“ഹേയ്, നിങ്ങളെന്താണവിടെ ചെയ്യുന്നത്”, അയാൾ ചോദിച്ചു. കൌതുകത്തോടെ നോക്കിക്കൊണ്ട് കർശനമായ സ്വരത്തിലാണയാൾ അത് ചോദിച്ചത്.
ഞാൻ അയാളെ കണ്ടെത്തിയ ആ നദിയുടെ ഉയർന്ന പ്രദേശങ്ങളിൽ അധികമാരും സന്ദർശനം നടത്താറില്ലെന്നത് എനിക്ക് പെട്ടെന്ന് ഓർമ്മവന്നു.
കരയിൽനിന്ന് നദിയിലേക്ക് കുതിച്ച അനിരുദ്ധ സിംഗ് പാതർ പെട്ടെന്ന് തിരിഞ്ഞുനിന്ന് എനിക്ക് മുന്നറിയിപ്പ് തന്നു. “ആ സ്ഥലത്ത് അവർ മൃതശരീരങ്ങൾ കത്തിക്കാറുണ്ട്. ഇന്നലെയും ഒരാൾ മരിച്ചിരുന്നു. നമുക്കവിടെ നിൽക്കണ്ട്. എന്റെ പിന്നാലെ വരൂ”
ന്യായമാണ്, ഞാൻ ആലോചിച്ചു. കാരണം, മരിച്ചവർ നേടിയെടുത്ത ശാന്തിയെ അവരുടെ ഏകാന്തതയ്ക്ക് വിട്ടുകൊടുക്കുന്നതുതന്നെയാണ് നല്ലത്.
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ കംഗ്സാബതി നദിയുടെ രണ്ട് മീറ്റർ ഉയരമുള്ള കരയിൽനിന്ന് താഴത്തേക്ക് നടക്കുമ്പോൾ ഞാൻ, മുട്ടറ്റം വെള്ളത്തിലൂടെ കൂസലില്ലാതെ പോവുന്ന ആ മനുഷ്യനെ ശ്രദ്ധിക്കുകയായിരുന്നു. അയാളുടെ കൂടെ എത്താൻ ഞാൻ തീരത്തിലൂടെ വേഗത്തിൽ നടന്നു.
പ്രായത്തെ തോൽപ്പിക്കുന്ന അയാളുടെ ചുറുചുറുക്ക് അത്ഭുതകരമായിരുന്നു. ഏകദേശം 50-കളുടെ അവസാനത്തിലായിരിക്കാവുന്ന അയാളോട് എനിക്ക് ചോദിക്കാതിരിക്കാനായില്ല “അമ്മവാ, എന്താണ് പുഴയിൽ ചെയ്യുന്നത്?”
അരയിൽ കെട്ടിയിട്ട സഞ്ചിപോലെയുള്ള ഒരു തുണി അല്പം അയച്ച്, അതിനകത്തുള്ള കൊഞ്ചുകളിൽ ഒന്നിനെ ശ്രദ്ധയോടെ എടുത്ത് കുട്ടികളുടെ സന്തോഷത്തോടെ അയാൾ പറഞ്ഞു. “കണ്ടോ ഈ (ചിംഗ്‌രി) കൊഞ്ച്. ഇതാണ് എന്റെ കുടുംബത്തിന് ഇന്നുച്ചയ്ക്ക് കഴിക്കാനുള്ളത്. ഉണങ്ങിയ ചുവന്ന മുളകും വെളുത്തുള്ളിയും ചേർത്ത് പാചകം ചെയ്ത കൊഞ്ചും ആവി പറക്കുന്ന ചോറും – ആലോചിക്കാൻ സുഖമുണ്ട്.
മീനും കൊഞ്ചും പിടിക്കുന്ന ഒരാൾക്ക്, വല കാണാത്തതിൽ അത്ഭുതം തോന്നി. “ഞാനിന്നുവരെ വല ഉപയോഗിച്ചിട്ടില്ല. ഞാൻ കൈകൊണ്ടാണ് മീൻ പിടിക്കുക. അവ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് എനിക്കറിയാം”. അയാൾ പറഞ്ഞു. പുഴയിലേക്ക് ചൂണ്ടി അയാൾ തുടർന്ന്. “ആ കല്ലുകളുടെ മൂല കണ്ടോ? പിന്നെ പുഴയുടെ അടിയിലുള്ള പായലും ആ കളകളും? അതാണ് കൊഞ്ചുകളുടെ വീട്”.
