ഒരു അപരിചിതനിൽനിന്ന് കിട്ടിയ ഒരു ചോദ്യത്തിൽനിന്നും ഒരു കഷണം കടലാസ്സിൽനിന്നുമാണ് എല്ലാം തുടങ്ങിയത്.
റാത്തെഡ് ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള ഒരു വിനോദസഞ്ചാര അതിഥി മന്ദിരത്തിന് സമീപത്ത് കറങ്ങിനടക്കുമ്പോഴാണ് 12 വയസ്സുള്ള കമലേഷ് ദണ്ടോലിയ ഒരു അപരിചിതനെ പരിചയപ്പെടുന്നത്. “എനിക്ക് ഭരിയ അറിയാമോ” എന്ന് അയാൾ ചോദിച്ചു. ഉത്തരം പറയുന്നതിനുമുൻപ്, “അയാൾ എനിക്ക് ഒരു കഷണം കടലാസ്സ് തന്ന് വായിക്കാൻ പറഞ്ഞു”
ആ അപരിചിതൻ ഒരു പരീക്ഷണം നടത്തിനോക്കിയതാണ് – ഇവിടെ, താമിയ ബ്ലോക്കിലെ പാതാൾകോട്ട് താഴ്‌വരയിൽ ധാരാളം ഭരിയ സമുദായാംഗങ്ങളുണ്ട്. മധ്യ പ്രദേശിലെ അത്യധികം ദുർബ്ബലമായ ഗോത്രസമൂഹമാണ് (പർട്ടിക്കുലർലി വൾനെറബിൽ ട്രൈബൽ ഗ്രൂപ്പ്- പി.വി.ടി.ജി ) അവർ. കമലേഷ് ഒരു ഭാരിയയായിരുന്നു, സമൂഹത്തിന്റെ ഭാഷയായ ഭരിയാടി സുഗമമായി ഉപയോഗിക്കാനും അറിയാമായിരുന്നു അയാൾക്ക്.
ആ പയ്യൻ ആദ്യമൊക്കെ ആത്മവിശ്വാസത്തോടെ ആ കടലാസ്സ് വായിക്കാൻ തുടങ്ങി. തന്റെ സമൂഹത്തെക്കുറിച്ചുള്ള ചില പൊതുവിവരങ്ങളായിരുന്നു അതിൽ. ദേവനാഗരി ലിപിയിലായതുകൊണ്ട് “വായിക്കാൻ എളുപ്പമായിരുന്നു.” വസ്തുക്കളുടെ പേരുകൾ വിവരിക്കുന്ന രണ്ടാമത്തെ ഭാഗത്തെത്തിയപ്പോൾ കമലേഷ് തപ്പിത്തടയാൻ തുടങ്ങി. “വാക്കുകൾ നിശ്ചയമായും ഭരിയാടിയിലായിരുന്നു. ശബ്ദമൊക്കെ നല്ല പരിചിതമായിരുന്നുവെങ്കിലും വാക്കുകൾ അപരിചിതമായിരുന്നു.”
എന്തോ ഓർത്തെടുക്കുന്നതിനിടയ്ക്ക് അയാളൊരു നിമിഷം നിർത്തി. “അതിൽ ഒരു പ്രത്യേക വാക്കുണ്ടായിരുന്നു. ഔഷധസസ്യത്തിന്റെ പേര്. എവിടെയെങ്കിലും എഴുതിവെക്കേണ്ടതായിരുന്നു ഞാനത്,” നിരാശയോടെ തല കുലുക്കിക്കൊണ്ട് കമലേഷ് പറയുന്നു. “ഇപ്പോൾ ആ വാക്കോ അതിന്റെ അർത്ഥമോ ഓർത്തെടുക്കാനാവുന്നില്ല.”
“ഭരിയാടിയിൽ ഇനിയും ഇതുപോലെ എനിക്കറിയാത്ത എത്ര വാക്കുകളുണ്ടാവും” എന്ന് ആ സംഭവം അയാളെ ചിന്തിപ്പിച്ചു. ആ ഭാഷയിൽ തനിക്ക് പ്രാവീണ്യമുണ്ടെന്ന് അയാൾക്കറിയാമായിരുന്നു. വളർത്തി വലുതാക്കിയ അപ്പൂപ്പനമ്മൂമ്മമാരോട് ഭരിയാടിയിലായിരുന്നു അയാൾ സംസാരിച്ചിരുന്നത്. “എന്റെ കൌമാരംവരെ, ഞാൻ ആ ഒരൊറ്റ ഭാഷ മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളു. ഹിന്ദിയിൽ ഒഴുക്കോടെ സംസാരിക്കാൻ എനിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്,” ചിരിച്ചുകൊണ്ട് അയാൾ പറയുന്നു.
