“എനിക്ക് ഏതാണ്ട് 450 പക്ഷികളുടെ ശബ്ദം മനസ്സിലാവും.”
മിക്ക റായിയുടെ സവിശേഷമായ കഴിവാണത്. ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ, അപൂർവ്വങ്ങളായ പക്ഷികളേയും മൃഗങ്ങളേയും ഫോട്ടോയിൽ പകർത്താൻ ക്ഷമയോടെ കാത്തിരിക്കുക മാത്രമല്ല വേണ്ടത്. ശബ്ദങ്ങൾ തിരിച്ചറിയുന്നതും പ്രധാനമാണ്.
പറക്കുന്ന ജീവികൾമുതൽ പൂടയുള്ള സസ്തനജീവികൾവരെ, ഏകദേശം 300-ഓളം വ്യത്യസ്ത ഇനം ജീവജാലങ്ങളെ മിക്ക കഴിഞ്ഞ കാലത്തിനുള്ളിൽ ക്യാമറയിലാക്കിയിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ടിയത്, അപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ബ്ലിത്തിന്റെ ട്രാഗോപാൻ ( ട്രാഗോപാൻ ബ്ലിത്തി ) എന്ന പക്ഷിയെ ഫോട്ടോ എടുക്കാനായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു.
2020 ഒക്ടോബർ മാസമായിരുന്നു. മിക്ക ഒരു പുതിയ സിഗ്മ 150 എം.എം.-600 എം.എം. ടെലിഫോട്ടോ സൂം ലെൻസ് സ്വന്തമാക്കിയിട്ടുണ്ടായിരുന്നു. ശക്തിയുള്ള ആ ലെൻസുപയോഗിച്ച് ട്രാഗോപാനെ ഫോട്ടോ എടുക്കാൻ അദ്ദേഹം തീരുമാനിച്ചുറച്ചു. ഒട്ടും മടുക്കാതെ, ആ പക്ഷിയുടെ ശബ്ദം തേടി അയാൾ അലയാൻ തുടങ്ങി. “ദിവസങ്ങളോളം അതിന്റെ ശബ്ദം കേട്ടിരുന്നു,” അയാൾ പറഞ്ഞു. എന്നിട്ടും ഫോട്ടോകളൊന്നും കിട്ടിയില്ല.
ഒടുവിൽ 2021 മേയ് മാസം, അതിന്റെ ശബ്ദം പിന്തുടർന്ന്, അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റ് വന്യജീവി സങ്കേതത്തിലെ കൊടുംകാട്ടിലൂടെ നടക്കുകയായിരുന്നു അയാൾ. അപ്പോഴാണ് ആ പക്ഷി കണ്ണിൽപ്പെട്ടത്. നിക്കോൺ D7200 ക്യാമറയിൽ ഘടിപ്പിച്ച ശക്തിയേറിയ സിഗ്മ 150 എം.എം-600 എം.എം.ലെൻസുമായി അയാൾ സ്ഥാനം പിടീച്ചു. എന്നാൽ പരിഭ്രാന്തിമൂലം വിജയിച്ചില്ല. “ഒട്ടും വ്യക്തമല്ലാത്ത ഒരു ചിത്രമാണ് കിട്ടിയത്. ഒരു പ്രയോജനവുമില്ലാത്ത ഒന്ന്,” അയാൾ ഓർത്തെടുത്തു.
രണ്ടുവർഷത്തിനുശേഷം, വെസ്റ്റ് കാമെംഗിലെ ബോംപൂ ക്യാമ്പിൽവെച്ച്, വീണ്ടും ആ പിടികിട്ടാ പക്ഷി – തിളങ്ങുന്ന തവിട്ടുനിറവും പിറകിൽ വെളുത്ത പുള്ളികളുമുള്ള പക്ഷി - കണ്ണിൽപ്പെട്ടു. ഇലകളുടെയകത്ത് മറഞ്ഞിരിക്കുന്ന നിലയിൽ. ഇത്തവണ മിക്ക അവസരം പാഴാക്കിയില്ല. 30-40 ചിത്രങ്ങൾ തുരുതുരാ എടുത്തപ്പോൾ 1-2 നല്ല ചിത്രങ്ങൾ കിട്ടി. ആദ്യമായി അത് പ്രസിദ്ധീകരിച്ചത് പാരിയിലായിരുന്നു, അരുണാചലിലെ പക്ഷികൾ: കൽക്കരിഖനിയിലെ മൈനകൾ എന്ന കഥയിൽ.
അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെംഗ് ജില്ലയിലെ കിഴക്കൻ ഹിമാലയങ്ങളിലുള്ള പക്ഷികളെ കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത് എങ്ങിനെയെന്ന് പഠിക്കാൻ വന്ന ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ശാസ്ത്രജ്ഞരെ സഹായിക്കുന്ന പ്രദേശവാസികളുടെ സംഘത്തിലെ ഒരംഗമാണ് മിക്ക.
“ഈഗിൾനെസ്റ്റിൽ ഞങ്ങൾ ചെയ്യുന്ന ജോലിയുടെ നട്ടെല്ലാണ് മിക്കയെപ്പോലുള്ള ആളുകൾ. (അവരില്ലായിരുന്നുവെങ്കിൽ) ഫീൽഡിൽ ജോലി ചെയ്യാനും, ആവശ്യമായ ഡേറ്റ ശേഖരിക്കാനും ഞങ്ങൾക്ക് സാധിക്കില്ലായിരുന്നു,” പക്ഷിശാസ്ത്രജ്ഞനായ ഡോ. ഉമേഷ് ശ്രീനിവാസൻ പറയുന്നു.
പക്ഷികളിലുള്ള മിക്കയുടെ താത്പര്യത്തിന് പിന്നിലുള്ളത് ശാസ്ത്രത്തിനോടുള്ള കേവലമായ താത്പര്യം മാത്രമല്ല. ഒരു അനുഗ്രഹപ്പക്ഷിയെകുറിച്ചുള്ള (ബ്ലെസ്സിംഗ് ബേഡ്) നേപ്പാളി കഥ അയാൾ പറഞ്ഞുതന്നു. “രണ്ടാനമ്മയുടെ ക്രൂരത സഹിക്കാനാവാതെ, ഒരാൾ പണ്ട് കാട്ടിൽ അഭയം പ്രാപിക്കുകയും കാട്ടുപഴങ്ങളും മറ്റും തിന്ന് സ്വയം ഒരു പക്ഷിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തുവത്രെ. നേപ്പാളി പാരമ്പര്യമനുസരിച്ച്, മനുഷ്യരും പ്രകൃതിയുമായി നിലനിൽക്കുന്ന നിഗൂഢമായ ബന്ധത്തിന്റെ പ്രതീകമാണ് ഈ രാത്രിഞ്ചര പക്ഷി”. പിടികിട്ടാപ്പക്ഷിയായ മൌണ്ടൻ സ്കോപ്സ് മൂങ്ങയാണ് ബ്ലസ്സിംഗ് ബേഡ് എന്ന ഈ പക്ഷിയെന്ന് പലരും വിശ്വസിക്കുന്നതായി മിക്ക പറഞ്ഞു. ഈ പക്ഷിയുടെ അപൂർവ്വതയാണ് കഥയുടെ സത്ത.
കാട്ടിൽ പക്ഷികളെ അന്വേഷിക്കുമ്പോൾ, മിക്കയ്ക്കും മറ്റുള്ളവർക്കും മറ്റൊരു നാൽക്കാലിയിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടേണ്ടിവന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതും, ഉയരവും ഘനവുമുള്ള പശുവർഗ്ഗത്തിലെ കാട്ടുപോത്തിൽനിന്ന് ( ബൊസ് ഗൌരു ). ഇന്ത്യൻ ബൈസൺ എന്നും ഇവ അറിയപ്പെടുന്നു.
ഒരു രാത്രിയിലെ മഴയ്ക്ക് ശേഷം റോഡിൽ വീണ തടസ്സങ്ങൾ മാറ്റാൻ വന്നതായിരുന്നു മിക്കയും രണ്ട് സുഹൃത്തുക്കളും. അപ്പോഴാണ് 20 മീറ്റർ ദൂരത്തിൽ ഒരു കാട്ടുപോത്തിനെ അവർ കണ്ടത്. “ഞാൻ നിലവിളിച്ചു. അപ്പോൾ അത് ഞങ്ങൾക്കുനേരെ സർവ്വശക്തിയുമെടുത്ത് പാഞ്ഞുവന്നു.” കൂടെയുള്ള സുഹൃത്ത് ഓടി മരത്തിൽ കയറി രക്ഷപ്പെട്ടത് ഓർമ്മിച്ച് മിക്ക ചിരിച്ചു. അയാളും മറ്റൊരു കൂട്ടുകാരനും ഓടി രക്ഷപ്പെടുകയായിരുന്നു.