പുഴയിലെ കളകളിലേക്കും പായലിലേക്കും സൂക്ഷിച്ച് നോക്കിയപ്പോൾ, അനിരുദ്ധൻ സൂചിപ്പിച്ച ആ ഒളിഞ്ഞിരിക്കുന്ന കൊഞ്ചുകളെ കണ്ടു.
ഇടയ്ക്കുവെച്ച് പറഞ്ഞുനിർത്തിയ ഉച്ചഭക്ഷണത്തിലേക്ക് ഞങ്ങൾ വീണ്ടും എത്തി. അപ്പോഴാണ് തന്റെ ഭക്ഷണത്തിനുള്ള വക എവിടെനിന്ന് വരുന്നുവെന്ന് അനിരുദ്ധ പറഞ്ഞുതന്നത്. “കൈവശമുള്ള കുറച്ച് നെൽപ്പാടത്ത് നന്നായി അദ്ധ്വാനിച്ചാൽ എന്റെ കുടുംബത്തിന് ഒരു കൊല്ലം ഭക്ഷണം കഴിക്കാനുള്ള അരി കിട്ടും”.
പുരുളിയയിലെ പുഞ്ച ബ്ലോക്കിലുള്ള കൊയ്‌ര ഗ്രാമത്തിൽ താമസിക്കുന്ന കുടുംബം ഭുമിജ് സമുദായക്കാരാണ്. പശ്ചിമ ബംഗാളിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരാണവർ. 2011-ലെ സെൻസസ് പ്രകാരം, 2,249 ആളുകൾ താമസിക്കുന്ന ഗ്രാമത്തിലെ ജനസംഖ്യയിൽ പകുതിയിലധികവും ആദിവാസികളാണ്.
പിടിച്ച മീനുകളെ അനിരുദ്ധ ഒരിക്കലും വിൽക്കാറില്ല. അത് വീട്ടാവശ്യത്തിന് മാത്രമുള്ളതാണ്. മീൻപിടിത്തം ഒരു തൊഴിലല്ല, ചെയ്യാൻ ഇഷ്ടമുള്ള ഒന്നാണെന്ന് പറയുന്നു അയാൾ. “ഉപജീവനത്തിനായി ദൂരദേശങ്ങളിലേക്ക് പോകാറുണ്ട് ഞാൻ’ എന്ന് പറഞ്ഞപ്പോൾ അയാളുടെ ശബ്ദം മ്ലാനമായി. തൊഴിലന്വേഷിച്ചുള്ള യാത്രകൾ അയാളെ മഹാരാഷ്ട്രയിലേക്കും ഉത്തർപ്രദേശിലേക്കും കൊണ്ടുപോയിട്ടുണ്ട്. അധികവും നിർമ്മാണത്തൊഴിലാളിയായിട്ട്. പിന്നെ മറ്റ് ജോലികളും.
2020-ലെ കോവിഡ് 19 അടച്ചുപൂട്ടൽക്കാലത്ത് നാഗ്പുരിൽ പെട്ടുപോയി അനിരുദ്ധ്. “ഒരു കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു കരാറുകാരന്റെ കൂടെ പോയതായിരുന്നു അവിടെ. അന്ന് നല്ലവണ്ണം കഷ്ടപ്പെട്ടു. ഒരുകൊല്ലം മുമ്പ് തിരിച്ചുവന്നു. പ്രായമായതുകൊണ്ട് ഇനി എവിടേക്കും പോകുന്നില്ലെന്ന് തീരുമാനിച്ചു”, അയാൾ പറഞ്ഞു.
