1947-ലെ രക്തരൂഷിതമായ വിഭജനത്തിലൂടെ ഒന്നായിരുന്ന ഒരു രാജ്യത്തെ ഇരുരാജ്യങ്ങളാക്കി മാറ്റിയ റാഡ്‌ക്ലിഫ് രേഖ, പഞ്ചാബിനെയും രണ്ടാ‍ക്കി വേർപെടുത്തിയിരുന്നു. അതിർത്തി കമ്മീഷനുകളുടെ ചെയർമാനായിരുന്ന ബ്രിട്ടീഷ് അഭിഭാഷകൻ റാഡ്‌ക്ലിഫിന്റെ പേരിലുള്ള ഈ രേഖ, ഭൂവിഭാഗത്തോടൊപ്പം, പഞ്ചാബി ഭാഷയുടെ ഈ രണ്ട് ലിപികളേയും വിഭജിക്കുകയാണ് ചെയ്തത്. “പഞ്ചാബി ഭാഷയുടെ സാഹിത്യത്തെയും രണ്ട് ലിപികളേയും ഈ വിഭജനം രണ്ടായി കീറി”, ലുധിയാന ജില്ലയിലെ പായൽ തെഹ്സിലിലെ കത്താരി ഗ്രാമത്തിലെ കിർപാൽ സിംഗ് പന്നു പറഞ്ഞു.

വിഭജനത്തിന്റെ ഈ മുറിവിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മരുന്ന് പുരട്ടുകയാണ് പന്നു എന്ന 90 വയസ്സുള്ള മുൻ പട്ടാളക്കാരൻ. അതിർത്തി രക്ഷാസേനയിൽനിന്ന് (ബി.എസ്.എഫ്) വിരമിച്ച ഈ ഡെപ്യൂട്ടി കമൻഡാന്റ് ഗുരു ഗ്രന്ഥ് സാഹിബ്, മഹാൻ കോശ് (പഞ്ചാബി ഭാഷയിലെ ഏറ്റവും ആദരണീയമായ നിഘണ്ടു) തുടങ്ങിയ വിശുദ്ധഗ്രന്ഥങ്ങളും ലിഖിതങ്ങളും ഗുർമുഖിയിൽനിന്ന് ഷഹ്മുഖിയിലേക്കും ഷഹ്മുഖിയിൽനിന്ന് ഗുരുമുഖിയിലേക്കും ലിപ്യന്തരണം ചെയ്തിട്ടുണ്ട്.

ഉറുദുവിനെപ്പോലെ വലത്തുനിന്ന് ഇടത്തേക്ക് എഴുതുന്ന ഷഹ്മുഖി, 1947-നുശേഷം ഇന്ത്യയിലെ പഞ്ചാബിൽ ഉപയോഗിക്കപ്പെട്ടിട്ടില്ല. 1995-1996-ൽ, ഗുരു ഗ്രന്ഥ് സാഹിബിനെ ഗുരുമുഖിയിലേക്കും തിരിച്ചും ലിപ്യന്തരണം ചെയ്യാൻ കഴിയുന്ന ഒരു കം‌പ്യൂട്ടർ പ്രോഗ്രാം പന്നു വികസിപ്പിച്ചെടുത്തു.

ഉറുദു ഭാഷ സംസാരിക്കുന്ന, വിഭജനപൂർവ്വ ജനതയ്ക്ക് ഷഹ്മുഖി ലിപിയിലെഴുതിയ പഞ്ചാബിയും വായിക്കാൻ സാധിക്കും. പാക്കിസ്ഥാന്റെ രൂപീകരണത്തിനുമുമ്പ്, മിക്ക സാഹിത്യകൃതികളും ഔദ്യോഗിക കോടതി രേഖകളും ഷഹ്മുഖിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്. പഴയ അവിഭാജിത പ്രവിശ്യയിലെ കിസ എന്ന പരമ്പരാഗത കഥപറച്ചിൽ കലാരൂപം പോലും ഷഹ്മുഖിയിൽ മാത്രമായിരുന്നു.

ഇടത്തുനിന്ന് വലത്തേക്കെഴുതുന്ന ഗുരുമുഖിയാകട്ടെ, ദേവനാഗരി ലിപിയോട് ഏകദേശ സാമ്യമുള്ളതാണ്. പാക്കിസ്ഥാനിലെ പഞ്ചാബിൽ പക്ഷേ അത് ഉപയോഗിക്കുന്നില്ല. അതുമൂലം, പഞ്ചാബി ഭാഷ സംസാരിക്കുന്ന അനന്തരതലമുറ ഗുരുമുഖി വായിക്കാൻ കഴിയാതെ ആ സാഹിത്യത്തിൽനിന്ന് ബഹിഷ്കൃതരായി. അവിഭാജിത പഞ്ചാബിലെ മഹത്തായ സാഹിത്യകൃതികളെ ഷഹ്മുഖിയിൽ മാത്രമേ അവർക്ക് വായിക്കാൻ കഴിഞ്ഞിരുന്നുള്ളു.