ഈഗിൾനെസ്റ്റ് കാട്ടിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട മൃഗം, ഇടത്തരം വലിപ്പമുള്ള ഏഷ്യൻ ഗോൾഡൻ ക്യാറ്റ് ( കാറ്റോപുമാറ്റേമിൻകിൽ ) എന്ന കാട്ടുപൂച്ചയാണെന്ന് അയാൾ പറഞ്ഞു. ബോംപു ക്യാമ്പിലേക്ക് രാത്രി മടങ്ങുമ്പോഴാണ് നിലാവെളിച്ചത്തിൽ മിക്ക അതിനെ കണ്ടത്. ഞാൻ ക്യാമറയെടുത്ത് അതിനെ പകർത്തി,” സന്തോഷത്തോടെ അയാൾ പറഞ്ഞു. “പിന്നീടൊരിക്കലും ഞാനതിനെ കണ്ടിട്ടില്ല.”
*****
വെസ്റ്റ് കാമെംഗിലെ ദിരാംഗിലാണ് മിക്ക ജനിച്ചത്. പിന്നീട്, കുടുംബത്തോടൊപ്പം അതേ ജില്ലയിലെ രാമലിംഗം ഗ്രാമത്തിലേക്ക് മാറി. “എല്ലാവരും എന്നെ മിക്ക റായ് എന്ന് വിളിക്കുന്നു. മിക്ക റായ് എന്നത് എന്റെ ഇൻസ്റ്റാഗ്രാമിലേയും ഫേസ്ബുക്കിലേയും പേരാണ്. രേഖകളിൽ ‘ശംബു റായ്’ എന്നാണ് പേരെന്ന് 29 വയസ്സുള്ള അയാൾ പറഞ്ഞു. “സാമ്പത്തികകാരണങ്ങളാലും, ഇളയ സഹോദരങ്ങൾക്ക് പഠിക്കേണ്ടതിനാലും,” 5-ആം ക്ലാസ്സിൽവെച്ച് സ്കൂൾ ഉപേക്ഷിക്കേണ്ടിവന്നുവെന്ന് അയാൾ സൂചിപ്പിച്ചു.
അടുത്ത ഏതാനും വർഷങ്ങൾ കഠിനാദ്ധ്വാനത്തിന്റേതായിരുന്നു. ദിരാംഗിൽ റോഡുപണിയും, ഈഗിൾനെസ്റ്റ് സങ്കേതത്തിലെ ബോംപു ക്യാമ്പിലും, സിംഗ്ചുംഗ് ബുഗുൻ വില്ലേജ് കമ്മ്യൂണിറ്റി റിസർവ്വിലെ (എസ്.ബി.വി.സി.ആർ) ലാമാ ക്യാമ്പിലും അടുക്കളയിലും ജോലി ചെയ്തു.
കൌമാരത്തിന്റെ പകുതിയിൽ, മിക്കയുടെ കുടുംബം രാമലിംഗത്തേക്ക് മടങ്ങി. “അച്ഛനമ്മമാരോടൊപ്പം, പാടത്ത് അവരെ സഹായിച്ച് വീട്ടിലായിരുന്നു ഞാൻ.” അയാളുടെ കുടുംബം നേപ്പാളിൽനിന്നുള്ളവരാണ്. ബുഗുൻ സമുദായത്തിൽനിന്ന് 4-5 ബിഗ സ്ഥലം പാട്ടമെടുത്ത് അതിൽ ക്യാബേജും ഉരുളക്കിഴങ്ങും കൃഷി ചെയ്യുകയാണ് അവർ. വിളവെടുത്താൽ, നാലുമണിക്കൂർ റോഡുവഴി യാത്ര ചെയ്ത്, അസമിലെ തേജ്പുരിൽ കൊണ്ടുപോയി വിൽക്കും.
കാലാവസ്ഥാ വ്യതിയാനം പക്ഷികളിലുണ്ടാക്കുന്ന മാറ്റങ്ങളെ പഠിക്കാൻ, പക്ഷിശാസ്ത്രജ്ഞനും, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസിലെ സെന്റർ ഫോർ ഇക്കോളജിക്കൽ സയൻസസിലെ ഇക്കോളജി പ്രൊഫസറുമായ ഡോ. ഉമേഷ് ശ്രീനിവാസൻ രാമലിംഗത്തേക്ക് വന്നപ്പോൾ, ഫീൽഡ് സ്റ്റാഫായി ജോലി ചെയ്യാൻ 2-3 ചെറുപ്പക്കാരായ ആൺകുട്ടികളെ അന്വേഷിച്ചു. സ്ഥിരമായ ഒരു വരുമാനം കിട്ടാനിടയുള്ള അവസരമെന്ന് കണ്ടപ്പോൾ മിക്ക ചാടിവീണു. 2011 ജനുവരിയിൽ, 16 വയസ്സുള്ള മിക്ക ശ്രീനിവാസന്റെ സംഘത്തോടൊപ്പം ഫീൽഡ് സ്റ്റാഫായി ചേരുകയും ചെയ്തു.
