കിരൺ ഭക്ഷണമുണ്ടാക്കും, വീട് വൃത്തിയാക്കും, കാര്യങ്ങൾ നോക്കിനടത്തും. വിറകും വെള്ളവും ശേഖരിച്ച് വീട്ടിലേക്കെത്തിക്കുമ്പോൾ വേനൽക്കാലത്ത് വീട്ടിലേക്കുള്ള ദൂരം കൂടുന്നതുപോലെ തോന്നും.

11 വയസ്സുമാത്രമുള്ള അവൾക്ക് മറ്റ് വഴികളില്ല. അവളുടെ രക്ഷിതാക്കൾ വർഷം‌തോറും ജോലിയന്വേഷിച്ച് പലായനം ചെയ്യും. ബൻസ്‌വാരാ ജില്ലയിലെ ആ ഗ്രാമത്തിലെ (പേര് വെളിപ്പെടുത്തുന്നില്ല) വീട്ടിൽ മറ്റാരുമില്ല. 18 വയസ്സുള്ള സഹോദരൻ വികാസ് (പേര് യഥാർത്ഥമല്ല) അടുത്തുണ്ടെങ്കിലും ഏതുനിമിഷവും അവനും കുടിയേറിപ്പോവാം. മുമ്പ് പലപ്പോഴും ചെയ്തതുപോലെ. മൂന്നും 13-ഉം വയസ്സിനിടയ്ക്കുള്ള മറ്റ് മൂന്ന് സഹോദരർ രക്ഷിതാക്കളുടെ കൂടെ താമസിക്കുന്നു. ഗുജറാത്തിലെ വഡോഡരയിലെ നിർമ്മാണ സൈറ്റിൽ. അവർക്ക് സ്കൂൾ വിദ്യാഭ്യാസം പ്രാപ്യമല്ല. കിരണിനാകട്ടെ, അത് ലഭിക്കുകയും ചെയ്യുന്നു.

“ഞാൻ രാവിലെ കുറച്ച് ഭക്ഷണം പാചകം ചെയ്യും,” കിരൺ (പേര് യഥാർത്ഥമല്ല) പറയുന്നു. തന്റെ ദിനചര്യ ഈ റിപ്പോർട്ടർക്ക് വിവരിച്ചുതരികയായിരുന്നു അവൾ. ഒറ്റമുറി വീടിന്റെ പകുതി ഭാഗവും അടുക്കളയാണ്. മേൽത്തട്ടിൽനിന്ന് തൂങ്ങിനിൽക്കുന്ന ഒരൊറ്റ വെളിച്ചം മാത്രമാണ് രാത്രിയിൽ ആശ്രയം.

ഒരറ്റത്ത് വിറകടുപ്പുണ്ട്; കുറച്ചധികം വിറകും എണ്ണയും സമീപത്തുതന്നെ വെച്ചിരിക്കുന്നു. പച്ചക്കറി, മസാലകൾ, മറ്റ് കൂട്ടുകൾ എന്നിവ പ്ലാസ്റ്റിക്ക് ബാഗിലും ഡബ്ബകളിലുമായി നിലത്തും, ചുമരിൽനിന്ന് കയറിൽ തൂക്കിയും വെച്ചിരിക്കുന്നു. അവളുടെ കുഞ്ഞുകൈകൾക്ക് എത്താൻ പാകത്തീൽ. “വൈകീട്ട് സ്കൂൾ വിട്ടുവന്നാൽ രാത്രിക്കുള്ള അത്താഴവും ഞാനുണ്ടാക്കും. പിന്നെ കോഴികളുടെ കാര്യങ്ങൾ നോക്കണം. പിന്നീട് ഞങ്ങൾ ഉറങ്ങാൻ പോവും,” കിരൺ പറയുന്നു.

ചെറുനാണത്തോടെ അവൾ പറഞ്ഞ ആ ജോലികൾക്ക് പുറമേ മറ്റ് ചില ജോലികളും അവൾ ചെയ്യുന്നുണ്ട്. ബിജ് ലിയ , ദാവ്ഡ ഖോര എന്നൊക്കെ നാട്ടുകൾ വിശേഷിപ്പിക്കുന്ന അടുത്തുള്ള കുന്നിന്റെ താഴെയുള്ള കാട്ടിൽ പോയി വിറക് ശേഖരിക്കണം. കാട്ടിൽ പോകാൻ അവൾ ഒരുമണിക്കൂറെടുക്കും. പിന്നെ വിറക് വെട്ടാനും, അവ ശേഖരിച്ച്, കെട്ടാക്കാനും വീണ്ടും ഒരുമണിക്കൂർ. പിന്നെ അത് ചുമന്ന് വീട്ടിലെത്താൻ വീണ്ടും ഒരു മണിക്കൂർ. ആ കുഞ്ഞുശരീരത്തേക്കാൾ ഉയരവും ഭാരവുമുള്ള വിറകുകെട്ടുമായിട്ടാണ് പലപ്പോഴും അവളുടെ മടക്കം.