Left: Shri Guru Granth Sahib in Shahmukhi and Gurmukhi.
PHOTO • Courtesy: Kirpal Singh Pannu
Right: Kirpal Singh Pannu giving a lecture at Punjabi University, Patiala
PHOTO • Courtesy: Kirpal Singh Pannu

ഇടത്ത്: ഷാഹ്മുഖിയിലും ഗുരുമുഖിയിലുമുള്ള ശ്രീ ഗുരു ഗ്രന്ഥ് സാഹിബ്. വലത്ത്: പട്യാലയിലെ പഞ്ചാബി സർവ്വകലാശാലയിൽ പ്രഭാഷണം നടത്തുന്ന കിർപാൽ സിംഗ് പന്നു

ഭാഷാപണ്ഡിതനും, ഫ്രഞ്ച് അദ്ധ്യാപകനുമായ 67 വയസ്സുള്ള ഡോ. ഭോജ് രാജിനും ഷഹ്മുഖി വായിക്കാനറിയാം. “1947-നുമുൻപ്, ഷഹ്മുഖിയും ഗുരുമുഖിയും രണ്ടും ഉപയോഗത്തിലുണ്ടായിരുന്നു. എന്നാൽ ഗുരുമുഖി മുഖ്യമായും ഗുരുദ്വാരകളിൽ (സിഖുകാരുടെ ആരാധനാലയങ്ങൾ) മാത്രംമായി പരിമിതപ്പെട്ടു”, അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുമുമ്പുള്ള വർഷങ്ങളിൽ, പഞ്ചാബി ഭാഷയിൽ പരീക്ഷയെഴുതിയിരുന്ന വിദ്യാർത്ഥികൾ ഷാഹ്മുഖി ലിപിയിലാണ് എഴുതേണ്ടിയിരുന്നത്.

“ഹിന്ദു മതഗ്രന്ഥങ്ങളായ രാമായണവും മഹാഭാരതവും‌പോലും പേർഷ്യൻ-അറബിക് ലിപിയിലായിരുന്നു എഴുതപ്പെട്ടിരുന്നത്”, രാജ് പറഞ്ഞു. പഞ്ചാബ് വിഭജിതമായതോടെ, ഭാഷയും രണ്ടായി. ഷഹ്മുഖി പഞ്ചാബിലേക്ക് കടന്ന് പാക്കിസ്ഥാനിയായി. ഇന്ത്യയിൽ ഗുരുമുഖി ഒറ്റയ്ക്ക് താമസവും തുടങ്ങി.

പഞ്ചാബി സംസ്കാരം, ഭാഷ, സാഹിത്യം, ചരിത്രം എന്നിവയുടെ മുഖ്യമായ ഒരു ഘടകം നഷ്ടമായതിനെക്കുറിച്ചുള്ള പതിറ്റാണ്ടുകൾ ദൈർഘ്യമുള്ള ആശങ്കയെ ദുരീകരിക്കാൻ പന്നുവിന്റെ പദ്ധതിക്ക് കഴിഞ്ഞു.

“തങ്ങളുടെ സൃഷ്ടികൾ പടിഞ്ഞാറൻ പഞ്ചാബിലെ (പാക്കിസ്ഥാനിലെ) ആളുകൾക്ക് വായിക്കാൻ കഴിയണമെന്ന് കിഴക്കൻ പഞ്ചാബിലെ (ഇന്ത്യയിലെ) എഴുത്തുകാരും കവികളും ആഗ്രഹിച്ചു. തിരിച്ചും”, പന്നു പറഞ്ഞു. കാനഡയിലെ ടൊറന്റൊവിൽ അദ്ദേഹം പങ്കെടുത്ത സാഹിത്യ സമ്മേളനങ്ങളിൽ‌വെച്ച്, പാക്കിസ്ഥാനിലെയും മറ്റ് രാജ്യങ്ങളിലെയും പഞ്ചാബികൾ ഈ നഷ്ടത്തെക്കുറിച്ച് ദു:ഖത്തോടെ ഓർമ്മിക്കാറുണ്ടായിരുന്നു.