അരുണാചൽ പ്രദേശിലെ കാടുകളിലാണ് തന്റെ വിദ്യാഭ്യാസം ആരംഭിച്ചതെന്ന് അയാൾ സന്തോഷത്തോടെ സമ്മതിക്കുന്നു. “വെസ്റ്റ് കാമെംഗ് ജില്ലയിലെ പക്ഷികളുടെ ശബ്ദമാണ് കൂടുതലും എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നത്,” അയാൾ പറഞ്ഞു. തന്റെ ഏറ്റവും പ്രിയപ്പെട്ട പക്ഷി ‘സിക്കിം വെഡ്ജ്-ബിൽഡ് ബാബ്ലർ’ആണെന്ന് മിക്ക പറഞ്ഞു. “കാഴ്ചയിൽ അത്ര ഭംഗിയൊന്നുമില്ലെങ്കിലും എനിക്കതിന്റെ സ്റ്റൈൽ ഇഷ്ടമാണ്” എന്നും മിക്ക കൂട്ടിച്ചേർത്തു. ആ പക്ഷിയുടെ പ്രത്യേകതയുള്ള കൊക്കും, വെളുത്ത നിറത്തിലുള്ള കണ്ണുമാണ് അയാളെ കൂടുതലും ആകർഷിക്കുന്നതത്രെ. അപൂർവ്വമായ ഈ പക്ഷിയെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ കാണാനാകൂ – ഇവിടെ അരുണാചൽ പ്രദേശിലും, നേപ്പാളിന്റെ വിദൂര കിഴക്കൻ പ്രദേശത്തും, സിക്കിമിലും, കിഴക്കൻ ഭൂട്ടാനിലും.
“2000 മീറ്റർ ഉയരമുള്ള സ്ഥലത്തുവെച്ച് ഈയിടെ ഞാൻ വെളുത്ത നിതംബമുള്ള ഒരു ഷാമയെ ( കോപ്സികസ് മലബാറിക്കസ് ) ഫോട്ടോയിൽ പകർത്തി. ഇത് അസാധാരണമാണ്. കാരണം, 900 അടിയിലോ അതിന് താഴെയോ ആണ് സാധാരണയായി ഇതിന്റെ വാസസ്ഥലം. ചൂട് കാരണം, ആ പക്ഷി അതിന്റെ സ്ഥാനം മാറ്റിയിരിക്കുന്നു,” മിക്ക പറഞ്ഞു.
“ഭൂമിയിൽ ഏറ്റവും ജൈവവൈവിധ്യമുള്ള സ്ഥലം കിഴക്കൻ ഹിമാലയമാണ്. അവിടെ കാണുന്ന മിക്ക ജീവിവർഗ്ഗങ്ങളും താപനിലയോട് വളരെയധികം സംവേദനക്ഷമതയുള്ളവയുമാണ്. അതിനാൽ, ഇവിടത്തെ കാലാവസ്ഥാ വ്യതിയാനം മൂലം, ഭൂമിയിലെ വലിയൊരു വിഭാഗം ജീവിവർഗ്ഗങ്ങളുടേയും നിലനിൽപ്പ് ഭീഷണിയിലാവാനുള്ള ഇടയുണ്ട്” എന്ന് ശ്രീനിവാസൻ പറഞ്ഞു. ഒരു പ്രത്യേക ഉയരത്തിൽ താമസിച്ചുവന്നിരുന്ന പ്രദേശത്തെ പക്ഷികൾ ഇപ്പോൾ കൂടുതൽ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുന്നതായി, തങ്ങളുടെ പഠനത്തിൽനിന്ന് മനസ്സിലാവുന്നതായി അദ്ദേഹം സൂചിപ്പിച്ചു. വായിക്കാം: അരുണാചലിലെ പക്ഷികൾ: കൽക്കരിഖനിയിലെ മൈനകൾ .