മധ്യ പ്രദേശിൽ ഏകദേശം രണ്ട് ലക്ഷം ഭരിയ സമുദായാംഗങ്ങളുണ്ടെങ്കിലും ( 2013-ലെ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊഫൈൽ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്) 381 അംഗങ്ങൾ മാത്രമാണ് അവരുടെ ഭാഷയായി ഭരിയാടി രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ ഭാഷാ സെൻസസ് പ്രസിദ്ധീകരിച്ച 2001-ലെ കൺസോളിഡേറ്റഡ് ഡേറ്റ യിൽനിന്നുള്ള വിവരമാണ് ഇതെങ്കിലും, 2011-ലെ സെൻസസിൽ ഭരിയാടിയെ പ്രത്യേകമായി ഉൾക്കൊള്ളിച്ചിട്ടില്ലാത്തതിനാൽ, ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമല്ല. 10,000-ത്തിൽത്താഴെ ആളുകൾ സംസാരിക്കുന്ന ഭാഷകളെ പൊതുവെ ഗണിക്കാറില്ലാത്തതിനാൽ, പേരിടാത്ത മാതൃഭാഷാ വിഭാഗത്തിൽ അത് മറഞ്ഞുകിടക്കുകയാണ്.
സർക്കാർ പുറത്തുവിട്ട ഈ വീഡിയോ പറയുന്നതുപ്രകാരം, മഹാരാഷ്ട്രയിലെ രാജാക്കന്മാരുടെ ചുമട്ടുകാരായിരുന്നു ഒരിക്കൽ ഈ സമുദായം. 1818-ലെ മൂന്നാം ആംഗ്ലോ-മറാത്താ യുദ്ധത്തിൽ പരാജയപ്പെട്ട് നാഗ്പുരിലെ മുധോജി രണ്ടാമൻ (അപ്പാ സാഹേബ് എന്നും അറിയപ്പെടുന്നു) ഓടിപ്പോയപ്പോൾ, നിരവധി ഭരിയകളും അയാളെ അനുഗമിച്ച്, മധ്യ പ്രദേശിലെ ചിന്ദ്‌വാര, ബെതുൽ, പച്ച്മർഹി എന്നിവിടങ്ങളിലെ കാടുകളിൽ താമസമാക്കി.
ഇന്ന്, ആ സമുദായം സ്വയം അടയാളപ്പെടുത്തുനത് ഭരിയ (അഥവാ ഭാർതി) എന്ന പേരിലാണ്. അവരുടെ പരമ്പരാഗത തൊഴിൽ മാറ്റക്കൃഷിയാണ്. ഔഷധച്ചെടികൾ, ഔഷധസസ്യങ്ങൾ എന്നിവയെക്കുറിച്ച് അസാമാന്യമായ അറിവുള്ളവരാണ് അവർ. അതിനാൽത്തന്നെ കൊല്ലം മുഴുവൻ ആളുകൾ ഈ ഗ്രാമം സന്ദർശിക്കുന്നു. “ഔഷധസസ്യങ്ങൾ വാങ്ങാൻ അവർ ഇവിടെ വരാറുണ്ട്. മുതിർന്നവർ പലർക്കും ലൈസൻസുള്ളതിനാൽ, അവർക്ക് ഈ മരുന്നുകൾ വിൽക്കാൻ എല്ലായിടത്തും പോകാൻ സാധിക്കും,” കമലേഷ് പറയുന്നു.
എന്നാൽ ഭാഷയെപ്പോലെ, ഈ ചെടികളെക്കുറിച്ചും, “ഗ്രാമത്തിലെ മുതിർന്നവർക്ക് മാത്രമേ അറിവുള്ളു,” അയാൾ പറയുന്നു.