അത്തരമൊരു സമ്മേളനത്തിനിടയ്ക്കാണ്, എഴുത്തുകാരും പണ്ഡിതന്മാരും ഇരുപുറത്തുമുള്ളവരുടെ സാഹിത്യം വായിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. “ഇരുഭാഗത്തുമുള്ളവർ ഇരു ലിപികളും പഠിച്ചാൽ മാത്രമേ അത് സാധ്യമാവുമായിരുന്നുള്ളു. പക്ഷേ, പറയുന്നത്ര എളുപ്പമായിരുന്നില്ല അത്”, പന്നു പറഞ്ഞു.

സുപ്രധാന സാഹിത്യകൃതികൾ, ഇന്ന് അവയ്ക്ക് ലഭ്യമല്ലാത്ത ലിപിയിലേക്ക് ലിപ്യന്തരണം ചെയ്തുകൊണ്ടുമാത്രമേ ഈ സാഹചര്യത്തെ മറികടക്കാനാവൂ. പന്നുവിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ആശയത്തിന്റെ നാന്ദിയായിരുന്നു അത്.

അങ്ങിനെ ഒടുവിൽ, പാക്കിസ്ഥാനിലെ ഒരു വായനക്കാരന് സിഖ് മതത്തിന്റെ പുണ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് ഷഹ്മുഖി ലിപിയിൽ വായിക്കാൻ പന്നുവിന്റെ കം‌പ്യൂട്ടർ പ്രോഗ്രാം സഹായകമായി.

Pages of the Shri Guru Granth Sahib in Shahmukhi and Gurmukhi
PHOTO • Courtesy: Kirpal Singh Pannu

ഷഹ്മുഖിയിലും ഗുരുമുഖിയിലുമുള്ള ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ അംഗങ്ങൾ (താളുകൾ)

*****

1988-ൽ റിട്ടയർ ചെയ്തശേഷം പന്നു കാനഡയിൽ പോവുകയും അവിടെവെച്ച് കം‌പ്യൂട്ടർ ഉപയോഗിക്കാൻ പഠിക്കുകയും കെയ്തു.

കാനഡയിലെ ഒരു വലിയ വിഭാഗമായ പഞ്ചാബി ജനത നാട്ടിൽനിന്നുള്ള വാർത്തകൾ വായിക്കാനായി കാത്തിരിക്കുകയായിരുന്നു. പഞ്ചാബി പത്രങ്ങളായ അജിത്ത്, പഞ്ചാബി ട്രിബ്യൂൺ എന്നിവ ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് വിമാനമാർഗ്ഗമായിരുന്നു അയച്ചിരുന്നത്.

ഇവയിൽനിന്നും മറ്റ് പത്രങ്ങളിൽനിന്നുമുള്ള വാർത്തകളെടുത്തായിരുന്നു ടൊറന്റോവിൽ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നതെന്ന് പന്നു പറഞ്ഞു. വിവിധ പ്രസിദ്ധീകരണങ്ങളിൽനിന്നുള്ള വാർത്തകൾ ഒട്ടിച്ചുചേർത്ത് ഉണ്ടാക്കിയ പത്രങ്ങളായിരുന്നതിനാൽ, വിവിധ വലിപ്പത്തിലുള്ള അക്ഷരങ്ങളായിരുന്നു (ഫോണ്ട്) അവയിലുണ്ടായിരുന്നത്.

അത്തരത്തിലുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു, പിന്നീട് പന്നു ജോലി ചെയ്ത ഹം‌ദർദ് വീക്ലി. 1993-ൽ ആ പത്രം ഒരൊറ്റ അക്ഷരരൂപത്തിൽ അച്ചടിക്കാൻ അതിന്റെ എഡിറ്റർമാർ തീരുമാനിച്ചു.

“അക്ഷരരൂപങ്ങൾ വരാൻ തുടങ്ങിയതോടെ കം‌പ്യൂട്ടർ ഉപയോഗിക്കൽ സാധ്യമായി. ഞാൻ ആദ്യമായി ചെയ്തത്, ഗുരുമുഖിയിലെ ഒരു ഫോണ്ട് മറ്റൊരു ഫോണ്ടാക്കി മാറ്റുകയായിരുന്നു”, പന്നു പറഞ്ഞു.

