൃഷിചെയ്യുന്ന റാബി വിളകൾ അവർക്ക് സംരക്ഷിക്കേണ്ടതുണ്ട്.

ദാദാജിയുടെ കൃഷിസ്ഥലം മറുഭാഗത്താണ്. ഈ രാത്രി ഞങ്ങൾ രാമചന്ദ്രയുടെ കൃഷിഭൂമിയിൽ ചിലവഴിക്കും. ഒരുപക്ഷേ തീ കാഞ്ഞ്, അവിടെയിരുന്ന് ഭക്ഷണം കഴിക്കും. തണുത്ത കാറ്റ് അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും രാത്രിയിലെ അന്തരീക്ഷ താപനില 14 ഡിഗ്രി സെൽ‌ഷ്യസിനടുത്തുവരും  2022 ഡിസംബറിലും 2023 ജനുവരിയിലും കൊടുംശൈത്യമായിരുന്നുവെന്ന് രാമചന്ദ്ര പറഞ്ഞു. രാത്രികളിൽ 6-7 ഡിഗ്രിവരെയായി താപനില കുറഞ്ഞിരുന്നു ആ സമയങ്ങളിൽ.

കാവൽ നിൽക്കാൻ കുടുംബത്തിലെ ഒരാളെങ്കിലും പാ‍ടത്ത് സമയം ചിലവഴിക്കണം. രാത്രി മുഴുവൻ ഈ തണുപ്പത്ത് കാവൽ നിൽക്കേണ്ടിവരുന്നതിനാൽ ധാരാളം ഗ്രാമീണർക്ക് അസുഖങ്ങൾ പിടിപെട്ടു. ഉറക്കമില്ലായ്മ, മാ‍നസികസമ്മർദ്ദം, തണുപ്പ് ഇവമൂലം പനിയും തലവേദനയുമൊക്കെ നിത്യസംഭവങ്ങളാണെന്ന് രാമചന്ദ്ര പറഞ്ഞു.

ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ ദാദാജി ഭാര്യയെ വിളിച്ച്, കഴുത്തിൽ ഇടാറുള്ള ബെൽറ്റ് ചോദിച്ചുവാങ്ങി. “എല്ലായ്പ്പോഴും ഇത് ധരിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്”, അദ്ദേഹം വിശദീകരിച്ചു.

എന്തിനാണ് സെർവിക്കൽ ബെൽറ്റ് (കഴുത്തിലിടുന്ന ബെൽറ്റ്) എന്ന് ഞാൻ ചോദിച്ചു.

“അതൊക്കെ പറയാൻ സമയം കിടക്കുകയല്ലേ? ചോദ്യങ്ങളൊക്കെ സൂക്ഷിച്ചുവെച്ചോളൂ”, അദ്ദേഹം മറുപടി പറഞ്ഞു.

എന്നാൽ രാമചന്ദ്ര ഒരു ചെറിയ ചിരിയോടെ അതിനുള്ള മറുപടി തന്നു. “കുറച്ച് മാസങ്ങൾക്കുമുമ്പ് അദ്ദേഹം അദ്ദേഹത്തിന്റെ പാടത്തെ 8 അടി ഉയരമുള്ള ഏറുമാടത്തിൽനിന്ന് വീണു. മൂപ്പർക്ക് ഭാഗ്യമുണ്ട്. അല്ലെങ്കിൽ ഇന്ന് നമ്മുടെകൂടെ ഉണ്ടാകുമായിരുന്നില്ല”.

Dadaji Dodake, 70, wears a cervical support after he fell from the perch of his farm while keeping a night vigil
PHOTO • Jaideep Hardikar

രാത്രികാവലിനിടയ്ക്ക് ഒരിക്കൽ പാടത്തെ ഏറുമാടത്തിൽനിന്ന് വീണതിൽ‌പ്പിന്നെ, 70 വയസ്സുള്ള ദാദാജി ദോഡ്കെ കഴുത്തിലെ ബെൽറ്റ് ധരിക്കുന്നുണ്ട്

*****

നാഗ്പുരിൽനിന്ന് 120 കിലോമീറ്റർ അകലെയുള്ള ഭിവാപുർ തെഹ്സിലിലെ ആലെസുർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ഖോൽദൊഡ. അതിന്റെ അതിർത്തിയിലാണ് ചന്ദ്രപുർ ജില്ലയിലെ ചിമുർ തെഹ്സിലിലുള്ള കാടുകൾ - തഡോബ അന്ധാരി ടൈഗർ റിസർവിന്റെ (ടി.എ.ടി.ആർ) വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളാണ്.

മഹാരാഷ്ട്രയുട് കിഴക്കൻ മേഖലയായ വിദർഭയുടെ വനമേഖലയിലെ നൂറുകണക്കിന് ഗ്രാമങ്ങളെപ്പോലെ, ഖോൽദൊഡയും വന്യമൃഗശല്യം അനുഭവിക്കുന്നു. ഗ്രാമത്തിലുള്ളവർക്ക് പലപ്പോഴും അവരുടെ വിളകളും കന്നുകാലികളും നഷ്ടമാവുന്നുണ്ട്. മിക്ക കൃഷിയിടങ്ങളിലും വേലിയുണ്ടെങ്കിലും, രാത്രികാവൽ ജീവിതത്തിന്റെ ഒരു ഭാഗമാണ് അവർക്ക്.

ദിവസം മുഴുവൻ ആളുകൾ കൃഷിപ്പണിയിലേർപ്പെടുന്നു. എന്നാൽ രാത്രിയായാൽ, വിശേഷിച്ചും വിളവെടുപ്പ് കാലമായാൽ, വിളകളെ വന്യമൃഗങ്ങളിൽനിന്നും സംരക്ഷിക്കാനായി ഓരോ വീട്ടുകാരും പാടത്ത് കാവലിന് പോകുന്നു. ഓഗസ്റ്റ് മുതൽ മാർച്ചുവരെയാണ് ഇങ്ങനെ ചെയ്യുന്നത് എങ്കിലും, മറ്റ് സമയങ്ങളിലും കാവൽ നിൽക്കേണ്ടിവരാറുണ്ട്.