മധുരച്ചോളം (ഭരിയാടി ഭാഷയിൽ ഭുർത ) കൃഷി ചെയ്തും, നെല്ലിക്ക (ഇന്ത്യൻ ഗൂസ്ബെറി), മഹു ( മധുക ലോംഗിഫോലിയ ), ചാരക് (ഒരുതരം ബദാം) തുടങ്ങിയ കാലാനുസൃത വനോത്പന്നങ്ങളും, വിറകും വിറ്റാണ്, പരമ്പരാഗത അറിവുകളില്ലാത്ത പുത്തൻ തലമുറ ഉപജീവനം നയിക്കുന്നത്.
പ്രചാരമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളായ മഹാദേവ ക്ഷേത്രവും രാജ ഖോ ഗുഫയും അവരുടെ താഴ്വരയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും, സമൂഹത്തിന് നല്ല റോഡുകൾ ഇപ്പൊഴും പ്രാപ്യമല്ല. പാതാൾകോട്ട് മേഖലയിലെ സത്പുര മലനിരകളിൽ ചിതറിക്കിടക്കുന്ന 12 ഗ്രാമങ്ങളിലായിട്ടാണ് ആ സമുദായം ജീവിക്കുന്നത്. പഠനാവശ്യത്തിനായി, ഇൻഡോർപോലുള്ള സമീപനഗരങ്ങളിലെ റസിഡൻഷ്യൽ സ്കൂളുകളിലാണ് ആ സമുദായത്തിലെ കുട്ടികൾ താമസിക്കുന്നത്.
*****
പത്തുവർഷത്തിനുശേഷം ഒരു ദിവസം മധ്യേന്ത്യയിലെ കുന്നുകളിൽ കമലേഷ് തന്റെ പശുക്കളേയും ആടുകളേയും പുല്ല് തീറ്റിക്കുമ്പോൾ വീണ്ടും ഒരു അപരിചിതനെ കണ്ടുമുട്ടി. അത് ഓർത്തെടുത്തപ്പോൾ, പണ്ട് ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ടല്ലോ എന്ന ഒരു ചിന്തയിൽ കമലേഷിന്റെ മുഖത്ത് ഒരു നീണ്ട ചിരി പ്രത്യക്ഷപ്പെട്ടു. എന്തോ ചോദിക്കാനായി ആ അപരിചിതൻ കാർ നിർത്തിയപ്പോൾ, “ഇയാളും, തനിക്ക് വായിക്കാനായി ഒരു കാഗത് (കടലാസ്) നീട്ടുമെന്ന്” കമലേഷ് കരുതി.
കുടുംബത്തിനെ സ്വന്തം ഭൂമിയിൽ കൃഷിയിൽ സഹായിക്കാനായി, 12-ആം ക്ലാസ് കഴിഞ്ഞപ്പോൾ കമലേഷ് പഠിപ്പ് നിർത്തിയിരുന്നു. അയാൾക്കും ഏഴ് സഹോദരങ്ങൾക്കും സ്കൂളിലും കൊളേജിലും പഠിക്കാനുള്ള പണമൊന്നും അവർക്കുണ്ടായിരുന്നില്ല. 5-ആം ക്ലാസ്സുവരെയുള്ള ഒരു പ്രൈമറി സ്കൂൾ മാത്രമേ ആ ഗ്രാമത്തിലുണ്ടായിരുന്നുള്ളു. അതിനുശേഷം, പഠിപ്പ് തുടരാൻ ആഗ്രഹിക്കുന്ന കുട്ടികൾ, താമിയയിലെ റസിഡൻഷ്യൽ സ്കൂളിലോ, സമീപത്തുള്ള ഗ്രാമങ്ങളിലെ സ്കൂളുകളിലോ ആണ് പോയിരുന്നത്. പെൺകുട്ടികൾ പഠിപ്പ് നിർത്തുകയും ചെയ്തിട്ടുണ്ടാവും.
മാതൃഭാഷയെ പരിരക്ഷിക്കുകവഴി, ഭരിയാടിയെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആ അപരിചിതൻ കമലേഷിനോട് ചോദിച്ചു. അത് പെട്ടെന്ന് കമലേഷിന്റെ മനസ്സിൽ തട്ടുകയും അയാൾ അപ്പോൾത്തന്നെ സമ്മതം അറിയിക്കുകയും ചെയ്തു.