PHOTO • Swadesha Sharma
PHOTO • Swadesha Sharma

ഗ്രാമത്തെ വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന കുന്നുകളെ നാട്ടുകാർ ബിജിലിയ, അല്ലെങ്കിൽ ദാവ്ഡ ഖോര എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്. സ്ഥലത്തുള്ള കുട്ടികൾ ഈ കുന്നുകളിൽ പോയിട്ടാണ് വിറക് ശേഖരിക്കുന്നതും, കന്നുകാലികളെ മേയ്ക്കുന്നതും

PHOTO • Swadesha Sharma
PHOTO • Swadesha Sharma

ഇടത്ത്: സമയം കിട്ടുമ്പോഴൊക്കെ കിരണും അവളുടെ സഹോദരനും വിറക് ശേഖരിച്ച് പിന്നീട് ഉപയോഗിക്കാനായി വീടിനടുത്ത് സൂക്ഷിക്കും. കാട്ടിൽ പോയി വിറക് ശേഖരിച്ച് തിരിച്ചുവരാൻ മൂന്ന് മണിക്കൂറുകളെടുക്കും. വലത്ത്: സർക്കാർ റേഷനായി നൽകുന്നതും, അവർ വളർത്തുകയും ശേഖരിക്കുകയും ചെയ്യുന്നതുമായ അടുക്കളസാധനങ്ങൾ, ബാഗുകളിൽ സൂക്ഷിച്ച്, ചുമരുകളിൽ തൂക്കിയിടുന്നു

“ഞാൻ വെള്ളവും കൊണ്ടുവരാറുണ്ട്,” എന്തോ പ്രധാനപ്പെട്ട ജോലി ഓർത്തിട്ടെന്നപോലെ അവൾ പറയുന്നു. “ഹാൻഡ്‌പമ്പിൽനിന്ന്.” അയൽക്കാരി അസ്മിതയുടെ കുടുംബത്തിന്റേതാണ് ആ പമ്പ്. “ഞങ്ങളുടെ സ്ഥലത്ത് രണ്ട് ഹാൻഡ്പമ്പുകളുണ്ട്. ഇവിടെയുള്ള എല്ലാവരും – ഏകദേശം എട്ട് കുടുംബങ്ങൾ - അവയിൽനിന്നാണ് വെള്ളം കൊണ്ടുവരുന്നത്,” 25 വയസ്സുള്ള അസ്മിത പറയുന്നു. “വേനൽ വന്നാൽ ഹാൻഡ്പമ്പുകളും വറ്റും, അപ്പോൾ ആളുകൾ ഗഡ്ഡ യിലേക്ക് ( ബിജിലിയ കുന്നുകളുടെ താഴ്‌വാരത്ത് പ്രകൃത്യാലുള്ള ഒരു കുളം) പോകും. ആ കുളം കുറച്ച് ദൂരത്ത് ഒരു കയറ്റത്തിലാണ്. കിരണിനെപ്പോലെയുള്ള ചെറിയ കുട്ടികൾക്ക് ആ കയറ്റം അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.

സൽ‌വാർ കുർത്തയും തണുപ്പിനെ പ്രതിരോധിക്കാൻ പർപ്പിൾ നിറമുള്ള സ്വെറ്ററും ധരിച്ച അവൾക്ക് പ്രായത്തിനേക്കാൾ മൂപ്പ് തോന്നിച്ചിരുന്നു. എന്നാൽ, അല്പം നാണത്തോടെ, “ദിവസവും ഞങ്ങൾ അച്ഛനോടും അമ്മയോടും സംസാരിക്കും... ഫോണിൽ” എന്ന് പറയുമ്പോൾ, അവളുടെ കുട്ടിത്തം വ്യക്തമായിരുന്നു.