രാവിലെ ഞാൻ എത്തിയപ്പോൾ ഖോൽദൊദ വളരെ ശാന്തമായിരുന്നു, പാടത്ത് ഒരാളെപ്പോലും കണ്ടില്ല. എല്ലാ പാടങ്ങളുടെയും ചുറ്റും നൈലോൺ സാരിയുടെ വേലിയുണ്ടായിരുന്നു. വൈകീട്ട് 4 മണിയായാപ്പോഴേക്കും ഗ്രാമത്തിലെ വഴികൾ വിജനമായി കാണപ്പെട്ടു. അവിടെയുമിവിടെയുമായി ചില നായ്ക്കളെ മാത്രമേ കാണാനുണ്ടായിരുന്നുള്ളു.

“ഉച്ചയ്ക്ക് 2 മണിമുതൽ 4.30 വരെ എല്ലാവരും ഉറക്കത്തിലായിരിക്കും. കാരണം, രാത്രി ഉറങ്ങാൻ പറ്റുമോ എന്ന് അവർക്ക് ഉറപ്പില്ല”, ദാദാജി പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലെത്തി, ഉച്ചസമയത്തെ ഈ ആളനക്കമില്ലായ്മയെക്കുറിച്ച് ചോദിച്ചതിനുള്ള മറുപടിയായിരുന്നു അത്.

“അവർ (കർഷകർ) ദിവസം മുഴുവൻ പാടത്ത് ചുറ്റിനടക്കുകയായിരിക്കും. ഒരു 24 മണിക്കൂർ ജോലിപോലെയാണ് അത്”, അദ്ദേഹം തമാശയായി പറഞ്ഞു.

Monkeys frequent the forest patch that connects Kholdoda village, which is a part of Alesur gram panchayat
PHOTO • Jaideep Hardikar
Monkeys frequent the forest patch that connects Kholdoda village, which is a part of Alesur gram panchayat
PHOTO • Jaideep Hardikar

ആലെസുർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഖോൽദൊഡ ഗ്രാമത്തെ കാടുമായി ബന്ധിപ്പിക്കുന്ന സ്ഥലങ്ങളിൽ കുരങ്ങന്മാർ സ്ഥിരമായി വരാറുണ്ട്

Left : Villagers in Kholdoda get ready for a vigil at the fall of dusk.
PHOTO • Jaideep Hardikar
Right: A farmer walks to his farm as night falls, ready to stay on guard
PHOTO • Jaideep Hardikar

ഇടത്ത്: സന്ധ്യയാവുമ്പോഴേക്കും രാത്രികാവലിന് പോകാൻ തയ്യാറായിട്ടുണ്ടാവും ഗ്രാമീണർ. വലത്ത്: രാത്രി പാടത്തേക്ക് കാവലിന് തയ്യാറായി പോകുന്ന ഒരു കർഷകൻ

ഇരുട്ട് വീഴുമ്പോഴേക്കും ഗ്രാമം സജീവമായി. സ്ത്രീകൾ പാചകം തുടങ്ങി, പുരുഷന്മാർ രാത്രി കാവലിന് തയ്യാറാവുന്നു. പശുക്കൾ അവയെ മേയ്ക്കുന്നവരോടൊപ്പം കാട്ടിൽനിന്ന് മടങ്ങുകയായി.

തേക്കും മറ്റ് മരങ്ങളുമുള്ള കൊടുംവനത്താൽ ചുറ്റപ്പെട്ട ഖോൽദൊഡ തഡോബ ഭൂപ്രകൃതിയുടെ ഒരു ഭാഗമാണ്. 108 കുടുംബങ്ങളാണ് (2011-ലെ സെൻസസ് പ്രകാരം) അവിടെ താമസിക്കുന്നത്. പ്രധാനമായും മാനാ ആദിവാസികളും മഹർ ദളിതുകളുമായ ചെറുകിട, ഇടത്തരം കർഷകരാണ് ഭൂരിഭാഗവും. കൂട്ടത്തിൽ മറ്റ് ചില ജാതിക്കാരുടെ കുടുംബങ്ങളും ഉണ്ട്.

110 ഹെക്ടർ കൃഷിഭൂമിയാണ് ഇവിടെയുള്ളത്. ഫലഭൂയിഷ്ഠമായ ഇവിടുത്തെ മണ്ണ്, മുഖ്യമായും മഴയെ ആശ്രയിക്കുന്നു. നെല്ല്, ധാന്യങ്ങൾ, ഗോതമ്പ്, ചെറുധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയാണ് കൃഷി. കൃഷിക്കാർ സ്വന്തം നിലങ്ങളിലാണ് പണിയെടുക്കുന്നതെങ്കിലും കൂലിപ്പണി ചെയ്തും, വനവിഭവങ്ങളെ ആശ്രയിച്ചുമാണ് അവരുടെ ഉപജീവനം. കൃഷികൊണ്ട് വലിയ ഗുണമില്ലെന്ന് കണ്ടതിനാൽ, ചില ചെറുപ്പക്കാർ മറ്റ് പട്ടണങ്ങളിലേക്ക് പോയിക്കഴിഞ്ഞു. ദാദാജിയുടെ മകൻ നാഗ്പുരിൽ പൊലീസ് കോൺസ്റ്റബിലാണ്. ചില ഗ്രാമീണർ തൊഴിൽ കണ്ടെത്താനായി ഭിവാപുരിലേക്ക് പോകാറുണ്ട്.

*****

ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ ഞങ്ങൾ ഗ്രാമത്തിൽ ഒന്ന് ചുറ്റിയടിച്ചു. അവിടത്തെ അന്തരീക്ഷം മനസ്സിലാക്കാൻ.