ഡെഹ്‌റാഡൂൺ ആസ്ഥാനമായ ലാംഗ്വേജസ് ആൻഡ് ലിംഗ്വിസ്റ്റിക്സിലെ ഭാഷാഗവേഷകനായ പവൻ കുമാറായിരുന്നു ആ അപരിചിതൻ. ഭരിയാടിയെ രേഖപ്പെടുത്തി സൂക്ഷിക്കാൻ ഗ്രാമത്തിലേക്ക് വന്നതായിരുന്നു അയാൾ. മറ്റ് പല ഗ്രാമങ്ങളിലേക്കും പോയിരുന്നുവെങ്കിലും, ഒഴുക്കോടെ ആ ഭാഷ സംസാരിക്കുന്ന ആരേയും അയാൾക്ക് കാണാനായില്ല. പവൻ കുമാർ ആ സ്ഥലത്ത് മൂന്നുനാല് വർഷം താമസിക്കുകയും “ഞങ്ങൾ പല കഥകളും ഡിജിറ്റലായി പ്രസിദ്ധീകരിക്കുകയും ഒരു കിതാപ് (പുസ്തകം) പോലും പുറത്തിറക്കുകയും ചെയ്തു’ എന്ന് കമലേഷ് ഓർക്കുന്നു.
കൂടെ ചേരാൻ കമലേഷ് സമ്മതിച്ചപ്പോൾ, ആരുടേയും ശല്യമില്ലാതെ ജോലി ചെയ്യാനുള്ള ഒരു സ്ഥലം കണ്ടുപിടിക്കലായിരുന്നു ആദ്യം ചെയ്യാനുണ്ടായിരുന്നത്. “ഇവിടെ, വിനോദസഞ്ചാരികൾ വരുകയും പോവുകയും ചെയ്യുന്നതുകൊണ്ട് എപ്പോഴും ബഹളമായിരിക്കും,” അയാൾ പറയുന്നു. ഭരിയ ഭാഷാവികസന സംഘം രൂപവത്കരിക്കാൻ മറ്റൊരു ഗ്രാമത്തിലേക്ക് മാറാൻ തീരുമാനിച്ചു.
ഒരുമാസത്തിനുള്ളിൽ, കമലേഷും അയാളുടെ സംഘവും ചേർന്ന് ഭരിയാടി അക്ഷരമാലാ ചാർട്ട് വിജയകരമായി വികസിപ്പിച്ചു. “ഓരോ അക്ഷരത്തിനുനേരെയും എല്ലാ ചിത്രങ്ങളും വരച്ചു.” വാക്കുകൾ തിരഞ്ഞെടുക്കാൻ സമൂഹത്തിലെ മുതിർന്നവർ സഹായിച്ചു. അതിൽ ഒതുങ്ങിനിന്നില്ല അവർ. ഗവേഷകന്റെ സഹായത്തോടെ, അവരുടെ സംഘം, അക്ഷരമാലാ ചാർട്ടിന്റെ 500-ലധികം കോപ്പികൾ ഡിജിറ്റലായി അച്ചടിച്ചു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് അവർ മോട്ടോർബൈക്കുകളിൽ പോയി, ആ ചാർട്ടുകൾ പ്രൈമറി സ്കൂളുകളിലും അങ്കണവാടികളിലും, നർസിംഗ്പുർ, സിയ്നി, ചിന്ദ്‌വാരാ, ഹോഷംഗബാദ് (നർമ്മദാപുരം എന്നും അറിയപ്പെടുന്നു) തുടങ്ങിയ നഗരങ്ങളിലും വിതരണം ചെയ്തു. “ഞാൻ ഒറ്റയ്ക്കുതന്നെ, താമിയ, ഹരായ്, ജുന്നർദേ എന്നിവിടങ്ങളിലെ 250-ലധികം പ്രൈമറി സ്കൂളുകളും അങ്കണവാടികളും സന്ദർശിച്ചു,” കമലേഷ് പാരിയോട് പറയുന്നു.
ചില സ്ഥലങ്ങളൊക്കെ വളരെ ദൂരത്തായിരുന്നു. 85 കിലോമീറ്ററും മറ്റും ദൂരത്ത്. “ഞങ്ങൾ മൂന്ന് നാല് ദിവസത്തേക്ക് വീട്ടിലേക്ക് വരില്ല. ആരുടെയെങ്കിലും വീട്ടിൽ രാത്രി കഴിച്ചുകൂട്ടി, രാവിലെ വീണ്ടും വിതരണം ചെയ്യാനിറങ്ങും.”
അവർ കണ്ടുമുട്ടിയ പല പ്രൈമറി സ്കൂൾ ടീച്ചർമാർക്കും ഈ സമൂഹത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് കമലേഷ് സൂചിപ്പിക്കുന്നു. “എന്നാൽ അവർ ഞങ്ങളുടെ ശ്രമത്തെ വളരെയധികം അഭിനന്ദിച്ചു. അതുകൊണ്ട്, ഇപ്പോൾ ഭരിയാടി സംസാരിക്കുകപോലും ചെയ്യാത്ത ഗ്രാമങ്ങളിലേക്കും ഞങ്ങൾക്ക് എത്തിപ്പെടാൻ കഴിഞ്ഞു,” കമലേഷ് പറയുന്നു.
ഒരു ഭാഷാ സ്പെല്ലിംഗ് സഹായി യും, മൂന്ന് ആരോഗ്യകഥകളും, മൂന്ന് സദാചാരകഥകളുമടക്കം നിരവധി പുസ്തകങ്ങൾ, ഒരുവർഷത്തിനുള്ളിൽ കമലേഷും അദ്ദേഹത്തിന്റെ ഭാഷാ വികസന സംഘവും പുറത്തിറക്കി. “ആദ്യം എല്ലാം ഞങ്ങൾ കടലാസ്സിൽ എഴുതി,” വീട്ടിലെ പഴയ ഒരു ട്രങ്ക് പെട്ടിയിൽനിന്ന് പല നിറങ്ങളിലുള്ള ചാർട്ട് പേപ്പറുകൾ തപ്പിയെടുത്ത് അയാൾ പറയുന്നു. സംഘത്തിന്റെ പ്രവർത്തനഫലമായി ഭരിയാടിയിൽ ഒരു വെബ്‌സൈറ്റും സൃഷ്ടിക്കാൻ സാധിച്ചു.
“വെബ്‌സൈറ്റിന്റെ രണ്ടാം ഘട്ടത്തിനായി ഞങ്ങൾ ആവേശത്തിലായിരുന്നു,” റാത്തേഡിലെ വീട്ടിലിരുന്ന് അദ്ദേഹം ഞങ്ങളോട് സംസാരിക്കുകയായിരുന്നു. “പോക്കറ്റ് ബുക്ക്, നാടൻ പാട്ടുകൾ, കടങ്കഥകൾ, വാക്കുകൾകൊണ്ടുള്ള കളികൾ തുടങ്ങി, കുട്ടികൾക്കുള്ള ഡിജിറ്റൽ കോപ്പികൾ പങ്കുവെക്കാൻ തയ്യാറായ ഘട്ടത്തിലാണ് കോവിഡ് വന്നത്.” അതോടെ സംഘത്തിന്റെ ശ്രമങ്ങൾ നിന്നു. വേറെയും നിർഭാഗ്യങ്ങളുണ്ടായി. കൈയ്യിലുള്ള ഫോൺ ശരിയാക്കാൻ കൊടുത്തപ്പോൾ, അതിലുള്ള ഡേറ്റകളും നഷ്ടമായി. “എല്ലാം പോയി,” സങ്കടത്തോടെ അദ്ദേഹം പറയുന്നു. “കൈയ്യെഴുത്ത് പ്രതികൾപോലും സംരക്ഷിക്കാൻ പറ്റിയില്ല.” അയാളുടെ കൈയ്യിൽ സ്മാർട്ട് ഫോണുണ്ടായിരുന്നില്ല. ഈമെയിൽ ചെയ്യാൻ ഈ വർഷമാണ് കമലേഷ് പഠിച്ചത്.
കൈയ്യിൽ ബാക്കിവന്നത്, മറ്റൊരു ഗ്രാമത്തിലെ സംഘാംഗങ്ങൾക്ക് കമലേഷ് കൈമാറി. അവരുമായി ഇപ്പോൾ ആശയവിനിമയം ഇല്ല. “അവരുടെ കൈയ്യിലുണ്ടോ എന്ന് അറിയില്ല.”
