2024 ഏപ്രിൽ 19-ന്, ബംഗലൂരുവിലെ ഏറ്റവും വലിയ ചേരിയായ ദേവര ജീവനഹള്ളിയിലെ താമസക്കാർക്കിടയിൽ, ക്വീർ സമുദായത്തിന്റെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നു മനോഹർ എലവർത്തി. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സംഗമ എന്ന സംഘടനയുടെ സഹസ്ഥാപകരിലൊരാളാണ്  എലവർത്തി. എൽ.ജി.ബി.ടി.ക്യൂ.ഐ.എ + (ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ,  ക്വീർ, ഇന്റർസെക്സ്  ആൻഡ് അസെക്ഷ്വൽ; '+' എന്ന ചിഹ്നം, മേൽപ്പറഞ്ഞ ലൈംഗിക സ്വത്വങ്ങളിൽ ഉൾപ്പെടാത്ത എല്ലാ ഇതര സ്വത്വങ്ങളെയും സൂചിപ്പിക്കുന്നു) സമുദായാംഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പുറമേ, തൊഴിലില്ലായ്മ, തുടർച്ചയായി ഉയരുന്ന ജീവിതച്ചിലവുകൾ, ഇന്ത്യയുടെ മതേതരത്വത്തിനുനേരെ ഉയരുന്ന വെല്ലുവിളികൾ എന്നിങ്ങനെയുള്ള വിശാലമായ സാമൂഹികപ്രശ്നങ്ങളെക്കുറിച്ചും ചേരിനിവാസികളോട് സംവദിക്കാൻ എലവർത്തി പദ്ധതിയിട്ടിരുന്നു. ചർച്ചകൾ തുടരുന്നതിനായി അദ്ദേഹം ജെൻഡർ ആൻഡ് സെക്ഷ്വൽ മൈനോറിറ്റീസ് ഫോർ സെക്കുലർ ആൻഡ് കോൺസ്റ്റിറ്റ്യൂഷണൽ ഡെമോക്രസിയിലെ (ജി.എസ്.എം) അംഗങ്ങളുമായി കൂട്ടുചേർന്നു.

യാദൃച്ഛികമെന്ന് പറയട്ടെ, ഇന്ത്യയിൽ 2024-ലെ പൊതുതിരഞ്ഞെടുപ്പിന് നാന്ദി കുറിക്കുന്ന ദിവസമായിരുന്നു അത്; കർണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ ബംഗലൂരുവിൽ വോട്ടെടുപ്പിന് പിന്നെയും ഒരാഴ്ച ബാക്കിയുണ്ടായിരുന്നു.

എലവർത്തി പ്രചാരണം തുടങ്ങി അധികം വൈകാതെ, ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിലെ 10 അംഗങ്ങൾ -അവർ പാർട്ടി ചിഹ്നം പതിപ്പിച്ച കാവി നിറത്തിലുള്ള സ്കാർഫുകൾ ധരിച്ചിരുന്നു - അദ്ദേഹത്തെയും എന്നെയും (അന്ന് നടക്കേണ്ടിയിരുന്ന പ്രചാരണം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രപ്രവർത്തക) ദേവര ജീവനഹള്ളിയിലെ ഇടുങ്ങിയ നിരത്തുകളിൽവെച്ച് വളഞ്ഞു. ഡി.ജെ. ഹള്ളി എന്ന് പരക്കെ അറിയപ്പെടുന്ന ആ പ്രദേശത്തെ മിക്ക വോട്ടർമാരും മുസ്‌ലിം സമുദായക്കാരും ഗ്രാമീണ പ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്ക് കുടിയേറിയെത്തിയവരുമാണ്.

"നിങ്ങൾ കോൺഗ്രസ്സ് പാർട്ടിയുടെ ഏജന്റാണ്!" എന്ന് ഒരു ബി.ജെ. പി പ്രവർത്തകൻ ആക്രോശിച്ചതിന പിന്നാലെ,  ജി.എസ്.എമ്മിന്റെ പ്രചാരണത്തിനെതിരെ പ്രതിഷേധിക്കാൻ അവിടെ ഒത്തുകൂടിയിരുന്ന മറ്റുള്ളവരും സമാനമായ പ്രതിഷേധസ്വരങ്ങൾ ഉയർത്താൻ തുടങ്ങി. "ഇവയിലെ ഉള്ളടക്കം നിയമവിരുദ്ധമാണ്," ജി.എസ്.എമ്മിന്റെ ലഘുലേഖകൾ ഉയർത്തിക്കാട്ടി ബി.ജെ.പി പ്രവർത്തകർ പ്രഖ്യാപിച്ചു.