ഏകദേശം 50 വയസ്സിനടുത്ത് പ്രായമുള്ള മൂന്ന് സ്ത്രീകളെ പരിചയപ്പെട്ടു. ശകുന്തള ഗോപിചന്ദ് നന്നവാരെ, ശോഭ ഇന്ദ്രപാൽ പേന്ദം, പർബ്ബത തുൾസിറാം പെന്ദം. അവർ അല്പം നേരത്തെ കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു. കൂട്ടിന് ഒരു നായയുമുണ്ടായിരുന്നു. വീട്ടുജോലികളും കൃഷിപ്പണിയും കഴിഞ്ഞ് കാവലിന് പോകുന്നത് ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചപ്പോൾ “ഞങ്ങൾക്ക് ഭയമുണ്ട്. പക്ഷേ വേറെ എന്ത് ചെയ്യാൻ?” എന്ന് ശകുന്തള തിരിച്ചുചോദിച്ചു. രാത്രി അവർ മൂവരും പരസ്പരം സഹായിച്ചുകൊണ്ട് പാടത്ത് കാവൽ നിൽക്കും.

ദാദാജിയുടെ വീടിന്റെ മുമ്പിലുള്ള ഗ്രാമത്തിലെ മുഖ്യപാതയിൽ, ഗുൺ‌വാന്ത ഗെയ്ൿ‌വാഡ് കൂട്ടുകാരുമൊത്ത് സംസാരിച്ചിരിക്കുന്നത് ഞങ്ങൾ കണ്ടു. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഇന്ന് ഒരു കടുവയെ കാണാം”, അവരിലൊരാൾ ചിരിച്ചു. “കടുവകൾ പാടത്തിനടുത്തുകൂടി പോവുന്നത് ഞങ്ങളെപ്പോഴും കാണാറുണ്ട്”, ഗെയ്‌‌ൿ‌വാഡ് പറഞ്ഞു.

Gunwanta Gaikwad (second from right) and other villagers from Kholdoda prepare to leave for their farms for a night vigil
PHOTO • Jaideep Hardikar

രാത്രികാവലിന് പോകാൻ തയ്യാറായി നിൽക്കുന്ന ഖോൽദൊഡയിലെ ഗുൺ‌വന്ത ഗെയ്ൿ‌വാഡും (വലത്തുനിന്ന് രണ്ടാമത്) മറ്റ് ഗ്രാമീണരും

Left: Sushma Ghutke, the woman ‘police patil’ of Kholdoda, with Mahendra, her husband.
PHOTO • Jaideep Hardikar
Right: Shakuntala Gopichand Nannaware, Shobha Indrapal Pendam, and Parbata Tulshiram Pendam, all in their 50s, heading for their farms for night vigil (right to left)
PHOTO • Jaideep Hardikar

ഇടത്ത്: സുഷമ ഘുട്കെ എന്ന വനിതാ പൊലീസ് പാട്ടിൽ, ഭർത്താവ് മഹേന്ദ്രയുടെ കൂടെ. വലത്ത്: 50 വയസ്സിനടുത്ത് പ്രായമുള്ള ശകുന്തള ഗോപിചന്ദ് നന്നവാരെ, ശോഭ ഇന്ദ്രപാൽ പെന്ദം, പർബ്ബത തുൾസിറാം പെന്ദം (വലത്തുനിന്ന് ഇടത്തോട്ട്) എന്നിവർ രാത്രികാവലിനായി പാടത്തേക്ക് പോകുന്നു

ഗ്രാമത്തിലെ ഡെപ്യൂ‍ട്ടി സർപാഞ്ചായ രാഝൻ ബങ്കാറെ ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ‌പ്പോയി സന്ദർശിച്ചു. ഭക്ഷണം കഴിക്കുകയായിരുന്നു അദ്ദേഹം. അതിനുശേഷം അദ്ദേഹം പാടത്തേക്ക് പോകും. രാവിലത്തെ ജോലികൾക്കുശേഷം ക്ഷീണിതനായിരുന്നു രാഝൻ ബങ്കാർ. പഞ്ചായത്തിലെ ഭരണപരമായ ജോലികളുടെ ചുമതലയുള്ള വ്യക്തിയാണ് അദ്ദേഹം.

പിന്നീട് ഞങ്ങൾ കണ്ടുമുട്ടിയത് വനിതാ പൊലീസ് പാട്ടിലായ സുഷമ ഘുട്കെയെ ആയിരുന്നു. ഭർത്താവ് മഹേന്ദ്രയുടെകൂടെ സ്കൂട്ടറിന് പിന്നിലിരുന്ന് പാടത്തേക്ക് പോവുകയായിരുന്നു അവർ. ഭക്ഷണവും, രണ്ട് കമ്പിളികളും, ഒരു മരത്തിന്റെ വടിയും നല്ല വെളിച്ചമുള്ള ടോർച്ചുമുണ്ടായിരുന്നു അവരുടെ കൈയ്യിൽ. മറ്റുള്ളവരും ഈ സാധനങ്ങളൊക്കെയെടുത്ത് പാടത്തേക്ക് പോവുന്നത് ഞങ്ങൾ കണ്ടു.

“പാടത്തേക്ക് ഞങ്ങളുടെ കൂടെ വരൂ” എന്ന് പുഞ്ചിരിച്ചുകൊണ്ട് അവർ ഞങ്ങളെ ക്ഷണിച്ചു. “രാത്രി വലിയ ശബ്ദമൊക്കെ കേൾക്കാൻ പറ്റും. ചുരുങ്ങിയത് രാത്രി 2.30-വരെയെങ്കിലും ഉറങ്ങാതിരുന്നാൽ ബഹളങ്ങൾ കേൾക്കാൻ പറ്റും”, അവർ പറഞ്ഞു.