അനന്തപുർ ഫോണ്ടുപയോഗിച്ച് ആദ്യമായി ടൈപ്പ് ചെയ്ത ഹംദർദ് വീൿലിയുടെ കോപ്പി 90-കളുടെ ആദ്യത്തിലാണ് ടൊറന്റോവിലെ അദ്ദേഹത്തിന്റെ വീട്ടിൽ‌വെച്ച് പ്രകാശനം ചെയ്തത്. പിന്നീട്, ടൊറന്റോവിലെ പഞ്ചാബി എഴുത്തുകാരുടെ സംഘടനയായ പഞ്ചാബി കൽ‌മാൻ ദാ കാഫ്‌ലയുടെ (പഞ്ചാബി എഴുത്തുകാരുടെ സംഘടന) ഒരു യോഗത്തിൽ‌വെച്ച്, ഗുരുമുഖി-ഷഹ്മുഖി ലിപ്യന്തരണം വേണമെന്ന്, അംഗങ്ങൾ തീരുമാനിച്ചു. 1992-ൽ സ്ഥാപിതമായ സംഘടനയാണ് പഞ്ചാബി കൽ‌മാൻ ദാ കാഫ്‌ല.

Left: The Punjabi script as seen on a computer in January 2011.
PHOTO • Courtesy: Kirpal Singh Pannu
Kirpal Singh Pannu honoured by Punjabi Press Club of Canada for services to Punjabi press in creating Gurmukhi fonts. The font conversion programmes helped make way for a Punjabi Technical Dictionary on the computer
PHOTO • Courtesy: Kirpal Singh Pannu

ഇടത്ത്: 2011 ജനുവരിയിൽ ഒരു കം‌പ്യൂട്ടറിൽ കണ്ട പഞ്ചാബി ലിപി. വലത്ത്: ഗുരുമുഖി ഫോണ്ടുകൾ സൃഷ്ടിച്ച് പഞ്ചാബി പത്രങ്ങൾക്ക് സംഭാവന നൽകിയതിന് പഞ്ചാബി പ്രസ്സ് ക്ലബ്ബ് ഓഫ് കാനഡ കിർപാൽ സിംഗ് പന്നുവിനെ ആദരിക്കുന്നു. കം‌പ്യൂട്ടറിൽ ഒരു പഞ്ചാബി ടെക്നിക്കൽ ഡിക്ഷ്ണറിയുടെ വരവിനും ലിപ്യന്തരണ പ്രോഗ്രാമുകൾ സഹായകമായി

കം‌പ്യൂട്ടർ ഉപയോഗിക്കാനറിയുന്ന ചുരുക്കം ചിലരിലൊരാളായിരുന്നു പന്നു എന്നതിനാൽ ഈ ലക്ഷ്യം നിറവേറ്റാനുള്ള ചുമതല അദ്ദേഹത്തിൽ നിക്ഷിപ്തമായി. പഞ്ചാബി സാഹിത്യത്തിനായി പ്രതിജ്ഞാബദ്ധമായ അക്കാദമി ഓഫ് പഞ്ചാബ് ഇൻ നോർത്ത് അമേരിക്ക (അപ്നാ സൻസ്ഥ) എന്ന സംഘടന 1996-ൽ വിളിച്ചുചേർത്ത ഒരു സമ്മേളനത്തിൽ‌വെച്ച്, അറിയപ്പെടുന്ന പഞ്ചാബി കവിയായ നവ്‌തേജ് ഭാരതി ഇങ്ങനെ പ്രസ്താവിച്ചു: “ഇനി മുതൽ നിങ്ങൾക്ക് ഒരൊറ്റ ക്ലിക്കിൽ ഷഹ്മുഖിയിൽനിന്ന് ഗുരുമുഖിയിലേക്കും തിരിച്ചും പാഠങ്ങൾ ലിപ്യന്തരണം നടത്താൻ കഴിയും”.

ആദ്യമൊക്കെ ഇരുട്ടിൽ തപ്പുന്നതുപോലെയാണ് തോന്നിയതെങ്കിലും, തുടക്കത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ തരണം ചെയ്തപ്പോൾ ജോലിയിൽ പുരോഗമിക്കാൻ സാധിച്ചുവെന്ന് ആ സൈനികൻ പറഞ്ഞു.

“ഉറുദുവും ഷഹ്മുഖിയും അറിയാവുന്ന ജാവേദ് ബൂട്ട എന്ന സാഹിത്യകാരനെ ആവേശത്തോടെ ഞാൻ ഇത് കാണിച്ചുകൊടുത്തു”, പന്നു പറഞ്ഞു.