കാലാവസ്ഥാ വ്യതിയാനത്തിൽ താത്പര്യമുള്ള ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഞാൻ മിക്കയുടെ ചിത്രങ്ങൾ നോക്കുകയായിരുന്നു. കഴിഞ്ഞ ചില വർഷങ്ങളായി താനെടുത്ത ചിത്രങ്ങൾ മൊബൈലിൽ അയാൾ കാണിച്ചുതന്നു. വളരെ സാധാരണമായി എടുത്ത ചിത്രങ്ങൾ എന്ന മട്ടിലാണ് അയാൾ അവ കാണിച്ചുതന്നതെങ്കിലും, അത്തരം ദൃശ്യങ്ങൾ കിട്ടുന്നതിന്റെ പിന്നിലെ കഠിനാദ്ധ്വാനവും, പ്രതിബദ്ധതയും അനന്തമായ ക്ഷമയും, എന്റെ സ്വന്തം അനുഭവത്തിൽനിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
*****
ബോംപു ക്യാമ്പിനകത്തെ സംഘത്തിന്റെ സൈറ്റ്, ഈഗിൾനെസ്റ്റ് സങ്കേതത്തിന്റെയകത്തായിരുന്നു. ലോകത്താകമാനമുള്ള പക്ഷിപ്രേമികളുടെ ഇഷ്ടസങ്കേതമാണ് അത്. ഒരു കോൺക്രീറ്റ് നിർമ്മിതിക്ക് ചുറ്റും മരത്തിന്റെയും ടർപ്പോളിന്റേയും വലകൊണ്ട് വലിച്ചുകെട്ടിയ താത്ക്കാലിക ഭവനമായിരുന്നു അത്. ശാസ്ത്രജ്ഞരും, ഒരു പരിശീലകനും, വെസ്റ്റ് കാമെംഗ് ജില്ലയിലെ ഫീൽഡ് സ്റ്റാഫുമൊക്കെ ഉൾപ്പെടുന്ന ഒരു ഗവേഷകസംഘമായിരുന്നു അത്. ഡോ. ഉമേഷ് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പ്രധാനപ്പെട്ട അംഗമായിരുന്നു മിക്ക.
ഗവേഷണ കുടിലിന്റെ പുറത്ത് മിക്കയും ഞാനും നിൽക്കുമ്പോൾ ചുറ്റും കാറ്റ് വീശുന്നുണ്ടായിരുന്നു. ചാരനിറമുള്ള മേഘമാലകൾക്കിടയിൽനിന്ന് ചുറ്റുമുള്ള കൊടുമുടികളുടെ തലപ്പുകൾ എത്തിനോക്കുന്നുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അയാളുടെ അനുഭവങ്ങൾ അറിയാൻ എനിക്ക് കൌതുകം തോന്നി.
“താഴ്ന്ന പ്രദേശങ്ങളിൽ ചൂട് ധാരാളമാകുമ്പോൾ, മലമ്പ്രദേശങ്ങളിൽ അത് പെട്ടെന്നുയരുന്നു. ഇവിടെ മലമ്പ്രദേശങ്ങളിൽ ചൂട് വർദ്ധിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം, കാലവർഷം കീഴ്മേൽ മറിഞ്ഞു എന്ന് ഞങ്ങൾക്ക് മനസ്സിലായി,” മിക്ക ഞങ്ങളോട് പറഞ്ഞു. “മുമ്പൊക്കെ ആളുകൾക്ക് കാലാവസ്ഥയുടെ രീതി അറിയാമായിരുന്നു. ഫെബ്രുവരി മാസം തണുപ്പായിരിക്കുമെന്നും മേഘാവൃതമായിരിക്കുമെന്നൊക്കെ പ്രായമായവർക്ക് അറിയാമായിരുന്നു.” എന്നാലിപ്പോൾ ഫെബ്രുവരിയിൽ, അസമയത്തുള്ള മഴ കൃഷിക്കാർക്കും വിളകൾക്കും വലിയ ദുരിതമാണുണ്ടാക്കുന്നത്.
കൂറ്റൻ മേപ്പിൾ, ഓക്ക്, ആൾഡർ മരങ്ങൾക്കകത്ത്, പക്ഷികളുടെ ശബ്ദത്താൽ പ്രകമ്പനം കൊള്ളുന്ന പച്ചപിടിച്ച ഈഗിൾനെസ്റ്റ് സങ്കേതത്തിന്റെയകത്തിന്റെയകത്തിരുന്ന്, കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന ഗുരുതരമായ മാറ്റങ്ങളെക്കുറിച്ച് നമുക്ക് ഭാവന ചെയ്യാനാവില്ല. ഇന്ത്യയുടെ കിഴക്കേയറ്റത്ത് സൂര്യൻ അതിരാവിലെ ഉണരുകയും, കടുംനീല ആകാശത്തിൻ കീഴിൽ അതിരാവിലെ 3.30 മുതൽ ജീവനക്കാർ ജോലിയിലേർപ്പെടുകയും ചെയ്യുന്നു. വെളുത്ത മേഘങ്ങളുടെ പഞ്ഞിക്കെട്ടുകൾ സാവധാനത്തിൽ നീങ്ങുന്നുണ്ടാവും.