തീറ്റ അന്വേഷിച്ച് കാട്ടുപന്നികൾ, നീൽഗായികൾ, മാനുകൾ, മ്ലാവുകൾ, മയിലുകൾ, മുയലുകൾ തുടങ്ങി പലരും എത്തും രാത്രിയിൽ. ചിലപ്പോൾ കടുവകളേയും പുലികളേയും കാണാറുണ്ട് അവർ. “ഞങ്ങളുടേത് വന്യമൃഗപാടമാണ്”, സുഷ്മ കളിയായി പറഞ്ഞു.

ഏതാനും വീടുകൾക്കപ്പുറം, പ്രാദേശിക രാഷ്ട്രീയ നേതാവും, 23 ഏക്കർ പൂർവ്വികമായ കൃഷിഭൂമിയുമുള്ള 55 വയസ്സുള്ള ആത്മറാം സവ്സാഖലെ രാത്രികാവലിന് പോകാൻ തയ്യാറെടുക്കുകയായിരുന്നു. പാ‍ടത്തെ പണിക്കാരെല്ലാം ഇതിനകം അവിടെയെത്തിയിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. “എന്റെ കൃഷിസ്ഥലം വലുതായതുകൊണ്ട് അതിന് കാവൽ നിൽക്കുക എന്നത് എളുപ്പമല്ല. അദ്ദേഹത്തിന്റെ പാടത്ത്, ആറോ ഏഴോ ഏറുമാടങ്ങളുണ്ട്, ഓരോ വിളവുകളും നോക്കാൻ. ഇപ്പോൾ അവയിൽ ഗോതമ്പും ഉഴുന്നുമാണ് കൃഷി.

രാത്രി 8.30 ആയതോടെ, ഖോൽദൊഡയിലെ കുടുംബങ്ങൾ രാത്രിയിലെ അവരുടെ രണ്ടാമത്തെ വീട്ടിലെത്തി – കൃഷിഭൂമിയിൽ.

*****

രാമചന്ദ്ര തന്റെ പാടത്ത് ധാരാളം ഏറുമാടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവിടെനിന്ന് നിങ്ങൾക്ക് പരസ്പരം കേൾക്കാമെങ്കിലും കാണാനാവില്ല. അവിടെ സുരക്ഷിതമായി ഉറങ്ങുകയും ചെയ്യാം. ഏഴോ എട്ടോ അടി ഉയരത്തിൽ മരംകൊണ്ടുണ്ടാക്കിയ ഒരു തട്ടാണ് മച്ചാനുകൾ. ഉണങ്ങിയ വൈക്കോലോ ടർപോളിൻ ഷീറ്റോകോണ്ട് മുകൾഭാഗം മേഞ്ഞിട്ടുണ്ടാവും. ചിലതിൽ രണ്ടുപേർക്കുവരെ തങ്ങാം. ചിലതിൽ ഒരാൾക്കുള്ള സ്ഥലം മാത്രമേ ഉണ്ടാവൂ.

Ramchandra has built several machans (right) all over his farm. Machans are raised platforms made of wood with canopies of dry hay or a tarpaulin sheet
PHOTO • Jaideep Hardikar
Ramchandra has built several machans (right) all over his farm. Machans are raised platforms made of wood with canopies of dry hay or a tarpaulin sheet
PHOTO • Jaideep Hardikar

രാമചന്ദ്ര തന്റെ പാടത്ത് ധാരാളം ഏറുമാടങ്ങൾ (വലത്ത്) നിർമ്മിച്ചിട്ടുണ്ട്. നിലത്തുനിന്ന് ഉയരത്തിൽ മരംകൊണ്ടുണ്ടാക്കി, ഉണങ്ങിയ വൈക്കോലൊ ടർപാളിൻ ഷീറ്റോ ഉപയോഗിച്ച് മേഞ്ഞവയാണ് മച്ചാനുകൾ

കാടിനോട് ചേർന്നുകിടക്കുന്ന ഭിവാപുരിലെ ഈ ഭാഗത്ത്, പല മട്ടിലുള്ള, അത്ഭുതം ജനിപ്പിക്കുന്ന ഏറുമാടങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. രാത്രി അവിടെ തങ്ങുന്ന കർഷകരുടെ കരവേലയാണ് അവയോരോന്നും.

“നിങ്ങൾക്ക് ഏതെങ്കിലുമൊന്നിൽ കഴിയാം”, രാമചന്ദ്ര എന്നോട് പറഞ്ഞു. വിളവെടുക്കാറായ ചണ (കടല) കൃഷിചെയ്ത ഒരു പാടത്തെ, ടർപ്പാളിൻ ഷീറ്റുകൊണ്ട് മൂടിയ മച്ചാനാണ് ഞാൻ തിരഞ്ഞെടുത്തത്. വൈക്കോൽകൊണ്ട് മേഞ്ഞ മച്ചാനിൽ എലികളോ പാറ്റകളോ ഉണ്ടാവുമെന്ന് എനിക്ക് തോന്നി. മുകളിലേക്ക് ഞാൻ കയറിയപ്പോൾ ഏറുമാടം ആടാൻ തുടങ്ങി. 9.30 മണിയായി. ഇനി ഭക്ഷണം കഴിക്കണം. ഞങ്ങൾ തീകൂട്ടി ചുറ്റുമിരുന്നു. അന്തരീക്ഷം തണുക്കാൻ തുടങ്ങി. കൂരാകൂരിരുട്ടാണ് അവിടെ. പക്ഷേ മാനം തെളിഞ്ഞുകിടന്നു.

അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ദാദാജി സംസാരിക്കാൻ തുടങ്ങി.

“നാലുമാസം മുമ്പ് എന്റെ ഏറുമാടം പെട്ടെന്ന്, രാത്രി പൊട്ടിവീണു. ഏഴടി ഉയരത്തിൽനിന്ന് തലയടിച്ചാണ് ഞാൻ വീണത്. എന്റെ കഴുത്തിനും പുറത്തിനും പരിക്ക് പറ്റി”.