ഷഹ്മുഖിക്കായി പന്നു ഉപയോഗിച്ച ഫോണ്ട് മതിലിലെ കോൺക്രീറ്റ് കട്ടകൾപോലെ വിരസമാണെന്നായിരുന്നു ബൂട്ടയുടെ വിമർശനം. ഉറുദു വായനക്കാർ ഒരിക്കലും സ്വീകരിക്കാൻ ഇടയില്ലാത്ത കുഫി പോലുള്ള ഫോണ്ടാണതെന്നും (അറബി എഴുതാൻ ഉപയോഗിക്കുന്ന ഫോണ്ടാണ് കുഫി), ഉറുദുവിലും ഷഹ്മുഖിയിലും ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യം, ഉണങ്ങിയ മരത്തിലെ ഇലയില്ലാത്ത കമ്പിന്റെ രൂപംപോലെയുള്ള നസ്തലിഖ് ഫോണ്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിരാശയോടെ, പന്നു മടങ്ങി. പിന്നീട്, അദ്ദേഹത്തിന്റെ മകനും, മകന്റെ ചില കൂട്ടുകാരും അദ്ദേഹത്തെ സഹായിച്ചു. വിദഗ്ദ്ധരുമായി ചർച്ച നടത്തുകയും ലൈബ്രറികൾ സന്ദർശിക്കുകയും ചെയ്തു പന്നു. ബൂട്ടയും കുടുംബവും സഹായത്തിനുണ്ടായിരുന്നു. അങ്ങിനെ ഒടുവിൽ, നൂറി നസ്തലീഖ് എന്ന ഫോണ്ട് പന്നു കണ്ടുപിടിച്ചു.

Left: Pannu with his sons, roughly 20 years ago. The elder son (striped tie), Narwantpal Singh Pannu is an electrical engineer; Rajwantpal Singh Pannu (yellow tie), is the second son and a computer programmer; Harwantpal Singh Pannu, is the youngest and also a computer engineer.
PHOTO • Courtesy: Kirpal Singh Pannu
Right: At the presentation of a keyboard in 2005 to prominent Punjabi Sufi singer
PHOTO • Courtesy: Kirpal Singh Pannu

ഇടത്ത്: പന്നു അദ്ദേഹത്തിന്റെ ആണ്മക്കളോടൊപ്പം, 20 വർഷം മുമ്പ്. മൂത്ത മകൻ (വരയുള്ള ടൈ കെട്ടിയത്) നർവന്ത്‌പൽ സിംഗ് പന്നു ഇലക്ട്രിക്കൽ എൻ‌ജിനീയറാണ്; രണ്ടാമത്തെ മകൻ രജ്‌വന്ത്‌പൽ സിംഗ് പന്നു (മഞ്ഞ ടൈയിൽ) കം‌പ്യൂട്ടർ പ്രോഗ്രാമറും, ഏറ്റവും ഇളയ മകൻ ഹർവന്ത്‌പൽ സിംഗ് പന്നു കം‌പ്യൂട്ടർ എൻ‌ജിനീയറുമാണ്. വലത്ത്: പ്രമുഖ സൂഫി ഗായകന് 2005-ൽ കീബോർഡ് സമ്മാനിക്കുന്നു

അതിനകം, പന്നു ഫോണ്ടുകളെക്കുറിച്ച് ഗണ്യമായ അറിവ് സ്വായത്തമാക്കിയിരുന്നു. ആവശ്യങ്ങൾക്കനുസരിച്ച് നൂറി നസ്തലീഖ് പാകപ്പെടുത്താനും കഴിഞ്ഞിരുന്നു. “ഗുരുമുഖിക്ക് സമാന്തരമായാണ് ഞാൻ അത് തയ്യാറാക്കിയത്. അതുകൊണ്ട് മറ്റൊരു പ്രശ്നം ഉയർന്നുവന്നു. അതിനെ വലതുഭാഗത്തേക്ക് കൊണ്ടുവന്ന്, വലത്തുനിന്ന് ഇടത്തേക്ക് എഴുതാൻ കഴിവുള്ളതാക്കണം. കുറ്റിയിൽ കയറുകൊണ്ട് കെട്ടിയ മൃഗത്തെ വലിച്ചിഴയ്ക്കുന്നതുപോലെ ഞാൻ ഓരോരോ അക്ഷരങ്ങളേയും ഇടത്തുനിന്ന് വലത്തേക്ക് വലിക്കാൻ തുടങ്ങി”, പന്നു പറഞ്ഞു.

സ്രോതസ്സിലും, ഉദ്ദേശിക്കപ്പെട്ട ലിപിയിലും അനുയോജ്യമായ ഉച്ചാരണം‌കൂടി ലിപ്യന്തരണം എന്ന പ്രക്രിയ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ ഈ ഓരോ ലിപിക്കും ഓരോ ശബ്ദങ്ങളുണ്ടെങ്കിലും, അതിന് തത്തുല്യമായ അക്ഷരങ്ങൾ മറ്റ് ലിപികളിൽ കാണാറില്ല. ഉദാഹരണമായി നൂൺ ن  എന്ന ഷഹ്മുഖി അക്ഷരമെടുക്കാം. ഷഹ്മുഖിയിൽ അതിന് അനുനാസികാ ശബ്ദമാണുള്ളത്. എന്നാൽ ഗുരുമുഖിയിൽ ആ ശബ്ദമില്ല. അതിനാൽ, നിലവിലുള്ള അക്ഷരങ്ങളിൽ ചില ഘടകങ്ങൾ ചേർത്തുകൊണ്ട് അത്തരത്തിലുള്ള ഓരോ ശബ്ദത്തിനും, പന്നു ഓരോ പുതിയ അക്ഷരങ്ങൾ ഉണ്ടാക്കി.