പുരുളിയ ജില്ലയിലുള്ളവർ തൊഴിലന്വേഷിച്ച് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കേരള തുടങിയ മറ്റ് സംസ്ഥാനങ്ങളിലേക്കും പിന്നെ സംസ്ഥാനത്തിനകത്തുതന്നെയും പോകാറുണ്ടെന്ന്, 40 വയസ്സ് കഴിഞ്ഞ മറ്റൊരു കൈര സ്വദേശിയായ അമൽ മഹാതൊ പറഞ്ഞു. കൃഷിച്ചിലവിനായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാനായാണ് അത് ചെയ്യുന്നതെന്ന് ഒരിക്കൽ ഒരു പ്രാദേശികപത്രത്തിന്റെ റിപ്പോർട്ടറായിരുന്ന ആ അദ്ധ്യാപകൻ പറഞ്ഞു. പുരുഷന്മാർ തൊഴിലന്വേഷിച്ച് പോകുമ്പോൾ കുടുംബത്തിന്റെ ഭക്ഷണകാര്യം ഉറപ്പിക്കാൻ സ്ത്രീകളാണ് പാടങ്ങളിൽ പണിയെടുക്കുന്നത്. “ചെറിയ കൃഷിയിടങ്ങളുള്ള ആദിവാസി കുടുംബങ്ങളെ സംബന്ധിച്ചിടത്തൊളം ഇതൊരു ദൂഷിതവലയമാണ്. അവർ പലിശക്കാരിൽനിന്നാണ് വായ്പകളെടുക്കുന്നത്”, അമൽ വിശദീകരിച്ചു.
കൃഷിക്കാവശ്യമായ വളവും വിത്തുകളും മറ്റും വാങ്ങാൻ എടുത്ത വായ്പ തിരിച്ചടയ്ക്കേണ്ടതുണ്ടായിരുന്നു അനിരുദ്ധയ്ക്ക്. നാഗ്പുരിൽ, സിമന്റും കുമ്മായവും കൂട്ടിക്കുഴയ്ക്കുന്ന പണി ചെയ്തിരുന്ന അയാൾക്ക് ദിവസവും 300 രൂപ ശമ്പളം കിട്ടിയിരുന്നു. പക്ഷേ കൊയ്‌രയിലെ ദിവസക്കൂലി അത്രയ്ക്ക് സുഖമുള്ളതല്ല. “പണിയൊന്നുമില്ലെങ്കിൽ വെറുതെ ഇരിക്കേണ്ടിവരും”, അയാൾ പറഞ്ഞു. നടീലിന്റേയും വിളവെടുപ്പിന്റേയും കാലത്ത് പാടത്ത് എന്തെങ്കിലും പണി കിട്ടിയാൽ ദിവസത്തിൽ 200 രൂപയോ അതിലും കുറവോ മാത്രമേ കിട്ടൂ. “പുഴയിൽനിന്ന് മണൽ വാരുന്നതിന് റോയൽറ്റിയുള്ളവർ ലോറിയുമായി വരുമ്പോൾ ചിലപ്പോൾ ഇവിടെ കൈരയിൽ എന്തെങ്കിലും ജോലി കിട്ടാറുണ്ട്. പുഴയിൽനിന്ന് ലോറിയിലേക്ക് മണ്ണെത്തിച്ച് ദിവസത്തിൽ 200 രൂപ ഉണ്ടാക്കും”, അനിരുദ്ധ് പറഞ്ഞു.
കംഗ്സാബതി നദീതടത്തിൽനിന്ന് മണൽഖനനത്തിനായുള്ള അനുവാദത്തിനെയാണ് ‘റോയൽറ്റി’ എന്നതുകൊണ്ട് അനിരുദ്ധ ഉദ്ദേശിച്ചത്. പ്രകൃതിക്ക് കോട്ടം വരാത്തവിധവും നിയമവിധേയമായും മണൽവാരൽ നടത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളെ ലംഘിച്ചുകൊണ്ടാണ് പലപ്പോഴും ഈ ഖനനം നടക്കുന്നത്. രാഷ്ട്രീയസ്വാധീനമുള്ള ചിലരുടെ ഗൂഢസഹായത്തോടെയാണ് ഇത്തരത്തിലുള്ള അനിയന്ത്രിതമായ മണൽഖനനം നദീതടത്തിൽ നടക്കുന്നതെന്ന് ഗ്രാമീണർ പറഞ്ഞു. പക്ഷേ, അനിരുദ്ധ സിംഗ് പാതറിനെപ്പോലെയുള്ളവർക്ക് ഈ തൊഴിൽ, കുറച്ച് ദിവസത്തേക്കുള്ള ഒരു വരുമാനമാർഗ്ഗമാണ്. അവർക്ക് ഇതിന്റെ അനധികൃത സ്വഭാവത്തെക്കുറിച്ച് ഒന്നുമറിയില്ല.