പുലർച്ച 2.30-നായിരുന്നു അത്. ഭാഗ്യത്തിന് അദ്ദേഹം വീണത് അത്ര ബലമുള്ള ഭാഗത്തായിരുന്നില്ല. രണ്ട് മണിക്കൂർ വേദന സഹിച്ച് അവിടെ കിടക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏറുമാടം കെട്ടിയിരുന്ന കാലുകളിലൊന്ന്, അതിനുചുവട്ടിലെ മണ്ണ് ചോർന്നതുമൂലം താഴേക്ക് പതിക്കുകയായിരുന്നു.

“എനിക്ക് അനങ്ങാൻ കഴിഞ്ഞില്ല. സഹായിക്കാനും ആരുമുണ്ടായിരുന്നില്ല”, രാത്രി പാടത്ത് കാവൽ നിൽക്കുന്ന മറ്റാളുകളുണ്ടാവുമെങ്കിലും എല്ലാവരും ഒരുതരത്തിൽ ഒറ്റയ്ക്കായിരിക്കും അവനവന്റെ കൃഷിഭൂമിയിൽ. “മരിച്ചുപോകുമെന്നുതന്നെ ഞാൻ കരുതി”, അദ്ദേഹം പറയുന്നു.

Dadaji (left) and Ramchandra lit a bonfire to keep warm on a cold winter night during a night vigil
PHOTO • Jaideep Hardikar
Dadaji (left) and Ramchandra lit a bonfire to keep warm on a cold winter night during a night vigil
PHOTO • Jaideep Hardikar

തണുത്തുവിറച്ച് രാത്രി കാവലിരിക്കുമ്പോൾ ശരീരം ചൂടാക്കാൻ ദാദാജിയും (ഇടത്ത്) രാമചന്ദ്രയും തീ കൂട്ടി

രാവിലെയായാപ്പോഴേക്കും കഷ്ടിച്ച് എഴുന്നേൽക്കാൻ സാധിച്ചു. പുറവും കഴുത്തും വേദനിക്കുന്നുണ്ടായിരുന്നെങ്കിലും രണ്ടുമൂന്ന് കിലോമീറ്റർ അകലെയുള്ള വീട്ടിലെത്താൻ അദ്ദേഹത്തിന് സാധിച്ചു. “വീട്ടിലെത്തിയപ്പോഴേക്കും കുടുംബവും അയൽക്കാരുമൊക്കെ ഓടിവന്നു”. ദാദാജിയുടെ ഭാര്യ ശകുബായി ആകെ പരിഭ്രമിച്ചു.

ഭിവാപുർ തെഹ്സിലിലെ ഒരു ഡോകടറുടെയടുത്തേക്ക് രാമചന്ദ്ര ദാദാജിയെ കൂട്ടിക്കൊണ്ടുപോയി. അവിടെനിന്ന് ആംബുലൻസിൽ നാഗ്പുരിലെ ഒരു സ്വകാര്യാശുപത്രിയിലേക്കും. ആശുപത്രിയിലാക്കാനുള്ള കാര്യങ്ങൾ ചെയ്തത് മകനായിരുന്നു.

എക്സ്‌‌‌-റേയിലും എം.ആർ.ഐ. സ്കാനിലും പരിക്കുകൾ കണ്ടെത്തിയെങ്കിലും ഭാഗ്യത്തിന് ഒടിവുകളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ആ വീഴ്ചയ്ക്കുശേഷം ഏറെസമയം ഇരിക്കുകയോ നിൽക്കുകയോ ചെയ്താൽ തലചുറ്റുന്നത് പതിവായി. അപ്പോൾ കിടക്കും. ഭജനുകൾ പാടും.

“രാത്രികാവലിന് എനിക്ക് കിട്ടിയ വിലയാണ്. എന്തിനായിരുന്നു കാവലിന് പോയത്? ഇല്ലെങ്കിൽ എന്റെ കൃഷിഭൂമിയിൽനിന്ന് ഒന്നും കിട്ടില്ല. എല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കും”. അദ്ദേഹം പറഞ്ഞു.

തന്റെ ചെറുപ്പകാലത്ത് ഇത്തരം കാവലിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്ന് ദാദാജി പറയുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വന്യമൃഗശല്യം വർദ്ധിച്ചിട്ടുണ്ട്. കാടുകൾ ചുരുങ്ങിയെന്ന് മാത്രമല്ല, വന്യമൃഗങ്ങൾക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ കിട്ടാതെയുമായി. അവയുടെ എണ്ണവും കൂടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാൽ ആയിരക്കണക്കിന് കൃഷിക്കാർക്ക് രാത്രി പാടത്ത് കാവലിരിക്കേണ്ടിവരുന്നു. വിളകൾ തിന്നാനെത്തുന്ന വന്യമൃഗങ്ങളിൽനിന്ന് കൃഷിഭൂമിയെ സംരക്ഷിക്കാൻ.

അപകടങ്ങൾ, വീഴ്ചകൾ, വന്യമൃഗങ്ങളുമായുള്ള സംഘട്ടനങ്ങൾ, ഉറക്കമില്ലായ്മ എന്നിവ മാനസികപ്രശ്നങ്ങളിലേക്കും പൊതുവായ അനാരോഗ്യങ്ങളിലേക്കും നയിക്കുന്നു. അല്ലെങ്കിൽത്തന്നെ വിവിധ ദുരിതങ്ങൾ നേരിടേണ്ടിവരുന്ന ഖോൽദൊഡയിലെയും വിദർഭയിലെത്തന്നെയും കർഷകർക്ക് ഇത് വീണ്ടും മറ്റൊരു തലവേദനയാണ് സൃഷ്ടിക്കുന്നത്.