PHOTO • Sweta Daga
PHOTO • Sweta Daga

ഇടത്ത്: ബി.ജെ.പിയുടെ പ്രാദേശിക പാർട്ടി ഓഫീസിലെ വൈസ് പ്രസിഡന്റായ മണിമാരൻ രാജു (ഇടത്), ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന സംഗമ എന്ന സംഘടനയുടെ സഹസ്ഥാപകരിലൊരാളായ മനോഹർ എലവർത്തി (വലത്) എന്നിവർ. വലത്ത്: മനോഹർ (നീല ഷർട്ട് ധരിച്ച, താടിയുള്ള വ്യക്തി) മറ്റ് ജി.എസ്.എം പ്രവർത്തകരെ ബന്ധപ്പെടാൻ ശ്രമിക്കവേ, അദ്ദേഹത്തെ ഭയപ്പെടുത്താൻ ശ്രമിക്കുന്ന മണിമാരൻ രാജുവും (ചുവപ്പും വെള്ളയും നിറത്തിലുള്ള കള്ളിഷർട്ട് ധരിച്ച വ്യക്തി) അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിച്ച ബി.ജെ.പി പ്രവർത്തകരും

ഏതൊരു പൗരസമൂഹ സംഘത്തിനും ഭരണകക്ഷിയെ വിമർശിക്കുന്ന ഉള്ളടക്കമുള്ള ലഘുലേഖകൾ വിതരണം ചെയ്യാൻ അവകാശമുണ്ട്. അതേസമയം, ഒരു രാഷ്ട്രീയപ്പാർട്ടിക്ക്, മറ്റൊരു രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ചുള്ള വിമർശനാത്മകമായ ഉള്ളടക്കമുള്ള  സാമഗ്രികൾ വിതരണം ചെയ്യാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾ വ്യക്തമാക്കുന്നു .

തനിക്കെതിരേ പ്രതിഷേധമുയർത്തിയ പാർട്ടി അംഗങ്ങളെ ഈ വസ്തുത പറഞ്ഞു മനസ്സിലാക്കാൻ മനോഹർ ശ്രമിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവരുടെ ശ്രദ്ധ എന്റെ നേർക്ക് തിരിഞ്ഞു. എന്നോട് അവിടെനിന്ന് പോകാനും ക്യാമറ ഓഫ് ചെയ്യാനും അവർ ആവശ്യപ്പെട്ടു.

ഞാൻ ഒരു പത്രപ്രവർത്തകയാണെന്ന് മനസ്സിലാക്കിയതോടെ, എന്നോടുള്ള അവരുടെ സമീപനം അല്പം മയപ്പെട്ടു. ഈ അവസരം മുതലെടുത്ത് ഞാനും മനോഹറും അല്പദൂരം മുന്നോട്ട് നടന്ന് അദ്ദേഹത്തോടൊപ്പമുള്ള മറ്റ് പ്രവർത്തകരുടെ അടുക്കലെത്തി. ഇതിനുപിന്നാലെ, ഞങ്ങളെ വളഞ്ഞ ബി.ജെ.പി പ്രവർത്തകരുടെ കൂട്ടത്തിലുണ്ടായിരുന്ന, ബി.ജെ.പിയുടെ പ്രാദേശിക പാർട്ടി ഓഫീസിലെ വൈസ് പ്രസിഡന്റായ മണിമാരൻ രാജു ഞങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചു.

എന്നാൽ, പൊടുന്നനെ അന്തരീക്ഷം വീണ്ടും സംഘർഷഭരിതമാകുകയും ഞൊടിയിടയിൽ, നേരത്തെ വന്നതിലും ഇരട്ടി പാർട്ടി പ്രവർത്തകർ ഞങ്ങളെ വീണ്ടും വളയുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരും പോലീസും സഞ്ചരിച്ചിരുന്ന ഒരു ഔദ്യോഗിക വാഹനവും ആ സമയത്ത് അവിടെയെത്തി.

