“ആദ്യമായി ഞാൻ ഡോക്ര കണ്ടപ്പോൾ, മാജിക്കുപോലെ തോന്നി”, 41 വയസ്സുള്ള പീജുഷ് മൊണ്ടൽ പറഞ്ഞു. പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ ഈ കരകൌശലവിദഗ്ദ്ധൻ 12 വർഷമായി ഈ കലാരൂപം പരിശീലിച്ചുകൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടുപോയ മെഴുകുവാർപ്പ് സൂത്രമാണ് ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ പരമ്പരാഗത ലോഹവാർപ്പ് രീതികളിലൊന്ന്. സിന്ധുനദീ സംസ്കാരത്തോളം പഴക്കമുണ്ടതിന്.
കിഴക്കൻ ഇന്ത്യയിലൂടെ യാത്രചെയ്തിരുന്ന നാടോടികളായ കരകൌശലക്കാരെയാണ് ഡോക്ര, അഥവാ ധോക്ര എന്ന പേരുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഒഡിഷ, ജാർഘണ്ട്, പശ്ചിമ ബംഗാൾ, ചത്തീസ്ഗഢ് എന്നിവയിലൂടെ വ്യാപിച്ചുകിടക്കുന്ന ചോട്ടാ നാഗ്പുർ പീഠഭൂമിയിൽ ചെമ്പിന്റെ വലിയ നിക്ഷേപങ്ങളുണ്ട്. ഓട്, വെങ്കലം എന്നീ ലോഹസങ്കരങ്ങളിലെ പ്രാഥമികഘടകമാണ് ചെമ്പ്. അതുപയോഗിച്ചാന് ഡോക്ര രൂപങ്ങൾ നിർമ്മിക്കുന്നത്. ഇന്ത്യയുടെ പല ഭാഗത്തും ഡോക്ര കല നിലനിൽക്കുന്നുണ്ടെങ്കിലും ബങ്കുറ, ബർദ്ധമാൻ, പുരുളിയ ജില്ലകളിലെ ‘ബംഗാൾ ഡോക്രയ്ക്ക് ഭൌമസൂചികാപദവി ലഭിച്ചിട്ടുണ്ട്.
ഒരു ഡോക്ര ശില്പമുണ്ടാക്കുന്നതിലെ ആദ്യത്തെ ഘട്ടം, ആവശ്യമായ രൂപത്തിനുള്ള പശമണ്ണിന്റെ അസ്തിവാരമുണ്ടാക്കലാണ് തേനീച്ചകളുടെ മെഴുക്, സാലമരത്തിന്റെ (ഷോരൈയറോബുസ്ത) പശ എന്നിവയിൽനിന്ന് രൂപപ്പെടുത്തിയതും കൊത്തിയെടുത്തതുമായ വിശദമായ ഡിസൈനുകൾ ഈ പശമണ്ണിന്റെ അസ്തിവാരത്തിൽ അടരുകളായി വെക്കുന്നു. അത് ഉറച്ചുകഴിഞ്ഞാൽ മെഴുക് രൂപത്തിൽ പശമണ്ണിന്റെ മറ്റൊരു അടരുകൂടി വെച്ച്, മെഴുക് ഉരുകിപ്പോരാൻ പാകത്തിൽ അതിൽ ഒന്നോ രണ്ടോ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. അതേ ദ്വാരങ്ങളിലൂടെ ഉരുക്കിയ ലോഹം അകത്തേക്ക് ഒഴിക്കുന്നു.
“ഈ പ്രക്രിയയിൽ പ്രകൃതിക്ക് വലിയ പ്രാധാന്യമുണ്ട്” എന്ന് സിമ പാൽ മൊണ്ടൽ പറഞ്ഞു. “സാലമരങ്ങളില്ലെങ്കിൽ മെഴുക് തയ്യാറാക്കാൻ അവയുടെ ചാറ് ഉപയോഗിക്കാൻ സാധിക്കില്ല. തേനീച്ചകളും തേനീച്ചക്കൂടുകളുമില്ലെങ്കിൽ മെഴുകും എനിക്ക് ലഭിക്കില്ല”. വിവിധയിനങ്ങളിലുള്ള മണ്ണിന്റെ ലഭ്യതയേയും അനുകൂലമായ കാലാവസ്ഥാഘടകത്തേയും വളരെയധികം ആശ്രയിച്ചിരിക്കുന്നു ഡോക്ര വാർപ്പ്.
പശമണ്ണിന്റെ ഉപരിഭാഗം ഉണങ്ങിയാൽ പിജൂഷും സഹായികളും രൂപത്തെ 3x 5 അടി ആഴമുള്ള ചൂളയിലിട്ട് ചുടുന്നു. പശമണ്ണ് വേവുമ്പോൾ മെഴുക് ഉരുകി, രൂപത്തിന്റെ അകം പൊള്ളയാവുന്നു. അതിൽ ഉരുക്കിയ ലോഹം ഒഴിക്കുന്നു. ശേഷം, അത് തണുക്കാനായി – വേഗം കിട്ടണമെങ്കിൽത്തന്നെ 4-5 മണിക്കൂറുകൾ കഴിയണം – വെക്കുന്നു. അതിനുശേഷം പശമണ്ണ് പൊട്ടിച്ച്, രൂപം പുറത്തേക്കെടുക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്