Machans , or perches, can be found across farms in and around Kholdoda village. Some of these perches accommodate two persons, but most can take only one
PHOTO • Jaideep Hardikar
Machans , or perches, can be found across farms in and around Kholdoda village. Some of these perches accommodate two persons, but most can take only one
PHOTO • Jaideep Hardikar

ഖോൽദൊഡ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ എമ്പാടും മച്ചാനുകൾ, അഥവാ ഏറുമാടങ്ങൾ കാണാൻ കഴ്യും. ചിലതിൽ രണ്ടുപേർക്കും, ചിലതിൽ ഒരാൾക്കും മാത്രമേ കഴിയാനൊക്കൂ

Farmers house themselves in these perches during the night vigil. They store their torches, wooden sticks, blankets and more inside
PHOTO • Jaideep Hardikar
Farmers house themselves in these perches during the night vigil. They store their torches, wooden sticks, blankets and more inside
PHOTO • Jaideep Hardikar

രാത്രികാവലിനായി കർഷകർ ഈ ഏറുമാടങ്ങൾക്ക് മുകളിൽ കഴിയൂന്നു. ടോർച്ചുകൾ, വടികൾ, കമ്പിളിപ്പുതപ്പുകൾ എന്നിവ അവരിവിടെ ഒരുക്കിവെക്കും

ഉറങ്ങുമ്പോൾ ശ്വാസഗതി നിൽക്കുകയും വീണ്ടും തുടങ്ങുകയും ചെയ്യുന്ന, സ്ലീപ്പ് ആപ്നിയ എന്ന രോഗത്താൽ വലയുന്ന നിരവധി കർഷകരെ, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ, ഗ്രാമങ്ങളിലെ യാത്രകൾക്കിടയിൽ ഞാൻ കണ്ടുമുട്ടുകയുണ്ടായി.

“പകൽ‌സമയത്ത് ജോലി ചെയ്യേണ്ടിവരികയും രാത്രി ഉറക്കം കിട്ടാതെയുമാവുക - ശരീരത്തിന് അത് ഏറെ ദോഷം ചെയ്യും”, രാമചന്ദ്ര പറയുന്നു. “ഒരുദിവസത്തേക്കുപോലും ഞങ്ങൾക്ക് പാടത്തുനിന്ന് വിട്ടുനിൽക്കാൻ പറ്റാത്ത സമയങ്ങളുണ്ട്”.

ഇന്ന് നിങ്ങൾക്ക് അരിയോ പയർവർഗ്ഗങ്ങളോ ഉഴുന്നോ കഴിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ, അതിനർത്ഥം, ആരോ ഉറക്കമൊഴിച്ച്, കാട്ടുമൃഗങ്ങളിൽനിന്ന് വിളകളെ സംരക്ഷിച്ചതുകൊണ്ടുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അപായമണി മുഴക്കുന്നു, തീ കത്തിക്കുന്നു, വേലി കെട്ടുന്നു. എന്നാൽ രാത്രി കൃഷിസ്ഥലത്തില്ലെങ്കിൽ നിങ്ങൾ നട്ടതെല്ലാം നഷ്ടമാകാനാണ് സാത്യത”, രാമചന്ദ്ര പറയുന്നു.

*****

അത്താഴം കഴിഞ്ഞ് ഞങ്ങൾ ഒറ്റവരിയായി രാമചന്ദ്രയുടെ പിന്നിൽ ഇരുട്ടിൽ വഴികാണിക്കാൻ ടോർച്ചുകൾ മിന്നിച്ച് പാടവരമ്പുകളിലൂടെ നടന്നു.

രാത്രി 11 മണിയായി. ആളുകൾ “ഓയ്, ഓയ്..ഏയ്”..തുടങ്ങിയ ശബ്ദങ്ങളുണ്ടാക്കുന്നത് കേട്ടു. അല്പം ദൂരെ. ഏതോ മൃഗങ്ങളെ ആട്ടിപ്പായിക്കുകയും അവയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിക്കുകയുമായിരുന്നു അവർ.

മറ്റ് ദിവസങ്ങളിൽ, ഒറ്റയ്ക്കാവുമ്പോൾ ഓരോ മണിക്കൂറിലും രാമചന്ദ്ര പാടത്ത്  ചുറ്റിനടക്കും. കൈയ്യിലൊരു മരത്തിന്റെ വലിയ വടിയുമുണ്ടാവും. പുലർച്ചെ 2 മണിക്കും 4 മണിക്കുമിടയിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ആ സമയങ്ങളിലാന് മൃഗങ്ങൾ അധികവും പുറത്തിറങ്ങുക.

അർദ്ധരാത്രിയോടെ ഒരു ഗ്രാമീണൻ അയാളുടെ ബൈക്കിൽ വന്ന്, ഞങ്ങളോട്, രാത്രി ആലെസൂരിൽ ഒരു കബഡി ടൂർണ്ണമെന്റ് നടക്കുന്നുണ്ടെന്ന് പറഞ്ഞു. ഞങ്ങൾ പോയി കളി കാണാൻ തീരുമാനിച്ചു. ദാദാജി പാടത്ത് രാമചന്ദയുടെ മകനോടൊപ്പം കഴിച്ചുകൂട്ടി. ഞങ്ങൾ ബാക്കിയുള്ളവർ ആലെസൂരിലേക്ക് പോയി. കൃഷിസ്ഥലത്തുനിന്ന് 10 മിനിറ്റ് വണ്ടിയിൽ പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളു.

Villages play a game of kabaddi during a night-tournament
PHOTO • Jaideep Hardikar

ഗ്രാമീണർ രാത്രി കബഡി കളിക്കുന്നു

രാത്രികാവലിനിടയ്ക്ക് ഒരു കബഡി കളി കാണാൻ കർഷകർ ആലെസൂർ ഗ്രാമപഞ്ചായത്തിൽ ഒത്തുകൂടുന്നു

യാത്രയ്ക്കിടയിൽ, അല്പം ദൂരെയായി ഒരുകൂട്ടം കാട്ടുപന്നികൾ വഴി മുറിച്ചുകടക്കുന്നതും, രണ്ട് ചെന്നായ്ക്കൾ അവയെ പിന്തുടരുന്നതും ഞങ്ങൽ കണ്ടു. കുറച്ച് കഴിഞ്ഞ് മാനുകളുടെ ഒരു കൂട്ടത്തെ കാട്ടിനരികിൽ കണ്ടു. കടുവയുടെ ലക്ഷണമൊന്നും കണ്ടില്ല.