ഏതാനും നിമിഷങ്ങൾക്കുള്ളിൽത്തന്നെ - പ്രചാരണം തുടങ്ങുന്നതിനും മുന്നേത്തന്നെ – മനോഹറിനോടും, എന്നോടും, മറ്റ് ജി.എസ്.എം പ്രവർത്തകരോടും ദേവര ജീവനഹള്ളി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.

PHOTO • Sweta Daga

മനോഹർ, ഫ്ലയിങ് സ്‌ക്വാഡിലെ അംഗവും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനുമായ എം.എസ് ഉമേഷിനൊപ്പം (മഞ്ഞ ഷർട്ട് ധരിച്ചിരിക്കുന്നു). മറ്റ് ബി.ജെ പി പാർട്ടി പ്രവർത്തകരെയും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെയും ജി.എസ്.എം പ്രവർത്തകർ നിയമലംഘനം നടത്തിയെന്ന് ആരോപിക്കുന്ന പോലീസുദ്യോഗസ്ഥരെയും ചിത്രത്തിൽ കാണാം

*****

2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി, 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ ഭരണത്തിൽ മൂന്നാം ഊഴം തേടി മത്സരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, ഡി.ജെ ഹള്ളി ഉൾപ്പെടുന്ന ബംഗലുരു നോർത്ത് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായിരുന്ന, ബി.ജെ.പിയിലെ ശോഭ കരന്തലജെയും കോൺഗ്രസ്സിലെ പ്രൊഫസർ എം.വി രാജീവ് ഗൗഡയുംതന്നെയാണ് ഇക്കുറിയും ഇവിടെ അങ്കത്തിനിറങ്ങുന്നത്.

ജി.എസ്.എം തയ്യാറാക്കിയ ലഘുലേഖയിൽ, പാചകവാതക സിലിണ്ടറുകളുടെ വിലയിൽ അടിക്കടിയുണ്ടായ വർദ്ധനവ്, യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ, കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് മൂർച്ഛിച്ച മതപരമായ അസഹിഷ്ണുത എന്നീ വിഷയങ്ങളെ മുൻനിർത്തി ഭരണകൂടത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

"അവരുടെ പ്രതിനിധികൾ തുടർച്ചയായി നമ്മെ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ വിഭജിച്ചുകൊണ്ട് പ്രസംഗിക്കുന്നു. സമാധാനത്തിന്റെയും  മൈത്രിയുടെയും വിളനിലമായ നമ്മുടെ കർണ്ണാടകയിൽ വെറുപ്പ് പടർത്താൻ അവരെ അനുവദിക്കാനാകുമോ?" ലഘുലേഖയിൽ ജി.എസ്.എം ചോദിക്കുന്നു.

"ജനാധിപത്യത്തിന് നേരെ ഭീഷണിയുയരുമ്പോൾ, ഒരു സമുദായത്തിനുവേണ്ടി മാത്രം നിലകൊള്ളുന്നതിൽ അർത്ഥമില്ലെന്ന് ഞങ്ങൾ കരുതുന്നു; മറിച്ച്, ജനാധിപത്യമെന്ന വിശാലമായ ആശയത്തെ സംരക്ഷിക്കുകയാണ് നാം ഇപ്പോൾ ചെയ്യേണ്ടത്,"  മനോഹർ പറയുന്നു. "കോൺഗ്രസ്സ് പാർട്ടി ജി.എസ്.എമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കും എന്നൊന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല; എന്നാൽ നിലവിൽ അധികാരം കയ്യാളുന്ന ഭരണകൂടം നമ്മുടെ ഭരണഘടനയ്ക്കും മതേതരമൂല്യങ്ങൾക്കും ജനാധിപത്യത്തിനും വളരെ അപകടകരമായ ഭീഷണിയാണ് ഉയർത്തുന്നത്. ജനാധിപത്യം ക്ഷയിച്ചാൽ, അരികുവത്കരിക്കപ്പെട്ട സമുദായങ്ങളെല്ലാം പരാജയപ്പെട്ടുപോകും," ചേരിയിലെ ഇടുങ്ങിയ നിരത്തുകളിലൂടെ നടക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

"കർണാടകയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു തിരഞ്ഞെടുപ്പിന്റെ സമയത്ത് എൽ.ജി.ബി.ടി.ക്യൂ.ഐ.എ + വ്യക്തികളുടെ ഇത്രയും ബൃഹത്തായ ഒരു കൂട്ടായ്മ രൂപപ്പെടുന്നത്," ക്വീർ വ്യക്തിയും ഗവേഷകനുമായ സിദ്ധാർഥ് ഗണേഷ് പറയുന്നു. കർണ്ണാടകയിലെ കോലാർ, ബംഗലൂരു അർബൻ, ബംഗലൂരു റൂറൽ, ചിക്ബല്ലാപൂർ, രാമനഗർ, തുംകൂർ, ചിത്രദുർഗ, വിജയനഗര, ബെല്ലാരി, കോപ്പാൽ, റായ്ച്ചൂർ, യാദഗിരി, കൽബുർഗി, ബിഡാർ, ബീജാപൂർ, ബെലഗാവി, ധാർവാഡ്, ഗാഡഗ്, ഷിമോഗ, ചിക്കമംഗലൂർ, ഹാസൻ, ചാമരാജനഗർ എന്നീ ജില്ലകളിൽനിന്നുള്ള ക്വീർ സമുദായാംഗങ്ങളും സഖ്യകക്ഷികളും ജി.എസ്.എമ്മിന്റെ ഭാഗമാണ്.

"ജി.എസ്.എമ്മിന്റെ കുടക്കീഴിൽ ക്വീർ സമൂഹം സംഘടിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയും ചെയ്യുന്നത് എല്ലാ ന്യൂനപക്ഷങ്ങൾക്കും നീതിയും തുല്യതയും പുലരുന്ന ഒരു സാമൂഹിക ജീവിതം ഉറപ്പാക്കുന്നതിലേയ്ക്കുള്ള ആദ്യപടിയാണ്," ജി.എസ്.എം എന്ന വിശാല കൂട്ടായ്മയുടെ ഭാഗമായ കോലീഷൻ ഫോർ സെക്ഷ്വൽ മൈനോറിറ്റി ആൻഡ് സെക്സ് വർക്കേഴ്സ് റൈറ്സ് (സി.എസ്.എം.ആർ) എന്ന സംഘടനയിലും അംഗമായ സിദ്ധാർഥ് പറയുന്നു.

*****

PHOTO • Sweta Daga
PHOTO • Sweta Daga

ഇടത്ത്: മനോഹറിനെ വളഞ്ഞ ബി.ജെ.പി പ്രവർത്തകർ. വലത്ത്: പോലീസുദ്യോഗസ്ഥനായ സയ്യദ് മുനിയാസും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥനായ എം.എസ് ഉമേഷും (മഞ്ഞ ഷർട്ട് ധരിച്ചിരിക്കുന്നു) മനോഹറിനോട് (നീല ഷർട്ടും ബാഗ്പ്പാക്കും ധരിച്ചിരിക്കുന്നു) സംസാരിക്കുന്നു

അക്രമാസക്‌തരായ പാർട്ടി പ്രവർത്തകർക്ക് നടുവിലകപ്പെട്ട ഞങ്ങളുടെ പ്രവർത്തകരുടെ സംഘത്തെ അഭിസംബോധന ചെയ്ത് തിരഞ്ഞെടുപ്പ്  കമ്മീഷൻ ഉദ്യോഗസ്ഥനായ സയ്യദ് മുനിയാസ് പറഞ്ഞു,"ഇവിടെ ഒരു നിയമം ലംഘിക്കപ്പെട്ടു," തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിങ് സ്‌ക്വാഡിലെ അംഗമായ മുനിയാസ്, ബി.ജെ.പി പ്രവർത്തകർ നൽകിയ പരാതിയിൻ മേലന്വേഷണം നടത്തുകയായിരുന്നു. എന്നാൽ പ്രസ്തുത പരാതി കാണണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടപ്പോൾ, വാക്കാലുള്ള പരാതി മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

"ജി.എസ്.എമ്മിന്റെ പ്രവർത്തകർക്കുനേരെ എന്ത് പരാതിയാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്?" ഞാൻ ചോദിച്ചു. "അവർ നിയമം ലംഘിച്ചു എന്നത് കൊണ്ടുതന്നെ അവർ ഇവിടെനിന്ന് പോകണം," ജി.എസ്.എം പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്തത് പരാമർശിച്ച് മുനിയാസ് പറഞ്ഞു. ഇതിനുപിന്നാലെ, സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ പോലീസ് നിർദ്ദേശം അനുസരിക്കാമെന്ന് ജി.എസ്.എം പ്രവർത്തകർ തീരുമാനിച്ചു.

