കൊല്ലത്തിൽ അധികകാലവും ഉയർന്ന താപനില അനുഭവപ്പെടുന്ന റാനിന്റെ ഭൂമിശാസ്ത്രത്തിൽ, കാലവർഷക്കാലത്തെ മഴകൾ ഒരപൂർവ്വാനുഭവമാണ്. ചൂടിൽനിന്ന് രക്ഷ നേടാൻ ആളുകൾ കൊതിയോടെ കാത്തിരിക്കുന്ന ആശ്വാസത്ത്ന്റെ കാലമാണത്. സ്ത്രീയുടെ നിത്യജീവിതത്തിൽ പ്രണയം കൊണ്ടുവരുന്ന ആശ്വാസത്തിന്റെ പ്രതീകമായി, മഴകൾ മാറിയതിൽ അത്ഭുതമില്ല.
എന്നാൽ കാലവർഷ മഴയുടെ കാല്പനികതയും സൌന്ദര്യവും കച്ചി നാടോടിസംഗീതത്തിന് മാത്രം സ്വന്തമല്ല. നൃത്തമാടുന്ന മയിലുകൾ, കാർമേഘങ്ങൾ, മഴ, കാമുകനുവേണ്ടി കാത്തിരിക്കുന്ന പ്രണയിനി എന്നിവയൊക്കെ ഇന്ത്യയുടെ ശാസ്ത്രീയ, ജനകീയ, നാടോടിഗാനങ്ങളിൽ മാത്രമല്ല മറിച്ച്, ചിത്രകലയിലും സാഹിത്യത്തിലുമൊക്കെ വിവിധ രൂപങ്ങളിൽ അവ പ്രത്യക്ഷപ്പെടുന്നുണ്ട്.
എന്നിട്ടുപോലും, അവയെയെല്ലാം കോർത്തിണക്കിക്കൊണ്ട്, അഞ്ജാറിലെ ഖേൽജി ഭായി ഗുജറാത്തി ഭാഷയിൽ പാടിയ ഈ പാട്ട് കേൾക്കുമ്പോൾ, ആദ്യമഴയുടെ നവോന്മേഷം മുഴുവൻ ആ പ്രതീകങ്ങൾ നമ്മിലേക്ക് എത്തിക്കുന്നു.