സമീപഗ്രാമത്തുള്ള രണ്ട് എതിരാളി സംഘങ്ങൾ കബഡി കളിക്കുന്നത് കാണാൻ ആലെസൂരിൽ ഒരു വലിയ ആൾക്കൂട്ടം കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാവരും ആവേശത്തിലാണ്. 20 ടീമുകൾ പങ്കെടുക്കുന്നുണ്ട്. പകൽ 10 മണിക്കാണ് ഫൈനൽ പ്രതീക്ഷിച്ചിരുന്നത്. ഗ്രാമത്തിലെ ആളുകൾ രാത്രി മുഴുവൻ പാടത്തിനും കളിസ്ഥലത്തിനുമിടയിൽ റോന്തുചുറ്റിക്കൊണ്ടിരിക്കും.

ഒരു കടുവയുടെ സാന്നിധ്യത്തെക്കുറിച്ച് അവർ വിവരങ്ങൾ കൈമാറി. “നിങ്ങൾ ശ്രദ്ധിച്ചിരിക്കണം”, ഒരാൾ രാമചന്ദ്രയോട് പറഞ്ഞു. ആലെസൂർ ഗ്രാമത്തിലെ ആരോ ഒരാൾ വൈകീട്ട് അതിനെ കണ്ടിരുന്നുവത്രെ.

അവയെ കണ്ടെത്തുക എന്നത് വളരെ നിഗൂഢമാണ്

അല്പം കഴിഞ്ഞ് ഞങ്ങൾ രാമചന്ദ്രയുടെ പാടത്തേക്ക് തിരിച്ചുപോന്നു. 2 മണിയായി. അശുതോഷ് എന്ന കുട്ടി ധാന്യപ്പുരയുടെ സമീപത്ത് ഒരു കട്ടിലിൽ ഉറക്കമാണ്. ദാദാജി അവന് കൂട്ടിരുന്ന് തീ കായുന്നു. ഞങ്ങൾക്ക് ക്ഷീണം തോന്നിയെങ്കിലും ഉറക്കം വരുന്നുണ്ടായിരുന്നില്ല. അല്പനേരത്തിനുശേഷം ഞങ്ങൾ ഒരിക്കൽക്കൂടി പാടത്ത് ചുറ്റാൻ പോയി.

Ramchandra Dodake (right) at the break of the dawn, on his farm after the night vigil
PHOTO • Jaideep Hardikar
Ramchandra Dodake (right) at the break of the dawn, on his farm after the night vigil
PHOTO • Jaideep Hardikar

രാത്രികാവലിനുശേഷം, പുലർച്ചയ്ക്ക് പാടത്ത് നിൽക്കുന്ന രാമചന്ദ്ര ദോഡ്കെ (വലത്ത്)

Left: Ramchandra Dodake's elder son Ashutosh, on the night vigil.
PHOTO • Jaideep Hardikar
Right: Dadaji plucking oranges from the lone tree on Ramchandra’s farm
PHOTO • Jaideep Hardikar

ഇടത്ത്: രാത്രികാവലിന് വന്ന, രാമചന്ദ്രയുടെ മൂത്ത മകൻ അശുതോഷ്. വലത്ത്: രാമചന്ദ്രയുടെ പാടത്ത് നിൽക്കുന്ന ഒറ്റപ്പെട്ട മരത്തിൽനിന്ന് ഓറഞ്ചുകൾ പറിക്കുന്ന ദാദാജി

10-ആം ക്ലാസ്സിനുശേഷം പഠിത്തം ഉപേക്ഷിക്കുകയായിരുന്നു രാമചന്ദ്ര. വേറെ വല്ല തൊഴിലും കിട്ടിയിരുന്നെങ്കിൽ ഈ പണി ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞു അദ്ദേഹം തന്റെ രണ്ട് മക്കളും കൃഷിയിലേക്ക് തിരിയരുതെന്ന് നിശ്ചയിച്ചാണ് അവരെ അദ്ദേഹം നാഗ്പുരിലെ ഒരു ബോർഡിംഗ് സ്കൂളിലേക്ക് മാറ്റിയത്. അവധിക്ക് വന്നതായിരുന്നു അശുതോഷ്.

പെട്ടെന്ന് എല്ലാ ദിക്കുകളിലുംനിന്ന് വന്യമായ ശബ്ദങ്ങളുയർന്നു. കർഷകർ ഒച്ചയിടുകയും ലോഹപ്പാത്രങ്ങൾ കൂട്ടിയിടിക്കാനും തുടങ്ങി. മൃഗങ്ങളെ ആട്ടിയകറ്റാൻ പലപ്പോഴും അവർ ചെയ്യാറുള്ളതാണ് ഇത്.

എന്റെ ഭാവമാറ്റം കണ്ടപ്പോൾ ദാദാജിക്ക് ചിരിവന്നു. രാമചന്ദ്രയ്ക്കും. “ഇത് ചിലപ്പോൾ നിങ്ങൽക്ക് വിചിത്രമായി തോന്നാം. എന്നാൽ എല്ലാ രാത്രിയും നടക്കുന്നതാന് ഇതൊക്കെ. ഏതെങ്കിലും മൃഗങ്ങളെ കണ്ടാൽ കർഷകർ ഒച്ചവെക്കും, അവ പാടത്ത് കയറാതിരിക്കാൻ”, 15 മിനിറ്റുകൾക്കുശേഷം ബഹളങ്ങളെല്ലാം ശമിച്ച് അന്തരീക്ഷം ശാന്തമായി.