പന്നുവിന് ഇപ്പോൾ 30-ലേറെ ഫോണ്ടുകളിൽ ഗുരുമുഖി ഉപയോഗിക്കാനാവും. ഷഹ്മുഖിയിൽ മൂന്നോ നാലോ ഫോണ്ടുകൾ അദ്ദേഹത്തിനുണ്ട്.

*****

കൃഷിക്കാരുടെ കുടുംബത്തിൽനിന്നാണ് പന്നു വരുന്നത്. കത്താരിയിൽ 10 ഏക്കർ ഭൂമിയുണ്ട് കുടുംബത്തിന്. അദ്ദേഹത്തിന്റെ മൂന്ന് ആണ്മക്കളും എൻ‌ജിനീയർമാരായി കാനഡയിൽ താമസിക്കുന്നു.

ഒരുകാലത്ത്, പ്രദേശത്തെ നാട്ടുരാജ്യങ്ങളുടെ കൂട്ടായ്മയായ പഴയ പട്യാലാ ആൻഡ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയന്റെ (പി.ഇ.പി.എസ്.യു) സായുധ പൊലീസിൽ 1958-ലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. പട്യാലയിലെ കില ബഹദൂർഗറിൽ സീനിയർ ഗ്രേഡ് കോൺസ്റ്റബിളായിട്ടായിരുന്നു തുടക്കം 1962-ലെ യുദ്ധത്തിൽ, ഗുരുദാസ്പുരിലെ ദേര ബാബ നാനാക്കിൽ ഹെഡ് കോൺസ്റ്റബിളായി നിയമിക്കപ്പെട്ടു. അന്ന്, പഞ്ചാബ് ആംഡ് പൊലീസായിരുന്നു (പി.എ.പി.) റാഡ്‌ക്ലിഫ് രേഖയ്ക്ക് കാവൽ നിന്നിരുന്നത്.

1965-ൽ പി.എ.പി., ബി.എസ്.എഫിൽ ലയിക്കുകയും അന്ന് പഞ്ചാബിന്റെ ഭാഗമായിരുന്ന ലഹൌൾ ആൻഡ് സ്പിതിയിൽ പന്നു നിയമിതനാവുകയും ചെയ്തു. പൊതുമരാമത്തുവകുപ്പുമായി ചേർന്നുള്ള ബി.എസ്.എഫിന്റെ പാലം നിർമ്മാണത്തിൽ ജോലി ചെയ്തു. പിന്നീട് സബ് ഇൻസ്പെക്ടറായും ഒടുവിൽ ബി.എസ്.എഫിൽ. അസിസ്റ്റന്റ് കമൻഡാന്റുമായി സ്ഥാനക്കയറ്റം കിട്ടുകയുമുണ്ടായി

Left: Pannu in uniform in picture taken at Kalyani in West Bengal, in 1984.
PHOTO • Courtesy: Kirpal Singh Pannu
He retired as Deputy Commandant in 1988 from Gurdaspur, Punjab, serving largely in the Border Security Force (BSF) in Jammu and Kashmir . With his wife, Patwant (right) in 2009
PHOTO • Courtesy: Kirpal Singh Pannu

ഇടത്ത്: 1984-ൽ പശ്ചിമ ബംഗാളിലെ കല്യാണിയിൽ‌വെച്ച് എടുത്ത ഫോട്ടോയിൽ യൂണിഫോമിൽ നിൽക്കുന്ന പന്നു. പഞ്ചാബിലെ ഗുരുദാസ്പുരിൽനിന്ന് ഡെപ്യൂട്ടി കമൻഡാന്റായാണ് 1988-ൽ അദ്ദേഹം വിരമിച്ചത്. ജമ്മു-കശ്മീരിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്സിലാണ് (ബി.എസ്.എഫ്) ദീർഘകാലം ചെലവഴിച്ചത്. ഭാര്യ പട്ട്‌വന്തിനോടൊപ്പം (വലത്ത്) 2009-ൽ

തന്റെ സ്വതന്ത്രചിന്തയിൽനിന്നും, വീട് കാണാനാകാതെ അതിർത്തികളിൽ കഴിച്ചുകൂട്ടിയ കാലത്തിൽനിന്നുമാണ് സാഹിത്യത്തിനോടും കവിതയോടുമുള്ള തന്റെ പ്രണയം ഉടലെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയ്ക്കുവേണ്ടി എഴുതിയ ചില വരികൾ അദ്ദേഹം ചൊല്ലിത്തരികയും ചെയ്തു.