ശ്രീനിവാസന്റെ കീഴിൽ, മിക്ക ‘മിസ്റ്റ് നെറ്റിംഗ്’ എന്ന വിദ്യ പഠിച്ചിട്ടുണ്ട്. നൈലോണോ പോളിയസ്റ്ററോകൊണ്ട് ഉണ്ടാക്കിയ നേർമ്മയുള്ള ഒരു വല, രണ്ട് മുളങ്കമ്പുകളുപയോഗിച്ച് മണ്ണിൽ, പക്ഷികൾക്ക് കാണാൻ പറ്റാത്ത വിധത്തിൽ വലിച്ചുവെക്കുന്ന പരിപാടിയാണിത്. അങ്ങിനെ പിടിക്കുന്ന പക്ഷികളെ ഒരു പച്ച കവറിലിടുന്നു. എന്നിട്ട്, അതിൽനിന്ന് പക്ഷിയെ വേദനിപ്പിക്കാതെ എടുത്ത് ശ്രീനിവാസനെ ഏൽപ്പിക്കുന്നു.
പക്ഷിയുടെ ഭാരം, ചിറകിന്റെ വലിപ്പം, കാലുകളുടെ നീളം എന്നിവയൊക്കെ അളക്കാൻ ഒരു മിനിറ്റിന് താഴെ സമയം മതി. എന്നിട്ട് അവയുടെ കാലിൽ, തിരിച്ചറിയാനുള്ള ഒരു വളയമിട്ട് അതിനെ തുറന്നുവിടും. മിസ്റ്റ് നെറ്റിംഗുപയോഗിച്ച് പക്ഷിയെ പിടിക്കുക, പരിശോധിക്കാനുള്ള മേശപുറത്ത് കൊണ്ടുവരിക, അളവുകളെടുക്കുക എന്നിവയ്ക്കെല്ലാംകൂടി 15-20 മിനിറ്റിലധികം സമയം വേണ്ട. ഓരോ 20 മിനിറ്റിലും സംഘം ഈ പ്രക്രിയകൾ ആവർത്തിക്കും, ദിവസവും എട്ടുമണിക്കൂറോളം. കാലാവസ്ഥയെ ആശ്രയിച്ചിരിക്കും ജോലി. കഴിഞ്ഞ 13 വർഷമായി മിക്ക ഇത് ചെയ്തുവരുന്നു.
“ആദ്യമായി പക്ഷിയെ പിടിച്ചപ്പോൾ, അതിന്റെ പേരുകൾ ഉച്ചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. വൈറ്റ് സ്പെക്ടക്കിൾഡ് വാർബ്‌ലർ ( സൈസെർകസാഫിനിസ് ) തുടങ്ങിയ പേരുകൾ. ഇംഗ്ലീഷ് സംസാരിച്ച് വശമില്ലാത്തതിനാൽ ഞങ്ങൾക്കത് ബുദ്ധിമുട്ടായിരുന്നു. അതിനുമുമ്പ് ഈ വാക്കുകളൊന്നും കേട്ടിരുന്നില്ല,” മിക്ക പറഞ്ഞു.
പക്ഷിപിടുത്തത്തിലുള്ള വൈദഗ്ദ്ധ്യംമൂലം, അടുത്തുള്ള മേഘാലയയിലൊക്കെ പോകാനുള്ള അവസരം മിക്കയ്ക്ക് ലഭിച്ചു. അപ്പോഴാണ് കാടുകളുടെ വലിയൊരു ഭാഗത്തെ മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റിയത് അയാൾ കണ്ടത്. “ഞങ്ങൾ ചിറാപുഞ്ചിയിൽ (2012-ൽ) 10 ദിവസത്തോളം ചുറ്റിക്കറങ്ങി. 20 ഇനം പക്ഷികളെപ്പോലും തികച്ച് കാണാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഈഗിൾനെസ്റ്റിന്റെ പ്രത്യേകത എനിക്ക് മനസ്സിലായത്. ഇവിടെ എത്രയോ ഇനം ജീവിവർഗ്ഗങ്ങളുണ്ട്. ബോംപുവിൽ ധാരാളം പക്ഷികളെ ഞങ്ങൾ കണ്ടിട്ടുണ്ട്.”
“2012-ലാണ് ക്യാമറയിലുള്ള എന്റെ താത്പര്യം തുടങ്ങിയത്,” മിക്ക പറയുന്നു. സന്ദർശനം നടത്താറുള്ള നന്ദിനി വെൽഹോ എന്ന ശാസ്ത്രജ്ഞയുടെ ക്യാമറ കടം വാങ്ങുകയായിരുന്നു ചെയ്തിരുന്നത്. “പൊതുവായി കാണുന്ന ഒരു പക്ഷിയാണ് ഗ്രീൻ ടീൽഡ് സൺബേഡ് ( ഇതോപിഗ നിപാലെൻസിസ് ). അതിനെ ഫോട്ടോ എടുത്താണ് ഞാൻ പഠിക്കാൻ തുടങ്ങിയത്.”
രണ്ടുവർഷം കഴിഞ്ഞപ്പോൾ ഏതാനും ടൂറിസ്റ്റുകളെ പക്ഷിനിരീക്ഷണത്തിന് കൊണ്ടുപോകാനും മറ്റും അയാൾ തുടങ്ങി. 2018-ൽ മുംബൈയിൽനിന്നുള്ള ഒരു സംഘം – ബി.എൻ.എച്ച്.എസ് (ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി) വന്നു. അവരാവശ്യപ്പെട്ടപ്പോൾ അവരുടെ ഫോട്ടോ എടുത്തു. ഫോട്ടോ എടുക്കുന്നതിലെ അയാളുടെ താത്പര്യം കണ്ടപ്പോൾ, സംഘത്തിലെ ഒരാൾ മിക്കയ്ക്ക് നിക്കോൺ P9000 സമ്മാനിച്ചു. “സർ, എനിക്ക് ഡി.എസ്.ആർ.എൽ (ഡിജിറ്റൽ സിംഗിൾ ലെൻസ് റിഫ്ലക്സ്) മോഡലാണ് വേണ്ടത്, ഇതാവശ്യമില്ല” എന്ന് താൻ അദ്ദേഹത്തോട് പറഞ്ഞുവെന്ന് മിക്ക സൂചിപ്പിച്ചു.
അതേ സംഘത്തിലെ നാല് അംഗങ്ങളുടെ ഉദാരമായ സംഭാവനയും, തന്റെ സ്വന്തം ഫീൽഡ് വർക്കിൽനിന്നും ഗൈഡ് ജോലിയിൽനിന്നും സമ്പാദിച്ച പൈസയും ചേർത്ത്, “ഞാൻ 50,000 രൂപ ഒപ്പിച്ചു. എന്നാൽ വില 55,000 രൂപയായിരുന്നു. അപ്പോൾ എന്റെ ബോസ് (ഉമേഷ്) ബാക്കി പൈസ മൂപ്പരെടുക്കാമെന്ന് പറഞ്ഞു.” ഒടുവിൽ 2018-ൽ മിക്ക 18-55 എം.എം. സൂം ലെൻസുള്ള നിക്കോൺ D7200 ഡി.എസ്.എൽ.ആർ വാങ്ങി.
“2-3 വർഷത്തോളം ഞാൻ 18-55 എം.എം. സൂം ലെൻസുപയോഗിച്ച് വീടിന്റെ ചുറ്റുമുള്ള പൂക്കളുടെ ഫോട്ടോകളെടുത്തിരുന്നു.” വളരെയധികം ദൂരത്തുനിന്ന് പക്ഷികളുടെ ക്ലോസപ്പ് ചിത്രങ്ങളെടുക്കണമെങ്കിൽ, ശക്തിയുള്ളതും നീളമുള്ളതുമായ ടെലിഫോട്ടോ ലെൻസുപയോഗിക്കേണ്ടിവരും. “കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ 150-600 എം.എം. സിഗ്മ ലെൻസ് വാങ്ങണമെന്ന് എനിക്ക് തോന്നി”. എന്നാൽ ആ ലെൻസുപയോഗിക്കുന്നത് ബുദ്ധിമുട്ടായി മിക്കയ്ക്ക് അനുഭവപ്പെട്ടു. ക്യാമറയുടെ അപ്പെർച്ചറും, ഷട്ടർ സ്പീഡും ഐ.എസ്.ഒ.യും കണക്കാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. “ഞാനെടുത്തതൊക്കെ മോശം ചിത്രങ്ങളായിരുന്നു,” അയാൾ പറഞ്ഞു. ഒരു ഡി.എസ്.എൽ.ആർ ക്യാമറ ഉപയോഗിക്കേണ്ടതിന്റെ സാങ്കേതികവശങ്ങൾ മിക്കയ്ക്ക് പറഞ്ഞുകൊടുത്തത്, സിനിമാറ്റോഗ്രാഫറും നല്ലൊരു സുഹൃത്തുമായിരുന്ന രാം അല്ലൂരിയായിരുന്നു. “അദ്ദേഹം എന്നെ സെറ്റിംഗ്സ് ഉപയോഗിക്കാൻ പഠിപ്പിച്ചു. ഞാനിപ്പോൾ മാനുവൽ (സെറ്റിംഗ്സ്) മാത്രമേ ഉപയോഗിക്കുന്നുള്ളു.”