3.30 ആയപ്പോൾ നക്ഷത്രങ്ങൾ തെളിഞ്ഞ ആകാശത്തിനുതാഴെ, ഞങ്ങൾ പിരിഞ്ഞ്, ആടിയുലയുന്ന ഏറുമാടങ്ങളിലേക്ക് മടങ്ങി. ചുറ്റുമുള്ള പ്രാണികളുടെ ശബ്ദം കൂടിക്കൂടി വന്നു. ഞാൻ കമിഴ്ന്നു കിടന്നു. കഷ്ടിച്ച് ഒരാൾക്ക് കിടക്കാനുള്ള വലിപ്പമേ അതിനുണ്ടായിരുന്നുള്ളു. കീറിപ്പൊളിഞ്ഞ ടർപ്പോളിൻ ഷീറ്റ്, കാറ്റത്ത് കലപില ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. ഞാൻ നക്ഷത്രങ്ങളെ എണ്ണി ഒന്ന് മയങ്ങാൻ നോക്കി. വെളിച്ചമാവുന്നതുവരെ ഇടയ്ക്കിടക്ക് ചുറ്റുമുള്ള ആളുകൾ ശബ്ദമുണ്ടാക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഏറുമാടത്തിൽനിന്ന് നോക്കിയാൽ തൂമഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന പച്ചപ്പാടങ്ങൾ ചുറ്റിലും കാണാം.

രാമചന്ദ്രയും ദാദാജിയും നേരത്തേ ഉണർന്നിരുന്നു. ദാദാജി, പാടത്തുള്ള ഒറ്റയ്ക്ക് നിൽക്കുന്ന ഓറഞ്ചുമരത്തിൽനിന്ന് ചില പഴങ്ങൾ പറിച്ച്, എനിക്ക് തന്നു. വീട്ടിൽ കൊണ്ടുപോകാൻ.

Ramchandra Dodake (left), Dadaji and his wife Shakubai (right) bang thalis ( metal plates), shouting at the top of their voices during their night vigils. They will repeat this through the night to frighten away animals
PHOTO • Jaideep Hardikar
Ramchandra Dodake (left), Dadaji and his wife Shakubai (right) bang thalis ( metal plates), shouting at the top of their voices during their night vigils. They will repeat this through the night to frighten away animals
PHOTO • Jaideep Hardikar

രാത്രികാവലിനിടയിൽ ഒച്ചയിടുന്നത് കൂടാതെ പാത്രത്തിൽ തട്ടി ശബ്ദമുണ്ടാക്കുന്ന രാമചന്ദ്ര ദോദകെയും (ഉടത്ത്), ദാദാജിയും ഭാര്യ ശകുബായിയും (വലത്ത്). കാട്ടുമൃഗങ്ങളെ ആട്ടിയോടിക്കാൻ രാത്രി മുഴുവൻ അവരിത് ആവർത്തിക്കും

വിളകൾക്ക് വല്ല പരിക്കുമുണ്ടോ എന്ന് പരിശോധിക്കാൻ ഒരുവട്ടംകൂടി പാടത്ത് ചുറ്റാൻ പോയ രാമചന്ദ്രയെ ഞാനും അനുഗമിച്ചു.

രാവിലെ 7 മണിക്ക് ഞങ്ങൾ ഗ്രാമത്തിൽ തിരിച്ചെത്തി. ആ രാത്രി വിളനഷ്ടമൊന്നുമുണ്ടാവാത്തത് ഭാഗ്യമായി അദ്ദേഹം കരുതി.

മറ്റേ ഏതെങ്കിലും കൃഷിസ്ഥലത്ത് വന്യമൃഗങ്ങൾ നാശനഷ്ടം വരുത്തിയിട്ടുണ്ടോ എന്നത് പിന്നീട് മാത്രമേ അദേഹത്തിന് അറിയാൻ കഴിയൂ.

ആതിഥേയനോട് യാത്ര പറയുമ്പോൾ, അദ്ദേഹം എനിക്ക് തന്റെ കൃഷിഭൂമിയിൽനിന്നെടുത്ത അരിയുടെ ഒരു പൊതി ഇഷ്ടത്തോടെ തന്നു. വാസനയുള്ള ആ അരിയിനമായിരുന്നു അത്. അത് വിളവെടുക്കാൻ കഴിയുന്നു എന്ന് ഉറപ്പുവരുത്താൻ നിരവധി രാത്രികളാണ് അദ്ദേഹം ചിലവഴിച്ചിട്ടുള്ളത്.

ഖോൽദൊഡയെ പിന്നിലാക്കി ഞങ്ങൾ യാത്രയാകുമ്പോൾ, സ്ത്രീകളും പുരുഷന്മാരും പാ‍ടത്തുനിന്ന് തിടുക്കത്തിൽ വീടുകളിലേക്ക് മടങ്ങുന്നത് കണ്ടു. അവരെ സംബന്ധിച്ചിടത്തോളം നടുവൊടിക്കുന്ന മറ്റൊരു ദിവസം തുടങ്ങുകയായിരുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Jaideep Hardikar

ஜெய்தீப் ஹார்டிகர் நாக்பூரிலிருந்து இயங்கும் பத்திரிகையாளரும் எழுத்தாளரும் ஆவார். PARI அமைப்பின் மைய உறுப்பினர்களுள் ஒருவர். அவரைத் தொடர்பு கொள்ள @journohardy.

Other stories by Jaideep Hardikar
Editor : Priti David

ப்ரிதி டேவிட் பாரியின் நிர்வாக ஆசிரியர் ஆவார். பத்திரிகையாளரும் ஆசிரியருமான அவர் பாரியின் கல்விப் பகுதிக்கும் தலைமை வகிக்கிறார். கிராமப்புற பிரச்சினைகளை வகுப்பறைக்குள்ளும் பாடத்திட்டத்துக்குள்ளும் கொண்டு வர பள்ளிகள் மற்றும் கல்லூரிகளுடன் இயங்குகிறார். நம் காலத்தைய பிரச்சினைகளை ஆவணப்படுத்த இளையோருடனும் இயங்குகிறார்.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat