“നിങ്ങൾ മാലിന്യം ഉത്പാദിപ്പിക്കുമ്പോൾ ഞങ്ങളെങ്ങിനെയാണ് ‘കച്ചറേവാലി’കളാവുക? (മലിനജനങ്ങൾ). നഗരത്തെ വൃത്തിയാക്കിവെക്കുന്നവരാണ് ഞങ്ങൾ. പൌരന്മാരല്ലേ ‘കച്ചറേവാലി’കൾ? പൂനയിൽ മാലിന്യം പെറുക്കുന്ന സുമൻ മോറേ ചോദിക്കുന്നു.
1993-ലെ കാഗഡ് കച്ച് പത്ര കഷ്ടകാരി പഞ്ചായത്തിന്റെ കീഴിൽ മാലിന്യം ശേഖരിക്കാനായി ആദ്യം സംഘടിക്കപ്പെട്ട 800-ഓളം ആളുകളിലൊരുവളാണ് സുമൻ. ഇപ്പോൾ അവരുടെ എണ്ണം അതീലുമെത്രയോ ഇരട്ടിയായിരിക്കുന്നു. തങ്ങളുടെ തൊഴിലിനെ ഔപചാരികമാക്കാനായി തിരിച്ചറിയല രേഖ വേണമെന്നതാണ് പൂനെ മുനിസിപ്പൽ കോർപ്പറേഷനോട് അവർ ആവശ്യപ്പെട്ടത്. 1996-ൽ അവർക്കത് ലഭിച്ചു.
വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന പി.എം.സി.യോടൊപ്പമാണ് ആ സ്ത്രീകൾ ഇപ്പോൾ ജോലി ചെയ്യുന്നത്. മഹാരാഷ്ട്രയിൽ പട്ടികജാതിക്കാരായി രേഖപ്പെടുത്തിയിട്ടുള്ള മഹർ, മാതംഗ് സമുദായക്കാരാണ് അവർ. “ഞങ്ങളാണ് ഉണങ്ങിയതും (അടുക്കളമാലിന്യം) നനഞ്ഞതുമായ (പ്ലാസ്റ്റിക്ക്, കടലാസ്, കുപ്പി എന്നിവ) മാലിന്യം വേർതിരിക്കുന്നത്. നനഞ്ഞ മാലിന്യം മാലിന്യവണ്ടിയിലേക്ക് മാറ്റുന്നു. ഉണക്കമാലിന്യങ്ങളിൽനിന്ന് ഞങ്ങൾക്കാവശ്യമുള്ളതെടുത്ത് ബാക്കിവരുന്നതും ഞങ്ങൾ വണ്ടിയിലിടും”. സുമൻ കൂട്ടിച്ചേർത്തു.
ഈ ജോലി പി.എം.സി. സ്വകാര്യ കരാറുകാർക്കോ കമ്പനികൾക്കോ കൊടുക്കുമോ എന്നാണ് ഈ സ്ത്രീകൾ ഭയപ്പെടുന്നത്. അതിനെതിരേ പൊരുതാനും അവർ തയ്യാറാണ്. “ഞങ്ങളുടെ തൊഴിൽ തട്ടിയെടുക്കാൻ ആരെയും ഞങ്ങൾ അനുവദിക്കില്ല”, ആശ കാംബ്ലെ പറയുന്നു.
പൂനയിലെ മാലിന്യം പെറുക്കുന്ന സ്ത്രീകളുടെ ചരിത്രത്തെ അവരുടെ ശബ്ദങ്ങളിലൂടെത്തന്നെ പുറത്തേക്കെത്തിക്കുകയാണ് മോൽ (മൂല്യം) എന്ന ഈ സിനിമ
പരിഭാഷ: രാജീവ് ചേലനാട്ട്