ബൻസ്‌വാര ജില്ല ഉൾപ്പെടുന്ന ദക്ഷിണ രാജസ്ഥാനിലെ പകുതിയോളം കുടുംബക്കാരും കുടിയേറ്റക്കാരാണ്. കിരണിന്റെ കുടുംബത്തെപ്പോലെയുള്ള ഭിൽ ആദിവാസികളാണ് ജില്ലയിലെ ജനസംഖ്യയിലെ 95 ശതമാനവും. വീടും പറമ്പും നോക്കിനടത്താൻ കുട്ടികളെ ഗ്രാമത്തിൽ നിർത്തിയാണ് മിക്കവരും ജോലിയന്വേഷിച്ച് ദൂരേയ്ക്ക് പോവുന്നത്. ഇളംപ്രായത്തിന് താങ്ങാനാകാത്ത കനത്ത ജോലിഭാരം മാത്രമല്ല ഈ കുട്ടികൾ നേരിടുന്ന വെല്ലുവിളി. ഒറ്റയ്ക്ക് താമസിക്കുന്ന അവർ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.

ജനുവരി ആദ്യ ആഴ്ചകളായിരുന്നു. വിളവെടുക്കാറായ പരുത്തിയും ഉണങ്ങിയ കുറ്റിക്കാടുകളുമായി കൃഷിഭൂമികൾ തവിട്ടുനിറത്തിൽ കിടന്നിരുന്നു. ശീതകാല അവധിയായതിനാൽ ധാരാളം കുട്ടികൾ കുടുംബത്തിന്റെ കൃഷിസ്ഥലങ്ങളിൽ ജോലി ചെയ്യുകയും, വിറക് ശേഖരിക്കുകയും കന്നുകാലികളെ മേയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇത്തവണ വികാസ് നാട്ടിൽത്തന്നെ നിന്നു. കഴിഞ്ഞ വർഷം അവൻ കുടുംബത്തിന്റെ കൂടെ പോയിരുന്നു. “നിർമ്മാണ സൈറ്റുകളിൽ മണലും സിമന്റും ചേർക്കുന്ന യന്ത്രത്തിൽ പണിയെടുക്കുകയായിരുന്നു ഞാൻ,” പരുത്തിപ്പൂവ് പറിക്കുന്നതിനിടയിൽ അവൻ പറയുന്നു. “ദിവസവും 500 രൂപവ്ച്ച് ഞങ്ങൾക്ക് കിട്ടും. താമസം പക്ഷേ റോഡിന്റെ അരികത്താണ്. എനിക്കത് ഇഷ്ടമല്ല.” അതുകൊണ്ട് (2023) ദീപാവലിക്ക്, സ്കൂൾ തുടങ്ങുന്ന സമയമായപ്പോഴേക്കും അവൻ തിരിച്ചുവന്നു.

പ്രീഡിഗ്രിയെങ്കിലും പൂർത്തിയാക്കണമെന്ന ആഗ്രഹത്തിലാണ് വികാസ്. “ആദ്യം ഞങ്ങളുടെ ജോലി തീർക്കട്ടെ, എന്നിട്ട് ഞങ്ങൾ പഠിക്കും,” അവൻ പാരിയോട് പറയുന്നു.

പക്ഷേ എന്തുകൊണ്ടാണ് തനിക്ക് സ്കൂളിൽ പോകാൻ ഇഷ്ടം എന്നതിനെക്കുറിച്ച് കിരണിന് വ്യക്തമായ ധാരണയുണ്ട്. “എനിക്ക് ഹിന്ദിയും ഇംഗ്ലീഷും പഠിക്കാൻ ഇഷ്ടമാണ്. പക്ഷേ സംസ്കൃതവും കണക്കും ഇഷ്ടമല്ല.”

PHOTO • Swadesha Sharma
PHOTO • Swadesha Sharma

ഇടത്ത്: കിരണിന്റെ കുടുംബത്തിന്റെ കൃഷിസ്ഥലത്ത് വളരുന്ന വെള്ളക്കടല. വലത്ത്: ഈ സഹോദരന്മാർ 10-12 കോഴികളേയും ചിലപ്പോൾ വളർത്താറുണ്ട്. മുറ്റത്തെ തട്ടിൽനിന്ന് തൂങ്ങിനിൽക്കുന്ന, കൈകൊണ്ട് മെടഞ്ഞ കുട്ടയിൽ ഒരു കോഴിയെ സൂക്ഷിച്ചിട്ടുണ്ട്. വലിപ്പത്തിനനുസരിച്ച്, അവയെ വിറ്റാൽ 300-500 രൂപവരെ കിട്ടും

PHOTO • Swadesha Sharma
PHOTO • Swadesha Sharma

ഇടത്ത്: ചുറ്റുവട്ടത്തുനിന്ന് ശേഖരിക്കുന്ന പച്ചക്കറികൾ പുരപ്പുറത്ത് വെച്ച് ഉണക്കി സൂക്ഷിക്കും. വലത്ത്: ശീതകാല അവധിയായതിനാൽ കുട്ടികൾ വിറക് ശേഖരിക്കലും കന്നുകാലികളെ കൊണ്ടുപോയി മേയ്ക്കുകയും മറ്റ് വീട്ടുപണികളും ചെയ്യുന്നുണ്ടായിരുന്നു

ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് കിരണിന് ഉച്ചയ്ക്കുള്ള ഭക്ഷണം കിട്ടും. “ചില ദിവസങ്ങളിൽ പച്ചക്കറികളും, ചിലപ്പോൾ അരിയും” കിട്ടുമെന്ന് അവൾ പറയുന്നു. മറ്റ് ഭക്ഷണ ആവശ്യങ്ങൾക്കായി അവർ ബീൻസും മറ്റും തോട്ടത്തിൽ വളർത്തുകയും ഇലവർഗ്ഗങ്ങൾ വാങ്ങുകയും ചെയ്യുന്നു. ബാക്കി സാധനങ്ങൾ സർക്കാർ നൽകുന്ന റേഷൻ വഴിയും.

“ഞങ്ങൾക്ക് 25 കിലോ ഗോതമ്പ് കിട്ടുന്നുണ്ട്,” വികാസ് പറയുന്നു. “പിന്നെ എണ്ണ, മുളക്, മഞ്ഞപ്പൊടി, ഉപ്പ് തുടങ്ങിയവയും. 500 ഗ്രാം ചെറുപയറും കടലും കിട്ടും. ഒരു മാസത്തേക്ക് ഞങ്ങൾക്ക് രണ്ടുപേർക്കും‌കൂടി അത് മതിയാകും.” എന്നാൽ വീട്ടുകാരെല്ലാവരും തിരിച്ചെത്തുമ്പോൾ അത് തികയില്ല.

കൃഷിഭൂമിയിൽനിന്നുള്ള വരുമാനംകൊണ്ട് കുടുംബത്തിന്റെ മൊത്തം ചിലവ് നടക്കില്ല. സഹോദരന്മാർ നടത്തുന്ന കോഴിക്കൃഷികൊണ്ട് സ്കൂൾ ഫീസും ദൈനംദിന ചിലവുകളും നടന്നുപോകും. എന്നാൽ, അതില്ലാത്തപ്പോൾ വീട്ടുകാർ പൈസ അയച്ചുകൊടുക്കേണ്ടിവരാറുണ്ട്.

എം.ജി.എൻ.ആർ.ഇ.ജി.എ.യുടെ കീഴിലുള്ള കൂലികളിൽ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും, രാജസ്ഥാനിൽ നിയമപ്രകാരമുള്ള ദിവസക്കൂലി 266 രൂപയാണ്. എന്നാൽ, കിരണിന്റേയും വികാസിന്റേയും രക്ഷിതാക്കൾക്ക് വഡോദരയിലുള്ള സ്വകാര്യ കരാറുകാർ കൊടുക്കുന്ന ശമ്പളത്തിന്റെ ഏകദേശം പകുതിയാണ് ആ സംഖ്യ. കൂലിയിൽ അത്തരം അസമത്വങ്ങളുണ്ടാകുമ്പോൾ കുശാൽഗർ പട്ടണത്തിലെ ബസ്സുകളിൽ എപ്പോഴും തിരക്കുണ്ടാവുന്നതിൽ തെല്ലും അത്ഭുതമില്ല. വർഷം മുഴുവൻ, ദിവസവും 40 സർക്കാർ ബസ്സുകൾ, ഓരോന്നിലും 50-100 ആളുകളെ കുത്തിനിറച്ച് അവിടെനിന്ന് പുറപ്പെടുന്നു. ഒരുഭാഗത്തേക്ക് മാത്രമുള്ള യാത്രയ്ക്ക്. വായിക്കുക: കുടിയേറ്റക്കാരേ..ആ നമ്പർ നഷ്ടപ്പെടുത്തരുതേ

PHOTO • Swadesha Sharma
PHOTO • Swadesha Sharma

ബൻസ്‌വാരയിലെ ഏറ്റവും തെക്കുഭാഗത്തുള്ള കുശാൽഗർ തെഹ്സിലിലെ ബസ് സ്റ്റാൻഡ് എപ്പോഴും തിരക്ക് പിടിച്ചതാണ്. ഓരോന്നിലും 50-100 ആളുകളെ കുത്തിനിറച്ച 40 സർക്കാർ ബസ്സുകൾ എല്ലാ ദിവസവും അവിടെനിന്ന് പുറപ്പെടുന്നു. സമീപ സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യ പ്രദേശ് എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റത്തൊഴിലാളികളാണ് ആ യാത്രക്കാരിൽ ബഹുഭൂരിപക്ഷവും