എന്നാൽ ഞങ്ങൾ സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോൾ, കാവി ഷാൾ ധരിച്ച കുറച്ച് ആളുകൾ മോട്ടോർബൈക്കുകളിൽ ഞങ്ങൾക്ക് അരികിലൂടെ ചീറിപ്പാഞ്ഞു; വീതി കുറഞ്ഞ നിരത്തുകളിൽ ഞങ്ങൾക്ക് അരികിലൂടെ അപകടകരമാംവിധം വണ്ടിയോടിച്ചു പോകുമ്പോൾ അവർ തീർത്തും പ്രകോപനപരമായ ആക്ഷേപങ്ങൾ ആക്രോശിക്കുന്നുണ്ടായിരുന്നു, "നിങ്ങൾ ചാവണം", നിങ്ങൾ പാകിസ്താനിലേക്ക് പൊക്കോ", നിങ്ങൾ ഇന്ത്യക്കാരല്ല" എന്നെല്ലാമാണ് അവർ പറഞ്ഞത്.

ഞങ്ങൾ സ്റ്റേഷനിലെത്തുമ്പോൾ, വേറെ 20 പ്രവർത്തകർ ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു. ജി.എസ്.എം പ്രവർത്തകരും ഞാനും സ്റ്റേഷന്റെ അകത്തേയ്ക്ക് പ്രവേശിച്ചപ്പോൾ അവർ ഞങ്ങളെ വളഞ്ഞു. ആ പുരുഷന്മാർ, അവർ എല്ലാവരും പാർട്ടി പ്രവർത്തകരായിരുന്നു, എന്റെ ഫോണും ക്യാമറയും കൈക്കലാക്കുമെന്ന് ഭീഷണിപ്പെടുത്തി. അവരിൽ ചിലർ എന്റെ നേർക്ക് നീങ്ങാൻ തുടങ്ങിയെങ്കിലും, ബാക്കിയുള്ളവർ അവരെ തടയുകയായിരുന്നു. ഇതിനുപിന്നാലെ, പോലീസ് ഇൻസ്‌പെക്ടർ ജി.എസ്.എം പ്രവർത്തകരോട് സംസാരിക്കുമ്പോൾ ഞാൻ മുറിയിൽനിന്ന് പുറത്ത് പോകണമെന്നായി അവരുടെ ആവശ്യം.

പോലീസുകാർ ജി.എസ്.എം പ്രവർത്തകരെ ഏതാണ്ട് അരമണിക്കൂർ നേരം സ്റ്റേഷനിൽ പിടിച്ചുവെച്ച ശേഷം വിട്ടയച്ചു. അവർക്കെതിരെ ആരും രേഖാമൂലം പരാതി നൽകിയിരുന്നില്ല. ജി.എസ്.എം പ്രവർത്തകർ നിയമവിധേയമായിട്ടാണ് പ്രചാരണം നടത്തിയതെന്നിരിക്കെ, അവർക്ക് എന്തുകൊണ്ടാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടിവന്നത് എന്ന ചോദ്യം ഉന്നയിക്കാൻ ഇടനൽകാതെ എല്ലാവരോടും സ്റ്റേഷനിൽനിന്ന് പോകാൻ പോലീസ് ആവശ്യപ്പെട്ടു. അന്നേദിവസം പ്രചാരണം നടത്തരുതെന്നും ജി.എസ്.എം പ്രവർത്തകരോട് പോലീസ് നിർദേശിച്ചു.

PHOTO • Sweta Daga
PHOTO • Sweta Daga

ഇടത്ത്: ജി.എസ്.എം പ്രവർത്തകരെ ആക്ഷേപിച്ചുകൊണ്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് ബി.ജെ.പി പ്രവർത്തകരോട് മുനിയാസ് സംസാരിക്കുന്നു. വലത്ത്:  മുനിയാസ് ജി.എസ്.എം പ്രവർത്തകരെ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നു

PHOTO • Sweta Daga
PHOTO • Sweta Daga

ഇടത്ത്: ബി.ജെ.പി അണികൾ പോലീസ് സ്റ്റേഷനിൽ ജി.എസ്.എം പ്രവർത്തകരെ കാത്തുനിൽക്കുന്നു. വലത്ത്: ജി.എസ്.എം പ്രവർത്തകർ തങ്ങൾ അച്ചടിച്ച ലഘുലേഖകളും തങ്ങൾ നടത്താൻ ഉദ്ദേശിച്ച പ്രചാരണവും നിയമവിധേയമാണെന്ന് പോലീസിനോട് പറയുന്നു