നിന്നെ കാണാൻ കൊതിക്കാതെ
ഒരു നിമിഷം‌പോലും കടന്നുപോകുന്നില്ല
ആഗ്രഹിക്കുക എന്നത് എന്റെ
വിധിയായി മാറിയിരിക്കുന്നു,
ചിരന്തനമായ വിധി, അള്ളാഹു!

ബി.എസ്.എഫിന്റെ കമ്പനി കമൻഡാന്റായി ഖേം കരണിൽ നിയമിതനായപ്പോൾ, അദ്ദേഹവും, പാക്കിസ്ഥാന്റെ അതേ പദവിയിലുള്ള ഇഖ്ബാൽ ഖാനും ഒരു ആചാരം തുടങ്ങിവെക്. “അക്കാലത്ത്, അതിർത്തിയുടെ ഇരുഭാഗത്തുനിന്നുമുള്ളവർ അതിർത്തി സന്ദർശിക്കാൻ വരാറുണ്ടായിരുന്നു. പാക്കിസ്ഥാനി സന്ദർശകർ വരുമ്പോൾ അവർക്ക് ചായ സൽക്കരിക്കുക എന്നത് എന്റെ ചുമതലയായി ഏറ്റെടുത്തു. ഇന്ത്യക്കാർ വരുമ്പോൾ അവർ ചായ കുടിച്ചല്ലാതെ മടങ്ങില്ലെന്ന് ഇഖ്ബാലും ഉറപ്പുവരുത്തി. ഏതാനും കപ്പ് ചായയ്ക്ക് നാവിനെയും ഹൃദയത്തെയും മധുരിപ്പിക്കാൻ കഴിയും”, അദ്ദേഹം പറഞ്ഞു.

തന്റെ ഗുരുമുഖി-ഷഹ്മുഖി ലിപ്യന്തരണം പന്നു ഡോ. കുൽ‌ബീർ സിംഗ് തിണ്ടിനെ കാണിച്ചു. നാഡീരോഗവിദഗ്ദ്ധനും, പഞ്ചാബി സാഹിത്യത്തിനായി ജീവിതം സമർപ്പിച്ച ആളുമായിരുന്നു ഡോ. കുൽബീർ. പന്നുവിന്റെ ലിപ്യന്തരണം , ഡോ. കുൽബീർ തന്റെ ശ്രീ ഗ്രന്ഥ് ഡോട്ട് ഓർഗ് എന്ന വെബ്സൈറ്റിൽ ചേർത്തു. “കുറേ വർഷങ്ങൾ അതവിടെ ഉണ്ടായിരുന്നു”, പന്നു പറഞ്ഞു.

2000-ൽ മറ്റൊരു സാഹിത്യപ്രതിഭയായ ഡോ. ഗുർബചൻ സിംഗ്, ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ അറബി വ്യാഖ്യാനത്തിൽ പേർഷ്യൻ അക്ഷരങ്ങൾ ഉപയോഗിക്കുകയുണ്ടായി. അത് ചെയ്യുന്നതിനായി അദ്ദേഹം ഉപയോഗിച്ചത്, പന്നു രൂപകല്പന ചെയ്ത പ്രോഗ്രാമായിരുന്നു.

Left: The cover page of Computran Da Dhanantar (Expert on Computers) by Kirpal Singh Pannu, edited by Sarvan Singh.
PHOTO • Courtesy: Kirpal Singh Pannu
Right: More pages of the Shri Guru Granth Sahib in both scripts
PHOTO • Courtesy: Kirpal Singh Pannu

ഇടത്ത്: കിർപാൽ സിംഗ് പന്നുവിന്റെ കം‌പ്യൂട്രൻ ദാ ധനന്തർ (കം‌പ്യൂട്ടർ വിദഗ്ദ്ധൻ), എഡിറ്റ് ചെയ്തത് സർവൻ സിംഗ്. വലത്ത്: ഇരു ലിപികളിലുമുള്ള ശ്രീ ഗുരു ഗ്രന്ഥ് സാഹിബിന്റെ കൂടുതൽ അംഗങ്ങൾ (താളുകൾ)

അടുത്തതായി പന്നു ഏർപ്പെട്ടത്, ഗുരുമുഖിയിൽ എഴുതപ്പെട്ടതും ഭായി കാഹ്ൻ സിംഗ് നഭ സമാഹരിച്ചതുമായ, പഞ്ചാബിലെ ഏറ്റവും ആദരണീയമായ നിഘണ്ടുവായ മഹാൻ കോശ് ലിപ്യന്തരണം ചെയ്യുന്നതിലായിരുന്നു.