എന്നാൽ തന്റെ ജോലി നിർത്തിവെക്കാൻ കമലേഷ് നിർബന്ധിതനായത്, മഹാവ്യാധികൊണ്ട് മാത്രമല്ല. സമുദായത്തിലെ പുതിയതും പഴയതുമായ തലമുറക്കാർക്ക് അതിനോടുള്ള താത്പര്യമില്ലായ്മയായിരുന്നു ഭരിയാടി രേഖപ്പെടുത്തി സൂക്ഷിക്കുന്നതിൽ കമലേഷ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. “പഴയ തലമുറയ്ക്ക് അത് എഴുതാനോ, കുട്ടികൾക്ക് അത് പറയാനോ താത്പര്യമില്ല,” അയാൾ പറയുന്നു. “പതുക്കെപ്പതുക്കെ എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടു. അതോടെ ഞാൻ അവസാനിപ്പിച്ചു,” കമലേഷ് കൂട്ടിച്ചേർക്കുന്നു.
പാടത്ത് ജോലി ചെയ്യുന്ന സഹകർഷകരടക്കമുള്ളവരായിരുന്നു കമലേഷിന്റെ സംഘത്തിലുണ്ടായിരുന്നത്. ദിവസം മുഴുവൻ നീളുന്ന അദ്ധ്വാനത്തിനുശേഷം അവർ വീട്ടിലേക്ക് മടങ്ങി, നേരത്തേ കിടന്നുറങ്ങുകയായിരുന്നു പതിവ് എന്ന് കമലേഷ് പറയുന്നു. ആദ്യത്തെ കുറച്ചുകാലത്തിനുശേഷം, അവർക്കും അതിൽ താത്പര്യം നശിച്ചു.
“ഒറ്റയ്ക്ക് എനിക്ക് ചെയ്യാനാവില്ല. ഇതൊരു ഒറ്റയാൾ ജോലിയല്ല,” കമലേഷ് പറയുന്നു.
*****
“എന്റെ കൂട്ടുകാരെ സന്ദർശിക്കുമ്പോൾ ഞങ്ങൾ എപ്പോഴും ദിവ്‌ലു ഭയ്യയെക്കുറിച്ച് സംസാരിക്കും.”
ദിവ്‌ലു ബഗ്ദാരിയ എന്ന 48 വയസ്സുള്ളയാൾ ഒരു നാടോടി നർത്തകനും ഗായകനും മധ്യ പ്രദേശ് സർക്കാർ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ ഭരിയ സമുദായത്തെ മിക്കപ്പോഴും പ്രതിനിധീകരിക്കുന്ന വ്യക്തിയുമാണ്. “ഞങ്ങളുടെ സംസ്കാരത്തിന് ഞങ്ങളുടെ ഭാഷ എത്രമാത്രം പ്രധാനമാണെന്ന് അറിയാവുന്ന ഒരേയൊരാൾ അദ്ദേഹമാണ്,” കമലേഷ് പറയുന്നു.
റാത്തേഡിലെ അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽവെച്ച് പാരി ദിവ്‌ലുവിനെ കണ്ടുമുട്ടി. പേരക്കുട്ടികൾക്ക് അദ്ദേഹം ഭരിയാടിയിലുള്ള ഒരു പാട്ട് പാടിക്കൊടുക്കുകയായിരുന്നു വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മയെ കാത്തിരിക്കുകയായിരുന്നു ആ കുട്ടികൾ.
“എഴുതലും സംസാരിക്കലും ഒരുപോലെ പ്രധാനമാണ്,” കമലേഷിനുനേരെ ചാഞ്ഞിരുന്ന് ദിവ്‌ലു പറയുന്നു. “ഇംഗ്ലീഷും ഹിന്ദിയും വിഷയങ്ങളെന്ന നിലയ്ക്ക് പഠിപ്പിക്കുന്നതുപോലെത്തന്നെ ഭരിയാടിയും മറ്റ് ആദിവാസി മാതൃഭാഷകളും കുട്ടികളെ പഠിപ്പിക്കാവുന്നതാണ്,” അദ്ദേഹം പറയുന്നു. കമലേഷിന്റെ ഏറ്റവും ഇളയ ചവ യെ (പേരക്കുട്ടി) അക്ഷരമാലാ ചാർട്ട് കാണിച്ചുകൊടുക്കാൻ തുടങ്ങി അദ്ദേഹം.
ചാർട്ടിൽ വരച്ച ധഡൂസിനെ (കുരങ്ങൻ) ചൂണ്ടിക്കാട്ടി ആ പേരക്കുട്ടി ചിരിക്കാൻ തുടങ്ങി. “അവൻ വേഗം ഭരിയ പഠിക്കും,” ദിവ്‌ലു പറയുന്നു.