പക്ഷേ ഈ ‘റോയൽറ്റി കച്ചവടം’ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് എന്തായാലും അയാൾക്കറിയാം. “പുഴയ്ക്ക് ഇത് വലിയൊരു ആഘാതമാണ്. എത്രയോ വർഷങ്ങളെടുത്ത് ഉണ്ടാവുന്ന മണലാണ് അവർ കൊണ്ടുപോവുന്നത്”, അനിരുദ്ധ പറഞ്ഞു.
“ഈ പുഴയിൽ ധാരാളം മത്സ്യങ്ങളുണ്ടായിരുന്നു, മദിരാൻ (ഈൽ), വരാൽ, മുഴു തുടങ്ങി പലതും. അന്നൊക്കെ മുക്കുവർ വലയുപയോഗിച്ചാണ് മീൻ പിടിച്ചിരുന്നത്. ഇപ്പോൾ അവയൊന്നും വരാറില്ല. പുഴയുടെ താഴെ ഭാഗത്തും മുകൾഭാഗത്തുമൊക്കെയാണ് ഇപ്പോൾ ആ മീനുകളെ കാണാൻ സാധിക്കുക”, അനിരുദ്ധ് തുടർന്നു. നദീതീരം മുഴുവൻ പ്ലാസ്റ്റിക് കുപ്പികളും ഒഴിഞ്ഞ കുപ്പികളും തെർമോകോളിന്റെ പാത്രങ്ങളും വലിച്ചെറിയുന്ന വിനോദയാത്രാസംഘങ്ങളോട് ദേഷ്യമുള്ളതുപോലെ തോന്നി അയാളുടെ വാക്കുകളിൽ.
കൊഞ്ചിനെ അന്വേഷിച്ച് പുഴയിലൂടെ അനായാസമായി തുഴഞ്ഞുനടക്കുകയായിരുന്നു അയാൾ. “ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ ധാരാളം കൊഞ്ചുകളുണ്ടായിരുന്നു ഈ പുഴയിൽ. അച്ഛനാണ് മീനുകളെ കണ്ടെത്താനും വെറും കൈകൊണ്ട് അവയെ പിടിക്കാനും എന്നെ പഠിപ്പിച്ചത്. അച്ഛൻ നല്ലൊരു മീൻപിടിത്തക്കാരനായിരുന്നു”, അനിരുദ്ധ പറഞ്ഞു.
ഓരോരോ കൊഞ്ചുകളെയായി പിടിച്ചുകൊണ്ട് അയാൾ പറഞ്ഞു. “ഇവയെ വൃത്തിയാക്കാൻ നല്ല പണിയുണ്ട്. പക്ഷേ നല്ല സ്വാദാണ്”, പക്ഷേ പുഴയും കൊഞ്ചുകളും ഇപ്പോൾ പഴയതുപോലെയല്ലെന്ന് അയാൾ കൂട്ടിച്ചേർക്കുന്നു. “അതാ പുഴയുടെ അടുത്തുള്ള ആ പാടങ്ങൾ കണ്ടോ? അവിടെ അവർ കടുകും നെല്ലും കൃഷി ചെയ്യുന്നുണ്ട്. എല്ലാ തരത്തിലുമുള്ള വളവും കീടനാശിനികളും തളിക്കുകയും ആ പാത്രങ്ങൾ പുഴവെള്ളത്തിൽ കഴുകുകയും ചെയ്യുന്നു. അങ്ങിനെ മലിനമായ ജലം മീനുകളേയും ഈ കൊഞ്ചുകളെയും ക്രമേണ ഇല്ലാതാക്കുന്നുണ്ട്”.
കൊയ്‌രയിൽനിന്ന് 5-6 കിലോമീറ്ററിനപ്പുറത്തുള്ള പിര്‌ര ഗ്രാമത്തിൽനിന്ന് നദിയിൽ കുളിക്കാൻ വന്ന ശുഭാങ്കർ മഹാതോ അനിരുദ്ധൻ പറഞ്ഞതിനെ ശരിവെച്ചു. “ധാന്യങ്ങളൊന്നും വാങ്ങാനുള്ള കഴിവില്ലാതിരുന്ന, ഭൂരഹിതരും, ചെറുകിടക്കാരും പാർശ്വവത്കൃതരുമായ ആദിവാസികളെ സംബന്ധിച്ചിടത്തോളം ഒരുകാലത്ത്, ഈ പുഴ ഉപജീവനമാർഗ്ഗവും മാംസ്യത്തിന്റേയും പോഷകത്തിന്റേയും മുഖ്യ സ്രോതസ്സുമായിരുന്നു“, സംസ്ഥാനത്തിലെ ഏറ്റവും ദരിദ്രമായ ജില്ലകളിലൊന്നാണ് പുരുളിയ, അയാൾ സൂചിപ്പിച്ചു.
പശ്ചിമ ബംഗാളിലെ ഏറ്റവും ഉയർന്ന ദാരിദ്ര്യത്തോതുള്ള ജില്ലയാണ് പുരുളിയ എന്ന് 2000-ലെ പഠനം സൂചിപ്പിക്കുന്നു. ജില്ലയിലെ 26 ശതമാനം കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. “ഇവിടെയുള്ള കുടുംബങ്ങൾ ഭക്ഷണത്തിനായി കാടുകളേയും പുഴകളേയും ആശ്രയിക്കുന്നു. പക്ഷേ ഇപ്പോൾ പ്രകൃതിവിഭവങ്ങൾ ദുർല്ലഭമായിരിക്കുന്നു”, അദ്ധ്യാപകനായ ശുഭാങ്കർ പറഞ്ഞു.
കുടുംബത്തെക്കുറിച്ച് കൂടുതൽ ചോദിക്കുന്ന സമയത്ത്, അനിരുദ്ധ അവർക്കുവേണ്ടി കൂടുതൽ കൊഞ്ചുകളെ കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു. “എന്റെ ഭാര്യ വീട്ടിലെ പണികളും പാടത്തെ പണികളും ചെയ്യുന്നു. എന്റെ മകനും ഞങ്ങളുടെ കൃഷിസ്ഥലത്ത് പണിയെടുക്കുന്നു”, മക്കളെക്കുറിച്ച് പറഞ്ഞപ്പോൾ അയാളുടെ മുഖം പ്രസന്നമായി. “എന്റെ മൂന്ന് പെണ്മക്കളും കല്യാണം കഴിഞ്ഞ് വേറെ താമസിക്കുന്നു. ഇപ്പോൾ ഒരു കുട്ടിയേ കൂടെയുള്ളു. അവനെ ഞാൻ എവിടേക്കും പണിക്ക് അയയ്ക്കുന്നില്ല. ഞാനും ഇനി ദൂരേയ്ക്കൊന്നും പോവുന്നില്ല”.
പിരിയുമ്പോൾ ഞാൻ അയാളെക്കുറിച്ച് ഓർക്കുകയായിരുന്നു. അദ്ധ്വാനിച്ച് സമ്പാദിച്ച ഭക്ഷണം കുടുംബത്തോടൊപ്പം ആസ്വദിച്ച് അയാൾ പങ്കിടുന്നത്. ഒരു പഴയ ബൈബിൾ വാക്യവും ഓർമ്മവന്നു.: “പുഴ ഒഴുകിന്നിടത്തൊക്കെ പെറ്റുപെരുകുന്ന എല്ലാ ജീവികളും ജീവിക്കുന്നു. അവിടെ ധാരാളമായി മീനുകളുമുണ്ടായിരിക്കും”.
പരിഭാഷ: രാജീവ് ചേലനാട്ട്