എന്നാൽ, പക്ഷികളുടെ മനോഹരമായ ചിത്രങ്ങളെടുക്കുന്നതുകൊണ്ട് മാത്രം കാര്യമില്ല. ഫോട്ടോഷോപ്പ് സോഫ്റ്റ്‌വേർ ഉപയോഗിച്ച് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും പഠിക്കേണ്ടതുണ്ടായിരുന്നു. മാസ്റ്റേഴ്സ് സ്റ്റുഡന്റായിരുന്ന സിദ്ധാർത്ഥ് ശ്രീനിവാസന്റെ കൂടെയിരുന്ന് 2021-ൽ മിക്ക ഫോട്ടോഷോപ്പിൽ ചിത്രങ്ങൾ എഡിറ്റ് ചെയ്യാൻ പഠിച്ചു.
അധികം താമസിയാതെ, ഫോട്ടോഗ്രാഫറെന്ന നിലയ്ക്കുള്ള അയാളുടെ പ്രശസ്തി പ്രചരിച്ചു. ഹിമാലയത്തിലെ കഥകൾ പ്രസിദ്ധീകരിക്കുന്ന, ‘ദ് തേഡ് പോൾ’ എന്ന വെബ്സൈറ്റ്, ‘ഇന്ത്യയിലെ പക്ഷിപ്രേമികളുടെ പറുദീസയെ ലോക്ക്ഡൌൺ വലയ്ക്കുന്നു’ എന്ന ലേഖനത്തിനായി അയാളോട് ഫോട്ടോകൾ ആവശ്യപ്പെടുകയും ചെയ്തു. “അവരെന്റെ ഏഴ് ഫോട്ടോകൾ എടുത്തു (ലേഖനത്തിനായി). ഓരോന്നിനും പൈസയും തന്നു. എനിക്ക് സന്തോഷം തോന്നി,” അയാൾ പറഞ്ഞു. ഫീൽഡ്‌വർക്കിൽ അയാളുടെ സ്ഥിരമായ സംഭാവനകൾമൂലം, നിരവധി ശാസ്ത്രീയ ലേഖനങ്ങളിൽ സഹ-ലേഖകനായി പേര് വരികയും ചെയ്തു.
നിരവധി കഴിവുകളുള്ള ഒരാളാണ് മിക്ക. സ്ഥിരോത്സാഹിയായ ഒരു ഫീൽഡ് സ്റ്റാഫ് എന്നതിനുപുറമേ, ഉത്സാഹിയായ ഫോട്ടോഗ്രാഫർ, പക്ഷി ഗൈഡ്, ഗിറ്റാറിസ്റ്റ് തുടങ്ങിയ നിലകളിലും അയാൾ പ്രവർത്തിക്കുന്നു. ചിത്രെ ബസ്തിയിലുള്ള (സെറിംഗ് പാം എന്നും പേരുണ്ട്) പള്ളിയിലേക്ക് ചെന്നപ്പോൾ, മിക്കയിലെ സംഗീതജ്ഞനേയും എനിക്ക് കാണാൻ കഴിഞ്ഞു. തന്റെ സുഹൃത്തായ, നാട്ടിലെ വികാരിയുടെ മകളുടെ വിവാഹച്ചടങ്ങിനായി, ഒരു പാട്ട് റിഹേഴ്സ് ചെയ്യുകയായിരുന്നു മിക്കയും, അയാളോടൊപ്പം ആടിയുലഞ്ഞുകൊണ്ടിരുന്ന രണ്ട് യുവതികളും. ഗിറ്റാറിൽ അയാളുടെ വിരലുകൾ ഒഴുകിനടക്കുന്നത് കണ്ടപ്പോൾ, മിസ്റ്റ് നെറ്റിൽനിന്ന് പക്ഷികളെ സ്നേഹത്തോടെ മോചിപ്പിച്ചെടുക്കുന്ന അയാളുടെ വിരലുകൾ എനിക്കോർമ്മ വന്നു.
കഴിഞ്ഞ നാലുദിവസങ്ങളായി അയാൾ അളവെടുക്കുകയും, ടാഗ് ചെയ്യുകയും ഒടുവിൽ പറത്തിവിടുകയും ചെയ്ത ആ പക്ഷികളൊക്കെ – വരാൻ പോകുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ ദൂതർ - പറന്നുപോയിരുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്