സമുദായത്തിന്റെ കൂടെ പ്രവർത്തിച്ചപ്പോൾ നേരിട്ട വെല്ലുവിളികൾ പരിചയമുള്ള കമാലേഷിന് അത് അത്ര ബോദ്ധ്യമായില്ല. “റസിഡൻഷ്യൽ സ്കൂളിൽ പോകാൻ തുടങ്ങിയാൽ അവൻ ഒരിക്കലും ഭരിയാടി സംസാരിക്കില്ല. ഇവിടെ ഞങ്ങളുടെ കൂടെ താമസിച്ചാലേ അവന് അത് സംസാരിക്കാൻ കഴിയൂ,” ആ ഭാഷാ സൂക്ഷിപ്പുകാരൻ പറയുന്നു.
“എന്റെ ഭാഷയുടെ 75 ശതമാനവും നഷ്ടപ്പെട്ടു. വസ്തുക്കൾക്ക് ഭരിയാടിയിലുള്ള പേരുകൾ ഞങ്ങൾ മറന്നുപോയി. എല്ലാം ക്രമേണ ഹിന്ദിയുമായി ഇടകലർന്നു.”
ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാനും, കുട്ടികൾ സ്കൂളിൽ പോകാനും തുടങ്ങിയതോടെ അവർ ഹിന്ദി വാക്കുകളും ആവിഷ്കാരങ്ങളും കൊണ്ടുവരാനും തങ്ങളുടെ അച്ഛനമ്മമാരെ പഠിപ്പിക്കാനും തുടങ്ങി. പഴയ തലമുറക്കാർപോലും കുട്ടികളെപ്പോലെ സംസാരിക്കാൻ ആരംഭിച്ചു. ഭരിയാടിയുടെ ഉപയോഗം അതോടെ ക്ഷയിക്കാനും തുടങ്ങി.
“സ്കൂൾ പഠനം ആരംഭിച്ചതോടെ ഞാനും ഭാരിയാതി അധികം സംസാരിക്കാതായി. ഹിന്ദി സംസാരിക്കുന്ന കൂട്ടുകാരുടെകൂടെയായി സഹവാസം അധികവും. അത് എനിക്കുപോലും ഒരു ശീലമായി,” കമലേഷ് പറയുന്നു. അയാൾ ഹിന്ദിയും ഭരിയാടിയും രണ്ടും സംസാരിക്കുമെങ്കിലും, ഒരിക്കലും അവ ഒരുമിച്ച് സംസാരിക്കാറില്ല. “മറ്റുള്ളവർ ചെയ്യുന്നതുപോലെ എനിക്ക് അവയെ കൂട്ടിക്കലർത്താനാവില്ല, കാരണം ഞാൻ വളർന്നത്, ഭരിയാടി സംസാരിക്കുന്ന മുത്തശ്ശിയുടെ കൂടെയാണ്.”
കമലേഷിന്റെ 89 വയസ്സായ മുത്തശ്ശി സുക്തിബായ് ഹിന്ദി സംസാരിക്കാറേയില്ല. അവർക്കത് മനസ്സിലാവുമെങ്കിലും അതിൽ പ്രതികരിക്കാൻ അറിയില്ലെന്ന് കമലേസ് പറയുന്നു. തന്റെ സഹോദരരും ഭരിയാടി അധികം സംസാരിക്കാറില്ല, ‘അവർക്ക് വലിയ ജാള്യതയാണ് അത് സംസാരിക്കാൻ. ഹിന്ദിയിൽ സംസാരിക്കാനാണ് അവർക്ക് താത്പര്യം” എന്ന് കൂട്ടിച്ചേർക്കുന്നു കമലേഷ്. അയാളുടെ ഭാര്യ അനിതയും ആ ഭാഷ സംസാരിക്കാറില്ലെങ്കിലും, അയാൾ അവരെ അത് സംസാരിക്കാൻ പ്രോത്സാഹിപ്പിക്കാറുണ്ട്.
“ഭരിയാടികൊണ്ട് എന്താണ് പ്രയോജനം? അത് തൊഴിൽ തരുമോ? മാതൃഭാഷ സംസാരിച്ചതുകൊണ്ട് വീട് കൊണ്ടുനടത്താനാവുമോ?” ഇതാണ് ഭാഷാപ്രേമികളെ അലട്ടുന്ന ചോദ്യം
“ഹിന്ദിയെ ഞങ്ങൾക്ക് അവഗണിക്കാൻ പറ്റില്ല. പക്ഷേ നമ്മുടെ ഭാഷയെ ജീവനോടെ നിലനിർത്തേണ്ടത് ആവശ്യമാണ്,” പ്രായോഗികമതിയായ ദിവ്‌ലു പറയുന്നു.
“ഇന്നത്തെ കാലത്ത് നിങ്ങളുടെ തനിമ തെളിയിക്കാൻ ആധാറും ഡ്രൈവിംഗ് ലൈസൻസുമുണ്ടല്ലോ” എന്ന് കമലേഷും തിരിച്ചടിക്കുന്നു.
തോറ്റുകൊടുക്കാൻ തയ്യാറില്ലാതെ, ദിവ്‌ലു കമലേഷിന്റെയടുത്തേക്ക് നീങ്ങിയിരുന്ന് ചോദിക്കുന്നു, “ഈ രേഖകളില്ലാതെ നിങ്ങളുടെ തനിമ തെളിയിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും?”
ചിരിച്ചുകൊണ്ട് കമലേഷ് പ്രതിവചിക്കുന്നു, “ഞാൻ ഭരിയാടിയിൽ സംസാരിക്കും.”
“അതാണ്. ഭാഷയും
നമ്മുടെ സ്വത്വമാണ്,” ദിവ്‌ലു ഉറപ്പിച്ച് പറയുന്നു.
ഭരിയാടിയുടെ ഭാഷാപരമായ വർഗ്ഗീകരണം, അതിന്റെ സങ്കീർണ്ണമായ ചരിത്രം മൂലം, അനിശ്ചിതത്വത്തിലാണ്. ഒരിക്കൽ ദ്രാവിഡമായിരുന്നിരിക്കാൻ ഇടയുള്ള ആ ഭാഷ ഇന്ന് ഇന്തോ-ആര്യൻ സ്വഭാവങ്ങൾ കാണിക്കുന്നുണ്ട്. പ്രത്യേകിച്ചും അതിന്റെ പദാവലിയിലും സ്വരശാസ്ത്രത്തിലും. അവയിൽ അതിന്റെ മധ്യേന്ത്യൻ പ്രാദേശികതയും ബാന്ധവവും പ്രതിഫലിക്കുന്നുണ്ട്. കാലക്രമത്തിൽ കൈവരിച്ച, ഇൻഡിക്, ദ്രവീഡിയൻ സ്വാധീനങ്ങളുടെ സംശ്ലേഷണത്തെ എടുത്തുകാട്ടുന്നുണ്ട് വർഗ്ഗീകരണത്തിലെ ഈ അനിശ്ചിതാവസ്ഥ. വ്യക്തമായ ഒരു വർഗ്ഗീകരണത്തിൽനിന്ന് ഭാഷാപണ്ഡിതരെ പിന്തിരിപ്പിക്കുന്നതും ഇതുതന്നെയാണ്.
പരാർത്ഥ് സമിതിയിലെ മഞ്ജിരി ചാന്ദെ, രാംദാസ് നാഗരെ എന്നിവരോടും, പല്ലവി ചതുർവേദി, ഖൽസ കൊളേജിലെ ഗവേഷകയും ലക്ചററുമായ അനഘ മേനോൻ, ഐ.ഐ.ടി. ഖരഗ്പുരിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിലെ ഭാഷാപണ്ഡിതനും അസിസ്റ്റന്റ് പ്രൊഫസ്സറുമായ ഡോ. ചിന്മയ് ധാരുർകർ എന്നിവരോടും, അവരുടെ വിലപ്പെട്ട അറിവുകൾ പങ്കുവെച്ചതിന് റിപ്പോർട്ടർ നന്ദി പറയുന്നു.
പാരിയുടെ എൻഡേൻജേഡ് ലാംഗ്വേജസ് പ്രൊജക്റ്റ് (ഇ.എൽ.പി) അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ പിന്തുണയുള്ള ഒരു സംരംഭമാണ്. ഇന്ത്യയിൽ നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന ഭാഷകളെ, ആ ഭാഷ സംസാരിക്കുന്നവരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും രേഖപ്പെടുത്തിവെക്കുക എന്നതാണ് പ്രൊജക്റ്റിൻ്റെ ലക്ഷ്യം.
പരിഭാഷ: രാജീവ് ചേലനാട്ട്