ഗുരുമുഖിയിലെഴുതപ്പെട്ട, 1,000-ത്തോളം പേജുകളുള്ള ഹീർ വാരിസ് കേ ഷെറോൺ കാ ഹവാല എന്ന കാവ്യവും അദ്ദേഹം ലിപ്യന്തരണം നടത്തി.

1947-ന് മുമ്പ്, ഇന്ത്യയിലെ ഗുരുദാസ്പുർ ജില്ലയുടെ ഭാഗമായിരുന്ന, ഇപ്പോൾ പാക്കിസ്ഥാനിലെ ഷക്കർഗർഹ് തെഹ്സിലിൽനിന്നുള്ള 27 വയസ്സുള്ള സബ ചൌധുരി എന്ന റിപ്പോർട്ടർ പറയുന്നത്, പ്രദേശത്തെ പുതിയ തലമുറയ്ക്ക് പഞ്ചാബി അധികം അറിയില്ലെന്നാണ്. കാരണം, ഉറുദുവിൽ സംസാരിക്കാനാണ് പാക്കിസ്ഥാൻ ഉപദേശിക്കുന്നത്. “സ്കൂൾ കോഴ്സുകളിൽ പഞ്ചാബി പഠിപ്പിക്കുന്നില്ല. ഇവിടെയുള്ള ആളുകൾക്ക് ഗുരുമുഖി അറിയില്ല. എനിക്കും അതറിയില്ല. ഞങ്ങളുടെ മുമ്പത്തെ തലമുറയ്ക്ക് മാത്രമാണ് അത് അറിയാവുന്നത്”.

ഈ യാത്ര എല്ലായ്പ്പോഴും അത്ര സുഖകരവുമായിരുന്നില്ല. ലിപ്യന്തരണം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് 2013-ൽ ഒരു കം‌പ്യൂട്ടർ സയൻസ് പ്രൊഫസർ മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ വാദത്തെ ഖണ്ഡിക്കാൻ പന്നു ഒരു പുസ്തകമെഴുതി. ഒരു മാനനഷ്ടക്കേസും അദ്ദേഹം നേരിടേണ്ടിവന്നു. കീഴ്ക്കോടതി പന്നുവിന് അനുകൂലമായി വിധി പറഞ്ഞുവെങ്കിലും, അപ്പീൽ കോർട്ടിൽ ഇപ്പോഴും കേസ് തീരുമാനമാകാതെ കിടക്കുന്നു.

വിഭജനത്തിന്റെ ഏറ്റവും നിർദ്ദയമായ പ്രഹരങ്ങളിലൊന്നിനെ അല്പമെങ്കിലും മയപ്പെടുത്താൻ വർഷങ്ങൾ നീണ്ട തന്റെ പരിശ്രമംകൊണ്ട് കഴിഞ്ഞുവെന്നതിൽ പന്നുവിന് ആശ്വാസമുണ്ട്. പഞ്ചാബി സാഹിത്യത്തിന്റെ സൂര്യചന്ദ്രന്മാരായ ഇരു ലിപികളും ഇപ്പോഴും അതിർത്തിയിലെ ആകാശത്തിനുമേൽ പ്രഭ ചൊരിഞ്ഞ് നിൽക്കുന്നു. പ്രണയത്തിന്റെയും കാത്തിരിപ്പിന്റേയും പൊതുവായ ഭാഷയുടെ വീരനായകനാണ് പന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Amir Malik

அமிர் மாலிக் ஒரு சுயாதின பத்திரிகையாளர். 2022ம் ஆண்டில் பாரியின் மானியப்பணியில் இணைந்தார்.

Other stories by Amir Malik
Editor : Kavitha Iyer

கவிதா ஐயர் 20 ஆண்டுகளாக பத்திரிகையாளராக இருந்து வருகிறார். ‘லேண்ட்ஸ்கேப்ஸ் ஆஃப் லாஸ்: தி ஸ்டோரி ஆஃப் ஆன் இந்திய வறட்சி’ (ஹார்பர்காலின்ஸ், 2021) என்ற புத்தகத்தை எழுதியவர்.

Other stories by Kavitha Iyer
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat