‘ശമ്പളവു’മായി സുശീല വരുന്നതും കാത്ത് ഇരിക്കുകയാണ് അവരുടെ വീട്ടിലെ ചെറിയ വരാന്തയിൽ, അഞ്ച് അംഗങ്ങളടങ്ങുന്ന കുടുംബം. രണ്ട് വീടുകളിൽ, വീട്ടുജോലിക്കാരിയായി ജോലി ചെയ്താൽ കിട്ടുന്ന 5,000 രൂപയാണ് ആ ശമ്പളം. ഉച്ചയ്ക്ക് 2 മണിക്ക്, 45 വയസ്സുള്ള സുശീല വീട്ടിലെത്തി. ഉത്തർ പ്രദേശിലെ വാരാണസിയിലെ കാശി വിദ്യാപീഠ് ബ്ലോക്കിലുള്ള അമാര കോളനിയിലാണ് അവരുടെ വീട്.
“രണ്ട് വീടുകളിലെ എച്ചിൽപ്പാത്രങ്ങൾ കഴുകിയും നിലം തുടച്ചും മമ്മി 5,000 രൂപ ഉണ്ടാക്കുന്നുണ്ട്,” എന്ന്, അവരുടെ 24 വയസ്സുള്ള മകൻ വിനോദ് കുമാർ ഭാരതി പറയുന്നു. “എല്ലാ മാസവും ആദ്യത്തെ ദിവസമാണ് കിട്ടുക. ഇന്നാണ് ആ ദിവസം. അതല്ലാതെ മറ്റ് സ്ഥിരവരുമാനമൊന്നും ഞങ്ങൾക്കില്ല. ഞാൻ കൂലിപ്പണിയെടുക്കുന്നുണ്ട്. ഞങ്ങളൊരുമിച്ച്, മാസത്തിൽ 10,000-12,000 രൂപ ഉണ്ടാക്കുന്നു. അപ്പൊ, ബഡ്ജറ്റിൽ പറയുന്ന 12 ലക്ഷം രൂപയുടെ നികുതിയിളവ് പരിധി ഞങ്ങൾക്കെങ്ങിനെയാണ് ബാധകമാവുക“”
“ഞങ്ങൾ എം.എൻ.ആർ.ഇ.ജി.എ.യുടെ (മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി ആക്ട്, 2005) കീഴിൽ ജോലി ചെയ്തിരുന്നു, കുറച്ച് വർഷം മുമ്പുവരെ. പക്ഷേ ഇപ്പോൾ അവർ പറയുന്നത്, ജോലി ഇല്ലെന്നാണ്.” 2021-വരെയുള്ള കണക്കെഴുതിയ തന്റെ കാർഡ് സുശീല ഞങ്ങൾക്ക് കാണിച്ചുതന്നു. അതിനുശേഷമാണ് കാര്യങ്ങൾ ഡിജിറ്റലിലേക്ക് മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകസഭാ മണ്ഡലമാണ് വാരാണസി.
![](/media/images/02a-DSC01459-JM-For_whom_the_budget_bells_.max-1400x1120.jpg)
![](/media/images/02b-DSC01458-JM-For_whom_the_budget_bells_.max-1400x1120.jpg)
ഇടത്ത്: സുശീല തന്റെ മകൻ വിനോദ് കുമാർ ഭാരതിയോടൊപ്പം. വലത്ത്: ഉത്തർ പ്രദേശിലെ അമാരചാക് ഗ്രാമത്തിലെ അവരുടെ അയൽക്കാരിയാണ് പൂജ. ‘സംസ്ഥാനത്തെ ആശ്രയിച്ച് കഴിഞ്ഞാൽ, ദിവസത്തിൽ രണ്ടുനേരംപോലും നല്ല ഭക്ഷണം കിട്ടില്ല,’ പൂജ പറയുന്നു
![](/media/images/03-DSC01446-JM-For_whom_the_budget_bells_d.max-1400x1120.jpg)
സുശീല അവരുടെ എം.എൻ.ആർ.ഇ.ജി.എ. കാർഡ് കാണിച്ചുതരുന്നു. 2021-നുശേഷം, ആ പദ്ധതിക്ക് കീഴിൽ അവർക്ക് ജോലി ലഭിച്ചിട്ടില്ല
കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ, എം.ജി.എൻ.ആർ.ജി.എ.ക്ക് കീഴിൽ, തങ്ങൾക്ക് കിട്ടിയത് വെറും 30 ദിവസത്തെ ജോലിയാണെന്ന്, സുശീലയുടെ ഭർത്താവ്, 50 വയസ്സുള്ള ശത്രു പറയുന്നു. “കൂടുതൽ ദിവസങ്ങളിൽ ജോലി തരാൻ പ്രധാനോട് ആവശ്യപ്പെട്ടപ്പോൾ, ബ്ലോക്ക് ഓഫീസിൽ പോയി ചോദിക്കാനാണ് അദ്ദേഹം പറഞ്ഞത്.”
അമാരാചാക് ഗ്രാമത്തിലെ അവരുടെ വീട്ടിൽ, ശത്രുവിന്റെ രണ്ട് സഹോദരങ്ങളും താമസിക്കുന്നുണ്ട്. ഒരേ കൂരയ്ക്ക് കീഴിൽ, ആ കൂട്ടുകുടുംബത്തിലെ 12 മനുഷ്യജീവികളാണ് കഴിയുന്നത്.
“2023-ൽ, എം.ജി.എൻ.ആർ.ജി.എ.ക്ക് കീഴിൽ 35 ദിവസം ജോലി ചെയ്തതിന്റെ കൂലി ഇപ്പോഴും കാത്തിരിക്കുകയാണ് ഞാൻ,” ശത്രുവിന്റെ ഒരു സഹോദരന്റെ വിധവ, 42 വയസ്സുള്ള പൂജ പറയുന്നു. “കഴിഞ്ഞ മാസമാണ് എന്റെ ഭർത്താവ് മരിച്ചത്. മൂന്ന് ചെറിയ കുട്ടികളാണ് എനിക്കുള്ളത്. ഒരു സാമ്പത്തികസഹായവും കിട്ടുന്നില്ല,” അവർ പറയുന്നു. “ഇവിടെ ഒരു കോളനിയുള്ളതുകൊണ്ട് എനിക്ക് വീട്ടുപണി കിട്ടുന്നുണ്ട്. അതൊരു ഭാഗ്യമായി. സംസ്ഥാനത്തെ ആശ്രയിച്ച് കഴിഞ്ഞാൽ, ദിവസത്തിൽ രണ്ടുനേരംപോലും നല്ല ഭക്ഷണം കിട്ടില്ല.”
പരിഭാഷ: രാജീവ് ചേലനാട്ട്