"നൂറ്റാണ്ടുകളോളം ഭരണകൂടം ഞങ്ങളെ ക്രിമിനലുകളെന്ന് മുദ്രകുത്തി വേട്ടയാടി. ഇക്കാലമത്രയും ഭരണകൂടം ഞങ്ങളോട് കാണിച്ച അവഗണനയും താത്പര്യമില്ലായ്മയും ഹിംസയും നിമിത്തമുണ്ടായ പരിതസ്ഥിതിയിൽ മാറ്റം വരുത്താനായി, രാഷ്ട്രീയത്തിൽ ക്വീർ വ്യക്തികളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ക്വീർ സമൂഹം നടത്തുന്ന ഒരു മുന്നേറ്റമാണിത്," ബംഗലൂരുവിൽ ക്വീർ ആക്ടിവിസം എന്ന വിഷയത്തിൽ പഠനം നടത്തുന്ന സിദ്ധാർഥ് പറയുന്നു.

ഞാൻ വാസ്തവത്തിൽ തയ്യാറാക്കാൻ ഉദ്ദേശിച്ച ലേഖനം എനിക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സംഭവം റിപ്പോർട്ട് ചെയ്യേണ്ടത് പ്രധാനമായിരുന്നു.

"ഞാനെന്ത് പറയാനാണ്?" ബി.ജെ.പിയുടെ മണിമാരൻ രാജു, അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള എന്റെ ചോദ്യത്തോട് പ്രതികരിച്ചു. "എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഈ പ്രശ്നം ഒതുങ്ങിയാലുടൻ ഞാൻ അവരോട് സംസാരിക്കാം. അവർ അങ്ങനെ പ്രവർത്തിക്കാൻ പാടില്ലായിരുന്നു (ക്യാമറ തട്ടിപ്പറിച്ചെടുക്കാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിച്ച സംഭവം)"

തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിക്കാൻ ഒരുമാസത്തിൽ താഴെ മാത്രം അവശേഷിക്കേ, രാജ്യത്തിൻറെ പല ഭാഗത്തുനിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് മുറവിളികൾ ഉയരുന്നുണ്ടെന്ന് മാത്രമല്ല, വോട്ടെടുപ്പ് നടക്കുന്നതിനിടെ ഒട്ടനവധി പൗരന്മാർ ആക്രമണവും ഭീഷണിയും നേരിടുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

എനിക്കും ജി.എസ്.എമ്മിന്റെ പ്രവർത്തകർക്കും ശാരീരികമായ പരിക്കുകളൊന്നും കൂടാതെ അവിടെനിന്ന് പോകാൻ സാധിച്ചെങ്കിലും, പ്രധാനപ്പെട്ട ഒരു ചോദ്യം അവശേഷിക്കുന്നു: ജനാധിപത്യപരമായ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ ഇനിയും എത്രപേർക്ക് ഭീഷണി നേരിടേണ്ടിവരും?

പരിഭാഷ: പ്രതിഭ ആര്‍. കെ .

Sweta Daga

ஸ்வேதா தாகா பெங்களூருவை சேர்ந்த எழுத்தாளர் மற்றும் புகைப்படக் கலைஞர் ஆவார். 2015ம் ஆண்டில் பாரி மானியப் பணியில் இணைந்தவர். பல்லூடக தளங்களில் பணியாற்றும் அவர், காலநிலை மாற்றம் மற்றும் பாலின, சமூக அசமத்துவம் குறித்தும் எழுதுகிறார்.

Other stories by Sweta Daga
Editor : PARI Desk

பாரி டெஸ்க், எங்களின் ஆசிரியப் பணிக்கு மையமாக இருக்கிறது. இக்குழு, நாடு முழுவதும் இருக்கிற செய்தியாளர்கள், ஆய்வாளர்கள், புகைப்படக் கலைஞர்கள், பட இயக்குநர்கள் மற்றும் மொழிபெயர்ப்பாளர்களுடன் இணைந்து இயங்குகிறது. பாரி பதிப்பிக்கும் எழுத்துகள், காணொளி, ஒலி மற்றும் ஆய்வு அறிக்கைகள் ஆகியவற்றை அது மேற்பார்வையிட்டு கையாளுகிறது.

Other stories by PARI Desk
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.