കുട്ടികൾക്ക് പ്രായപൂർത്തിയാവുമ്പോൾ, അവരും ദിവസക്കൂലിക്കായി രക്ഷിതാക്കളെ പിന്തുടരുന്നതിനാൽ, രാജസ്ഥാനിലെ സ്കൂൾ പ്രവേശനനിരക്ക്, കുട്ടികളുടെ പ്രായക്കൂടുതലിനനുസൃതമായി കുത്തനെ കുറയുന്ന തിൽ അത്ഭുതമില്ല. ഔപചാരിക വിദ്യാഭ്യാസത്തിലെ ഈ കുറവിനെ സ്ഥിരീകരിക്കുകയാണ് അസ്മിത എന്ന സാമൂഹിക പ്രവർത്തക. “ഇവിടെയുള്ള ആളുകൾ മിക്കവരും വെറും 8-ആം ക്ലാസ്സുവരെയോ അല്ലെങ്കിൽ 10 വരെയോ മാത്രമേ പഠിക്കുന്നുള്ളു.” അസ്മിതയും അഹമ്മദാബാദിലേക്കും രാജ്കോട്ടിലേക്കും ജോലിക്കായി പോകാറുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കുടുംബത്തിന്റെ പരുത്തിപ്പാ‍ടത്ത് പണിയെടുക്കുകയും, പൊതുപരീക്ഷകൾക്ക് പഠിക്കുകയും മറ്റുള്ളവരെ പഠനത്തിൽ സഹായിക്കുകയും ചെയ്യുന്നു.

രണ്ടുദിവസത്തിനുശേഷം ഈ റിപ്പോർട്ടർ വീണ്ടും കിരണിനെ സന്ദർശിച്ചപ്പോൾ അവൾ ഒരു കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പ്രോഗ്രാമിൽ (സമുദായങ്ങളെ പങ്കെടുപ്പിക്കുന്ന പദ്ധതി) പങ്കെടുക്കുകയായിരുന്നു. കുശാൽഗർ ആസ്ഥാനമായ ആജീവിക ബ്യൂറോ എന്ന സന്നദ്ധസംഘടന സംഘടിപ്പിച്ചിരുന്ന ആ യോഗത്തിൽ, അസ്മിതയടക്കം ആ പ്രദേശത്തെ ചെറുപ്പക്കാരായ സന്നദ്ധപ്രവർത്തകരുണ്ടായിരുന്നു. വിവിധ രീതിയിലുള്ള വിദ്യാഭ്യാസം, തൊഴിലുകൾ, കൈവരിക്കാവുന്ന ഭാവി എന്നിവയെക്കുറിച്ച് ചെറിയ പെൺകുട്ടികളെ ബോധവത്ക്കരിക്കുകയായിരുന്നു അതിൽ. “നിങ്ങൾക്ക് ആരുമാവാം,” എന്ന് സംഘാടകർ ആവർത്തിക്കുന്നുണ്ടായിരുന്നു.

മീറ്റിംഗിനുശേഷം കിരൺ വീട്ടിലേക്ക് പോവുകയാണ്. വെള്ളം കൊണ്ടുവരാനും രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കാനും. എന്നാൽ, സൂളിലേക്ക് തിരിച്ചുപോകാനും, കൂട്ടുകാരെ സന്ധിക്കാനും, അവധിക്കാലത്ത് ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യാനും അവൾ കാത്തിരിക്കുകയാണ്.

പരിഭാഷ: രാജീവ് ചേലനാട്ട്

Swadesha Sharma

ஸ்வதேஷ ஷர்மா ஒரு ஆய்வாளரும் பாரியின் உள்ளடக்க ஆசிரியரும் ஆவார். பாரி நூலகத்துக்கான தரவுகளை மேற்பார்வையிட தன்னார்வலர்களுடன் இணைந்து பணியாற்றுகிறார்.

Other stories by Swadesha Sharma
Editor : Priti David

ப்ரிதி டேவிட் பாரியின் நிர்வாக ஆசிரியர் ஆவார். பத்திரிகையாளரும் ஆசிரியருமான அவர் பாரியின் கல்விப் பகுதிக்கும் தலைமை வகிக்கிறார். கிராமப்புற பிரச்சினைகளை வகுப்பறைக்குள்ளும் பாடத்திட்டத்துக்குள்ளும் கொண்டு வர பள்ளிகள் மற்றும் கல்லூரிகளுடன் இயங்குகிறார். நம் காலத்தைய பிரச்சினைகளை ஆவணப்படுத்த இளையோருடனும் இயங்குகிறார்.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat